അതൊന്നും പറ്റില്ല ടീച്ചർ ,ഞാൻ പാവാടയും ബ്ലൗസും മാത്രമേ ഇട്ടു ശീലിച്ചിട്ടുള്ളു.എന്റെ വേഷമാണ് പ്രശ്നമെങ്കിൽ ….ടീച്ചർ എന്നെ ഒഴിവാക്കി മറ്റൊരാളെ കൊണ്ട് പാട്ടു പാടിക്കൂ….

ദേവരാഗം

സുന്ദരിയായ അനുരാധ കോളേജിലെ അറിയപ്പെടുന്ന ഗായികയായിരുന്നു.പട്ടു പാവാടയും ദാവണിയും ചുറ്റി,നാട്ടിൻ പുറത്തു നിന്നും പുറപ്പെടുന്ന ആദ്യത്തെ ബസിൽ അവൾ കോളേജിലെ ഗേറ്റിനു മുന്നിലെത്തും.അച്ഛൻ ഒരു പാവപ്പെട്ട കർഷകനായതിനാൽ അവൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ വില കുറഞ്ഞതും നിറം മങ്ങിയതുമായിരുന്നു.അതവളെ വല്ലാതെ അന്തർമുഖിയാക്കി മാറ്റിയിരുന്നു.എന്നാൽ കോളേജിലെ പാട്ടു ടീച്ചർ അവളിലെ കഴിവുകൾ പുറത്തെടുക്കാൻ അവളെ സഹായിച്ചിരുന്നു.പതിയെ പതിയെ അവളിലെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ടീച്ചറിന്റെ ഗൈഡൻസ് അവളെ സഹായിച്ചു.

നഗരത്തിലെ പണക്കാരനും മൂന്ന് തുണിക്കടകളുടെ ഉടമയുമായ ലക്ഷ്മണൻ മുതലാളിയുടെ മകനായിരുന്നു ദേവൻ.ദേവന് കുടുംബ മഹിമയും പണവും ധാരാളം ഉണ്ടായിരുന്നതു കൊണ്ട് ടീച്ചർമാരുടെ ഇടയിലും കുട്ടികളുടെ ഇടയിലും അവന് നല്ലൊരു സ്ഥാനം ലഭിച്ചിരുന്നു.ബി എസ്‌സി മാത്തമാറ്റിക്സ് വിദ്യാർത്ഥിയായ ദേവന്റെ ലക്‌ഷ്യം ഒരു ബാങ്ക് ഓഫീസർ ആകണമെന്നായിരുന്നു.മൂത്ത രണ്ടു ചേട്ടന്മാരെ പോലെ ദേവനേയും തുണിക്കടയിലെ കണക്കുകൾക്കിടയിൽ പെടുത്താൻ ലക്ഷ്മണൻ മുതലാളി വളരെ പണിപ്പെട്ടിരുന്നു.എത്രയും പെട്ടെന്ന് ഒരു ജോലി നേടുക ,എന്നിട്ടു നാട്ടിൽ നിന്നും വളരെ ദൂരെ പോയി ജോലി ചെയ്തു ജീവിക്കണം,എന്നതായിരുന്നു ദേവന്റെ സ്വപ്നം.

കോളേജ് ഡേയ്ക്കുള്ള ഗാനമേളയുടെ പ്രാക്ടീസ് സമയത്താണ് ദേവൻ ആദ്യമായി അനുരാധയെ ശ്രദ്ധിക്കുന്നത്.സുന്ദരിയായ അനുരാധയുടെ ശബ്ദം അവനെ അതിശയിപ്പിച്ചെങ്കിലും ,അവളുടെ ദാരിദ്രം നിറഞ്ഞ ആ രൂപവും,നിറമില്ലാത്ത വസ്ത്രങ്ങളും അവനൊട്ടും ഇഷ്ടമായില്ല.തന്നോടൊപ്പം സ്റ്റേജിൽ ഡ്യൂയറ്റ് പാടുമ്പോൾ അനുരാധ ഇങ്ങനെയുള്ള വസ്ത്രങ്ങൾ ഒഴിവാക്കി മോഡേൺ വസ്ത്രങ്ങൾ ധരിക്കണമെന്നു അവൻ ടീച്ചറിനോട് പറയുന്നത് അനുരാധ കേട്ടിരുന്നു.ടീച്ചർ അവൾക്ക് ഒരു പുതിയ ചുരിദാർ നൽകി.

“അനു,കോളേജ് ഡേ അല്ലേ,ഇത്തിരി പൊലിപ്പിക്കാം നമുക്ക്.ഈ ചുരിദാർ ഇട്ടു വേണം പാട്ടു പാടാൻ.”

“അതൊന്നും പറ്റില്ല ടീച്ചർ ,ഞാൻ പാവാടയും ബ്ലൗസും മാത്രമേ ഇട്ടു ശീലിച്ചിട്ടുള്ളു.എന്റെ വേഷമാണ് പ്രശ്നമെങ്കിൽ ….ടീച്ചർ എന്നെ ഒഴിവാക്കി മറ്റൊരാളെ കൊണ്ട് പാട്ടു പാടിക്കൂ.”

“അങ്ങനെ പറഞ്ഞാൽ എങ്ങനെയാ അനൂ ,ഇനി ആകെ രണ്ടു ദിവസമേയുള്ളൂ.പുതിയ ആളെ കൊണ്ട് എന്ത് ചെയ്യാനാ.”

ടീച്ചർ വിഷമത്തിലായി.

“എന്തിനാ അനൂ,നീ ആ ടീച്ചറെ വിഷമിപ്പിച്ചത്.നിനക്ക് ആ സമയത്തൊരു ചുരിദാർ ഇട്ടാൽ പോരെ.”

കൂട്ടുകാരി ശ്രുതി അനുരാധയെ വഴക്കു പറഞ്ഞു.

“എനിക്ക് പ്രശ്നമൊന്നുമില്ല.പക്ഷെ പണക്കാരുടെ മക്കൾക്ക് മാത്രം പാടി പേരെടുത്താൽ പോരല്ലോ.ഈ ചുരിദാർ ഞാൻ എന്തായാലും ഇടില്ല.നീ നാളെവരുമ്പോൾ നിന്റെയൊരു ഭംഗിയുള്ള ചുരിദാർ കൊണ്ട് വാ.”

“അതൊക്കെ ഞാനേറ്റു.”

കോളേജ് ഡേയുടെ അന്ന് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അനുരാധ കരിഞ്ഞ പച്ച കളർ ചുരിദാർ ധരിച്ചു വന്നു.അവൾ ഒന്നും സംഭവിക്കാത്ത പോലെ ടീച്ചറുടെ കാലിൽ തൊട്ടു അനുഗ്രഹം വാങ്ങി.

“ഞാൻ ചുരിദാർ ഇടാൻ തയാറായിരുന്നു ടീച്ചർ .പക്ഷെ ദേവനെ പോലെ ഒരു പണക്കാരൻ, അഹങ്കാരത്തിൽ വച്ച് നീട്ടിയ ഒരു ചുരിദാർ എനിക്ക് വേണ്ട ടീച്ചർ.എനിക്ക് പണമില്ലന്നേയുള്ളു ,അഭിമാനത്തിനു കുറവില്ല.”

ടീച്ചർ അവളെ അനുഗ്രഹിച്ചു.

ആ സമയത്ത് , കോളേജിൽ ദേവന്റെയും അനുരാധയുടെയും യുഗ്മ ഗാനത്തെക്കുറിച്ചായിരുന്നു കുട്ടികളുടെ ഇടയിൽ സംസാരം.പതിയെ പതിയെ ദേവന് അനുരാധയെ കാണാതെ പറ്റില്ലെന്നായി.അവളാകട്ടെ അവനെന്ന വ്യക്തി ആ ക്യാമ്പസിൽ ഉണ്ടെന്ന കാര്യമേ ഗൗനിച്ചില്ല.പഠനത്തിലും കലയിലും അവൾ ഒരു പോലെ ശോഭിച്ചു.

ദേവന് ആദ്യം അനുരാധയോട് തോന്നിയ വെറുപ്പ് പിന്നീട് ശത്രുതയിലേയ്ക്കും പിന്നീട് അത് ആരാധനയിലേയ്ക്കും,അത് ഒരു പടി കൂടി കടന്നു സൗഹൃദമായി.പിന്നീട് കടുത്ത പ്രണയത്തിലേക്ക് കടന്നു.ആദ്യമൊക്കെ മസിൽ പിടിച്ചു നടന്ന അനുരാധയും ദേവനിലേയ്ക്ക് ആകൃഷ്ടയായി.ക്യാമ്പസിലെ ഏറ്റവും നല്ല പ്രണയ ജോഡികളായി അവർ മാറി.അനുരാധയുടെയും ദേവന്റെയും പ്രണയം ആ ക്യാമ്പസിലെ പുല്ലിനും പൂവിനും പൂമ്പാറ്റയ്ക്കും വരെ അറിയാമായിരുന്നു.

ദേവന്റെ കുടുംബം അവരുടെ പ്രണയ ബന്ധത്തെ ആദ്യം മുതലേ എതിർത്തിരുന്നു.എം എസ്‌സി കഴിഞ്ഞയുടൻ അവൾക്കു ഡൽഹിയിലെ ഇന്റലിജൻസ് ബ്യൂറോയിൽ ജോലി ലഭിച്ചു. അനുരാധയുടെ കൂടെ ഡൽഹിയിലേക്ക് പോകാൻ ആഗ്രഹിച്ച ദേവനും ഒരു ജോലി കിട്ടാനായി കഠിന പ്രയത്നം ചെയ്തു.അവൾ സ്വന്തം കുടുംബത്തിന്റെ രക്ഷകയായി.അവൾ തന്റെ അനിയത്തിമാരെ ഓരോരുത്തരെയായി,നല്ല രീതിയിൽ കെട്ടിച്ചയച്ചു.

ഒടുവിൽ കേരളത്തിൽ തന്നെ ഒരു നാഷണലൈസ്ഡ് ബാങ്കിൽ ദേവൻ ജോലിക്കു കയറി.രണ്ടു പേരും സാമ്പത്തികമായി സ്വതന്ത്രർ ആയെങ്കിലും വിവാഹത്തിന് മുൻ കയ്യെടുക്കാൻ ദേവന് ധൈര്യം വന്നില്ല,അവന് അച്ഛനെ പേടിയായിരുന്നു.അവന്റെ കുടുംബത്തിന് ഒരു തടസ്സമാകാൻ അനുരാധയും ശ്രമിച്ചില്ല.അവൾക്കു വേണ്ടത് ദേവന്റെ സ്നേഹം മാത്രമായിരുന്നു,അവനും അവളെ സ്നേഹിക്കാൻ കുറച്ചു സമയം മാത്രമായിരുന്നു.

ഡൽഹിയിലെ ഫ്ലാറ്റിലിരുന്നു അവൾ,നാട്ടിലുള്ള ദേവനെ ദിവസേന വിളിച്ചു സംസാരിക്കും,പരസ്പരം കൈമാറാത്ത രഹസ്യങ്ങൾ അവരുടെ ഇടയിൽ ഉണ്ടായിരുന്നില്ല.അവരുടെ പ്രണയത്തിനു സാക്ഷി ആയത് അവരുടെ ഫോണുകളായിരുന്നു.ജോലി കഴിഞ്ഞു ലഭിക്കുന്ന രാത്രി സമയങ്ങളിൽ വാട്സാപ്പിലൂടെ കൈമാറുന്ന സന്ദേശങ്ങളും രാത്രിയിലെ വിളികളുമായിരുന്നു അനുരാധയുടെ ലോകം.

അച്ഛന്റെയും അമ്മയുടെയും മരണശേഷം അവൾ കുടുംബത്തിൽ നിന്നും അകന്നു നിന്നു.കല്യാണ ശേഷം അനിയത്തിമാർക്കു പോലും അവളെ വേണ്ടാതായി.അവൾക്കു ജീവിതത്തിൽ ആകെയുള്ള ആശ്രയം ദേവൻ മാത്രമായിരുന്നു.

പതിവായി അനുരാധ ദേവനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്,

“നിനക്കെന്നെ അത്രയ്ക്ക് ഇഷ്ടമാണോ ദേവാ.നീയെന്നെ മറക്കുമോ ദേവാ”

“തുടങ്ങിയല്ലോ പെണ്ണിന്റെ ഒരു സംശയം.എനിക്ക് ഈ ജീവിതത്തിൽ നിന്നെ മാത്രമാണ് ഇഷ്ടം എന്റെ പെണ്ണെ.”

“എന്നെങ്കിലും എന്നെ മറന്നാലോ ?”

“അത്ര വേഗം മറക്കാൻ പറ്റുമെങ്കിൽ ഞാൻ ഇപ്പോഴും നിന്നെയും ഓർത്തു കല്യാണം കഴിക്കാതെ ഇരിക്കുമായിരുന്നോ?നീണ്ട എട്ടു വർഷങ്ങൾ .ഞാനൊരിക്കലും നിന്നെ വിട്ടു പോകില്ല പെണ്ണേ”

അവർ പരസ്പരം കമിതാക്കൾ മാത്രമായിരുന്നില്ല,അടുത്ത സുഹൃത്തുക്കൾ കൂടിയായിരുന്നു.

പിറ്റേന്ന് രാവിലെ ദേവന്റെ മെസ്സേജ് വന്നു.

“Good Morning ”

ജിമ്മിൽ പോയി മടങ്ങി വന്നാൽ അനുവിന് മെസ്സേജ് അയയ്ക്കുകയാണ് ദേവൻ്റെ പതിവ്.അനുരാധ ഉടൻ മറുപടി അയച്ചു.

“I Miss You ദേവാ…ഫ്രീ ആകുമ്പോൾ എന്നെ വിളിക്കുമോ?”

“ഇന്ന് കുറച്ചു തിരക്കുണ്ട്.എന്നാലും…ഇടയ്ക്ക് ഞാൻ നോക്കട്ടെ.”

വൈകുന്നേരം അഞ്ചു മണിയായിട്ടും ദേവൻ അനുവിനെ വിളിച്ചില്ല.അത് സാധാരണ
ഒരു പിണക്കത്തിൽ അവസാനിക്കുമായിരുന്നു.

ആറു മണിക്ക് അനുരാധ വീണ്ടും മെസ്സേജ് അയച്ചു.

“ദേവാ…നീ എവിടെയാണ്.”

മറുപടി വന്നില്ല.ഏഴു മണിക്ക് വീണ്ടും അവൾ മെസ്സേജ് അയച്ചു.

“എവിടെയാണ് ദേവാ നീ,എന്താണ് നിനക്ക് പറ്റിയത്.”

ഒരു മറുപടിയും വന്നില്ല.എട്ടു മണി ആയപ്പോൾ അവൾ അവനെ വിളിച്ചു.ഫോൺ സ്വിച്ച്ഡ് ഓഫ് ആണെന്ന് സന്ദേശം കിട്ടി.അവൾ ഇടയ്ക്കിടയ്ക്ക് ദേവനെ വിളിച്ചു കൊണ്ടിരുന്നു.രാത്രി പതിനൊന്നു മണിയായി.ഇപ്പോഴും ഫോൺ സ്വിച്ച്ഡ് ഓഫ് ആണെന്ന് മറുപടി കിട്ടി.

അന്ന് രാത്രി അനുരാധ ഉറങ്ങിയതേയില്ല.പിറ്റേന്ന് ഉച്ച ആയപ്പോൾ അവൾക്കു നാട്ടിൽ നിന്നുള്ള, അപരിചിതമായ നമ്പറിൽ നിന്നുമൊരു കാൾ വന്നു.അവൾ കാൾ എടുത്തു സംസാരിച്ചു.

“നിങ്ങൾ ദേവന്റെ അടുത്ത ആരെങ്കിലുമാണോ ?”

“അതെ…സുഹൃത്താണ്.അവനെന്ത് എന്ത് പറ്റി.”

“ഞാൻ ദേവന്റെ ബാങ്കിലെ സുഹൃത്താണ്.അദ്ദേഹത്തിന് ഇന്നലെ വൈകിട്ട് ഒരു അപകടമുണ്ടായി, ഡെസ്കിൽ നിങ്ങളുടെ നമ്പർ പ്രധാനപ്പെട്ടത് എന്ന് എഴുതിയിട്ടിരുന്നു.ആശുപത്രിയിലാണവൻ, ഒരു ഹെഡ് ഇഞ്ചുറിയുണ്ടായി.അവന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണം.”

അനുരാധയുടെ കൈകൾ വിറച്ചു,കണ്ണുകൾ നിറഞ്ഞു,അവൾ തളർന്നു ഓഫീസിലെ കസേരയിൽ ഇരുന്നു പോയി.

“ദേവന് സംസാരിക്കാൻ കഴിയുമോ?”

“ഇല്ല അവന് ബോധമില്ല,ദേവന്റെ നില സ്റ്റേബിൾ ആയിട്ടില്ല.”

അവൾ കൈകൾ കൂപ്പി ദൈവത്തോട് പ്രാർത്ഥിച്ചു.ഓണത്തിന് രഹസ്യമായി രജിസ്റ്റർ വിവാഹം ചെയ്യാമെന്ന് അവൾക്കു ദേവൻ വാക്ക് നൽകിയിരുന്നതാണ്.

“എന്റെ ദേവൻ എന്നെ തേടി തിരികെ വരും, അവന് ഒരു ദിവസത്തെ മുഴുവൻ വിശേഷം എന്നോട് പറയാനുണ്ട്.എന്നോട് പറയാതെ അവനു ഉറങ്ങാൻ കഴിയില്ല.”

അവൾ ദേവന്റെ മടങ്ങി വരവിനായി കാത്തിരുന്നു.ദിവസങ്ങൾ ആഴ്ചകളും,മാസങ്ങളുമായി.ദേവന്റെ ആരോഗ്യ നില എന്താണെന്ന് അവൾക്കു വ്യക്തമായി അറിയില്ല.അവൾ ആശുപത്രിയിൽ വിളിച്ചു ചോദിക്കും,ആദ്യമൊക്കെ വ്യക്തമായി ഉത്തരം പറഞ്ഞിരുന്ന ആശുപത്രി സ്റ്റാഫിനെ ആരോ വിലക്കിയത് പോലെ പിന്നെ അവർ ഒന്നും മിണ്ടാതെയായി.

ദേവൻ സുഖമായി തന്നെ തേടി വരുമെന്ന് അനുരാധ വിശ്വസിച്ചു.ദേവന് തന്നോട് പറയാൻ ധാരാളം വിശേഷങ്ങൾ ഉണ്ടാകും.മാസങ്ങൾക്കു ശേഷമുള്ള ആ കൂടിക്കാഴ്ചയ്ക്കു വേണ്ടിയവൾ കാത്തിരുന്നു.തനിക്കും അവനോടു ധാരാളം വിശേഷങ്ങൾ പറയാനുണ്ട്.

അവന്റെ ആരോഗ്യ വിവരങ്ങൾ ഹോസ്പിറ്റലിൽ നിന്നും അറിയാൻ പറ്റുന്നില്ല.അവന്റെ വീട്ടിൽ വിളിച്ചു തിരക്കാൻ ധൈര്യവുമില്ല.അവന്റെ വാട്സാപ്പിലേയ്ക്കവൾ മെസേജ് അയയ്ക്കാൻ തീരുമാനിച്ചു.എല്ലാ ദിവസവും രാവിലെയും രാത്രിയിലും അവൾ സന്ദേശങ്ങൾ പഴയ പോലെ അയച്ചു കൊണ്ടിരുന്നു.

“ദേവാ….ഇന്നിവിടെ മഴ പെയ്തു.നമ്മുടെ കേരളത്തിലെ പോലെ കുളിരുന്ന മഴ ആയിരുന്നില്ല.ദേവാ ഇന്ന് ഞാൻ സൗത്ത് ഇന്ത്യൻ കഫേയിൽ കയറി നിനക്കിഷ്ടമുള്ള സാമ്പാർ വട കഴിച്ചു.ദേവാ ഇന്നെനിക്ക് അവധി ആയിരുന്നതിനാൽ,ഞാൻ നമ്മുടെ പഴയ ചാറ്റുകളൊക്കെ വായിച്ചു.നിന്റെ ശബ്ദ സന്ദേശങ്ങൾ ഞാൻ വീണ്ടും വീണ്ടും കേട്ടു.നമ്മൾ സ്റ്റേജിൽ ആദ്യമായി പാടിയ ആ പാട്ടില്ലേ ,അത് ഞാൻ നിനക്കായി പാടി.”

ഓരോ ദിവസവും അവളവന് ഓരോ സന്ദേശങ്ങൾ അയച്ചു.

“ദേവാ ഇനിയുമെനിക്ക് വയ്യ ,നിന്നെ ഉടനെയെനിക്ക് കാണണം.നീ പറ ,ഞാൻ ലീവെടുത്തു ആശുപത്രിയിൽ വരട്ടെ.നിന്റെ അച്ഛൻ നിന്നെ കാണാൻ എന്നെ അനുവദിക്കുമോ.അറിഞ്ഞാൽ നീ വിഷമിക്കുമല്ലോ എന്നോർത്താണ് ഞാൻ ആ സാഹസത്തിനു മുതിരാഞ്ഞത്.”

“ദേവാ,അനിയത്തി അനാമികയുടെ മകളുടെ കാതുകുത്താണ് ഇന്ന്,എന്നാണ് നമുക്കൊരു കുഞ്ഞു ജനിക്കുന്നത്.”

അവൾ തന്റെ മൊബൈൽ ഫോൺ നെഞ്ചോടു ചേർത്ത് വിതുമ്പാൻ തുടങ്ങി.അനുരാധ ആളാകെ മാറിയിരുന്നു.ഭക്ഷണമിപ്പോൾ തീരെ കഴിക്കാറില്ല.ആളാകെ മെലിഞ്ഞു പോയിരുന്നു.ജോലിയിലും പഴയ പോലെ ശ്രദ്ധയില്ലാതെയായി.ജോലി സ്ഥലത്തു അവളുടെ പെരുമാറ്റം സഹപ്രവർത്തകർ ചർച്ച ചെയ്തു.കുറച്ചു ദിവസം ലീവെടുത്തു നാട്ടിൽ പോകാൻ സുഹൃത്തുക്കൾ അനുരാധയെ നിർബന്ധിച്ചു,അവൾ പോയില്ല.

ഫോണിൽ വാട്സാപ്പ് നോട്ടിഫിക്കേഷൻ ശബ്ദം കേൾക്കുമ്പോൾ അവൾ ഫോണെടുത്തു നോക്കും,ദേവന്റെ പേര് കാണാൻ അവൾ മോഹിക്കും,പക്ഷേ നിരാശയായിരുന്നു ഫലം.അപകടം നടന്നു അഞ്ചു മാസം കഴിഞ്ഞു അനുരാധയുടെ ജീവിതം പഴയതിൽ നിന്നും ദുരിതമായി മാറി.ദേവനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാതെ,അവൾ വിഷമിച്ചു.രാത്രിയിൽ ഉറക്കം കുറഞ്ഞപ്പോൾ സുഹൃത്താണവളെ ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കാൻ കൊണ്ട് പോയത്.അവൾക്കിപ്പോൾ ഉറക്ക ഗുളികയുടെ സഹായത്തോടെ കുറച്ചു നേരം ഉറങ്ങാൻ കഴിയുന്നുണ്ട്.

ഒരു ദിവസം രാത്രി,സമയം രണ്ടരയായി.അവൾ ഉറക്കത്തിൽ നിന്നും സ്വപ്നം കണ്ട് ഞെട്ടിയുണർന്നു.ഇനി ഉറങ്ങാൻ സാധിക്കില്ലായെന്നു അവൾക്കു ഉറപ്പായി.അവൾ ഫോൺ കയ്യിലെടുത്തു.അവൾ ദേവനൊരു സന്ദേശമയച്ചു.

“ദേവാ …നീ എന്നെ മറന്നോ ”

അനുരാധ ഫോൺ മേശപ്പുറത്തു വച്ചപ്പോഴേക്കും മെസ്സേജ് വന്നതിന്റെ നോട്ടിഫിക്കേഷൻ വന്നു.അവൾക്ക് അൽഭുതമായി ദേവന്റെ മെസ്സേജ്.

“അനു മോളെ…”

“ദേവാ നീയിപ്പോൾ എവിടെയാണ്?”

“ഞാൻ ഇവിടെ തന്നെയുണ്ട്,നിൻ്റെ അരികിൽ.”

“നീ ഇപ്പോഴും എല്ലാം ഓർക്കുന്നുണ്ടോ ദേവാ.”

“എനിക്കെല്ലാം ഓർമയുണ്ട്…”

അവൾക്കു വല്ലാത്ത സന്തോഷം നോക്കി.അഞ്ചു മാസത്തിനു ശേഷം തന്റെ ദേവൻ മടങ്ങി വന്നിരിക്കുന്നു.അവൾ വീണ്ടും സന്ദേശങ്ങൾ അയച്ചു.

“എനിക്ക് നിന്നെ കാണണം.”

“എന്നെ ഈ രൂപത്തിൽ കണ്ടാൽ നീ പേടിയ്ക്കും.സമയം ആകുമ്പോൾ ഞാൻ നിൻ്റെ അടുത്ത് വരും.ഞാൻ എന്നും നിന്റെ കൂടെയുണ്ടാകും.എന്നെ കാത്തിരിക്കുക.”

ഫോൺ വച്ചപ്പോൾ അവൾക്കു നല്ല ഉറക്കം വന്നു.അന്ന് അവൾ വളരെ വൈകിയാണ് ഉണർന്നത്.അവളുടെ ജീവിതം മാറാൻ തുടങ്ങി.പഴയ കുസൃതി മടങ്ങിയെത്തി.ഭക്ഷണവും ഉറക്കവും പതിവ് പോലെയായി.അവളുടെ മാറ്റം കണ്ടു ഓഫീസിൽ എല്ലാവർക്കും സന്തോഷമായി.

ദിവസവും രാത്രിയിൽ ദേവന്റെ സന്ദേശങ്ങൾ അവൾക്കു വരാൻ തുടങ്ങി.പക്ഷെ അവളെ വിളിക്കാൻ ദേവൻ തയാറായില്ല.

“വീഡിയോ കാൾ ചെയ്യാൻ എനിക്ക് പറ്റില്ല അനൂ .”

അന്ന് രാത്രിയിൽ അവൾ അവനു മെസേജ് അയച്ചു.

“ദേവാ നീ എന്നെ കാണാൻ വരാത്തതെന്താ,ഞാൻ നിന്നെ കാണാൻ നാട്ടിലേയ്ക്ക് വന്നാലോ.”

“ഇപ്പോൾ എനിക്ക് നിന്നെ കാണാൻ കഴിയില്ല അനൂ.എന്താണ് എന്നൊന്നും ഇപ്പോൾ എന്നോട് ചോദിക്കരുത്.കാത്തിരിക്കുക.”

പിന്നെ ആ ദിവസം സന്ദേശങ്ങൾ ഒന്നും അയച്ചില്ല.രാവിലെ ഉണർന്നപ്പോൾ അവളെ കാത്തൊരു സന്ദേശം വാട്സാപ്പിൽ കിടന്നിരുന്നു.

“അനൂ ,നിനക്കൊരു കാര്യമറിയാമോ? മരിച്ചാലും നമുക്ക് പ്രിയപ്പെട്ടവരെ പൂർണമായി വിട്ടു പോകാൻ കഴിയില്ല.”

അനുരാധയുടെ ശരീരത്തിലൂടെ ഒരു കറന്റ് പാഞ്ഞു പോയി.അവളാകെ തണുത്തു.അവളവന് മറുപടി അയച്ചു.

“എന്താണ് ദേവാ നീ പറയുന്നത് .”

മറുപടിയില്ല.അവൾ ഉടൻ തന്നെ അവനെ കാൾ ചെയ്തു.ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു.രാത്രി ആയപ്പോൾ ദേവൻ പഴയതു പോലെ മെസേജ് അയച്ചു .ഇന്നലെ രാത്രിയിൽ പറഞ്ഞത് അവൻ മറന്നത് പോലെ സംസാരിച്ചു.

അന്നവൾ മെട്രോയിൽ വച്ച് യാദൃശ്ചികമായി ഒരു മലയാളിയെ പരിചയപ്പെട്ടു.ദേവന്റെ നാട്ടുകാരനായിരുന്നു.അവൾ ദേവന്റെ വീട്ടുകാരെക്കുറിച്ച് അന്വേഷിച്ചു .അവരെ കുറിച്ച് അയാൾ പറഞ്ഞതൊക്കെ കൃത്യമായിരുന്നു.

“ദേവന്റെ ആരോഗ്യനിലയിപ്പോൾ എങ്ങനെയുണ്ട്.”

“ദേവൻ ആ ഇളയ പയ്യനല്ലേ.അപ്പോൾ നിങ്ങൾ അറിഞ്ഞില്ലേ,ദേവൻ കോമയിൽ ആയിരുന്നു കുറെ നാൾ .പക്ഷെ ഒരു മാസം കഴിഞ്ഞപ്പോൾ അയാൾ മരിച്ചതായി അറിഞ്ഞു.”

“ഒരു മാസമോ?”

“അതെ ഇപ്പോൾ ഒരു അഞ്ചാറു മാസം ആയി കാണും.നല്ലൊരു പയ്യനായിരുന്നു.”

അനുരാധയുടെ കയ്യിൽ നിന്നും ഫോൺ താഴെ വീണു.അവൾ ദേഷ്യത്തോടെ തിരിഞ്ഞു നടന്നു.അവളപ്പോൾ ഒറ്റയ്ക്ക് സംസാരിക്കുന്നുണ്ടായിരുന്നു.

“അല്ല അത് എന്റെ ദേവനല്ല.അവൻ മരിച്ചിട്ടില്ല.എന്റെ ദേവൻ എനിക്ക് എന്നും മെസേജ് അയയ്ക്കാറുണ്ട് .”

അവൾ ഫോണെടുത്തു ദേവന് മെസേജ് അയച്ചു.

“ദേവാ നീ മരിച്ചു പോയോ.”

മറുപടിയില്ല.അവൾ വീണ്ടും മെസേജ് അയച്ചു.

“നീ ആരാണ്.”

രാത്രിയിൽ മറുപടി വന്നു.

“ഞാൻ നിന്റെ ദേവനാണ് അനു ,നിന്റെ മാത്രം ദേവൻ.”

അവൾ മറുപടി അയച്ചില്ല,അവൾ കരഞ്ഞു.മറുവശത്തു നിന്നും വീണ്ടും സന്ദേശം കിട്ടി.

“സത്യമാണ് അനുകുട്ടി,നീ ബോട്ടണി ലാബിൽ വച്ച്,ആദ്യമായി എന്നോട് സ്നേഹത്തോടെ പറഞ്ഞത് ഓർക്കുന്നില്ലേ അനു.എന്നോട് സംസാരിക്കാൻ ,എന്റെ കൂടെ പാടാൻ ,നിനക്ക് ഒരു പ്രത്യേക ഇഷ്ടം തോന്നുന്നുവെന്ന്.”

അനുരാധ ഞെട്ടി.ഇതൊന്നും അവൾ ആരോടും പറഞ്ഞിട്ടില്ല.അവർക്കു രണ്ടാൾക്കും മാത്രം അറിയാവുന്ന ആ രഹസ്യം.

“കരയല്ലേ അനൂ,നമ്മൾ ആദ്യമായി ഫോണിലൂടെ സംസാരിച്ചത് ഓർമ്മയില്ലേ.നാല്പത്തിയെട്ടു മിനിട്ടാണ് ആദ്യം നമ്മൾ സംസാരിച്ചത്.അന്ന് നീ ഞാൻ വാങ്ങി തന്ന മെറൂൺ ചുരിദാർ ആണ് ധരിച്ചിരുന്നത്.”

അനുരാധ തലകുലുക്കി.അതൊക്കെ സത്യമായിരുന്നു.അവർക്കു രണ്ടാൾക്കും മാത്രം അറിയാവുന്ന സത്യം.

അവളുടെ ഫോണിലേക്ക് അവർ എട്ടു വർഷം മുൻപെടുത്ത ഒരു ചിത്രം വന്നു.കടും നീല സാരിയുടുത്ത് അനുരാധ കോളേജിലെ വാകമരത്തിന്റെ ചോട്ടിൽ നില്ക്കുന്നു.

“ദേവാ നീ ഇപ്പോൾ എവിടെയാണ്.”

“നിന്റെ തൊട്ടടുത്ത്,നീ ഉറങ്ങുമ്പോൾ നിന്റെ സ്വപ്നങ്ങളിൽ…..നിന്റെ പുഞ്ചിരിയിൽ…..നിന്റെ കണ്ണുനീരിൽ…..നിന്റെ ഓർമകളിൽ എല്ലാം ഞാനുണ്ട്.”

അവൾ കണ്ണടച്ച് നിന്നു.ദേവന്റെ ശബ്ദം തൊട്ടടുത്ത കേൾക്കുന്നത് പോലെയവൾക്കു തോന്നി.

“അനു.”

അവൾ അവരുടെ പഴയ ചാറ്റുകൾ പരിശോധിച്ചു.
എട്ടു വർഷത്തെ സംഭാഷണങ്ങൾ…. അനുരാധ വായിച്ചു നോക്കി.
അനുരാധയ്ക്ക് ഒരു കാര്യം മനസ്സിലായി.
ദേവൻ്റെ മറുപടികളിൽ പലതും ,അവൻ മുമ്പ് അയച്ച മെസ്സേജുകൾ തന്നെയായിരുന്നു.
അവൻ പഴയ സന്ദേശങ്ങൾ ആവർത്തിച്ചിരിക്കുന്നു.
ഒരു സന്ദേശം മാത്രം വ്യത്യസ്തമായിരുന്നു.
അത് ദേവൻ മുമ്പ് ഒരിക്കലും അയച്ചിട്ടില്ലായിരുന്നു.

“അനൂ, നിന്റെ ഫ്ലാറ്റിന്റെ ടെറസിൽ ഇന്നലെ രാത്രി മഴ പെയ്തപ്പോൾ നീ ഒറ്റയ്ക്ക് നിന്നത് ഞാൻ കണ്ടിരുന്നു.”

അവൾ ഞെട്ടി.

ദേവന്റെ ചാറ്റ് തുറന്ന് അവസാനമായി ഒരു മെസ്സേജ് അയച്ചു.

“ദേവാ, നീ എവിടെയായിരുന്നാലും സന്തോഷമായിരിക്കണം. ഇനി നിനക്ക് ഞാൻ മെസേജ് അയയ്ക്കില്ല,നിൻ്റെ മറുപടിയ്ക്കായി കാത്തിരിക്കില്ല. പക്ഷേ എനിക്ക് ഈ ജീവിതത്തിൽ നിന്നെ മറക്കാൻ കഴിയുകയില്ല.”

അതിന് ശേഷം അവൾ ഫോൺ ഓഫ് ചെയ്തു.പക്ഷേ അന്ന് രാത്രിയും കൃത്യം 2.22-ന് വീണ്ടും ഒരു നോട്ടിഫിക്കേഷൻ.എങ്ങനെ ഫോൺ ഓണായി എന്നവൾക്ക് അതിശയമായി.അവൾ മെസേജ് തുറന്നുനോക്കി.ദേവൻ്റെ പുതിയ സന്ദേശം.

“അനൂ,നീ എന്നെ കാത്തിരിക്കുമെന്ന് പറഞ്ഞത് മറന്നല്ലേ.”

അത് വായിച്ചു അനുരാധ ഞെട്ടി.ഉടനെ അടുത്ത മെസേജ് വന്നു.

“ഞാൻ നിന്നെ കാത്തിരിക്കും.”

അനുരാധ പേടിച്ച് ആ നമ്പർ ബ്ലോക്ക് ചെയ്യാൻ ശ്രമിച്ചു.പെട്ടെന്ന് അടുത്ത
നോട്ടിഫിക്കേഷൻ വന്നു.

“അനൂ നീ പേടിക്കാതെ ഉറങ്ങിക്കോ. ഞാൻ കൂടെയുണ്ട്.”

അവൾ ഫോൺ താഴെ വച്ചു.അവളുടെ ഫോണിലെ വാട്സ്ആപ്പ് പ്രൊഫൈൽ ചിത്രം അപ്പോഴേക്കും മാറിയിരുന്നു.അനുരാധയും ദേവനും ഒന്നിച്ച് വിവാഹവസ്ത്രങ്ങൾ ധരിച്ച് നിൽക്കുന്ന ചിത്രം.അങ്ങനെയൊരു ചിത്രം അവർ ഒന്നിച്ചു എടുത്തിരുന്നില്ല.

മേശപ്പുറത്തിരുന്ന ഫോണിൽ വീണ്ടും നോട്ടിഫിക്കേഷൻ വന്നു.

“നീ പേടിയ്ക്കണ്ട,അനൂ ഞാൻ പുറത്തുണ്ട്.വാതിൽ തുറക്കേണ്ട.”

അനുരാധ ശ്വാസമടക്കിപ്പിടിച്ച് വാതിലിലേക്ക് നോക്കി.പുറത്ത് ആരോ വാതിലിൽ പതുക്കെ മുട്ടുന്നു.

ടക്… ടക്… ടക്…

അനുരാധയ്ക്ക് ദേവനെ ആദ്യമായി പേടി തോന്നി.എട്ടു വർഷം അവൾ അഗാധമായി പ്രണയിച്ച മനുഷ്യനാണ്.അനുരാധ ഫോണെടുത്തു.അവനൊരു സന്ദേശം അയച്ചു.

“ദേവാ ഞാനും നിൻ്റെ കൂടെ വരുന്നു.”

മേശപ്പുറത്തിരുന്ന ഫോണിൽ വീണ്ടും നോട്ടിഫിക്കേഷൻ വന്നു.അത് അനുരാധ തുറന്ന് നോക്കിയില്ല.അലമാരയിൽ നിന്ന് ചുവന്ന ബനാറസി പട്ട് സാരിയുടുത്ത് അവൾ ദേവനെ തേടി ടെറസ്സിലേക്ക് നടന്നു.

മുകളിൽ അനേകായിരം നക്ഷത്രങ്ങൾ തിളങ്ങുന്നു.അതിൽ ദേവനെ കണ്ട് പിടിക്കാൻ അവൾ വട്ടം കറങ്ങി.

“മതിയാക്ക് ദേവാ ഈ ഒളിച്ചുകളി.ഞാൻ കണ്ണടച്ച് മുന്നോട്ട് നടക്കുകയാണ്.പിന്നിൽ നിന്നും നീ എൻ്റെ കണ്ണുപൊത്തണം,അപ്പോൾ ഞാൻ നിൽക്കും.”

രാവിലെ ഫ്ലാറ്റ് റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് റാം മനോഹർ വിളിച്ചപ്പോഴാണ് അനുരാധയുടെ സഹപ്രവർത്തകനായ അനിൽ വാജ്പേയി കാര്യമറിയുന്നത്.

“രാവിലെ 2.45 കഴിഞ്ഞപ്പോഴാണ് സംഭവം , ശബ്ദം കേട്ടാണ് സെക്യൂരിറ്റി അവിനാഷ് ഓടി ചെന്നത്.പത്താം നിലയിൽ നിന്ന് ചാടിയതല്ലേ.അപ്പോൾ തന്നെ ജീവൻ പോയിരുന്നു.”

“ഈയിടെയായി ഓഫീസിൽ ,അനുരാധ ആരോടും മിണ്ടില്ലായിരുന്നു.എപ്പോഴും ഫോണും നോക്കിയിരിക്കും.ഫോൺ റീച്ചാർജ് ചെയ്തിട്ട് ഒരു മാസമായി.ഈ കാലയളവിൽ അവർക്ക് എന്തോ സംഭവിച്ചിട്ടുണ്ട്.പ്രിയപ്പെട്ട ആരുടെയോ വിയോഗം,അത് മൂലമുണ്ടായ മാനസിക ആഘാതം.”

ബന്ധുക്കളുടെ അഭാവത്തിൽ, പൊതുശ്മശാനത്തിൽ സംസ്കാരം നടത്താനായി പോലീസും സഹപ്രവർത്തകരും തീരുമാനിച്ചു.മൃതദേഹം ആമ്പുലൻസിൽ കയറ്റിയപ്പോൾ ഒരു കാർ വന്നു നിന്നത്.തീരെ അവശനായ ഒരു വൃദ്ധൻ കാറിൽ നിന്നുമിറങ്ങി.

“ഞാനിവളെ അനാഥയായി കാണാൻ ആഗ്രഹിക്കുന്നില്ല.ഇവളെ ഞാൻ എൻ്റെ നാട്ടിലേക്ക് കൊണ്ടു പോകുകയാണ്.എൻ്റെ മകൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ച പെൺകുട്ടിയാണിവൾ.അവർ ഒരേയിടത്ത് അന്ത്യവിശ്രമം ചെയ്യട്ടെ.”

ലക്ഷ്മണൻ മുതലാളി ലീഗൽ ഫോർമാലിറ്റീസ് പൂർത്തിയാക്കി.

കാറിൻ്റെ പിറകെ ആമ്പുലൻസ് പാഞ്ഞ് പോയി.ആ സമയത്ത് അനുരാധയുടെ ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നിന്നും രണ്ട് വെള്ള പ്രാവുകൾ പറന്നുയർന്നു.

✍️നിഷ പിള്ള

Leave a Reply

Your email address will not be published. Required fields are marked *