“പത്ത് മാസം ചുമന്ന് പ്രസവിച്ചത് ഞാനാണെങ്കിൽ കുഞ്ഞിന് എന്ത് പേരിടണം എന്ന് തീരുമാനിക്കേണ്ടതും ഞാനാണ് അല്ലാതെ നിങ്ങളുടെ അമ്മയല്ല…”
അത്രയും നാൾ ഉള്ളിൽ അടക്കിവെച്ചിരുന്ന ദേഷ്യവും സങ്കടവും ഒരുമിച്ച് പുറത്തുവന്നപ്പോൾ ശബ്ദത്തിനൊപ്പം അവളുടെ ശരീരവും ഒരുപോലെ വിറച്ചു.
താര പറഞ്ഞത് കേട്ട് ആ വീട്ടിൽ ഉണ്ടായിരുന്നവർ ഒരു നിമിഷം നിശബ്ദരായി.
ഇത്രയും കാലം ശബ്ദം ഉയർത്തി ഒരു വാക്കുപോലും സംസാരിക്കാത്ത പെണ്ണായിരുന്നു. അതുകൊണ്ടുതന്നെ അവളുടെ മാറ്റം ആർക്കും അത്ര പെട്ടെന്ന് ഉൾക്കൊള്ളാൻ ആയില്ല.
അവളുടെ ശബ്ദം ഉയർന്നതിൽ ഏറ്റവും കൂടുതൽ അസ്വസ്ഥയായത് ഭർത്താവിന്റെ അമ്മയായ ശാരദയാണ്.
“ഒന്ന് പെറ്റ് എണീറ്റപ്പോഴേക്കും അവളുടെ നെഗളിപ്പ് കണ്ടില്ലേ വിനോദേ..? ലോകത്തിൽ ആദ്യമായാണല്ലോ പേറും പേരുവിളിയും നടക്കുന്നത്. നീ ഇത്ര പറയാൻ മാത്രം ഞാൻ എന്താ നിന്റെ കുഞ്ഞിന് മോശം പേരെങ്ങാനും ആണോ പറഞ്ഞത്?കാലാകാലങ്ങളായി ഈ കുടുംബത്തിൽ ഒരു കുഞ്ഞു ജനിച്ചാൽ കുഞ്ഞിന്റെ അച്ഛമ്മയ്ക്ക് ആണ് പേരിടാൻ അവകാശം. ഈ നിൽക്കുന്ന നിന്റെ കെട്ടിയോൻ വിനോദിന്റെ പേര് ആരാ ഇട്ടത്? അവന്റെ അച്ഛമ്മ. അത് അവരുടെ അവകാശമാണ്. നീയായിട്ട് ഇനിയത് മാറ്റാനുള്ള പുറപ്പാടാണോ..?”
അമ്മായിയമ്മയുടെ മറു ചോദ്യം കേട്ടപ്പോൾ അവൾ തന്റെ ഭർത്താവിനെ നോക്കി. പതിവുപോലെ വിനോദ് മിണ്ടാതെ നിൽക്കുകയാണ്.
ആ മൗനത്തിന്റെ അർത്ഥം അവൾക്ക് നന്നായി അറിയാമായിരുന്നു. ഇത് കുറച്ചു വർഷങ്ങളായി കാണാൻ തുടങ്ങിയതാണ്.
അമ്മയുടെ ഉത്തരവുകൾക്കും കുറ്റപ്പെടുത്തലുകൾക്കും മുന്നിൽ ഒന്നുകിൽ വിനോദ് മൗനമായി നിൽക്കും അല്ലെങ്കിൽ അമ്മയുടെ പക്ഷം ചേരും അതുമല്ലെങ്കിൽ അവിടെനിന്ന് ഒഴിഞ്ഞുമാറും.
അഞ്ചുവർഷത്തെ ദാമ്പത്യ ജീവിതത്തിൽ അവൾ കണ്ടും അനുഭവിച്ചും ശീലിച്ച കാഴ്ചയായിരുന്നു അത്.
കല്യാണം കഴിഞ്ഞ് ഈ വീട്ടിലേക്ക് കയറി വന്ന ദിവസം മുതൽ അവൾക്ക് തന്റെ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം നഷ്ടമായിരുന്നു.
രാത്രി എപ്പോൾ കിടക്കണം, രാവിലെ എത്ര മണിക്ക് എഴുന്നേൽക്കണം,എന്ത് വസ്ത്രം ധരിക്കണം, എവിടേക്ക് പോകണം,ആരോട് സംസാരിക്കണം, എന്ത് കറി വയ്ക്കണം, ഭക്ഷണത്തിൽ എത്ര ഉപ്പിടണം, എന്ത് ഭക്ഷണം ഉണ്ടാക്കണം ഇതെല്ലാം അമ്മായിയമ്മയുടെ തീരുമാനപ്രകാരം ആയിരുന്നു.
ഒരാഴ്ചയ്ക്ക് കരുതിവെച്ച വെളിച്ചെണ്ണയിൽ ഒരല്പം കുറവ് വന്നാൽ പോലും അതിന് കുറ്റം താരയ്ക്കാണ്. പകൽ സമയങ്ങളിൽ ഫാൻ ഇട്ട് മുറിയിൽ ഇരുന്നാൽ അതിനും പഴി കേൾക്കണം.
“ഏത് സമയവും മുറിക്കകത്ത് കയറി ഫാൻ ഇട്ടിരുന്നാൽ കരണ്ട് ബില്ല് ആര് കൊടുക്കുമെന്നാ..എന്റെ മോൻ ഒരാള് സമ്പാദിച്ചിട്ട് വേണം….”
അത് കേൾക്കാൻ തുടങ്ങിയതിൽ പിന്നെ എത്ര ചൂടാണെങ്കിലും അവൾ പുറത്തുവന്നിരിക്കും.
സ്വന്തം വീട്ടിലൊന്ന് പോകണമെങ്കിൽ ആദ്യം അവരോടാണ് അനുവാദം ചോദിക്കേണ്ടത്.
അമ്മ സമ്മതിച്ചെങ്കിൽ മാത്രം പൊയ്ക്കോ എന്നായിരുന്നു എപ്പോഴും വിനോദിന്റെ മറുപടി.
അവസാനം എന്തിനു പോകുന്നു ഏതിന് പോകുന്നു എന്ന് തുടങ്ങി നൂറായിരം ചോദ്യങ്ങൾക്കൊടുവിൽ തിരിച്ചുവരേണ്ട ദിവസവും കുറിച്ച് പറഞ്ഞുവിടും.
പോയി തിരിച്ചുവന്നാലോ പിന്നെ രണ്ടു ദിവസത്തേക്ക് മുഖത്തുകൂടി നോക്കില്ല.എവിടെയോ വലിഞ്ഞു കയറി വന്നവളെ പോലെ അവൾ ആ ദിനങ്ങൾ തള്ളിനീക്കും.
ആദ്യമൊക്കെ അതെല്ലാം ജീവിതത്തിന്റെ ഭാഗമായിട്ടാണ് അവൾ കണ്ടിരുന്നത്.
പുതിയ വീട്,പുതിയ സാഹചര്യങ്ങൾ,ഇവിടുത്തെ രീതികൾ അറിയാത്തതു കൊണ്ടായിരിക്കാം അമ്മ എല്ലാം പറഞ്ഞു തരുന്നതെന്ന് അവൾ കരുതി.
പതുക്കെ പതുക്കെ എല്ലാം പഠിച്ചെടുക്കാമെന്നും ഒരുനാൾ അമ്മ തന്നെ മകളായി അംഗീകരിക്കുമെന്നും അവൾ വിശ്വസിച്ചു.
പക്ഷേ ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കഴിഞ്ഞിട്ടും അവരുടെ സ്വഭാവത്തിൽ യാതൊരുവിധ മാറ്റവും വന്നില്ല.മാറിയത് അവളുടെ പ്രതീക്ഷകൾ മാത്രമായിരുന്നു.
താരയുടെ നല്ല വശങ്ങൾ ഉൾക്കൊള്ളുന്നതിന് പകരം തെറ്റുകൾ മാത്രം ചികഞ്ഞെടുത്ത് കുറ്റപ്പെടുത്താനാണ് അവർ എപ്പോഴും ഉത്സാഹം പ്രകടിപ്പിച്ചത്.
അവൾക്ക് ഇഷ്ടമുള്ള ഭക്ഷണം പാകം ചെയ്താൽ കുറ്റം,ഭർത്താവിനൊപ്പം പുറത്തെവിടെയെങ്കിലും പോയാൽ കുറ്റം,എന്തിനേറെ രണ്ടുപേരും ഒറ്റയ്ക്കിരുന്ന് സംസാരിക്കുന്നത് പോലും അവർ തീരുമാനിക്കുന്ന സമയത്തും രീതിയിലും ആയിരിക്കണം.
ഇതിനെക്കുറിച്ചെല്ലാം താര ഭർത്താവിനോട് പലവട്ടം സങ്കടം പറഞ്ഞിട്ടുണ്ട്.
” എന്തിനാണ് വിനോദേട്ടാ നമ്മുടെ എല്ലാ കാര്യത്തിലും അമ്മ ഇങ്ങനെ അനാവശ്യമായി ഇടപെടുന്നത്?നമ്മുടെ കാര്യങ്ങൾ നമ്മൾ പരസ്പരം തീരുമാനിച്ചല്ലേ ചെയ്യേണ്ടത്? ഇത് കുറച്ച് ഓവർ അല്ലേ? ”
അവൾ അത് പറയുമ്പോൾ എല്ലാം വിനോദിന്റെ മറുപടി ഒന്ന് തന്നെയായിരുന്നു
“അമ്മ പണ്ട് തൊട്ടേ ഇങ്ങനെയാ നീ അതൊന്നും വലിയ കാര്യമായിട്ട് എടുക്കണ്ട.. സ്നേഹം കൊണ്ടാണ്.”അത്രയും പറഞ്ഞ് അവൻ വിഷയം അവസാനിപ്പിക്കും.
പക്ഷേ അവൾക്കത് നിസ്സാരമായി തള്ളിക്കളയാവുന്ന ഒന്നായിരുന്നില്ല.ഓരോ ദിവസം കഴിയുംതോറും അവളിൽ മാനസിക പിരിമുറുക്കം കൂടി വന്നു.
ഓരോ തവണയും സ്വന്തം തീരുമാനങ്ങൾക്ക് വിലക്ക് കൽപ്പിക്കപ്പെടുമ്പോൾ താൻ ഈ വീട്ടിൽ ആരാണെന്നുള്ള ചോദ്യത്തിന് അവളിൽ വ്യക്തത കൂടി വന്നു.
എന്നിട്ടും അവൾ എല്ലാം സഹിച്ചു. ഭർത്താവ് ഒരുനാൾ തന്നെ മനസ്സിലാക്കും എന്ന് കരുതിയാകാം അല്ലെങ്കിൽ ആ പെണ്ണ് കയറിവന്ന് കുടുംബം നശിപ്പിച്ചെന്ന ശാപവാക്ക് കേൾക്കാതിരിക്കാൻ ആകാം.. എല്ലാം അവൾ ഉള്ളിലൊതുക്കി.
പിന്നീട് അപ്രതീക്ഷിതമായാണ് അവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു വന്നത്.
ആ കുഞ്ഞ് ഉദരത്തിൽ പിറവികൊണ്ട നാൾ മുതൽ അവൾ ഒരുപാട് സന്തോഷിച്ചു.
ആ കുഞ്ഞിനെ എങ്ങനെ വളർത്തണം, എന്തൊക്കെ പഠിപ്പിക്കണം, എങ്ങനെയുള്ള ജീവിതം നൽകണം എന്നൊക്കെ അവൾ സ്വപ്നം കണ്ടു.
തനിക്ക് കിട്ടാതെ പോയ സ്വാതന്ത്ര്യം തന്റെ കുഞ്ഞിന് നിഷേധിക്കരുതെന്ന് അവൾ അന്നേ മനസ്സിൽ ഉറപ്പിച്ചിരുന്നു.
അങ്ങനെ കത്തിരിപ്പിനൊടുവിൽ പ്രാണൻ പകുത്ത് നൽകി തന്റെ കുഞ്ഞിന് ജന്മം നൽകുമ്പോൾ അവൾ കരഞ്ഞത് വേദന കൊണ്ട് മാത്രമായിരുന്നില്ല. ഇത്രയും നാൾ അനുഭവിച്ച ഒറ്റപ്പെടലുകൾക്കിടയിൽ തന്റെ സ്വന്തം എന്ന് പറയാൻ ഒരാൾ വന്നതിന്റെ സന്തോഷം കൂടിയായിരുന്നു.
പക്ഷേ കുഞ്ഞു ജനിച്ചതോടെ കാര്യങ്ങൾ വീണ്ടും പഴയ പടിയായി!.
കുഞ്ഞിന് എന്ത് വസ്ത്രം ധരിപ്പിക്കണം, എപ്പോൾ പാൽ കൊടുക്കണം, എപ്പോൾ ഉറക്കണം,എങ്ങനെ കുളിപ്പിക്കണം എന്നിങ്ങനെ ഓരോ കാര്യങ്ങളിലും അവർക്ക് തീരുമാനങ്ങൾ ഉണ്ടായിരുന്നു.
അവൾ സ്വന്തം കുഞ്ഞിനെ താലോലിക്കുമ്പോൾ പോലും പിന്നിൽ നിന്ന് നിർദ്ദേശങ്ങൾ വന്നുകൊണ്ടിരുന്നു.
“അങ്ങനെ പിടിക്കല്ലേ തല ഉറച്ചിട്ടില്ലാത്ത കൊച്ചാണ്..”
” പാലു കൊടുക്ക് കുഞ്ഞു കരയുന്നത് കണ്ടില്ലേ.. ”
” കുഞ്ഞിനെ ഞാൻ നോക്കിക്കോളാം നീ അടുക്കളയിലേക്ക് ചെല്ല്.. ”
ഇങ്ങനെ ആജ്ഞാപനങ്ങൾ ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടിരുന്നു.
ആദ്യമെല്ലാം അവൾ ഒന്നും മിണ്ടിയില്ല.കുഞ്ഞിനെ വളർത്തിയ പരിചയം അവർക്ക് ഉണ്ടല്ലോ എന്ന് കരുതി പലതും സഹിച്ചു.
എന്നാൽ പതിയെ പതിയെ അവൾക്ക് സത്യം മനസ്സിലായി. സ്വന്തം കാര്യത്തിൽ തീരുമാനങ്ങൾ എടുക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ലാതാക്കിയ പോലെ തന്നെ കുഞ്ഞിന്റെ കാര്യത്തിലും അവകാശമില്ലെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണ് അവരെന്ന്.
കുഞ്ഞു ഒന്ന് കരഞ്ഞാൽ.. കുഞ്ഞിന് എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽ.. കുഞ്ഞ് ഉറങ്ങിയില്ലെങ്കിൽ അവർ അവളെ കുറ്റപ്പെടുത്തി കൊണ്ടിരിക്കും.
പക്ഷേ കുഞ്ഞിന്റെ കാര്യത്തിൽ എന്തെങ്കിലും തീരുമാനം എടുക്കേണ്ടി വന്നാൽ മാത്രം അവളെ തഴഞ്ഞ് അവർ മുന്നിലെത്തും.അതിന്റെ കൂടെ ഭർത്താവിന്റെ മൗനവും അവളെ ഏറെ നിരാശയിലാഴ്ത്തി.
കുഞ്ഞ് ജനിച്ചതോടെ തന്റെ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കുമെന്നാണ് അവൾ കരുതിയിരുന്നത്.
എന്നാൽ കുഞ്ഞിന്റെ ഒരു കാര്യത്തിലും താര തീരുമാനങ്ങൾ എടുക്കരുത് എന്ന് അവർക്ക് വാശിയായിരുന്നു.ആ വാശി കുഞ്ഞിന് എന്ത് പേരിടണം എന്നത് വരെ എത്തിനിന്നു.
താരക്കും വിനോദിനും ഇഷ്ടമുള്ള പേരുകൾ പറഞ്ഞപ്പോൾ അതൊന്നും അവർക്ക് സ്വീകാരമായിരുന്നില്ല.
ഒടുവിൽ അവർക്ക് ഇഷ്ടപ്പെട്ട ഒരു പേര് ഉറപ്പിച്ച മട്ടിൽ എല്ലാവരോടും പറയുകയും ചെയ്തു.
അത് താരക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു. ആറ്റുനോറ്റ് ഒരു കുഞ്ഞിനെ കിട്ടിയിട്ട് ഒരു പേരിടാൻ പോലും തനിക്ക് അവകാശമില്ലെന്ന ചിന്ത അവളിലെ അമ്മയെ വ്രണപ്പെടുത്തി.ഒടുവിൽ സഹികെട്ടാണ് അവൾ പ്രതികരിച്ചത്.
“ഈ വീട്ടിൽ ഇതുവരെ നിങ്ങൾ പറയുന്നതുപോലെയല്ലേ എല്ലാം നടന്നിട്ടുള്ളൂ.. ഞാൻ എതിർത്തിട്ടുണ്ടോ?എനിക്കിഷ്ടമുള്ളതെല്ലാം നിങ്ങളുടെ തീരുമാനങ്ങൾക്ക് മുന്നിൽ ഞാൻ ഉപേക്ഷിച്ചിട്ടില്ലേ?എന്നിട്ട് എന്റെ കുഞ്ഞിന്റെ കാര്യത്തിൽ പോലും എനിക്കൊരു തീരുമാനമെടുക്കാൻ അവകാശമില്ലെന്ന് പറഞ്ഞാൽ ഞാൻ പിന്നെ മിണ്ടാതിരിക്കണം എന്നാണോ?”വാക്കുകൾ ഇടറി എങ്കിലും അവൾ കരഞ്ഞില്ല.
” കുഞ്ഞിനെ വളർത്തുന്നത് നിങ്ങളുടെ ഇഷ്ടത്തിന്.. പേരിടുന്നത് നിങ്ങളുടെ ഇഷ്ടത്തിന്.. പിന്നെ ഞാൻ എന്തിനാണ് കുഞ്ഞിന്റെ അമ്മയായിട്ട് ഇവിടെ നിൽക്കുന്നത്? ”
“വിനോദേ, നിന്റെ ഭാര്യയ്ക്ക് എന്താ ഭ്രാന്തായോ.. അവൾ പറയുന്നത് കേട്ടില്ലേ?” മകനെ നോക്കിക്കൊണ്ട് അവർ ഒച്ച വെച്ചു.
” എനിക്ക് ഭ്രാന്ത് ഒന്നുമില്ല അമ്മേ..ഭ്രാന്ത് വരാതിരിക്കാൻ ആണ് ഇപ്പോഴെങ്കിലും ഞാൻ ഇത് പറയുന്നത്. ഇതുവരെ ഞാൻ മൗനം പാലിച്ചത് നിങ്ങൾ പറയുന്നതെല്ലാം ശരിയായതു കൊണ്ടല്ല ഈ വീട്ടിൽ ഞാൻ കാരണം ഒരു പ്രശ്നം ഉണ്ടാകേണ്ട എന്ന് കരുതിയാണ്.പക്ഷേ അത് എന്റെ ജീവിതം തകർക്കാനുള്ള ലൈസൻസ് ആയി തോന്നിയെങ്കിൽ ഇനി അങ്ങനെയാവില്ല.. ”
അവൾ ഭർത്താവിന്റെ നേരെ തിരിഞ്ഞു
“ഇനി നിങ്ങളോടാണ് പറയാനുള്ളത്.കല്യാണം കഴിഞ്ഞ് ഈ വീട്ടിലേക്ക് വന്ന നാൾ മുതൽ എല്ലാറ്റിനും നിങ്ങളുടെ അമ്മയുടെ അനുവാദം വേണമായിരുന്നു.എന്തിനും ഏതിനും അവർ എന്നെ കുറ്റപ്പെടുത്തുമ്പോഴും നിങ്ങൾ മൗനം പാലിച്ചു.അന്നൊക്കെ ഞാൻ സഹിച്ചു, ക്ഷമിച്ചു. നിങ്ങൾക്ക് വേണ്ടി.. പക്ഷേ ഇപ്പോൾ നമ്മുടെ കുഞ്ഞിന്റെ കാര്യത്തിൽ പോലും നമ്മൾ ആരും അല്ലാതാവുമ്പോൾ നിങ്ങൾക്ക് ഒന്നും പറയാനില്ലേ…?നിങ്ങളുടെ കുഞ്ഞിന് എന്ത് പേരിടണം എന്ന് തീരുമാനിക്കാൻ പോലും നിങ്ങളെക്കൊണ്ട് പറ്റുന്നില്ലേ? അതോ നിങ്ങളുടെ അമ്മ പറയുന്നത് മാത്രം അനുസരിക്കുക എന്നതാണോ നിങ്ങളുടെ തീരുമാനം?”
വിനോദ് എന്തോ പറയാൻ വാ തുറന്നെങ്കിലും വാക്കുകൾ പുറത്തുവന്നില്ല.താര അവനെ തന്നെ നോക്കി നിന്നു. ഇത്തവണ അവന്റെ മൗനത്തിന് മുന്നിൽ തലകുനിക്കാൻ അവൾ തയ്യാറായിരുന്നില്ല.
” ഞാൻ നിങ്ങളുടെ അമ്മയെ ഉപേക്ഷിക്കണം എന്ന് പറയുന്നില്ല,അമ്മയെ സ്നേഹിക്കരുതെന്നും പറയുന്നില്ല,പക്ഷേ അമ്മയ്ക്കുള്ളതുപോലെ തന്നെ എനിക്കും ഒരു ജീവിതമുണ്ട്. ആ ജീവിതത്തിൽ ഇഷ്ടമുള്ള തീരുമാനങ്ങൾ എടുക്കാൻ എനിക്കും അവകാശമുണ്ട്. അതെങ്കിലും അനുവദിച്ചൂടെ.. ”
അവിടെ വീണ്ടും നിശബ്ദത തളംകെട്ടി നിന്നു . അമ്മായിയമ്മയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്ന് തുടിച്ചു.വിനോദ് അപ്പോഴും മൗനം തുടർന്നു .. അവൾ കുഞ്ഞിനെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു.
” ഇനി എല്ലാവരും കേൾക്കാൻ വേണ്ടി ഒരു കാര്യം കൂടി ഞാൻ പറയാം.. ഇത് ഞാൻ പ്രസവിച്ച കുഞ്ഞാണ്.ഇവൾക്ക് എന്ത് പേരിടണം എന്ന് ഞാൻ തീരുമാനിച്ചു വച്ചിട്ടുണ്ട് ആ ഒരു പേരിൽ മാത്രമേ എന്റെ കുഞ്ഞ് ഇനി അറിയപ്പെടുകയുള്ളൂ..ഇത് ഇവളുടെ അമ്മയുടെ വാക്കാണ്.. ”
അതും പറഞ്ഞു കൊണ്ട് അവൾ മുറിയിലേക്ക് പോയി.. ശാരദാമ്മ അപ്പോഴും എന്തൊക്കെയോ പിറു പിറുത്തു കൊണ്ടിരുന്നു.പക്ഷേ ആ നിമിഷം അവൾ ഒരു തീരുമാനമെടുത്തു കഴിഞ്ഞിരുന്നു. ഇനി ആർക്കുവേണ്ടിയും തന്റെ തീരുമാനങ്ങൾ ഉപേക്ഷിക്കില്ലെന്നും ഒരു കുടുംബത്തിലെ സന്തോഷം നിലനിർത്താൻ ഒരാൾ മാത്രം തന്റെ ഇഷ്ടത്തെ ഹനിക്കേണ്ടതില്ല എന്നും.
അംബിക ശിവശങ്കരൻ
