ആദ്യരാത്രിയിൽ സെറ്റ് സാരിയും മുല്ലപ്പൂവുമണിഞ്ഞ് ഭാര്യ വരുന്നതും പ്രതീക്ഷിച്ചിരുന്ന എന്റെ മുൻപിലേക്ക് ഷോട്ട്സും,ബനിയനുമണിഞ്ഞ് അവളെത്തിയപ്പോൾ എന്റെ സ്വപ്നങ്ങൾക്കെല്ലാം….

ആദ്യരാത്രിയിൽ സെറ്റ് സാരിയും മുല്ലപ്പൂവുമണിഞ്ഞ്
ഭാര്യ വരുന്നതും പ്രതീക്ഷിച്ചിരുന്ന എന്റെ മുൻപിലേക്ക് ഷോട്ട്സും,ബനിയനുമണിഞ്ഞ്
അവളെത്തിയപ്പോൾ എന്റെ സ്വപ്നങ്ങൾക്കെല്ലാം മങ്ങലേറ്റു….

ശ്രീരാഗ് എന്ന എന്റെ പേരിനൊപ്പം ഏട്ടാ എന്നുകൂടി ചേർത്ത് ശ്രീയേട്ടാ എന്നോ,
ശ്രീരാഗേട്ടാ എന്നോ ആയിരിക്കും അവളെന്നെ വിളിക്കുന്നതെന്ന് കരുതിയ എനിക്ക് തെറ്റി. അവളെന്നെ വിളിച്ചത്
ബേബി എന്നാണ്…

ഇത് ഭർത്താവിന്റെ വീട്ടിലെ ആദ്യത്തെ ദിവസമാണെന്ന ഒരു പരിഭ്രമവുമില്ലാതെ അവൾ അരികിലിരുന്ന് എന്റെ തോളിൽ കൈയിട്ടു..

ഉള്ളത് പറയാമല്ലോ എനിക്കാണപ്പോൾ പരിഭ്രമം തോന്നിയത്…

തൊണ്ണൂറ്റിയഞ്ചിൽ ജനിച്ച ഞാനും , രണ്ടായിരത്തിയാറിൽ ജനിച്ച അവളും
തമ്മിൽ പലകാര്യങ്ങളിലും പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു..

മുപ്പതിലെത്തിയ എന്റെ മനസ്സ് അല്പം പഴമ നിറഞ്ഞതാണ്.

ഞാനൊരു സർക്കാർ ഉദ്യോഗസ്ഥനായതുകൊണ്ടാണോ അവൾ എന്നെ വിവാഹം കഴിക്കാൻ സമ്മതിച്ചതെന്ന് എനിക്ക് സംശയമുണ്ടായിരുന്നു..

അത് സത്യമാണെന്ന് അവൾ ഇങ്ങോട്ട് തന്നെ പറഞ്ഞു..
അത് മാത്രമല്ല അല്പം പ്രായം കൂടിയ പുരുഷനാണെങ്കിൽ അവളോട് നല്ല വാത്സല്യം കാണിക്കുമത്രേ…

അവളെ കാണാൻ പാവക്കുട്ടിയെ പോലെയിരിക്കും
ഒറ്റക്കാഴ്ചയിൽ തന്നെ എന്റെ മനസ്സവളിൽ വീണുപോയതുകൊണ്ട് മാത്രമാണ്
അവളെ ഞാൻ വിവാഹം കഴിച്ചത്.

അവൾ ആദ്യം തന്നെ,
എന്റെ തലയിൽ പിടിച്ചിട്ട് പറയുകയാണ്,
ബേബി നിന്റെ മുടി അവിടെയിവിടെയായി നരച്ചിട്ടുണ്ടല്ലോയെന്ന്….

പെണ്ണുകാണാൻ കഴിഞ്ഞ് കൃത്യം പിറ്റേമാസം തന്നെ ഞങ്ങളുടെ കല്യാണം കഴിഞ്ഞിരുന്നു. അതുകൊണ്ട് അവളെ ശരിക്കും മനസ്സിലാക്കാനുള്ള സമയം എനിക്കോ
എന്നെ മനസ്സിലാക്കാനുള്ള സമയം അവൾക്കോ കിട്ടിയിട്ടില്ലെന്നുള്ളതാണ് സത്യം.

എനിക്ക് ഞങ്ങളുടെ ജീവിതത്തെക്കുറിച്ചോർത്ത് വല്ലാത്ത ഭയം തോന്നി.

പിറ്റേന്നാണ് ശരിക്കുമുള്ള പ്രശ്നം തുടങ്ങിയത്…

അടുക്കളയിൽ ദോശ ചുട്ടുകൊണ്ടിരുന്ന അമ്മയുടെ അരികിൽ പോയിരുന്ന്
ചുട്ടു വയ്ക്കുന്ന ദോശ ഓരോന്നും
അവൾ അകത്താക്കി കൊണ്ടിരുന്നു….

അമ്മയപ്പോൾ എന്നെ നോക്കിയ ഒരു നോട്ടമുണ്ട്..

അമ്മേ…..പല്ലു തേച്ചിട്ട് വരുമ്പോൾ ചൂടോടെ കഴിക്കാൻ എനിക്ക് രണ്ട് ദോശ അൽപ്പം കൂടെ മൊരിച്ചു തരണം കേട്ടോ
എന്നും പറഞ്ഞ് അവൾ മുറിയിലേക്ക് പോയി…

എന്തുവാടാ ഇത്, പല്ലു പോലും തേക്കാതെയാണോ ആ കൊച്ചിവിടെയിരുന്ന് ദോശ തിന്നത്?? അമ്മ എന്നെ നോക്കി ചോദിച്ചു..

ഞാനൊരു ചിരി ചിരിച്ചിട്ട് മുറിയിലേക്ക് പോയി..

പെരയടിക്കാനും, അത്യാവശ്യം പാത്രം കഴുകാനുമൊക്കെ അവൾ കൂടും
അല്ലാതെ ഒരു പണിയും വീട്ടിലവൾ ചെയ്യില്ല.

മുതിർന്നവരോട് യാതൊരു ബഹുമാനവും ഇല്ല. അതുമാത്രമോ, കലപില കലപിലയെന്ന് ഏത് നേരവും വർത്തമാനം പറഞ്ഞുകൊണ്ടിരിക്കും.

എന്റെ അച്ഛൻ ഒരു ഡ്രൈവറാണ്

ഇന്നലെ അച്ഛൻ കയറി വന്നത് മുഖം നിറയെ ഗൗരവുമായിട്ടാണ്..

എടാ നിന്റെ ഭാര്യയെ ടൗണിൽ വച്ച് കണ്ടു.
അച്ചൂസ് എന്നും പറഞ്ഞ്
ഓടി വന്നെന്നെ കെട്ടിപ്പിടിച്ച് എന്നേം കൊണ്ട് അടുത്തുള്ള ബേക്കറിയിലേക്ക് പോയി
അവക്കും അവളുടെ ഫ്രണ്ട്സിനുമെല്ലാം ഞാൻ ഷേയ്ക്കും,ഓരോ കഷ്ണം കേക്കും വാങ്ങിച്ചു കൊടുക്കേണ്ടി വന്നു.
എന്റെ ഒരു ദിവസത്തെ ഓട്ടത്തിന്റെ പണം മുഴുവനും പോയി കിട്ടി..

ഇത് എന്നതാടാ ആരപ്പിരി ഇളകിയത് പോലെ…
ഓഹ്…ഇതാണല്ലോ ന്യൂ ജനറേഷൻ അല്ലേ…??
അച്ഛൻ പുച്ഛത്തോടെ എന്നെ നോക്കി.

ഓരോ ദിവസവും എനിക്ക് ഭയമാണ്
അവൾ എന്തൊക്കെ കുരുത്തക്കേടാണ് ഒപ്പിച്ചു വെക്കുകയെന്നോർത്ത്

അവൾക്ക് ആര് ജോലി കൊടുത്തു
എന്ന് ഞാനത്ഭുതത്തോടെ ഓർക്കാറുണ്ട്…
എന്നാ ഒരു മിരുമിരുപ്പാ…

അതൊക്കെ പോട്ടെ, ഞാൻ ഭക്ഷണം കഴിക്കുന്ന പാത്രം അവൾ കഴുകി വെക്കില്ല…എന്റെ തുണി അലക്കില്ല.
ഒന്നും ചെയ്യില്ല..

ആഴ്ചയിൽ ഒരിക്കൽ അവളുടെ തുണിയെല്ലാം കൂടി വാരിയിട്ടു മെഷീനിൽ അലക്കുന്നത് കാണാം…

എന്റേതും കൂടെ അലക്കിക്കൂടെ എന്ന് ചോദിച്ചാൽ, ബേബിക്ക് ഇതൊക്കെ സ്വയം ചെയ്യാവുന്നതല്ലേയുള്ളൂ എന്നവൾ ചോദിക്കും

ഉള്ളത് പറഞ്ഞാൽ എന്റെ സുഹൃത്തുക്കൾ ഒപ്പമുള്ളപ്പോഴൊന്നും അവളെ കാണരുതെന്ന്
ഞാൻ പ്രാർത്ഥിക്കുമായിരുന്നു..

കാതിൽ കമ്മൽ പോലും ഇടില്ല…
എത്ര ചുരിദാറും സാരിയുമൊക്കെ ഞാൻ അവൾക്ക് വാങ്ങിക്കൊടുത്തു. അതെല്ലാം അവൾ എന്റെ അമ്മയ്ക്ക് കൊടുത്തു.

മോഡേൺ ഡ്രസ്സ് മാത്രമേ അവൾ ധരിക്കൂ…

അടക്കോം ഒതുക്കോമുള്ള
ഒരു പാവം പെണ്ണിനെ കൊതിച്ച എനിക്ക് കിട്ടിയത് അനുസരണക്കേടിന്
കൈയ്യും കാലും വച്ച ഒരു പെൺകുട്ടിയെയാണ്…

ഒരൂസം അച്ഛൻ വന്നിട്ട് പറയുകയാണ് എങ്ങനെയെങ്കിലും നീ ഇവളെയും വിളിച്ചുകൊണ്ട് ഇവിടെ നിന്നും താമസം മാറ്റണമെന്ന്..

എന്താ അച്ഛാ കാര്യമെന്ന് ചോദിച്ചപ്പോൾ പറയുകയാണ്, നിന്റെ ഭാര്യ എന്റെ ഭാര്യയെ ചീത്തയാക്കുന്നുവെന്ന്…

അല്ലെങ്കിലും ഈയിടെയായി ഇവിടെ
ചില മാറ്റങ്ങൾ കാണുന്നുണ്ട്…

ഇത്രനാൾ ഭർത്താവിനെയും മകനെയും ഒക്കെ നോക്കി അടങ്ങിയൊതുങ്ങി
ജീവിച്ച അമ്മ ഇപ്പോൾ കൂട്ടുകാരോടൊപ്പം ഷോപ്പിങ്ങിനു പോകുന്നു, അവരോടൊപ്പം ടൂറിന് പോകുന്നു. സാരി മാത്രം ധരിച്ചിരുന്ന അമ്മയിപ്പോൾ ചുരിദാറും, ഇറക്കമുള്ള ഫ്രോക്കും ഒക്കെ ഉപയോഗിക്കുന്നു…

ഇന്നലെ അവൾ എന്നോട് ചോദിക്കാതെ എന്റെ ബുള്ളറ്റ് എടുത്ത്,അതിന്റെ പിറകിൽ അമ്മയെയും കയറ്റി ടൗണിലൂടെ പോകുന്നത് കണ്ടെന്റെ കണ്ണ് തള്ളി…

അവരുടെ പോക്ക് കണ്ട് ആളുകളൊക്കെ തുറിച്ചു നോക്കുന്നത് കണ്ടപ്പോൾ എനിക്ക് എന്തോ പോലെയായി…

ശരിയാണ് അവൾ അമ്മയെ കൂടി ചീത്തയാക്കും …

പക്ഷേ…. അമ്മയ്ക്ക് അവളെ ജീവനാണ്…

രണ്ടുപേരുംകൂടി തോളത്തു കൈയിട്ടു വർത്തമാനം പറഞ്ഞിരിക്കുന്നത് കാണുമ്പോൾ, എന്താണ് ഇവർക്കിത്രമാത്രം സംസാരിക്കാനുള്ളതെന്ന് തോന്നിപ്പോകും…

അവള് കിട്ടുന്ന സാലറിയിൽ കുറച്ചൊക്കെ അമ്മയ്ക്ക് കൊടുക്കുന്നുണ്ടെന്ന് തോന്നുന്നു അമ്മ ഇപ്പോൾ പണം പലിശക്ക് കൊടുക്കുന്നുണ്ടെന്നാണ് എന്റെ അറിവ്.

അതുമാത്രമല്ല അമ്മ വീട്ടിലിരുന്ന് സോപ്പുപൊടിയോ, ലോഷനോ അങ്ങനെ ഏതാണ്ടൊക്കെ പ്രോഡക്ടുകൾ ഉണ്ടാക്കുന്നുണ്ട്.
സഹായത്തിന് അമ്മയുടെ കുറച്ച് സുഹൃത്തുക്കൾ ഉണ്ട്.
ഇതിനൊക്കെയുള്ള പണം അവളാണ് കൊടുക്കുന്നതെന്ന് തോന്നുന്നു.

ഉള്ളത് പറയാമല്ലോ ഇത്രയും കാലം ഞങ്ങൾ മുന്നോട്ടു പോയതുപോലെയല്ല ഇപ്പോൾ.

മുൻപൊക്കെ അമ്മ എല്ലാ കാര്യങ്ങളും എനിക്കും അച്ഛനും ചെയ്തു തരുമായിരുന്നു.

ഇപ്പോൾ അമ്മേ എന്ന് വിളിച്ചാൽ
എന്നതാടാ ചെറുക്കാ… നീ എന്നതാണെന്ന് വെച്ചാൽ അങ്ങോട്ട് എടുക്ക്, എന്ന് പറയും..

എന്നാലും അവൾ എത്ര പെട്ടെന്നാണ് എന്റെ ഭാര്യയെ ചീത്തയാക്കിയതെന്ന അച്ഛന്റെ പിറുപിറുക്കൽ ഞാൻ കേൾക്കാത്ത പോലയിരിക്കും…

അച്ഛൻ ഇടയ്ക്കെന്റെ മുഖത്തേക്ക് ദയാവായ്പ്പോടെ നോക്കും..

നിനക്ക് ഇത്തിരി പ്രായവും പക്വതയും ഒക്കെയുള്ള ഒരു പെൺകുട്ടിയെ നോക്കിയാൽ പോരായിരുന്നോ എന്ന് ചോദിക്കും…

അങ്ങനെയൊക്കെ ചോദിച്ചുകൊണ്ടിരുന്ന അച്ഛനിലും ഈയിടെയായി, ചില മാറ്റങ്ങൾ ഞാൻ കണ്ടു തുടങ്ങി…

അച്ഛന്റെ പോക്കറ്റിൽ
പഴയ കുഞ്ഞു ഫോണിന് പകരം ടച്ച് ഫോൺ സ്ഥാനം പിടിച്ചു.

വെളുത്തിരുന്ന താടിയും മീശയും മുടിയും ഒക്കെ കറുപ്പിച്ച്… അച്ഛൻ ഒന്നുകൂടെ ചെറുപ്പമായി

കള്ളിമുണ്ട് ഉടുത്തു കൊണ്ടിരുന്ന അച്ഛൻ വളരെ പെട്ടെന്ന് ബാഗിപാന്റിലേക്ക് മാറി…

സത്യം പറയാമല്ലോ അവൾ എന്റെ അച്ഛനെയും വല്ലാതെ വഷളാക്കി…

ചിലപ്പോൾ ജോലി കഴിഞ്ഞ് കൂട്ടുകാരോടൊപ്പം ഒരു കറക്കമൊക്കെ കഴിഞ്ഞ് രാത്രിയിൽ ഞാൻ കയറി വരുമ്പോൾ മൂന്നുപേരും കൂടെ ഇരുന്ന് ചീ.ട്ട് കളിക്കുന്നത് കാണാം…

ഒറ്റയെണ്ണങ്ങൾ എന്റെ കാര്യം നോക്കില്ലെന്നായപ്പോൾ ഞാൻ തന്നെ എന്റെ സ്വന്തം കാര്യങ്ങളൊക്കെ ചെയ്യാൻ തുടങ്ങി….

ഇപ്പോൾ എന്നെ നിങ്ങളൊന്ന് സൂക്ഷിച്ചു നോക്കിക്കേ , എനിക്കും ചില മാറ്റങ്ങൾ നിങ്ങൾ കാണുന്നില്ലേ…..

ആഹ്… അതാണ് ഞാൻ പറഞ്ഞത്
എന്റെ വീട്ടിലേക്ക് കയറി വന്ന ആ ന്യൂജനറേഷൻ പെണ്ണ്, ഞങ്ങളെ മൂന്നു പേരെയും വഷളാക്കി…

പക്ഷേ ഒരൊറ്റ കാര്യം മാത്രം ഞാൻ പറയാം കേട്ടോ, അവൾ വന്നതിൽ പിന്നെ ഞങ്ങൾ ജീവിതത്തെ കൂടുതൽ സ്നേഹിച്ചു തുടങ്ങി.
കാര്യമെന്തൊക്കെയാണെന്ന് പറഞ്ഞാലും അവൾ ഞങ്ങളുടെ ജീവനാണ് കേട്ടോ…

കാലം മാറുമ്പോൾ നമുക്കും മാറാതിരിക്കാൻ പറ്റില്ലാലോ…

എന്നാപ്പിന്നെ ഞാനങ്ങോട്ട് ചെല്ലട്ടെ…. ഇല്ലെങ്കിൽ എന്റെ ഭാര്യ വീടെടുത്ത് കമിഴ്ത്തി വയ്ക്കും..

✍️Anju Thankachan

Leave a Reply

Your email address will not be published. Required fields are marked *