എനിക്കാണെങ്കിൽ അവളെ കെട്ടിപ്പിടിച്ചുകിടക്കാതെ ഉറക്കവും വരില്ല.. കാര്യമെന്തൊക്കെപ്പറഞ്ഞാലും എന്റെ ഭാര്യ നിർമ്മല എന്റെ ജീവനാണ് കേട്ടോ….

ഇഷ്ടമില്ലാത്ത എന്തെങ്കിലും പറഞ്ഞാൽ
എന്നെ പുറത്താക്കി എന്റെ പങ്കാളി വാതിലടച്ചു കുറ്റിയിട്ടുകളയും.

എനിക്കാണെങ്കിൽ
അവളെ കെട്ടിപ്പിടിച്ചുകിടക്കാതെ ഉറക്കവും വരില്ല..

കാര്യമെന്തൊക്കെപ്പറഞ്ഞാലും എന്റെ ഭാര്യ നിർമ്മല എന്റെ ജീവനാണ് കേട്ടോ..

ഇച്ചിരെ വഴക്കാളിയാണെന്നേയുള്ളൂ…

ദേ ഇന്നും അവളെന്നോട് പിണങ്ങി എന്തിനെന്നോ..

ഇന്ന് രാവിലേ, ഒരു കൗമാരക്കാരി പ്രണയിനിയെപ്പോലെ അവളെന്റെ മടിയിൽ വന്നിരുന്നു.

എന്തൊരു കനമാടീ എന്റെ കാൽ ഒടിയുമെന്ന് തോന്നുന്നു എന്നൊന്ന് പറഞ്ഞതെ ഉള്ളൂ… അവൾ പിണങ്ങി അടുക്കളയിലേക്ക് പോയി.

ഇടയ്ക്കിടെ പാത്രങ്ങളെടുത്ത് കുത്തുന്ന ശബ്ദം കേട്ടപ്പോൾ എനിക്ക് ചിരി വന്നു.

അവളുടെ സ്വഭാവമെന്താണെന്ന് കൃത്യമായി എനിക്കറിയാവുന്നത് കൊണ്ട്, വീട്ടിൽ അധികവും ഞാൻ സ്റ്റീൽ പാത്രങ്ങളാണ് മേടിച്ചു വെച്ചിട്ടുള്ളത്.

അല്ലാത്തവയൊക്കെ ഭദ്രമായി കബോർഡിനുള്ളിൽ സൂക്ഷിച്ചിരിക്കുകയാണ്…

എന്നോടാ അവളുടെ കളി, ഒന്നുവല്ലെങ്കിലും
അവളുടെ പത്തൊൻപതാമത്തെ വയസ്സിൽ കൈപിടിച്ച് കൂടെ കൂട്ടിയതല്ലേ ഞാൻ..

ഇന്നിപ്പോ അവളുടെ അൻപത്തിയാറാമത്തെ വയസ്സിലും അവളാ പഴയ പെൺകുട്ടി തന്നെയാണെന്നേ എനിക്ക് തോന്നൂ…
അതേ കുസൃതിയും, പിണക്കവും, സ്നേഹവും ഒക്കെ അവളിൽ അതേപോലെയുണ്ട്.

രണ്ട് പിള്ളേരുടെ അമ്മ ആയിട്ടും അവൾക്കൊരു മാറ്റവും വന്നിരുന്നില്ല.

പക്ഷെ അവളുടെ ആ സ്വഭാവമൊക്കെ എന്റെ അരികിൽ മാത്രമേയുള്ളൂകേട്ടോ..
പ്രായമേറെ ചെല്ലുമ്പോൾ മാറ്റം വരുമെന്നാണ് ഞാൻ കരുതിയത്, പക്ഷെ എവിടെ മാറാൻ…
എനിക്ക് അവളുടെ സ്വഭാവം ഇഷ്ട്ടമാണ് കേട്ടോ… അവളാണ് ഈ വീടിന്റെ വെളിച്ചം…

വീട്ടിൽ ഞാനും, അവളും, ഞങ്ങളുടെ മോനും അവന്റ ഭാര്യയും, അവരുടെ രണ്ട് കുഞ്ഞുങ്ങളുമാണ് താമസം..
ഒരു മോൾ ഉള്ളതിനെ കെട്ടിച്ചയച്ചിരിക്കുന്നത്
നാലുകിലോമീറ്ററിനുള്ളിലാണ്.

മകൾ ഒരുപാട് ദൂരെയായാൽ,കാണാൻ കൊതിതോന്നുമ്പോൾ ഓടിച്ചെല്ലാൻ പറ്റില്ലല്ലോ എന്ന് പറഞ്ഞ്, അവളാണ് മകളെ അടുത്ത് തന്നെ കെട്ടിച്ചയക്കണമെന്ന് വാശി പിടിച്ചത്..

മക്കളെ അവൾക്ക് അത്രയ്ക്കും ഇഷ്ടമാണ്..

മോന്റെ ഭാര്യ കീർത്തന വന്നതിൽപ്പിന്നെ അവളെ മോളെപ്പോലെ സ്നേഹിക്കാനും അവൾക്കായി ഓരോന്നും വാങ്ങി കൊടുക്കാനും ഒക്കെ നിർമ്മലക്ക്
വലിയ ഇഷ്ട്ടമായിരുന്നു

കീർത്തനക്കും ഞങ്ങളെ വലിയ കാര്യമായിരുന്നു… അതുകൊണ്ട് വീട്ടിൽ വേറെ സമാധാനക്കേടൊന്നും ഉണ്ടായിരുന്നില്ല.

ആകെയുള്ള പ്രശ്നം എന്റെ നിർമ്മലയുടെ ഇടയ്ക്കിടെയുള്ള പിണക്കമാണ്…

നിർമ്മല വാതിലടച്ചാൽ ഞാൻ തൊട്ടപ്പുറത്തെ മുറിയിൽ പോയി കിടക്കും.

പിറ്റേന്ന്, ഞാൻ പിന്നാലെ നടന്ന് പിണക്കം മാറ്റിയാലെ അവൾ ഇണങ്ങൂ…

എല്ലാത്തവണയും അവളുടെ മുൻപിൽ തോറ്റു കൊടുക്കുന്നത് ഞാനാണ്.
കാരണം അവളെന്റെ ജീവനാണ്….

ഞാൻ അങ്ങനെ തോറ്റു കൊടുക്കുന്നത് കൊണ്ട് തന്നെയായിരിക്കണം.
അവളിടയ്ക്കിടെയിങ്ങനെ പിണങ്ങുന്നതും.

ഒരിക്കൽ എനിക്കൊരു പനി വന്നിട്ട് മാറുന്നില്ലായിരുന്നു….. പരിശോധനയിൽ മഞ്ഞപ്പിത്തം കൂടിപ്പോയി എന്ന് സ്ഥിരീകരിച്ചു..

രണ്ടാഴ്ചയോളം അന്ന് ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നു..

അന്ന് എന്റെ നിർമ്മല ഒരുപോള കണ്ണുറങ്ങാതെ എനിക്കരുകിൽ നിന്നും മാറാതെ നിന്ന ആ ദിവസമോർക്കുമ്പോൾ ഇപ്പോഴും സങ്കടം തോന്നും.
വിങ്ങിപ്പൊട്ടി വിങ്ങിപ്പൊട്ടിയുള്ള ആ ഇരുപ്പ് കണ്ടാൽ സഹിക്കാൻ പറ്റില്ലായിരുന്നു..

എനിക്കുറപ്പാണ്, അന്ന് അവളുടെ തീവ്രമായ സ്നേഹം കണ്ട് ദൈവമെന്നെ തുടർന്ന് ജീവിക്കാൻ അനുവദിച്ചതാണെന്ന്…

ഞാൻ ജീവിതത്തിലേക്ക് തിരിച്ചുവന്നതിനു ശേഷവും എന്റെ ആരോഗ്യകാര്യത്തിൽ അവൾക്കെന്ത്‌ ശ്രദ്ധയായിരുന്നെന്നോ..

എന്റെ പെറ്റമ്മ എന്നെയെങ്ങനെ സ്നേഹിക്കുന്നോ, അതേയളവിൽ അവളും എന്നെ സ്നേഹിച്ചിരുന്നു…

അന്നൊരു തിങ്കളാഴ്ച ആയിരുന്നു…
മക്കൾ ജോലിക്ക് പോയി, പേരക്കുട്ടികൾ സ്കൂളിലും പോയി.

അന്ന് എന്തോ കാര്യത്തിന് അവളങ്ങ് പിണങ്ങി.

ഇന്നിനി ഒറ്റയ്ക്ക് കിടക്കേണ്ടി വരുമല്ലോ
എങ്ങനെയേലും പിണക്കം മാറ്റണമെന്ന് ഞാനും ഓർത്തു…

പക്ഷെ ഒരു പത്തുമിനിറ്റ് പോലും തികയും മുൻപ് അവൾ എന്റെ അടുത്ത് വന്നു…

ആദ്യമായി അവൾ തന്നെ പിണക്കം മാറ്റി..
എനിക്കത്ഭുതം തോന്നി, സാധാരണ എന്നെ പിന്നാലെ നടത്തിക്കുന്നത് അവൾക്കൊരു ഹരമാണ്.. ഇപ്പോൾ അവൾ സ്വയം പിണക്കം മാറ്റാൻ വന്നിരിക്കുകയാണ്..

അന്ന്, ഞങ്ങളുടെ ജീവിതത്തിന്റെ തുടക്കകാലത്തിലേതുപോലെ എന്റെ മീശയുടെ തുമ്പ് പിരിച്ചു വച്ച്, എന്റെ ഇരു മിഴികളിലും അവൾ ചുംബിച്ചു..

ഉള്ളത് പറയാമല്ലോ, അവളുടെ ചുംബനമേറ്റാൽ ഞാൻ തരളിതനായിപ്പോകും.
അപ്പോഴൊക്കെ ഞാനൊരു ഇരുപത്തിനാലുകാരനും
അവളെന്റെ പഴയ പത്തൊൻപതുകാരിയുമാകും..

അന്ന് ഉച്ചക്ക്, അവൾ എനിക്കേറെയിഷ്ട്ടമുള്ള പുളിയിഞ്ചിയും, അവിയലും, തേങ്ങാചുട്ടരച്ച ചമ്മന്തിയും കൂട്ടി ഊണ് തന്നു…

വൈകിട്ട് ,
ട്യൂഷൻ കഴിഞ്ഞ് കൊച്ചുമക്കളെയും,
കൂട്ടി വരുമ്പോഴാണ് മരുമകളുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടത്…

ഞാൻ ഓടി അകത്തേക്ക് ചെന്നു..

എന്നും കിടക്കുന്നത് പോലെ ഭിത്തിയോട് ചേർന്ന് കിടന്ന്,എന്റെ നിർമ്മല എന്നേക്കുമായി ഉറങ്ങിയിരിക്കുകയാണ്.

നിർമ്മല ഈ ലോകമുപേക്ഷിച്ച്‌ പോയെന്ന സത്യം എനിക്കുൾക്കൊള്ളാൻ കഴിഞ്ഞില്ല..

ഞാൻ അവളുടെ ചിറകിൻ കീഴിൽ മാത്രം ജീവിക്കുന്ന മനുഷ്യനായിരുന്നില്ലേ…

മക്കൾ ഇടയ്ക്കിടെ വന്ന് എന്നെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു….

എന്റെ നിർമ്മല ഇല്ലാത്ത ലോകത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു..

പിറ്റേന്ന് പതിനൊന്നു മണിയോടെ അവളെ ദഹിപ്പിക്കാനായി ഞങ്ങളുടെ മണ്ണിൽ ഇടമൊരുക്കുന്നത് കണ്ടപ്പോൾ ഞാനോടി മുറിയിലേക്ക് പോയി..
എനിക്ക് വയ്യ അവളെ ദഹിപ്പിക്കുന്നത് കാണാൻ.

അവളുടെ ഉടൽ മാത്രമല്ല,എന്നെ മാത്രം നിറച്ചു വച്ച അവളുടെ ഹൃദയവും കൂടെയാണ് അഗ്നിയിലർപ്പിക്കാൻ പോകുന്നത്..
വേണ്ടാ.. എനിക്കത് കാണണ്ട
അവൾ എന്നോട് പിണങ്ങി, എന്നെ മുറിക്ക് പുറത്താക്കിയതാണെന്ന് കരുതി ഞാനിവിടെ ഒറ്റയ്ക്കിരിക്കട്ടെ
അല്ലാതെ എനിക്ക് പറ്റുന്നില്ല…

ഞാനിപ്പോൾ വെറുമൊരു ശിശുവിനെപ്പോലെയാണ്…
ലോകത്തിനു നേരേ നോക്കി കരയാൻ മാത്രേ എനിക്കിപ്പോൾ കഴിയുന്നുള്ളൂ…

സത്യമായിട്ടും ഞാൻ പറയട്ടെ…
എന്റെ നിർമ്മല ഇല്ലാതെ ജീവിക്കാൻ കഴിയാത്ത പുരുഷനാണ് ഞാൻ.
എത്ര ആളുകൾ ചുറ്റുമുണ്ടെങ്കിലും, എന്റെ സന്തോഷവും സങ്കടവും ഒരുപോലെ മനസ്സിലാക്കിയിരുന്ന എന്റെ നിർമ്മല അരികിലില്ലാത്ത ശൂന്യതയ്ക്ക് പകരംവെക്കാൻ മറ്റൊന്നിനും കഴിയില്ല.

എന്റെ നെഞ്ചിൽ തല ചേർത്ത്, കിടക്കുമ്പോഴൊക്കെ അവൾ ഇടയ്ക്ക് പറയുമായിരുന്നു, ഞാനെങ്ങാനും മരിച്ചു പോയാൽ നിങ്ങൾ വേറെ പെണ്ണ് കെട്ടല്ലെ മനുഷ്യാ എന്ന്…
ഞാൻ മരിച്ചാൽ ഒരാഴ്ച്ച പോലും നിങ്ങളെ ഇവിടെ ഇട്ടേക്കില്ല ഞാൻ കൂടെ കൊണ്ടുപോകുമെന്ന്….എന്റെ കാര്യത്തിൽ മാത്രം അവൾ സ്വാർത്ഥയായിരുന്നു.

ഒരു ഭർത്താവിന് ഭാര്യ എന്നത് ജീവിതം പങ്കിടുന്ന ഒരാൾ മാത്രമല്ലെന്ന് ഞാനിപ്പോൾ തിരിച്ചറിയുകയാണ്.

ഒരുവൻ ലോകത്തിനു മുന്നിൽ എത്ര കരുത്തനായി നിന്നാലും, ഉള്ളിലെ തളർച്ചകളിൽ തലചായ്ച്ചുവെക്കാനുള്ള ഒരേയൊരു ഇടം അവളായിരിക്കും.

മനുഷ്യരെ, സത്യമായിട്ടും ഭാര്യ ഇല്ലാത്ത ജീവിതം പുരുഷന് ദുസ്സഹമാണ്.

അവൾ എന്റെ നിർമ്മല
എന്നെ വിളിക്കുന്നുണ്ട്..
എന്നോട് പിണങ്ങാതെ,എന്നോട് കുറുമ്പ് കാട്ടാതെ അവൾക്ക് കഴിയില്ലെന്ന്….
ഞാൻ പോട്ടെ….
എനിക്ക് അവളുള്ള ലോകത്ത് ജീവിച്ചാൽ മതി…

✍️Anju Thankachan

Leave a Reply

Your email address will not be published. Required fields are marked *