എന്റെ സ്വന്തമല്ലെങ്കിലും മറ്റൊരാൾക്കവൻ സ്വന്തമാകുന്നത് വരെ എനിയ്ക്കവനെ എന്റേതായ് കാണാം ഗായത്രീ… അതിൽ നിന്നെന്നെ പിൻതിരിപ്പിക്കാൻ ആർക്കും…. ആർക്കും അവകാശവും….

“എന്റെ പൊന്നു ഡോക്ടറേ ഈ പ്രണയം പ്രേമം ഇഷ്ടം എന്നൊക്കെ വെച്ചാൽ ആർക്ക് ആരോട് എപ്പോ വേണേലും തോന്നാവുന്ന ഒന്നാണ്… അങ്ങനെ എനിയ്ക്ക് ഇഷ്ടം തോന്നിയത് പ്രണയിക്കണമെന്ന് തോന്നിയത് നിങ്ങളോടാണ്… നിങ്ങളെന്നെ ഇഷ്ടപ്പെടണമെന്നോ തിരികെ പ്രണയിക്കണമെന്നോ ഒന്നും ഞാൻ പറയില്ല…അതാണെന്റെ ആഗ്രഹമെങ്കിലും…”

തന്റെ മീശ വലം കൈ കൊണ്ടൊന്നുഴിഞ്ഞ് ചിരിയോടെ പറയുന്നവൻ… തന്നെ നോക്കുമ്പോൾ അവന്റെ മുഖത്തും കണ്ണിലും വ്യക്തമായ് തെളിയുന്ന തന്നോടുള്ള ഇഷ്ടം…. നിന്ന നില്പിൽ ആൽബിനു മുമ്പിൽ വിയർത്തു പോയ് ഡോക്ടർ ഗൗതംപ്രഭാക്കർ…..

തന്നെ നോക്കുന്ന ഗൗതമിൽ തെളിയുന്ന പതർച്ചയും അവന്റെ പരവേശവുമെല്ലാം മിഴി ചിമ്മാതെ കണ്ണുകൾ കൊണ്ടൊപ്പിയെടുത്തവനു മുമ്പിൽ ചിരിയോടെ നിന്നു ആൽബിനും….

“പഠിക്കാൻ വന്നാൽ പഠിച്ചിട്ട് പോണം ആൽബിൻ…. അല്ലാതെ ഇതുപോലുള്ള നേരം പോക്കുകളും തമാശകളും പറഞ്ഞ് പഠിക്കാനുളള സമയം വെറുതെ പാഴാക്കരുത്… എന്റെ സമയം പോലെ തന്നെ പ്രധാനമാണ് നിന്റെ സമയവും… വെറുതെ ഇവിടെ ചുറ്റി തിരിഞ്ഞ് നിൽക്കാതെ ക്ലാസിൽ കയറാൻ നോക്ക്… ചെന്ന് രണ്ടക്ഷരം പഠിക്കാൻ നോക്ക്…. പഠിച്ചൊരു ഡോക്ടർ ആവാൻ നോക്ക് തമാശകൾ കളഞ്ഞ്….”

തന്റെ മുഖത്തെ ഗൗരവം ഒന്നുകൂടി വർദ്ധിപ്പിച്ച് ആൽബിനെ നോക്കി പറഞ്ഞതും അവിടെ നിന്ന് പിൻ തിരിഞ്ഞ് നടന്നു ഡോക്ടർ ഗൗതം….ആ
പിൻതിരിഞ്ഞുള്ള നടത്തത്തിലും ഗൗതം അറിയുന്നുണ്ട് പല്ലു കടിച്ച് കണ്ണുകൾ കൂർപ്പിച്ച് പരിഭവത്തിലും ദേഷ്യത്തിലും തന്നെ തുറിച്ചു നോക്കുന്നൊരുവനെ….

എത്ര ഒതുക്കിയിട്ടും ആ ഒരുവനെ ഓർത്തൊരു ചിരി തെളിയുക തന്നെ ചെയ്തു ഗൗതമിലെങ്കിലും മറ്റാർക്കും അത് മനസ്സിലാവുന്നതിന് മുമ്പ് തന്നെ അവന്റെ ചൊടികളതിനെ വിദഗ്ധമായ് മറച്ചിരുന്നു….

തന്റെ പ്രണയത്തെ വെറുമൊരു തമാശയായ് കണ്ട് തന്നിൽ നിന്ന് പിൻതിരിഞ്ഞു നടക്കുന്നവനെ ഉള്ളുലയുന്ന നോവോടെ നോക്കി നിന്നു ആൽബിയും….. ഇനിയും തന്റെ ഈ ഇഷ്ടത്തെ എങ്ങനെ അവന് മനസ്സിലാക്കി കൊടുക്കുമെന്നറിയാതെ ഉഴറി ഉലഞ്ഞു പോയ് ആൽബി..

കൂടെ വളർന്ന സഹപാഠികളും ഒപ്പം കളിച്ചു വളർന്ന കളിക്കൂട്ടുക്കാരും ഒരു പ്രായം കഴിഞ്ഞ് മുതിർന്നതിൽ പിന്നെ പറയുന്ന തമാശകളിലേറെയും നിറഞ്ഞു നിന്നിരുന്നത് സ്ത്രീകളും പെൺകുട്ടികളും മാത്രമായിരുന്നു..

പെണ്ണുങ്ങളുടെ മുടി മുതൽ നഖം വരെ ഓരോന്നിനെ പറ്റിയും അവരെല്ലാം വിശദീകരിച്ച് വിവരിച്ച് രസം കണ്ടെത്തുമ്പോൾ താൻ മാത്രം കേൾക്കുന്ന അത്തരം കാര്യങ്ങളിൽ യാതൊരു താല്പര്യമില്ലാതെ താനെന്തേ ഇതിലൊന്നും പെടാത്ത ഒരുവായെന്ന ചോദ്യത്തോടെ
ഇനിയും തിരിച്ചറിയാൻ
കഴിയാത്ത തന്റെ സത്വം തിരഞ്ഞു നടന്നു….

അങ്ങനെ ഇരിക്കെ ഒട്ടും പ്രതീക്ഷിക്കാതെയാണ് തന്റെ പ്ലസ്ടു നാളുകളിലൊന്നിൽ സ്കൂളിൽ നടത്തിയ മെഡിക്കൽ ക്യാംപിന്റെ ഭാഗമായ് സ്കൂളിലെത്തിയ ഡോക്ടർ ഗൗതം പ്രഭാകറിൽ തന്റെ കണ്ണുകളുടക്കിയത്…..

ആദ്യത്തെ കാഴ്ച… കണ്ണുകൾ ചിമ്മാൻ പോലും മറന്ന് ഗൗതത്തെ നോക്കി നിൽക്കുമ്പോൾ തന്റെ മനസ്സൊരു അപ്പൂപ്പൻ താടി കണക്കേ ഭാരമേതുമില്ലാതെ പാറി പറന്നുല്ലസിയ്ക്കുന്നതും ഗൗതത്തിന്റെ സാമീപ്യത്തിൽ മുൻപ്ഇല്ലാത്ത വിധം ഹൃദയം തുടിച്ചുയരുന്നതും ശരീരത്തിൽ രക്തയോട്ടമേറുന്നതുമെല്ലാം ഒരു ഞെട്ടലോടെയാണ് താൻ തിരിച്ചറിഞ്ഞത്….

താനുണരുന്നതും തന്റെ ശരീരമുണരുന്നതുമെല്ലാം പുരുഷ സാമീപ്യത്തിലാണെന്ന തിരിച്ചറിവിൽ ശ്വാസം പോലുമെടുക്കാൻ മറന്ന് തരിച്ചു നിന്നു താൻ

അന്നുമുതൽ താനറിഞ്ഞോ അറിയാതെയോ തന്റെ ചിന്തകളിലെല്ലാം ഡോക്ടർ നിറഞ്ഞു നിൽക്കാൻ തുടങ്ങി… ഡോക്ടറെ കാണാനുള്ള ആഗ്രഹത്തിന്റെ പുറത്ത് ഇല്ലാത്ത കാരണങ്ങൾ കണ്ടെത്തി ഞാനോരോ പ്രാവശ്യവും ഹോസ്പിറ്റലിൽ കയറിയിറങ്ങി

ഇതിന്റെ എല്ലാം ഇടയിലും താനാഗ്രഹിയ്ക്കുന്നത് ഡോക്ടർ ഗൗതം പ്രഭാക്കറിന്റെ ഇണയാവാനാണെന്ന അറിവ്…. ആകെ വല്ലാതെ ഉലയ്ക്കുന്നുണ്ടായിരുന്നു താനറിയാതെ തന്നെയാകെ….എന്നിട്ടും പക്ഷെ പിൻ തിരിയാൻ ഒരുക്കമല്ലായിരുന്നു താൻ….കൂടുതൽ കൂടുതൽ താനറിഞ്ഞു തന്നെ ഡോക്ടർക്ക് പിന്നാലെ അലയാൻ തുടങ്ങി…

ഒടുക്കം ഡോക്ടറിലേക്ക് എത്താൻ വേണ്ടി മാത്രമാണ് ഈ ഡോക്ടർ പഠിത്തം പോലും….. തന്റെ ഇഷ്ടവും പ്രണയവും താൻ പറഞ്ഞു തന്നെ ഗൗതം അറിയണമെന്ന വാശിയിലാണ് കുറച്ചു നാളുകൾക്ക് മുമ്പ് തുറന്ന് തന്റിഷ്ടം ആ മുഖത്തു നോക്കി താൻ പറഞ്ഞത്…..

വെട്ടിത്തുറന്നുള്ള തന്റെ സംസാരത്തിന് മറുപടി ഒന്നും നൽകാതെ തന്നെ അല്പനേരം നോക്കി പിൻ തിരിഞ്ഞു നടന്ന ആ രൂപം ഇന്നും ഉള്ളിൽ ഒളിമങ്ങാതെയുണ്ട് തന്റെയുള്ളിൽ….

ചിന്തകൾ ആൽബിന്റെ ഉള്ളിൽ നിറഞ്ഞുയരുമ്പോൾ അവനിൽ നിന്ന്
നടന്നകന്ന ഗൗതത്തിന്റെ ഉള്ളിലും നിറഞ്ഞുനിന്നതാ കൊച്ചു പയ്യനായിരുന്നു…

ഒട്ടും പ്രതീക്ഷിക്കാതെ ആ സ്കൂളിൽ വെച്ച് താൻ കണ്ടുമുട്ടിയവൻ…. തന്നെ കണ്ട നിമിഷം അവന്റെ മുഖത്തും കണ്ണിലും തെളിഞ്ഞ അത്ഭുതവും അമ്പരപ്പും അവനെ ശ്രദ്ധിക്കാൻ തന്നെ നിർബന്ധിതനാക്കി….

അന്നാ സ്കൂളിൽ നിന്ന് ക്യാംപ് കഴിഞ്ഞ് മടങ്ങുമ്പോൾ താനറിയാതെ തന്റെ ഉള്ളിൽ സ്ഥാനം ഉറപിച്ചിരുന്നു ആൽബിനെന്ന പതിനെട്ടുക്കാരൻ…

ഇനിയെന്ന് എങ്ങനെ അവനെ കാണും എന്നോർത്തിരുന്ന തന്നെ ഞെട്ടിച്ചു കൊണ്ടവൻ പിന്നീടങ്ങോട്ട് താനുള്ള ഇടങ്ങളിലെല്ലാം നിറ സാന്നിധ്യമായ്…. അതൊടുവിലിതാ താൻ ജോലി ചെയ്യുന്ന ഈ മെഡിക്കൽ കോളേജിലെത്തി നിൽക്കുന്നു…

“എന്താണ് മോനെ വല്ലാത്തൊരു ചിരിയും മുഖ പ്രസാദവും…നിന്റെ ചെക്കനിന്നും വന്ന്
ഐ ലവ് യൂ പറഞ്ഞോ…?

തൊട്ടു മുന്നിൽ നിന്നൊരു പെൺ സ്വരം ഉയർന്നതും ആൽബിനെ കുറിച്ചുള്ള ചിന്തകൾ മുറിഞ്ഞ് മുഖംഉയർത്തി നോക്കി ഗൗതം… ചിരി നിറഞ്ഞ മുഖത്തോടെ അവനെ നോക്കി നിൽകുന്ന ഡോക്ടർ ഗായത്രിയെ മുന്നിൽ കണ്ടതും അതുവരെ ഗൗതമിന്റെ മുഖത്തുണ്ടായിരുന്ന ചിരി മാഞ്ഞു… അവിടെ വിഷാദം തളം കെട്ടി….

“നേടാൻ കഴിയില്ലെന്ന് ഉറപ്പുള്ളതിനെ മോഹിക്കരുത് ഗൗതം…. അങ്ങനെ മോഹിച്ചാൽ നിനക്കിനിയും സങ്കടപ്പെടേണ്ടിവരും… ഇപ്പോ സഹിക്കുന്നതിലും ഏറെ വേദന സഹിക്കേണ്ടിവരും….”

അലിവോടെ പറയുന്ന ഗായത്രിയെ നിറമിഴികൾ ഉയർത്തി നോക്കി ഗൗതം….

നിറഞ്ഞ ചിരിയോടെയാണ് ആൽബിനെ കുറിച്ച് ഇത്ര നേരവും ചിന്തിച്ചതെങ്കിലും അവനെ തനിയ്ക് ഒരിക്കലും സ്വന്തമാക്കാൻ കഴിയില്ലെന്ന വേദന അവന്റെ നെഞ്ചിനെയാകെ അന്നേരം വരിഞ്ഞു മുറുകി വേദനിപ്പിയ്ക്കുന്നുണ്ട്… അതറിഞ്ഞതു പോലൊരു നൊമ്പരമുണ്ട് അവനെ നോക്കുന്ന ഗായത്രിയിലും…

“എന്റെ സ്വന്തമല്ലെങ്കിലും മറ്റൊരാൾക്കവൻ സ്വന്തമാകുന്നത് വരെ എനിയ്ക്കവനെ എന്റേതായ് കാണാം ഗായത്രീ… അതിൽ നിന്നെന്നെ പിൻതിരിപ്പിക്കാൻ ആർക്കും…. ആർക്കും അവകാശവും അധികാരവും ഇല്ല…”

ഉള്ളിലെ നോവടക്കി പറഞ്ഞ് ഗായത്രിയെ പിന്നൊന്ന് നോക്കാതെ അവിടെ നിന്ന് ഗൗതം നടന്നകന്നതും നോവോടെ അവനു പിന്നാലെ ചെന്നു ഗായത്രിയും……

എവിടെയും ഗൗതത്തെ തനിച്ചാക്കി വിടില്ലെന്ന തീരുമാനത്തോടെ…

ആ സമയം ഗായത്രി ചിന്തിച്ചത് ആൽബിന്റെ വീട്ടുക്കാരെ കുറിച്ചാണ്….. തങ്ങളുടെ മകന്റെ ഓരോ വളർച്ചയും അത്ര സൂക്ഷ്മതയോടെ നോക്കി ആസ്വദിച്ചിരുന്ന അവർക്ക് ആൽബിന്റെ സത്വത്തെയും എളുപ്പം തിരിച്ചറിയാനും അവന്റെ പ്രണയം ആരോടാണ് എന്ന് മനസ്സിലാക്കാനും വേഗത്തിൽ സാധിച്ചിരുന്നു… തങ്ങളുടെ മകനൊരു ഗേ ആണെന്നത് ഉൾക്കൊണ്ട അവർക്കു പക്ഷെ അവരുടെ മകന്റെ ഇണയായ് ഡോക്ടർ ഗൗതത്തെ ഉൾക്കൊള്ളാൻ വയ്യ…. അതിനു കാരണമായ് അവർ പറയുന്നത് ഗൗതത്തിന്റെ അനാഥത്വം ആണ്…

മാതാപിതാക്കളെ ചെറുപ്പത്തിലെ അപകടത്തിലൂടെ നഷ്ടപ്പെട്ട
ഗൗതം വളർന്നതും പഠിച്ചതുമെല്ലാം അമ്മാവന്റെ സഹായത്തിലാണ്….ആ അമ്മാവന്റെ മകളാണ് ഗായത്രി… ഗൗതത്തെ ഗായത്രിയോളം മറ്റാർക്കുമറിയില്ല….

ഗൗതം ആൽബിനുമായ് ബന്ധം തുടങ്ങിയാൽ ഈ നാട്ടിൽ നിന്നേ അവനെ മാറ്റും എന്നാണ് അവന്റെ വീട്ടുകാരുടെ ഭീഷണി.. കേൾക്കുന്നവർക്കത്
നിസാരമാവാം…പക്ഷെ അങ്ങനൊരു വേദന ആൽവിന് നൽകാൻ വയ്യ ഗൗതത്തിന്…

ആൽബിന് ഇന്നും അറിയില്ല അവന്റെ മാതാപിതാക്കൾ ഗൗതത്തെ കണ്ട് സംസാരിച്ച കാര്യം…. അതവനെ അറിയിക്കാൻ ഗായത്രി എത്ര പറഞ്ഞിട്ടും ഗൗതം കേട്ടതുമില്ല…

” ഡോക്ടറേ….. നമ്മുടെ ഇവിടുത്തെ സ്റ്റുഡൻസിലൊരുവൻ സൂയിസൈഡ് ചെയ്യാൻ ശ്രമിച്ച് ക്രിട്ടിക്കൽ സ്റ്റേജിൽ ഐസിയുവിലാണ്…. എന്തോ പ്രേമനൈരാശ്യമാണ്….ആൽബിനെന്നോ മറ്റോ ആണ് പേര് പറഞ്ഞത്….. ഇനിയിപ്പോ ഇതിന്റെ പേരിൽ എന്തൊക്കെ ഇവരിവിടെ കാണിച്ചു കൂട്ടുമെന്നാണ്…”

ഓപിയിൽ ഗൗതം ഇരിയ്ക്കുന്ന നേരമാണ് തികച്ചും സാധാരണ എന്ന പോലെ നഴ്സ് വന്നവനോടീകാര്യം പറയുന്നത്…. കേട്ടതും പ്രാണൻ കയ്യിൽ പിടിച്ചെന്ന പോലെ ഇരിയ്ക്കുന്നിടത്തു നിന്നെഴുന്നേറ്റൊരു ഓട്ടമായിരുന്നു ഗൗതം ഐസിയുവിലേക്ക്…. അവന്റെയാ പോക്കും ആകെ വിളറി പോയ മുഖവും…പകപ്പോടെ അവൻ പോയ വഴിയിലേക്ക് നോട്ടമെയ്തു നിന്നു പോയാ നഴ്സ്….

ഐസിയുവിന് മുമ്പിലേക്ക് ഓടിയെന്ന വിധം വേഗത്തിൽ വരുന്ന ഡോക്ടർ ഗൗതത്തെ അവിടെ കൂടിയിരുന്നവരെല്ലാം ഒരു പകപ്പോടെ തന്നെയാണ് നോക്കിയത്…. അത്രയേറെ വേദന തിങ്ങിയിരുന്നു അന്നേരം ആ മുഖത്ത്….

“ഏയ്…. ഡോക്ടറേ……”

ഐസിയുവിനുള്ളിലേക്ക് ഗൗതം കയറാൻ നിന്നതും ഒരു വിളിയുയർന്നവിടെ….

ഒട്ടും പ്രതിക്ഷിക്കാതെ കേട്ട ആ പിൻ വിളിയിൽ ഞെട്ടലോടെ തിരിഞ്ഞു നോക്കിയ ഗൗതത്തിന്റെ മിഴികൾ നിറഞ്ഞൊഴുകിയത് പെട്ടന്നാണ്…

ആൽബിനും ഭയന്നു ആ കണ്ണീർ കണ്ട്…

“എന്താ ഡോക്ടറേ…. ഞാനാണെന്ന് കരുതി ഭയന്നു പോയോ….? അത് വേറെ ആൽബിയാ… ഞാനല്ല…”

ആൽബിൻ ചോദിച്ചു തീർന്നില്ല… അതിനു മുമ്പേ യവനെ ശക്തമായ് കെട്ടി പുണർന്ന് പൊട്ടി കരഞ്ഞിരുന്നു ഗൗതം..

കഴിഞ്ഞ കുറഞ്ഞ സമയം കൊണ്ട് ചിന്തിച്ചതും അനുഭവിച്ചതും ഓർത്തതേ കിടുത്തുപോയ് ഗൗതം… ആർക്കുവേണ്ടിയും ഒന്നിനു വേണ്ടിയും ആൽബിനെ കൈവിട്ടുകളയില്ല എന്നൊരു തീരുമാനം ആ നിമിഷത്തിൽ തന്റെ മനസ്സിലൊന്നു കൂടി ഉറപ്പിച്ച് ആൽബിനെ കൂടുതൽ ഇറുക്കത്തിൽ തന്നോടണച്ചു ഗൗതം… തങ്ങളുടെ പ്രണയം എല്ലാവരും കാണട്ടെ അറിയട്ടെ എന്നെല്ലാം കരുതി തന്നെ….

അതല്ലെങ്കിലും നഷ്ടപ്പെടുമെന്ന തോന്നലിൽ നിന്നാണല്ലോ അല്ലേ പല തിരിച്ചറിവുകളും ഉണ്ടാവുന്നത്…..

✍️RJ

Leave a Reply

Your email address will not be published. Required fields are marked *