ഭർത്താവിന്റെ ചിത കത്തിയമർന്ന മണ്ണിനരുകിൽ നിൽക്കുകയായിരുന്ന
ഭാനുമതി കണ്ണുകൾ അമർത്തിതുടച്ചു.
അതേ… എനിക്കെങ്ങും വയ്യ നിങ്ങടെ തള്ളയെ നോക്കാൻ.
മരുമകളുടെ സംസാരം ഭാനുമതിയുടെ
ചെവിയിൽ മുഴങ്ങിക്കേട്ടു..
ഇത് കേൾക്കാൻ എന്തിനാ എന്നെ ഇവിടെ ഇട്ടിരിക്കുന്നത്??
എന്നെക്കൂടെ കൊണ്ടുപോകാമായിരുന്നില്ലേ?
നമ്മൾ ഒരുമിച്ചല്ലേ ഇത്രനാൾ ജീവിതം പങ്കിട്ടത്, എന്നിട്ട് എന്നെ മാത്രം ഭൂമിയിൽ വിട്ടിട്ട് എങ്ങോട്ടാണ് മനുഷ്യാ നിങ്ങൾ പോയത്?
എനിക്ക് നിങ്ങളില്ലാതെജീവിക്കാനാവില്ല.
അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി ആ മണ്ണിലേക്ക് ഇറ്റ് വീണു.
ഭാനുമതി വീട്ടുമുറ്റത്തേക്കു കയറിചെന്നു.
കഴിഞ്ഞ ആഴ്ച്ച ഭർത്താവിന്റെ ജീവനില്ലാത്ത ശരീരവും കൊണ്ട് ഹോസ്പിറ്റലിൽ നിന്നും വന്നപ്പോഴേക്കും മരുമകൾ, തന്റെ ഭർത്താവിന്റേതായിട്ടുള്ള എല്ലാ വസ്തുക്കളും വീടിന് പുറത്തെടുത്തിട്ടിരുന്നു.
അദ്ദേഹം മരിക്കാനായി കത്തിരിക്കുകയായിരുന്നുവോ അവൾ.
മുറ്റത്തിന്റെ പടിഞ്ഞാറേ വശത്ത് മഴ നനഞ്ഞു കിടപ്പുണ്ട് അദ്ദേഹം അത്രനാൾ ഉപയോഗിച്ചിരുന്ന വസ്തുക്കളൊക്കെ
അവിടേക്കു നോക്കുമ്പോൾ ഭാനുമതിക്ക് നെഞ്ചം പിടയുന്നത് പോലെ തോന്നി.
തന്റെ പുരുഷൻ തനിക്ക് മാത്രമേ
പ്രിയപ്പെട്ടവൻ ആയിരുന്നുള്ളോ..???
മിക്കവാറും ദിവസങ്ങളിൽ മരുമകൾക്കുള്ള പലഹാരപൊതിയും കൊണ്ടേ അദ്ദേഹം വൈകുന്നേരം കയറി വരൂ…
നമ്മുടെ മകൾ എന്നെ അദ്ദേഹം പറയുമായിരുന്നുള്ളൂ..എന്നിട്ടും…
ഓഹ്…ഈ സാധനം കണ്ണുനീരും ഒലിപ്പിച്ചോണ്ട് നടക്കാൻ തുടങ്ങിയിട്ട് കുറേ ദിവസം ആയല്ലോ മരുമകൾ രേവതി ഭാനുമതിയെ നോക്കിക്കൊണ്ട്
മനസ്സിൽ വിചാരിച്ചു.
ഈ പരട്ട തള്ളയും കൂടെ അങ്ങ് ഒടുങ്ങിയാൽ മതിയാരുന്നു. രേവതി പിറുപിറുത്തു കൊണ്ട് കൊച്ചിനെയും കൊണ്ട് മുറിയിലേക്ക് പോയി.
അവളുടെ ലോകത്ത് ഭർത്താവും ഒന്നരവയസ്സുകാരി മകളും മാത്രമേ ഉള്ളൂ… മറ്റാരുംകൂടെ വേണ്ടാ എന്ന
ചിന്തയാണ് രേവതിക്ക്.
എന്താ രേവതി…?
ഭർത്താവ് മിഥുൻ അകത്തേക്ക് കയറി വന്നു.
ഞാൻ കൊച്ചിനെയും കൊണ്ട് എന്റെ വീട്ടിലേക്കു പൊയ്ക്കോളാം, നിങ്ങൾ നിങ്ങടെ അമ്മയെയും നോക്കി ഇവിടെ നിന്നോ.
അതിനും മാത്രം ഇവിടെ എന്താ പ്രശ്നം.?
ഒരു പ്രശ്നവും ഇല്ല. മതിയോ?? അവൾ ദേഷ്യപ്പെട്ടു.
അയാൾ കുഞ്ഞിനെ എടുത്തു.
കൊച്ചിനെയും കൊണ്ട് അപ്പുറത്തെങ്ങാനും പോ, എനിക്കൊന്നുറങ്ങണം അവൾ പറഞ്ഞു.
അയാൾ കുഞ്ഞിനേയും കൊണ്ട് മുറ്റത്തേക്കിറങ്ങി.
രാവിലെ ഭക്ഷണം കഴിഞ്ഞ് രേവതി ഉറങ്ങാൻ കയറിയാൽ പിന്നെ പന്ത്രണ്ടുമണി ആക്കുമ്പോഴേ എഴുന്നേൽക്കൂ..
ഭാനുമതി അടുക്കളയിലേക്ക് നടന്നു.
സിങ്ക് നിറയെ പാത്രങ്ങൾ കൂട്ടി ഇട്ടിട്ടുണ്ട്.
ഭാനുമതി അത് ഓരോന്നായി കഴുകി വച്ചു.
അപ്പോഴേക്കും അവരുടെ പേരക്കുട്ടി മിഥുന്റെ കൈയിൽ നിന്നും ഇറങ്ങി പിച്ചവച്ചങ്ങോട്ട് വന്നു.
ഭാനുമതി കുഞ്ഞിനെ വാരി എടുത്തു.
തന്റെ ഏക ആശ്വാസം ഈ കുഞ്ഞാണ്.
നിഷ്കളങ്കമായ ഒരു ചിരിയിൽ, കൊഞ്ചലിൽ…താൻ തന്റെ ദുഃഖങ്ങളെ അല്പനേരമെങ്കിലും മറക്കാറുണ്ട്.
അച്ഛമ്മേടെ മുത്തേ…. അവർ കുഞ്ഞിനെ ചുംബിച്ചു..
ഉറങ്ങാൻ കിടന്ന രേവതി കാതോർത്തു.
മിഥുന്റെ കൈയിൽ അല്ലേ കൊച്ച്?
അവൾ എഴുന്നേറ്റു.
ഭാനുമതി കുഞ്ഞിനെ കൊഞ്ചിക്കുകയാണ്
ആ നനഞ്ഞ കൈയ്കൊണ്ടാണോ കൊച്ചിനെ എടുക്കുന്നത്. ഒന്നാമത് അതിന് ജലദോഷമാ.. ഇങ്ങ് കൊണ്ടുവാ..
രേവതി ഭാനുമതിയുടെ കൈയിൽ നിന്നും കുഞ്ഞിനെ എടുത്തു.
ഭാനുമതി അവളെ ഒന്ന് നോക്കിയിട്ട് തന്റെ മുറിയിലേക്ക് പോയി, വാതിൽ അടച്ചതും
ഭാനുമതി പൊട്ടിക്കരഞ്ഞു.
താൻ ഏകയാണെന്ന് അവർക്കു തോന്നി.
തന്റെ മകന് പട്ടിയുടെ വില പോലും കൊടുക്കാതെ ഇട്ട് പേടിപ്പിക്കുന്ന മരുമകളെ കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല.
സ്വന്തം കുഞ്ഞിനെ ഓർത്ത് മാത്രം ഇത്തരം താടകമാരെ സഹിക്കുന്ന പുരുഷന്മാരെ സിനിമകളിൽ മാത്രേ കണ്ടിട്ടുള്ളൂ.. ഇപ്പോഴിതാ ജീവിതത്തിൽ അതറിയുന്നു.
തന്റെ പുരുഷൻ ഉണ്ടായിരുന്നപ്പോൾ എപ്പോഴും പറയുമായിരുന്നു.
ഞാൻ ആദ്യം മരിച്ചാൽ നീ സൂക്ഷിക്കണമെന്ന്.
അവൾ നിന്നെ ഏത് വിധത്തിലും ഇല്ലാതാക്കുമെന്ന്.
അപ്പോൾ ഞാൻ മരിച്ചാൽ ചേട്ടൻ എന്ത് ചെയ്യുമെന്ന് ചോദിക്കുമ്പോൾ പറയുമായിരുന്നു. ഞാനേ ആദ്യം പോകൂ… എന്ന്.
അതുപോലെ തന്നെ നടന്നു.
തന്നെ ഒറ്റക്കാക്കിയിട്ട് അദ്ദേഹം പോയ്മറഞ്ഞു.
മക്കൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന അനേകം മനുഷ്യരിൽ പെട്ടവരായിരുന്നു ഞങ്ങൾ.
സ്വന്തം ജീവിതത്തിനു കൂടെ പ്രാധാന്യം കൊടുക്കണമായിരുന്നു എന്ന് ഞങ്ങൾ മനസ്സിലാക്കി വന്നപ്പോഴേക്കും കാലം കഴിഞ്ഞു പോയി.
ഇന്നിപ്പോൾ താൻ തീർത്തും ഒറ്റക്കായിരിക്കുന്നു.
അല്ല…ഒറ്റക്കല്ല, സകല ചിന്തകളിലും തന്റെപുരുഷനുണ്ട്. നോക്കുന്നിടത്തെല്ലാം താൻ കാണുന്നുണ്ട് അത് മതി.
വൈകുന്നേരം മിഥുൻ കുഞ്ഞിനേയും കൊണ്ട് സിറ്റിക്ക് ഇറങ്ങി
കുറേ ദിവസമായി പുറത്തേക്കൊക്കെ ഇറങ്ങിയിട്ട്.കൂട്ടുകാരെ ഒക്കെ ഒന്ന് കണ്ടിട്ട്.
രേവതി അലക്കിയ തുണികൾ വിരിച്ചു കൊണ്ട് നിൽക്കുമ്പോഴാണ്, ഭാനുമതി കിണറിനരുകിലെ പുല്ല് പറിച്ചു കൊണ്ട് നിൽക്കുന്നത് അവൾ കണ്ടത്.
കിണർ ചുറ്റും കെട്ടിയിട്ടില്ല.
ഈ തള്ളയെ
കിണറ്റിലേക്ക് തള്ളി ഇട്ടാലോ,
കഴിഞ്ഞ ദിവസങ്ങളിലെല്ലാം നല്ല മഴ ആയിരുന്നത് കൊണ്ട് കിണർ നിറയാറായി വെള്ളം ഉണ്ട്.
അവൾ ചുറ്റിലും നോക്കി. എങ്ങും ആരുമില്ല. തള്ളി താഴേക്ക് ഇട്ടാൽ ആരും അറിയാൻ പോകുന്നില്ല.
ഈ ശല്യം എങ്ങനെയേലും ഒഴിവായി കിട്ടുമല്ലോ. അത് മതി.
അവൾ പതിയെപ്പതിയെ കിണറിനരുകിലേക്ക് ചെന്നു.
രേവതി പതിയെപ്പതിയെ ശബ്ദം ഉണ്ടാക്കാതെ അവരുടെ അടുത്തേക്ക് ചെന്ന്, അവരെ താഴേക്ക് തള്ളിയിടാനായി കൈകൾ നീട്ടിയപ്പോഴാണ് അവർ കള പറിച്ച്, അത് കൂട്ടിയിടുന്നിടത്തേക്ക് ഇടുവാനായി തിരിഞ്ഞതും രേവതിയെ കണ്ടതും.
രേവതി പൊടുന്നനെ കൈകൾ പിൻവലിച്ചു.
അമ്മ…അമ്മ…പുല്ല് പറിക്കുകയായിരുന്നോ? അവൾ ചിരിയോടെ ചോദിച്ചു.
ഉം.
ഭാനുമതി വേഗത്തിൽ അവിടെ നിന്നും
മാറിനിന്നു.
രേവതി തന്നെ കിണറ്റിലേക്ക് തള്ളിയിടാനായി വന്നതാണെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു.
ഇവൾ ഇത്ര ദുഷ്ട്ടായായ സ്ത്രീ ആണോ?
ആരെയും കൊല്ലാൻ ഒരു മടിയും തോന്നുന്നില്ലേ??
നീ….നീ എന്നെ തള്ളിയിടാൻ നോക്കിയതാണോ? ഭാനുമതി ചോദിച്ചു
ഓ..പിന്നെ, നിങ്ങളെ തള്ളിയിട്ടിട്ട് ഞാൻ ജയിലിൽ പോയി കിടക്കാൻ ആണോ? പുല്ലൊക്കെ പറിച്ചു കൂട്ടിയിട്ടത് എടുത്തുകളഞ്ഞു നിങ്ങളെ സഹായിക്കാൻ വേണ്ടി വന്നതാണ് ഞാൻ. അതിപ്പോ കുറ്റമായോ??
അവൾ ദേഷ്യപ്പെട്ടു.
ഭാനുമതി ഒന്നും പറഞ്ഞില്ല.
എന്തായാലും പണി മതിയാക്കി അവർ അകത്തേക്ക് പോയി.
തനിക്ക് ഭയമാണ് രേവതിയെ, എന്ത് ചെയ്യാനും ഒരു മടിയും ഇല്ലെന്ന് ഇപ്പോൾ തനിക്ക് പൂർണ്ണ ബോധ്യമായി.
തന്റെ ഭർത്താവ് പറഞ്ഞത് ശരിയാണ് സ്വാർത്ഥത നിറഞ്ഞ മനസ്സിനുടമയാണവൾ.
അവൾക്ക് ആരെയും സ്നേഹിക്കാനുള്ള കഴിവില്ല.
എന്തോ വല്ലാത്ത ഭയം തോന്നുന്നു. മരിക്കാനുള്ള ഭയമല്ല.
തന്റെ മകന്റെ ജീവിതം എങ്ങനെയാകും എന്നുള്ള ചിന്ത മനസ്സിനെ വല്ലാതെ അലട്ടുന്നു.ഇതുപോലെ സ്വാർത്ഥയായ സ്ത്രീ വളർത്തുന്ന കുഞ്ഞ് എങ്ങനെയാവും?
വേണ്ടാ, കുഞ്ഞിനെ കുറിച്ചൊന്നും താൻ ആലോചിക്കേണ്ട കാര്യമില്ല, കുഞ്ഞിനെ അതിന്റെ അച്ഛനും അമ്മയും ഇഷ്ടമുള്ള രീതിയിൽ വളർത്തട്ടെ, അമിതമായി താനൊരു കാര്യത്തിലും കൈകടത്താൻ പോകേണ്ട കാര്യമില്ല.
ഇന്ന് അവൾ തന്നെ കിണറ്റിലേക്ക് തള്ളിയിടാൻ ശ്രമിച്ച കാര്യം മകനോട് പറയണോ എന്ന് അവർ ആലോചിച്ചു.
വേണ്ടാ, അവൻ ഇതൊന്നും അറിയേണ്ട. പാവം അവനെ എന്തിനാണ് സങ്കടപ്പെടുത്തുന്നത്.
പക്ഷേ പറഞ്ഞില്ലെങ്കിൽ അവൾ വീണ്ടും ഇതൊക്കെ ആവർത്തിച്ചാലോ ഏതെങ്കിലും വിധത്തിൽ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചാലോ..
എന്ത് ചെയ്യണം എന്നറിയില്ല.
തന്റെ പങ്കാളി ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു.
പങ്കാളിയുടെ വില എന്താണെന്ന് പൂർണമായും മനസ്സിലാകണമെങ്കിൽ വാർദ്ധക്യം എത്തണമെന്ന് പറയുന്നത് എത്ര ശരിയാണ്.
അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ തന്നെ കരുതലോടെ സംരക്ഷിക്കുമായിരുന്നു.
താൻ അവശയാണ്,തനിക്ക് ആരോടും എതിരിട്ട് നിൽക്കാനുള്ള കഴിവ് ഒന്നും ഇപ്പോഴില്ല.
മരിക്കാൻ തനിക്ക് ഭയമില്ല. പക്ഷേ അത് ഒരിക്കലും തന്റെ മകന്റെ ഭാര്യയുടെ കൈകൊണ്ടാവരുത് എന്ന് തനിക്ക് ആഗ്രഹമുണ്ട്.
തന്റെ കുടുംബത്തിന് അങ്ങനെയൊരു കളങ്കം ഉണ്ടാവാൻ പാടില്ല.
എന്തായാലും മകൻ വരുമ്പോൾ ഇക്കാര്യം സംസാരിക്കണം.അതാണ് നല്ലത്.
ഭാനുമതി തീരുമാനിച്ചുറപ്പിച്ചു
മിഥുൻ കുഞ്ഞിനേയും കൊണ്ട് തിരിച്ചു വന്നപ്പോഴേക്കും ആറു മണിയായി.
അപ്പോഴേക്കും ഭാനുമതി കുളിച്ച് വിളക്ക് വയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.
ഭാനുമതി നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കാൻ ഇരിക്കുമ്പോഴേക്കും കുഞ്ഞും പിച്ച വെച്ച് നടന്ന് അച്ഛമ്മയുടെ അരികിലിരുന്ന് അച്ഛമ്മ ചെയ്യുന്നതുപോലെ ആവർത്തിക്കും.
കുഞ്ഞികൈകൾ തൊഴുതു പിടിച്ച് ഇരിക്കുന്നത് കാണാൻ നല്ല ചേലാണ്.
പ്രാർത്ഥന കഴിഞ്ഞ് അത്താഴത്തിന് ചൂട് കഞ്ഞിയും പയറും ഭാനുമതി ഉണ്ടാക്കി.
എട്ടുമണിയോടുകൂടിയാണ് സാധാരണ എല്ലാവരും അത്താഴം കഴിക്കുന്നത്.
മരുമകൾ ഫോണും നോക്കി മുറിയിൽ കിടപ്പുണ്ട്.
മിഥുൻ പിന്നാമ്പുറത്തെ അലക്ക് കല്ലിൽ ഇരുന്ന് കൂട്ടുകാരനോട് ഉറക്കെ സംസാരിക്കുകയാണ്.
ഭാനുമതി അവന്റെ അരികിലേക്ക് ചെന്നു.
അവൻ കാൾ കട്ടാക്കി.
എന്താ അമ്മേ..?
മോനേ എനിക്കൊരു കാര്യം പറയാനുണ്ട്.
എന്താ?
ഇന്ന്…
ഇന്ന്??
രേവതി എന്നെ കിണറ്റിലേക്ക് തള്ളി ഇടാൻ നോക്കി.
അയാൾ അലക്ക് കല്ലിൽ നിന്നും ഇറങ്ങി.
അമ്മക്ക് എന്താ പറ്റിയത്? വെറുതെ ഓരോന്നൊക്കെ പറഞ്ഞുണ്ടാക്കരുത്.
അവൾ ഇടക്ക് പറയാറുണ്ട് അമ്മക്ക് അവളോടുള്ള അനിഷ്ടത്തേക്കുറിച്ച്.
മരുമകളെ സ്വന്തം മകളായി
കാണാണമെന്നൊന്നും ഞാൻ പറയില്ല. പക്ഷെ ഒരു സ്ത്രീ എന്ന പരിഗണന എങ്കിലും അവൾക്ക് കൊടുക്കണം.
അവൻ അകത്തേക്ക് കയറിപ്പോയി.
ഭാനുമതി അവിടെത്തന്നെ ഒരേ നിൽപ്പ് നിന്നു.
എന്താണ് താനീ കേൾക്കുന്നത് ?
തന്നെപ്പറ്റി ഇല്ലാത്തതൊക്കെ അവൾ തന്റെ മകനെ പറഞ്ഞു കേൾപ്പിച്ചിട്ടുണ്ട്. അവനാകട്ടെ അതെല്ലാം വിശ്വസിച്ചിരിക്കുകയാണ്.
ഈ അമ്മയെ മകന് ഇനിയും മനസ്സിലാക്കാൻ ആയിട്ടില്ലെന്നോ.
അമ്മ അത്തരം ഒരു സ്ത്രീയാണെന്ന് തന്റെ മകന് തോന്നിയോ?
ഇല്ല മോനെ, ഞാൻ ഒരിക്കലും ഒരുമോശം അമ്മയല്ല, മോശം അമ്മായിയമ്മയും അല്ല. എനിക്കൊരിക്കലും അങ്ങനെയാവാൻ സാധിക്കില്ല…
പലതും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചു തന്നെയാണ് അമ്മ ജീവിക്കുന്നത്.
അത് നിന്നെയും നിന്റെ കുടുംബത്തിനെയും ഓർത്ത് തന്നെയാണ്.
നിങ്ങൾക്ക് വേണ്ടി ഒന്നല്ല, ഒരായിരം തവണ തോൽക്കാൻ ഈ അമ്മ തയ്യാറാണ് മക്കളെ.
നിങ്ങളൊക്കെ പുതിയ തലമുറയിൽ പെട്ട ആളുകളാണ്. നിങ്ങളുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്ന, നിങ്ങളുടെ ജീവിതത്തിൽ അനാവശ്യമായി കടന്ന് വരുന്ന ഒരാളല്ലഞാൻ.
മങ്ങിയ ഇരുട്ടിൽ അവരുടെ കണ്ണുനീർ മുത്തുകൾ കവിളിനെ ചുംബിച്ചു താഴേക്കൊഴുകി.
നേരം നന്നായി പുലർന്നു.
രേവതി എഴുന്നേൽക്ക്.. മിഥുൻ പറഞ്ഞു.
അവൾ നല്ല ഉറക്കത്തിലാണ്.
നേരം എത്രയായി എഴുന്നേൽക്കെടീ…അവൻ വീണ്ടും പറഞ്ഞു.
അവൾ കണ്ണുതുറന്നു. കുഞ്ഞ് നല്ല ഉറക്കത്തിലാണ്.
മിഥുൻ ഫോണിൽ നോക്കുകയാണ്.
അവൾ കുഞ്ഞിന്റെ തുടയിൽ നുള്ളി..
കുഞ്ഞ് ഉണർന്നെഴുന്നേറ്റ് കരയാൻ തുടങ്ങി.
അവൾ എഴുന്നേറ്റു.
അയ്യോ…മോളെ ഉറക്കെടീ… അതിന്റെ ഉറക്കം പോയിട്ടില്ല.മിഥുൻ പറഞ്ഞു.
അവൾ കുഞ്ഞിനെ മുലയൂട്ടി ഉറക്കാനായി വീണ്ടും കിടത്തി.
എട്ട് മണി ആയപ്പോഴേക്കും അവൾ എഴുന്നേറ്റു.
മിഥുൻ എഴുന്നേറ്റ് പല്ല് തേക്കുകയാണ്.
ഒൻപത് മണി ആകുമ്പോഴേക്കും അയാൾക്ക് ഓഫിസിൽ പോകണം.
അയാൾ അടുക്കളയിലേക്ക് നോക്കി,
അമ്മേ… ചായ. അയാൾ പറഞ്ഞു.
ഉത്തരമില്ല. സാധാരണ ചോദിക്കാതെ തന്നെ അമ്മ ചായ കൊണ്ട് തരുന്നതാണ് പതിവ്.
അയാൾ അടുക്കളയിലേക്ക് ചെന്നു. അവിടെ അമ്മയില്ല.
അയാൾഅമ്മയുടെ മുറിയിലേക്ക് ചെന്നു
അവിടെയും അമ്മയെ കാണുന്നില്ല.
അയാൾ വെപ്രാളത്തോടെ അവിടെയെല്ലാം നോക്കി..
എങ്ങും അമ്മയില്ല.
അമ്മേ….
അയാൾ ഉച്ചത്തിൽ വിളിച്ചു കൊണ്ട് വീടിന് ചുറ്റിലും നടന്നു.
രേവതി അങ്ങോട്ട് ഓടി വന്നു.
എന്താ മിഥുൻ.. എന്തിനാ ഇങ്ങനെ ഒച്ച എടുക്കുന്നത്?
അമ്മയെ കാണുന്നില്ല.അയാൾ പറഞ്ഞു
അവളുടെ ഉള്ളിൽ സന്തോഷം നുരഞ്ഞു പൊന്തി.
നന്നായിപ്പോയി, പണ്ടാരം എവിടെയെങ്കിലും പോയി തുലയട്ടെ..
അവൾ മനസ്സിൽ വിചാരിച്ചു.
അയ്യോ… എന്നാലും അമ്മ ഇത് എവിടെ പോയി ? അവൾ മിഥുനോട് ചോദിച്ചു.
എവിടെപ്പോയെന്ന് അറിയില്ല. എന്നാലും
പറയാതെ അമ്മയങ്ങനെ എങ്ങോട്ടും പോകുന്ന ആളല്ല.
ഇനിയിപ്പോ എന്ത് ചെയ്യും..?
പെട്ടെന്നാണ് അടുത്ത വീട്ടിലെ കനകമ്മ അങ്ങോട്ട് വന്നത്
എന്താ രാവിലെ വിളിച്ചു കൂവുന്നത്? എന്താ പ്രശ്നം ? അവർ ചോദിച്ചു.
അമ്മ അങ്ങോട്ട് എങ്ങാനും വന്നായിരുന്നോ ചേച്ചി ? രേവതി ചോദിച്ചു
ഇല്ല.അങ്ങോട്ട് വന്നില്ലല്ലോ.
അമ്മയെ രാവിലെ മുതൽ കാണുന്നില്ല ചേച്ചി.
അയ്യോ…അതെവിടെ പോയി?
അവർ സംശയത്തോടെ രേവതിയെ ഒന്ന്ചൂഴ്ന്ന് നോക്കി.
അല്ല കഴിഞ്ഞദിവസം നീ അവരെ കിണറ്റിൽ തള്ളിയിടാൻ നോക്കിയില്ലേ?
ഇനി നീ വല്ലതും ചെയ്തതാണോടി പെൺകൊച്ചെ?
രേവതി ഞെട്ടിത്തരിച്ചു പോയി.
ഇവർ…ഇതെങ്ങനെ അറിഞ്ഞു..
സാധാരണ അമ്മ ആരോടും ഒരു കുറ്റവും പറയാത്തതാണല്ലോ. പ്രത്യേകിച്ചും അയൽവക്കത്ത് ഒന്നും പോയിരുന്ന് ഒന്നും പറയുന്ന ആളല്ലഅമ്മ.പിന്നെ ഇവർ എങ്ങനെ അറിഞ്ഞു?
ഒന്നും മിണ്ടാതിരിക്ക് ചേച്ചി, വെറുതെ അനാവശ്യം പറഞ്ഞുണ്ടാക്കരുത്, അവൾക്ക് കനകമ്മയുടെ നേരെ വിരൽ ചൂണ്ടി…
ആർക്കറിയാം സത്യം എന്താണെന്ന്?
ഇനി വൈകിക്കണ്ട മോനെ നീ പോലീസിൽ അറിയിക്ക്. കനകമ്മ മിഥുനോട് പറഞ്ഞു.
ഞാൻ എന്തായാലും അയൽവക്കത്തൊക്കെ ഒന്നു പോയി പറയാം. ആരെങ്കിലും കണ്ടോ എന്ന് ചോദിക്കാം. കനകമ്മ വഴിയിലേക്ക് പോയി
അയാൾ വേഗം റെഡി ആയി വന്നു വണ്ടിയിൽ കയറി.
മിഥുൻ…. രേവതി വേഗം അവന്റെ അരികിലേക്ക് ചെന്നു.
പോലീസിൽ അറിയിക്കുന്നതിന് മുൻപ് നമുക്ക് ഇവിടെയൊക്കെ ഒന്ന് തിരഞ്ഞു നോക്കാം
ബന്ധുവീട്ടിൽ വല്ലതും ചെന്നിട്ടുണ്ടോ എന്ന് വിളിച്ചു നോക്കാം.
അതെന്താ പോലീസിൽ അറിയിക്കുന്നതിന്, നിനക്ക് പേടിയാണോ?
ഞാനെന്തിനാ പേടിക്കുന്നത്.ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. നിങ്ങടെ അമ്മ വെളിവില്ലാതെ എങ്ങോട്ടെങ്കിലും ഇറങ്ങി പോയെങ്കിൽ അതിന് എന്റെ പേരിൽ പഴിചാരണ്ട.
നീയൊക്കെ മനുഷ്യസ്ത്രീ തന്നെയാണോ??
പെട്ടന്ന് അയാളുടെ ഫോൺ ശബ്ദിച്ചു.
അച്ഛന്റെ അനിയനാണ് വിളിക്കുന്നത്.
അയാൾ കാൾ എടുത്തു.
ആഹ് മോനേ മിഥുനെ, അമ്മ ഇവിടെ ഉണ്ട് കേട്ടോ.അയാൾ പറഞ്ഞു.
ഓഹ്… മിഥുൻ ആശ്വാസത്തോടെ നെഞ്ചിൽ കൈയ് വച്ചു.
അമ്മ പറയാതെയാ പോന്നത് അല്ലേ??
അതെ കൊച്ചച്ഛാ അമ്മയെ കാണാതെ ഞാൻ പോലീസിൽ അറിയിക്കാൻ വേണ്ടി പോകാൻ തുടങ്ങുവാരുന്നു.
അമ്മയെ കാണാനില്ലെന്ന് അറിയാൻ ഈ സമയം വരെ വേണ്ടി വന്നു അല്ലേ മോനേ..? അതിൽ നിന്നും മനസ്സിലായി അമ്മയോട് എത്ര കരുതലുണ്ടെന്ന്. എന്തായാലും
അമ്മ കുറച്ച് ദിവസം ഇവിടെ നിൽക്കട്ടെ,
ഒന്നുവല്ലെങ്കിലും എന്റെ ഏട്ടൻ ഏട്ടത്തിയെ വിവാഹം കഴിച്ച് കൊണ്ടുവന്നത് ഈ വീട്ടിലേക്ക് ആയിരുന്നല്ലോ.
അമ്മ എവിടെ കൊച്ചച്ഛാ ഒന്ന് ഫോൺ കൊടുക്കാമോ?
ഇപ്പോൾ കിടക്കുകയാണ്. പിന്നെ എഴുന്നേൽക്കുമ്പോൾ കൊടുക്കാം.
ശരി. മിഥുൻ കാൾ കട്ടാക്കി.
അയാൾ ആശ്വാസത്തോടെ അകത്തേക്ക് കയറി.
എന്തെ നിങ്ങൾ പോയില്ലേ? രേവതി ചോദിച്ചു.
ഇല്ല. അമ്മ കൊച്ചച്ഛന്റെ വീട്ടിൽ ഉണ്ട്.
ഞാൻ പറഞ്ഞില്ലേ,നിങ്ങടെ തള്ളക്ക്
വല്ലാത്ത ദുർവാശിയാ.നമ്മളെ കഷ്ടപ്പെടുത്തണമെന്ന് മാത്രമാണ് അവരുടെ ചിന്ത.
നിനക്കൊന്നു മിണ്ടാതിരിക്കാമോ? അയാൾ ചോദിച്ചു.
ഞാൻ മിണ്ടാതിരുന്നാലീ വീട്ടിലെ പ്രശ്നങ്ങൾ തീരുമോ?
നോക്ക് മിഥുൻ… കുറച്ച് കാശ് കൊടുത്താൽ അമ്മയെ വല്ല വൃദ്ധസദനത്തിലും ആക്കാം.അവിടാകുമ്പോൾ അമ്മയെ അവർ നന്നായി നോക്കും.
മാത്രമല്ല, അമ്മയുടെ പ്രായത്തിൽ ഉള്ള ഒരുപാട് ആളുകൾ അവിടെ ഉള്ളത് കൊണ്ട് അമ്മക്ക് ഒരു കൂട്ടും ആകും.
അയാൾ അവളുടെ മുഖത്തേക്ക് നോക്കി.
🍀🍀🍀🍀🍀🍀🍀
അയാൾ ദേഷ്യത്തോടെ ഭാര്യയെ നോക്കി.
എന്നാൽ നീ ഒരു കാര്യം ചെയ്യ് നിന്റെ അമ്മയെ അവിടെ കൊണ്ടുചെന്നാക്ക്. അയാൾ പറഞ്ഞു
അവളുടെ മുഖം വിളറി.
അയാൾ ഓഫിസിലേക്ക് പോകാൻ ഇറങ്ങി.
ഒന്നും കഴിക്കുന്നില്ലേ ?
അവൾ പിന്നിൽ നിന്നും വിളിച്ചു ചോദിച്ചു.
അതിന് എന്താ നീ ഉണ്ടാക്കിയത്? അടുക്കളയിൽ വല്ലതും വച്ചുണ്ടാക്കണമെങ്കിൽ അമ്മ ഇവിടെ വേണ്ടേ??
ഓഹ്… നിങ്ങളുടെ പറച്ചിൽ കേട്ടാൽ തോന്നും അമ്മ മാത്രമാണ് ഇവിടെ പണിയൊക്കെ ചെയ്യുന്നതെന്ന്, ഞാൻ ചെയ്യുന്നതൊന്നും നിങ്ങളുടെ കണ്ണിൽ പെടില്ലല്ലോ.
അയാൾ അതിനൊന്നും മറുപടി പറയാൻ നിൽക്കാതെ വണ്ടിയിലേക്ക് കയറി.
ഇവളോട് മറുപടി പറഞ്ഞിട്ട് ഒരു കാര്യവുമില്ല വിവാഹം കഴിഞ്ഞ അന്നുമുതൽ നഷ്ടപ്പെട്ട മനസമാധാനമാണ്.
സകല എഴുത്തുകളിലും സ്ത്രീകൾ വാഴ്ത്തപ്പെട്ടവളാണ്, ഭൂമിയോളം ക്ഷമയുള്ളവളാണ് , ഈ വക സാധനങ്ങളുടെ കൂടെ ജീവിതം തുടങ്ങി കഷ്ടപ്പെടുന്ന പാവം പുരുഷന്മാരെ കുറിച്ച് ആര് എഴുതാൻ?ആര് മനസ്സിലാക്കാൻ?
ഒരു കുഞ്ഞു ജനിച്ചു പോയതിന്റെ പേരിൽ മാത്രം സഹിച്ചു ജീവിക്കേണ്ടിവരുന്ന ഹതഭാഗ്യരായ പാവമാണുങ്ങളും ഇവിടുണ്ട്…
ഓഫീസിൽ ഇരുന്നപ്പോഴും അയാളുടെ മനസ്സ് ആകെ ആകുലത നിറഞ്ഞതായിരുന്നു.
ഒന്നിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല.
അയാൾ ഉച്ചകഴിഞ്ഞ് ലീവ് ആക്കി.
നേരെ കൊച്ചച്ചന്റെ വീട്ടിലേക്ക് ചെന്നു.
ഇനി അവിടെ നിന്നും ധാരാളം കുത്തുവാക്കുകൾ കേൾക്കേണ്ടി വരുമെന്ന് അയാൾക്കറിയാം.
എങ്കിലും അമ്മയെ കുറിച്ച് ഓർക്കുമ്പോൾ പോകാതിരിക്കാൻ കഴിയുന്നില്ല.
തനിക്കറിയാം അമ്മയും ഒരുപാട് കഷ്ടപ്പെടുന്നുണ്ട്.
കുറച്ചുകൂടി പരിഗണന താൻ അമ്മയ്ക്ക് നൽകണമായിരുന്നു.
തെറ്റുപറ്റി പോയി.
അല്പം പരിഗണന കുറഞ്ഞാലും അമ്മ തന്നെ ഇട്ടിട്ട് പോകുമെന്ന ഒരു ചിന്ത മനസ്സിലുണ്ടായിരുന്നില്ല, ആരൊക്കെ ഇല്ലെങ്കിലും കൂടെ അമ്മ ഉണ്ടാകും
എന്നായിരുന്നു തന്റെ വിചാരം.
ഇതിപ്പോൾ തനിക്ക് ആരാണ് ഉള്ളത്, കലഹപ്രിയയായ ഒരു ഭാര്യയുണ്ട്, തിന്നണം ഉറങ്ങണം എന്ന ചിന്തക്കപ്പുറം മറ്റൊന്നും അവൾക്കില്ല.
ഞങ്ങൾക്കിടയിൽ ഒരു പാവം പെൺകുഞ്ഞു വളർന്നുവരുന്നുണ്ട്.
ജനിപ്പിച്ചു പോയില്ലേ, അവൾക്ക് അച്ഛനും അമ്മയും ഉണ്ടാകണമെന്ന് തനിക്ക് ആഗ്രഹമുണ്ട്.
അതുകൊണ്ടുതന്നെയാണ് പലതും കണ്ടില്ലെന്നും കേട്ടില്ല നടിക്കേണ്ടി വരുന്നത്.
ഭാര്യക്കും ഭർത്താവിനും ഒരുമിച്ച് പോകാൻ കഴിയാൻ കഴിയില്ലെങ്കിൽ
സെപ്പറേറ്റ് ആകാവുന്നതേയുള്ളൂ പക്ഷേ അതിനിടയിൽപ്പെട്ട് പാവം നിഷ്കളങ്കരായ കുഞ്ഞുങ്ങൾ വേദനിക്കുന്നത് ആരും മനസ്സിലാക്കില്ല.
തന്റെ കുഞ്ഞിനെ ഓർത്ത് മാത്രം ജീവിക്കുന്ന ഒരുവനാണ് താൻ.
അയാൾ കൊച്ചച്ഛന്റെ വീടിനു മുൻപിൽ വണ്ടി നിർത്തി ഇറങ്ങി.
മിഥുന് ആ വീട്ടിലേക്ക് കയറി ചെല്ലാൻ വല്ലാത്ത മടി തോന്നി.
വാഹനത്തിന്റെ ശബ്ദം കേട്ട് അയാളുടെ കൊച്ചച്ചൻ സിറ്റൗട്ടിലേക്ക് ഇറങ്ങിവന്നു .
ആരിത് മോനായിരുന്നോ ? കയറി വാ.. അയാൾ പറഞ്ഞു.
അയാൾ മുഖത്ത് വരുത്തിയ ഒരു ചിരിയോടെ അകത്തേക്ക് കയറി ചെന്നു.
എല്ലാവരും എന്തിയെ? മിഥുൻ ചോദിച്ചു.
അവളും പിള്ളേരും ഇവിടെ ഇല്ല.വീട്ടിൽ പോയതാ അവളുടെ അമ്മയ്ക്ക് സുഖമില്ല.ഞാനും അവിടെയായിരുന്നു കഴിഞ്ഞദിവസമാ മടങ്ങി വന്നത്.
മോൻ ഇരിക്ക്..
അയാൾ സോഫയിലേക്ക് കൈ ചൂണ്ടി
അമ്മയെവിടെ കൊച്ചച്ഛാ ? അവൻ ചോദിച്ചു.
അമ്മ മുറിയിലുണ്ട്.
ഞാൻ അമ്മയെ ഒന്ന് കണ്ടേച്ചു വരാം.
ശരി നീ പോയി കണ്ടിട്ട് വാ,അയാൾ പറഞ്ഞു.
ആഡ്ഢിത്യം നിറഞ്ഞു പഴയ വീടാണ്, ഉൾഭാഗം ഒക്കെ തടികൊണ്ട് പാനൽ ചെയ്തിരിക്കുന്നു അതുകൊണ്ടാണ് ഉള്ളിൽ കയറുമ്പോൾ ഒരു കുളിർമയാണ്.
പഠിച്ചുകൊണ്ടിരുന്ന കാലത്ത് സ്കൂൾ അവധി ആയാൽ അച്ഛൻ അമ്മയെയും തന്നേയും കൂട്ടി ഇങ്ങോട്ട് വരുമായിരുന്നു. കുറച്ചുദിവസം ഇവിടെ നിൽകും.
അച്ഛൻ ജനിച്ച വളർന്ന വീടായത് കൊണ്ട്, ഈ വീടിനോട് അച്ഛന് ഒരു പ്രത്യേക ഇഷ്ടമാണ്.
അന്ന് വരുമ്പോള്‍ കിടക്കാറുണ്ടായിരുന്ന അച്ഛന്റെ പഴയ മുറിയിലേക്ക് അയാൾ ചെന്നു.
അമ്മ അവിടെ കട്ടിലിൽ ഇരിപ്പുണ്ട്.
അയാൾ അമ്മയുടെ അടുത്തേക്ക് ചെന്നു .
അമ്മയൊന്നും മിണ്ടാതെ തലകുനിച്ചിരിക്കുകയാണ്.
അയാളമ്മയുടെ അരികിലിരുന്നു ആ കൈപിടിച്ചു.
പറയാതെ പോന്നതിന് നീ അമ്മയെ ചീത്ത പറയുന്നില്ലേ ? അമ്മ പതിയെ ചോദിച്ചു.
അയാൾ ഒന്നും മിണ്ടാതെ, ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അമ്മയുടെ തോളിലേക്ക് തല ചേർത്തുവച്ചു.
എനിക്കറിയാം, ഞാൻ അമ്മയെ വേണ്ടത്ര പരിഗണിച്ചില്ല അല്ലേ?
അതൊന്നും സാരമില്ല.
അമ്മക്ക് ഭയമാണ് മോനെ അവിടെ നിൽക്കാൻ. മരിക്കണമെന്ന് തീരുമാനിച്ചാ അവിടെനിന്നും ഇറങ്ങിയത്. അദ്ദേഹമില്ലാത്ത ആ വീട്ടിൽ ഓരോ നിമിഷവും ഞാൻ പേടിയോടെയാണ് കഴിയുന്നത്.
എന്തിനാണ് ജീവിക്കുന്നത് എന്ന് തോന്നലുണ്ടായപ്പോൾ മരിക്കാൻ വേണ്ടി തന്നെയാ ഇറങ്ങിയത് പക്ഷേ…
അയാൾ ഞെട്ടലോടെ അമ്മയുടെ മുഖത്തേക്ക് നോക്കി.
പക്ഷെ കഴിഞ്ഞില്ല.ഞാനും കൂടി മരിച്ചാൽ എന്റെ മകന് ആരുമില്ലാതായി പോകില്ലേ,
എന്റെ മകന്റെ ദുഃഖങ്ങളിൽ അവനെ ആശ്വസിപ്പിക്കാൻ ഈ ഭൂമിയിൽ ആരുമില്ലാതായി പോകില്ലേ? അതുകൊണ്ട് അമ്മയ്ക്ക് മരിക്കാൻ തോന്നിയില്ല.
അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…
മോൻ വിഷമിക്കേണ്ട. അമ്മ കുറച്ച് ദിവസം കഴിയുമ്പോൾ അങ്ങോട്ട് വരും.
അയാൾ അമ്മയുടെ കൈകളിൽ പിടിച്ചു.
ഒരു കാര്യം മാത്രം ഞാൻ ഉറപ്പു തരാം അമ്മേ, ഇനിയമ്മ ആരെയും ഭയക്കേണ്ടി വരില്ല.
അതിന് എന്താ വേണ്ടതെന്ന് എനിക്കറിയാം. അവളെ ജീവിതത്തിൽ നിന്ന് ഇറക്കി വിടണമെങ്കിൽ അങ്ങനെയും ആവാം. അഡ്ജസ്റ്റ് ചെയ്ത് മടുത്തു ഞാൻ.
അതൊന്നും വേണ്ട മോനെ, അവളുടെ ഉള്ളിൽ സ്വാർത്ഥതയും കുശുമ്പും ഒക്കെ ഇത്തിരി കൂടുതൽ ഉണ്ടെന്നേ ഉള്ളൂ… അവൾ നിന്റെ ഭാര്യയാണ്, അവൾ നമ്മുടെ കുഞ്ഞിന്റെ അമ്മയുമാണ്. അവളെ അങ്ങനെ പാതിവഴിയിൽ ഇറക്കി വിടാൻ ഒക്കുമോ?
അതുകൊണ്ട് മാത്രമാണമ്മേ ഞാൻ ഇങ്ങനെ സഹിക്കുന്നത്.എന്റെ കുഞ്ഞിന്റെ മുഖം ഓർക്കുമ്പോൾ,ഒന്നും ചെയ്യാനുള്ള ധൈര്യമില്ലാതെയാകും
നിന്റെ അച്ഛനാണ് ആദ്യം പറഞ്ഞത് അവളെ എത്ര സ്നേഹിച്ചിട്ടും കാര്യമില്ല, അവളുടെ ഉള്ളിൽ സ്വാർത്ഥതയാണെന്ന്.
അവളെ സൂക്ഷിക്കണം എന്ന് കൂടി അച്ഛൻ പറഞ്ഞിരുന്നു.അച്ഛൻ നല്ല ദീർഘവീക്ഷണമുള്ള ആളാണല്ലോ, ഇപ്പോൾ അദ്ദേഹം പറഞ്ഞത് സത്യമാണെന്ന് എനിക്ക് മനസ്സിലായി.
ഒരു കണക്കിന് നോക്കിയാൽ ഇതൊന്നും അനുഭവിക്കാൻ നിൽക്കാതെ അദ്ദേഹം അങ്ങ് പോയത് നന്നായി.
മോൻ ഒന്നും ആലോചിച്ച് വിഷമിക്കേണ്ട. അമ്മയുടെ സങ്കടങ്ങൾ അമ്മ അറിയാതെ പറഞ്ഞുപോകുന്നതാ…
അതൊന്നും സാരമില്ലമ്മേ…
അമ്മയെന്ന മടങ്ങി വരുന്നത്?
ഞാൻ വന്നേക്കാം. കുറച്ചു ദിവസം കഴിയട്ടെ.
എന്നാൽ ഞാൻ ഇറങ്ങട്ടെ അമ്മേ… അവൻ അമ്മയുടെ കൈപിടിച്ചു.
ഉം… നീ ഇനി ഇതിന്റെ പേരിൽ രേവതിയോട് വഴക്കുണ്ടാക്കാൻ ഒന്നും പോകണ്ട. നിങ്ങളുടെ വഴക്കും,പിണക്കവും ഒന്നും കണ്ടല്ല ആ കുഞ്ഞു വളരേണ്ടത്…
മ്മ്…
മോനേ മിഥുനെ… കൊച്ചച്ചൻ അകത്തേക്ക് വന്നു.
നീ ഒന്നും പറഞ്ഞില്ലെങ്കിലും എനിക്കറിയാം, നിന്റെ വിഷമങ്ങളും അവസ്ഥയും ഒക്കെ.
മോനെ, ചില പെണ്ണുങ്ങളെ കൈകാര്യം ചെയ്യേണ്ട വിധം മറ്റൊന്നാണ്.
അവൻ ഒന്നും മനസ്സിലാകാതെ അയാളെ നോക്കി..
ഒക്കെ ഞാൻ പറഞ്ഞ് തരാം..
എടാ… നിന്നോട് അവൾക്കു സ്നേഹം ഉണ്ടോ? ഉണ്ടെങ്കിൽ അവൾ നിന്റെ ഭാര്യയായി, നിന്റെ കുഞ്ഞിന്റെ അമ്മയായി എന്നും കൂടെയുണ്ടാവണം.
അതല്ല നിന്നോട് അവൾക്ക് സ്നേഹമോ ബഹുമാനമോ ഒന്നും തീരെ ഇല്ലെങ്കിൽ അവളെ അവളുടെ പാട്ടിന് അങ്ങ് വിട്ടേക്കുക, ജീവിതം ഇനിയും നീണ്ടു കിടക്കുകയാണെന്ന് മറക്കരുത്
എന്നോട് സ്നേഹക്കുറവൊന്നും ഇല്ല. അവൾക്ക് ഞാൻ, അവളും, കുഞ്ഞും മാത്രമുള്ള ജീവിതമാണ് ഇഷ്ട്ടം, മറ്റാരെയും അംഗീകരിക്കാൻ അവൾക്ക് കഴിയില്ല.
ഇപ്പോഴത്തെ തലമുറയിലെ മിക്ക പെൺകുട്ടികളും ഇങ്ങനെയൊക്കെ തന്നെയാണ് മോനെ..
അവൾ അവളുടെ അച്ഛനെയും അമ്മയെയും ഒക്കെ ഉപേക്ഷിച്ചിട്ടല്ലേ എന്റെ വീട്ടിലേക്ക് പോന്നത്, അതുപോലെ ഞാനും ബാക്കിയുള്ളവരെയൊക്കെ വേണ്ടെന്നു വെച്ചിട്ട് നമുക്ക് മാത്രമായി ഒരുമിച്ച് ജീവിക്കാം എന്നാണ് അവൾ പറയുന്നത്.
വിവാഹ ജീവിതം തുടങ്ങുമ്പോൾ ഭാര്യയും ഭർത്താവും മാത്രം മതിയെന്നാണ് അവളുടെ പക്ഷം.
മോനേ ഒരു തരത്തിൽ നോക്കിയാൽ അതൊക്കെ ശരിയാ. പക്ഷെ പെണ്ണ് സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുള്ളവൾ ആണെങ്കിൽ ഒരു പരിധി വരെ സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാവില്ല.മാറി താമസിക്കുന്നത് നല്ലതുമാണ്. പക്ഷെ ഇതിപ്പോ അമ്മ ഒറ്റക്കായില്ലേ അച്ഛൻ ഉണ്ടായിരുന്നപ്പോൾ ആയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു.
ഒറ്റക്കായ ഭർത്താവിന്റെ അമ്മയെ സംരക്ഷിക്കാമെന്ന് കരുതാൻ മാത്രം വിശാല മനസ്സൊന്നും അവൾക്കില്ലല്ലോ
അവൾക്കതു വേണമെന്ന് നമുക്ക് വാശി പിടിക്കാനും പറ്റില്ല. കാരണം നിന്റെ അമ്മയുടെ ഉത്തരവാദിത്തം നിനക്കാണ്.
അതൊരിക്കലും നിന്റെ ഭാര്യയുടെ ബാധ്യതയല്ല.
നിന്റെ അമ്മയ്ക്ക് സംരക്ഷണം ഒരുക്കേണ്ട കടമ അത് നിനക്ക് മാത്രമാണ് കാരണം, അവർക്ക് നീ മാത്രമേ ഉള്ളൂ..
ഇക്കണ്ട കാലമത്രയും അവർ അവരുടെതായ എല്ലാ ഇഷ്ടങ്ങളും മാറ്റിവെച്ച് നിനക്കായി ജീവിച്ചു.
ഞങ്ങടെ തലമുറയിൽ പെട്ട എല്ലാ മനുഷ്യരും അങ്ങനെയാണ് , ഞങ്ങൾ സ്വയം ജീവിക്കാൻ മറന്നുപോയ തലമുറയാണ്.അതൊന്നും ഇനി പറഞ്ഞിട്ട് കാര്യവുമില്ല.
നിങ്ങളെ പോലെയുള്ള പുതു തലമുറയിൽ പെട്ടവർ ഒരുപാട് അപ്ഡേറ്റ് ആണ്
നിങ്ങൾക്ക് അവനവനുവേണ്ടി കൂടി ജീവിക്കാൻ അറിയാം. നിങ്ങളാണ് ശരി.
പക്ഷേ, മോനേ…
ഒരു കൈ കൊണ്ട് നമുക്ക് തണലായി നിന്നവരെ കൂടി ചേർത്ത് പിടിക്കാൻ കഴിയണം.
എനിക്കറിയാം കൊച്ചച്ഛ…
എങ്കിൽ ഞാൻ പറയുന്ന ഒരു പരീക്ഷണം കൂടി നീ നടത്തി നോക്ക്. ഇതിൽ വിജയിച്ചാൽ
നിന്റെ ജീവിതത്തിലെ പ്രശ്നങ്ങളൊക്കെ അവസാനിക്കും
എന്താ കൊച്ചച്ഛ…?
അതൊക്കെ ഞാൻ വഴിയേ പറയാം. ഇപ്പോൾ നീ വീട്ടിലേക്ക് ചെല്ല്.
ശരി.. അയാൾ പോകാനായി ഇറങ്ങി.
വീട്ടിലേക്ക് തിരിച്ചുപോകുമ്പോൾ അയാൾക്ക് മനസ്സിന് ഒരല്പം ആശ്വാസം തോന്നി.
തന്റെ അമ്മയ്ക്ക് തന്നെ മനസ്സിലാകുന്നുണ്ട്. കൊച്ചച്ചനും മനസ്സിലാകുന്നുണ്ട്, അവരെങ്കിലും ഉണ്ടല്ലോ തന്നെ മനസ്സിലാക്കാൻ…
എന്നാലും കൊച്ചച്ചൻ എന്തായിരിക്കും ഉദ്ദേശിച്ചത് ? എന്തോ ഒരു പ്ലാൻ ഒക്കെ കയ്യിലുണ്ട്.
ആഹ് എന്തായാലും നോക്കാം.
ഇനി എന്തൊക്കെ സംഭവിച്ചു എന്ന് പറഞ്ഞാലും ശരി, തന്റെ അമ്മയെ താൻ പൊന്നുപോലെ സംരക്ഷിക്കും. ഇല്ലെങ്കിൽ പിന്നെ മകനാണെന്ന് പറഞ്ഞ് ജീവിച്ചിട്ട് എന്ത് കാര്യം.
ഇനിയിപ്പോൾ ഭാര്യ കുഞ്ഞിനെയും കൊണ്ട് തന്റെ ജീവിതത്തിൽ നിന്നിറങ്ങി പോകുമെങ്കിൽ അങ്ങ് പോട്ടെ, അതാണ് വിധി എന്ന് കരുതി ആശ്വസിക്കാൻ ശ്രമിക്കും.
ഇനിയും വയ്യ. അത്രക്കും മടുത്തു താൻ.
അയാൾ വീട്ടിലെത്തി..
മോൾ വണ്ടിയുടെ ശബ്ദം കേട്ടതും പിച്ച നടന്ന് അയൽക്കരികിലേക്ക് വന്നു.
അയാൾ അവളെ വാരിയെടുത്ത് ഉമ്മ വച്ചു.
എന്താ മിഥുൻ താമസിച്ചത്, നിങ്ങടെ അമ്മയെ കാണാൻ പോയോ ? രേവതി അയാളോട് ചോദിച്ചു.
പോയി.
എന്റെ കുറെ കുറ്റം പറഞ്ഞു കാണും അല്ല?
ഇല്ല. അമ്മ ആരോടും, ആരുടെയും കുറ്റം പറഞ്ഞ് ഞാൻ ഇതുവരെയും കേട്ടിട്ടില്ല.
ഓഹ് ഒരു പുണ്യാളത്തി..രേവതി അവജ്ഞയോടെ പറഞ്ഞു.
അയാൾക്ക് ദേഷ്യം ഇരച്ചു കയറി..
കൈവീശി ഒരെണ്ണം പൊട്ടിക്കണമെന്നുണ്ട്, പക്ഷെ വേണ്ടാ,ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല. മറ്റൊരാളുടെ ദേഹത്ത് കൈവയ്ക്കാൻ നമുക്കെന്താ അവകാശം?
അയാൾ കോപം നിയന്ത്രിച്ചു കൊണ്ട് അകത്തേക്ക് പോയി.
അല്ലെങ്കിൽ ചിലപ്പോൾ തനിക്ക് തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞെന്ന് വരില്ല.
രേവതി മിഥുന്റെ പുറകെ ചെന്നു.
നിങ്ങളുടെ അമ്മ എന്നാണ് ഇങ്ങോട്ട് വരുന്നത്?
കുറച്ചുദിവസം അവിടെ നിന്നിട്ട് വരുമെന്നാ പറഞ്ഞത്.
നീ പോയി ചായ എടുത്തുവയ്ക്ക്. അയാൾ പറഞ്ഞു.
ഞാൻ കഴിക്കാൻ ഒന്നും ഉണ്ടാക്കിയിട്ടില്ല. രേവതി പറഞ്ഞു.
നിനക്കിവിടെ എന്തായിരുന്നു പണി?
ഈ ചെറിയ കുഞ്ഞിനെയും കൊണ്ട് ഞാൻ എന്തൊക്കെ ചെയ്യാനാണ്, കുഞ്ഞാണെങ്കിൽ കണ്ണ് തെറ്റിയാൽ അതിലെയും ഇതിലേയും ഓട്ടമാണ്, എന്നിട്ട് വീഴുകയും ചെയ്യും.
കുഞ്ഞുങ്ങളായാൽ നടക്കുകയും വീഴുകയും ഓടുകയും ഒക്കെ ചെയ്യും എല്ലാവരും അങ്ങനെ തന്നെയാ..
മിഥുന് എന്താ കഴിക്കാൻ ഉണ്ടാക്കണ്ടത്.
പെട്ടന്ന് എന്തെങ്കിലും ഉണ്ടാക്ക്..അയാൾ പറഞ്ഞു
മിഥുൻ കൂടെ സഹായിക്കാമോ?
ആഹ്… ജോലിയും കഴിഞ്ഞ് വന്നിട്ട്, ഇനി ഞാൻ അടുക്കളപ്പണിയും കൂടെ ചെയ്യാം…
നിനക്ക് അടുക്കള പണി എങ്കിലും ചെയ്തുകൂടെ, കൊച്ചുണ്ടെന്നും പറഞ്ഞ് അതിനെയും കൊണ്ട് ഏത് നേരവും കിടപ്പ് തന്നെ.
നീ ഒരു കാര്യം ചെയ്യ് ജോലിക്ക് പോയി കുടുംബം നോക്ക്. ഞാൻ കുഞ്ഞിനെയും നോക്കി വീട്ടിൽ ഇരുന്നോളാം അയാൾ പറഞ്ഞു.
അവൾ പിറുപിറുത്തുകൊണ്ട് അടുക്കളയിലേക്ക് നടന്നു.
നേരത്തെ ഒക്കെ മിഥുൻ അടുക്കളയിൽ കയറി സഹായിക്കുമായിരുന്നു.
അല്ലെങ്കിൽ തന്നെ അമ്മയായിരുന്നു കൂടുതൽ ജോലികളൊക്കെ ചെയ്തിരുന്നത്.
ഇനിയിപ്പോൾ എല്ലാം താൻ ഒറ്റക്ക് ചെയ്യണം. അവൾക്ക് വല്ലാത്ത മടി തോന്നി.
അമ്മയെ കാണാൻ പോയിട്ട് വന്നപ്പോൾ മുതൽ മിഥുന് വല്ലാത്ത ദേഷ്യമാണ്. അമ്മ എന്തെങ്കിലും കുറ്റമൊക്കെ പറഞ്ഞു കൊടുത്തിട്ടുണ്ടാകും.
അവൾ വേഗം ഉപ്പ് മാവ് ഉണ്ടാക്കി. പഴവും കൂട്ടി മിഥുന് കൊടുത്തു
ഭക്ഷണം രുചികരമാകണം എന്നുള്ള വാശിയൊന്നും മിഥുനില്ല.
വിശപ്പിന് എന്തെങ്കിലും കഴിക്കണം എന്ന് മാത്രമേ അയാൾക്ക് ഉള്ളൂ..
അച്ഛൻ എപ്പോഴും പറയുമായിരുന്നു ഭക്ഷണത്തിനു കുറ്റം പറയരുതെന്ന്. നമുക്ക് വേണ്ടി നമ്മുടെ വീട്ടുകാരത്തി എന്ത് ഉണ്ടാക്കി തന്നാലും കഴിക്കണം എന്ന്.
അതുകൊണ്ട് രുചി നോക്കി ഭക്ഷണം കഴിക്കുന്ന ആളല്ല മിഥുൻ.
പക്ഷെ പുറത്ത് നിന്നൊക്കെ കഴിക്കുമ്പോൾ അയാൾ നല്ല രുചികരമായ ഭക്ഷണം കിട്ടുന്ന ഇടങ്ങളിൽ മാത്രമേ പോകാറുള്ളു താനും.
അയാൾ കുഞ്ഞിനേയും കളിപ്പിച്ചു കൊണ്ടിരുന്ന സമയം നോക്കി, അവൾ കുളിക്കാൻ കയറി.
അപ്പോഴാണ് ഫോൺ കൊച്ചച്ഛൻ വിളിക്കുന്നത്.
അയാൾ കാൾ എടുത്തു.
🍀💚🍀💚🍀💚🍀
കുറേ നേരം കൊച്ചച്ഛൻ മിഥുനുമായി സംസാരിച്ചു.
കാൾ കട്ടാക്കി കഴിഞ്ഞപ്പോൾ മിഥുന്റെ മുഖത്ത് ഒരു ചിരി ഉണ്ടായിരിന്നു.
പിറ്റേന്ന് രാവിലെ,കൊച്ചച്ചന്റെ കാർ വീട്ടുമുറ്റത്ത് വന്നു നിന്നു.
അതിൽ നിന്നും ഭാനുമതി ഇറങ്ങി.
ഭാനുമതിയെ കണ്ടതും,രേവതിയുടെ മുഖം കടന്നൽ കുത്തിയതുപോലെ വീർത്തു.
ഓഹ്… ആ സാധനം തിരിച്ചുവന്നു.
കുറച്ചു ദിവസമെങ്കിലും അതിന് അവിടെ നിന്നുകൂടെ….
അപ്പോഴാണ് അവൾ ഭാനുമതിയെ ശരിക്കും ശ്രദ്ധിച്ചത്.
വിലകൂടിയ പട്ടുസാരിയാണ് ധരിച്ചിരിക്കുന്നതെന്ന് ഒറ്റനോട്ടത്തിൽ അറിയാം. കഴുത്തിലും കയ്യിലും ഒക്കെ കട്ടികൂടിയ സ്വർണാഭരണങ്ങൾ,
മുഖത്താകെ സന്തോഷം നിറഞ്ഞുനിൽക്കുന്നു.അതുകൊണ്ടാണെന്ന് തോന്നുന്നു അവർക്ക് ആകെപ്പാടെ ഇപ്പോൾ വല്ലാത്തൊരു ഭംഗി തോന്നുന്നു.
ഭാനുമതി നേരെ തന്റെ മുറിയിലേക്ക് പോയി. അലമാര തുറന്ന് എന്തൊക്കെയോ രേഖകൾ എടുക്കുന്നത് അവൾ ശ്രദ്ധിച്ചു.
ഭാനുമതി അവളെ നോക്കുക കൂടി ചെയ്തില്ല.
എന്തൊക്കെയോ എടുത്ത് ഒരു കവറിൽ ഇട്ട്, അവർ തിരികെ കാറിലേക്ക് കയറി.
അമ്മ പോകുകയാണോ ?
മിഥുൻ പിന്നാലെ ചെന്ന് ചോദിച്ചു.
പിന്നെ പോകാതെ, ഞാനിനി ഈ വീട്ടിലേക്ക് വരുന്നില്ല. എന്നെ പൊന്നുപോലെ നോക്കാനും സംരക്ഷിക്കാനും ആളുകൾ ഉള്ളപ്പോൾ ഞാനെന്തിന് ഇവിടെ നിൽക്കണം.
മിഥുൻ പറയുന്നത് കേൾക്കാൻ പോലും നിൽക്കാതെ അമ്മ ഡോർ അടച്ചു.
മിഥുൻ നേരത്തെ പറഞ്ഞു തന്നത് പോലെയൊക്കെ പറയുമ്പോഴും, അമ്മക്ക് വിഷമമായിരുന്നു. ആരോടും കയർത്തു സംസാരിക്കാൻ ഇഷ്ടമില്ലാത്ത ആളാണ് താൻ.
കാർ അവരെയും കൊണ്ട് തിരിച്ചു പോയി.
അവർ തിരികെ പോയപ്പോൾ രേവതിക്ക് വലിയ സന്തോഷം തോന്നിയെങ്കിലും.
അമ്മയുടെ ആഡംബരം കണ്ട് അവളുടെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു
എന്താണെന്നറിയില്ല ഭർത്താവിന്റെ അമ്മ കഷ്ടപ്പെടുന്നത് കാണുമ്പോൾ ഒരു സുഖം കിട്ടാറുണ്ടായിരുന്നു.
അവരെ ആരും തിരിഞ്ഞുനോക്കില്ലെന്ന താൻ കരുതിയത്, ഇതിപ്പോൾ അവർ അമ്മയെ നന്നായി നോക്കുന്നുണ്ട്.
കണ്ടില്ലേ, രണ്ട് ദിവസം കൊണ്ട് തന്നെ എന്തൊരു മാറ്റമാണ്.
മ്മ്… എത്ര ദിവസം മുന്നോട്ടു പോകും എന്ന് കാണാം. കുറച്ചുകഴിയുമ്പോൾ അവർക്കു മടുക്കും, അപ്പോൾ ഇങ്ങോട്ട് കൊണ്ട് വിടും.
എന്തായാലും ശല്യം കൊച്ചച്ചന്റെ കൂടെ തന്നെ പോയത് നന്നായി.
ഉള്ളത് പറയാമല്ലോ ഭർത്താവിന്റെ വീട്ടുകാരെ ആരെയും തനിക്ക് ഇഷ്ടമല്ല.
ആരുമായും ഒരു അടുപ്പവുമില്ല.
അല്ലെങ്കിൽ തന്നെ തനിക്ക് മറ്റാരെയും സ്നേഹിക്കാൻ അറിയില്ല. ഭർത്താവും കുഞ്ഞും മാത്രമുള്ള ഒരു ലോകമാണ് താൻ സ്വപ്നം കണ്ടിരിക്കുന്നത്.
എങ്കിലും അമ്മയുടെ ആ പത്രാസിൽ ഉള്ള നടപ്പ് അന്ന് മുഴുവൻ അവളുടെ മനസ്സിനെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു.
പിറ്റേന്ന് ഞായറാഴ്ച മിഥുന് ജോലി ഇല്ലാത്തതുകൊണ്ട് വൈകുന്നേരം അയാൾ രേവതിയെയും കുഞ്ഞിനെയും കൂട്ടി പുറത്തൊക്കെ കറങ്ങാൻ പോയി.
അവൾ ചെറിയൊരു ഷോപ്പിങ്ങും നടത്തി.
പിസ്സ ഓർഡർ ചെയ്തു കാത്തിരിക്കുമ്പോഴാണ് , കുറച്ചപ്പുറത്തായുള്ള ടേബിളിനരുകിൽ ഇരിക്കുന്ന അമ്മയെ അവൾ കണ്ടത്.
കൊച്ചച്ചനും, കൊച്ചച്ചന്റെ ഭാര്യയും കൂടെയുണ്ട്. അവർ എന്തോ പറഞ്ഞു ചിരിക്കുകയാണ്.
എത്ര കരുതലോടെയാണ് അവർ അമ്മയെ കൊണ്ടു നടക്കുന്നത്.
ഭാഗ്യം അവർ തങ്ങളെ കണ്ടിട്ടില്ല.
മിഥുനോട് തൽക്കാലം പറയേണ്ട.
വേഗം കഴിച്ചിട്ട് പോകാം എന്ന് അവൾ മിഥുനോട് പറഞ്ഞു കൊണ്ടിരുന്നു കുഞ്ഞിന് ഉറക്കം വരുന്നുണ്ടെന്ന്…
തിടുക്കത്തിൽ അവിടെ നിന്നും ഇറങ്ങിയപ്പോഴാണ് അവൾക്ക് ആശ്വാസമായത്
എന്തൊരുസന്തോഷവതിയാണ് അമ്മയിപ്പോൾ, മാത്രമല്ല കൂടുതൽ സുന്ദരിയായി കൊണ്ടിരിക്കുന്നു.
താൻ കുഞ്ഞിനെയും നോക്കി അടുക്കള പണിയും ചെയ്തു വീട്ടിലിരിക്കുമ്പോൾ ഇവർ സുഖമായി ജീവിക്കുന്നു, എങ്ങനെയെങ്കിലും അമ്മയെ തിരികെ കൊണ്ടുവരണം.
അങ്ങനെ അവർ സുഖിക്കേണ്ട.അവൾ മനസ്സിൽ കരുതി.
അന്ന് വൈകുന്നേരം മിഥുൻ ഓഫീസിൽ നിന്നും വന്നു കഴിഞ്ഞപ്പോൾ അവൾ അരികിൽ ചെന്നിരുന്നു.
മിഥുൻ…
എന്താ…?
ഇന്ന് കുഞ്ഞ് കുറെ തവണ അമ്മയുടെ മുറിയിൽ പോയി അച്ഛമ്മേ..എന്ന് വിളിച്ചുകൊണ്ട് നടക്കുകയായിരുന്നു.
അതിന്..?
കുഞ്ഞിന് അമ്മയെ പ്രാണനാണെന്ന് മിഥുനറിയാവുന്നതല്ലേ..
ഇനിയെങ്കിലും പോയി അമ്മയെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വാ.
നീ എന്തൊക്കെയാ ഈ പറയുന്നത്, കുറച്ചുദിവസം മുൻപല്ലേ നീ പറഞ്ഞത് അമ്മയെക്കൊണ്ട് ശല്യമാണ് , അമ്മ പോയത് നന്നായി എന്നൊക്കെ…
അതൊന്നും സാരമില്ല.കുഞ്ഞിന്റെ സന്തോഷത്തിനല്ലേ, നമ്മൾ പ്രാധാന്യം നൽകേണ്ടത്. അമ്മയെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വാ…
ഞാൻ പോയാലും അമ്മ വരുമെന്ന് തോന്നുന്നില്ല, മാത്രമല്ല അവർ വിടാൻ ചാൻസ് ഇല്ല
അതെന്താ മിഥുന്റെ അമ്മയല്ലേ…?
അതൊക്കെ ശരി തന്നെ, പക്ഷെ ഇനി അവർ വിടില്ല.
അതെന്താ അങ്ങനെ? അങ്ങനെ തുടങ്ങിയാൽ കൊള്ളില്ലല്ലോ. അവൾ വാശിയോടെ പറഞ്ഞു.
അവിടെ തറവാട്ടിൽ നിന്നും അച്ഛന്റെ ഓഹരി കൊടുത്തത് ഇപ്പോൾ അമ്മയുടെ പേരിലാണല്ലോ, അമ്മയെ നോക്കുന്നവർക്കല്ലേ ആ സ്വത്തുക്കൾ.. അതുകൊണ്ടാണെന്ന് തോന്നുന്നു അവർ അമ്മയെ അങ്ങനെ നോക്കുന്നത്. അവർ നോക്കിയാൽ അവർക്ക് തന്നെ അതൊക്കെ കിട്ടുമല്ലോ…
അച്ഛന്റെ സ്വത്തുക്കൾ കിട്ടുമോ അവിടെ നിന്ന് ?
അവളുടെ കണ്ണുകൾ മിഴിഞ്ഞു
പിന്നെ കിട്ടാതെ അച്ഛന്റെ ഓഹരി കിട്ടാതിരിക്കുമോ??
അവിടുത്തെ സ്ഥലത്തിന് കൊച്ചച്ഛൻ എട്ട് കോടി പറഞ്ഞിട്ടും അച്ഛൻ കൊടുക്കാത്തതാ. കൊച്ചച്ചന് അന്നേ അത് നോട്ടമുണ്ടായിരുന്നു.
എട്ട് കോടിയോ??? അവൾ വായും പൊളിച്ചു നിന്നു.
ഈശ്വരാ… ആ പരട്ട തള്ളക്ക് ഇതിനുമാത്രം ആസ്തി ഉണ്ടെന്ന് താൻ അറിഞ്ഞോ? താൻ കരുതിയത് ഈ വീടും, ഇതിന് ചുറ്റുമുള്ള നാല്പത് സെന്റ് സ്ഥലവും മാത്രമേ ഉള്ളെന്നാ…
ആ സ്ഥലത്തിനെക്കുറിച്ച് ആരും തന്നോട് പറഞ്ഞതുമില്ല.
എങ്ങനെയെങ്കിലും അവരെ ഇങ്ങോട്ട് കൊണ്ടുവരണം. ഇല്ലെങ്കിൽ എല്ലാം കൈവിട്ട് പോകും. തള്ളക്ക് വേറെ മക്കൾ ഒന്നും ഇല്ലാത്തത് നന്നായി.
ഇനി എന്ത് ചെയ്താണ് അവരെ തിരികെ കൊണ്ടുവരുന്നത്.
അല്പം താഴ്ന്നു കൊടുത്തേക്കാം. വേണമെങ്കിൽ ഒരു മാപ്പും പറയാം. എങ്ങനെയെങ്കിലും ആ സാധനത്തിനെ ഇങ്ങോട്ട് തന്നെ തിരിച്ചു കൊണ്ടു വരണം.
കൊണ്ടുവന്നാൽ മാത്രം പോരാ.. ബഹുമാനവും സ്നേഹവും ഒക്കെ കൊടുക്കണം. ഇല്ലെങ്കിൽ ശരിയാവില്ല.
അമ്മയെ ഇങ്ങോട്ട് കൊണ്ടുവരാൻ മിഥുനെ നിർബന്ധിക്കണം..
താൻ പറഞ്ഞാൽ മിഥുൻ കേൾക്കാതിരിക്കില്ല.
അവൾ ആലോചനയോടെ മുറിയിലേക്ക് നടന്നു.
അവൾ പലവിധത്തിലും മിഥുനെ നിർബന്ധിച്ചു കൊണ്ടിരുന്നു അമ്മയെ കൂട്ടിക്കൊണ്ടുവരാൻ.
പക്ഷേ അയാൾ കേൾക്കുന്ന ലക്ഷണമില്ല. മിഥുൻ പറയുന്നത് അമ്മ അവിടെ തന്നെ നിൽക്കട്ടെ എന്നാണ്.
ഒടുവിൽ അവസാന അടവായ കണ്ണുനീർ പ്രയോഗിച്ചു നോക്കി, അപ്പോഴും മിഥുനതിൽ അലിഞ്ഞില്ല.
അല്ലെങ്കിൽ തന്നെ അയാളിപ്പോൾ പഴയതുപോലെ ഒന്നുമല്ല.
അമ്മ ഇവിടെ നിന്നും പോയതിൽ പിന്നെ ഭയങ്കര ദുർവാശിയാണ്, താൻ എന്ത് പറഞ്ഞാലും അനുസരിക്കുന്ന മിഥുനല്ല ഇപ്പോൾ.
അമ്മയുണ്ടായിരുന്നപ്പോൾ അങ്ങനെയൊന്നും അല്ലായിരുന്നു.
എന്തൊരു പാവമായിരുന്നു മിഥുൻ.
അന്ന് ഉച്ചകഴിഞ്ഞ് ലീവെടുത്ത് മിഥുൻ കൊച്ചച്ഛന്റെ വീട്ടിലേക്കു ചെന്നു.
അയാൾ എല്ലാ വിവരവും കൊച്ചച്ചനോട് പറഞ്ഞു.
അങ്ങനെ തന്റെ ഭാര്യ നമ്മൾ വിചാരിച്ച വഴിയേ വന്നു അല്ലേ???
അതെ..പക്ഷെ, കൊച്ചച്ച, എനിക്കൊരു സംശയം
എന്താ..??
സ്വത്തുക്കൾ കിട്ടുമെന്ന് അറിയുന്നതുകൊണ്ടല്ലേ അവൾ അമ്മയെ വീണ്ടും തിരികെ കൊണ്ടുവരാൻ പറയുന്നത്.
അതിനിപ്പോൾ എന്താ, അത് സത്യമല്ലേ എന്റെ ഏട്ടൻ പോയെങ്കിലും, ആ സ്ഥലം നിങ്ങൾക്ക് അവകാശപ്പെട്ടത് തന്നെയല്ലേ….
മരിക്കുന്നതിനു മുമ്പ് ഞങ്ങടെ അച്ഛൻ രണ്ടാൾക്കുമായി വീതം ചെയ്തു വച്ചിരുന്നു.
അച്ഛന്റെ കാലശേഷം മക്കൾ സ്വത്തിനുവേണ്ടി അടിപിടി കൂടരുതെന്നൊക്കെ അച്ഛൻ പറയുമായിരുന്നു.
പക്ഷേ ഞങ്ങൾക്ക് രണ്ടാളും പണത്തിനോട് അധികം ആർത്തിയുള്ള കൂട്ടത്തിൽഅല്ല. ഞങ്ങൾ പരസ്പരം അത്രയേറെ സ്നേഹിച്ചിരുന്ന സഹോദരങ്ങളായിരുന്നില്ലേ …
അതെ കൊച്ചച്ഛാ അതെനിക്കറിയാവുന്നതാണല്ലോ.
എന്തായാലും നിന്റെ ഭാര്യ നമ്മൾ വിചാരിച്ച വഴിയേ വന്നല്ലോ.
പക്ഷേ, ഇത് സമ്പത്തിനു വേണ്ടിയുള്ള സ്നേഹമല്ലേ അല്ലാതെ അവൾ ആത്മാർത്ഥമായി അമ്മയെ സ്നേഹിക്കുന്നതുകൊണ്ടൊന്നും അല്ലല്ലോ.
അതൊന്നും സാരമില്ല മോനെ, മറ്റൊരു വഴി കൂടെ ഉണ്ട്. അത് കൂടെ നോക്കട്ടെ അപ്പോൾ അവളുടെ മനസ്സ് മാറും.
അതെന്ത് വഴിയാ?
രേവതിയുടെ അനിയത്തിയെ കെട്ടിയിരിക്കുന്നത് എന്റെ ഒരു സ്റ്റുഡന്റാ.
ഏത് നവനീതോ ? മിഥുൻ ചോദിച്ചു.
അതെ, അവൻ തന്നെ.അവൻ ഒരു പാവം പയ്യനല്ലേ..
അതെ കൊച്ചച്ച.. അവൻ ഒരു പാവമാ.
അവൻ ജോലിക്ക് പോകാനുള്ള എളുപ്പത്തിന് ഭാര്യവീട്ടിൽ അല്ലേ നിൽക്കുന്നത്?
അതെ, രണ്ടാൾക്കും ജോലിക്ക് പോയി വരാൻ അതാണ് സൗകര്യം.പിന്നെ അവിടുത്തെ അമ്മ ഒറ്റയ്ക്കല്ലേ ഉള്ളൂ അതുകൊണ്ടും കൂടിയാണ് അവർ അവിടെ നിൽക്കുന്നത്.
അതെനിക്കറിയാം. ഞാൻ അവനോടു രേവതിയുടെ കാര്യങ്ങൾ ഒക്കെ പറഞ്ഞു. ഞങ്ങൾ ചിലതൊക്കെ പ്ലാൻ ചെയ്തിട്ടുണ്ട്.
എന്താ കൊച്ചച്ഛ…? മിഥുൻ ആകാംക്ഷയോടെ ചോദിച്ചു.
നവനീത് രേവതിയുടെ അനിയത്തി നീതുവിനേയും കൊണ്ട് അവന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു.
അപ്പോൾ രേവതിയുടെ അമ്മ സ്വാഭാവികമായും ഒറ്റപ്പെടുമല്ലോ
തീർച്ചയായും അമ്മ ഒറ്റപ്പെടുമ്പോഴുള്ള വേദന, രേവതിക്ക് മനസ്സിലാകും.
അങ്ങോട്ട് കൊണ്ടുവരാനും പറ്റില്ലാലോ, കാരണം അവിടുത്തെ അമ്മയെ നിങ്ങൾ നോക്കുന്നില്ലല്ലോ.
അത് ശരിയാ.. അപ്പോഴെങ്കിലും അവൾക്ക് മനസ്സിലായാൽ മതിയായിരുന്നു,അവളുടെ തെറ്റുകളും.
മോനേ… എന്നിട്ടും ഒന്നും ശരിയായില്ലെങ്കിൽ,
ഒരു തരത്തിലും അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത ഒരു ആളാണ് എന്ന് തോന്നിയെങ്കിൽ, പൂർണമായും ആ ബന്ധം അങ്ങ് മറന്നേക്ക്.
ചിലതൊക്കെ എടുത്ത് കളഞ്ഞാലേ… ജീവിതം നന്നാവൂ…
ശരിയാണ് കൊച്ചച്ഛ…. സ്വാർത്ഥത മാത്രമുള്ള സ്ത്രീകളോടൊപ്പമുള്ള ജീവിതം വലിയ പാടാണ്.
ഒരു നിമിഷം പോലും മനസ്സമാധാനം തരില്ലവർ..
ഒക്കെ ശരിയാകുമെടാ, നീയിപ്പോൾ വീട്ടിലേക്ക് ചെല്ല്…
വൈകിട്ട് അയാൾ വീട്ടിലെത്തിയതും അവൾ അവന്റെ അരികിലേക്ക് ചെന്നു.
മിഥുൻ…നമുക്ക് എന്റെ വീട് വരെ ഒന്ന് പോകണം.അമ്മയെ കൂട്ടിക്കൊണ്ടു വരണം.
അതെന്താ..?
നവനീതുംനീതുവും അവന്റെ വീട്ടിലേക്ക് പോയി. നവനീതിനെന്തോ കുറച്ചിൽ ആണെന്ന് തോന്നുന്നു, ഭാര്യവീട്ടിൽ നിൽക്കുന്നത്.
കല്യാണം കഴിഞ്ഞിട്ട് മൂന്ന് നാല് മാസമായില്ലേ, ഇനി കുറച്ചുനാൾ അവർ അവന്റെ വീട്ടിലും നിൽക്കട്ടെ,അതല്ലേ അതിന്റെ ശരി.മിഥുൻ പറഞ്ഞു.
ശരിയും തെറ്റും ഒന്നും എനിക്കറിഞ്ഞൂടാ..
നമുക്ക് പോയി അമ്മയെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരണം. ഒന്നാമത് അമ്മയ്ക്ക് ഒറ്റയ്ക്ക് കിടക്കാൻ ഒക്കെ ഭയങ്കര പേടിയാ… അവൾ പറഞ്ഞു.
ഇങ്ങോട്ട് കൊണ്ടുവരാനോ? അതൊന്നും പറ്റില്ല.
അതെന്താ.. കുറച്ചുദിവസം എന്റെ അമ്മയെ ഇവിടെ കൊണ്ടുവന്ന് നിർത്തിയാൽ?
ആഹാ… ഇതാപ്പോ നന്നായെ, എന്റെ അമ്മയെ ചാടിച്ചുവിട്ടിട്ട് നിന്റെ അമ്മയെ ഇവിടെ കൊണ്ടുവന്ന് താമസിക്കാനോ, നടക്കുന്ന കാര്യം വല്ലതും പറഞ്ഞാൽ മതി..
അതിന് സ്ഥിരമായി ഇവിടെ നിർത്തണ്ട. കുറച്ചുദിവസം നിർത്തിയാൽ മതി.
നീ വേണമെങ്കിൽ അമ്മയെ നോക്കി അവിടെ പോയി നിന്നോ, അമ്മമാരോട് സ്നേഹമുള്ള മക്കളൊക്കെ അങ്ങനെയാണ്.
നിന്റെ അമ്മയെ ഇങ്ങോട്ട് കൊണ്ടുവരാൻ ഞാൻ സമ്മതിക്കില്ല എന്റെ അമ്മയെ നീ ഇവിടെ നിന്നും ഓടിച്ചതല്ലേ..
അമ്മയെ തിരിച്ചു കൊണ്ടുവരാൻ കുറെ തവണ മിഥുനോട് പറഞ്ഞതല്ലേ
ഞാൻ വിളിച്ചാലൊന്നും അമ്മ വരില്ല.
മിഥുന്റെ അമ്മയവിടെ ഒറ്റയ്ക്ക് ഒന്നുമല്ലല്ലോ.കൊച്ചച്ചനും ഭാര്യയും ഒക്കെ അവിടെ ഇല്ലേ? അതുപോലെയാണോ എന്റെ അമ്മ, അതവിടെ ഒറ്റക്കല്ലേ..
എനിക്കൊന്നും കേൾക്കണ്ട. അയാൾ എഴുന്നേറ്റ് പോയി.
അവൾ അവളുടെ അമ്മയെ വിളിച്ചു കുറെ നേരം സംസാരിച്ചു.
രാത്രിയിൽ അവൾക്ക് കിടന്നിട്ട് ഉറക്കം വന്നില്ല. അമ്മ ഉറങ്ങിയോ, പേടിച്ചിരിക്കുവാണോ എന്നൊക്കെയുള്ള ടെൻഷൻ അവളെ ആകുലപ്പെടുത്തിക്കൊണ്ടിരുന്നു.
രാവിലെ അവൾ കുഞ്ഞിനെയും കൊണ്ട് അവളുടെ വീട്ടിലേക്ക് പോകാനായി തയ്യാറായി നിന്നു.
ഓഫീസിൽ പോകാനുള്ളതുകൊണ്ട് മിഥുൻ കൂടെ ചെല്ലില്ലാത്തതുകൊണ്ട് അവൾ ബസിന് പോകാമെന്ന് വിചാരിച്ചു.
എങ്ങനെയെങ്കിലും അമ്മയെ ഒന്ന് കണ്ടാൽ മതിയെന്ന ചിന്ത മാത്രമേ അപ്പോൾ അവളുടെ ഉള്ളിലുണ്ടായിരുന്നുള്ളൂ…
രേവതി വീട്ടിൽ ചെന്നപ്പോൾ അമ്മ ആകെ വിഷമത്തിലിരിക്കുകയായിരുന്നു.
ആ കവിളിൽ കണ്ണുനീർ ഉണങ്ങിയ പാട് കാണാം.
അവളെ കണ്ടതും, അമ്മ ഒറ്റക്കായി മോളെ എന്നും പറഞ്ഞവർ പൊട്ടിക്കരഞ്ഞു.
അപ്പോൾ മാത്രം അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല…
പാവം അമ്മ.
പെട്ടെന്നാണ് അവളുടെ ഉള്ളിൽ ഭർത്താവിന്റെ അമ്മയുടെ മുഖം തെളിഞ്ഞു വന്നത്, ഇതേ വേദന തന്നെയായിരുന്നില്ലേ അമ്മയും അനുഭവിച്ചത്..
അവളുടെ ഉള്ളിൽ കുറ്റബോധം തോന്നി.
രണ്ട് മൂന്നുദിവസം അവൾ അമ്മയുടെ കൂടെ അവിടെത്തന്നെ നിന്നു.
മിഥുനെ വിളിക്കുമ്പോഴൊക്കെ അയാൾ തിരക്കിലാണ്.
അതുകൂടി ആയപ്പോൾ അവൾക്ക് വല്ലാത്ത വേദന തോന്നി
പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം
ഒരു ദുഃഖം മനസ്സിനെ ബാധിച്ചിരിക്കുകയാണ്.
അവളുടെ ആ സങ്കടം കണ്ട്, അമ്മ അന്ന് തന്നെ അവളെയും കുഞ്ഞിനേയും നിർബന്ധിച്ച് വീട്ടിലേക്കു പറഞ്ഞയക്കാൻ തീരുമാനിച്ചു.
അമ്മ ഒറ്റയ്ക്കാണല്ലോ എന്ന് കരുതി
നീ വിഷമിക്കുകയൊന്നും വേണ്ട.
ഒറ്റക്കായാലും ജീവിക്കാതെ നിർവാഹമില്ലല്ലോ, അമ്മയത് പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് അവൾ ശ്രദ്ധിച്ചു.
അവൾ രാവിലെ വീട്ടിലെത്തുമ്പോൾ മിഥുൻ ഓഫീസിലേക്ക് പോകാൻ തയ്യാറായി ഇറങ്ങുകയായിരുന്നു.
ആഹാ… രാവിലെ പോന്നോ.? അയാൾ ചോദിച്ചു.
മ്മ്…
അവൾ കുഞ്ഞിനേയും കൊണ്ട് അകത്തേക്ക് കയറി
രണ്ടുമൂന്നു ദിവസം കൊണ്ട് തന്നെ അവൾ വല്ലാതെ ക്ഷീണിച്ചു പോയി എന്നയാൾക്ക് തോന്നി.
എങ്കിലും അയാളത് കാര്യമാക്കിയില്ല.
അയാൾ ഓഫീസിലേക്ക് പോയി.
വൈകുന്നേരം തിരിച്ചു വരുമ്പോൾ മിഥുൻ കുഞ്ഞിനായി കുറച്ചു കളിപ്പാട്ടങ്ങളും, ചോക്ലേറ്റും ഒക്കെ വാങ്ങിച്ചു
രണ്ട് മൂന്ന് ദിവസങ്ങളൊക്കെ കുഞ്ഞിനെ കാണാതിരിക്കാനൊന്നും അയാളെക്കൊണ്ടാകുമായിരുന്നില്ല.
പിന്നെ, അമിത സ്നേഹമൊന്നും രേവതിയുടെ മുൻപിൽ വച്ച് കാണിച്ചില്ല എന്നേയുള്ളൂ….
അയാൾ വീട്ടിൽ ചെന്നപ്പോൾ വീട്ടിൽ നിന്നും കുഞ്ഞിന്റെ ഉറക്കെയുള്ള ചിരി കേട്ടു
അയാൾ അകത്തേക്ക് ചെന്നു..
തന്റെ അമ്മ…
അയാൾ അത്ഭുതത്തോടെ നോക്കി, അമ്മയുടെ മടിയിലിരുന്ന് കുഞ്ഞ് കളിക്കുകയാണ്.
അയാൾ അകത്തേക്ക് ചെന്നു
അമ്മ എപ്പോൾ വന്നു ?
അയാൾ ആശ്ചര്യത്തോടെ ചോദിച്ചു
മോള് വന്ന് വിളിച്ചപ്പോൾ വരുന്നില്ലെന്ന് പറയാൻ തോന്നിയില്ല. ഞാനിങ്ങു പോന്നു.
അമ്മ കുഞ്ഞിനേയും കൊഞ്ചിച്ചു കൊണ്ട് മുറ്റത്തേക്കിറങ്ങി..
തന്റെ മകനോടൊപ്പം സന്തോഷത്തോടെ ജീവിക്കാനാണ് തന്റെ മോഹം. അവനോടൊപ്പം ജീവിക്കാനായാൽ
കുടുംബത്തോടൊപ്പം പോയി ഒരു ചുറ്റുവിളക്ക് തെളിക്കാമെന്നു നേർന്നിട്ടുണ്ട്..
താനീ ലോകത്തിൽ നിന്നും പോകുന്ന കാലം വരെ മകന്റെ കൂടെത്തന്നെ ജീവിക്കണമെന്നാണ് ആഗ്രഹം.
അതുകൊണ്ട് രേവതി വന്നു വിളിച്ചപ്പോൾ
താൻ കൂടെ പോന്നു.
മിഥുനും അതിയായ സന്തോഷം തോന്നി.
അയാൾ മുറിയിലേക്ക് ചെന്നു
രേവതി കട്ടിലിൽ ബെഡ്ഷീറ്റ് വിരിച്ച് കൊണ്ട് നിൽക്കുകയാണ്.
അയാൾ അവളുടെ അരികിലേക്ക് ചെന്നു.
എന്താ എന്നോട് പറയാതെ, അമ്മയെ പോയി വിളിച്ചുകൊണ്ടുവന്നത്?
ഞാൻ കാരണമല്ലേ അമ്മ പോയത്, അപ്പോൾ ഞാൻ തന്നെ പോയി വിളിച്ചുകൊണ്ടു വരാമെന്ന് കരുതി.
അതിന് അമ്മ ഇവിടെ നിൽക്കുന്നത് നിനക്കിഷ്ടമാണോ?
അമ്മയുടെ വിഷമങ്ങൾ എനിക്കന്ന് മനസ്സിലായില്ല മിഥുൻ. എന്റെ അമ്മയുടെ സങ്കടങ്ങൾ നേരിട്ട് കണ്ടപ്പോഴാണ് എനിക്കാ വേദനയുടെ ആഴം മനസ്സിലായത്.
നുണ. അമ്മക്ക് സ്വത്തുക്കൾ ഉണ്ടെന്നറിഞ്ഞപ്പോഴല്ലേ..നിനക്ക് അമ്മയെ കൊണ്ടുവരാൻ തോന്നിയത്.
ശരിയാണ് മിഥുൻ, കോടികളുടെ ആസ്തി അമ്മക്കുണ്ടെന്നറിഞ്ഞപ്പോൾ അമ്മയെ കൊണ്ടുവരണമെന്ന് എനിക്ക് തോന്നിയിരുന്നു.
പക്ഷെ ഇത് അങ്ങനെയല്ല..
എന്റെ അമ്മ വേണ്ടി വന്നു വാർദ്ധക്യത്തിലേക്ക് കടക്കുന്ന മനുഷ്യരുടെ ഒറ്റപ്പെടലിന്റെ വേദനയറിയാൻ.
ഒരു തെറ്റെങ്കിലും ഞാൻ തിരുത്തട്ടെ മിഥുൻ…. ഇല്ലെങ്കിൽ കുറ്റബോധം കൊണ്ട് എന്റെ ഹൃദയം പൊട്ടിപ്പോകും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..
അയാൾ അവളുടെ തോളിൽ കയ്യിട്ട് ചേർത്തു പിടിച്ചു. സാരമില്ല താൻ വിഷമിക്കണ്ട, തിരുത്തലുകൾ നമ്മുടെ ജീവിതത്തെ നന്നാക്കുകയെ ഉള്ളൂ…
നീയൊരു കാര്യം ചെയ്യ്.. ഒരോട്ടോ വിളിച്ച് തന്റെ അമ്മയോട് ഇങ്ങോട്ട് വരാൻ പറ, അല്ലെങ്കിൽ ഞാൻ പോയി കൂട്ടിക്കൊണ്ടുവരാം.
ഇവിടെ നിന്നോട്ടെ അമ്മ. തന്റെ അമ്മ എന്റെയും അമ്മയല്ലേ…
അവളുടെ കണ്ണുകൾ തിളങ്ങി..
അവൾ അയാളുടെ കൈകളിൽ പിടിച്ചു.
വേണ്ട മിഥുൻ.
നവനീതും നീതുവും തിരിച്ചു ചെന്നു.
ഇനിയിപ്പോ അവർ ഉണ്ടല്ലോ അവിടെ…
അയാൾ പുഞ്ചിരിച്ചു…
ഞാനേ വീടൊക്കെ ഒന്ന് ഒതുക്കി പെറുക്കി വയ്ക്കട്ടെ ആകെ അലങ്കോലമായാ കിടക്കുന്നത് അവൾ പറഞ്ഞു.
അയാൾ പതിയെ മുറ്റത്തേക്കിറങ്ങി.
ഫോണെടുത്ത് കൊച്ചച്ചനെ വിളിച്ചു.
ആഹ് എന്താ മോനേ?
അതേയ്.. കൊച്ചച്ഛ, നമ്മൾ വിചാരിച്ചത് പോലെയൊക്കെ നടന്നല്ലോ.
അതെ, ഇപ്പോൾ നിനക്ക് സന്തോഷമായില്ലേ…
ഇലക്കും മുള്ളിനും കേടില്ലാതെ കാര്യങ്ങളൊക്കെ ശരിയായില്ലേ…
ഒക്കെ ശരിയായി കൊച്ചച്ഛാ..
എന്നാൽ സന്തോഷമായി ഇരിക്കെടാ..
ചിലരെയൊക്കെ നേർവഴിക്കു കൊണ്ടുവരാൻ ചില വിദ്യകളൊക്കെ വേണ്ടി വരും.അതൊക്കെ പ്രയോഗിക്കണം.
എന്നാലും ഈ നമ്പരൊക്കെ കൊച്ചച്ഛന് എങ്ങനറിയാം.
ബുദ്ധിവേണം മോനേ… ബുദ്ധി…
ഉം… വെറും ബുദ്ധിയല്ല , കുരുട്ടു ബുദ്ധി.. അവൻ ചിരിച്ചു.
പോടാ.. പോടാ…
കൊച്ചച്ഛൻ ചിരിയോടെ കാൾ കട്ടാക്കി.
മിഥുൻ ആശ്വാസത്തോടെ വീടിനു നേർക്ക് നോക്കി.
ആ വീടിനു ഇപ്പോഴാണ് ഒരു ഐശ്വര്യം വന്നതെന്ന് അയാൾക്ക് തോന്നി.
അല്ലെങ്കിലും പ്രായം ചെന്നവരും കുഞ്ഞുങ്ങളും ഉള്ള വീടുകൾക്ക് പ്രത്യേകതയുണ്ട്.
അവരുടെ നിഷ്കളങ്ക സ്നേഹവും ചെറുചിരികളും ആയിരിക്കാം എന്നെന്നും ആ വീടിനെ ഉണർത്തുന്നത്…
ഇതിപ്പോൾ സ്നേഹത്തിൽ തീർത്തൊരു വീടായി മാറിയിട്ടുണ്ട്..
എന്നും സ്നേഹത്തോടെ തന്നെ കഴിഞ്ഞാൽ മതിയെന്ന പ്രാർത്ഥനയെ ഇപ്പോൾ ഉള്ളൂ…
അയാൾ ഏറെ സന്തോഷത്തോടെ ആ വീട്ടിലേക്ക് കയറി…..
✍️Anju Thankachan
