ജംഗ്ഷനിൽ ബസ്സിറങ്ങി വീട്ടിലേക്കുള്ള വഴിയിലൂടെ നടക്കുമ്പോൾ തന്നെ എന്തോ ഒരു അസ്വസ്ഥത തോന്നിത്തുടങ്ങിയിരുന്നു. ആരോ തന്നെ പിന്തുടരുന്നുണ്ടെന്നൊരു തോന്നൽ.
വെറുതെയാണെന്ന് സ്വയം സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഭയം ഉള്ളിൽ വളർന്നുകൊണ്ടിരുന്നു.
ബസ്സിൽ യാത്ര ചെയ്യുമ്പോഴും ഒരാൾ തന്നെ ഇടയ്ക്കിടെ നോക്കുന്നത് ശ്രദ്ധിച്ചിരുന്നു. മുകളിലെ കമ്പിയിൽ പിടിച്ച് അല്പം ചരിഞ്ഞുനിന്ന് തന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നു അയാൾ. കണ്ടിട്ട് യാതൊരു പരിചയവുമില്ലാത്ത ഒരാൾ.
മധ്യവയസ്സ് കഴിഞ്ഞിരിക്കുന്നു. വളർന്നിറങ്ങിയ താടി. ചുവന്നു കലങ്ങിയ കണ്ണുകൾ. കണ്ടാൽ തന്നെ ഒരു മദ്യപാനിയുടെ ഭാവം.
‘എന്തിനാണ് അയാൾ തന്നെത്തന്നെ ഇങ്ങനെ നോക്കുന്നത്’
ദിവസവും ജോലി കഴിഞ്ഞ് ഇതേ വണ്ടിയിൽ തന്നെയാണ് താൻ വരുന്നതെന്ന് അയാൾക്ക് മനസ്സിലായിട്ടുണ്ടാകുമോ ഒരുപക്ഷേ, തന്റെ വീടും വഴിയുമൊക്കെ അയാൾ ശ്രദ്ധിച്ചിട്ടുണ്ടാകുമൊ…’
അവൾക്ക് പേടി തോന്നി.
അനിക്കുട്ടൻ ഒമ്പതാം ക്ലാസിലാണ്. അമല ഡിഗ്രിക്ക് ഒന്നാം വർഷം. അപ്പച്ചൻ ജയിലിലായതോടെ ആരോടുംഅധികം മിണ്ടാതായഅമ്മയും കൂടി ചേരുമ്പോൾ അതാണ് അവളുടെ കുടുംബം. ആ കുടുംബത്തിന്റെ ഉത്തരവാദിത്വം ഇപ്പോൾ അവളുടെ ചുമലിലാണ്.
ഒരു തയ്യൽ മെഷീനുണ്ട് അമ്മയ്ക്ക്. അടുത്തുള്ള വീടുകളിലെ ചെറിയ തയ്യൽപ്പണികൾ ചെയ്തുകൊടുക്കും. വീട്ടിൽ രണ്ട് പശുക്കളും മൂന്നുനാല് കോഴികളുമുണ്ട്. കടകളിൽ പാൽ കൊടുത്തും ആവശ്യക്കാർക്ക് മുട്ട വിറ്റും അമ്മയും കഴിയാവുന്ന രീതിയിൽ കുടുംബത്തെ സഹായിക്കുന്നുണ്ട്.
അപ്പച്ചൻ ഉണ്ടായിരുന്നിട്ടും ഇല്ലാത്തതുപോലെയായിരുന്നു.
കുടിച്ച് നാടുനീളെ അലഞ്ഞുനടക്കുക. രാത്രിയാകുമ്പോൾ ആരെങ്കിലും നാലുകാലിൽ വീട്ടിൽ കൊണ്ടുവിടുക. ഉറങ്ങാതെ കാത്തിരിക്കുന്ന എത്രയോ രാത്രികൾ.
വീട്ടിലെത്തിയാൽ പിന്നെ ബഹളമാണ്. കുടിച്ചുവന്നതിന്റെ ധൈര്യത്തിൽ അമ്മയെ സംശയിക്കും. വഴക്കുപറയും. ചവിട്ടും അടിയും പതിവായിരുന്നു. നാട്ടുകാർക്കുപോലും അയാളെക്കൊണ്ട് സമാധാനമുണ്ടായിരുന്നില്ല.
അവസാനം ഏതോ വെട്ടുകേസിൽ പ്രതിയായി ജയിലിലുമായി.
അപ്പച്ചൻ വരുത്തിവെച്ച കടങ്ങൾ വേറെയും. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ താനും അമ്മയും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മറ്റാർക്കും അറിയില്ല.
അങ്ങനെയിരിക്കെയാണ് പള്ളിയിലെ വികാരിയച്ചന്റെ ശുപാർശയിൽ ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ സെയിൽസ് ജോലികിട്ടിയത്. അതൊരു വലിയ ആശ്വാസമായിരുന്നു.
പുതിയതായി ആരെയെങ്കിലും കണ്ടാലോ പരിചയപ്പെട്ടാലോ അവൾക്ക് വല്ലാത്ത പേടിയാണ്. അതിന് പ്രത്യേകിച്ച് കാരണമുണ്ട്. അപ്പച്ചൻ നിന്നും പണം കടം വാങ്ങിയിട്ടുണ്ടെന്നുള്ള കാര്യം ജയിലിൽ പോയി കഴിഞ്ഞ ശേഷമാണ് അറിയുന്നത്.
. കിട്ടുന്ന ശമ്പളത്തിന്റെ പകുതിയിൽ കൂടുതൽ കടം കിട്ടാനായിരുന്നു ചെലവാക്കിയിരുന്നത്.
ഇപ്പോൾ പിന്നാലെ വരുന്ന ആ മനുഷ്യനും അത്തരത്തിലൊരാളാണോ?
വീട്ടിലേക്കുള്ള ഇടവഴി എത്തിയപ്പോൾ അവൾ നടത്തത്തിന്റെ വേഗത കൂട്ടി. ഇടയ്ക്കിടെ തിരിഞ്ഞുനോക്കി. അയാൾ കുറച്ചകലെയായി പിന്നാലെയുണ്ട്.
വീട്ടിലെത്തുമ്പോഴേക്കും അവൾ വിയർത്തുകുളിച്ചിരുന്നു.
അവളുടെ പരിഭ്രമം കണ്ട അമ്മ ചോദിച്ചു.
“എന്തുപറ്റി മോളേ? നീ ആകെ വല്ലാതെയായല്ലോ?”
“ഒന്നുമില്ലമ്മ …”
ഒരു ഗ്ലാസ് വെള്ളം വാങ്ങി കുടിച്ചശേഷം അവൾ വെറുതെ ഗേറ്റിനടുത്തേക്ക് നോക്കി.
അയാൾ അവിടെത്തന്നെയുണ്ട്.
പഴകി ദ്രവിച്ച ഗേറ്റിനരികിൽനിന്ന് അയാൾ പതുക്കെ അകത്തേക്ക് വരുന്നു.
അവൾ ഭയത്തോടെ അമ്മ യുടെ അടുത്തേക്ക് നീങ്ങി.
“വർക്കിച്ചന്റെ വീടല്ലേ ഇത്?”
അമ്മ അയാളെ സൂക്ഷിച്ചുനോക്കി.
“അതെ. ആരാണ് മനസ്സിലായില്ലല്ലോ?”
“ഞാൻ വർക്കിച്ചന്റെ ഒരു കൂട്ടുകാരനാണ്. തോമസുകുട്ടി എന്നാണ് പേര്.”
അതു കേട്ടതോടെ അമ്മയുടെ മുഖം മാറി.
“ഏത് കൂട്ടുകാരൻ? അങ്ങേര് വല്ല കടവും വാങ്ങിച്ചിട്ടുണ്ടോ?”
അയാൾ പതുക്കെ തലയാട്ടി.
“അല്ല. ഞാൻ വർക്കിച്ചന്റെ കൂടെ ജയിലിലുണ്ടായിരുന്നു. പരോളിൽ ഇറങ്ങിയപ്പോൾ ഒന്ന് ഇങ്ങോട്ടു വന്നതാണ്.”
അമ്മയും മകളും പരസ്പരം നോക്കി.
അപ്പച്ചൻ ജയിലിൽ കിടക്കുമ്പോൾ അവിടെനിന്നും കൂട്ടുകാരെ ഉണ്ടാക്കിയിട്ടുണ്ടോ.. അതോ ഇനി എന്തെങ്കിലും പ്രശ്നമുണ്ടാക്കാനാണോ ഈ വരവ്..
അവരുടെ മുഖത്തെ ഭയം മനസ്സിലാക്കിയിട്ടെന്നപോലെ അയാൾ പറഞ്ഞു.
“പേടിക്കണ്ട. നിങ്ങൾക്ക് ഒരു ഉപദ്രവവും ചെയ്യാനല്ല ഞാൻ വന്നത്. വർക്കിച്ചൻ കുറച്ച് പൈസ നിങ്ങളെ ഏൽപ്പിക്കാൻ തന്നതാണ്.”
അയാൾ കയ്യിലിരുന്ന ഒരു പഴയ പത്രക്കടലാസ് തുറന്നു. അതിനുള്ളിൽ പൊതിഞ്ഞുവെച്ചിരുന്ന കുറച്ച് മുഷിഞ്ഞ നോട്ടുകൾ പൊതിയോടെ അമ്മയുടെ നേരെ നീട്ടി.
“ഇത് വർക്കിച്ചൻ തന്നതാണ്. നിങ്ങളെ ഏൽപ്പിക്കാൻ പറഞ്ഞു.”
അമ്മയ്ക്ക് വിശ്വസിക്കാനായില്ല.
ജീവിച്ചിരുന്ന കാലത്ത് കുടുംബത്തിന് വേണ്ടി ഒരു രൂപപോലും ചെലവാക്കാൻ മനസ്സില്ലാതിരുന്ന മനുഷ്യനാണ്. ജയിലിൽ കിടക്കുമ്പോഴാണോ കുടുംബത്തെക്കുറിച്ച് ഓർമ്മ വന്നത്..
“അങ്ങേർക്ക് സുഖമാണോ?” അമ്മ പതുക്കെ ചോദിച്ചു.
അയാൾ കുറച്ചുനേരം ഒന്നും മിണ്ടിയില്ല. പിന്നെ മുഖം താഴ്ത്തി പറഞ്ഞു.
“കഴിഞ്ഞ ആഴ്ച ജയിലിൽ ഒരു അടിപിടിയുണ്ടായി. അവിടെയുണ്ടായിരുന്ന ഒരു തടവുകാരനെ വർക്കിച്ചൻ തല്ലുന്നത് കണ്ടിട്ട് പിടിച്ചുമാറ്റാൻ ചെന്ന പോലീസുകാരനും അടി കിട്ടി. അതിന്റെ പേരിൽ വലിയ പ്രശ്നമായി. ഇനി ഉടനെയൊന്നും പരോൾ കിട്ടുമെന്ന് തോന്നുന്നില്ല. ശിക്ഷയുടെ കാലാവധി കൂട്ടുമോ എന്നും അറിയില്ല.”
അമ്മ ഒന്നും മിണ്ടാതെ തലതാഴ്ത്തിയിരുന്നു.
അവൾക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.
സത്യം പറഞ്ഞാൽ അപ്പച്ചൻ കുറച്ചുകാലം കൂടി ജയിലിൽ കിടക്കുന്നതാണ് നല്ലതെന്ന് അവൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. കാരണം, അയാൾ വീട്ടിലുണ്ടായിരുന്ന കാലത്ത് സമാധാനത്തേക്കാൾ കൂടുതൽ കണ്ണീരും പേടിയുമാണ് ഉണ്ടായിരുന്നത്.
“നിങ്ങളുടെ വീടെവിടെയാണ്?” അമ്മ ചോദിച്ചു.
“കുറെ കിഴക്കാണ്.”
“എന്തിനാണ് ജയിലിൽ പോയത്?”
ആ ചോദ്യത്തിന് മറുപടി പറയാൻ അയാൾക്ക് കുറച്ച് സമയമെടുത്തു.
“ഒരാളെ കൊന്നതിനാണ്.”
അമ്മയും മകളും ഞെട്ടി.
ഇത്രയും നേരം ശാന്തമായി സംസാരിച്ചിരുന്ന മനുഷ്യൻ ഒരു കൊലപാതകിയാണെന്ന കാര്യം അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
അവരുടെ മുഖത്തെ ഭാവം കണ്ടപ്പോൾ അയാൾ തുടർന്നു.
“എനിക്ക് ഒരു മകളുണ്ടായിരുന്നു. അവൾക്ക് പതിനാലു വയസ്സായിരുന്നു. ഭാര്യ നേരത്തെ മരിച്ചുപോയി. ആകെ ഉണ്ടായിരുന്നത് ആ കൊച്ചായിരുന്നു.”
അയാളുടെ ശബ്ദം പതുക്കെ ഇടറി.
“എന്റെ മോൾക്ക് ചില പ്രശ്നങ്ങളുണ്ടായിരുന്നു. ആരോ ഒരുത്തൻ അവളുടെ പിന്നാലെ നടക്കുന്നുണ്ടെന്നും ശല്യപ്പെടുത്തുന്നുണ്ടെന്നും ഇടയ്ക്കൊക്കെ എന്നോട് പറയുമായിരുന്നു. ഞാൻ അതൊന്നും വലിയ കാര്യമായി എടുത്തില്ല. തള്ളയില്ലാത്ത കൊച്ചല്ലേ… സൂക്ഷിച്ചു നടക്കണം എന്നൊക്കെ ഉപദേശിക്കും. അതിനപ്പുറം ഒന്നും അന്വേഷിച്ചില്ല.”
അയാൾ ഒരു നിമിഷം നിശ്ശബ്ദനായി.
“ഒരു ദിവസം സ്കൂളിൽ പോയ കൊച്ച് തിരിച്ചുവന്നില്ല. നേരം ഇരുട്ടിയിട്ടും കാണാതായപ്പോൾ പേടിച്ചു. പലരോടും അന്വേഷിച്ചു. ഒടുവിൽ പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്തു.”
അയാൾ കണ്ണുകൾ തുടച്ചു.
“അവിടെനിന്ന് കിട്ടിയ മറുപടി അറിയാമോ.. വല്ലവരുടെയും കൂടെ പോയിട്ടുണ്ടാകും. പ്രായമായ പെൺകുട്ടികളല്ലേ… എന്നൊക്കെ.”
അയാളുടെ ചുണ്ടുകൾ വിറച്ചു.
“പിറ്റേന്ന് നേരം വെളുത്തപ്പോൾ അടുത്തുള്ള പുഴയിൽനിന്ന് എന്റെ കൊച്ചിന്റെ ശരീരം കിട്ടി. മുഖമൊക്കെ മീനുകൾ കൊത്തിപ്പറിച്ചിരുന്നു. തിരിച്ചറിയാൻ പോലും പറ്റാത്ത അവസ്ഥ.
പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് മനസ്സിലായത് കൊച്ചിനെ ആരോ ഉപദ്രവിച്ചിരുന്നു എന്ന്..”
അവിടെവെച്ച് അയാൾ സംസാരം നിർത്തി.
കുറച്ചുനേരം കഴിഞ്ഞാണ് വീണ്ടും തുടർന്നത്.
“ഒറ്റനോട്ടമേ ഞാൻ നോക്കിയുള്ളൂ. അതെന്റെ മോളാണെന്ന് തിരിച്ചറിയാനെ കഴിയുമായിരുന്നില്ല
അയാൾ കൈകൾ കൂട്ടിപ്പിടിച്ചു.
“എന്റെ കൊച്ച് എന്തിനാണ് ഇത്രയും വലിയ സങ്കടം ഉള്ളിലൊതുക്കിയത് എന്ന് എനിക്ക് മനസ്സിലായില്ല. അവളുടെ അമ്മ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ എല്ലാം അറിഞ്ഞേനേ. ഞാൻ ജോലിയും കഴിഞ്ഞ് വീട്ടിൽ വരും. ക്ഷീണിച്ച് കിടന്നുറങ്ങും. അവൾക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടായിരുന്നിരിക്കണം. അപ്പോഴൊക്കെ ഞാൻ അതൊന്നും വലിയ കാര്യമായി എടുത്തിരുന്നില്ല. അവളെ ചേർത്തുപിടിച്ച് എന്താണ് പറ്റിയതെന്ന് ചോദിക്കാൻ പോലും എനിക്ക് തോന്നിയില്ല.”
അയാൾ ദീർഘമായി നിശ്വസിച്ചു.
“എന്റെ കൊച്ച് പോയതോടെ ഞാൻ ഭ്രാന്തനെപ്പോലെയായി. എന്തിനാണ് അവൾ അങ്ങനെ ചെയ്തത്.. ആരാണ് അവളെ ഇത്രത്തോളം വേദനിപ്പിച്ചത്.. ഒന്നിനും ഉത്തരമില്ല.”
അയാളുടെ കണ്ണുകൾ നിറഞ്ഞു.
“അവൾക്ക് ഒന്നുരണ്ട് അടുത്ത കൂട്ടുകാരികളുണ്ടായിരുന്നു. അവരോട് എന്തെങ്കിലും അറിയാമോ എന്ന് ചോദിക്കാമെന്ന് കരുതി. അങ്ങനെയാണ് ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോയത്. അവിടെനിന്ന് അറിഞ്ഞ കാര്യങ്ങൾ കേട്ട് എന്റെ തല കറങ്ങിപ്പോയി.”
അയാൾ മുഖമുയർത്തി.
“എന്റെ കൊച്ചിനെ ഉപദ്രവിച്ചിരുന്നത് മറ്റാരുമായിരുന്നില്ല. എന്റെ കൂടെ നടന്നിരുന്ന, എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ തന്നെയായിരുന്നു.”
അമ്മയും മകളും ശ്വാസമടക്കിപ്പിടിച്ച് കേട്ടിരുന്നു.
“കൊച്ചിന്റെ സംസ്കാരച്ചടങ്ങുകളിലൊക്കെ അവൻ കൂടെയുണ്ടായിരുന്നു. എന്നെ ആശ്വസിപ്പിച്ചു. എനിക്ക് താങ്ങായി നിന്നു. ഞാൻ ഏറ്റവും വിശ്വസിച്ചിരുന്ന മനുഷ്യൻ. എന്റെ കൊച്ച് ഏറ്റവും പേടിച്ചിരുന്നതും അവനെത്തന്നെയായിരുന്നു.”
അയാൾക്ക് വാക്കുകൾ കിട്ടാതായി.
“അവൾക്ക് എന്നോട് പറയാൻ പേടിയായിരുന്നിരിക്കണം. അല്ലെങ്കിൽ എന്റെ കൂട്ടുകാരനെക്കുറിച്ച് എങ്ങനെ പറയും? ഞാൻ അവനെ വിശ്വസിക്കുന്നതൊക്കെ അവൾക്കും അറിയാമായിരുന്നല്ലോ.”
അയാൾ കണ്ണുകൾ ഇറുക്കിയടച്ചു.
” എന്റെ കുഞ്ഞിനെ കൊന്ന അവനെ എങ്ങനെയെങ്കിലും ഇല്ലാതാക്കണം എന്നായിരുന്നു പിന്നെ ഉള്ള ചിന്ത മുഴുവൻ.. ”
അയാൾ തുടർന്നു.
“പതിവുപോലെ അന്ന് അവന്റെ കൂടെ കള്ളുഷാപ്പിൽ പോയി. രണ്ടുപേരും കുടിച്ചു. മോളുടെ കാര്യത്തെക്കുറിച്ച് പതുക്കെ ചോദിച്ചു. ആദ്യം അവൻ ഒഴിഞ്ഞുമാറി. പിന്നെ ചോദ്യം കൂടിയപ്പോൾ പരുങ്ങാൻ തുടങ്ങി. ഒടുവിൽ കുറ്റം സമ്മതിച്ചു.”
അയാളുടെ ശബ്ദം കനത്തു.
“‘അബദ്ധത്തിൽ പറ്റിപ്പോയതാണ്. എനിക്ക് വലിയ ഇഷ്ടമായിരുന്നു’ എന്നൊക്കെയാണ് അവൻ പറഞ്ഞത്. മകളുടെ പ്രായം പോലും ഇല്ലാത്ത ഒരു കൊച്ചിനെക്കുറിച്ചാണ് അവൻ അങ്ങനെ പറയുന്നത്.”
അയാൾ കൈകൾ മുഖത്തോടുചേർത്തു.
“പിന്നെ എനിക്ക് ഒന്നും ഓർമ്മയില്ല. കയ്യിലിരുന്ന കുപ്പി മേശയിൽ അടിച്ചുപൊട്ടിച്ചു. അതുകൊണ്ട് അവന്റെ നെഞ്ചിൽ കുത്തി. എത്ര തവണ കുത്തിയെന്ന് എനിക്കുപോലും അറിയില്ല. പോലീസ് വന്നപ്പോൾ എല്ലാം സമ്മതിച്ചു. ഇനി ആർക്കുവേണ്ടിയാണ് ഞാൻ ജീവിക്കേണ്ടത്?”
അയാൾ കുറച്ചുനേരം നിശ്ശബ്ദനായിരുന്നു.
“ഇനി മൂന്ന് വർഷം കൂടിയുണ്ട് ശിക്ഷ. വീട്ടിൽ ചെന്നാലും ആരുമില്ല. തിരിച്ച് ജയിലിലേക്ക് പോകണം. പരോൾ കഴിഞ്ഞു.”
അമ്മ അയാളെ നോക്കി.
“ഇവിടേക്ക് വരാൻ പ്രത്യേകിച്ച് എന്തെങ്കിലും കാര്യമുണ്ടായിരുന്നോ?”
“ഒന്നുമില്ല. ജയിലിൽ വെച്ചാണ് വർക്കിച്ചൻ നിങ്ങളെക്കുറിച്ച് പറഞ്ഞത്. വീട്ടിൽ രണ്ട് പെൺകുട്ടികളുണ്ടെന്ന് പറഞ്ഞു. കേട്ടപ്പോൾ എന്റെ മോളെയാണ് ഓർമ്മ വന്നത്. ഒന്ന് നിങ്ങളെ കാണണം എന്ന് തോന്നി. അത്രയേ ഉള്ളൂ.”
അയാൾ മുറ്റത്തേക്ക് നോക്കി.
“നിങ്ങളുടെ മക്കളെ നോക്കിക്കോളണം.. കുഞ്ഞുങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടാകും. ചിലപ്പോൾ നമ്മളോട് പറയാൻ അവർക്ക് പേടിയായിരിക്കും. അവർ പറയുന്നത് കേൾക്കണം. ചെറിയ കാര്യങ്ങളാണെന്ന് കരുതി തള്ളിക്കളയരുത്. അവരുടെ കൂടെയിരിക്കണം.”
അയാൾ പതുക്കെ എഴുന്നേറ്റു.
“ഒരു ചായ കുടിച്ചിട്ട് പോകാം,” അമ്മ പറഞ്ഞു.
“വേണ്ട ചേച്ചീ. ഇപ്പോൾ ഒരു വണ്ടി കിട്ടിയാൽ തിരിച്ചു പോകാം.”
“എങ്കിൽ എന്തെങ്കിലും കഴിച്ചിട്ടെങ്കിലും…”
“വേണ്ട. ഒരുപാട് നേരമായി. ഞാൻ ഇറങ്ങട്ടെ.”
അയാൾ തിരിഞ്ഞുനടക്കുമ്പോൾ അമ്മ വീണ്ടും വിളിച്ചു.
“വർക്കിച്ചനോട് ഞങ്ങൾ അന്വേഷിച്ചെന്ന് പറയണം.”
അയാൾ തിരിഞ്ഞുനോക്കി. എന്തോ പറയാൻ വന്നെങ്കിലും ഒന്നും പറഞ്ഞില്ല. പതുക്കെ ഗേറ്റും കടന്ന് വഴിയിലേക്കിറങ്ങി.
അയാൾ പോയതും അമ്മ അകത്തേക്കു കയറി.
കയ്യിലിരുന്ന പണപ്പൊതി തുറന്നുനോക്കി. കുറച്ച് മുഷിഞ്ഞ നോട്ടുകെട്ടുകളായിരുന്നു അതിനുള്ളിൽ.
അപ്പോഴാണ് പണം പൊതിഞ്ഞിരുന്ന പഴയ പത്രക്കടലാസ് അമ്മയുടെ ശ്രദ്ധയിൽപ്പെട്ടത്.
വെറുതെ അതെടുത്ത് നിവർത്തിനോക്കി.
പത്രത്തിലെ ഒരു വാർത്തയിൽ കണ്ണുടക്കി.
‘പുഴയിൽ പതിനാലുകാരിയുടെ മൃതദേഹം കണ്ടെത്തി.’
വാർത്തയുടെ കൂടെ ഒരു ചിത്രവുമുണ്ടായിരുന്നു.
സുന്ദരിയായ ഒരു കൊച്ചു പെൺകുട്ടി. അച്ഛന്റെ അരികിൽ ചേർന്നുനിന്ന് ചിരിക്കുന്ന ചിത്രം.
അമ്മ ആ ഫോട്ടോയിലേക്ക് സൂക്ഷിച്ചുനോക്കി.
അത് കുറച്ചുനേരം മുമ്പ് വീട്ടിൽ വന്നുപോയ മനുഷ്യനായിരുന്നു.
അവൾക്ക് ഒരു നിമിഷം ശ്വാസം നിലച്ചതുപോലെ തോന്നി.
“മോളേ…”
അമ്മ മകളെ വിളിച്ചു.
“എന്താ അമ്മേ?”
“ഈ പണം…”
അമ്മയുടെ ശബ്ദം ഇടറി.
“ഇത് നിന്റെ അപ്പച്ചൻ തന്നുവിട്ടതായിരിക്കില്ല.”
അവൾ അമ്മയുടെ കയ്യിലിരുന്ന പത്രത്തിലേക്കും പണത്തിലേക്കും മാറിമാറി നോക്കി.
“പിന്നെ?”
അമ്മ പതുക്കെ പറഞ്ഞു.
“ഇത് അയാൾ സ്വന്തം അധ്വാനിച്ച് ഉണ്ടാക്കിയ പണമായിരിക്കും. ജയിലിൽ കിടന്നും എന്തെങ്കിലും ജോലി ചെയ്തുണ്ടാക്കിയതായിരിക്കും. സ്വന്തം മോളെ ഓർത്തായിരിക്കും നമുക്ക് തന്നത്.”
അമ്മയുടെ കണ്ണുകൾ നിറഞ്ഞു.
“ജീവിച്ചിരുന്നപ്പോൾ നമ്മുടെ കാര്യത്തിൽ എന്തെങ്കിലും ശ്രദ്ധിച്ചിരുന്ന ആളാണോ നിന്റെ അപ്പച്ചൻ? കുടുംബത്തിന് വേണ്ടി എന്തെങ്കിലും ചെയ്തിരുന്നോ? അയാൾ വരുത്തിവെച്ച കടങ്ങൾ തീർക്കാൻ നമ്മൾ അനുഭവിച്ച കഷ്ടപ്പാടുകൾക്ക് കണക്കുണ്ടോ?”
അമ്മച്ചി ആരോടുമില്ലാതെ പറയുന്നത് കേട്ടു.. ഞാനൊന്നും പറഞ്ഞില്ല എനിക്കത് നേരത്തെ മനസ്സിലായിരുന്നു.
എന്റെ മനസ്സിൽ ആ മനുഷ്യന്റെ വാക്കുകൾ വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു.
‘കുഞ്ഞുങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടാകും. അവർ പറയുന്നത് കേൾക്കണം. ചെറിയ കാര്യങ്ങളാണെന്ന് കരുതി തള്ളിക്കളയരുത്.’
പുറത്തേക്ക് നോക്കിയപ്പോൾ അയാൾ നടന്നുപോയ വഴിയിൽ ആരുമുണ്ടായിരുന്നില്ല.
ജീവിതത്തിൽ ആദ്യമായി യാതൊരു പരിചയവുമില്ലാത്ത ആ പെൺകുട്ടിയെ കുറിച്ചും,അവളുടെ അച്ഛനെക്കുറിച്ചും ഓർത്തപ്പോൾ കണ്ണ് നിറഞ്ഞു…
✍️Vineetha Sekhar
