എന്താ മോളേ, നീ ഈ പറയുന്നേ? കല്യാണം ഉറപ്പിച്ചു, കല്യാണം വിളിയും തുടങ്ങി. ആവശ്യത്തിനുള്ള സ്വർണ്ണവും തുണിയും എടുത്തു. എന്നിട്ടിപ്പോൾ ഈ കല്യാണം വേണ്ടെന്ന്….

“ആ വീട്ടിൽ മൂന്ന് അമ്മായിയമ്മമാരുണ്ട്… അതുകൊണ്ട് എനിക്ക് ഈ കല്യാണം വേണ്ടമ്മേ…”

പവിത്രയുടെ വാക്കുകൾ കേട്ട് ഗീത മകളുടെ മുഖത്തേക്ക് നോക്കി. കല്യാണത്തിന്റെ തിരക്കുകൾക്കിടയിൽ പെട്ടെന്ന് ഇങ്ങനെയൊരു വാക്ക് കേൾക്കേണ്ടി വന്നപ്പോൾ ഗീതയ്ക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.

“എന്താ മോളേ, നീ ഈ പറയുന്നേ? കല്യാണം ഉറപ്പിച്ചു, കല്യാണം വിളിയും തുടങ്ങി. ആവശ്യത്തിനുള്ള സ്വർണ്ണവും തുണിയും എടുത്തു. എന്നിട്ടിപ്പോൾ ഈ കല്യാണം വേണ്ടെന്ന് പറഞ്ഞാൽ എങ്ങനെയാണ്?”

“അമ്മ അച്ഛനോട് പറയണം… എനിക്ക് ഈ വിവാഹത്തിന് താൽപ്പര്യമില്ലെന്ന്.”

“ഞാൻ പറയില്ല. എനിക്ക് പേടിയാ… അച്ഛൻ എന്നെ കൊല്ലും.”

ഗീത കൈകൾ കൂട്ടിപ്പിടിച്ചുകൊണ്ട് മകളെ നോക്കി.

“അങ്ങനെയാണെങ്കിൽ ഈ വിവാഹം നടന്നാൽ ഞാൻ ചാവും.”

പവിത്രയുടെ വാക്കുകൾ കേട്ട് ഗീതയുടെ മുഖം വിളറി. എന്താണ് മകൾ ഇങ്ങനെയൊക്കെ പറയുന്നതെന്ന് അവൾക്ക് മനസ്സിലായില്ല.

“ഇങ്ങനെ അമ്മയെ ധർമ്മസങ്കടത്തിലാക്കല്ലേ മോളേ…”

“ഇല്ലമ്മേ… അമ്മ വിഷമിക്കണ്ട. അമ്മ അച്ഛനോട് പറയുകയും വേണ്ട. പറഞ്ഞുറപ്പിച്ച തീയതിയിൽ കല്യാണം നടക്കട്ടെ…”

പവിത്ര എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ പറഞ്ഞു.

മകളുടെ വാക്കുകൾ കേട്ട് ഗീത ആശ്വാസത്തോടെ അവളെ നോക്കി.

“മോളേ…”

“അമ്മ വിഷമിക്കണ്ട…”

“മോൾക്ക് പയ്യനെ ഇഷ്ടപ്പെട്ടല്ലോ… പിന്നെ എന്താ? അവനാണെങ്കിൽ നല്ലൊരു ജോലിയും ഉണ്ട്.”

ഗീത മകളുടെ അടുത്തേക്ക് നീങ്ങിയിരുന്നു. വിവാഹം ഉറപ്പിച്ചപ്പോൾ പവിത്രയ്ക്ക് കാശിയെ ഇഷ്ടമായിരുന്നു. നല്ല ജോലിയുള്ള, മാന്യമായി സംസാരിക്കുന്ന ചെറുപ്പക്കാരൻ. കാണാനും മിടുക്കൻ. പിന്നെ എന്താണ് ഇപ്പോൾ പെട്ടെന്ന് ഇങ്ങനെയൊരു മാറ്റം?

“ജോലിയും ഉണ്ട്, നല്ല സ്വഭാവവുമാണ്… പക്ഷേ…”

“എന്താ മോളേ, ഒരു പക്ഷേ?”

പവിത്ര കുറച്ചുനേരം മിണ്ടാതിരുന്നു. പറയാൻ പോകുന്ന കാര്യം എങ്ങനെ അവതരിപ്പിക്കണമെന്ന് അവൾ ആലോചിച്ചു.

“അമ്മേ… അവിടെ അമ്മായിയമ്മമാർ മൂന്നാണ്.”

“മോളേ, പയ്യന്റെ അമ്മ ഒരു പാവം സ്ത്രീയാണ്. ചെറുപ്പത്തിലേ ഭർത്താവ് മരിച്ചുപോയതാ. അതിനുശേഷം ആ അമ്മ കഷ്ടപ്പെട്ടാണ് മക്കളെ മൂന്നുപേരെയും പഠിപ്പിച്ചത്. രണ്ടു പെൺമക്കളുടെ വിവാഹവും നടത്തി…”

ഗീത മകളെ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു. കാശിയുടെ അമ്മയെക്കുറിച്ച് അന്വേഷിച്ചപ്പോൾ എല്ലാവരും നല്ലതേ പറഞ്ഞിട്ടുള്ളൂ.

“ആ പെൺകുട്ടികൾ ഈ നാട്ടിൽ പോലും ഇല്ല. വല്ലപ്പോഴും വന്നാൽ ആയി. അവരെക്കൊണ്ട് ഒരു ഉപദ്രവവും നിനക്ക് ഉണ്ടാകില്ല.”

“അതൊക്കെ ഞാൻ സമ്മതിച്ചു അമ്മേ…”

പവിത്രയുടെ മുഖത്ത് അപ്പോഴും ആശങ്ക മാറിയിരുന്നില്ല.

“അവരുടെ ഏറ്റവും വലിയ ആഗ്രഹമാണ് മോന്റെ വിവാഹം. മോൻ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കുന്നത് കാണാൻ ആ അമ്മ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്.”

“അതും എനിക്കറിയാം അമ്മേ…”

“പിന്നെന്താ മോളേ നിന്റെ പ്രശ്നം?”

പവിത്ര ഒന്ന് നെടുവീർപ്പിട്ടു. ഇതുവരെ പറയാത്ത കാര്യം അമ്മയോട് പറയാൻ അവൾ തീരുമാനിച്ചു.

“ഇന്നലെ കാശി എന്നെ കാണാൻ വന്നിരുന്നു എന്റെ ഓഫീസിൽ.”

“എന്നിട്ട്?”

“കാശി കുറച്ച് കാര്യങ്ങൾ എന്നോട് പറഞ്ഞു.”

“എന്ത്?”

“അച്ഛന്റെ രണ്ടു സഹോദരിമാർ ഇവർക്കൊപ്പം ആണ് താമസിക്കുന്നത് എന്ന്.”

ഗീതയുടെ നെറ്റി ചുളിഞ്ഞു.

“അതെന്താ? അവർക്കു വീടും കുട്ടികളും ഒന്നും ഇല്ലേ?”

“ഇല്ല. അവരെ വിവാഹം കഴിച്ച് വിട്ടതാ. പക്ഷേ മക്കൾ ഉണ്ടാകാത്തതിന്റെ പേരിൽ ഒരാളെ ഭർത്താവ് ഉപേക്ഷിച്ചു. ഒരാളുടെ ഭർത്താവ് ആക്‌സിഡന്റിൽ മരിച്ചു…”

പവിത്ര പറയുമ്പോൾ ഗീത നിശ്ശബ്ദയായി കേട്ടിരുന്നു.

“അവർ തറവാട് വീടായ കാശിയുടെ അച്ഛന്റെ വീട്ടിലേക്ക് വന്നു. അന്നുമുതൽ ഇവർ ഇവരോടൊപ്പം ആണ്…”

മോളുടെ വാക്കുകൾ കേട്ട് ഗീത ചോദിച്ചു.

“ഇവരെന്താ ഇതൊക്കെ കല്യാണം ഉറപ്പിക്കുന്നതിനു മുൻപ് പറയാതിരുന്നത് എന്ന് നീ ചോദിച്ചില്ലേ?”

“കാശിക്ക് ഒത്തിരി കല്യാണം വന്നു. ഈ കാരണം പറഞ്ഞ് എല്ലാം കല്യാണവും മാറിപ്പോയി. അതുകൊണ്ട് പറയാതെ ഇരുന്നതാണെന്ന് പറഞ്ഞു…”

“അത് മോശമായിപ്പോയില്ലേ? ഞാൻ ഈ കാര്യം അച്ഛനോട് സംസാരിക്കാം. ഇതൊക്കെ കേട്ടിട്ട് അച്ഛൻ ഒരു തീരുമാനം എടുക്കട്ടെ…”

പവിത്ര അമ്മയുടെ മുഖത്തേക്ക് നോക്കി.

“അച്ഛനാണോ അമ്മേ ആ വീട്ടിൽ ജീവിക്കേണ്ടത്? അച്ഛനാണോ തീരുമാനം എടുക്കേണ്ടത്?”

ഗീതയ്ക്ക് മറുപടി പറയാൻ കഴിഞ്ഞില്ല.

“മോളേ, കല്യാണം കഴിയുമ്പോൾ കാശി മോളെയും കൊണ്ടുപോകും ദുബായിക്ക്.”

പവിത്രയുടെ മുഖത്ത് ഒരു പരിഹാസച്ചിരി തെളിഞ്ഞു.

“അങ്ങനെ ഒരു പ്രതീക്ഷയും വേണ്ടമ്മേ…”

“അത് എന്താ? കാശി അങ്ങനെ പറഞ്ഞോ?”

“ഇല്ല. പക്ഷേ കല്യാണം കഴിയുമ്പോൾ കാശി പറയും.”

“അത് എന്താ അങ്ങനെ ഒരു ഉറപ്പ് നിനക്ക്?”

പവിത്ര കുറച്ചുനേരം മിണ്ടാതിരുന്നു. കാശി തന്നോട് പറഞ്ഞ കാര്യങ്ങൾ ഓരോന്നായി അവളുടെ മനസ്സിലൂടെ കടന്നുപോയി.

“മുത്തശ്ശൻ മരിക്കും മുൻപ്, അതായത് കാശിയുടെ അച്ഛന്റെ അച്ഛൻ മരിക്കാൻ നേരം പറഞ്ഞത്രേ, അവർക്ക് പോകാൻ ഒരിടം ഇല്ല. അതുകൊണ്ട് അവരെ നോക്കിക്കോളണം എന്ന്. അത് തന്നെ കാശിയുടെ അച്ഛൻ കാശിയോടും പറഞ്ഞു. അന്ന് കാശി അച്ഛന് വാക്ക് കൊടുത്തു, അവരെ സംരക്ഷിച്ചോളാമെന്ന്. അച്ഛന് കൊടുത്ത വാക്ക് പാലിക്കാൻ ഞാൻ കൂടെ നിൽക്കണം എന്ന് പറയാൻ ആണ് കാശി എന്നെ കാണാൻ വന്നത്.”

പവിത്ര പറഞ്ഞതെല്ലാം കേട്ട് ഗീത തലയ്ക്ക് കൈയും കൊടുത്ത് ഇരുന്നു.

“ശോ… ഇനി എന്ത് ചെയ്യും എന്റെ ഭഗവാനേ…”

മകളുടെ വിവാഹം സന്തോഷത്തോടെ നടത്താനുള്ള ഒരുക്കങ്ങൾക്കിടയിൽ ഇങ്ങനെയൊരു പ്രതിസന്ധി വന്നത് ഗീതയ്ക്ക് താങ്ങാനായില്ല.

“അച്ഛൻ വരട്ടെ. എല്ലാറ്റിനും ഒരു പരിഹാരം കാണാം…”

പവിത്ര ചെറിയൊരു ആശ്വാസത്തോടെ മുറിയിലേക്ക് കയറിപ്പോയി.

മുറിയിലെത്തിയ അവൾ കട്ടിലിൽ ഇരുന്നുകൊണ്ട് മൊബൈൽ എടുത്തു. വാട്സാപ്പ് തുറന്നപ്പോൾ കാശിയുടെ മെസ്സേജ് വന്നു കിടക്കുന്നുണ്ട്.

പവി, സോറി… ഞാൻ ഈ കാര്യങ്ങളെല്ലാം നേരത്തെ പറയേണ്ടതായിരുന്നു. ഞാൻ നിന്നെ നിർബന്ധിക്കില്ല. ആലോചിച്ച് ഒരു തീരുമാനം എടുത്താൽ മതി. നോ എന്നാണ് തീരുമാനമെങ്കിൽ എന്നോട് പറയണ്ട. യെസ് എന്നാണ് തന്റെ തീരുമാനമെങ്കിൽ ഞാൻ ആയിരിക്കും ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാൻ. ആ യെസ് എന്നോട് ഇയാൾ നേരിട്ട് പറയണം…

മെസ്സേജ് വായിച്ച പവിത്രയുടെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിടർന്നു. അടുത്ത മെസ്സേജ് കൂടി അവൾ തുറന്നു വായിച്ചു.

നിന്നെ പൊന്നുകൊണ്ട് മൂടാം, ആർഭാടമായ ഒരു ജീവിതം തരാം എന്നൊന്നും വാഗ്ദാനം തരില്ല. പക്ഷേ ഒരു ഉറപ്പ് തരാം. ജീവനുള്ള കാലം എന്റെ അമ്മയെയും മാമിമാരെയും സംരക്ഷിക്കുന്നതുപോലെ സംരക്ഷിക്കാം. ഞാനോ എന്റെ വീട്ടുകാരോ കാരണം നിന്റെ കണ്ണ് നിറയാതെ ഞാൻ നോക്കാം…

കാശിയുടെ വാക്കുകൾ അവളുടെ മനസ്സിൽ തട്ടി. അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു.

എന്റെ അമ്മയെക്കൊണ്ടോ മാമിമാരെക്കൊണ്ടോ നിനക്ക് ഒരു ദോഷവും ഉണ്ടാകില്ല എന്ന് ഉറപ്പും ഞാൻ തരാം. അവർ നിനക്ക് ഒരു ബാധ്യതയാകില്ല. എനിക്ക് അവരെ ഉപേക്ഷിക്കാൻ വയ്യാത്തതുകൊണ്ടാടോ… അവർക്ക് വേറെ ആരും ഇല്ല. ഒരു പെണ്ണിന് വേണ്ടി അവരെ വൃദ്ധസദനത്തിൽ ആക്കാനും എനിക്ക് വയ്യ. അങ്ങനെ ചെയ്താൽ എന്റെ അച്ഛന്റെ ആത്മാവ് എന്നോട് പൊറുക്കില്ല…

തീരുമാനം നിന്റേത് മാത്രം ആയിരിക്കണം…

പവിത്ര ഫോൺ നെഞ്ചോട് ചേർത്തുപിടിച്ചു. അന്ന് രാത്രി മുഴുവൻ അവൾ ഉറങ്ങിയില്ല. കാശിയുടെ വാക്കുകളും അവന്റെ അമ്മയെയും മാമിമാരെയും കുറിച്ചുള്ള കാര്യങ്ങളും അവളുടെ മനസ്സിലൂടെ മാറിമാറി കടന്നുപോയി.

പിറ്റേന്ന് രാവിലെ അച്ഛൻ വന്ന് വാതിലിൽ മുട്ടിയപ്പോഴാണ് പവിത്ര ഉണർന്നത്.

ഉറക്കച്ചടവോടെ എഴുന്നേറ്റ് അവൾ പോയി വാതിൽ തുറന്നു.

“ഗുഡ് മോർണിംഗ് മോളേ…”

“ആ, അച്ഛാ… ഗുഡ് മോർണിംഗ്.”

അച്ഛന്റെ പിന്നാലെ അമ്മയും മുറിയിലേക്ക് കടന്നുവന്നു. ഇരുവരുടെയും മുഖത്ത് എന്തോ ഗൗരവമുള്ള കാര്യം പറയാനുണ്ടെന്ന ഭാവം.

“മോളേ, ഞാൻ കാശിയെ വിളിച്ച് ഈ വിവാഹത്തിൽ നിന്നും നമ്മൾ പിന്മാറി എന്ന് അറിയിച്ചിട്ടുണ്ട്, കേട്ടോ…”

പവിത്ര അച്ഛന്റെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കി.

“ഇത്ര പെട്ടന്നോ?”

“പെട്ടന്നല്ല മോളേ. ഇന്നലെ അമ്മ എന്നോട് എല്ലാം പറഞ്ഞു. ഞാൻ അപ്പോൾ തന്നെ കാശിയെ വിളിച്ചു. കല്യാണം കഴിഞ്ഞ് മോളെയും കൊണ്ട് ദുബായ്ക്ക് പോകുമെങ്കിൽ ഈ കല്യാണം നടത്താം എന്ന് അറിയിച്ചു.”

അച്ഛൻ ഒരു നിമിഷം നിർത്തി മകളുടെ മുഖത്തേക്ക് നോക്കി.

“അവൻ അതിന് സമ്മതിച്ചില്ല. എനിക്ക് എന്റെ മോളുടെ കാര്യം നോക്കണ്ടേ? അതുകൊണ്ട് രാവിലെ വിളിച്ച് ഞാൻ വിവരം പറഞ്ഞു…”

അച്ഛന്റെ വാക്കുകൾ കേട്ട് പവിത്ര ഞെട്ടി. അവൾക്ക് എന്തോ പറയണമെന്നുണ്ടായിരുന്നു. പക്ഷേ വാക്കുകൾ പുറത്തേക്ക് വന്നില്ല.

“അച്ഛാ… അത് പിന്നെ…”

“എന്താ മോളേ?”

പവിത്ര അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക് മാറിമാറി നോക്കി.

“എനിക്ക് ഈ കല്യാണത്തിന് സമ്മതമാണ് അച്ഛാ…”

“മോൾ എന്തൊക്കെയാ ഈ പറയുന്നേ?”

“അതെയച്ഛാ… അവിടെ മൂന്ന് അമ്മമാർ ഉള്ളത് നല്ലതല്ലേ അച്ഛാ? കാശി അവരെ ഉപേക്ഷിച്ച് എന്നെ സ്വീകരിച്ചാൽ കാശിയുടെ സ്നേഹത്തിന് എന്ത് ആത്മാർത്ഥതയാണ് ഉള്ളത്? കാശി എന്ന വ്യക്തിത്വം അവിടെ മരിച്ചില്ലേ? അച്ഛന് കൊടുത്ത വാക്ക് പാലിക്കാൻ കാശി പലതും വേണ്ട എന്ന് വെയ്ക്കുന്നു. അങ്ങനെ ഉള്ള കാശി എനിക്ക് തന്ന വാക്ക് പാലിക്കും. എനിക്ക് അത് മതി.”

പവിത്രയുടെ വാക്കുകൾ കേട്ട് അച്ഛൻ നിശ്ശബ്ദനായി. അവൾ പറയുന്നതിൽ എന്തോ ശരിയുണ്ടെന്ന് അയാൾക്കും തോന്നി.

“അമ്മയെയും അമ്മായിമാരെയും ഇവിടെ ഉപേക്ഷിച്ച് ദുബായ്ക്ക് എന്നെയും കൂട്ടി പോയാൽ സന്തോഷകരമായി ജീവിക്കാൻ കാശിക്ക് കഴിയുമോ? ഇല്ല.”

പവിത്രയുടെ കണ്ണുകളിൽ ഇപ്പോൾ ഉറച്ച തീരുമാനത്തിന്റെ തിളക്കമുണ്ടായിരുന്നു.

“കാശിക്കും വേണ്ടേ അച്ഛാ ഒരു ജീവിതം? ആ ജീവിതം കൊടുക്കാൻ ഞാൻ തയ്യാറാണ്…”

മകളുടെ വാക്കുകൾ കേട്ട് ഗീതയുടെയും അച്ഛന്റെയും മുഖം സന്തോഷത്താൽ നിറഞ്ഞു. ഇത്രയും നേരം വിവാഹം വേണ്ടെന്ന് പറഞ്ഞ മകൾ ഇപ്പോൾ സ്വന്തം മനസ്സുകൊണ്ട് ആ വിവാഹത്തിന് സമ്മതിച്ചിരിക്കുന്നു.

പവിത്രയുടെ തീരുമാനം അവരുടെ മനസ്സിൽ വലിയൊരു ആശ്വാസമായി.

വർഷങ്ങൾ കടന്നുപോയി…

ഹോസ്പിറ്റലിലെ മുറിയിൽ അച്ഛന്റെ ബെഡിന്റെ അരികിൽ ഇരുന്ന് എന്തോ ആലോചിക്കുകയായിരുന്നു പവിത്ര. അവളുടെ മുഖത്ത് ഓർമ്മകളുടെ ഒരു ചെറുപുഞ്ചിരി തെളിഞ്ഞുനിന്നു.

“പവി, നീ എന്ത് ഓർത്തിരിക്കുകയാണ്?”

അച്ഛന്റെ ബെഡിന്റെ അരികിൽ ഇരുന്ന തന്റെ തോളിൽ തട്ടി കാശി ചോദിച്ചപ്പോഴാണ് പവിത്ര ചിന്തയിൽ നിന്നും ഉണർന്നത്.

അപ്പോഴും കാശി സ്റ്റീൽ പ്ലേറ്റിലെ കഞ്ഞി സ്പൂൺ കൊണ്ട് കോരി അച്ഛന് കൊടുക്കുകയാണ്. ഓരോ സ്പൂൺ കഞ്ഞിയും കൊടുത്ത ശേഷം അച്ഛൻ കഴിച്ചെന്ന് ഉറപ്പുവരുത്തി അടുത്ത സ്പൂൺ കോരുന്ന കാശിയെ നോക്കി പവിത്രയുടെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വിടർന്നു.

“ഒന്നും ഇല്ല കാശി… ഞാൻ വെറുതെ ഓരോന്ന് ഓർത്തുപോയി.”

“എന്താ ഇത്ര ആലോചിക്കാൻ? എന്തെങ്കിലും വിഷമമുണ്ടോ?”

കാശി അച്ഛന് കഞ്ഞി കൊടുത്തുകൊണ്ട് തന്നെ അവളെ നോക്കി.

“അന്ന് കാശിയെ വേണ്ടാ എന്ന് വെച്ചിരുന്നു എങ്കിൽ എന്റെ അച്ഛന് നല്ലൊരു മകനെ നഷ്ടമായേനെ… എനിക്ക് നല്ലൊരു ഭർത്താവിനെയും… നമ്മുടെ ദേവൂട്ടന് സ്നേഹനിധികളായ മൂന്ന് മുത്തശ്ശിമാരുടെ സ്നേഹം നഷ്ടമായേനെ…”

പവിത്രയുടെ വാക്കുകൾ കേട്ട് കാശി അവളെ നോക്കി ചിരിച്ചു. അച്ഛന് കഞ്ഞി കൊടുത്ത് പ്ലേറ്റ് മാറ്റിവെച്ച ശേഷം അവൻ പവിത്രയുടെ അരികിലേക്ക് നീങ്ങിയിരുന്നു.

“ഇതിനെല്ലാം നന്ദി പറയേണ്ടത് നിന്റെ അച്ഛനോട് ആണ് പവി… അന്ന് പെണ്ണ് കണ്ടുപോയ അന്ന് തന്നെ ഞാൻ എല്ലാം നിന്റെ അച്ഛനോട് പറഞ്ഞതാണ്. നിന്റെ അച്ഛൻ പറഞ്ഞിട്ടാണ് നിന്നോട് ഒന്നും പറയാതെ ഇരുന്നത്…”

പവിത്ര അത്ഭുതത്തോടെ കാശിയെ നോക്കി.

“അപ്പൊ അച്ഛൻ വിവാഹത്തിൽ നിന്നും പിന്മാറി എന്ന് വിളിച്ച് പറഞ്ഞതോ?”

“നിനക്ക് ഇഷ്ടമില്ലാത്ത വിവാഹത്തിന് നിന്നെ നിർബന്ധിക്കാൻ കഴിയാത്തതുകൊണ്ട്…”

കാശി അവളുടെ കൈപിടിച്ചു. ആ കൈകളിൽ സ്നേഹവും നന്ദിയും നിറഞ്ഞിരുന്നു.

“നിന്നെ എനിക്ക് തന്ന അച്ഛനും അമ്മയും എന്റെ ദൈവങ്ങളാണ്. അത്രയ്ക്കും ഇഷ്ടമാണ് എനിക്ക് ഈ അച്ഛനെയും മോളെയും…”

കാശിയുടെ വാക്കുകൾ കേട്ട് പവിത്രയുടെ കണ്ണുകൾ നിറഞ്ഞു. അവൾ അവന്റെ കൈകളിൽ മുറുകെ പിടിച്ചു. അച്ഛന്റെ ബെഡിലേക്ക് നോക്കിയപ്പോൾ അവിടെ കിടക്കുന്ന മനുഷ്യന്റെ മുഖത്തും ഒരു സംതൃപ്തിയുടെ പുഞ്ചിരി തെളിഞ്ഞിരുന്നു.

മൂന്ന് അമ്മായിയമ്മമാരുള്ള ആ വീട്ടിലേക്ക് ഭയത്തോടെ കടന്നുപോയ പവിത്രയ്ക്ക് ഇന്ന് മനസ്സിലായി—ചില ബന്ധങ്ങൾ നമ്മൾ പേടിക്കുന്നതുപോലെയല്ല, സ്നേഹത്തോടെ ചേർത്തുപിടിക്കുന്നവയാണ്.

✍️Shainy Varghese

Leave a Reply

Your email address will not be published. Required fields are marked *