അപ്പച്ചൻ പോയെപ്പിന്നെ അമ്മച്ചിക്ക് വേറെ കല്യാണം കഴിക്കണോന്ന് തോന്നിയിട്ടില്ലേ..” ആനിക്കൊച്ച് ഇതുതന്നെ ചോദിച്ചു കൊണ്ട് പുറകെ നടക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി. ഇന്ന് മാത്രമല്ല ഇടക്കിടെ അവള് ചോദ്യം….

“അപ്പച്ചൻ പോയെപ്പിന്നെ അമ്മച്ചിക്ക് വേറെ കല്യാണം കഴിക്കണോന്ന് തോന്നിയിട്ടില്ലേ..”

ആനിക്കൊച്ച് ഇതുതന്നെ ചോദിച്ചു കൊണ്ട് പുറകെ നടക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി. ഇന്ന് മാത്രമല്ല ഇടക്കിടെ അവള് ചോദ്യം ചോദിക്കുന്നുണ്ട്.

പെണ്ണിന് പത്തിരുപത് വയസ്സായി… ഏറ്റവും മൂത്തവൻ മിഖായേൽ. അവന് പട്ടാളത്തിലാണ്. നടുക്കത്തവൻ ഡേവിസ് കവലയിൽ സൂപ്പർമാർക്കറ്റ് കട നടത്തുന്നു. രണ്ടുപേർക്കും കല്യാണം തരപ്പെട്ടിട്ടില്ല.

സേവ്യറിച്ചായൻ പോകുമ്പോൾ ആനിക്കൊച്ചു കൈക്കുഞ്ഞാണ്.. അന്ന് മുതൽ തുടങ്ങിയ കഷ്ടപ്പാടാണ് ഭൂമിയായിട്ട് കുറച്ചു വസ്തു ഉള്ളതുകൊണ്ട് അത്യാവശ്യം റബ്ബർ കൃഷിയൊക്കെ നടത്തി.

രണ്ടുമൂന്നു പശുക്കളും,കുറച്ചു കോഴികളും ഒക്കെയുണ്ട്.. ചുറ്റുവട്ടത്തുള്ള ആൾക്കാരൊക്കെ മീൻ കൃഷി നടത്തുന്നുണ്ട് എന്നു തുരുത്തേലച്ചൻ പറഞ്ഞതുകൊണ്ട് ഉള്ള സ്ഥലത്ത് ഒരു കുളം കുഴിച്ച് അതും നടത്തുന്നുണ്ട് അങ്ങനെ പോകുന്നു ജീവിതം.

ഇപ്പൊ ഇത്രേം വയസ്സായി..അപ്പോഴാണ് ആനി കൊച്ചിന്റെ ഈ ചോദ്യം ഇതാദ്യമൊ ന്നുമല്ല ഇടയ്ക്കിടെ അവൾ ഇങ്ങനെ ഓരോന്നും ചോദിച്ചു കൊണ്ട് വരും.

അവൾക്ക് അപ്പച്ചനെ കുറിച്ച് നല്ല ഓർമ്മ ഒന്നുമില്ല.ചാച്ചന്മാരും അമ്മയും പറഞ്ഞുകൊടുത്ത ഓർമ്മകൾ മാത്രമേയുള്ളൂ.

അവൾ വിടുന്ന മട്ടില്ല പിന്നെയും ചോദിക്കുകയാണ്

” അല്ല അമ്മച്ചി അപ്പച്ചൻ പോയെപിന്നെ അമ്മച്ചിക്ക് കല്യാണ ആലോചനകൾ ഒന്നും വേറെ വന്നില്ലേ..അതൊ ഞങ്ങളുണ്ടെന്നു വിചാരിച്ചു അമ്മച്ചി വേണ്ടെന്നു വെച്ചതാണോ.”

“കല്യാണം കഴിക്കാൻ തോന്നിയില്ല അത്രയേ ഉള്ളൂ .”

അങ്ങനെ ഒരു മറുപടി പറഞ്ഞു പെണ്ണിനോട്.

“അതെന്താ….”പിന്നെയും ചോദ്യം തന്നെ.

അതിയാൻ പോയപ്പോൾ എനിക്ക് 28 വയസ്സെ ഉള്ളൂ ഓർത്തോണം. അപ്പം മുതൽ പള്ളിക്കാരും, പട്ടക്കാരും വീട്ടുകാരും എല്ലാം പറയുന്നുണ്ടാരുന്നു.

“ത്രേസ്യ കുട്ടിയെ. പറക്കമുറ്റത്തെ ഈ മൂന്നു പിള്ളേരെയും വെച്ച് നീ എന്തോ ചെയ്യാനാ.. എന്നൊക്കെ..

എനിക്ക് തോന്നണ്ടെ.
സേവ്യറിച്ചായനെ മറക്കാൻ കഴിയണ്ടേ . ഉള്ള കാലം അങ്ങേരുമായി സന്തോഷത്തോടുകൂടി കഴിയുകയായിരുന്നു.

അതിനിടയിൽ ദൈവം തമ്പുരാന് ഇഷ്ടപ്പെട്ട കാണുകേല.അതാകുമല്ലോ പ്രായം എത്താത്തതിന് മുന്നേ അങ്ങേരെ അങ്ങെടുത്തത്.

ഞങ്ങടെ വീട് ഒരു സ്വർഗം ആയിരുന്നു നിനക്ക് എന്തറിയാം കൊച്ചേ. ഇപ്പോഴത്തെ പിള്ളേരെ പോലെ ആയിരുന്നില്ല ഞങ്ങൾ…

അങ്ങേർക്ക് ഞാനെന്ന് പറഞ്ഞാ ജീവനായിരുന്നു.”

അമ്മച്ചി പറയുന്നത് കേട്ടപ്പോൾ ആനി ക്കുട്ടിക്ക് സന്തോഷം.അപ്പച്ചനെ കുറിച്ചുള്ള കഥകൾ കുറേ അവൾ കേട്ടിട്ടുണ്ട് എങ്കിലും പിന്നെയും പിന്നെയും കേൾക്കുന്നത് ഒരു സന്തോഷമാണ്.

സേവ്യറിച്ചായൻ ഒറ്റാന്തടി ആയിരുന്നു. ആലോചനയും കൊണ്ട് വന്നപ്പോൾ വന്നപ്പോൾ വീട്ടിൽ ആർക്കും അധികം ഇഷ്ടമായിരുന്നില്ല.. അപ്പനും അമ്മയും ഇളയ ഒരു പെങ്ങളും ഉരുൾപൊട്ടലിൽ ചെറുതിലെ തന്നെ പുള്ളിക്കാരനെ വിട്ടു പോയി.

പിന്നെ വളർന്നതൊക്കെ അപ്പന്റെ ചേട്ടന്റെ കൂടെയായിരുന്നു. വലിയ വിദ്യാഭ്യാസം ഒന്നുമില്ല.എന്നാലും രണ്ടാളിന്റെ പണി ചെയ്യും നല്ല അധ്വാനിയാണ്.
അമ്മാച്ചന്മാർക്കൊക്കെ ഇഷ്ടപ്പെttun. എന്നാലും അപ്പച്ചനും അമ്മച്ചിയും ഇടങ്ങേറിലായിരുന്നു .

പിന്നെ എന്റെ ഒറ്റ നിർബന്ധത്തിനു വഴങ്ങിയാണ് അപ്പനും അമ്മയും കൂടി കല്യാണം നടത്തിയത്

അമ്മാച്ചൻമാർ അവിടെയൊക്കെ പോയി അന്വേഷിച്ചു.ആർക്കും ചെക്കനെ കുറിച്ച് മോശം അഭിപ്രായമൊന്നുമില്ല. രണ്ടേക്കർ റബർ പുരയിടമുണ്ട്.പിന്നെ അത്യാവശ്യത്തിന് കൃഷിയും ഉണ്ട്. ഒരു പലചരക്ക് കൂടെയുമുണ്ട്.

ഇവിടെ വന്നപ്പോഴാണ് അറിയുന്നത് ആരുമില്ല അച്ചായന്. കുറച്ചു ഭൂമിയുണ്ട് അതിൽ കൃഷിയൊക്കെ നടത്തി ഇങ്ങനെ ജീവിക്കുന്നു. സ്വല്പം കള്ളുകുടിക്കും അല്ലാതെ വേറെ ദുഃശീലമൊന്നുമില്ല.

എന്നെ വലിയ കാര്യമാണ്. ത്രേസ്യ കൊച്ചെന്ന് മുഴുവനും വിളിക്കില്ല..രാത്രിയിൽ കടയിൽ നിന്ന് തിരികെ വരുന്ന വഴി ഷാപ്പിൽ പോയി കുറച്ചു കള്ളും,കപ്പയും ഒക്കെ വാങ്ങിക്കും. അവിടെ ഇരുന്നു കുടിക്കില്ല അത് വാങ്ങിച്ചോണ്ട് വീട്ടിൽ വരും.പിന്നെ സംസാരമായി.. പാട്ടായി…

മിക്കവാറും ദിവസങ്ങളിൽ അപ്പവും, താറാവ് കറിയും വാങ്ങിച്ചു കൊണ്ടുവരും. അതെന്നെ കൊണ്ട് തീറ്റിക്കുന്നന്നതാണ് പുള്ളിയുടെ സന്തോഷം.

ആഴ്ചയിൽ മാറുന്ന സിനിമ കാണാൻ പോകും ഞങ്ങൾ രണ്ടുപേരും കൂടി പിന്നെ പള്ളി പെരുനാൾ..അങ്ങനെ സന്തോഷമായി കഴിഞ്ഞിരുന്നു.

മഴയുള്ള ഒരു രാത്രിയിൽ എനിക്കുള്ള കപ്പയും താറാവ് കറിയുമൊക്കെ പാഴ്സൽ വാങ്ങി വരികയായിരുന്നു. പെട്ടെന്ന് വഴിയിൽവെച്ച് ഒരു നെഞ്ചുവേദന വന്നു . അവിടെ തന്നെ കുഴഞ്ഞുവീണു..

പെട്ടെന്ന് ആയോണ്ട് വേദനയൊന്നും തോന്നിക്കാണുകേല…”

അത് പറയുമ്പോൾ ത്രേസ്യകുട്ടിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു, ഒരുപാട് തവണ കേട്ടിട്ടുള്ളതാണേലും ഇത്തവണയും ആനിക്കുട്ടിയുടെ കണ്ണു നിറഞ്ഞു .

അപ്പച്ചൻ പോകുമ്പോൾ അവൾക്ക് രണ്ടു മൂന്നു വയസ്സേ ഉള്ളൂ.. “എന്റെ സുന്ദരി മോളെ…” എന്ന് വിളിച്ച് ഇടയ്ക്കിടെ മടിയിൽ ഇരുത്തി താലോലിച്ചിരുന്ന അപ്പച്ചനെ അവൾക്ക് എങ്ങനെ ഓർമ്മ വരാൻ.

“അതിയാൻ പോയി കഴിഞ്ഞപ്പോൾ എന്റെ വീട്ടുകാര് പറഞ്ഞു ഇവിടെയുള്ള സ്ഥലമൊക്കെ വിറ്റിട്ട് അങ്ങ് ചെല്ലാൻ.. അവര് നോക്കിക്കോളാമെന്ന്…എനിക്ക് തോന്നിയില്ല… കഷ്ടപ്പെട്ട് ഉണ്ടാക്കിയ മുതൽ ഇവിടെ കിടക്കുമ്പോൾ അങ്ങോട്ട് പോകുന്നത് അങ്ങേരുടെ ആത്മാവിന് സഹിക്കുമൊ.”

പറഞ്ഞപ്പോൾ ത്രേസ്യ കുട്ടിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണു തുടച്ചു കൊണ്ട് അവർ പറഞ്ഞു.

” അങ്ങേര് ഇവിടൊക്കെ തന്നെയുണ്ടെന്നെ. ശരിക്കും കണ്ണ് തുറന്നൊന്ന് നോക്കിയാൽ മതി … അങ്ങേരുടെ മണവും ശ്വാസവുമൊ ക്കെ കിട്ടും..

രാത്രിയിലൊക്കെ ചിലപ്പോ എന്റെ അടുത്ത് വരും.ത്രേസ്യാകൊച്ചേ നിനക്ക് സുഖമാണോന്ന് ചോദിച്ചോണ്ട്.പിള്ളേരെയൊക്കെ നീ നല്ലപോലെ നോക്കുന്നുണ്ട് എനിക്ക് സമാധാനമായി എന്നെല്ലാം പറയുന്ന പോലെ തോന്നും.” ആനി ക്കുട്ടിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.

” പറമ്പിലൊക്കെ നടക്കുമ്പോൾ അങ്ങരെന്റെ കൂടെയുണ്ടെന്ന തോന്നലാ .
ഇത് അങ്ങേരുടെ വീടല്ലേ അങ്ങേരുണ്ടാക്കിയ വീട് ഇവിടെത്തന്നെയുണ്ട്.. എവിടെ പോകാൻ.

അങ്ങേര് പോയി കഴിഞ്ഞപ്പോൾ ജീവിക്കാൻ ഒക്കെ വലിയ പാടായിരുന്നു. നമ്മുടെ നാടല്ലേ.

ഒരു പെണ്ണ് ഒറ്റയ്ക്ക് താമസിക്കാൻ അത് രണ്ടു കൊച്ചു പിള്ളേരുമായിട്ട് ആരെങ്കിലും സമ്മതിക്കൂമൊ.. വേലി ചാടാനും ചെറ്റ പോക്കാനുംമൊക്കെ വരുന്നവർ ഉണ്ടായിരുന്നു .. ”

“അയ്യോ! എന്നിട്ട് അമ്മച്ചി എന്ത് ചെയ്തു..” ആനിക്കുട്ടിക്ക് അമ്പരപ്പ് തോന്നി.

“എന്ത് ചെയ്യാൻ… മുഴുത്ത രണ്ട് പട്ടികളെ വീട്ടിൽ വളർത്തി …അവറ്റകൾ നന്ദി കാണിക്കുന്ന ഇനമാണല്ലോ.

റോഡിലേക്ക് ഇറങ്ങുമ്പോൾ കൂകി വിളിക്കാനും കമന്റ് അടിക്കാനും ഒക്കെ ആൾക്കാർ ഉണ്ടായിരുന്നു തിരിഞ്ഞുനിന്ന് അവന്റെയൊക്കെ അമ്മയ്ക്കും പെങ്ങന്മാർക്ക് നാല് പറഞ്ഞപ്പോൾ അത് ഏറെക്കുറെ നിന്നു..”

ത്രേസ്യാകുട്ടിയുടെ അടുത്ത് അവന്മാരുടെ വെളച്ചിലൊന്നും നടക്കത്തില്ലെന്ന് തോന്നിക്കാണും.. പയ്യെ പയ്യെ അതൊക്കെ അങ്ങ് നിന്നു

സേവ്യറിച്ചായൻ എപ്പോഴും പറയുമായിരുന്നു നമുക്ക് മൂന്നു പിള്ളേരുണ്ട് അവരു നമ്മളെ നോക്കിക്കൊള്ളുമെന്ന്. നിന്നെ പഠിപ്പിച്ച വലിയ കളക്ടർ ആക്കണമെന്നായിരുന്നു ആഗ്രഹം.

പുള്ളിക്കാരൻ മക്കളെ കുറിച്ചൊക്കെ വലിയ വലിയ ആഗ്രഹങ്ങൾ ആയിരുന്നു.”

അത് പറയുമ്പോഴും അമ്മച്ചി ഏതൊഒരു ലോകത്താണന്ന് അവൾക്ക് തോന്നി.

എല്ലാം കേട്ടുകൊണ്ടിരുന്നു..അപ്പച്ചനെ കുറിച്ചിട്ട് അമ്മച്ചി പറയുന്ന എന്ത് കാര്യവും അവൾക്ക് അമൃതാണ്.. എത്ര കേട്ടാലും മതി വരികയില്ല .

അപ്പോഴേക്കും” ത്രേസ്യമ്മച്ചിയെ .. ” എന്ന് വിളി വന്നു..റബ്ബർ ഷീറ്റ് വിൽക്കാൻ കൊണ്ടുപോകാൻ വന്നവരാണ്. ”

അമ്മച്ചി ഇറങ്ങിച്ചെന്ന് ഉണക്കാനിരിക്കുന്ന റബർ ഷീറ്റ് എല്ലാം കൂടി കെട്ടിപ്പൊതിഞ്ഞ് അയാൾക്ക് കൊടുത്തു.

അവൾ ആലോചിക്കുകയായിരുന്നു. ചെറുപ്പത്തിൽ വിധവയായ അമ്മ ഇന്നത്തെക്കാലമായിരുന്നുവെങ്കിൽ എന്തായിരുന്നു അവരുടെ സ്ഥിതി.

അന്നൊക്കെ അത്തരം ചെറിയ പ്രായത്തിലെ പെണ്ണുങ്ങൾ ഒറ്റയ്ക്ക് താമസിക്കാൻ ആരെങ്കിലും സമ്മതിക്കുമായിരുന്നോ.

എന്നിട്ടും അമ്മച്ചി എല്ലാത്തിനോടും പട വെട്ടി ജയിച്ചു മക്കളെ നല്ല രീതിയിൽ വളർത്തി. ആരുടെ സഹായവും ഇല്ലാതെ.. എന്തൊരു ധൈര്യം..

അതല്ലെങ്കിൽ അപ്പച്ചൻ ഉള്ള കാലത്ത് അമ്മയോട് പെരുമാറിയ രീതിയിൽ വച്ച ആയിരിക്കാം അമ്മച്ചി ഇത്രയും ധൈര്യം വന്നത്.

അവൾ വീട്ടിലേക്ക് കയറിപ്പോയി. അകത്തെമുറിയിൽ ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന അപ്പച്ചന്റെ ഫോട്ടോയിലേക്ക് നോക്കി .

ചിരിച്ചുകൊണ്ട് നിൽക്കുന്നമുഖം..

അപ്പച്ചന്റെ ആഗ്രഹമാണ് പഠിച്ച് ഒരു കളക്ടർ ആണെന്ന്. ശരിയാണ്.. ഇനിയും അപ്പച്ചന്റെ ആഗ്രഹപ്രകാരം പഠിക്കണം ഒരു കളക്ടർ ആവണം.

തങ്ങൾക്ക് വേണ്ടി ജീവിതം അമ്മച്ചിയെ പിന്നെ എങ്ങനെ സ്നേഹിക്കാനാണ്.
എന്താ ഒരു മനസ്സമാധാനം തോന്നി അവൾക്കപ്പോൾ.

എന്തോ ഫോട്ടോയിൽ ഇരുന്ന് അപ്പോൾ അപ്പച്ചൻ ചിരിക്കുന്നപോലെ തോന്നി .

“കൊച്ചേ..സമയമെത്രയായി.. വന്നു വല്ലോം കഴിക്ക്…”അമ്മച്ചിയുടെ വിളി വന്നു അടുക്കളയിൽ നിന്ന്.

നല്ല കപ്പ പുഴുങ്ങിയതും, ചാള വറുത്തതും, പച്ചമാങ്ങ ഇട്ട് വെച്ച അയലക്കറിയും.

“ഇന്ന് നല്ല കുറച്ച് മീൻ കിട്ടി…” അമ്മച്ചി പറയുന്നത് കേട്ടു.

എന്തോ …സന്തോഷവും സ്നേഹവും കൊണ്ട് അമ്മച്ചിയെ കെട്ടിപ്പിടിച്ചവളൊരു ഉമ്മ കൊടുത്തു.

“ഈ പെണ്ണിന്റെ ഒരു കാര്യം.. ഇപ്പോഴും കുഞ്ഞാന്നാവിചാരം..”

അമ്മച്ചിയുടെ ചിരി കണ്ടപ്പോൾ അതിന് ഏഴഴകുള്ളതായി അവൾക്ക് തോന്നി..

അമ്മച്ചി പറഞ്ഞത്
സത്യമാണ്. ഈ വീട് ഒരു സ്വർഗ്ഗമാണ്.. അപ്പച്ചൻ ഇല്ലെങ്കിലും അപ്പച്ചന്റെ കഥകളും സ്നേഹവും നിറഞ്ഞു തുളുമ്പുന്ന സ്വർഗ്ഗം.

✍️Vineetha Sekhar

Leave a Reply

Your email address will not be published. Required fields are marked *