ഈ വീട്ടിലേക്ക് വലിഞ്ഞു കയറി വന്നൊരു അനാഥ പെണ്ണല്ല ഞാൻ… ഞാനീ വീട്ടിലെ മരുമകളാണ് …. നാലാളറിയെ നിങ്ങളുടെ രണ്ടാമത്തെ പുത്രൻ താലിക്കെട്ടി ഭാര്യയാക്കിയവൾ… ഗർഭിണിയാണ് ഞാൻ….
എൻ്റെ വയറ്റിൽ വളരുന്നത് ഇവിടുത്തെ ആദ്യത്തെ പേരക്കുട്ടിയും…
അതോർമ്മയിൽ വെച്ചിട്ടു വേണം എന്നോടൊരു സംസാരത്തിന് മുതിരാനും എന്നെ ഭരിക്കാൻ വരാനും..ഇത്രയും കാലം എല്ലാം കേട്ടും സഹിച്ചും നിശമ്പ്ദയായ് നിന്നതു പോലെ ഇനി ഞാൻ നിന്നു തരില്ല….”
നഗരത്തിലെ വമ്പൻ പണക്കാർ മാത്രം താമസിയ്ക്കുന്ന ആ കോളനിയിലെ കൊട്ടാരതുല്യമായ വീടിനുളളിൽ ദേവനന്ദയുടെ ശബ്ദം ഉയർന്നു പൊന്തിയതും ഒരു മാത്ര നിശ്ചലയായ് നിന്നു പോയവളുടെ മുമ്പിൽ നഗരത്തിലെ ഏറ്റവും വിലകൂടിയ വക്കീലായ കാഞ്ചന …
പകപ്പിൽ മിഴിഞ്ഞു പോയ കണ്ണുകളോടെയുള്ള അവരുടെ നോട്ടം തനിയ്ക്ക് മുമ്പിൽ നിൽക്കുന്ന വെളുത്തു മെലിഞ്ഞയാ പെൺക്കുട്ടിയിൽ തങ്ങി…
നീ.. എന്താ അവസാനം പറഞ്ഞത്..?
താൻ കേട്ടതു തന്നെയാണോ അവൾ പറഞ്ഞത് എന്നുറപ്പിക്കാനെന്നോണം കാഞ്ചന വീണ്ടും എടുത്തൊന്ന് ചോദിച്ചതും അവരിൽ വരുന്ന ഓരോ മാറ്റവും നിരീക്ഷിച്ചു കൊണ്ടു നിന്ന ദേവനന്ദയിൽ അവരെ പരിഹസിയ്ക്കും വിധമൊരു ചിരി തെളിഞ്ഞു
“നിങ്ങൾ കേട്ടതെന്താണോ അതുതന്നെയാണ് ഞാൻ പറഞ്ഞത്
നിങ്ങളിനി എത്രയെല്ലാം എങ്ങനെയെല്ലാം ചോദിച്ചാലും ആ പറഞ്ഞതിനപ്പുറത്തേയ്ക്ക് മറ്റൊന്നും എനിയ്ക്ക് പറയാനും ഉണ്ടാകില്ല…”
തന്റെ തീരുമാനം കാഞ്ചനയ്ക്ക് മനസ്സിലാവും വിധം വ്യക്തമാക്കി വെളിവാക്കി ദേവനന്ദ തന്റെ ജോലിയിലേക്ക് തിരിഞ്ഞതും ഉള്ളിൽ ഇരമ്പിയാർക്കുന്ന ദേഷ്യത്തെ പണിപ്പെട്ട് അടക്കി നിർത്തി ദേവയെ തനിയ്ക്ക് നേരെ അല്പം ബലത്തിൽ തന്നെ വലിച്ചു തിരിച്ചു നിർത്തി കാഞ്ചന
“നീ ഈ വീട്ടിലെ മരുമകളാണ്….എന്റെ രണ്ടാമത്തെ മകന്റെ ഭാര്യ… അതു സമ്മതിച്ചു ഞാൻ… പക്ഷെ നീ രണ്ടാമത് പറഞ്ഞത്… നീ ഗർഭിണിയാണെന്നത്…നിന്റെ വയറ്റിൽ എന്റെ മോന്റെ കുഞ്ഞുണ്ടെന്നത് അത് വിശ്വസിക്കാൻ മാത്രം മണ്ടിയല്ല ഞാൻ…
അതൊരിക്കലും സംഭവിക്കില്ല… എനിക്കത്രയും ഉറപ്പുണ്ടാ കാര്യത്തിൽ, അതുകൊണ്ടു തന്നെ നിന്റെ മനസ്സിലെ ആഗ്രഹത്തെ നീ ഇങ്ങനെ സത്യം പോലെ വിളിച്ചു പറയണ്ട… കേൾക്കുന്നവർ കരുതും നീ പറയുന്നത് സത്യമാണെന്ന്…..”
ഉള്ളിലുയരുന്ന പിടപ്പിനെ ദേവനന്ദ അറിയാതെ ഒതുക്കി തികച്ചും സ്വാഭാവികമെന്നമട്ടിൽ കാഞ്ചന പറഞ്ഞത് കേട്ടെങ്കിലും അങ്ങനൊന്ന് കേട്ട ഭാവം പോലുമില്ലാതെ താൻ ചെയ്തു കൊണ്ടിരുന്ന ജോലി തുടർന്നു ദേവ….
ദേവയുടെ നിൽപ്പും മുഖത്തെ കല്ലിച്ച ഭാവവും… എന്തൊക്കയോ പൊരുത്തക്കേടുകൾ തോന്നി കാഞ്ചനയ്ക്ക്.. അവരുടെ നോട്ടം ദേവയുടെ മുഖത്തു നിന്ന് തെന്നിനീങ്ങി അവളുടെ മാറിലൂടെ അടിവയറിലെത്തി നിന്നു
അതിനുള്ളിലൊരു ജീവന്റെ തുടിപ്പുണ്ടോ… ചിന്തിച്ചു പോയ് കാഞ്ചന… ഇനിയഥവാ ഉണ്ടെങ്കിൽ അതിന്റെ അച്ഛനാരാവും…. അവളുടെ ഭർത്താവായ തന്റെ ഇളയ മകനോ അതോ…
ചിന്ത അത്രയും ആയതും ഒരു വിറയൽ പാഞ്ഞവരുടെ ഉള്ളിലൂടെ…
ദേവാ….
ഇത്തവണ അവളെ വിളിയ്ക്കുമ്പോൾ പഴയ കടുപ്പമില്ല അവരുടെ ശമ്പ്ദത്തിൽ…
“ഞാൻ പറഞ്ഞത് സത്യമാണ്… എൻ്റെ ഉള്ളിലൊരു ജീവൻ വളരുന്നുണ്ട്… അതിവിടുത്തെ ചോരയാണ്….”
കൂടുതലൊന്നും പറയാതെ അവരെ ഒന്നു നോക്കി ദേവനന്ദ അകത്തേയ്ക്ക് കയറി പോയതും തളർന്നവിടെയുള്ള സെറ്റിയിൽ ഇരുന്നു പോയ് കാഞ്ചന…
കഴിഞ്ഞു പോയ കാലങ്ങളിൽ വാശി കൊണ്ട് താൻ നേടിയെടുത്തതെല്ലാം തെറ്റുകൾ മാത്രമായിരുന്നെന്ന് അവർക്കാദ്യമായ് തോന്നിയതപ്പോഴാണ്… ആ തെറ്റുകളെല്ലാം ഇന്നിപ്പോൾ ഒരിക്കലും തിരുത്താൻ പറ്റാത്ത തെറ്റായ് മാറിയിട്ടുണ്ടെങ്കിൽ…?
വെറുതെയുള്ള ആ ചിന്ത പോലും തളർത്തി കാഞ്ചനയെ….
“എന്റെ ജീവിതം അത് ഞാനെനിയ്ക്ക് ഇഷ്ടം ഉള്ളവൾക്കൊപ്പമേ ജീവിയ്ക്കൂ… അതല്ലാതെ അമ്മ കണ്ടെത്തി തരുന്നവളെ ഭാര്യയാക്കി അവൾക്കൊപ്പം കുടുംബമുണ്ടാക്കി ഞാനിവിടെ അമ്മയുടെ കാൽകീഴിൽ കിടക്കുമെന്നമ്മ സ്വപ്നത്തിൽപോലും ചിന്തിക്കരുത്… ഏട്ടനല്ല ഞാൻ… അതോർത്താൽ മതി അമ്മ…”
തന്റെ സുഹ്യത്തായ ദേവന്റെ മകൾ ദേവനന്ദയെ തന്റെ രണ്ടാമത്തെ മകനായ രാഹുലിനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ താൻ ശ്രമിച്ചത് അവളുടെ പേരിലുള്ള സ്വത്ത് കണ്ടിട്ടു തന്നെയാണ്…. എന്നാൽ മറ്റൊരുവൾക്ക് മനസ്സ് കൊടുത്ത രാഹുൽ തന്റെ പ്രെപ്പോസൽ നിരസിച്ചിട്ടും ഭീഷണിയിൽ കുരുക്കി താനവന്റെ കല്യാണം ദേവനന്ദയുമായ് നടത്തി എടുത്തു… ഭാര്യാ ഭർത്താക്കന്മാർ ആണെങ്കിലും ഒരു മുറിയിൽ ഒരു കട്ടിലിൽ കഴിഞ്ഞ രണ്ടു വർഷമായ് അപരിചിതരെ പോലെ തന്നെ കഴിഞു പോന്നു രാഹുലും ദേവയും….അവരൊരിക്കൽ പോലും ഭാര്യാ ഭർത്താക്കന്മാരായ് ജീവിച്ചിട്ടില്ല ഇന്നേവരെ…
രാഹുലാണെങ്കിൽ വിവാഹ ശേഷം കൂടുതൽ കൂടുതൽ അവൻ സ്നേഹിച്ചിരുന്ന പെണ്ണുമായ് അടുത്തു ഇതിനിടയിൽ… ഇക്കാലയളവിലാണ് ദേവയുടെ മാതാപിതാക്കൾ ഒരപകടത്തിലൂടെ മരണപ്പെടുന്നതും ദേവ തികച്ചും അനാഥയാവുന്നതും…ഈ അവസരം മുതലെടുത്ത് രാഹുൽ
അവൻ സ്നേഹിക്കുന്നവൾക്കൊപ്പം പരസ്യമായ് തന്നെ യാത്രകൾ ചെയ്യാനും കൂടെ താമസിക്കാനുമെല്ലാം തുടങ്ങി… എല്ലാം കണ്ടറിഞ്ഞിട്ടും നിശബ്ദയായ് നിസ്സഹായായ് ആ വീട്ടിൽ തുടർന്നു പോന്നു ദേവനന്ദ…..ആ അവളാണ് തനിയ്ക്ക് മുമ്പിലിപ്പോൾ വന്നു നിന്ന് താൻ ഗർഭിണിയാണെന്ന് തന്റേടത്തോടെ വിളിച്ചു പറഞ്ഞത്
ആ കുഞ്ഞ് അതൊരിക്കലും രാഹുലിന്റെ അല്ല….. അതുറപ്പാണ് തനിയ്ക്ക്… അപ്പോൾ പിന്നെ എങ്ങനെയത് ഈ വീട്ടിലെ ചോരയാവും…?
ചോദ്യം കാഞ്ചനയുടെ മനസ്സിലൊരു നടുക്കത്തോടെ നിറഞ്ഞു നിന്നതിനൊപ്പം അവരുടെ ഉള്ളിൽ മറ്റൊരു മുഖം കൂടി തെളിഞ്ഞു…
അവരുടെ മൂത്ത മകന്റെ…
രാഹുലിന്റെ ഏട്ടൻ രോഹന്റെ….
ആഗ്രഹിച്ച ജീവിതവും സ്നേഹിച്ച പെണ്ണിനെയും തന്റെ പിടിവാശി മൂലം കിട്ടാതെ വന്നപ്പോൾ ഈ വീടൊരു മദ്യശാലയാക്കി മാറ്റി എല്ലാവരിൽ നിന്നും അകന്ന് ജീവിക്കാൻ തുടങ്ങി രോഹർ… ആരോടും മിണ്ടാതെ എപ്പോഴും മദ്യപിച്ച് മുറിയ്ക്കുള്ളിൽതന്നെ ഇരിയ്ക്കുന്ന രോഹനാണോ അവളുടെ കുഞ്ഞിന്റെ അച്ഛൻ…?
ഓരേ ചോദ്യം തന്നെ മനസ്സ് വീണ്ടും വീണ്ടും ചോദിച്ചതും ഇരുന്നിടത്തുനിന്നെഴുന്നേറ്റു രോഹന്റെ മുറിയിലേക്ക് നടന്നു കാഞ്ചന…. എന്നാൽ രോഹന്റെ മുറി വാതിലോളം എത്തിയതുംആരോ പിടിച്ചു കെട്ടിയതു പോലെ നിശ്ചലയായ് നിന്നു പോയവർ
ബെഡ്ഡിൽ അലസം കിടക്കുന്ന ദേവയുടെ വയറിൽ മുഖം അമർത്തി ആർത്തിയോടെ ചുംബിയ്ക്കുന്ന രോഹൻ…
രോഹാ…
കണ്ട കാഴ്ചയുടെ പകപ്പിലുയർന്നു കാഞ്ചനയുടെ ശബ്ദം….
പെട്ടന്നുള്ള ആ വിളിയിൽ ഞെട്ടി അറിയാതെ ദേവയും
“ഒന്ന് ശബ്ദം കുറച്ച് വിളിച്ചൂടെ അമ്മയ്ക്ക്…?
ദേവ ഞെട്ടിയത് കണ്ടില്ലേ…?
ഈ ഞെട്ടലൊക്കെ അവളുടെ വയറ്റിലുള്ള എന്റെ കുത്തിനെ ബാധിയ്ക്കും… അറിയില്ലേ അമ്മയ്ക്ക് ഇതൊന്നും…?
അരുതാത്തൊരു സാഹചര്യത്തിൽ തങ്ങളെ അമ്മ കണ്ടതിന്റെ യാതൊരു പരുങ്ങലുമില്ലാതെ അല്പം ദേഷ്യത്തിൽ രോഹൻ ചോദിച്ചതും അവനരികിലേക്ക് പാഞ്ഞുചെന്നു കാഞ്ചന
“നിന്റെ കുഞ്ഞോ…നിന്റെ കുഞ്ഞെങ്ങനെയാണെടാ നിന്റെ അനിയന്റെ ഭാര്യയുടെ വയറ്റിൽ വളരുന്നത്…?
രോഹനെപിടിച്ചുലച്ചവർ ചോദിച്ചതും തന്റെ ശരീരത്തിൽ നിന്നവരുടെ കൈകൾ ബലമായ്
പിടിച്ചു മാറ്റി രോഹൻ
“എന്റെ കുഞ്ഞെങ്ങനെ അവളിലെത്തി എന്നത് ഞാൻ പറഞ്ഞു വേണം അമ്മയ്ക്കറിയാനെങ്കി പറയാം എനിക്കിഷ്ടമാണ് ദേവനന്ദയെ… അതും അനിയന്റെ ഭാര്യയായിട്ടല്ല….എന്റെ പെണ്ണായിട്ട്… ദേവയോടുള്ള എന്റെ ഇഷ്ടമാണ് അവളുടെ വയറിനുള്ളിൽ ഞങ്ങളുടെ ജീവനായ് തുടിയ്കുന്നത്…”
“വാശിപ്പുറത്ത് അമ്മയെടുത്ത തീരുമാനങ്ങൾ കൊണ്ട് ജീവിതം നഷ്ടപ്പെട്ടവരാണ് ഞങ്ങൾ… ഇനിയൊരു നഷ്ടം അമ്മയുടെ വാശി കാരണം ഞങ്ങൾക്കുണ്ടാവരുത്…. അതിനു വേണ്ടത് എന്താണെന്നു വെച്ചാ അമ്മ വേഗം ചെയ്യാൻ നോക്ക്… പിന്നെ ഇന്നു മുതൽ ഈ റൂമിലാണ് ദേവ…. അതവനോട് അമ്മയൊന്ന് സൂചിപ്പിച്ചേക്ക്…”
യാതൊരു സങ്കോചവുമില്ലാതെ കാര്യങ്ങൾ കാഞ്ചനയെ പറഞ്ഞേല്പിച്ച് അവർക്കു മുമ്പിലായ് ആ റൂമിന്റെ വാതിലവൻ വലിച്ചടച്ചതും അവിഹിതമെന്ന് ഒറ്റവാക്കിൽ വിളിക്കാവുന്ന ആ ബന്ധത്തെ വിഹിതമാക്കുക അല്ലാതെ മറ്റു വഴികളില്ല തനിയ്ക്കെന്ന തിരിച്ചറിവോടെ കാഞ്ചന പിൻ തിരിഞ്ഞു നടന്നതും അവർക്ക് പുറകിലടച്ചിട്ട രോഹന്റെ മുറിയിൽ നിന്ന് ദേവനന്ദയുടെയും രോഹന്റെയും പൊട്ടിച്ചിരിയലകൾ ഉയർന്നു കൊണ്ടിരുന്നു…. അവരെ കേൾപ്പിക്കാനെന്നവണ്ണം…
വൈകുന്നേരം രാഹുലിനു മുമ്പിൽ തൻ്റെ എല്ലാ ധാർഷ്ട്യവും വെടിഞ്ഞ് നിന്നവർ കാര്യങ്ങളോരോന്നായ് പറഞ്ഞു തുടങ്ങിയതും ഞെട്ടി അമ്മയെ നോക്കി രാഹുൽ…
“നീ നിനക്കിഷ്ടമുള്ള ജീവിതം നിനക്കിഷ്ടമുള്ളവർക്കൊപ്പം ജീവിച്ചോ…. അതിനിനി ഞാൻ തടസ്സം നിൽക്കുന്നില്ല.. എത്രയും പെട്ടന്ന് നി ദേവയുമായുള്ള വിവാഹ ബന്ധം വേർപെടുത്തി
സ്വതന്ത്ര്യയാക്കിവിടവളെ….
എന്നും തലയുയർത്തി പിടിച്ച് മാതം സംസാരിച്ചു ശിലമുള്ള കാഞ്ചന കുനിഞ്ഞു പോയ മുഖത്തോടെ കാര്യങ്ങൾ വ്യക്തമാക്കിയപ്പോൾ
കടിച്ച പാമ്പിനെ കൊണ്ടുതന്നെ വിഷം തിരിച്ചെടുപ്പിച്ച ഏട്ടന് മനസ്സിലൊരായിരം വട്ടം നന്ദി പറഞ്ഞു രാഹുൽ ഇതിനിടയിൽ…
✍️RJ
