എന്റെ സിമി….നിന്നെയൊക്കെ കണ്ട്‌ കഴിഞ്ഞ് വീട്ടിലെത്തിയാൽ അവിടെ ഭാര്യാന്ന് പറഞ്ഞിരിക്കുന്നവളെ എടുത്തവളുടെ വീട്ടിൽ കൊണ്ടു ചെന്നാക്കാൻ തോന്നും എനിയ്ക്ക്….അത്രയ്ക്കുണ്ടവളുടെ ശരീര സംരക്ഷണവും ഭംഗിയും…..

“എന്റെ സിമി….നിന്നെയൊക്കെ കണ്ട്‌ കഴിഞ്ഞ് വീട്ടിലെത്തിയാൽ അവിടെ ഭാര്യാന്ന്
പറഞ്ഞിരിക്കുന്നവളെ എടുത്തവളുടെ വീട്ടിൽ കൊണ്ടു ചെന്നാക്കാൻ തോന്നും എനിയ്ക്ക്….അത്രയ്ക്കുണ്ടവളുടെ ശരീര സംരക്ഷണവും ഭംഗിയും… കിട്ടുന്നതൊക്കെ വാരിവലിച്ചതിന്നിട്ട് പന്തുപോലെയുണ്ട്…. കാണുമ്പോ തന്നെ എന്റെ ആ ദിവസത്തെ മൂഡ് മുഴുവനും അങ്ങ് പോവും…. എന്നാലെത്ര മൂഡൗട്ട് ആയി വന്നാലും ശരി ഇവിടെ എത്തി സിമിയെ കണ്ടാൽ അതൊക്കെ കാറ്റിൽ പാറി പോണത് പോലൊരൊറ്റ പോക്കാണ്…പിന്നെ ചിൽ ആണ് ചിൽ…..”

“എങ്ങനെയാണ് ഈ തിരക്കുകൾക്കിടയിലും നീ ഇങ്ങനെ നിന്റെ ശരീര സൗന്ദര്യവും മുഖഭംഗിയും സംരക്ഷിയ്ക്കുന്നത് സിമീ… നിന്നെ ആ ഒരു കാര്യത്തിൽ ഞാൻ സമ്മതിച്ചു സിമി….മിടുക്കിയാണ് നീ….”

തന്റെ ക്യാമ്പിനിലേക്ക്ഒപ്പിടാനുള്ള ഫയലുമായ്‌ വന്ന സിമിയെ വാനോളം പുകഴ്ത്തി വിജു സംസാരിച്ചതും ആകെ പൂത്തുലഞ്ഞ് ചുവന്നു പോയ് സിമി…

“എന്റെ പൊന്നു വിജു സാറേ…സാറിങ്ങനെ കാണുമ്പോൾ കാണുമ്പോൾ എന്നെ പുകഴ്ത്തി പറയുന്നത് കൊണ്ടാണ് ഓരോ ദിവസവും എനിയ്ക്ക് കൂടുതലായ് ഒരുങ്ങിവരാൻ തോന്നുന്നത്.., നോക്കാനും പ്രോത്സാഹിപ്പിക്കാനും ആളുണ്ടെങ്കിലേ പെണ്ണിന് ഒരുങ്ങാനും സൗന്ദര്യം നോക്കാനുമെല്ലാം തോന്നൂ…. ഇവിടെ ഈ ഓഫീസിലത് സാറുൾപ്പെടെയുള്ള ആണുങ്ങളാണെങ്കിൽ വീട്ടിന്ന് ഇവിടെയെത്തും വരെയത് വഴിയിലും ബസ്സിലും കാണുന്ന പുരുഷന്മാരാണ്…. നമ്മളെ കാണാനും നാലാളുകൾ ഉണ്ടെന്നതു തന്നെ നമ്മുക്കൊരു പ്രോത്സാഹനം ആണ് വിജു സാർ….”

താൻ കൊണ്ടുവന്ന ഫയലുകളിൽ വിജുവിനെകൊണ്ട് ഒപ്പിടീച്ച് വാങ്ങി മനോഹരമായ ചിരിയോടെ തന്റെ സാന്ദര്യ രഹസ്യം തുറന്നങ്ങ് സമ്മതിച്ചു സിമിയും….

“അല്ല വിജു സാറെ…. സാറിന്റെ ഭാര്യ നല്ല സുന്ദരി അല്ലേ അപ്പോ കാണാൻ…?
ഞാനിതുവരെ കണ്ടിട്ടില്ല സാറിന്റെ ഭാര്യയെ… പക്ഷെ സാറ് നല്ല സുന്ദരനും ഹോട്ടും ആയത് കൊണ്ട് സാറിന്റെ ഭാര്യയും അതു പോലൊരു സുന്ദരി ആവും എന്നാണ് ട്ടോ ഞാൻ ചിന്തിച്ചത്….”

മനസ്സിലുള്ളത് സിമി തുറന്നു പറഞ്ഞതും ഒരു നിശ്വാസമുതിർന്നു വിജുവിൽ നിന്ന്….മറുപടി ഒന്നും പറയാതെയുള്ള വിജുവിന്റെ ആ നിശ്വാസവും ഇരുത്തവും….കൂടുതലൊന്നും ചോദിക്കാതെ അവിടെ നിന്നിറങ്ങി തന്റെ ക്യാമ്പിനിലേക്ക് പോയി സിമി…

സിമിയിറങ്ങിയ അതേ സമയം തന്നെയാണ് വിജുവിന്റെ ക്യാമ്പിനുള്ളിലേക്ക് നിസാർ കയറിയത്.,… കയറിയതും നിസാമിന്റെ കണ്ണുകൾ ചെന്നു നിന്നത് തന്റെ ചെയറിൽ കണ്ണുകളടച്ച് ചാരിക്കിടക്കുന്ന വിജുവിലേക്കാണ്….

“ഈ കമ്പനി പെണ്ണുപിടിച്ച് നശിപ്പിക്കുമോടാ നാറീ നീ….?

താൻ വന്നതറിഞ്ഞിട്ടും കണ്ണടച്ചു തന്നെ കിടക്കുന്ന വിജുവിന്റെ ചുമലിനിട്ട് അവനു നോവും വിധം അടിച്ച് നിസാം ചോദിച്ചതും ചുണ്ടിലൊരു കള്ള ചിരിയുമായ് കണ്ണു തുറന്നവനെ നോക്കി ചുണ്ടുകൾ കോട്ടി വിജു..

“കമ്പനി നശിച്ചാലും ശരി എന്റെ പെണ്ണു പിടുത്തം ഞാൻ നിർത്തില്ല മോനെ…. ഇത്രയ്ക്കും മനസ്സിനും ശരീരത്തിനും എനർജി നൽകുന്ന വേറെ എന്തുണ്ട് ഈ ഓഫീസിൽ…?

നിസാമിനെ നോക്കി ചുണ്ടിലെ ചിരി മായാതെ പുരികം പൊക്കിയും താഴ്ത്തിയും വിജു ചോദിച്ചതും മേശപ്പുറത്തിരുന്ന പേപ്പർ വെയ്റ്റെടുത്ത് അവനു നേരെ എറിഞ്ഞു കഴിഞ്ഞിരുന്നു നിസാം….

“ചത്തുപോവൂടാ ഞാൻ….. ഞാൻ ചത്താ പിന്നെന്റെ ഭാര്യയ്ക്ക് ആരുണ്ട്…..?

ശരീരത്തു തട്ടാതെ പേപ്പർ വെയ്റ്റ് പിടിച്ചെടുത്ത് തിരികെ മേശപ്പുറത്ത് തന്നെ വെച്ച് വിജു ചോദിച്ചതു കേട്ട് അവനെ നോക്കി പല്ലു കടിച്ചു നിസാം…

“ഓ… ഭാര്യയോട് ഇത്രയ്ക്കും സ്നേഹവും ആത്മാർത്ഥയും ഉള്ള നീ എന്തിനാടാ ആ സിമിയുടെ പിന്നാലെ നിന്റെ ഉള്ള വിലകളഞ്ഞ് നടക്കുന്നത്…?

“ചുമ്മാ ഇല്ലാവചനം പറയാതെന്റെ നിസാമേ…. ഞാനെപ്പോഴാണെടാ അവളുടെ പുറകെ നടന്നത്…
മുമ്പിൽ വരുമ്പോ അവളുടെ ആ ഗെറ്റപ്പിനെ ഒന്ന് അംഗീകരിച്ച് ഒന്നഭിനന്ദിക്കും… അതിപ്പോ നല്ലതു കണ്ടാൽ നല്ലത് എന്ന് തന്നെ വേണ്ടേ പറയാൻ… നീ കേട്ടിട്ടില്ലേ ദർശനേ പുണ്യം സ്പർശനേ പാപമെന്ന്… ഞാൻ ദർശിക്കാറേ ഉളളു… സ്പർശിക്കാറില്ല…. സ്പർശനം അതെന്റെ മായയെ മാത്രം….ങ്ഹാ…. ഇപ്പോ കുറെ നാളായിട്ട് അതും ഇല്ല….. ഓരോ യോഗം….”

തമാശയിൽ പറഞ്ഞു തുടങ്ങിയ വിജു ഒടുക്കം ഒരു വല്ലായ്മയോടെ പറഞ്ഞു നിർത്തിയതും അവന്റെ ചുമലിൽ തൊട്ടു നിസാം….

ഭാര്യ മായയെ വിജു എത്രമാത്രം സ്നേഹിയുന്നുണ്ടെന്നറിയാം നിസാമിന്…

“മായയ്ക്ക് ഒരു മാറ്റവുമില്ല അല്ലേടാ വിജൂ…?

നിസാമിന്റെയാ ചോദ്യത്തിന് അലസം ചുമലൊന്നു കൂച്ചി വിജു… അന്നേരം അവനിൽ നിന്ന് അത്ര നേരമുണ്ടായിരുന്ന കളിചിരികൾ പൂർണ്ണമായും മാറി വല്ലാത്തൊരു നിരാശ പൊതിഞ്ഞിരുന്നവനെ…

“സത്യം പറഞ്ഞാ മായയുടെ ഈ സ്വഭാവത്തിന് നീ സിമിയുമായ് അടുപ്പം കാണിയ്ക്കുമ്പോൾ എനിയ്ക് ഉള്ളിൽ പേടിയാടാ…നിനക്ക് അവളോടെങ്ങാൻ ഇഷ്ടം തോന്നുമോന്ന് ….?

ചമ്മലൊതുക്കി തന്റെ ഉള്ളിലെ ഭയം നിസാം വിജുവിനോട് തുറന്നു പറഞ്ഞതും സ്വയം പരിഹസിയ്ക്കും പോലൊന്ന് ചിരിച്ചു വിജു

“സിമിയെ ഒരു സഹപ്രവർത്തക എന്ന നിലയിൽ എനിയ്ക്കേറെ ഇഷ്ടവും ബഹുമാനവുമൊക്കെയാണ്…അവളോട് ഏതു കാര്യവും ഓപ്പണായ് തുറന്നു പറയാം നമുക്ക്.. അതതേ സെൻസിലേ അവളെടുക്കൂ…. അതിലെല്ലാം ഉപരി ഒരു വിവാഹ ജീവിതത്തിലേക്ക് ഇറങ്ങും മുമ്പു തന്നെ ഞാൻ തീരുമാനിച്ച ഒന്നുണ്ട് ഏതവസ്ഥയിലാണെങ്കിലും എങ്ങനെയാണെങ്കിലും എന്റെ ജീവിതത്തിലാകെ ഒരു പെണ്ണേ ഉണ്ടാവുകയുള്ളു…അതിപ്പോൾ മായയാണ്…. ഇനിയെന്നും മായയാണ്….മായ മാത്രമാണ്….”

ഉറപ്പോടെ പറയുമ്പോഴും വിജുവിന്റെ ശബ്ദത്തിൽ മായയെ ഓർത്തു നിറഞ്ഞു നിൽകുന സങ്കടം തിരിച്ചറിയാൻ നിസാമിന് സാധിക്കുന്നുണ്ടായിരുന്നു….

ഒരുമ്മിച്ച് വർക്കു ചെയ്യുന്നവർ എന്നതിനപ്പുറം നിസാമും വിജുവും സുഹൃത്തുക്കൾ കൂടിയാണ്… അതുപോലെ അയൽവാസികളുമാണ്…. പരസ്പരം എന്തും തുറന്നു പറയുന്നവരും അത്രയും പരസ്പരം മനസ്സിലാക്കുന്നവരും കൂടിയാണ്….

വിജുവിന്റെ ഭാര്യ മായ വിവാഹം കഴിഞ്ഞ് കുഞ്ഞു ജനിച്ചതിനു ശേഷം സ്വന്തം ശരീരമോ സൗന്ദര്യമോ ഒട്ടും ശ്രദ്ധിക്കാതെ അമിതമായ് തടി വെച്ചിട്ടുണ്ടിപ്പോൾ….കുഞ്ഞ് പ്രീ സ്കൂളിൽ പോയി തുടങ്ങിയ നാൾ മുതലും അതിനു മുമ്പുമെല്ലാം മായയെ ആരോഗ്യ കാര്യത്തിൽ കുറച്ചു കൂടി ശ്രദ്ധിക്കാൻ പറഞ്ഞ് വിജു നിർബന്ധിക്കാറുണ്ട്.. വിജു മാത്രമല്ല മായയുടെ വീട്ടുകാരും വിജുവിന്റെ അമ്മയുമെല്ലാമുണ്ട് അക്കൂട്ടത്തിൽ…മായ പക്ഷെ അതെല്ലാം അവഗണിച്ച് കൂടുതൽ അലസതയോടെ മുന്നോട്ടു നീങ്ങി കൊണ്ടിരുന്നു

എന്തെങ്കിലും കാര്യങ്ങൾക്ക് വിജു അവളെ ചീത്ത പറഞ്ഞാൽ ഉടനെ മായ വിജുവിന് തന്നെ മടുത്തു വെറുത്തു എന്നെല്ലാം ഉറക്കെ പറഞ്ഞു കരയുക പതിവാക്കി…..അതോടെ മായയോടുള്ള വിജുവിന്റെ സംസാരമേ കുറഞ്ഞു… അവർ തമ്മിലുള്ള അകലവും വർദ്ധിച്ചു….
അപ്പോഴും അവൾ പക്ഷെ തന്റെ ശരീര സൗന്ദര്യമോ മുഖഭംഗിയോ സംരക്ഷിക്കാൻ ശ്രമിച്ചില്ല….തന്റെ അലസതയും മടിയും തുടർന്നു പോന്നു…..

ദിവസങ്ങൾ മെല്ലെ മുന്നോട്ടു നീങ്ങി… സിമി ഇപ്പോൾ വിജുവിനൊപ്പം നിസാമിനോടു കൂടി നല്ല സൗഹൃദത്തിലായി…. ഏതു കാര്യവും പോസീറ്റീവ് ആയെടുക്കുന്ന നല്ല ഹൃദയത്തിനുടമയായ സിമിയെ നവാസിനും ഏറെ ഇഷ്ടമായ്….

അത്യാവശ്യമായ് തീർക്കേണ്ട ചില എമർജൻസി വർക്കു കാരണം അന്ന് പതിവിലും ഒരു പാട് വൈകിയാണ് വിജു വീട്ടിലെത്തിയത്…. വീട്ടിലെത്തിയതും അമ്പരന്നുപോയ് വിജു…

മുഖം നിറഞ്ഞ ചിരിയോടെ അവനെ കാത്തു നിൽക്കുന്ന മായ… അതും കുളിച്ച് നല്ല വൃത്തിയുള്ള വേഷം ധരിച്ച്…

അങ്ങനൊരു കാഴ്ച… അതും മൂന്നാലു വർഷങ്ങൾക്ക് ശേഷം… സത്യത്തിൽ ഞെട്ടിയിരുന്നു വിജു… പതിവിലും വ്യത്യസ്തമായ് അന്നൊരുപാട് സംസാരിച്ചു മായ വിജുവിനോട്… അതിൽ അവന്റെ ഓഫീസു കാര്യങ്ങളും ഉൾപ്പെട്ടിരുന്നു…

പിന്നീടങ്ങോട്ട് മായയ്ക്ക് മാറ്റങ്ങളുടെ ഘോഷയാത്രയാണെങ്കിൽ വിജുവിന് ഞെട്ടലുകളുടെ ദിവസങ്ങളായിരുന്നവയൊക്കെ….

ഭക്ഷണം നിയന്ത്രിച്ചും എക്സസൈസ് ചെയ്തും ഒപ്പം ജിമ്മിൽ പോയുമെല്ലാം മായ തന്റെ നഷ്ടപ്പെടുത്തിയ ആകാര ഭംഗിയും സൗന്ദര്യവും തിരിച്ചുപിടിയ്ക്കുമ്പോൾ കൺമുന്നിൽ കാണുന്നതൊന്നും വിശ്വസിക്കാനാവാതെ മിഴിച്ചു നിന്നു പലപ്പോഴും വിജു…

നിസാമിക്കാ….ഇനി പറ… ഇപ്പോ പറ,വിജുവേട്ടന്റെ ഭാര്യയായ എനിയ്ക്കാണോ വിജുവേട്ടനെ മയക്കാൻ നടക്കുന്ന അവൾക്കാണോ ഇപ്പോൾ ഭംഗി കൂടുതലെന്ന് പറ…?

നിസാമിനോടുള്ള മായയുടെ ചോദ്യം… പകപ്പോടെ അവരെ നോക്കി വിജു…

മായയുടെ മാറ്റം നേരിട്ടു കണ്ടും താൻ പറഞ്ഞും എല്ലാം അറിയുമ്പോൾ നിസാമിലുണ്ടാവാറുള്ള പുഞ്ചിരി…അതിലാദ്യമായ് സംശയം തോന്നി വിജുവിന്….
നന്നായി നിസാമമിനെയൊന്ന് കുടഞ്ഞു വിജു…

“സിമിയെ ഞാനൊരിക്കൽ മായയ്ക്ക് പരിചയപ്പെടുത്തിയിരുന്നു, ഓഫീസിൽ നിന്നെ വശീകരിക്കാൻ ശ്രമിയ്ക്കുന്നവളാണെന്ന് പറഞ്ഞ്…. എവിടെയോ ഒരു ചാഞ്ചാട്ടം നിനക്കും ഉണ്ടവളോടെന്നൊരു സംശയവും പറഞ്ഞു…..
അതിന്റെ മാറ്റങ്ങളാണ് അവളിലീ ഉണ്ടായതെല്ലാം…”

വിജുവിന്റെ കയ്യകലത്തിൽ നിന്ന് മാറി നിസാം പറഞ്ഞതും ഞെട്ടലോടെ അവനെ നോക്കി പല്ലു കടിച്ചു പോയ് വിജു….

കള്ള പന്നീ…. ഇല്ലാവചനം പറഞ്ഞുണ്ടാക്കുന്നോടാ നീ….

ധരിച്ചിരുന്ന ഷർട്ടിന്റെ കൈകൾ തെറുത്തു കയറ്റി നിസാമിനു നേരെ ചെന്നു വിജു…..

എന്തു വചനം പറഞ്ഞുണ്ടാക്കിയിട്ടായാലും അതോടെ മാറീലേ നിന്റെ പെണ്ണ്… മൂന്നാലു കൊല്ലം തലക്കുത്തി നീയും വീട്ടുകാരും ശ്രമിച്ചിട്ട് നടക്കാത്ത കാര്യമാണ് ഒന്നോ രണ്ടോ വാചകം കൊണ്ട് ഞാൻ ശരിയാക്കി തന്നത്…. അതിന് നന്ദി കാണിക്കുന്നതിനു പകരം തല്ലുന്നോടാ നന്ദിയില്ലാത്തവനെ നീ….

വിജുവിൽ നിന്ന് വെട്ടി മാറി നിസാം ചോദിച്ചതും വിജു അതു തന്നെ ചിന്തിച്ചു പോയ്

തന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണിന്റെ സാനിധ്യം മതിയായിരുന്നാ മായയുടെ മനസ്സിളകാൻ…. എന്തേ താനിത് ആദ്യം അറിഞ്ഞില്ല…

ഇത്ര പാവമാണോ ഈ പെണ്ണുങ്ങൾ..

അവൻ ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ തന്റെ വാക്ക് കേട്ട് അവനെ കൊല്ലാതെ സ്വയം മാറ്റത്തിന് തയ്യാറായ മായയോട് മനസ്സുകൊണ്ടായിരം നന്ദി പറയുകയായിരുന്നു നിസാം അപ്പോൾ…..

✍️RJ…

Leave a Reply

Your email address will not be published. Required fields are marked *