പഴയ വസ്ത്രങ്ങൾ ഉണ്ടോയെന്ന് ചോദിക്കാനാണ് കാളിംഗ് ബെല്ല് അടിച്ചത്. പുത്തൻ വേഷത്തിൽ ഒരാൾ കതക് തുറന്നു. നരച്ച തലയോടെ തുറിച്ച നോട്ടം! ആരാണെന്ന ചോദ്യം ഉയർത്തി അയാൾ അങ്ങനെ നിൽക്കുകയാണ്.
‘ദയാമാതാ ട്രസ്റ്റിൽ നിന്നാണ്. അവിടുത്തെ കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാൻ പഴയ ഡ്രസ്സ്… ഇല്ലെങ്കിൽ സംഭാവന വല്ലതും…’
ആ മനുഷ്യൻ എന്നെ അടിമുടി അളന്നു. വിണ്ടുകീറിയ ചെരുപ്പ് തൊട്ട് വരണ്ട് പാറുന്ന തലയിലേക്ക് അയാളുടെ നോട്ടം സഞ്ചരിച്ചു. ഇറുങ്ങിയ ചുരിദാറിൽ നിന്ന് ഊർന്ന് വീഴുന്ന ഷാൾ നേരെയാക്കി ഞാൻ പരവേശപ്പെട്ടുപോയി. വീട്ടിൽ മറ്റാരും ഇല്ലെന്ന് തോന്നുന്നു. ഉപദ്രവിക്കപ്പെടുമോയെന്ന് വരെ സംശയിച്ചുപോയ നിമിഷങ്ങൾ ആയിരുന്നുവത്. ഈ ലോകത്ത് ആരെയാണ് വിശ്വസിക്കേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു.
‘ഇതൊക്കെ ഉള്ളതാണൊ?’
ഐഡി കാർഡ് കാണിച്ച് കൊടുത്തിട്ടും അയാൾക്ക് വിശ്വാസമായില്ല. റെസിപ്റ്റ് ബുക്കിലെ നമ്പറിലേക്ക് ഡയൽ ചെയ്യുകയാണ്. അവിടെ എടുത്തുവെന്ന് തോന്നുന്നു. ഇത് എവിടുത്തെ ട്രസ്റ്റ് എന്നായിരുന്നു ചോദ്യം. ശേഷം, പേപ്പറ് കമ്പിനിയല്ലേയെന്നും ചോദിക്കുന്നുണ്ട്. സംഭവം വഷളായി ഞാൻ പിടിക്കപ്പെടുമെന്ന് എനിക്ക് തോന്നി. ഒളിക്കാൻ, ഒന്നിലേറെ കാര്യങ്ങൾ ഉണ്ടായിരുന്നു. ട്രസ്റ്റിനെ ചുറ്റിപ്പറ്റിയല്ല. അതിന്റെ കാര്യത്തിൽ വലിയ ഉറപ്പൊന്നും ഇല്ലെങ്കിലും, എന്റെ വിഷയം മറിച്ചാണ്. പോലീസെങ്ങാനും വന്നാൽ വീണ്ടും ഞാൻ വീട്ടിലേക്ക് എത്തുമോയെന്ന ആശങ്കയാണ്. രക്ഷപ്പെട്ടേ മതിയാകൂ.
‘ഉഡായിപ്പും കൊണ്ട് ഇറങ്ങിയിരിക്കുകയാണല്ലേ… പുത്തൻപള്ളി ടൗണ് എനിക്കറിയുന്നതല്ലേ…. അവിടെ ഇങ്ങനെയൊരു ട്രസ്റ്റില്ല. ഉണ്ടെന്നൊക്കെ പറയുന്നത് ആരും അന്വേഷിച്ച് വരില്ലെന്ന ധൈര്യം കൊണ്ടല്ലേ…!’
തുറന്ന് കിടക്കുന്ന ഗേറ്റിലേക്ക് പിൻവാങ്ങാനായി അനങ്ങിയപ്പോഴാണ് അയാൾ അങ്ങനെ പറഞ്ഞത്. ഉള്ളതാണ് സാറേയെന്ന് പറഞ്ഞ് ഞാൻ നടന്നു. രണ്ടടി വെച്ചപ്പോഴേക്കും നിൽക്കാനുള്ള കൽപ്പന വന്നു. അനുസരിച്ചു. പിന്നീട് അയാൾക്ക് ചോദിക്കാനായി ഉണ്ടായിരുന്നത് എന്നെ കുറിച്ചായിരുന്നു.
‘നീയും ആ ട്രസ്റ്റിൽ തന്നെയാണോ താമസിക്കുന്നേ..?’
ആണെന്ന് പറഞ്ഞ് രണ്ടടി കൂടി ഞാൻ നടന്നു. വന്ന സ്ഥിതിക്ക് ഉള്ളത് തരാമെന്ന് പറഞ്ഞ് അയാൾ എന്നോട് നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. സന്തോഷമായി. വിട്ടുപോയ ഭയത്തിന്റെ സ്ഥാനത്തിലേക്ക് പുഞ്ചിരി ഒട്ടി നിന്നു. നിരന്തരമല്ലെങ്കിലും ഇപ്പോൾ ഈ ജോലി അത്യാവശ്യമാണ്. ഉടൻ മറ്റൊന്ന് കണ്ടെത്തണം. താമസിക്കാനുള്ള ഇടവും വേണം. ഈ കാലം വരെ കൂട്ടിലായിരുന്നു. വളർത്തിയവർ തന്നെ അറുത്ത് തിന്നുമെന്ന് തോന്നിയപ്പോൾ രക്ഷപ്പെട്ടു. ചിറകുകൾ ഉണ്ടെന്ന് തോന്നിയാൽ പറന്നല്ലേ പറ്റൂ…
ഓർക്കാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങളിലേക്കുള്ള സഞ്ചാരത്തിലേക്ക് തല പോകുകയാണ്. തടയാൻ സാധിച്ചില്ല. മദ്യത്തിന്റെ മണമുള്ള അമ്മയാണ് മുന്നിൽ. കൂടെ ഒരു ചെറുപ്പക്കാരനുമുണ്ട്. കണ്ടിട്ട്, അമ്മയേക്കാൾ ഇളയതാണെന്ന് തോന്നുന്നു. അവർ മുറിയിലേക്ക് കയറി കതകടച്ചു. കാര്യങ്ങളൊക്കെ ഗ്രഹിക്കാൻ ശരിയായ പ്രായത്തിൽ പെണ്ണൊരുത്തി മകളായി ഉണ്ടാകുമ്പോൾ അമ്മയിത് എന്ത് ഭാവിച്ചാണെന്ന് മനസ്സിലായില്ല.
പലപ്പോഴും ഇത് ആവർത്തിച്ചു. അമ്മയുടെ ജോലി എന്താണെന്ന് എനിക്ക് അറിയാം. അതിന്റെ പേരിൽ കുറ്റപ്പെടുത്താൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. ചതിക്കപ്പെതായിരിക്കണം. എന്നെ സംരക്ഷിക്കാനായി ഇറങ്ങി പുറപ്പെട്ടതായിരിക്കണം. ശരീരം വിറ്റ് ജീവിക്കാൻ എന്തുകൊണ്ടാണ് തീരുമാനിച്ചതെന്ന് ഒരിക്കൽ പോലും അമ്മയോട് ചോദിച്ചിട്ടില്ല. പക്ഷേ, കാര്യങ്ങൾ ഇപ്പോൾ വീട്ടിലേക്ക് എത്തിയിരിക്കുന്നു.
രംഗം പതിവായി. മുറി വിട്ട് പുറത്തേക്ക് ഇറങ്ങാൻ പറ്റാത്ത സാഹചര്യത്തിലേക്ക് മദ്യം മണത്തു. പുകച്ചുരുളുകൾ സീലിംഗിൽ പടർന്ന് ഒഴുകി. അടക്കം പറച്ചിലുകളും സീൽക്കാരങ്ങളും കേട്ടു. ഇതൊന്നും ഇഷ്ടപ്പെടുന്നില്ലെന്ന് പറഞ്ഞപ്പോൾ, ഇങ്ങനെയാണ് ഇത്രയും കാലം നിന്നെ പോറ്റിയതെന്ന് ചേർത്ത് അമ്മ എന്നെ ചീത്ത വിളിക്കുകയായിരുന്നു.
പണ്ട്രണ്ട് വരെ പഠിച്ചതിന്റെ പത്രാസ്സിൽ പണ്ടൊരു ജോലി തേടാൻ ഒരുങ്ങിയതാണ്. തടഞ്ഞത് അമ്മയായിരുന്നു. ഞങ്ങൾക്ക് ബന്ധുക്കളൊന്നും ഇല്ല. അഞ്ച് നിലകളുള്ള ഒരു അപ്പാർട്ട്മെന്റോളം ചുരുങ്ങിപ്പോയ ജീവിതമാണ് എന്റേത്. അടുത്ത ചുമരിലെ താമസക്കാരെ പോലും അറിയില്ല. തന്റെ പാതയിലേക്ക് മകളെക്കൂടി നടത്താനുള്ള ചിന്തയിലാണോ അമ്മയെന്ന് ഇപ്പോൾ തോന്നുകയാണ്. അത് സാധൂകരിക്കും വിധം, ഇന്നാള് വന്ന ഒരാളെ കാണിച്ച് ഇഷ്ടമായോയെന്നും എന്നോട് ചോദിച്ചു.
‘പൂത്ത കാശുണ്ടെടി…
നിന്നേം വേണമെന്നാ പറയുന്നേ…’
” എന്നോട് ഇങ്ങനെ പറയാൻ അമ്മയ്ക്ക് നാണമില്ലേ…?”
അത്രയും കനത്തിൽ അതുവരെ അമ്മയോട് ഞാൻ സംസാരിച്ചിട്ടുണ്ടായിരുന്നില്ല. കേട്ടപ്പോൾ അമ്മ മിണ്ടാതെ നിന്നു. മദ്യം പോലെ തന്നെ രതിയും ലഹരിയാണ്. അങ്ങനെ വരുമ്പോൾ ഒരു രതികച്ചവടക്കാരിയുടെ മനസ്സ് ഇങ്ങനെ ആയതിൽ അത്ഭുതമില്ല. നല്ല വില കിട്ടിയാൽ അമ്മ എന്നെ വിൽക്കുമോയെന്ന് തോന്നിയപ്പോഴാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. പുറംലോകത്തെ അറിയാത്തതുകൊണ്ടല്ല. ആഗ്രഹം പോലെ ജീവിക്കാനുള്ള കൊതിയിൽ ഒരു ധൈര്യം വന്നിരിക്കുന്നു.
മണിക്കൂറുകളുടെ നീണ്ട തീവണ്ടി യാത്ര. സ്റ്റേഷന്റെ പുറത്തേക്ക് നടക്കുമ്പോഴാണ് ഒട്ടിച്ച് വെച്ചയൊരു പേപ്പർ പരസ്യം കണ്ടത്. ജോലി വേണമെങ്കിൽ വിളിക്കൂവെന്ന്. വിളിച്ചു. അവരുടെ ഓഫീസിൽ എത്തിയപ്പോൾ കൊണ്ടുവന്ന ബാഗും ആധാറും വാങ്ങിവെച്ചു. ശേഷമാണ്. അവരുടെ ഐഡി കാർഡും, റെസിപ്റ്റ് ബുക്കും തന്നത്.
‘നേരിട്ട് പണം ആവശ്യപ്പെടരുത്. ആദ്യം പഴയ തുണി വല്ലതും ഉണ്ടോയെന്ന് ചോദിക്കണം. ഉണ്ടായാലും കൊടുക്കാൻ ആർക്കും മനസ്സുണ്ടാകില്ല. അപ്പോൾ പത്തോ നൂറോ തരും. പാതി നിങ്ങൾക്ക്. പാതി ഞങ്ങൾക്ക്…’
ഇതെന്ത് ജോലി എന്നാണ് കേട്ടപ്പോൾ തോന്നിയത്. ഇതെങ്കിൽ ഇതെന്ന് കരുതി സമ്മതിക്കുകയും ചെയ്തു. അങ്ങനെ അലഞ്ഞ് എത്തിയതാണ് ഇവിടെ. തുടക്കത്തിൽ പേടിപ്പിച്ചെങ്കിലും ഈ മനുഷ്യൻ നല്ലവനാണെന്ന് തോന്നുന്നു. അല്ലെങ്കിൽ പിന്നെ, ഇത്രയൊക്കെ പറഞ്ഞിട്ടും നിൽക്കാൻ പറയില്ലല്ലോ… തുണി മാത്രമല്ല. പണമായും എന്തെങ്കിലുമൊക്കെ തരാതിരിക്കില്ല… പക്ഷേ, നേരം ഏറെ പോയിരിക്കുന്നു! അയാൾ എന്താണ് പുറത്തേക്ക് വരാത്തത്! കാളിംഗ് ബെല്ലിൽ ഞാൻ വീണ്ടും കുത്തി.
‘അകത്തേക്ക് പോര്….’
ആ മനുഷ്യന്റെ ശബ്ദമാണ്. അകത്തേക്ക് പോകാൻ തോന്നിയില്ല. പന്തികേട് തോന്നുകയാണ്. തിരിച്ച് പോയാലോയെന്ന് ചിന്തിച്ച് ചലിക്കുമ്പോഴേക്കും മോളെയെന്ന് ഒരു സ്ത്രീ വിളിച്ചു. തെളിമയുള്ള മുഖം. നര കയറുന്നതേയുള്ളൂ… അയാളുടെ ഭാര്യ ആയിരിക്കണം. അകത്തേക്ക് വരൂവെന്ന് ആ സ്ത്രീയും പറഞ്ഞു. ആ മുഖം നോക്കി പറ്റില്ലെന്ന് പറയാൻ സാധിച്ചില്ല.
ബാഗുമായി ഞാൻ അകത്തേക്ക് കയറി. ഹാളും കടന്ന് ഒരു മുറിയിലേക്കായിരുന്നു. നോക്കുമ്പോൾ, ചുറ്റും തുണികളുമായി ആ മനുഷ്യൻ തറയിൽ ഇരിക്കുകയാണ്.
‘എല്ലാവർക്കും ഉണ്ടാകില്ല. മോൾക്കുള്ളത് ഉണ്ടാകും… നോക്ക്… പാകമാകുന്നുണ്ടെങ്കിൽ എല്ലാം എടുത്തോ…’
എന്നും പറഞ്ഞ് അയാൾ തന്റെ ഭാര്യയെ നോക്കി. സമ്മതമാണെന്ന് അവർ തലയാട്ടി. രംഗം അസ്വഭാവികമായി തോന്നുകയാണ്. അവരുടെ കണ്ണുകളിൽ ഒരേ നേരം മിന്നലും കാർമേഘവും ചിമ്മി നിൽക്കുന്നതുപോലെ. ഇത്രയും തുണികളോയെന്ന അന്താളിപ്പിന് ശേഷമാണ് ഞാൻ ചുമരിലേക്ക് ശ്രദ്ധിച്ചത്. ഒരു പെൺകുട്ടിയുടെ ഒന്നിലേറെ ചിത്രങ്ങൾ. പരിചയമുള്ള മുഖമെന്ന പോലെ ഞാൻ അതെല്ലാം നോക്കി.
‘മോളാണ്… മരിച്ചു. അപകടമായിരുന്നു. ഒമ്പത് കൊല്ലായി…’
അയാൾ പറഞ്ഞു. മോൾക്ക് ഇഷ്ടമുള്ളത് എടുത്തോയെന്ന് വീണ്ടും ചേർത്തു. അത്രയേറെ സ്നേഹിച്ച മകളുടെ ഉടുപ്പുകൾ തരാൻ തോന്നിയതിന്റെ കാരണമൊന്നും എനിക്ക് അറിയില്ല. പശ്ചാത്തലം ആർദ്രമായിരുന്നു. മൂന്നുപേരുടെ കണ്ണുകളും പരസ്പരം കൊളുത്താതെ തമ്മിൽ തമ്മിൽ തെന്നി മാറുകയാണ്.
‘ആശ്രമത്തിലല്ലേ താമസം…? ആരുമില്ലെങ്കിൽ മോള് ഇവിടെ നിന്നോ… നിർബന്ധിക്കുകയല്ല കേട്ടോ.. ഇവിടെ ഞങ്ങളേയുള്ളൂ…’
ഒരു നിശ്വാസത്തിൽ പെയ്ത് പോയേക്കാമെന്ന തോന്നലിൽ വിടർന്ന് നിൽക്കുന്ന കണ്ണുകളിലേക്ക് ആ അമ്മയുടെ ശ്വാസം തട്ടി. ആ മനുഷ്യൻ തന്റെ തേങ്ങൽ മറക്കാൻ പാട് പെടുന്നത് പോലെ. ഒളിച്ച കള്ളങ്ങളെല്ലാം ഏറ്റ് പറഞ്ഞ് മുട്ട് കുത്താനേ ആ നേരം തോന്നിയുള്ളൂ… തുടർന്ന്, കണ്ണീര് വീണ തറയിൽ ഇരുന്നു. അപ്പോഴേക്കും, നിറഞ്ഞ മിഴികളുമായി അലിവോടെ ഉയർത്താൻ ആ അമ്മ എന്റെ തലയിൽ തൊട്ടിരുന്നു. തോൾ പിടിച്ച് ഉയർത്തിയിരുന്നു…!!!
✍️ശ്രീജിത്ത് ഇരവിൽ
