എനിക്കിന്നൊരു അബദ്ധം പറ്റി അക്കൗണ്ടിൽ സാലറി കയറിയ ഉടനെ കടം വാങ്ങിയ എല്ലാവരുടെയും പൈസ തിരിച്ചയച്ചപ്പോൾ, ഒരു 6100 വീട്ട് വാടക അയച്ചത് ,ഹൗസ് ഓണറിന്റെ അതേ പേരുള്ള മറ്റൊരു നമ്പറിലേയ്ക്കായിരുന്നു…..

ഞാൻ പ്രജിത,
എനിക്കിന്നൊരു അബദ്ധം പറ്റി
അക്കൗണ്ടിൽ സാലറി കയറിയ ഉടനെ
കടം വാങ്ങിയ എല്ലാവരുടെയും പൈസ തിരിച്ചയച്ചപ്പോൾ, ഒരു 6100 വീട്ട് വാടക അയച്ചത് ,ഹൗസ് ഓണറിന്റെ അതേ
പേരുള്ള മറ്റൊരു നമ്പറിലേയ്ക്കായിരുന്നു

അക്കൗണ്ടിൽ നിന്നും പൈസ പോയിക്കഴിഞ്ഞപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത് ,ഉടനെ തന്നെ ഞാൻ പൈസ അയച്ച അക്കൗണ്ടിലേയ്ക്ക് ഒരു
മെസ്സേജയച്ചു
ശമ്പളം വന്നപ്പോൾ അബദ്ധം പറ്റി അയച്ചതാണെന്നും ,പൈസ തിരിച്ചയക്കണമെന്നും പറഞ്ഞു,

പക്ഷേ അയാൾ പറഞ്ഞത് മറ്റൊന്നായിരുന്നു.

നിങ്ങൾ ശ്രദ്ധിക്കാതെ അയച്ചതിന് ഞാനാണോ ഉത്തരവാദി ?എന്തായാലും നിങ്ങൾക്ക് അബദ്ധം പറ്റിയത് നന്നായി ഞാൻ കുറച്ചു പൈസയ്ക്ക് അത്യാവശ്യമായി നിൽക്കുകയായിരുന്നു ,തൽക്കാലം നിങ്ങൾ ഇത് മറന്നേക്കൂ

അയാൾ പറഞ്ഞത് കേട്ട് ഞാൻ
സ്തംഭിച്ചു പോയി

ദയവു ചെയ്തു ആ പൈസ തിരിച്ചയച്ചു തരൂ. ഞാനാകെ ബുദ്ധിമുട്ടി നിൽക്കുന്ന സമയമാണ് കൃത്യം ഒന്നാം തീയതി തന്നെ ഹൗസ് ഓണർക്ക് വാടക കൊടുക്കണം ഇല്ലെങ്കിൽ അയാളുടെ വായിലിരിക്കുന്നത് മുഴുവൻ ഞാൻ കേൾക്കേണ്ടി വരും

ഞാൻ വീണ്ടും അയാൾടെ ഗൂഗിൾ പേയിലേക്ക് മെസ്സേജ് അയച്ചു

നിങ്ങളോടല്ലേ മര്യാദയ്ക്ക് പറഞ്ഞത് തൽക്കാലം തിരിച്ചയക്കാൻ നിർവാഹമില്ലന്ന് നിങ്ങൾക്കൊക്കെ എല്ലാ മാസവും കൃത്യമായി അക്കൗണ്ടിലേക്ക് ശമ്പളം വീഴുന്നത് കൊണ്ടാണ് നിങ്ങളിങ്ങനെ ശ്രദ്ധയില്ലാതെ പൈസ കൈകാര്യം ചെയ്യുന്നത് ,നിങ്ങൾക്ക് പൈസ കൂടുതൽ ഉണ്ടെന്ന് തോന്നിയിട്ട് ,ദൈവമായിട്ടാണ്
ആ പൈസ എൻ്റെ അക്കൗണ്ടിലേയ്ക്ക് അയച്ച് തന്നത് , തിരിച്ച് തന്നില്ലെങ്കിൽ നിങ്ങളെന്താ എനിക്കെതിരെ കേസിന് പോകുമോ?

അയാൾ എന്നോട് ഷൗട്ട് ചെയ്തു

ഇല്ല കേസിനൊന്നും പോകാനുള്ള
പണമോ പ്രാപ്തിയോ എനിക്കില്ല,
നിങ്ങളത് തന്നില്ലെങ്കിൽ ,അതിൻ്റെ
ബുദ്ധിമുട്ട് ,ഞാൻ അനുഭവിക്കേണ്ടിവരും ശമ്പളം വന്നതിൽ 70%വും കടങ്ങൾ വീട്ടി കഴിഞ്ഞു / വീട്ടുവാടക കൂടെ കൊടുത്തു കഴിഞ്ഞാൽ അക്കൗണ്ട് സീറോ ബാലൻസിലാകും , പിന്നെയും ഈ മാസം മുഴുവനുമുള്ള ചിലവുകൾക്ക് പണം കണ്ടെത്തണം , അതല്ല മെയിൻ പ്രശ്നം എൻ്റെ മോളെ നാളെ ഹോസ്പിറ്റലിൽ കൊണ്ട് പോകേണ്ടതുണ്ടായിരുന്നു ,
സാരമില്ല നിങ്ങളാണ് അത്യാവശ്യക്കാരനെങ്കിൽ നിങ്ങളുടെ ആവശ്യം നടക്കട്ടെ ,ഞാനത് മറന്നേക്കാം,

അത് പറയുമ്പോഴേക്കും സങ്കടം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു

എല്ലാവരുടെയും കടങ്ങൾ വീട്ടിക്കഴിഞ്ഞപ്പോഴേക്കും ,അക്കൗണ്ട് കാലിയായിരുന്നു. ഇനിയിപ്പോൾ ഹൗസ് ഓണർക്ക് വാടക കൊടുക്കാൻ, പുതിയൊരു കടം വാങ്ങേണ്ടിവരും ,എന്ത് ചെയ്യണമെന്നറിയാതെ ഞാനാകെ
തളർന്നു പോയിരുന്നു .

പിറ്റേന്ന് കൂടെ വർക്ക് ചെയ്യുന്ന രാധികയോട് കുറച്ച് പൈസ കടം വാങ്ങിയിട്ടാണ് മോളെയും കൊണ്ട് ഹോസ്പിറ്റലിൽ പോയത് ഡോക്ടറുടെ റൂമിന് മുന്നിലെ കസേരയിൽ ആശങ്കയോടെ ഇരിക്കുമ്പോൾ ഗൂഗിൾ പേയിൽ മെസ്സേജ് വന്ന ശബ്ദം കേട്ട് ,ഞാൻ ഓപ്പൺ ചെയ്തു നോക്കി.

അത് അയാളുടെ മെസ്സേജായിരുന്നു

സഹോദരീ ഞാൻ നിങ്ങളുടെ പൈസ തിരിച്ചയച്ചിട്ടുണ്ട്,എനിക്കതിന്റെ ആവശ്യം വന്നില്ല നിങ്ങളെ ഇത്രയും നേരം ബുദ്ധിമുട്ടിച്ചതിന് എന്നോട് ക്ഷമിക്കു പിന്നെ കഴിയുമെങ്കിൽ മരിച്ചുപോയ എൻ്റെ മകനുവേണ്ടി ഒന്ന് പ്രാർത്ഥിക്കണേ

ആ മെസ്സേജ് കണ്ടു സമ്മിശ്ര വികാരത്തോടെ ഞാനിരുന്നു ,പൈസ തിരിച്ചു കിട്ടിയപ്പോൾ സന്തോഷത്തെക്കാൾ , മകനെ നഷ്‌ടപെട്ട അയാളുടെ ദുർവിധിയോർത്തുള്ള സങ്കടമായിരുന്നെനിയ്ക്ക്

അയാളുടെ മകനെന്തോ ആപത്ത് സംഭവിച്ച് ഹോസ്പിറ്റലിൽ നിൽക്കുന്ന സമയത്തായിരിക്കണം ഞാൻ അയച്ച പൈസ അയാൾക്ക് കിട്ടിയത് ,അയാളുടെ ആവശ്യം അത്ര വലുതായതു കൊണ്ടായിരിക്കാം, എൻ്റെ
അഭ്യർത്ഥനകളെ അയാൾ പാടേ അവഗണിച്ചത്

നിങ്ങൾ ഇപ്പോൾ എവിടെയാണ്
ചേട്ടാ ഉള്ളത്?

ഞാൻ അദ്ദേഹത്തിന് മെസ്സേജ് ടൈപ്പ് ചെയ്തയച്ചു

ഞാൻ സിറ്റി ഹോസ്പിറ്റലിലെ
മോർച്ചറിക്ക് മുന്നിലുണ്ട് ,മകനെ ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്തു .

അയാളുടെ മെസ്സേജ് വായിച്ചപ്പോൾ ആ അച്ഛൻറെ ഹൃദയം എത്രമാത്രം തകർന്നിട്ടുണ്ടാവുമെന്ന് ഞാൻ ആലോചിച്ചു

ഞാൻ മകളെയും കൊണ്ടുവന്ന അതേ ഹോസ്പിറ്റലിന്റെ മോർച്ചറിക്ക് മുന്നിലാണ് അയാളും ഉള്ളതെന്ന് മനസ്സിലായപ്പോൾ അദ്ദേഹത്തെ ചെന്ന് കണ്ട് ഒന്ന് ആശ്വസിപ്പിക്കണമെന്ന് എനിയ്ക്ക് തോന്നി .

അപ്പോഴേക്കും മകളുടെ പേര് വിളിച്ചു

ഞാൻ ഉടനെ മകളെയുംകൊണ്ട് ഡോക്ടറുടെ ക്യാബിനുള്ളിലേക്ക് കയറി .

ഡോണറെ കിട്ടിയിട്ടുണ്ട് ,പക്ഷേ വലിയ എമൗണ്ടാണ് അവർ ചോദിക്കുന്നത്
എന്താ ഇപ്പോൾ ചെയ്യുക ?

ഡോക്ടർ എന്നോട് ആശങ്കയോടെ പറഞ്ഞപ്പോൾ നിസ്സഹായതയോടെ ഇരിക്കാനേ എനിക്ക് കഴിഞ്ഞുള്ളു

സർ അങ്ങ് പറഞ്ഞതുപോലെ
സൗജന്യമായി ഡൊണേറ്റ് ചെയ്യാൻ ആരെങ്കിലും തയ്യാറായി വരികയാണെങ്കിൽ അങ്ങ് എന്നെ അറിയിച്ചാൽ മതി , അല്ലാതെ മറ്റു മാർഗ്ഗങ്ങളൊന്നും ഞാൻ കാണുന്നില്ല

എങ്കിൽ കുറച്ചു കൂടെ വെയിറ്റ് ചെയ്യൂ മോൾക്ക് തൽക്കാലം ഞാൻ തരുന്ന മരുന്നുകൾ തന്നെ കണ്ടിന്യൂ ചെയ്തോളൂ

ഡോക്ടറുടെ നിർദ്ദേശം കേട്ട്
മോളെയും കൊണ്ട് നിരാശയോടെ
ഞാൻ പുറത്തേയ്ക്കിറങ്ങി

ഞാൻ മോർച്ചറി ലക്ഷ്യമാക്കിയാണ് നടന്നത്

അവിടെ ചെന്നപ്പോൾ ,ഒരു കോൺക്രീറ്റ് തുണിൽ ചാരി കണ്ണീർ വാർത്തുകൊണ്ട്
ഒരു മധ്യവയസ്‌ക്കൻ നിൽക്കുന്നത് കണ്ടു

എതിരെ നടന്നുവന്ന അറ്റൻഡറോട് അയാളുടെ മകൻ്റെ ബോഡിയാണോ കുറച്ചു മുമ്പ് മോർച്ചറിയിൽ വെച്ചതെന്ന് ഞാൻ ചോദിച്ചു.

അതേന്ന് അയാൾ പറഞ്ഞപ്പോൾ ഞാൻ നേരെ അദ്ദേഹത്തിന്റെ മുന്നിൽ ചെന്നു.

എന്നെ കണ്ടപ്പോൾ കണ്ണുതുറച്ചുകൊണ്ട് ചോദ്യഭാവത്തിൽ അയാൾ എന്നെ നോക്കി

ചേട്ടാ ഞാനാണ് ഇന്നലെ അബദ്ധത്തിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് പൈസ അയച്ചത് ഇപ്പോൾ നിങ്ങളുടെ കാര്യങ്ങൾ അറിഞ്ഞപ്പോൾ എനിക്ക് വല്ലാതെ വിഷമം തോന്നുന്നു ,ആശ്വസിപ്പിക്കാൻ ഞാൻ
ആളല്ല എന്നാലും ചേട്ടൻ സമാധാനമായിരിക്കണമെന്നാണ്
എനിയ്ക്ക് പറയാനുള്ളത്

ദൈവം എനിക്ക് തന്ന വിധിയെ സ്വീകരിച്ചല്ലേ പറ്റു ? അല്ല ,മോളെ ഡോക്ടറെ കാണിച്ചില്ലേ ?എന്താ ഡോക്ടർ പറഞ്ഞത് ?

അവളുടെ കിഡ്നി ഫെയ്ലിയറാണ്
അത് മാറ്റിവെയ്ക്കണമെങ്കിൽ വലിയ തുക വേണം ,സ്വന്തമായി വീടുപോലും ഇല്ലാത്ത എനിക്ക് ,അത്രയും വലിയ തുക കണ്ടെത്താൻ യാതൊരു മാർഗ്ഗവുമില്ല
പിന്നെ ഡോക്ടർ പറഞ്ഞു ആരെങ്കിലും സൗജന്യമായി കിഡ്നി നൽകാൻ തയ്യാറായി വരികയാണെങ്കിൽ അറിയിക്കാമെന്ന്

എങ്കിൽ സഹോദരീ , നിങ്ങളിനി കാത്തിരിക്കേണ്ട ,എന്റെ മകന് മസ്തിഷ്കമരണം ഉറപ്പാക്കിയപ്പോൾ
തന്നെ, അവൻ്റെ എല്ലാ അവയവങ്ങളും എടുത്തുകൊള്ളാൻ ഞാൻ പറഞ്ഞു നമുക്കിപ്പോൾ തന്നെ ഡോക്ടറെ കണ്ടിട്ട് വിവരം പറയാം. കഴിയുമെങ്കിൽ അടുത്ത ദിവസം തന്നെ മോളുടെ സർജറി നടത്താം

അദ്ദേഹം പറഞ്ഞത് കേട്ട് അൽപനേരം ഒന്നും മിണ്ടാനാവാതെ ഞാൻ നിന്നുപോയി,എൻ്റെ മുന്നിൽ നില്ക്കുന്ന ദൈവത്തിൻ്റെ കാലിലേയ്ക്ക് ഞാനറിയാതെ വീണു പോയി.

പിന്നീടുള്ള കാര്യങ്ങളെല്ലാം വളരെ വേഗത്തിൽ തന്നെ നടന്നു , വിജയകരമായി മകളുടെ ഓപ്പറേഷൻ കഴിഞ്ഞു

അതിനുശേഷമണ് അദ്ദേഹം സ്വന്തം ജീവിതകഥ പറഞ്ഞത്, മരിച്ചുപോയ ആ മകൻ മാത്രമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ

മകൻ കൂടി പോയപ്പോൾ ഒറ്റയ്ക്കായി
പോയതിൻ്റെ ദൈന്യത അദ്ദേഹത്തിൻ്റെ കണ്ണുകളിൽ ഞാൻ കണ്ടു

ഒറ്റപ്പെടലിന്റെ വേദന ശരിക്കും അനുഭവിച്ചു കൊണ്ടിരുന്ന എനിക്ക് അദ്ദേഹത്തെ കൂടെ കൂട്ടാൻ ഒട്ടും അമാന്തം തോന്നിയില്ല

ഡിസ്ചാർജ് കിട്ടി വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ എൻ്റെയും മകളുടെയും കൂടെ അദ്ദേഹവും ഉണ്ടായിരുന്നു നാട്ടുകാർ ചിലപ്പോൾ അപവാദങ്ങൾ പറഞ്ഞു പരത്തിയേക്കാം സമൂഹം എന്നെ പുച്ഛത്തോടെ നോക്കി പരിഹസിച്ചേക്കാം ,പക്ഷേ അതൊന്നും എന്നെ ബാധിക്കില്ലായിരുന്നു .

പ്രതിസന്ധികൾ വന്നപ്പോൾ ഞാനും മോളും തനിച്ചാണ് ,ഈ സമൂഹത്തിന്റെ മുന്നിലൂടെ നടന്നത് ,,എന്നെ കല്ലെറിയാൻ ഒരുങ്ങുന്നവരുടെ കൺമുന്നിലൂടെയാണ് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഞാൻ ഒറ്റയ്ക്ക് ഹോസ്പിറ്റലുകൾ കയറിയിറങ്ങിയത് ,അന്നൊന്നും എൻ്റെ ജീവിതത്തിലേയ്ക്ക് എത്തി നോക്കാത്തവരെ ഞാനെന്തിന് വക വയ്ക്കണം ?

✍️തൈപ്പറമ്പൻ .

Leave a Reply

Your email address will not be published. Required fields are marked *