കല്യാണം കഴിഞ്ഞ് മൂന്നാമത്തെ ദിവസം വൈകിട്ട്. വീടിന്റെ കിഴക്കുവശത്ത് നിന്നിരുന്ന മുല്ലച്ചെടിയിൽ നിന്ന് കുറച്ചു പൂക്കൾ ഇറുത്തുകൊണ്ടിരിക്കുമ്പോഴാണ് അമ്മായിയമ്മ എന്റെ അടുത്തേക്ക് വന്നത്.
കയ്യിൽ കിടന്നിരുന്ന മൂന്നാല് വളകൾ പിടിച്ചു നോക്കുന്നത് കണ്ടപ്പോൾ തന്നെ മനസ്സിലായി, അത് എത്ര പവനുണ്ടെന്ന് നോക്കാനുള്ള ഒരടവാണന്ന്. എനിക്ക് പതിയെ ചിരി വരുന്നുണ്ടായിരുന്നു.
“ഇതിനൊന്നും അത്ര കനം ഒന്നുമില്ലല്ലോ നീന. എല്ലാം പൊള്ളയാണോ.. വളഞ്ഞിരിക്കുന്നത് പോലെയാണല്ലോ. സ്വർണ്ണം കുറവായിരിക്കും അല്ലേ? വെയിറ്റ് തോന്നുന്നില്ലല്ലോ, പൊലിപ്പിച്ചുണ്ടാക്കിയതായിരിക്കും…
അല്ലേലും ഇന്നത്തെക്കാലത്ത് ആരും നല്ല സ്വർണ്ണം തരാനൊന്നും പോകുന്നില്ല,”
അമ്മ കുറ്റപ്പെടുത്തൽ പോലെ പറഞ്ഞു.
പുത്തരിയിൽ കല്ല് കടിച്ചത് പോലെ ആ വാചകം എന്നെ വല്ലാതെ നോവിച്ചു. എങ്കിലും വെറുതെ ഒന്ന് ചിരിച്ചു കാണിക്കുകയല്ലാതെ എനിക്ക് വേറെ വഴി ഉണ്ടായിരുന്നില്ല.
വളകൾ നോക്കുന്ന കൂട്ടത്തിലാണ് നീട്ടി വളർത്തിയിരിക്കുന്ന എന്റെ കൈവിരലുകളിലെ നഖങ്ങൾ അവരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഉടനെ വന്നു അടുത്ത ചോദ്യംവന്നു..
“ഇതെന്താ നീന, ഈ നഖമൊക്കെ മുറിച്ചുകൂടെ.. വെറുതെ ഇതിലൊക്കെ ചായംപൂശി നടക്കുന്നതെന്തിന് ഞങ്ങളുടെയൊക്കെ വീട്ടിൽ ഇതൊന്നും ആരും അനുവദിക്കാറില്ല. ഇങ്ങനെ നീട്ടി വളർത്തിയാൽ എങ്ങനെയാ വീട്ടുജോലികളൊക്കെ ചെയ്യുക?”
കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. കഷ്ടപ്പെട്ട് വളർത്തിയ നഖമാണ്. എത്രയോ തവണ ഒടിഞ്ഞുപോയിരിക്കുന്നു.. വീണ്ടും അവ വളർത്താൻ ഞാൻ പെട്ട പാട് എനിക്കേ അറിയൂ.
അടുത്ത ദിവസം ഉച്ചയോടെയാണ് ആ ചോദ്യം വീണ്ടും വന്നത്.
“ഇന്നലെ അച്ഛൻ പെങ്ങളുടെ വീട്ടിൽ പോയിരുന്നല്ലോ, അവരെന്തൊക്കെ പറഞ്ഞു?”
“ഒന്നും പറഞ്ഞില്ല അമ്മ, അവരെല്ലാവരും സുഖമായിരിക്കുന്നു…” ഞാൻ പതുക്കെ മറുപടി കൊടുത്തു.
“അതെയോ… നിങ്ങൾ പോയി വന്നതിനുശേഷം നാത്തൂൻ എന്നെ ഫോൺ വിളിച്ചിരുന്നു,” ഉടനെ മറുപടി വന്നു..
“അതെയോ … എന്നിട്ട് അപ്പച്ചി എന്തു പറഞ്ഞു..” ഞാൻ ആകാംശയോടെ ചോദിച്ചു.
“പെണ്ണിനെ കാണാൻ വലിയ കുഴപ്പമൊന്നുമില്ലത്രേ. എന്നാലും സ്വർണ്ണമൊക്കെ കുറച്ചുകൂടി കിട്ടുന്ന ഒരു ആലോചന നോക്കാമായിരുന്നില്ലേ എന്ന് നാത്തൂൻ ചോദിച്ചു. നമ്മുടെ ചെക്കൻ എത്ര മിടുക്കാനാണ്…ഒന്നുകൂടി മെച്ചപ്പെട്ട ഒരു ബന്ധം അവന് കിട്ടിയേനെ.. അതിപ്പോ എല്ലാവരും പറയുന്നുണ്ട്…”
അതും പറഞ്ഞിട്ട് അമ്മായിയമ്മ എന്നെ ഒരു പ്രത്യേക നോട്ടം നോക്കി. പെട്ടെന്ന് നാവിറങ്ങിപ്പോയത് പോലെ എനിക്ക് തോന്നി.
വിവാഹം കഴിഞ്ഞിട്ട് മൂന്ന് ദിവസമേ ആയിട്ടുള്ളൂ. അതിനുള്ളിൽ ഇങ്ങനെയൊരു സംസാരം അമ്മയുടെ വായിൽ നിന്ന് കേട്ടത് എനിക്ക് വലിയ ആഘാതമായി. നല്ല സങ്കടത്തോടൊപ്പം അവരുടെ വിവരമില്ലായ്മയെ ഓർത്ത് സഹതാപവും തോന്നി.
ചില അമ്മായിയമ്മമാരുടെ ഇത്തരം സ്വഭാവത്തെക്കുറിച്ച് മുൻപും ഞാൻ കേട്ടിട്ടുണ്ട്, എന്നാൽ അത് നേരിട്ട് അനുഭവിക്കേണ്ടി വന്നപ്പോഴാണ് അതിന്റെ വേദന മനസ്സിലായത്.
“നീ അവിടെ ചെന്ന് അധികമൊന്നും വർത്താനം പറഞ്ഞില്ലെന്നാണല്ലോ പറഞ്ഞത്. അതെന്താ, ” അടുത്ത ചോദ്യം.
പുതുമോടിയായി ചെന്ന ഒരു പെണ്ണ് എങ്ങനെയാണ് ആദ്യമായി കാണുന്ന ബന്ധുക്കളുടെ മുന്നിൽ ചെന്ന് വാചാലയാകുന്നത്.. ഞാൻ അദ്ഭുതപ്പെട്ടുപോയി.
തന്നെയുമല്ല, അവരുടെ ചോദ്യം മൊത്തം ഞങ്ങളുടെ വസ്തുവകകളെക്കുറിച്ചും, എന്റെ അച്ഛനും അമ്മയും എപ്പോഴാണ് പെൻഷനായി നാട്ടിലേക്ക് വരുന്നത് എന്നതിനെക്കുറിച്ചും മാത്രമായിരുന്നു..
പിന്നീടുള്ള കാര്യങ്ങളായിരുന്നു വലിയൊരു ദുരിതം. പുതുമോടിയായി ഞാനും എന്റെ ഭർത്താവും കൂടി എവിടെപ്പോയാലും അമ്മയും കൂടെ കാണും.
“ആ വഴിക്ക് ബന്ധുക്കളെ ഒക്കെ ഒന്നുകൂടി കാണാമല്ലോ” എന്നാണ് ന്യായീകരണം. എങ്കിലും ഞങ്ങൾക്ക് രണ്ടാൾക്കും സ്വകാര്യമായി സംസാരിക്കാൻ പോലും അതുകൊണ്ട് സാധിച്ചിരുന്നില്ല.
എന്റെ വിവാഹത്തിന് കിട്ടിയ സ്വർണ്ണമൊക്കെ ഞാൻ എന്ത് ചെയ്തു എന്ന കാര്യത്തിൽ അമ്മയ്ക്ക് സംശയമുണ്ടായിരുന്നു.
അത് എവിടെ ഇരിക്കുന്നു എന്ന് നേരിട്ട് ചോദിക്കാൻ മടിയായതുകൊണ്ട്, ഒരു ദിവസം മകനോട് പോയി ചോദിക്കുന്നത് കേട്ടു.
“മോനെ, നീനയുടെ സ്വർണ്ണമൊക്കെ എവിടെയാണ് വെച്ചിരിക്കുന്നത്?”
“അത് ഞങ്ങൾ ലോക്കറിൽ വെച്ചില്ലേ അമ്മ,” മകൻ മറുപടി കൊടുത്തു.
“അതെയോ, അവളുടെ ലോക്കറിലെ സ്വർണ്ണം ഞാൻ ഒന്ന് കണ്ടുപോലും ഇല്ലല്ലോ…” അമ്മ നീരസത്തോടെ പറഞ്ഞു.
“അതിപ്പോ കാണാൻ എന്തിരിക്കുന്നു.കല്യാണത്തിന് കണ്ടതല്ലേ, അത്രയൊക്കെ തന്നെ,” നിർവികാരതയോടുകൂടി മകൻ പറഞ്ഞ ആ മറുപടി അമ്മയ്ക്ക് അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും അപ്പോൾ കൂടുതൽ ഒന്നും പറയാൻ പോയില്ല.
അല്പം ഒരുങ്ങി നല്ല വേഷമൊക്കെ ഇട്ടുകൊണ്ട് നടക്കുന്നത് അമ്മയ്ക്ക് തീരെപ്പിടിക്കാത്ത കാര്യമായിരുന്നു.
“ഇവളെന്തിനാണ് എപ്പോഴും കണ്ണുമെഴുതി പൊട്ടും തൊട്ട് നടക്കുന്നത്.. വീട്ടിലിരിക്കുമ്പോൾ എന്തിനാണ് ഇത്രയും ആർഭാടം.. നമ്മുടെയൊക്കെ കുടുംബത്തിൽ ആരെങ്കിലും ഇങ്ങനെ ചെയ്യാറുണ്ടോ..”
ഇതേക്കുറിച്ച് മകനോട് പരാതി പറയാൻ പോയാൽ “അമ്മ ഇത് ഏത് ലോകത്തിലാണ് ജീവിക്കുന്നത്..അവൾക്ക് ഇഷ്ടമുള്ളത് അവൾ ചെയ്യട്ടെ, അതിനിടയിൽ അമ്മ എന്തിനാണ് ഇതിലൊക്കെ അഭിപ്രായം പറയുന്നത്..” എന്നാണ്.
മകന്റെ ഇങ്ങനെ തുറന്നടിച്ചുള്ള സംസാരം കേട്ട് അമ്മയുടെ മുഖം ഇരുളുന്നത് പതിവായിരുന്നു
ഞാൻ പോസ്റ്റ് ഗ്രാജുവേഷൻ ഉയർന്ന മാർക്കോടെ പാസായവളാണ്. അതിൽ എനിക്ക് വലിയ അഭിമാനവും ഉണ്ടായിരുന്നു.
വീട്ടിൽ ആരെങ്കിലും വന്നാൽ എന്റെ വിദ്യാഭ്യാസത്തെക്കുറിച്ച് ഭർത്താവ് അഭിമാനത്തോടെ സംസാരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ ഞാൻ അവിടുന്ന് മാറിപ്പോയ ഉടനെ അമ്മ മകനോട് തുടങ്ങും:
“എന്ത് വലിയ കാര്യമാണോ ഈ പഠിപ്പ്.. ഇതൊക്കെ എന്തിനാണ് വരുന്നവരോടും പോകുന്നവരോടുമൊക്കെ പറയുന്നത്.. പെണ്ണായാൽ അടക്കവും ഒതുക്കവുമല്ലേ വേണ്ടത്..”
ഇതൊക്കെ കേൾക്കുമ്പോൾ എനിക്കുണ്ടാകുന്ന വിഷമം പറഞ്ഞറിയിക്കാൻ കഴിയുമായിരുന്നില്ല.
അത് കാണാഞ്ഞിട്ടാകാം, ഭർത്താവ് എന്നോട് പറയാറുളളത്.. “പ്രായമായ സ്ത്രീയല്ലേ നീന , നീ അതൊന്നും കാര്യമാക്കണ്ട. അമ്മയുടെ സ്വഭാവം ഇങ്ങനെയൊക്കെയാണ്, ആരെയും അടുപ്പിക്കില്ല. ബന്ധുക്കൾ പോലും അതുകൊണ്ടാണ് ഇങ്ങോട്ട് വരാത്തത്, എല്ലാവരുമായി വഴക്കാണ്.”എന്നൊക്കെയായിരുന്നു..
പരദൂഷണം പറയാൻ വലിയ ഇഷ്ടമുള്ള ഒരാളായിരുന്നു അമ്മ. അത് കേൾക്കാൻ ഒരാളുണ്ടെങ്കിൽ വലിയ സന്തോഷം. ഞാൻ ആ സംസാരങ്ങളിൽ ഒട്ടും താല്പര്യം കാണിക്കാതിരുന്നതുകൊണ്ട് എന്നോടുള്ള അടുപ്പവും കുറഞ്ഞുവന്നു. പുറംപണിക്ക് വരുന്ന സ്ത്രീകളോടൊക്കെ പോലും എന്റെ കുറ്റങ്ങളും കുറവുകളുമാണ് അമ്മ പറയാറുള്ളത്.
ഭർത്താവിന് എന്നോട് വലിയ കാര്യമായിരുന്നു. ഞാൻ അവിടുന്ന് മാറിയാൽ എന്റെ കുറവുകൾ പുള്ളിയോട് പറഞ്ഞ് വഴക്കാക്കാൻ അമ്മ നോക്കും.
എന്നാൽ ഭർത്താവ് അത് വിശ്വസിക്കാതിരുന്നതുകൊണ്ട് അമ്മയുടെ ദേഷ്യം മുഴുവൻ എന്റെ മേലിലാണ് തീർത്തിരുന്നത്. ഒടുവിൽ മകൻ അമ്മയുടെ ഈ കുതന്ത്രങ്ങൾ തിരിച്ചറിഞ്ഞപ്പോൾ, അമ്മ ദേഷ്യം മൂത്ത് സ്വന്തം മകനെപ്പോലും കുറ്റപ്പെടുത്താൻ തുടങ്ങി..
എനിക്ക് ഏതെങ്കിലും ഡ്രസ്സ് വാങ്ങിച്ചാൽ അമ്മയ്ക്ക് അസഹ്യമാണ്. “ഇതെന്തിനാണ് വാങ്ങിച്ചത്.. ഇതിന്റെയൊക്കെ കാര്യമുണ്ടോ.. ഇപ്പോൾ ഇഷ്ടം പോലെ സാരികൾ ഉണ്ടല്ലോ” എന്നൊക്കെ പറഞ്ഞ് കളിയാക്കും.
ഇതൊക്കെ കേട്ട്അദ്ദേഹം എനിക്ക് കൂടുതൽ സമ്മാനങ്ങൾ വാങ്ങി തരികയായിരുന്നു ചെയ്തിരുന്നത്. അമ്മയുടെ സ്വഭാവം നന്നായി മനസ്സിലാക്കിയിരുന്ന ആളായിരുന്നു അദ്ദേഹം എന്നത് മാത്രമായിരുന്നു എന്റെ ആശ്വാസം.
ബന്ധുക്കളാരെങ്കിലും എന്നെക്കുറിച്ച് നല്ലത് പറഞ്ഞാൽ അമ്മയ്ക്ക് സഹിക്കില്ല. “എന്റെ മകന്റെ കാശുകൊണ്ടല്ലേ അവൾ ഇതൊക്കെ വാങ്ങുന്നത്.. കല്യാണത്തിന് കണ്ടു കൊടുത്തേച്ചാൽ പോരായിരുന്നോ” എന്നായിരിക്കും അടുത്ത പല്ലവി.
ഭർത്താവിന്റെ ചേട്ടൻ വിദേശത്തായിരുന്നു. ഞങ്ങളുടെ കല്യാണം കൂടാൻ അവർക്ക് വരാൻ കഴിഞ്ഞിരുന്നില്ല. അവധിക്ക് നാട്ടിൽ വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിച്ചതാണ് ചേട്ടന്റെ ഭാര്യയെ കാണുമ്പോഴൊക്കെ അമ്മയ്ക്ക് വല്ലാത്ത അസ്വസ്ഥതയെന്ന്.
അനിയന്റെ ഭാര്യയാകട്ടെ എന്നെപ്പോലെയായിരുന്നില്ല, നല്ല സാമർത്ഥ്യവും തന്റേടവും ഉള്ള ആളായിരുന്നു
ആ വീട്ടിലെ എന്റെ അവസ്ഥ കണ്ടുകൊണ്ട് ചേട്ടന്റെ ഭാര്യ എന്നോട് തുറന്നു പറഞ്ഞു.
“നീന, ഇത്ര പാവമാകരുത്. ഇങ്ങനെ വിട്ടുകൊടുത്താൽ അമ്മ തലയിൽ കയറി ഇരിക്കും.. ഞാൻ കുറെ അനുഭവിച്ചിട്ടുള്ളതാണ്. മക്കൾ എത്ര വലുതായി എന്ന് പറഞ്ഞാലും അവരുടെ എല്ലാ കാര്യത്തിലും അമ്മയുടെ ഇടപെടൽ വേണമെന്നാണ് അവരുടെ വാശി.
എന്റെ സ്വർണ്ണത്തിന്റെ കുറെയേറെ ഭാഗം എടുത്താണ് നാത്തൂന്റെ വിവാഹം നടത്തിയത്. അതൊരിക്കൽ ചോദിക്കാൻ ചെന്നപ്പോൾ ഉണ്ടായ വഴക്ക് ചില്ലറയല്ല..
എന്റെ മക്കളെ കാണുന്നത് പോലും അമ്മയ്ക്ക് വെറുപ്പാണ്. അമ്മയുടെ സ്നേഹം മുഴുവൻ മകളോടും അവരുടെ കുട്ടികളോട് മാത്രമാണ്. അതുകൊണ്ട് വളരെ സൂക്ഷിക്കണം.
ഇത്രയും പ്രായമായിട്ടും അച്ഛൻ ഡൽഹിയിലെ ജോലി ഉപേക്ഷിച്ചു വരാത്തത് എന്താണെന്നറിയാമോ? അമ്മ അച്ഛന് ഒരിക്കലും മനസ്സമാധാനം കൊടുത്തിട്ടില്ല..ആൺകുട്ടികൾ രണ്ടും അമ്മയുടെ ഈ തോന്ന്യാസങ്ങൾക്ക് കൂട്ടുനിൽക്കാത്തതുകൊണ്ടാണ് മരുമക്കളോട് അമ്മയ്ക്ക് ഇത്രയും ദേഷ്യം.
എങ്കിലും നീന, എത്രയും പെട്ടെന്ന് മഹേഷിന്റെ കൂടെ ജോലി സ്ഥലത്തേക്ക് പോകാൻ ശ്രമിക്കുക. അതായിരിക്കും ഏറ്റവും നല്ലത്.”
ചേച്ചിയുടെ ആ വാക്കുകൾ എന്റെ ഉള്ളിൽ ഭീതിയാണ് ഉളവാക്കിയത്. അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് പോകാൻ നേരം എന്നെയും കൂടെ കൂട്ടുമെന്ന് ഭർത്താവ് പറഞ്ഞപ്പോൾ ഉണ്ടായ വഴക്കിന് കയ്യും കണക്കുമില്ലായിരുന്നു.
“വീട്ടിൽ അമ്മയ്ക്ക് കൂട്ടായി ഞാൻ വേണമെന്നും, ജോലികളൊക്കെ ചെയ്യേണ്ടത് അമ്മയുടെ മാത്രം ജോലിയല്ല” എന്നുമൊക്കെയായിരുന്നു അമ്മയുടെ വാദം. ഉയർന്ന വിദ്യാഭ്യാസമുള്ള എനിക്ക് ജോലിക്ക് പോകാൻ അനുവാദം കൊടുക്കാൻ അമ്മ ഒരിക്കലും തയ്യാറായിരുന്നില്ല.
ഒടുവിൽ ഞങ്ങൾ പോകുന്നതിന്റെ രണ്ടു ദിവസം മുൻപ് എനിക്ക് കടുത്ത പനി പിടിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ട അവസ്ഥ വന്നു. കൂടെ നിൽക്കാൻ ഞാൻ മാത്രമാണുണ്ടായിരുന്നത്. തൊട്ടടുത്തുള്ള വീട്ടിലെ ചേച്ചി പോലും വരാൻ അമ്മ സമ്മതിച്ചില്ല.
ഭർത്താവിന്റെ കൂടെ ജോലിസ്ഥലത്തേക്ക് പോകാതിരിക്കാനുള്ള അമ്മയുടെ ഒരു പുതിയ നാടകമായിരുന്നു അതെന്ന് ബന്ധുക്കൾ തന്നെ പിന്നീട് എന്നോട് പറഞ്ഞു.
ശരിക്കും രാവിലെ മുതൽ ഉച്ച വരെ വീട്ടുപണികൾക്ക് ഒരു സ്ത്രീ വരുന്നുണ്ട്. എന്നിട്ടാണ് അമ്മ എന്നെ വെച്ച് പണി എടുപ്പിക്കാൻ നോക്കിയത്. അച്ഛൻ പലപ്പോഴും ഞങ്ങളുടെ പക്ഷം പിടിച്ചതുകൊണ്ട് മാത്രമാണ് അമ്മയ്ക്ക് കൂടുതൽ എതിർപ്പുകൾ പ്രകടിപ്പിക്കാൻ കഴിയാതിരുന്നത്.
ഒടുവിൽ അച്ഛന്റെയും ഭർത്താവിന്റെയും പിന്തുണയോടെയാണ് ഞങ്ങൾ ഒടുവിൽ ജോലിസ്ഥലത്തേക്ക് യാത്ര തിരിച്ചത്.
ഒരുപക്ഷേ ആ വീട്ടിൽ തന്നെ കൂടുതൽ കാലം നിൽക്കേണ്ടി വന്നിരുന്നെങ്കിൽ എന്റെ മാനസിക സ്വസ്ഥത പൂർണ്ണമായും തകർന്നേനെ. ചേച്ചി അന്ന് പറഞ്ഞ കാര്യങ്ങൾ എത്ര സത്യമായിരുന്നു.
ഇത്തരം അമ്മായിയമ്മമാർ മക്കളുടെ കൂടെയല്ല, തനിച്ച് താമസിക്കുന്നതാണ് എല്ലാവരുടെയും സമാധാനത്തിന് നല്ലത് എന്ന് തോന്നിപ്പോയി.
ഒരു വീട് സ്വർഗ്ഗമാക്കാനും നരകമാക്കാനും സ്ത്രീകൾക്ക് തന്നെയാകും ഏറ്റവും വലിയ പങ്ക്. വിവാഹം കഴിഞ്ഞ് വരുന്ന പെൺകുട്ടികളെ സ്വന്തം മക്കളെപ്പോലെ കാണേണ്ട അമ്മായിയമ്മമാർ, അവരുടെ കുറ്റങ്ങളും കുറവുകളും മാത്രം കണ്ടെത്തി മകന്റെ മുന്നിൽ അവതരിപ്പിക്കുന്നതും, കുടുംബത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്നതും ഇന്നൊരു സാമൂഹിക തിന്മയായി മാറിക്കൊണ്ടിരിക്കുകയാണ്.
മക്കളെ അവരുടെ സ്വന്തം കുടുംബത്തോടൊപ്പം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ അനുവദിക്കുക എന്നതാണ് ഒരു മാതാവ് തന്റെ മക്കൾക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം.
പരദൂഷണവും കുതികാലുവെട്ടലുകളും കൊണ്ട് തകർക്കപ്പെടുന്നത് രണ്ടു മനുഷ്യരുടെ ജീവിതമാണ്.
അമ്മായിയമ്മമാരുടെ ഇത്തരം മാനസിക പീഡനങ്ങൾ തിരിച്ചറിഞ്ഞ്, സ്വന്തം പങ്കാളിയുടെ മാനസികാവസ്ഥ മനസ്സിലാക്കി ഒപ്പം നിൽക്കാനും, അനാവശ്യമായ ഇടപെടലുകളെ ചെറുത്തുതോൽപ്പിക്കാനും പുതിയ തലമുറയിലെ മക്കൾ തയ്യാറാകേണ്ടതുണ്ട്..
✍️Vineetha Sekhar
