അനീഷയുടെ കൈകളൊന്ന് നിശ്ചലമായ് അമ്മായിഅമ്മ പറയുന്നത് കേട്ട്… മെല്ലെ മുഖമുയർത്തിയവൾ സിബിയെ നോക്കിയതും കണ്ടു അമ്മയെ ചോദ്യഭാവത്തിൽ നോക്കി…

“സിബീ…..നീയങ്ങ് പോയാൽ ഇവളെ ഞാനെൻ്റെ ഒപ്പമാണ് ട്ടോ ഇനി മുതൽ കിടത്തുന്നത്.. ഞങ്ങൾക്ക് രണ്ടാൾക്കും കിടക്കാൻ ഒരു മുറിയും ഒരു കട്ടിലും മതി നീയില്ലെങ്കിൽ…”

സിബിയ്ക്ക് കൊണ്ടു പോവാനുള്ള ഡ്രസുകളും മറ്റു സാധനങ്ങളും ട്രോളിയിലേക്ക് വൃത്തിയിൽ അടുക്കി വയ്ക്കുകയായിരുന്ന അനീഷയുടെ കൈകളൊന്ന് നിശ്ചലമായ് അമ്മായിഅമ്മ പറയുന്നത് കേട്ട്… മെല്ലെ മുഖമുയർത്തിയവൾ സിബിയെ നോക്കിയതും കണ്ടു അമ്മയെ ചോദ്യഭാവത്തിൽ നോക്കി നിൽക്കുന്നവനെ…

“നീയങ്ങ് പോയാൽ പിന്നെ ഈ വീട്ടിൽ ഞാനും ഇവളും തനിച്ചല്ലേടാ… ഞാനീ താഴത്തെ മുറിയിൽ അല്ലേ… അവളാണെങ്കിൽ മുകളിൽ തനിച്ചും…

മോഷണവും കൊലപാതകവും ആയി ഓരോരോ വാർത്തകൾ ദിവസവും കണ്ടും കേട്ടും പേടിയാണെടാ എനിയ്ക്ക്… കിടന്നു കഴിഞ്ഞാൽ അപ്പോ ഉറങ്ങി പോവുകയും ചെയ്യും ഞാൻ … പിന്നെ കൊച്ചൊരു ആവശ്യത്തിന് വിളിച്ചാൽ പോലും ഞാനറിയില്ല … ഞങ്ങളൊരുമ്മിച്ചാണെങ്കിൽ പിന്നെ ആ പേടി വേണ്ടല്ലോ… നമ്മളല്ലാതെ മറ്റാരും ആശ്രയവും അഭയവും ഇല്ലാത്ത കുട്ടിയാണ്… നമ്മള് വേണം അവളെ എപ്പോഴും സംരക്ഷിച്ച് കൊണ്ടു നടക്കാൻ… ഒരു കുറവും അറിയിക്കാതെ നമ്മുടെ രാജകുമാരിയായ് നോക്കണം കുട്ടിയെ നമ്മൾ..”

അനീഷയുടെ കൈകളിൽ വിരൽ കൊരുത്തമ്മ പറയുമ്പോൾ നിറഞ്ഞ മിഴികളോടെ അവരമ്മയേയും മകനെയും നോക്കി അനീഷ എങ്കിൽ മുറിയിൽ ഒരു ഭാഗത്ത് ഇതെല്ലാം കേട്ടും കണ്ടും ഇരുന്നിരുന്ന സിബിയുടെ സഹോദരി ഭർത്താവ് ആൽബിയുടെ മുഖത്ത് തെളിഞ്ഞു വിരിഞ്ഞു നിന്നത് പുച്ഛമാണ്…

ഇവരോളം നല്ലൊരു നടിയെ ഞാനൊരു സിനിമയിൽ പോലും കണ്ടിട്ടില്ല… നിൻ്റെ അമ്മയ്ക്ക് പറ്റുമെങ്കിലൊരു ഓസ്‌കാർ അവാർഡ് വാങ്ങി കൊടുക്ക് കയ്യിൽ പൈസ ഉണ്ടേൽ…”

സിബിയെ കടന്ന് പുറത്തേയ്ക്കിറങ്ങും വഴി അവനു മാത്രം കേൾക്കാവുന്ന തരത്തിൽ ശബ്‌ദം താഴ്ത്തി ആൽബി പറഞ്ഞതു കേട്ട് ഉള്ളിലൊരു പൊട്ടിച്ചിരി ഉയർന്നതടക്കി അവൻ പോയ വഴിയേ നോക്കി സിബി…

അനീഷയുടെയും സിബിയുടെയും കല്യാണം കഴിഞ്ഞിട്ട് മൂന്നു മാസമായ്… മാതാപിതാക്കളെ ചെറുപ്പത്തിലെ ഒരപകടത്തിലൂടെ നഷ്ടമായ അനീഷ അമ്മാവൻ്റെ തണലിലായിരുന്നു കഴിഞ്ഞിരുന്നത്…

ഒരിക്കൽ ഒരു കല്യാണത്തിന് അവളെ കണ്ടിഷ്ടപ്പെട്ടതാണ് സിബി… ആദ്യമൊന്നും സിബിയുടെ ഇഷ്ടം അമ്മ അംഗീകരിച്ചില്ലെങ്കിലും അവളല്ലാതെ
മറ്റൊരുവളെ താൻ ഭാര്യയാക്കി കൂടെ കൂട്ടില്ല എന്ന സിബിയുടെ വാശിയിലും കടുംപിടുത്തതിലുമാണ് അവരുടെ കല്യാണത്തിന് അമ്മ സമ്മതം നൽകിയത്..

പുറമേ അനീഷയോട് ദേഷ്യമൊന്നും കാണിക്കാറില്ലെങ്കിലും അവസരം കിട്ടുമ്പോഴെല്ലാം അവളുടെ
അനാഥത്വത്തെയും സമ്പത്തില്ലായ്മയേയും അവരെടുത്തു പറയുകയും കുത്തി കാണിക്കുകയും ചെയ്യും…

സിബിയും അനീഷയും കിടപ്പുമുറിയിലല്ലാതെ വീട്ടിനകത്തെവിടെ നിന്ന് സംസാരിച്ചാലും സ്‌നേഹം നിറച്ചൊരു ചിരിയോടെ അവർക്കിടയിലേക്ക് കടന്നു കയറി ചെല്ലും അമ്മ….

എന്നാൽ അമ്മയുടെ കടന്നുകയറ്റമില്ലാതെ സ്വസ്ഥമായ് ബെഡ് റൂമിലിരിക്കാമെന്നവർ കരുതിയാൽ ഒരഞ്ചു മിനിറ്റവർ ഒന്നിച്ചിരിയ്ക്കുമ്പോഴേയ്ക്കും അനീഷയെ എന്തെങ്കിലും കാരണമുണ്ടാക്കി മുറിയിൽ നിന്ന് പുറത്തേയ്ക്ക് വിളിച്ചിരിയ്ക്കും അവർ…

” എൻ്റെ പൊന്നു സിബീ …. സ്വസ്ഥമായ് നിനക്കാ പെൺക്കൊച്ചിൻ്റെയൊപ്പം ഒരു ജീവിതം ജീവിക്കണമെങ്കിൽ നീ അതിനെ കൂടി നിൻ്റെ കൂടെ കൊണ്ടു പൊയ്ക്കോ… ഇവിടെ വീട്ടിൽ അമ്മയ്ക്കൊരാളുടെ സഹായവും കാവലുമൊന്നും ഇപ്പോൾ വേണ്ടല്ലോ, ഇനി വേണമെങ്കിൽ തന്നെ തൊട്ടപുറത്തല്ലേ ഞാനും നിൻ്റെ അനിയത്തിയും ഉള്ളത്…ഞങ്ങൾ നോക്കിക്കോളാം … നീ അവളേം കൊണ്ടു പൊയ്ക്കോ…നിങ്ങളുടെ കമ്പനി ഫാമിലിയെ കൂടെ നിർത്താനുളള സൗകര്യങ്ങൾ കൂടി നൽകിയിട്ടുള്ളതല്ലേ….കൊണ്ടു പോടാ അതിനെ, നിൻ്റെ അമ്മയ്ക്ക് തട്ടിക്കളിക്കാൻ നൽക്കാതെ…”

ആൽബി ഗൗരവമായ് തന്നെ സിബിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചതും അവനെ നിസ്സഹായത നിറഞ്ഞൊരു നോട്ടം നോക്കി സിബി…

കുഞ്ഞുനാൾ തൊട്ട് ഒരുമ്മിച്ചുള്ളവരാണ് ആൽബിയും സിബിയും… എന്തും പരസ്പരം തുറന്നു പറയുന്നവർ…

അവരുടെ ആ അടുപ്പം കൊണ്ടുതന്നെയാണ് സിബിയുടെ അനിയത്തി സിജിയെ ആൽബി പ്രണയിച്ചപ്പോൾ അതിനെ എതിർത്ത അമ്മയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി അവരുടെ പ്രണയത്തെ സപ്പോർട്ടുചെയ്ത് അവരുടെ വിവാഹം സിബി നടത്തി
കൊടുത്തതും….

അമ്മയുടെ സ്വഭാവം എന്നെക്കാൾ നന്നായ് അറിയുന്നവനല്ലേ നീ… മനസ്സില്ലാ മനസ്സോടെ ഞങ്ങളുടെ കല്യാണത്തിന് സമ്മതിച്ചപ്പോഴേ അമ്മ ആദ്യം പറഞ്ഞത് വിവാഹം കഴിഞ്ഞാൽ അവളെ കൂടെ കൊണ്ടുപോവാതെ ഇവിടെ അമ്മയ്ക്കൊപ്പം നിർത്തണമെന്നായിരുന്നു… നീ മറന്നോ ആൽബി അത്….?

ഞാൻ മറന്നിട്ടൊന്നുമില്ല… കല്യാണം നടന്നു കിട്ടാൻ നമ്മള് പലതും പറയും സമ്മതിയ്ക്കും … എന്നുകരുതി വിവാഹം കഴിഞ്ഞാൽ അതെല്ലാം പാലിച്ചേ തീരുവെന്ന് ആരാടാ നിന്നോട്ട് പറഞ്ഞത്…?
നിൻ്റെ ഭാര്യ നിൻ്റെ ഇഷ്ടം… ആരു തടയാൻ വരുമെന്നാ നീയ്യി പറയുന്നത്…?

സിബിയോട് ചൊടിച്ചു ആൽബി…

“ആരും തടയുകയൊന്നുമില്ല ഞാനവളെ എൻ്റെ കൂടെ കൊണ്ടുപോയാൽ… പക്ഷെ അതോടെ അമ്മ അവൾക്കെതിരെ പരസ്യമായ് തിരിയും…. അമ്മയെക്കാൾ ഞാനവളെ സ്‌നേഹിക്കുമോ വിശ്വസിക്കുമോ എന്നൊക്കെ ചിന്തിച്ച് അങ്ങനൊന്നുണ്ടാവാതിരിക്കാനാണ് ഞങ്ങൾക്കിടയിലേക്ക് അമ്മ സ്വന്തം സ്ഥാനം പോലും മറന്ന് ഇടിച്ചു കയറി വരുന്നത്… അമ്മ അമ്മയാണെന്നും ഭാര്യയ്ക്കൊരിക്കലും അമ്മയുടെ സ്ഥാനം നേടാൻ പറ്റില്ലെന്നും അമ്മയെ മനസിലാക്കിക്കാൻ ഞാൻ കുറെ ശ്രമിച്ചതാ..പക്ഷെ അമ്മ മാറില്ല.. അങ്ങനെ ഉള്ളപ്പോൾ ഞാനവളെ എൻ്റെ ഇഷ്ടത്തിന് കൂടെ കൊണ്ടുപോയാൽ സമാധാനം എന്ന സാധനം തരില്ല അമ്മ എനിയ്ക്ക്… അമ്മ എത്ര ബുദ്ധിമുട്ടിച്ചാലും ഉപദ്രവിച്ചാലും ഉപേക്ഷിക്കാനും കളയാനും ഒന്നും പറ്റില്ലല്ലോ എനിയ്ക്ക്.. എൻ്റെ അമ്മയല്ലേ…?

കാര്യങ്ങൾ വിശദമാക്കി സിബി പറഞ്ഞതും ഇനിയെന്ത് എന്നൊരു ചോദ്യത്തോടെ അവനെ നോക്കി ആൽബി…

“അമ്മയുടെ സമ്മതത്തോടെ അമ്മ പറഞ്ഞിട്ടവളെ ഞാൻ കൊണ്ടുപോവുകയാണെങ്കിൽ എല്ലാം ഓക്കെയാവും അതിനൊരു വഴി കണ്ടെത്തണം നമ്മൾ…”

ആലോചനയോടെ പറഞ്ഞു കൊണ്ട് സിബി ആൽബിനെ നോക്കിയതും സിബിയെ നോക്കിയൊരു കള്ളച്ചിരി ചിരിച്ചു ആൽബി…..

“അനു കൊച്ചെവിടെ അമ്മേ…ഇത്തിരി വെള്ളം കുടിക്കാനെടുക്കാൻ പറയാനാ…”

സിബി ഗൾഫിലേക്ക് മടങ്ങി ഒന്നുരണ്ടാഴ്ച കഴിഞ്ഞൊരു ദിവസം വീട്ടിലേക്ക് കയറി വന്ന് ആൽബി തിരക്കിയതും അവനെ ചുളിഞ്ഞ മുഖത്തോടെ നോക്കി അമ്മ

ഇതിപ്പോൾ സിബി പോയതിൽ പിന്നെ ആൽബിയുടെ പതിവാണ് … എന്തിനും ഏതിനും അവൻ വിളിയ്ക്കുന്നത് അനീഷയെ ആണ്…
സിജിയോ അമ്മയോ അനീഷയ്ക്ക് ഒപ്പം ഉണ്ടെങ്കിലും അവൻ കാര്യങ്ങൾ ചോദിക്കുന്നതും ആവശ്യപ്പെടുന്നതും അനിഷയോട് തന്നെയാവും …

“നിനക്കെന്തോ ഫാൻസി സാധനങ്ങളോ മറ്റോ വാങ്ങാനുണ്ടെന്ന് സിബിയോട് പറഞ്ഞായിരുന്നോ അനൂ നീ…?
വേഗം റെഡിയായിട്ട് വാ ഞാൻ പുറത്തുപോവുന്നുണ്ട് ഇപ്പോൾ ഒരുമ്മിച്ച് പോയ് വാങ്ങിയിട്ട് വരാം…”

ആൽബിയ്ക്കുള്ള വെള്ളവുമായ് വന്ന അനീഷയോട് അവൻ തിരക്കുന്നത് കേട്ട് അവനെ തന്നെ കണ്ണെടുക്കാതെ നോക്കി അമ്മ

അനീഷയോട് സംസാരിക്കുമ്പോഴും അവളെ നോക്കുമ്പോഴും പതിവിലും അധികം തിളക്കമുണ്ടോ ആൽബിയുടെ മുഖത്ത്..?

വീണ്ടും വീണ്ടും അവർ ആൽബിയെ തന്നെ സൂക്ഷിച്ചു നോക്കിയതും തൻ്റെ തോന്നൽ ശരിയാണെന്നൊരു ചിന്ത വന്നു അവർക്കുള്ളിൽ

“അവൾക്ക് എന്താ വേണ്ടതെന്ന് വെച്ചാൽ ഞാനും അവളും കൂടി കുറച്ചു കഴിഞ്ഞ് പോയ് വാങ്ങിച്ചോളാം ആൽബീ… എനിയ്ക്ക് എന്തായാലും ഒന്ന് ടൗൺ വരെ പോകേണ്ട കാര്യമുണ്ട്…”

ആൽബിനൊപ്പം അനീഷ പോവുമെന്ന് തോന്നിയതും അവർക്കിടയിലേക്ക് കയറി അമ്മ

“അമ്മയിനി മാറ്റി ഒരുങ്ങിയിട്ടൊക്കെ വേണ്ടേ…ഇതാവുപ്പോ ഞങ്ങൾ വേഗം പോയി വരാം…”

അമ്മയോട് പറയുന്നതിനൊപ്പം ആൽബി അനീഷയെ കൂട്ടി കാറിനടുത്തേയ്ക്ക് നടന്നതും അവർക്ക് പിന്നാലെ ചെന്നവർ

“ആൽബീ നീ സിജിയെ ഒന്ന് വിളിച്ചു നോക്ക്, അവൾക്കും എന്തെങ്കിലുമൊക്കെ വാങ്ങാനുണ്ടെങ്കിലോ…?

മനസ്സിൽ നിറയുന്ന അസ്വസ്ഥതയോടെ തിരക്കി അവർ

“അനു ഉപയോഗിക്കുന്ന കൂട്ട് ഫാർസിസാധനങ്ങളൊന്നും അവള് ഉപയോഗിക്കില്ല അമ്മ… ഇനിയിപ്പോ വേണോങ്കി തന്നെ പിന്നെയാവട്ടെ…”

അവരാ പറഞ്ഞതിന് വലിയ പ്രാധാന്യം കൊടുക്കാതെ ആൽബി കാറുമെടുത്ത് പോയതും ചിന്തകൾ കാടേറിയ മനസ്സോടെ അവരുടെയാ യാത്ര നോക്കി നിന്നു അമ്മ…

“ഞാനിവിടുന്ന് പോയിട്ട് രണ്ട് മാസം തികച്ചായില്ലല്ലോ അപ്പോഴേയ്ക്കും തിരക്കിട്ട് എന്നെ വിളിച്ചു വരുത്തിയത് എന്തിനാണമ്മേ…?

സിബി ചോദിച്ചതും അവനെ നോക്കി അമ്മ

“നീ അവിടെയും അവളിവിടെയും ആയി ജീവിച്ചാൽ അത് ശരിയാവില്ല സിബീ… ചെറുപ്പമല്ലേ നിങ്ങൾ… ഇപ്പോൾ ഒരുമ്മിച്ച് ജീവിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാ… അതുകൊണ്ട് മടങ്ങി പോവുമ്പോൾ അനീഷയെ കൂടെ കൊണ്ടു പോവണം നീ … അതിനു വേണ്ടത് എന്താണെന്നു വെച്ചാൽ ചെയ്യാനാണ് നിന്നെ വിളിച്ചു വരുത്തിയത്…”

ഗൗരവവും സ്‌നേഹവും ഒരുപോലെ നിറഞ്ഞുനിൽക്കുന്ന ശബ്ദത്തിൽ അമ്മ പറയുമ്പോൾ ഉള്ളിൽ നിറഞ്ഞുയർന്ന ചിരിയോടെ ആൽബിയെ ഒന്നു നോക്കി സിബി

“എന്നാലും എൻ്റെ ആൽബി അളിയാ നിങ്ങളുടെ ബുദ്ധി അപാരം…. അനുവിനോട് നിങ്ങൾ കാണിച്ച അടുപ്പം കണ്ട് അമ്മ ശരിയ്ക്കും പേടിച്ചു പോയിട്ടുണ്ട് …അതാണിത്ര പെട്ടന്ന് ഈ കാര്യത്തിലൊരു തീരുമാനമായത്…”

സിബി പറഞ്ഞതും പൊട്ടിച്ചിരിച്ചു ആൽബി

“ഒരേ സമയം മകൻ്റെയും മകളുടെയും ജീവിതമാണ് മോനെ എൻ്റെ ആ സ്വഭാവം കൊണ്ട് ഇല്ലാതെ ആവുന്നത്… ഏതമ്മ സഹിയ്ക്കുമത്… ഞാനിത്തിരി വൃത്തികെട്ടവനായ് അമ്മയ്ക്ക് മുമ്പിലെങ്കിലും നിൻ്റെ കാര്യം നടന്നല്ലോ… ഉള്ള കാലം ഒരുമ്മിച്ച് സന്തോഷത്തോടെ ജീവിക്കാൻ നോക്കെടാ…എല്ലാവരെയും എപ്പോഴും തൃപ്തിപ്പെടുത്തി നമുക്ക് ജീവിക്കാൻ പറ്റില്ല.. ഇടയ്ക്കെല്ലാം ഇതുപോലെ വല്ല ഉടായിപ്പും ചെയ്യേണ്ടിവരും നമ്മള്…”

ആൽബി പറയെ തന്നെ തന്നെക്കാളധികം സ്‌നേഹിയ്ക്കുന്ന അവനെ തനിയ്ക്ക് സുഹൃത്തായ് തന്നതിന് ദൈവത്തോട് നന്ദി പറഞ്ഞവനെ തന്നോടു ചേർത്ത് പുണർന്നു സിബി… ഹൃദയം നിറഞ്ഞ സ്‌നേഹത്തോടെ തന്നെ…

✍️RJ

Leave a Reply

Your email address will not be published. Required fields are marked *