“എന്നെ പരിഗണിക്കാത്ത, എന്റെ സന്തോഷങ്ങൾക്ക് ഇടം നൽകാത്ത ഒരാൾക്കുവേണ്ടി എന്റെ ജീവിതം മുഴുവൻ ഞാൻ ഉഴിഞ്ഞു വെച്ചു.ഇനി എനിക്ക് അയാളെ കാണേണ്ട, സംസാരിക്കേണ്ട, ആ സ്നേഹവും വേണ്ട ”
സുഖപ്പെടാത്ത ഉള്ളിലെ മുറിവിലൂടെ പരുപരുത്ത വാക്കുകൾ ഉരഞ്ഞു നീങ്ങിയപ്പോൾ ഏട്ടത്തിയുടെ ശബ്ദം വേദനിച്ചിരുന്നു.
എങ്കിലും എനിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല
ഏട്ടനോട് ഇനിയെങ്കിലും ക്ഷമിച്ചുകൂടേ, ഏട്ടത്തി?”
ഏട്ടത്തി കുറച്ചുനേരം എന്നെ നോക്കിയിരുന്നു. പിന്നെ വളരെ പതുക്കെ ചോദിച്ചു.
“മോളേ… എന്റെ സ്ഥാനത്ത് നീയായിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു?”
ഞാൻ ഏട്ടത്തിയുടെ സ്ഥാനത്ത് എന്നെത്തന്നെ കണ്ടുനോക്കി.
എന്നെ പരിഗണിക്കാത്ത, എന്റെ സന്തോഷങ്ങൾക്ക് ഇടം നൽകാത്ത ഒരാൾക്കുവേണ്ടി എന്റെ ജീവിതം മുഴുവൻ ഉഴിഞ്ഞുവയ്ക്കാൻ ഞാൻ തയ്യാറാകുമായിരുന്നോ?
ഒരുപക്ഷേ, ഞാൻ വിവാഹമോചനത്തെക്കുറിച്ച് ചിന്തിച്ചേനേ. എന്റെ സന്തോഷങ്ങൾക്ക് വിലയില്ലാത്ത ഒരു വീട്ടിൽനിന്ന് ഇറങ്ങിപ്പോകാൻ ശ്രമിച്ചേനേ.
പക്ഷേ ആ മറുപടി ഏട്ടത്തിയോട് പറയാൻ എനിക്ക് കഴിഞ്ഞില്ല. കാരണം പ്രതിക്കൂട്ടിൽ എന്റെ ഏട്ടനായിരുന്നു.
എനിക്ക് ഒരു കുറ്റബോധം തോന്നി.
രക്തബന്ധത്തിന്റെ നീതി വിചിത്രമാണ്.
നമ്മൾ സ്നേഹിക്കുന്നവരുടെ തെറ്റുകൾ പോലും ആദ്യം തെറ്റുകളായി കാണാറില്ല. അവരുടെ ദൗർബല്യങ്ങളായിട്ടാണ് കാണുന്നത്. അവിടെ നമ്മുടെ നിയമങ്ങൾ മാറും. ക്ഷമയുടെ അളവുകോലും മാറും.
ഞാൻ കൈ നീട്ടി ഏട്ടത്തിയുടെ കൈ പിടിച്ചു.
അത് തണുത്തിരുന്നു.
പുറത്ത് മഴത്തുള്ളികൾ ജനൽക്കാഴ്ച മറച്ചുതുടങ്ങിയിരുന്നു.
“എനിക്ക് എത്രനാൾ ഉണ്ട്, മോളേ?”
ആ ചോദ്യം കേട്ട് എനിക്ക് മറുപടി പറയാനായില്ല.
ഏട്ടത്തിയുടെ കണ്ണുകൾ എന്നിലായിരുന്നു. നിറഞ്ഞുതുളുമ്പുന്ന ആ കണ്ണുകൾ ഒരു കടലായിരുന്നെങ്കിൽ എവിടെയെങ്കിലും ഒരു കര കാണാമായിരുന്നു. പക്ഷേ അവയിപ്പോൾ അതിനേക്കാൾ ആഴമുള്ള മറ്റെന്തോ ആയിരുന്നു
ഏട്ടത്തി തുടർന്നു.
“വിവാഹം കഴിഞ്ഞിട്ട് ഇരുപത്തിയഞ്ച് വർഷങ്ങൾ. ഇരുപത്തിയഞ്ച് വർഷം എന്നത് കലണ്ടറിലെ കുറേ അക്കങ്ങളല്ല.
ഒരുമിച്ച് നടക്കാമായിരുന്ന വഴികൾ.
ഒരുമിച്ച് കാണാമായിരുന്ന മഴകൾ.
കൈകോർത്തുപോകാമായിരുന്ന വഴികൾ
ക്ഷേത്രത്തിന്റെ പടികൾ കയറുമ്പോൾ ഒപ്പമുണ്ടാകാമായിരുന്ന ഒരാൾ.
വെറുതെ കുറച്ചുനേരം എന്റെ സംസാരം കേട്ടിരിക്കാൻ ഒരാൾ.
എനിക്ക് നഷ്ടമായത് ഒരു ദിവസമല്ല. ഒരു ജീവിതം തന്നെയായിരുന്നു.
അത് തിരികെ തരാൻ കഴിയുമോ നിന്റെ ഏട്ടന്?
അത് എന്റെ ഔദാര്യമല്ല. അതെന്റെ അവകാശമായിരുന്നു.”
ശരിയാണ്. ഏട്ടത്തി പറയുന്നതെല്ലാം ശരിയാണ്.
ഞാൻ ഓർത്തു.
ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് പകരം ഇരുപത്തിയഞ്ച് ദിവസം കൊടുത്താൽ മതിയോ?
സ്നേഹത്തിന് കണക്കുപുസ്തകമില്ല.
പക്ഷേ കാത്തിരിപ്പിന് കണക്കുണ്ട്.
ആ കണക്ക് പൂർത്തിയാകുമ്പോൾ, ഒരിക്കൽ ഏറെ ആഗ്രഹിച്ചവർ മുന്നിൽ വന്നു നിന്നാലും, അവരുടെ അടുത്തേക്ക് നടക്കാനുള്ള വഴികൾ നമ്മൾ മറന്നുപോയിട്ടുണ്ടാകും.
ഞാൻ ഏട്ടത്തിയെ നോക്കിനിന്നു.
ഏട്ടത്തി കണ്ണുകൾ അടച്ചു.
പുറത്ത് മഴ പതുക്കെ ശക്തമായി.
ജനൽച്ചില്ലിലൂടെ ഒഴുകിയിറങ്ങിയ വെള്ളത്തുള്ളികൾ തമ്മിൽ ചേർന്ന് താഴേക്ക് ഒഴുകി.
എനിക്ക് തോന്നി—
ചില വേദനകളും അങ്ങനെയാണ്.
ഒറ്റത്തുള്ളിയായി നിൽക്കുമ്പോൾ അവയെ തുടച്ചുകളയാം. പക്ഷേ വർഷങ്ങളോളം അവ കൂടിക്കൂടി വന്നാൽ അവയ്ക്ക് സ്വന്തം വഴിയുണ്ടാകും.
പിന്നെ അവ മനസ്സിനുള്ളിൽ തന്നെ ഒരു നദിയായി മാറും.
ആർക്കും മുറിച്ചുകടക്കാനാവാത്ത ഒരു മഹാനദിയായി.
എന്റെ ചിന്തകളെ മുറിച്ചുകൊണ്ട്, കണ്ണുകൾ തുറക്കാതെ ഏട്ടത്തി വീണ്ടും പറഞ്ഞു.
“എനിക്കിനി നിന്റെ ഏട്ടനെ കാണണ്ട.”
കൺകോണിലൂടെ ഒഴുകിയ കണ്ണീരിന്റെ പ്രവാഹം അവസാനിച്ചിട്ടും വാക്കുകൾ വിതുമ്പി നിന്നു.
ഒരു നീണ്ട കാത്തിരിപ്പിന്റെ അവസാനം എടുത്ത തീരുമാനത്തിന്റെ ശാന്തത മാത്രമായിരുന്നു ഏട്ടത്തിയുടെ മുഖത്ത്.
ഞാൻ പതുക്കെ എഴുന്നേറ്റു.
വാതിൽ തുറക്കാനായി മുന്നോട്ടുനടന്നു. ഒന്നും ചിന്തിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാൻ. മനസ്സ് അപ്പൂപ്പൻതാടിപോലെ എങ്ങോട്ടൊക്കെയോ പറന്നുനടന്നു.
വാതിൽ തുറക്കാറായപ്പോൾ ഏട്ടത്തി എന്നെ വിളിച്ചു.
ഞാൻ തിരിഞ്ഞുനോക്കി.
“നിന്റെ ഏട്ടനോട് വരാൻ പറയൂ.”
ഒരു നിമിഷം എനിക്ക് വിശ്വസിക്കാനായില്ല. എന്നിലേക്കുള്ള വഴി മറന്ന മനസ്സ് തിരിച്ചോടിയെത്തി .
“ഏട്ടനോട് വരാൻ അല്ലേ പറഞ്ഞത്?” ഞാൻ സംശയത്തോടെ ചോദിച്ചു.
ഏട്ടത്തി ചിരിച്ചുകൊണ്ട് തലയാട്ടി.
എന്റെ മനസ്സിൽ അപ്പോൾ പറഞ്ഞറിയിക്കാനാവാത്തൊരു സന്തോഷം നിറഞ്ഞു. കരച്ചിലും ചിരിയും ഒരുമിച്ചെത്തുന്നൊരു നിമിഷം.
ആ സന്തോഷം ഉള്ളിലൊതുക്കിക്കൊണ്ട് ഞാൻ പതിയെ പുറത്തേക്കിറങ്ങി.
മുറ്റത്ത് പെയ്യുന്ന മഴയിലേക്ക് നോക്കി ഏട്ടൻ ബെഞ്ചിലിരിക്കുകയായിരുന്നു.
എന്നെ കണ്ടതും ഏട്ടൻ എഴുന്നേറ്റു.
ഞാൻ മനഃപൂർവം മുഖത്ത് ഒരു വിഷാദം വരുത്തി.
ഏട്ടൻ എന്റെ മുഖത്തേക്ക് നോക്കി. ഞാൻ എന്തെങ്കിലും പറയുന്നതിനു മുമ്പുതന്നെ, എന്റെ മനസ്സ് വായിച്ചെടുത്തതുപോലെ ചോദിച്ചു.
“അവൾ… എന്നെ കാണാൻ അനുവദിക്കുന്നില്ലല്ലേ?”
ഞാൻ പതിയെ തലയാട്ടി.
ഏട്ടൻ വീണ്ടും ബെഞ്ചിലിരുന്നു. കൈകൾ കൂട്ടിത്തിരുമ്മിക്കൊണ്ട് കുറച്ചുനേരം ഒന്നും മിണ്ടിയില്ല.
“ഇത് ഞാൻ അർഹിക്കുന്ന ശിക്ഷയാണ്,” ഏട്ടൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. “ഇത്രയും വർഷം അവളെ അവഗണിച്ചതിന്… ഞാൻ അർഹിക്കുന്ന ശിക്ഷ. പക്ഷേ ഇപ്പോൾ… എത്രമാത്രം അവളെ കാണാൻ കൊതിക്കുന്നുണ്ടെന്ന്… അവളുടെ അടുത്തിരുന്ന് കുറച്ചുനേരമെങ്കിലും സംസാരിക്കാൻ കൊതിക്കുന്നുണ്ടെന്ന്… അത് എനിക്ക് മാത്രമേ അറിയൂ.”
പുറത്ത് പെയ്യുന്ന മഴയ്ക്കപ്പുറം, ഏട്ടന്റെ ഉള്ളിലും മറ്റൊരു മഴ പെയ്യുന്നത് എനിക്ക് കാണാമായിരുന്നു.
ഞാൻ പതിയെ ഏട്ടന്റെ കൈകളിൽ പിടിച്ചു.
“ഏട്ടാ…”
ഏട്ടൻ എന്നെ നോക്കി.
“ഏട്ടത്തി ഏട്ടനോട് വരാൻ പറഞ്ഞു.”
ഏട്ടൻ ഒരു നിമിഷം ഒന്നും മനസ്സിലാകാതെ എന്നെ നോക്കി.
“നേരാണോ നീ പറയുന്നത്?”
“അതെ, ഏട്ടാ. ഏട്ടത്തിക്ക് ഏട്ടനെ കാണണമെന്ന്… അകത്തേക്ക് ചെല്ലാൻ.”
അത് കേട്ടതും ഏട്ടൻ പെട്ടെന്ന് എഴുന്നേറ്റു.
ഒരു നിമിഷം പോലും പാഴാക്കാതെ ഏട്ടത്തിയുടെ മുറിയിലേക്ക് വേഗത്തിൽ നടന്നു .
ഞാൻ അവിടെത്തന്നെ നിന്നു.
എന്റെ മനസ്സിലും സന്തോഷം നിറഞ്ഞു.
എന്റെ വീട്ടിലേക്കുള്ള മടക്ക യാത്രയിൽ എന്റെ മനസ്സിൽ ഏട്ടന്റെയും ഏട്ടത്തിയുടെയും ജീവിതമായിരുന്നു.
ഏട്ടൻ നന്നായി പാടുമായിരുന്നു.
കോളേജിന്റെ ഇടനാഴികളിൽ, മഴ പെയ്യുന്ന വൈകുന്നേരങ്ങളിൽ, കൂട്ടുകാരുടെ നടുവിലിരുന്ന് ഏട്ടൻ പാടുമ്പോൾ ആ പാട്ടിന്റെ ഇടനാഴിയിൽ എവിടെയോ ഒരു പെൺകുട്ടിയുമുണ്ടായിരുന്നു.
ഏട്ടൻ സ്നേഹിച്ച പെൺകുട്ടി.
അവൾ മറ്റൊരു മതത്തിൽപ്പെട്ട പെൺകുട്ടിയായിരുന്നു.
എന്തൊക്കെ വന്നാലും ഒരുമിച്ച് ജീവിക്കുമെന്ന് അവർ ഒരിക്കൽ തീരുമാനിച്ചിരുന്നു. പക്ഷേ പിന്നീട് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി അവൾക്ക് മറ്റൊരാളെ വിവാഹം കഴിക്കേണ്ടി വന്നു.
അതിനുശേഷം ഏട്ടൻ ഗൾഫിലേക്ക് പോയി.
പണം സമ്പാദിക്കാനായിരുന്നില്ല ആ യാത്ര.
സ്വന്തം ഓർമ്മകളിൽനിന്നുള്ള ഒരു ഒളിച്ചോട്ടമായിരുന്നു അത്.
പക്ഷേ മനുഷ്യൻ എത്ര ദൂരം പോയാലും സ്വന്തം മനസ്സിൽനിന്ന് എവിടേക്കാണ് ഓടിപ്പോകുക?
ഗൾഫിലെ ചൂടേറിയ രാത്രികളിൽ, അവളുടെ ഓർമ്മകൾ ചേട്ടന്റെ ഹൃദയത്തെയും ചുട്ടുപൊള്ളിച്ചിട്ടുണ്ടാവണം.
വർഷങ്ങൾ കഴിഞ്ഞിട്ടും ആ മുഖം മനസ്സിൽനിന്ന് മാഞ്ഞില്ല.
നാട്ടിൽ വരുമ്പോഴെല്ലാം അമ്മ കല്യാണക്കാര്യം പറയും.
“ഇനിയെങ്കിലും ഒരു പെണ്ണിനെ നോക്കിക്കൂടെ?”
ഏട്ടൻ ഓരോ തവണയും ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറും.
“പെണ്ണിന് പൊക്കം പോരാ.”
“മുടി കുറവാണ്.”
“നിറം കുറവാണ്.”
അങ്ങനെ കാരണങ്ങൾ നീണ്ടുപോയി.
അമ്മയ്ക്ക് അറിയാമായിരുന്നു, ആ കാരണങ്ങളൊന്നും സത്യമല്ലെന്ന്.
എന്റെ കല്യാണം കഴിഞ്ഞതോടെ അമ്മ വീട്ടിൽ ഒറ്റയ്ക്കായി. ഒറ്റയ്ക്കിരിക്കുക അമ്മയ്ക്ക് വലിയൊരു ബുദ്ധിമുട്ടായി മാറി. പ്രായസഹജമായ അസുഖങ്ങൾക്കൊപ്പം മാനസികമായ ബുദ്ധിമുട്ടുകളും .
ആ വീട്ടിൽ ഏട്ടന്റെ കല്യാണം എന്ന വാക്ക് ഒരു ആവശ്യമായി മാറി.
അമ്മയുടെ കണ്ണിലെ പേടി കണ്ടിട്ടാകാം, ഏട്ടൻ ഒടുവിൽ പറഞ്ഞു:
“അമ്മയ്ക്ക് ഇഷ്ടമുള്ള പെണ്ണിനെ നോക്കിക്കോളൂ,
അമ്മ തിരഞ്ഞെടുത്തത് വല്യമ്മയുടെ വീടിനടുത്ത് താമസിച്ചിരുന്ന ഒരു പെൺകുട്ടിയെയായിരുന്നു.
“നല്ല കുട്ടിയാണ്.”
അത്രയേ അമ്മയ്ക്ക് പറയാനുണ്ടായിരുന്നുള്ളൂ.
ഏട്ടത്തിയെ കണ്ട ചിലർ പതുക്കെ പറഞ്ഞിരുന്നു:
“ഏട്ടന് ചേരുന്ന പെണ്ണല്ല.”
അത് കേട്ടിട്ടും അമ്മ ഒന്നും പറഞ്ഞില്ല.
അമ്മയ്ക്ക് അന്ന് ഒരു ചെറിയ സ്വപ്നം മാത്രമേ ഉണ്ടായിരുന്നുള്ളു.
അവർ രണ്ടാളും കൂടി വീട്ടിൽ ഉണ്ടാവുക
ഏട്ടത്തി ഒരു സ്വകാര്യ ബാങ്കിൽ ജോലി ചെയ്തിരുന്നു.
രണ്ടുപേരും നാട്ടിൽ തന്നെ ജോലി ചെയ്യുകയോ എന്തെങ്കിലും ചെറിയ സ്ഥാപനം തുടങ്ങുകയോ ചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകാം.
വേറെ വലിയ ബാധ്യതകളൊന്നും ഉണ്ടായിരുന്നില്ലല്ലോ.
ഒരിക്കൽ ശബ്ദം നിലച്ചുപോയ ആ വീട് പഴയതുപോലെ ആക്കാം.
അമ്മയ്ക്ക് അത്രയേ വേണ്ടിയിരുന്നുള്ളൂ.
പക്ഷേ ഏട്ടന് വീണ്ടും ഗൾഫിലേക്ക് പോകണമായിരുന്നു.
ഏട്ടത്തി പറഞ്ഞു:
“എന്റെ സ്വർണമെല്ലാം കൊടുത്താണെങ്കിലും നമുക്ക് എന്തെങ്കിലും ഒരു പുതിയ സംരംഭം തുടങ്ങാം.”
ഏട്ടന് അതൊന്നും സ്വീകാര്യമായിരുന്നില്ല.
“സ്വർണം വിറ്റ് കിട്ടുന്ന പണംകൊണ്ട് കടയൊന്നും തുടങ്ങേണ്ട ആവശ്യമില്ല,” ഏട്ടൻ പറഞ്ഞു.
ഏട്ടത്തി പറയാതെ പോയത് ഒരുപക്ഷേ ഇതായിരുന്നു….
“എനിക്ക് നിങ്ങളോടൊപ്പം ജീവിക്കണം.”
ഏട്ടൻ അത് മനസ്സിലാക്കിയില്ല.
ഏട്ടന്റെ മനസ്സിൽ ആദ്യ പ്രണയത്തിന്റെ വാതിൽ അപ്പോഴും പാതി തുറന്നുകിടക്കുകയായിരുന്നു.
വർഷങ്ങൾ പിന്നെയും അങ്ങനെ കടന്നുപോയി.
ഏട്ടത്തി ഏട്ടൻ മാറുമെന്നുള്ള കാത്തിരിപ്പ് തുടർന്നു.
കാത്തിരിപ്പിനും ഒരു സമയമുണ്ട്.
അത് കഴിഞ്ഞാൽ കാത്തിരിപ്പ് പതുക്കെ ഒരു ശീലമാകും.
ശീലം പിന്നെ നിശ്ശബ്ദതയാകും.
നിശ്ശബ്ദത ഒടുവിൽ ഒരു മതിലാകും.
ഏട്ടൻ ആ മതിൽ കണ്ടില്ല.
വർഷങ്ങൾക്കുശേഷം, തന്റെ ഉറ്റ സുഹൃത്തിന്റെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങളാണ് ഏട്ടനെ സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കാൻ പ്രേരിപ്പിച്ചത്.
ഒരിക്കൽ ജീവന് തുല്യം സ്നേഹിച്ചിരുന്ന അയാളുടെ ഭാര്യ ചില കാരണങ്ങളാൽ അയാളെ ഉപേക്ഷിച്ചുപോയി.
പക്ഷേ അവൾ പോയതിന്റെ വേദനയേക്കാൾ ഏട്ടന്റെ സുഹൃത്തിനെ തകർത്തത് മറ്റൊന്നായിരുന്നു.
സ്വന്തം കുഞ്ഞിനെപ്പോലും കാണാൻ അവൾ അയാളെ അനുവദിച്ചില്ല.
വിവാഹമോചനം നേടുന്നതിനായി അവൾ അയാൾക്കെതിരെ ഗാർഹിക പീഡനത്തിന്റെ ആരോപണവും ഉന്നയിച്ചു.
അയാളുടെ സങ്കടം പറയുന്നത് കേട്ടുകൊണ്ടിരിക്കുമ്പോൾ ഏട്ടൻ അയാളുടെ കണ്ണുകളിൽ കണ്ട വേദന, ഏട്ടത്തിയുടേതായിരുന്നു
എത്ര വർഷങ്ങളായി അവൾ തനിക്കുവേണ്ടി കാത്തിരിക്കുന്നു.
ഒരു വിളിക്കായി.
ഒരു വാക്കിനായി.
ഒരു ചേർത്തുപിടിക്കലിനായി.
താൻ അവൾക്ക് എന്താണ് കൊടുത്തത്?
കാത്തിരിപ്പ് മാത്രം.
അവഗണന മാത്രം.
തന്റെ മനസ്സിൽ ഒരിക്കൽ ഇടം നേടിയ പെൺകുട്ടിയുടെ ഓർമ്മകൾക്കിടയിൽ, തന്റെ ജീവിതത്തിലേക്ക് വന്ന പെൺകുട്ടിക്ക് ഒരിടംപോലും നൽകാതെ എത്ര വിവേകശൂന്യമായിട്ടാണ് താൻ ഇത്രയും കാലം ജീവിച്ചത്?
ആദ്യത്തെ പെൺകുട്ടി അവളുടെ ജീവിതം തിരഞ്ഞെടുത്തു.
പിന്നെ എന്തിനാണ് താൻ ഇപ്പോഴും അവളെ ഹൃദയത്തിൽ ചുമന്നുകൊണ്ട് നടന്നത്?
ആ ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ്, തന്റെ അരികിൽ ഇത്രയും കാലം നിശ്ശബ്ദമായി നിന്ന ഏട്ടത്തിയെക്കുറിച്ച് ഏട്ടൻ ആദ്യമായി ഓർത്തത്.
തന്റെ ഭാര്യ അവൾ എത്ര വിശ്വസ്തയായിരുന്നു.
തന്നെ സ്നേഹിക്കാൻ മാത്രം പഠിച്ച ഒരു പെൺകുട്ടി.
താൻ തിരിഞ്ഞുനോക്കിയില്ലെങ്കിലും അവൾ തിരിഞ്ഞുപോയില്ല.
അന്ന് ആദ്യമായി ഏട്ടന് അവളെ കാണണമെന്ന് തോന്നി.
എന്തായാലും, ആ പ്രാവശ്യം ഏട്ടത്തിയെ കാണാനുള്ള ആഗ്രഹത്തോടെയാണ് ഏട്ടൻ നാട്ടിലേക്ക് വരാൻ തുടങ്ങിയത്.
പക്ഷേ അവൻ വരുമ്പോഴേക്കും സമയം ഏട്ടനെ കാത്തുനിന്നിരുന്നില്ല.
ഏട്ടത്തി ആശുപത്രിയിലായിരുന്നു.
അസ്ഥിമജ്ജയുടെ പ്രവർത്തനം ഗുരുതരമായി തകരാറിലാക്കിയ അപ്ലാസ്റ്റിക് അനീമിയയുടെ അവസാനഘട്ടം.
രോഗം ഏറെ മുന്നേറിയിരുന്നു.
ശരീരത്തിലെ ഓരോ ശക്തിയും പതുക്കെ അവളെ വിട്ടുപോകുകയായിരുന്നു.
ആശുപത്രിയിലെ മുറിയിൽ കിടക്കുമ്പോൾ, ഒരിക്കൽ ജീവിതം മുഴുവൻ കാത്തിരുന്ന ആ പെൺകുട്ടി ഇപ്പോൾ ഒന്നിനും കാത്തിരിക്കാത്ത ഒരു സ്ത്രീയായി മാറിയിരുന്നു .
ഏട്ടൻ വരുമോ എന്നില്ല.
വിളിക്കുമോ എന്നില്ല.
സ്നേഹിക്കുമോ എന്നുമില്ല.
കാത്തിരിപ്പിന്റെ അറ്റം കടന്നുപോയിരുന്നു അവൾ.
ഇനി അവൾ കാത്തിരുന്നത് ഒരേയൊരു യാത്രയ്ക്കായിരുന്നു.
മടങ്ങിപ്പോകാനുള്ള യാത്ര.
അപ്പോഴാണ് വർഷങ്ങൾ വൈകിയെത്തിയ സ്നേഹവുമായി ഏട്ടൻ അവളുടെ മുന്നിലെത്തിയത്.
പക്ഷേ ഏട്ടത്തിക്ക് അപ്പോൾ ഏട്ടനെ കാണാൻ തോന്നിയില്ല.
“ഇനി സ്നേഹിച്ചിട്ട് എന്തിനാണ്?”
ഏട്ടത്തിയുടെ ആ മറുചോദ്യത്തിന് ഏട്ടന് ഉത്തരമുണ്ടായിരുന്നില്ല.
അതുകൊണ്ടായിരുന്നു ഏട്ടത്തി ഏട്ടനെ കാണാൻ വിസമ്മതിച്ചത്.
ഏട്ടൻ ഉമീതീയിൽ എരിയുന്ന പോലെയായിരുന്നു. ഏട്ടത്തി അനുഭവിച്ച വേദന ഏട്ടനും കാലം തിരിച്ചു നല്കിയതു പോലെ തോന്നി.
എന്തായാലും, മനസ്സിൽ വലിയൊരു ആശ്വാസത്തോടെയാണ് ഞാൻ വീട്ടിലേക്ക് തിരിച്ചെത്തിയത്.
ഒടുവിൽ ഏട്ടനെ കാണാൻ ഏട്ടത്തി സമ്മതിച്ചല്ലോ എന്നൊരു സമാധാനം.
ഇപ്പോൾ അമ്മ എന്നെ വിളിക്കുമ്പോൾ അവരെക്കുറിച്ചാണ് കൂടുതലും പറയാറുള്ളത്.
“ഇപ്പോഴൊക്കെ ഏട്ടൻ ഏട്ടത്തിയുടെ അടുത്തുനിന്ന് മാറാറെയില്ല .
ഏട്ടത്തിക്ക് മരുന്ന് കൊടുക്കുന്നതും സമയാസമയങ്ങളിൽ ഭക്ഷണം കൊടുക്കുന്നതുമെല്ലാം ഏട്ടൻ തന്നെയാണ്. ഇടയ്ക്കൊക്കെ ഏട്ടത്തിക്ക് ഇഷ്ടമുള്ള പലഹാരങ്ങളൊക്കെ ഉണ്ടാക്കിക്കൊടുക്കാൻ അടുക്കളയിലും കയറും .
വൈകുന്നേരങ്ങളിൽ രണ്ടുപേരും മുറ്റത്തിറങ്ങിയിരുന്ന് കുറേനേരം സംസാരിക്കും. ചിലപ്പോഴൊക്കെ അടുത്തുള്ള സ്ഥലങ്ങളിലേക്ക് ചെറിയ യാത്രകളും പോകും.രാവിലെ അമ്പലത്തിൽ പോക്ക് മുടക്കാറില്ല.
യാത്ര കഴിഞ്ഞുവരുമ്പോൾ മിക്കപ്പോഴും ഏട്ടത്തി നന്നായി ക്ഷീണിച്ചിരിക്കും. എങ്കിലും ആ ക്ഷീണം അവളെ കൂടുതൽ ബുദ്ധിമുട്ടിക്കാതിരിക്കാൻ ഏട്ടൻ പ്രത്യേകം ശ്രദ്ധിക്കും.
വീട്ടിൽ പഴയ ചിരിയും കളിയുമൊക്കെ തിരികെ വന്നതുപോലെയാ…”
അമ്മ അങ്ങനെ പറയുമ്പോൾ, ആ വാക്കുകൾക്കിടയിലും ഒരു നേർത്ത ദുഃഖം തങ്ങിനിൽക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.
ചിലപ്പോഴൊക്കെ അവർ ഒരുമിച്ചുള്ള ഫോട്ടോകളും അമ്മ എനിക്ക് അയച്ചുതരും.
ഓരോ തവണയും ഏട്ടത്തിയുടെ മുഖത്തേക്ക് നോക്കുമ്പോൾ എനിക്ക് വല്യ സന്തോഷം തോന്നും.
തളർന്ന ആ മുഖത്ത് ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞുനിൽക്കുന്നുണ്ടാകും.
എത്രയോ കാലം മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്ന ആ ജീവിതം ഒടുവിൽ ഏട്ടത്തിക്ക് കൈവന്നിരിക്കുന്നു.
അത് കാണുമ്പോൾ എന്റെ മനസ്സ് നിറയുന്നത് ഒരു പ്രാർത്ഥനകൊണ്ടു മാത്രമായിരുന്നു.
അവരുടെ സന്തോഷത്തിന്റെ ദിനങ്ങൾ നീട്ടികിട്ടണേ
ഒരു ദിവസം രാവിലെ ഞാൻ ഓഫീസിലിരിക്കുമ്പോഴാണ് അമ്മയുടെ ഫോൺ വന്നത്.
“മോളേ, നീ വേഗം വരണം.”
അമ്മയുടെ ശബ്ദത്തിൽ എന്തോ വിറയലുണ്ടായിരുന്നു.
“എന്തുപറ്റി, അമ്മേ?”
“ഏട്ടത്തിക്ക് തീരെ സുഖമില്ല. ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. നീ വേഗം വരണം, മോളേ…”
അത്രയും പറഞ്ഞിട്ട് അമ്മ ഫോൺ വച്ചു.
എനിക്ക് പിന്നെ ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല.
അന്നുതന്നെ ട്രെയിനിൽ കയറി.
യാത്ര മുഴുവൻ മനസ്സിൽ ഒരു പേടിയായിരുന്നു.
ഏട്ടത്തിയെ അവസാനമായി കണ്ടപ്പോൾ അവരുടെ മുഖത്ത് വിരിഞ്ഞിരുന്ന ആ ചെറിയ പുഞ്ചിരി മാത്രം വീണ്ടും വീണ്ടും ഓർമ്മയിൽ വന്നു.
വൈകുന്നേരത്തോടെയാണ് ഞാൻ എത്തിയത്.
സ്റ്റേഷനിൽനിന്നിറങ്ങി ഹോസ്പിറ്റലിലേക്ക് നടക്കുമ്പോഴാണ് അമ്മ വീണ്ടും വിളിച്ചത്.
“മോളേ…”
അമ്മയുടെ ശബ്ദം ഇത്തവണ വളരെ പതിഞ്ഞിരുന്നു.
“ഏട്ടത്തി പോയി.”
എന്റെ കാലുകൾ അവിടെത്തന്നെ നിന്നുപോയി.
ഹോസ്പിറ്റലിന്റെ മുറ്റത്തുണ്ടായിരുന്ന ആ വലിയ ചുവന്ന വാകമരം, തന്റെ ചുവന്ന പൂക്കൾക്കിടയിൽ എന്റെ കണ്ണീരിനെ മറച്ചതുപോലെ തോന്നി.
കുറച്ചുനേരം അവിടെത്തന്നെ തളർന്നുനിന്നു.
പിന്നെ എങ്ങനെയോ ഹോസ്പിറ്റലിലേക്ക് നടന്നു.
ഏട്ടൻ അവിടെയുണ്ടായിരുന്നു.
ഐ.സി.യുവിന്റെ മുന്നിലെ ഒരു കസേരയിൽ ഇരിക്കുകയായിരുന്നു.
മുഖത്ത് വിചിത്രമായൊരു ശാന്തത.
എന്നെ കണ്ടപ്പോൾ ഏട്ടൻ ചിരിച്ചു.
ഞാൻ പതിയെ അടുത്തുചെന്ന് ഇരുന്നു.
കുറച്ചുനേരം കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു:
“ഏട്ടാ… നമുക്ക് വീട്ടിലേക്ക് പോകാം.”
“വീട്ടിലേക്കോ?”
ഏട്ടൻ എന്നെ നോക്കി.
“ഞാൻ വരില്ല. അവൾ ഹോസ്പിറ്റലിലല്ലേ? ഞാൻ എങ്ങോട്ടും പോകില്ല. അവൾ പുറത്തുവരുന്നതുവരെ ഞാൻ ഇവിടെത്തന്നെ ഇരിക്കും.”
“ഏട്ടാ…”എനിക്ക് വാക്കുകൾ കിട്ടുന്നില്ല.
കുറച്ചു നേരം കണ്ണുകളടച്ചിരുന്നു. മനസ്സ് ശാന്തമാക്കാൻ ശ്രമിച്ചു.
പിന്നീട് ഏട്ടന്റെ കൈ മുറുകെ പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു :
“ഏട്ടാ. …ഇനി ഏട്ടത്തി വരില്ല”
ഏട്ടന്റെ മുഖം പെട്ടെന്ന് മാറി.
“നിന്നോട് ആര് പറഞ്ഞു അവൾ വരില്ലെന്ന്?”
ഞാൻ ഒന്നും മിണ്ടിയില്ല.
“അവൾ പോകില്ല. എന്നെ വിട്ട് അവൾ എങ്ങും പോകില്ല.”
ഏട്ടന്റെ ശബ്ദത്തിൽ ഒരു കുട്ടിയുടെ പിടിവാശിയുണ്ടായിരുന്നു.
“ഞാൻ അവളെ ശ്രദ്ധിക്കാതിരുന്നപ്പോഴും… പരിഗണിക്കാതിരുന്നപ്പോഴും … അവൾ എന്നെ വിട്ട് എങ്ങും പോയിട്ടില്ല. ഇപ്പോൾ ഞാൻ എപ്പോഴും അവളുടെ കൂടെയുള്ളപ്പോൾ അവൾ എന്നെ വിട്ടുപോകുമോ?”
കണ്ണുകൾ നിറഞ്ഞിരുന്നു.
“ഞാൻ അവളെ എങ്ങും വിടില്ല. ഒരിക്കലും വിടില്ല. എനിക്കവളെ സ്നേഹിച്ച് കൊതിതീർന്നിട്ടില്ല…”
ഞാൻ ഏട്ടന്റെ തോളിൽ പതിയെ കൈവച്ചു.
“ഏട്ടാ… സത്യം നമ്മൾ സ്വീകരിച്ചല്ലേ പറ്റൂ. ഏട്ടത്തി ഇനി വരില്ല.”
“നീ ഒന്നും പറയണ്ട”
ഏട്ടൻ എന്റെ കൈ തട്ടിമാറ്റി.
പിന്നെ പെട്ടെന്ന് എഴുന്നേറ്റ് ഇടനാഴിയിലെ തിരക്കുകൾക്കിടയിലൂടെ മുന്നോട്ടുനീങ്ങി.
“ഏട്ടാ…”
ഞാൻ പുറകെ ഓടി.
പക്ഷേ ഏട്ടൻ വളരെ വേഗത്തിൽ ആ തിരക്കിനിടയിൽ മറഞ്ഞുപോയിരുന്നു.
ഏട്ടൻ കുറച്ചുകഴിഞ്ഞ് തിരികെ വരുമെന്ന് ഞങ്ങൾ കരുതി.
പക്ഷേ ഏട്ടൻ പിന്നെ വന്നില്ല.
ഞങ്ങൾ പലിടത്തും അന്വേഷിച്ചു. പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ദിവസങ്ങൾ കടന്നുപോയി.
ആഴ്ചകൾ കടന്നുപോയി.
അങ്ങനെ വർഷങ്ങളും കടന്നുപോയി.
ഏട്ടനെ കണ്ടെത്താനായില്ല.
അതിനിടയിലാണ് ഒരു ദിവസം എന്റെ കൂട്ടുകാരി വിളിച്ചത്.
അവളുടെ മകൾ ജോലി ചെയ്യുന്ന ഒരു ഹോസ്പിറ്റലിൽ പോയപ്പോൾ അവിടെ ഏട്ടനെപ്പോലെയുള്ള ഒരാളെ കണ്ടുവത്രേ.
ആ വാർത്ത കേട്ടപ്പോൾ എന്റെ ഹൃദയം ഒന്ന് പിടഞ്ഞു.
ഞാൻ അവളുടെ അടുത്തു നിന്ന് ഹോസ്പിറ്റലിന്റെ അഡ്രസ്സുമായി ആ ഹോസ്പിറ്റലിലേക്ക് പോയി.
ഹോസ്പിറ്റലിന്റെ വലിയ മതിൽക്കെട്ടിനുള്ളിൽ ഒരു വിചിത്രമായ നിശ്ശബ്ദതയായിരുന്നു.
മനസ്സ് നഷ്ടപ്പെട്ട മനുഷ്യർക്ക് ചുറ്റുമുള്ള ലോകവും ചിലപ്പോൾ അങ്ങനെ നിശ്ശബ്ദമാകുമോ എന്ന് എനിക്ക് തോന്നി.
മരച്ചുവട്ടിൽ കുറേ മനുഷ്യർ ഇരിക്കുന്നുണ്ടായിരുന്നു.
അവരുടെ ഇടയിൽ ഒരാൾ.
താടിയും മുടിയും വളർന്നിരുന്നു. ശരീരം ആകെ ക്ഷീണിച്ചുപോയിരുന്നു.
ഒരിക്കൽ എനിക്ക് പരിചിതമായിരുന്ന ആ മുഖം പോലും തിരിച്ചറിയാൻ പ്രയാസമായിരുന്നു.
പക്ഷേ ഞാൻ ഏട്ടനെ തിരിച്ചറിഞ്ഞു.
“ഏട്ടാ…”
ഞാൻ വിളിച്ചു.
ഏട്ടൻ പതിയെ മുഖമുയർത്തി എന്നെ നോക്കി.
കുറച്ചുനേരം സൂക്ഷിച്ചുനോക്കി.
അപ്പോൾ ഒരു സിസ്റ്റർ അടുത്തേക്ക് വന്നു.
“മോളേ, കുറെ ദിവസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹത്തെ ഇവിടെ കൊണ്ടുവന്നത്. അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു. ആരാണെന്ന് ചോദിച്ചിട്ടും ഒന്നും വ്യക്തമായി പറയുന്നില്ല.”
ചോദിച്ചിട്ടും കാര്യമില്ല, സ്വയം തിരിച്ചറിയാൻ പോലും കഴിയാതെ, മേൽവിലാസം നഷ്ടപ്പെട്ട്, ഒരു പേരു പോലുമില്ലാതെ കഴിയുന്ന മനുഷ്യരല്ലേ ഇവിടെയുള്ളത്?
എന്റെ കണ്ണുകൾ നിറഞ്ഞു.
“സിസ്റ്റർ… എനിക്ക് ഇദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോകണം.”
സിസ്റ്റർ എന്നെ നോക്കി.
“മോളേ, നീ ജോലി ചെയ്യുന്നില്ലേ? നിനക്കൊരു കുടുംബമില്ലേ? കുട്ടികളില്ലേ? ഈ മനുഷ്യനെ നോക്കാൻ പറ്റുമോ? ഇടയ്ക്കൊക്കെ വന്ന് കണ്ടാൽ പോരേ?”
ഞാൻ ഒന്നും പറഞ്ഞില്ല.
അന്ന് ഞാൻ ഏട്ടന് ഭക്ഷണം വാരിക്കൊടുത്തു. കുറേനേരം അടുത്തിരുന്നു.
ഏട്ടൻ അങ്ങനെ ഒന്നും സംസാരിച്ചില്ല.
ഇടയ്ക്കൊക്കെ കുട്ടികളെപ്പോലെ എന്തൊക്കെയോ പറയും . പിന്നെ മരച്ചുവട്ടിൽ പോയിരുന്ന് ശൂന്യതയിലേക്ക് നോക്കിയിരുന്നു പാടും
അതിനിടയിൽ പെട്ടെന്ന് എന്നെ നോക്കി ചോദിച്ചു:
“കൊച്ചേ… നീയേതാ?”
ഞാൻ ചിരിക്കാൻ ശ്രമിച്ചു.
“ഞാനാണ്, ഏട്ടന്റെ അമ്മുക്കുട്ടി ”
പക്ഷേ ഏട്ടന് എന്നെ ഓർമ്മയില്ലായിരുന്നു.
കുറച്ചുകഴിഞ്ഞ് വീണ്ടും ചോദിച്ചു:
“കൊച്ചേ, നീയേതാ? നിന്റെ കല്യാണം കഴിഞ്ഞതാണോ?”
പിന്നെ എന്തോ ഓർത്തതുപോലെ പറഞ്ഞു:
“അർഹതപ്പെട്ടവർക്ക് ഉള്ള സ്നേഹം ഒരിക്കലും അവർക്ക് നഷ്ടപ്പെടുത്തരുത്, കേട്ടോ.
അത് മറ്റുള്ളവർക്ക് വാരിക്കോരി കൊടുക്കാനുള്ളതല്ല. അത് അർഹതപ്പെട്ടവർക്ക് തന്നെ കൊടുക്കണം.”
ഞാൻ മിണ്ടാതെ ഇരുന്നു.
അൽപ്പസമയം കഴിഞ്ഞപ്പോൾ ഏട്ടൻ മറ്റെന്തോ ലോകത്തേക്ക് പോയതുപോലെ പറഞ്ഞു തുടങ്ങി:
“ഞാൻ എന്റെ ഭാര്യയ്ക്ക് ഒരു സമ്മാനം വാങ്ങാൻ വന്നതാ… എന്റെ ഭാര്യയ്ക്ക്.”
ഞാൻ ശ്വാസം പിടിച്ചുനിന്നു.
“അവളുടെ പിറന്നാളാ. അവൾക്ക് ഒരു സമ്മാനം വാങ്ങിക്കൊടുക്കണം. എന്ത് വാങ്ങിക്കൊടുക്കണം എന്നാലോചിക്കുകയാണ്…”
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
കുറച്ചുനേരം നിശ്ശബ്ദനായിരുന്ന ശേഷം ഏട്ടൻ വീണ്ടും പറഞ്ഞു:
“അവൾ ഒന്നും ഇന്നേവരെ എന്നോട് ആവശ്യപ്പെട്ടിട്ടില്ല. അവൾക്ക് ഞാൻ കൂടെയുണ്ടായാൽ മതി.
അവളുടെ വർത്തമാനങ്ങൾ കേട്ടിരിക്കാൻ…
എന്നോടൊപ്പം കുഞ്ഞുയാത്രകൾ പോകാൻ…
കുഞ്ഞുസന്തോഷങ്ങൾ പങ്കിടാൻ… അതൊക്കെ മതി അവൾക്ക്.
പക്ഷേ എന്നാലും… അവളുടെ പിറന്നാളിന് ഒരു സമ്മാനം വാങ്ങിക്കൊടുക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്.
എന്ത് ഗിഫ്റ്റ് വാങ്ങിക്കൊടുക്കാം?”
ആ ചോദ്യം ചോദിച്ചുകൊണ്ട് ഏട്ടൻ എന്റെ മുഖത്തേക്ക് നോക്കി.
ഏട്ടന്റെ ഓർമ്മയിൽ എവിടെയോ, അവൾ ഇപ്പോഴും ജീവനോടെയുണ്ടായിരുന്നു.
കുറച്ചുനേരം കൂടി ഞാൻ ഏട്ടന്റെ അടുത്തിരുന്നു.
പുറത്ത് ഇരുട്ട് വീണുതുടങ്ങിയിരുന്നു.
പോകുന്നതിനുമുമ്പ് ഞാൻ സിസ്റ്ററോട് യാത്ര പറഞ്ഞു.
“ഞാൻ വീണ്ടും വരാം.”
ഏട്ടന്റെ അടുത്തുചെന്ന് ഏട്ടനെ കെട്ടിപ്പിടിച്ചു. നെറ്റിയിൽ ഒരു മുത്തം നൽകി.
“ഏട്ടാ… ഞാൻ പോകുകയാണ്.”
ഏട്ടൻ എന്നെ നോക്കിയില്ല.
ഞാൻ പതിയെ പടികളിറങ്ങി.
അപ്പോഴാണ് പിന്നിൽനിന്ന് ഏട്ടന്റെ പാട്ട് കേട്ടത്.
ഞാൻ നടത്തം നിർത്തി .
“ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ… ഒടുവിൽ നീയെത്തുമ്പോൾ ചൂടിക്കുവാൻ…”
ഏട്ടൻ അസാധ്യമായി പാടുകയാണെന്ന് എനിക്ക് തോന്നി.
മുൻപ് പലവട്ടം ഏട്ടൻ പാടുന്നത് കേട്ടിട്ടുണ്ടെങ്കിലും, അതിനേക്കാൾ എത്രയോ മടങ്ങ് സൗന്ദര്യമുണ്ടായിരുന്നു ആ പാട്ടിന് ഇപ്പോൾ.
കാരണം, ഹൃദയംകൊണ്ട് ഏട്ടത്തിക്ക് വേണ്ടി മാത്രമാണ് ഏട്ടൻ ആ പാട്ട് ഇപ്പോൾ പാടുന്നതെന്ന് എനിക്ക് മനസ്സിലായി.
ഏട്ടത്തിയുടെ ഓർമ്മകൾക്കരികിലിരുന്ന്, കൊടുക്കാൻ മറന്നുപോയ സമ്മാനം ഓർത്ത്, ഇനിയും കൊതിതീരാത്ത ഒരു സ്നേഹത്തിന്റെ മുന്നിൽ സ്വയം മറന്ന് ഏട്ടൻ പാടുകയായിരുന്നു.
ഇനി അവിടെ നിന്നാൽ ഞാൻ പൊട്ടിക്കരഞ്ഞുപോകുമെന്ന് എനിക്ക് തോന്നി.
കാലുകൾ മുന്നോട്ടേക്ക് നടക്കുമ്പോഴും, ഏട്ടന്റെ അരികിൽനിന്ന് വിട്ടുപോരാൻ മടിക്കുന്ന ഹൃദയത്തെ എന്നിലേക്ക് പിടിച്ചുവലിച്ച് ഞാൻ മുന്നോട്ടുനീങ്ങി.
മലര്‍മണം മാഞ്ഞല്ലൊ മറ്റുള്ളോര്‍ പോയല്ലോ
മമസഖീ നീയെന്നു വന്നു ചേരും
മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ
മമസഖീ നീയെന്നു വന്നുചേരും
ഒരു പുഷ്പം മാത്രമെന്‍……..
ഏട്ടന്റെ പാട്ട് എനിക്കൊപ്പം ഓടിയെത്തുമ്പോൾ .
ആകാശത്ത് പാതി നഷ്ടപ്പെട്ട ഒരു ചന്ദ്രക്കല, തന്റെ മറുപാതിയെ തേടി കാർമേഘങ്ങൾക്കിടയിൽ വെമ്പലോടെ ഓടിനടക്കുന്നുണ്ടായിരുന്നു …
. -നിവിയ റോയ്
