നീ ഹൃദ്രോഗിയായ ഒരു മകനെയും ഈ മോനെയും എന്നെ ഏൽപ്പിച്ച് മറ്റൊരുത്തന്റെ കൂടെ പോയപ്പോൾ തകർന്നത് ഞാൻ മാത്രമല്ല, നീ ജന്മം കൊടുത്ത നിന്റെ മക്കൾ കൂടിയാണ്……

“അച്ഛാ, നമുക്ക് അമ്മയെ ഒന്ന് കാണാൻ പോകാം…”

“ഇല്ല മോനേ, അച്ഛൻ വരുന്നില്ല. നീ പോയിട്ട് വാ.”

“അച്ഛാ, പ്ലീസ്… അച്ഛനും വാ. അമ്മയ്ക്ക് അച്ഛനോട് എന്തെങ്കിലും പറയാനുണ്ടെങ്കിലോ?”

“എന്ത് പറയാനുണ്ടെങ്കിലും എനിക്ക് കേൾക്കണ്ട…”

“അച്ഛാ, എന്റെ അമ്മയോട് ഒരു വട്ടം… ഒരേയൊരു വട്ടം ക്ഷമിക്കൂ.”

“എനിക്ക് അവളോട് പിണക്കമൊന്നുമില്ല. പക്ഷേ, അവൾ എന്നോട് ചെയ്തത് ക്ഷമിക്കാൻ എനിക്ക് കഴിയില്ല…”

“ഞാൻ ഇനി ഒന്നും പറയുന്നില്ല…”

രാജേഷ് മകനെ നോക്കി പറഞ്ഞു.

“നീ പോയിട്ട് വാ. രണ്ടു ദിവസം അമ്മയോടൊപ്പം താമസിച്ചിട്ട് പോരേ? അലമാരയിൽ പൈസ ഇരിക്കുന്നുണ്ട്. എടുത്തുകൊണ്ടുപോയ്ക്കോ…”

നീരവ് ഒന്നും പറയാതെ വീടിനുള്ളിലേക്ക് കയറിപ്പോയി. രാജേഷ് പറമ്പിലേക്കും ഇറങ്ങി.

അച്ഛനെ കുറ്റം പറയാൻ നീരവിന് കഴിയില്ല. അമ്മ അച്ഛനോട് ചെയ്തത് വെച്ചുനോക്കുമ്പോൾ അച്ഛന്റെ ഈ വാശിയും പിണക്കവും തെറ്റാണെന്ന് പറയാൻ അവനാവില്ല.

നീരവ് മുറിയിലെത്തി അലമാര തുറന്ന് രണ്ടു ദിവസത്തേക്ക് ആവശ്യമായ ഡ്രസ്സും പൈസയും എടുത്തു. ഡ്രസ്സ് മാറി പുറത്തേക്കിറങ്ങിയപ്പോൾ അച്ഛൻ മുറ്റത്തെ ടാപ്പിന് മുന്നിൽ നിന്ന് കാല് കഴുകുന്നതാണ് കണ്ടത്.

“നീ ഇത്ര പെട്ടെന്ന് ഒരുങ്ങി ഇറങ്ങിയോ?”

“ഉം…”

നീരവ് മൂളിക്കൊണ്ട് പുറത്തേക്കിറങ്ങി ചെരുപ്പിട്ടു.

“നീ ഒരു രണ്ടു മിനിറ്റ് നിൽക്ക്… ഞാനും വരാം.”

അച്ഛന്റെ വാക്കുകൾ കേട്ട നീരവിന്റെ മുഖം സന്തോഷത്താൽ വിടർന്നു.

രാജേഷ് അകത്തേക്ക് പോയി വേഗം ഡ്രസ്സ് മാറി ഒരുങ്ങിയിറങ്ങി. കൈയിലിരുന്ന കാറിന്റെ താക്കോൽ മകന്റെ നേരെ നീട്ടി.

“അച്ഛൻ ഓടിച്ചോ…”

“വേണ്ട, നീ ഓടിച്ചോ. ഓടിക്കുമ്പോൾ ശ്രദ്ധിക്കണം എന്ന് മാത്രം.”

“താങ്ക്സ് അച്ഛാ…”

നീരവ് സന്തോഷത്തോടെ അച്ഛന്റെ കൈയിൽനിന്ന് താക്കോൽ വാങ്ങി. കാർ ഗേറ്റ് കടന്ന് റോഡിലേക്ക് ഇറങ്ങി.

“അച്ഛൻ വരുന്നില്ലെന്ന് പറഞ്ഞിട്ട്…”

നീരവ് അച്ഛനെ നോക്കി ചോദിച്ചു.

“നീ സങ്കടപ്പെടുന്നത് എനിക്ക് കാണാൻ വയ്യാഞ്ഞിട്ട്…”

“അച്ഛാ…”

“നീ ഡ്രൈവിങ്ങിൽ ശ്രദ്ധിക്ക്…”

രാജേഷ് സീറ്റിലേക്ക് ചാരി ഇരുന്ന് കണ്ണുകൾ അടച്ചു.

വണ്ടി ചെന്നുനിന്നത് ആളുകൾ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശത്തായിരുന്നു.

“അച്ഛാ, ഇറങ്ങൂ… സ്ഥലം എത്തി.”

രാജേഷ് കണ്ണുതുറന്ന് ചുറ്റും നോക്കി.

“മോനേ, ഇത് ഏതാ സ്ഥലം?”

“അച്ഛൻ വാ…”

നീരവ് കാറിൽ നിന്നിറങ്ങി ഒരു ഇടവഴിയിലൂടെ നടന്നു. പിന്നാലെ രാജേഷും. ഷീറ്റ് കൊണ്ട് മേഞ്ഞതും പടുതകൊണ്ട് മറച്ചതുമായ ഒരു കുടിലിലേക്ക് നീരവ് കയറി.

“അച്ഛാ, തല ഇടിക്കാതെ സൂക്ഷിച്ചോ…”

“ആരാ ?”

അകത്തെ മുറിയിൽനിന്ന് ഒരു ക്ഷീണിച്ച സ്വരം ഉയർന്നു.

“ഞാനാ അമ്മേ… നീരവ്.”

“മോനേ, വാ…”

അകത്തെ മുറിയിൽനിന്ന് ക്ഷീണിച്ചതെങ്കിലും സന്തോഷം നിറഞ്ഞ വാക്കുകൾ കേട്ടു.

നീരവിന്റെ പിന്നാലെ അകത്തേക്ക് കയറി ചെന്ന രാജേഷ് കണ്ടത് ചെറിയൊരു കട്ടിലിൽ ക്ഷീണിച്ച് എല്ലുന്തിയ ശരീരവുമായി കിടക്കുന്ന ഒരു സ്ത്രീയെയായിരുന്നു.

“അമ്മേ…”

നീരവ് ആ സ്ത്രീയുടെ അരികിലെത്തി വിളിച്ചു.

“മോനേ…” എന്ന് വിളിച്ചുകൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിക്കാതെ അവർ കട്ടിലിൽത്തന്നെ കിടന്നു. നീരവ് അമ്മയെ താങ്ങിപ്പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.

“ആ… അയ്യോ…”

വേദനകൊണ്ട് അവർ ഞെരങ്ങി.

“അമ്മയ്ക്ക് വേദനിച്ചോ?”

നീരവ് പരിഭ്രമത്തോടെ ചോദിച്ചു. എന്നാൽ അവർ ഒന്നും മിണ്ടാതെ രാജേഷിന്റെ മുഖത്തേക്ക് നോക്കി. കണ്ണുകളിൽ സങ്കടവും കുറ്റബോധവും നിറഞ്ഞിരുന്നു.

“രാജേഷേട്ടാ…”

ദയനീയമായി രാജേഷിനെ നോക്കിക്കൊണ്ട് ക്ഷീണിച്ച സ്വരത്തിൽ അവർ വിളിച്ചു.

“രാജേഷേട്ടൻ വന്നല്ലോ… ഇനി എനിക്ക് സന്തോഷത്തോടെ മരിക്കാം…”

രാജേഷ് അവരെ നോക്കി പുഞ്ചിരിച്ചു.

“എന്നോട് ക്ഷമിക്കണം, രാജേഷേട്ടാ… രാജേഷേട്ടനോട് ക്ഷമ ചോദിക്കാൻ വേണ്ടിയായിരിക്കും ദൈവം എന്നെ ഇത്രയും ദിവസം ഈ കിടക്കയിൽ കിടത്തിയത്…”

“ഞാൻ നിന്നോട് ക്ഷമിച്ചാലും നിന്റെ മകൻ നിന്നോട് ക്ഷമിക്കില്ല, നന്ദിനി…”

“രാജേഷേട്ടാ… സോറി…”

“എന്നോടല്ല സോറി പറയേണ്ടത്. നിന്റെ മകനോടാണ്…”

നന്ദിനിയുടെ കണ്ണുകൾ നീരവിന്റെ മുഖത്തേക്ക് തിരിഞ്ഞു. അവന്റെ മുഖത്ത് സങ്കടമുണ്ടായിരുന്നെങ്കിലും പഴയ വേദനയും അമ്മയോടുള്ള പരിഭവവും അവിടെ നിഴലിച്ചിരുന്നു.

“മോനേ… നീ അമ്മയോട് ക്ഷമിക്കില്ലേ? അമ്മ നിങ്ങളോട് ചെയ്തതിനൊക്കെ അനുഭവിച്ചു കഴിഞ്ഞു…”

നീരവ് അമ്മയുടെ മുഖത്തേക്ക് നോക്കി. ഒരുകാലത്ത് സ്നേഹത്തോടെ ചേർത്തുപിടിച്ചിരുന്ന അമ്മയായിരുന്നു ഇത്. ഇന്ന് സ്വന്തം ശരീരം പോലും അനക്കാൻ കഴിയാതെ മറ്റുള്ളവരുടെ സഹായം തേടി കഴിയുന്ന അവസ്ഥ. അവന്റെ മനസ്സിൽ അമ്മയോട് ദേഷ്യമുണ്ടായിരുന്നെങ്കിലും ആ കിടപ്പു കണ്ടപ്പോൾ അതെല്ലാം അലിഞ്ഞുപോകുന്നതുപോലെ തോന്നി.

“അമ്മ ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണ്. പക്ഷേ, ഈ അവസ്ഥയിൽ കിടക്കുന്ന അമ്മയോട് എനിക്ക് ഇപ്പോൾ ദേഷ്യമില്ല…”

രാജേഷ് നന്ദിനിയുടെ മുഖത്തേക്ക് നോക്കി.

“നന്ദിനി, ഇവൻ നിന്നോട് ക്ഷമിക്കും. പക്ഷേ, നീ പ്രസവിച്ച നിന്റെ ഇളയ മകൻ നിന്നോട് ക്ഷമിക്കില്ല…”

രാജേഷിന്റെ വാക്കുകൾ നന്ദിനിയുടെ ഹൃദയത്തിൽ തറച്ചു. അവൾ കണ്ണുകൾ ഇറുക്കിയടച്ചു. ചുണ്ടുകൾ വിറച്ചു. എന്തോ പറയാൻ ശ്രമിച്ചെങ്കിലും വാക്കുകൾ പുറത്തുവന്നില്ല.

“നീ ഹൃദ്രോഗിയായ ഒരു മകനെയും ഈ മോനെയും എന്നെ ഏൽപ്പിച്ച് മറ്റൊരുത്തന്റെ കൂടെ പോയപ്പോൾ തകർന്നത് ഞാൻ മാത്രമല്ല, നീ ജന്മം കൊടുത്ത നിന്റെ മക്കൾ കൂടിയാണ്…”

രാജേഷിന്റെ ശബ്ദത്തിൽ വർഷങ്ങളായി അടക്കിവെച്ച വേദന നിറഞ്ഞുനിന്നു.

“നീ പോയ അന്ന് വീണതാ എന്റെ നിശാൽ മോൻ. ജന്മനാ ഹൃദയവൈകല്യമുള്ള അവൻ ഒന്നിനും വേണ്ടി വാശിപിടിച്ചിട്ടില്ല. പക്ഷേ, എന്റെ മോൻ മരണക്കിടക്കയിൽ കിടന്ന് വാശിപിടിച്ച് കരഞ്ഞത് അവന്റെ അമ്മയെ കാണണം എന്ന് മാത്രം പറഞ്ഞാണ്.”

രാജേഷിന്റെ കണ്ണുകൾ നിറഞ്ഞു. ആ പഴയ ഓർമ്മകൾ അയാളുടെ മനസ്സിലേക്ക് വീണ്ടും ഇരച്ചെത്തി.

“അന്ന് ഞാൻ നിന്റെ കാല് പിടിച്ചില്ലേ, തിരിച്ചു വരാൻ? അന്ന് നീ എന്താ പറഞ്ഞത്? നിന്നെ തിരികെ വരുത്താൻ ഞാൻ കള്ളം പറഞ്ഞതാണെന്നല്ലേ?”

നന്ദിനി മുഖം താഴ്ത്തി. മറുപടി പറയാൻ അവൾക്ക് വാക്കുകളില്ലായിരുന്നു.

“എന്റെ മോന്റെ ആഗ്രഹം പൂർത്തിയാക്കാൻ കഴിയാതെ അവന്റെ കുഞ്ഞുശരീരം വെള്ളത്തുണിയിൽ ഏറ്റു വാങ്ങിയപ്പോൾ ഞാൻ അനുഭവിച്ച വേദന… അത് എത്രത്തോളം വലുതായിരുന്നെന്ന് നിനക്ക് അറിയാമോ?”

രാജേഷ് ഒരു നിമിഷം നിശ്ശബ്ദനായി. തൊണ്ടയിൽ കുടുങ്ങിയ വേദനയോടെ വീണ്ടും തുടർന്നു.

“ജന്മനാ ഹൃദയവൈകല്യമുള്ള എന്റെ മോനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ രാപകലില്ലാതെ ഞാൻ ഓടി. അതിനിടയിൽ നിനക്കും മക്കൾക്കും ഒരു കുറവും വരാതിരിക്കാൻ ഞാൻ ശ്രമിച്ചു. പക്ഷേ, നീ എന്റെ സ്നേഹം തിരിച്ചറിഞ്ഞില്ല. പൊള്ളയായ കുറച്ച് സ്നേഹം കുത്തിനിറച്ച വാക്കുകൾക്ക് മുന്നിൽ നീ എല്ലാം മറന്നു…”

നന്ദിനിയുടെ കണ്ണുകളിൽനിന്ന് കണ്ണുനീർ ഒഴുകിയിറങ്ങി. രാജേഷിന്റെ ഓരോ വാക്കും അവളുടെ നെഞ്ചിൽ കുറ്റബോധത്തിന്റെ കനലായി വീണുകൊണ്ടിരുന്നു. പറയാൻ ഒരുപാട് ഉണ്ടായിരുന്നെങ്കിലും അവൾക്ക് ശബ്ദം പുറത്തേക്ക് വന്നില്ല.

പെട്ടെന്ന് നന്ദിനിയുടെ ശ്വാസം വല്ലാതെ മുറുകി. പ്രയാസപ്പെട്ട് ശ്വാസം വലിച്ചെടുക്കാൻ ശ്രമിച്ച അവളുടെ കണ്ണുകൾ പുറത്തേക്ക് മിഴിഞ്ഞു. ശരീരം വല്ലാതെ അസ്വസ്ഥമായി.

“അമ്മേ…”

നീരവ് പരിഭ്രമത്തോടെ വിളിച്ചുകൊണ്ട് അമ്മയുടെ നെഞ്ചിൽ പതുക്കെ തടവിക്കൊടുത്തു.

രാജേഷ് അവളെ നോക്കി തുടർന്നു.

“നീ സ്വർഗ്ഗമെന്ന് കരുതിയ നിന്റെ ജീവിതം എവിടെ നന്ദിനി? സ്നേഹത്തിൽ പൊതിഞ്ഞ കുറെ പൊള്ളയായ വാക്കുകൾ പറഞ്ഞ് നിന്നെ കൂടെക്കൂട്ടിയവൻ എവിടെ?”

അയാൾ ഒരു നിമിഷം നിശ്ശബ്ദനായി.

“ദൈവം നിന്നോട് ക്ഷമിക്കുമായിരിക്കും. ഞാനും നിന്നോട് ക്ഷമിച്ചു. പക്ഷേ, എന്റെ നിശാൽ മോൻ നിന്നെ കാണാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം ബാക്കിയാക്കിയാണ് എന്റെ മോൻ ഈ ലോകത്തുനിന്ന് പോയത്. അവന്റെ അവസാനത്തെ ആഗ്രഹം പോലും സാധിച്ചുകൊടുക്കാൻ കഴിയാത്ത ഒരച്ഛനാണ് ഞാൻ…”

രാജേഷിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

“നിനക്കറിയാമല്ലോ, ഒരു ഓപ്പറേഷൻ ചെയ്താൽ എന്റെ മോന്റെ അസുഖം മാറുമെന്ന് ഡോക്ടർ പറഞ്ഞത്. ആ ഓപ്പറേഷൻ നടത്താൻ വേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു ഞാൻ. പക്ഷേ, നീയോ… ആ ഓപ്പറേഷൻ നടക്കുന്നതുവരെയെങ്കിലും നിനക്ക് ക്ഷമിക്കാമായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ എന്റെ മോൻ ഇന്ന് എന്റെ കൂടെ ഉണ്ടായേനെ…”

അത്രയും പറഞ്ഞതോടെ രാജേഷിന് നിയന്ത്രണം നഷ്ടപ്പെട്ടു. വർഷങ്ങളായി മനസ്സിൽ അടക്കിവെച്ചിരുന്ന സങ്കടം ഒരു പൊട്ടിക്കരച്ചിലായി പുറത്തുവന്നു. അയാൾ മുഖം പൊത്തി കരഞ്ഞുകൊണ്ട് വാക്കുകൾ പൂർത്തിയാക്കി.

അച്ഛൻ പറഞ്ഞതെല്ലാം കേട്ട് നീരവ് സ്തംഭിച്ചിരുന്നു. ഇത്രയും നാളും അച്ഛൻ തന്നോട് പറയാതെ മനസ്സിൽ ഒളിപ്പിച്ചുവെച്ച കാര്യങ്ങൾ കേട്ടപ്പോൾ അവനും നടുങ്ങിപ്പോയി.

അമ്മ മറ്റൊരാൾക്കൊപ്പം പോയി എന്ന കാര്യം അച്ഛമ്മ പറഞ്ഞറിഞ്ഞ അറിവ് മാത്രമേ അവനുണ്ടായിരുന്നുള്ളൂ. എന്നാൽ അതിനു പിന്നിൽ ഇത്ര വലിയൊരു വേദനയും തന്റെ അനുജന്റെ മരണവുമുണ്ടായിരുന്നുവെന്ന് അവൻ അറിഞ്ഞിരുന്നില്ല.

അച്ഛന്റെ കണ്ണീരിലേക്ക് നോക്കാൻ പോലും കഴിയാതെ നീരവ് തലകുനിച്ചിരുന്നു. അവൻ പതുക്കെ അമ്മയുടെ കൈകൾ ചേർത്തുപിടിച്ചു.

“സോറി അമ്മേ… എന്റെ അച്ഛന്റെ ഉള്ളിൽ ഇത്രയും സങ്കടമുണ്ടായിരുന്നെന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത്. അച്ഛൻ ഒരിക്കൽപോലും അമ്മയെക്കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ല. അച്ഛമ്മ പറഞ്ഞുള്ള അറിവേ എനിക്ക് അമ്മയെക്കുറിച്ച് ഉണ്ടായിരുന്നുള്ളൂ…”

നീരവ് അമ്മയുടെ മുഖത്തേക്ക് നോക്കി.

“അമ്മയ്ക്ക് എങ്ങനെ ഇത്ര ക്രൂരയാകാൻ കഴിഞ്ഞു?”

“പറ്റിപ്പോയി മോനേ… തിരുത്താൻ പറ്റാത്ത തെറ്റാണ് അമ്മ ചെയ്തത്…”

വളരെ വിഷമത്തോടെ നന്ദിനി പറഞ്ഞു. കണ്ണുനീർ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി.

“അതിനുള്ള ശിക്ഷയാണ് ഞാൻ ഇന്ന് അനുഭവിക്കുന്നത്….

നീ ചെയ്തതിനുള്ള ശിക്ഷ ആണോ എന്നൊന്നും അറിയില്ല എങ്കിൽ ഈ ശിക്ഷ കുറഞ്ഞു പോയി എന്നേ ഞാൻ പറയു…

അമ്മ ഒറ്റയ്ക്ക് ആണോ ഇവിടെ

എനിക്ക് ആകെ ഉണ്ടായിരുന്നത് അമ്മയായിരുന്നു. അമ്മ മരിച്ചിട്ട് രണ്ടു വർഷമായി. അമ്മ മരിച്ചുകഴിഞ്ഞാണ് എനിക്ക് ക്യാൻസറാണെന്ന് അറിഞ്ഞത്. അവസാന ഘട്ടമാണെന്ന് അറിഞ്ഞപ്പോഴാണ് എനിക്ക് മക്കളെ കാണണമെന്ന് തോന്നിയത്. അങ്ങനെയാണ് ഞാൻ അവിടെയെത്തിയതും മോന്റെ ജോലി സ്ഥലം കണ്ടുപിടിച്ചതും…”

അവൾ അൽപ്പനേരം ശ്വാസമെടുക്കാൻ പ്രയാസപ്പെട്ട് നിർത്തി.

“മോന് എന്നെ കാണാൻ ആഗ്രഹമില്ലെന്ന് പറഞ്ഞ് അന്ന് അമ്മയെ തിരികെ വിട്ടപ്പോൾ അമ്മയ്ക്ക് സങ്കടമൊന്നും തോന്നിയില്ല. പക്ഷേ, ഇന്ന്…”

നന്ദിനിയുടെ ശബ്ദം ഇടറി.

“ഇന്ന് ഒരു നേരത്തെ ആഹാരം തരണമെങ്കിൽ ഇവിടെ അടുത്തുള്ള ആരെങ്കിലും കനിയണം…”

നീരവിന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. അവൻ അമ്മയുടെ കൈകളിൽ മുറുകെ പിടിച്ചു.

“അമ്മയെ കൊണ്ടുപോയ ആൾ എവിടെ?”

നീരവ് ചോദിച്ചു.

“അദ്ദേഹം എന്നെ ഉപേക്ഷിച്ചുപോയി. പിന്നീട് വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു…”

നന്ദിനിയുടെ മറുപടി കേട്ടപ്പോൾ നീരവിന്റെ മുഖത്ത് സങ്കടവും അമർഷവും ഒരുപോലെ നിറഞ്ഞു.

“നമ്മുടെ അച്ഛന് എന്ത് കുറവാ അമ്മ കണ്ടത്?”

ആ ചോദ്യത്തിന് മുന്നിൽ നന്ദിനിക്ക് തല ഉയർത്താനായില്ല.

“അ… അ… അറിയില്ല മോനേ…”

വാക്കുകൾ മുഴുമിപ്പിക്കാൻ പോലും അവൾക്ക് കഴിഞ്ഞില്ല.

“സോറി രാജേഷേട്ടാ…”

നന്ദിനി രാജേഷിന്റെ മുഖത്തേക്ക് നോക്കി പറയാൻ ശ്രമിച്ചു. പക്ഷേ, വാക്കുകൾ മുറിഞ്ഞുപോയി. അവളുടെ ശരീരം പെട്ടെന്ന് തളർന്നു. നീരവിന്റെ മാറിലേക്ക് കുഴഞ്ഞുവീണു.

“അമ്മേ… അമ്മേ…”

നീരവ് പരിഭ്രമത്തോടെ അമ്മയെ കുലുക്കിവിളിച്ചു. അവളുടെ മുഖത്ത് തട്ടി വിളിച്ചു. പക്ഷേ, ഒരിക്കലും ആ വിളി കേൾക്കാത്ത ദൂരത്തേക്ക് നന്ദിനി യാത്രയായിരുന്നു.

ഒരു നിമിഷം രാജേഷ് പകച്ചുനിന്നു. വർഷങ്ങളോളം മനസ്സിൽ കൊണ്ടുനടന്ന മുറിവുകൾക്ക് മുന്നിൽ നിശ്ശബ്ദനായി നിന്ന അയാൾക്ക് ആ നിമിഷം എന്തു ചെയ്യണമെന്നുപോലും അറിയില്ലായിരുന്നു. എങ്കിലും അധികം വൈകാതെ തന്നെ വേണ്ട കാര്യങ്ങളെല്ലാം ചെയ്തു. ആ നാട്ടിലെ പൊതുശ്മശാനത്തിൽ നന്ദിനിയുടെ മൃതദേഹം സംസ്കരിച്ചു.

തിരിച്ചുള്ള യാത്രയിൽ കാറിനുള്ളിൽ ഇരുവരും ഏറെ നേരം ഒന്നും മിണ്ടിയില്ല. ഒടുവിൽ നിശ്ശബ്ദത ഭേദിച്ച് നീരവ് അച്ഛനോട് ചോദിച്ചു.

“അച്ഛൻ അമ്മയോട് ക്ഷമിച്ചോ?”

രാജേഷ് പുറത്തേക്ക് നോക്കിയിരുന്നു. കുറച്ചുനേരത്തെ മൗനത്തിനുശേഷം അയാൾ മറുപടി പറഞ്ഞു.

“അറിയില്ല മോനേ…”

ആ മറുപടിയിൽ വർഷങ്ങളായി മായാതെ കിടന്ന ഒരു മുറിവിന്റെ വേദനയുണ്ടായിരുന്നു.

✍️Shainy Varghese

Leave a Reply

Your email address will not be published. Required fields are marked *