” ചേട്ടായീ, വേണ്ട എനിക്ക് വേദനയെടുക്കുന്നു. എന്നെ ഒന്നും ചെയ്യല്ലേ…നമുക്ക് വീട്ടിൽ പോകാം. അമ്മ വഴക്ക് പറയും വിടെന്നെ.. “

(രചന: ശാലിനി മുരളി)

രാത്രിയിൽ ചിഞ്ചു മോൾ എന്തൊക്കെയോ പിച്ചും പേയും പറയുന്നത് കേട്ടാണ് സിതാര ഞെട്ടിയുണർന്നത്.

മോളെ മെല്ലെ തട്ടിയുറക്കി വീണ്ടും കിടത്തുമ്പോൾ അവൾ വിളിച്ചു പറഞ്ഞത് ഓർത്തെടുക്കാൻ ശ്രമിച്ചത് ഒരു ഞെട്ടലോടെയാണ് !

” ചേട്ടായീ, വേണ്ട എനിക്ക് വേദനയെടുക്കുന്നു. എന്നെ ഒന്നും ചെയ്യല്ലേ…നമുക്ക് വീട്ടിൽ പോകാം. അമ്മ വഴക്ക് പറയും വിടെന്നെ.. ”

ദൈവമേ അവൾ സ്വപ്നം കണ്ടതായിരിക്കുമോ.
അതോ.. ഛെ ! അങ്ങനെ ഒന്നും ചിന്തിക്കാൻ പോലും ആവുന്നില്ല. ചിന്തകൾ കാടു കയറിപ്പോകുന്നത് കണ്ട് അവൾ തലകുടഞ്ഞു.

അവൾ ഏട്ടായി എന്ന് വിളിക്കുന്നത് ഭർത്താവിന്റെ പെങ്ങളുടെ മകനായ അപ്പുവിനെയാണ്.

എഞ്ചിനീയറിനു പഠിക്കുന്ന അവൻ അവധി പ്രമാണിച്ച് കുറച്ചു ദിവസമായി അവരുടെ കൂടെയാണ്. അമ്മയും മകളും മാത്രമായത് കൊണ്ട് ഹോസ്റ്റലിൽ നിന്ന് വരുമ്പോഴൊക്കെ അവർക്കൊപ്പം കൂടി അടിച്ചു പൊളിക്കാനായി ഇടയ്ക്ക് എത്താറുള്ളതാണ്.

അപ്പു വന്നു കഴിഞ്ഞാൽ പിന്നെ അവൻ ആണ് മോളെയും കൊണ്ട് നഴ്സറിയിലേക്കു പോകുന്നത്.

അവൾക്കും ചേട്ടായിയെ വലിയ കാര്യമാണ്.
പക്ഷേ, അവന്റെ ഒപ്പം സ്കൂട്ടറിൽ പോകാൻ അവൾക്ക് വലിയ ഇഷ്ടമാണ്.

പോകുന്ന വഴി ഐസ്ക്രീം വാങ്ങിച്ചു കൊടുക്കുകയും പാർക്കിൽ കൊണ്ട് പോവുകയും ഒക്കെ ചെയ്യാറുണ്ട് അവൻ. പക്ഷെ, ഇപ്പോൾ മകൾ പറഞ്ഞത് കേട്ടിട്ട് എന്തോ പന്തികേട് മണക്കുന്നു.

എന്തായാലും നേരം പുലരട്ടെ. മോളോട് തന്നെ എല്ലാം ചോദിച്ചറിയണം..

പക്ഷെ അവന്റെ മനസ്സിൽ ഇങ്ങനെയൊരു ചിന്ത ഉണ്ടായിരുന്നോ എന്ന് പോലും താൻ ശ്രദ്ധിച്ചിരുന്നില്ല.

സ്വന്തം അനന്തിരവൻ ആണല്ലോ എന്നൊരു വാത്സല്യം മാത്രമായിരുന്നു തനിക്കും രാജീവേട്ടനും അവനോടുണ്ടായിരുന്നത്.

അന്ന് എത്ര ശ്രമിച്ചിട്ടും സിതാരയ്ക്ക് പിന്നീട് ഉറങ്ങാൻ സാധിച്ചില്ല. ഒരമ്മയെന്ന നിലയിൽ താൻ പരാജയപ്പെട്ടോ എന്നൊരു ആശങ്ക വിട്ടൊഴിയുന്നില്ല.

പലപ്പോഴായി ചിലതൊക്കെ മകൾക്ക് മനസ്സിലാകുന്ന തരത്തിൽ പറഞ്ഞു കൊടുത്തിട്ടുള്ളതാണ്.പിന്നെ എന്താ അവൾ ഇതുവരെ ഈ കാര്യം തന്നോട് പറയാതിരുന്നതെന്ന് എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല.

പെണ്മക്കളെ കണ്ണിൽ എണ്ണയൊഴിച്ച് കാത്തു സൂക്ഷിച്ചു വേണം വളർത്താനെന്നു പലപ്പോഴും അമ്മ പറയാറുള്ളത് അവളോർത്തു.

വെറും നാലു വയസ്സ് മാത്രമുള്ള കുട്ടിയാണ്. അവൾക്ക് ചേട്ടായിയോടൊപ്പം പുറത്ത് പോകുന്നത് വലിയ ഇഷ്ടവുമാണ്. അത് കൊണ്ട് മാത്രമാണ് താൻ ഇതുവരെയും അതൊന്നും ശ്രദ്ധിക്കാതെ പോയതും.

ഈ കുഞ്ഞ് ശരീരത്തെ അവൻ ഏതെങ്കിലും വിധത്തിൽ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ വിടില്ല ഞാൻ അവനെ.. അവൾ പകയോടെ അണപ്പല്ലുകൾ ഞെരിച്ചു. ആലോചനകളുടെ വിഴുപ്പ് ഭാണ്ഡവും ചേർത്തു പിടിച്ച് എങ്ങനെ ഒക്കെയോ നേരം വെളുപ്പിച്ചു.

രാവിലെ കാപ്പിയുമായി ഹാളിലേക്കെത്തുമ്പോൾ അപ്പു എഴുന്നേറ്റു പേപ്പർ വായിച്ചു കൊണ്ട് വരാന്തയിൽ ഇരിപ്പുണ്ടായിരുന്നു.

“നിനക്കെന്നാണ് അപ്പൂ ക്ലാസ്സ്‌ തുടങ്ങുന്നത്..? ”

അവൻ തലയുയർത്തി നോക്കി. കാപ്പിയുമായി നിൽക്കുന്ന സിതാരയെ അവൻ കണ്ടു.

“അത് മാമി..രണ്ടാഴ്ച കൂടിയുണ്ട്.”
അവൾ മറുപടി ഒന്നും പറയാതെ കാപ്പി കപ്പ് അവനെ ഏൽപ്പിച്ചു.

തിരികെ അടുക്കളയിലേക്ക് നടക്കുമ്പോൾ അവനെ എങ്ങനെ ഒഴിവാക്കും എന്നാണ് അവൾ ചിന്തിച്ചത്.

ബ്രേക്ക്‌ ഫാസ്റ്റ് വെയ്ക്കുന്ന തിരക്കിലായിരുന്നു സിതാര പിന്നെ കുറെയേറെ നേരത്തേയ്ക്ക്. മകൾക്കുള്ള പാലുമായി മുറിയിലേയ്ക്ക് വരുമ്പോഴാണ് ആ കാഴ്ച കണ്ടത്.

ചിഞ്ചു അപ്പുവിന്റെ മടിയിൽ ഇരിക്കുന്നു!
ഇന്നലെ വരെ ഇങ്ങനെ ഒരു കാഴ്ച തന്നിൽ ഒരു വികാരവും സൃഷ്ടിക്കുമായിരുന്നില്ല എന്ന് അവളോർത്തു.

പക്ഷെ, ഇനി അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. കാലം മാറിയിരിക്കുന്നു. അതോ മനുഷ്യനോ? എന്തായാലും ഇനിയിത് അനുവദിച്ചു കൂടാ.. മുഖത്ത് ആവുന്നതും ഒരു മയം വരുത്താൻ ശ്രമിച്ചു.

“മോളെ വാ അമ്മ കുളിപ്പിക്കാം..നമുക്ക് നഴ്സറിയിൽ പോകണ്ടേ. ”

“വേണ്ട, എന്നെ ചേട്ടായി കുളിപ്പിച്ചാൽ മതി.”
അത് കേട്ട് ഒരു വിറയൽ അവളിലൂടെ പാഞ്ഞു പോയി.

“നിനക്ക് നാണമില്ലേ ചിഞ്ചു.. പെൺകുട്ടികളെ അമ്മമ്മരാണ് കുളിപ്പിക്കുന്നത്. അല്ലാതെ ഏട്ടനല്ല. കേട്ടല്ലോ.”

അമ്മയുടെ മുഖം ചുവെക്കുന്നത് കണ്ടിട്ടാവണം അവൾ ഒന്നും മിണ്ടാതെ അനുസരണയുള്ള കുട്ടിയായി വേഗം അവളുടെ കൂടെ ചെന്നു !

സിതാര മകളെ കുളിപ്പിച്ച്, ആഹാരവും കൊടുത്തു ഒരുക്കി. പെട്ടന്ന് ബാത്‌റൂമിലേയ്ക്ക് പോയി അവളും കുളിച്ചെന്ന് വരുത്തി റെഡിയായി. മോളെയും കൊണ്ട് പോകാനിറങ്ങുന്നത് കണ്ട് അപ്പു മുറ്റത്തേയ്ക്ക് ഇറങ്ങി വന്നു.

“ഞാൻ കൊണ്ട് വിടാമല്ലോ മോളെ.. മാമി വെറുതെ ബുദ്ധിമുട്ടണ്ട. കീ ഇങ്ങു തന്നേരെ . ”

ചിഞ്ചുവിനെ ഒന്ന് നോക്കിയപ്പോൾ അവളുടെ മുഖത്ത് തലേന്ന് രാത്രിയിൽ കണ്ട അതെ ഭയപ്പാട്.നെഞ്ചിൽ കൂട്ടിയിട്ടിരുന്ന കനലുകൾ വീണ്ടും എരിയാൻ തുടങ്ങി.

“എനിക്ക് കുറച്ചു സാധനങ്ങൾ കൂടി വാങ്ങിക്കാനുണ്ട്. ഇന്ന് ഞാൻ കൊണ്ട് പൊയ്‌ക്കോളാം.. ”

അവന്റെ മുഖത്തേക്ക് നോക്കാതെയാണ് അവളത് പറഞ്ഞത്. അവന്റെ പ്രതികരണം എന്താണെന്ന് നോക്കിയില്ല. സ്കൂട്ടർ പതുക്കെയാണ് വിട്ടത്.
പോകുന്ന വഴിയിൽ മോൾക്ക് പലതും
പറഞ്ഞു കൊടുത്തു..

ചേട്ടായി ഇനി നഴ്സറിയിൽ പോകാൻ വിളിച്ചാൽ വരുന്നില്ല. അമ്മയുടെ ഒപ്പം പൊയ്ക്കോളാം എന്ന് പറയണം. പിന്നെ, റൂമിൽ വെച്ച് മോളുടെ അടുത്ത് അനാവശ്യമായി തൊടാനോ പിടിക്കാനോ വന്നാൽ അമ്മയെ വിളിക്കണം.

അല്ലെങ്കിൽ അമ്മയോട് പറഞ്ഞു കൊടുക്കും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തണം.
അനാവശ്യമായി ആരെയും ദേഹത്ത് തൊടാൻ അനുവദിക്കരുത് എന്ന് പറയുമ്പോൾ അവൾ നിഷ്കളങ്കതയോടെ ആണ് ചോദിച്ചത്.

“അപ്പോൾ അമ്മേ അച്ഛ വരുമ്പോൾ എന്നെ എടുക്കുകയും ഉമ്മ വെയ്ക്കുകയുമൊക്കെ ചെയ്യുമല്ലോ..?? ”

ഒരുനിമിഷം എന്ത് പറയണമെന്നറിയാതെ അവൾ ഒന്ന് പരുങ്ങി.

“മോളെ പെൺകുട്ടികൾ ഒരു പ്രായം ആയിക്കഴിഞ്ഞാൽ അച്ഛനോടായാലും ഇടപെടുന്നത് സൂക്ഷിച്ചു വേണം.

മോളിപ്പോൾ കൊച്ചു കുട്ടിയായത് കൊണ്ടാണ്
അതൊന്നും പറഞ്ഞാൽ മനസ്സിലാകാത്തത്.
അമ്മയൊരു കാര്യം ചോദിച്ചാൽ മോളൂട്ടീ
സത്യം പറയുമോ? ”

അവൾ ഒരു പ്രത്യേക രീതിയിൽ തല ചെരിച്ചു പിടിച്ചു കൊണ്ട് സിതാരയെ ഉറ്റു നോക്കി.

“പറയാല്ലോ ”

“ചേട്ടായി മോളെ അമ്മ അടുത്ത് ഇല്ലാത്തപ്പോൾ ഉപദ്രവിക്കാറുണ്ടോ..? ”

അവൾ ഒന്നും മിണ്ടാതെ കടന്ന് പോകുന്ന വാഹനങ്ങളെ എണ്ണാൻ തുടങ്ങി.
അതോടെ സിതാരയുടെ വേവലാതി ഇരട്ടിച്ചു.

“അമ്മൂട്ടിയല്ലേ ചോദിക്കുന്നത്.. പറ മുത്തേ…ചേട്ടായി മോളുടെ ദേഹത്തൊക്കെ പിടിച്ചു വേദനിപ്പിക്കാറുണ്ടോ? ”
അവൾ ശബ്‌ദിക്കുന്നതേയില്ല.

സിതാര സ്കൂട്ടർ വഴിയോരത്തുള്ള വാകചുവട്ടിലേയ്ക്ക് ഒതുക്കി നിർത്തി.
എന്നിട്ട് ചിഞ്ചു മോളെ തനിക്ക് അഭിമുഖമായി നിർത്തി. കുനിഞ്ഞു പോയ മകളുടെ മുഖം പിടിച്ചുയർത്തി.

“മോള് ആരെയാ പേടിക്കുന്നത്.ഇങ്ങനെ ഉള്ള കാര്യങ്ങളൊക്കെ മറച്ചു വെയ്ക്കുന്നത് വലിയ കുറ്റമാണ്.അറിയുമോ? കൊച്ചു കുട്ടികളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടാൻ പാടില്ല.അതുകൊണ്ടല്ലേ അമ്മ ചോദിക്കുന്നത്..

അമ്മയ്ക്ക് എല്ലാം അറിയാം.ഇനി ചിഞ്ചു ഒന്നും പറയാതിരുന്നാൽ അമ്മ നിന്നോട് മിണ്ടില്ല.നോക്കിക്കോ.”

ആ ഭീഷണി ഏറ്റെന്ന് തോന്നി.
അമ്മ ഒരു നിമിഷം പോലും മോളോട് പിണങ്ങിയിരിക്കുന്നത് അവൾക്ക് സഹിക്കാൻ പറ്റില്ല.അവൾ അമ്മയുടെ കയ്യിൽ മെല്ലെ പിടിച്ചു.ആ കുഞ്ഞി കൈയ്കൾ അപ്പോൾ വല്ലാതെ തണുത്തു മരവിച്ചിരുന്നു!

“ആരോടെങ്കിലും പറഞ്ഞാൽ അമ്മയെ കൊല്ലും എന്ന് പറഞ്ഞു ചേട്ടായി എന്നെ പേടിപ്പിച്ചു.അതോണ്ടാ അമ്മേ ഞാൻ ഒന്നും
പറയാഞ്ഞത്.. ”

അവളുടെ കുഞ്ഞി കണ്ണുകളിൽ പേടിയുടെ പരൽ മീനുകൾ നീന്തി തുടിക്കുന്നു !

“വൈകിട്ട് ചേട്ടായി എന്നെ വിളിക്കാൻ വരുമ്പോൾ പാർക്കിൽ കൊണ്ട് പോകും.അവിടെ ആരുമില്ലാത്ത സ്ഥലത്ത് കൊണ്ട് പോയി എന്നെ ഓരോന്നൊക്കെ ചെയ്യും.

ഇഷ്ടമില്ലാത്തതൊക്കെ ചെയ്യാൻ നിർബന്ധിപ്പിക്കും..മോൾക്ക് ഛർദിക്കാൻ വരും അപ്പോൾ. ചിലപ്പോൾ വേദന സഹിക്കാൻ പറ്റില്ല അമ്മേ.

ഞാൻ കരഞ്ഞാൽ ഐസ്ക്രീം വാങ്ങി തരാമെന്നു
പറയും..എന്നിട്ട് അമ്മയോട് പറയാതിരിക്കാൻ എനിക്ക് ഒത്തിരി മിട്ടായിയും ഐസ്ക്രീമും ഒക്കെ വാങ്ങിച്ചു തരും. ഇനി അമ്മ എന്നെ നഴ്സറിയിൽ കൊണ്ടുപോയാൽ മതി അമ്മേ..”

അവളുടെ കുഞ്ഞിക്കണ്ണിൽ നിന്നു തുളുമ്പിയിറങ്ങിയ കണ്ണുനീർ തന്റെ നെഞ്ചിലേക്ക് ഒരു തീ നാളമായി പതിക്കുമ്പോൾ സിതാരയുടെ കൈകളിലേക്ക് വല്ലാത്തൊരു ശക്തി ഇരച്ച് കയറുന്നുണ്ടായിരുന്നു..
പിന്നെ ഒന്നും മിണ്ടാതെ അവൾ സ്കൂട്ടർ എടുത്തു.

മോളെ നഴ്സറിയിൽ ആക്കി തിരികെ വരുമ്പോൾ അപ്പു വാതിൽ തുറന്നിട്ട്‌, സിറ്റൗട്ടിൽ ഇരുന്ന് മൊബൈലിൽ എന്തോ നോക്കി രസിച്ചിരിക്കുന്നതു കണ്ട് തികട്ടി വന്ന
കോപം അണ പൊട്ടാതെയിരിക്കാൻ
പാടുപെട്ടു.

ഇത്തിരിയില്ലാത്ത ഒരു കൊച്ചു കുഞ്ഞിനെ വെറുതെ വിടാത്തവൻ നാളെ തന്റെ നേരെ
തിരിയില്ലെന്ന് എന്താണ് ഉറപ്പ് ??

രാജീവേട്ടനോട് പറയണോ വേണ്ടയോ എന്ന് അവൾ തിരിച്ചും മറിച്ചും ചിന്തിച്ചു.
സ്വന്തം അനന്തിരവനാണ്.

താൻ എന്തെങ്കിലും പറഞ്ഞാൽ ചിലപ്പോൾ അത് വിശ്വസിക്കണമെന്നില്ല. ഒടുവിൽ, അവൻ ഇവിടെ വന്നു നിൽക്കുന്നതിലുള്ള ഇഷ്ടക്കേട് കൊണ്ടാണെന്നു ആങ്ങളയും പെങ്ങളും കൂടി പറഞ്ഞുണ്ടാക്കും..

കൂടുമ്പോൾ അവരൊക്കെ എപ്പോഴും ഒറ്റക്കെട്ടാണ്! വേണ്ട. ഇത് തനിക്ക് മാത്രം തീർക്കാവുന്നതേയുള്ളൂ. അല്ലെങ്കിൽ
പിന്നെ താൻ ഒരു അമ്മയായി ഇരിക്കുന്നതിൽ
എന്ത് അർത്ഥമാണുള്ളത്.

ഉച്ചക്ക് അവനു ഭക്ഷണം വിളമ്പി കൊടുക്കുമ്പോഴാണ് സിതാര മെല്ലെ വിഷയം എടുത്തിട്ടത്.

“അപ്പൂ, ഞാനും മോളും കൂടി നാളെ എന്റെ വീട് വരെയൊന്നു പോകുവാ. അമ്മയ്ക്ക് സുഖമില്ലെന്ന് കുറച്ചു മുൻപ് ഫോൺ വന്നു. കുറച്ചു ദിവസം കഴിഞ്ഞേ ഇനി തിരിച്ചു വരൂ.

നീ ഇവിടെ ഒറ്റയ്ക്ക് നിന്നാൽ നിനക്ക് അത് ബുദ്ധിമുട്ട് ആകും. അതുകൊണ്ട് ഉച്ച കഴിഞ്ഞു അപ്പു വീട്ടിലേക്ക് പൊയ്ക്കോ.അമ്മയ്ക്ക് എങ്ങനെ ഉണ്ടെന്ന് അറിഞ്ഞിട്ട് വേണം എന്തെങ്കിലും തീരുമാനിക്കാൻ ”

“അതിനെന്താ മാമി. ഞാനും കൂടെ വരാമല്ലോ”

അവൻ പോകുന്ന ലക്ഷണമില്ല.

“അയ്യോ വേണ്ട.ഹോസ്പിറ്റലിൽ ഒക്കെ അഡ്മിറ്റ് ആക്കേണ്ടി വന്നാൽ വീട്ടിലും ആരും കാണത്തില്ല. നിനക്ക് പിന്നെ ബോറടിക്കാൻ തുടങ്ങും. ഞാൻ ചെന്നിട്ട് നിന്നെ വിളിച്ചോളാം. ”

അവളുടെ ശബ്ദം ഉറച്ചതായിരുന്നു.

“എങ്കിൽ ശരി മാമി. ” അവന് കൂടുതലൊന്നും പറയാൻ പഴുതുകൾ കിട്ടിയില്ല.

“പിന്നെ ഒരു കാര്യം കൂടി പറയാനുണ്ട്.
ചിഞ്ചു മോൾ ഇന്നലെ രാത്രി ഉറക്കത്തിൽ എന്തൊക്കെയോ വിളിച്ചു കൂവി. ചേട്ടായി ഉപദ്രവിച്ചു എന്നാണ് അവൾ പറഞ്ഞത് മുഴുവനും.അതെന്താ അപ്പു നീയവളെ എന്തെങ്കിലും ചെയ്തോ..?”

അവന്റെ മുഖം വല്ലാതെ വിളറുന്നത് അവൾ നോക്കി നിന്നു.

അതെ ! അപ്പോൾ മോള് പറഞ്ഞതൊന്നും കളവല്ല! ഒരു കുറ്റവാളിയെ പോലെ തന്റെ മുന്നിൽ ഒന്നും മിണ്ടാൻ കഴിയാതെ നിൽക്കുന്ന ഇവനോട് ഒരിക്കലും പൊറുക്കാൻ കഴിയില്ല തനിക്ക്. ഓരോന്ന് ഓർക്കുംതോറും സിതാരയ്ക്ക് അരിശം അടക്കാനായില്ല.

സ്വയം നിയന്ത്രിക്കാൻ കഴിയാതെ അവൾ പൊട്ടിത്തെറിച്ചു.

“നീ എന്താടാ എന്റെ മോളോട് ചെയ്തത്.. ചേട്ടായി ചേട്ടായി എന്ന് വിളിച്ചു നിന്റെ പിന്നാലെ നടക്കുന്ന അവളോട് നിനക്ക് വൃത്തികെട്ട മനസ്സോടെ പെരുമാറാൻ എങ്ങനെ കഴിഞ്ഞു.

ഇന്നലെ എന്റെ മോളോട് ചെയ്തത് ഇന്ന്
നീ എന്നോട് ചെയ്യില്ലെന്ന് എന്താടാ ഉറപ്പ്.
നാളെ ഒരുപക്ഷെ ആരെയും കിട്ടിയില്ലെങ്കിൽ
നീ നിന്റെ അമ്മയെപ്പോലും വെറുതെ വിടില്ലല്ലോടാ ദ്രോഹി…!”

രക്തം വാർന്നു പോയത് പോലെയായി അവന്റെ മുഖം..

“ഇനി മേലാൽ എന്റെ വീട്ടിൽ കാല് കുത്തിയേക്കരുത്. ഇപ്പൊ ഞാൻ നിന്നെ വെറുതെ വിടുന്നത് നിന്റെ പ്രായത്തെ കരുതി മാത്രമാണ്.

ഇനിയും ഇതുപോലെ ആരോടെങ്കിലും ചെയ്‌തെന്ന് ഞാൻ അറിഞ്ഞാൽ പിന്നെ നിന്റെ എല്ലാ വിശേഷങ്ങളും ഈ നാട്ടുകാര് മുഴുവനും അറിയും. പറഞ്ഞേക്കാം. ഇറങ്ങിക്കോണം എത്രയും പെട്ടന്ന് എന്റെ വീട്ടീന്ന്.”

അവൾ പുറത്തേയ്ക്ക് വിരൽ ചൂണ്ടി ഒരഗ്നി നാളം പോലെ എരിഞ്ഞു കത്തി.

ഒന്നും മിണ്ടാതെ പെട്ടന്ന് മുറിക്കുള്ളിലേക്ക് പോയ അവൻ വേഷം മാറി കയ്യിൽ ഒരു ബാഗുമായി തിരിച്ചു വരുന്നത് കണ്ടപ്പോൾ വല്ലാത്ത ആശ്വാസം തോന്നി..

പൊക്കോട്ടെ. എങ്ങോട്ട് വേണമെങ്കിലും പോയി തുലയട്ടെ.

പെണ്ണെന്ന വർഗ്ഗത്തെ ഒരേ കണ്ണോടെ നോക്കുന്ന ഇവനെയൊക്കെ ഇത്രയും നാൾ വിശ്വസിച്ചു കൂടെ നിർത്തിയതാണ്
തന്റെ തെറ്റ്.

വൈകുന്നേരം മകളെയും വിളിച്ചു കൊണ്ട് തിരികെ വരുമ്പോൾ അവൾ എന്തൊക്കെയോ
ചോദിച്ചു.

“ചേട്ടായി എവിടെ അമ്മേ.”

“ചേട്ടായി അപ്പച്ചി വീട്ടിൽ തിരികേപോയി മോളെ.
അമ്മ മോൾക്ക് വേണ്ടി അവനെ പറഞ്ഞു
വിട്ടു. ഇനിയാരും എന്റെ പൊന്ന് മോളെ ഉപദ്രവിക്കാൻ വരില്ല കേട്ടോ. ഇനിയെന്തുണ്ടെങ്കിലും അമ്മയോട് എല്ലാം തുറന്നു പറയണം കേട്ടല്ലോ .. ”

അവൾ സമ്മതത്തോടെ തലകുലുക്കിക്കൊണ്ട് .
കൺ കോണുകൾ വരെ നീളുന്ന നിഷ്കളങ്കമായൊരു പുഞ്ചിരിയോടെ അവളിലേയ്ക്ക് ചേർന്നു നിന്നു…

Leave a Reply

Your email address will not be published. Required fields are marked *