ഭർത്താവ് ഉള്ളപ്പോൾ തന്നെ വേറൊരാളോട് താല്പര്യം തോന്നുന്നത് തെറ്റല്ലേ ? മൃദുലതയുടെ ചോദ്യം തന്റെ കൂട്ടുകാരി ഗ്രഹയോടായിരുന്നു,….

ഭർത്താവ് ഉള്ളപ്പോൾ തന്നെ വേറൊരാളോട് താല്പര്യം തോന്നുന്നത് തെറ്റല്ലേ ?
മൃദുലതയുടെ ചോദ്യം തന്റെ കൂട്ടുകാരി ഗ്രഹയോടായിരുന്നു,

മൃദുലതയെ ഒന്ന് നോക്കിയ ശേഷം ഗ്രഹ അവളോട് പറഞ്ഞു,

അതേ തെറ്റാണ്..!
എന്നാലതു ചില സമയം ചിലരിൽ ചില ശരികളെയും നിർമ്മിക്കുന്നുണ്ട്.

സത്യത്തിൽ ഏതൊരാൾക്കും അവർ ജീവിച്ചു കൊണ്ടിരിക്കുന്ന ജീവിതവും.
അവർ ജീവിക്കാൻ ആഗ്രഹിക്കുന്ന ജീവിതവും ഉണ്ടാവും !

ഇതിൽ ആദ്യത്തേത് നിലനിർത്തി കൊണ്ടു പോകുന്നതിനു തന്നെയാണ് ഒട്ടുമിക്കവരും പ്രഥമ പരിഗണന കൊടുക്കുന്നതും.

എന്നാൽ രണ്ടാമത്തേത് ഒരവസരം കാത്ത് എല്ലായ്പ്പോഴും അവർക്കുള്ളിൽ തന്നെ ഉറങ്ങിക്കിടക്കുന്നുണ്ടെന്നതും ഒരു വലിയ വാസ്തവമാണ്.

ഇനി മറ്റൊരു കാര്യം കൂടി പറയാം അത് കേൾക്കുമ്പോൾ ചിലർക്ക് ഒരു തമാശയായിട്ട് തോന്നാം എന്നാൽ അതിനെക്കുറിച്ച് കൃത്യമായ അറിവുള്ളവർക്ക് അതിന്റെ പ്രാധാന്യവും വ്യക്തമായി മനസ്സിലാവും.

നമ്മുടെയൊക്കെ വീട് എത്ര സ്ക്വയർ ഫീറ്റ് വലുപ്പമുള്ളതായാലും ഒരു താലിയുടെ ബലത്തിൽ പരസ്പരം ഒന്നിച്ചു ജീവിക്കുന്ന രണ്ടുപേർക്കിടയിൽ അവരുടെ കിടപ്പുമുറിയാണ് അവരുടെ യഥാർത്ഥ ലോകം.

ഈ കിടപ്പുമുറിക്ക് ഒരു പ്രത്യേകതയുണ്ട് കിടപ്പുമുറി എന്നത് ഒരു വിള നിലമാണ്.

സ്നേഹത്തിന്റെയും, വിശ്വാസത്തിന്റെയും, പ്രണയത്തിന്റെയും, ഊഷ്മളത അതിന്റെ പാരമ്യത്തിൽ പൂത്തുവിടരുകയും അവർക്കുള്ളിലെ യഥാർത്ഥ ഇഷ്ടങ്ങളെയും, താൽപര്യങ്ങളെയും കൂട്ടുപിടിച്ചു അവയെല്ലാം പരസ്പര കൂടിച്ചേരലുകളായി പുറത്തു വരുകയും തൽഫലമായി അവർക്കിടയിൽ ഗാഢവും ദൃഢവുമായ മനുഷ്യബന്ധം പൂക്കുന്നയിടമായതു മാറുകയും ചെയ്യുന്നു.

ഒരേ ഭാഷ സംസാരിക്കുന്നവർ ആയിരുന്നിട്ടു പോലും അങ്ങനെ ഒന്ന് അവിടെ അവർക്കിടയിൽ സംഭവിക്കുന്നില്ലെങ്കിൽ അതുവരെയും അവർ വേണ്ടാന്ന് വെച്ചിരുന്ന ഇത്തരം പല ചിന്തകളിലേക്കും അവർ സ്വമേധയാ കടന്നു ചെല്ലുന്നു

അവർ പരസ്പരം അവർക്ക് വേണ്ടുന്ന കാര്യങ്ങൾ ആവശ്യപ്പെടാതയോ മനസ്സിലാക്കാൻ ശ്രമിക്കാതെയോ അവർക്കതിനു കഴിയാതെയോ വരുമ്പോൾ അതുവരെയും സ്വർഗ്ഗമായിരുന്ന ആ ഇടം പോലും നരകത്തിലേക്കു വഴിമാറാനും തുടങ്ങുന്നു.

ഇവിടെ അവർ അവർക്കിടയിലെ പോരായ്മകളെ ഇല്ലാതെയാക്കാൻ ശ്രമിക്കാതെ പകരം ആ ഒരു മുറിയെ തങ്ങളുടെ എല്ലാ സങ്കടങ്ങളെയും സുരക്ഷിതമായി ഒളിപ്പിച്ചു വെക്കാൻ ഉത്തമമായ ഒരിടമായാണ് അവർക്കു അനുഭവപ്പെടുന്നതെങ്കിൽ അവർ ഇപ്പോൾ ജീവിക്കുന്നത് വിട്ട് അവർ ജീവിക്കാൻ ആഗ്രഹിച്ച ജീവിതത്തിലേക്ക് അവരുടെ മനസ് കടന്നു ചെല്ലാൻ തുടങ്ങും !

തന്നെ മറക്കുന്നതാണോ, മതിയായതാണോ, അതോ മടുത്തതാണോ എന്നുള്ള ചിന്തകളും ആ സമയം അവരിൽ വേരോടും ആ മൂന്നു ചിന്തകളും ഒരേപോലെ ശരിയാണെന്ന് തോന്നുന്ന ആ നിമിഷം തൊട്ട് തെറ്റുകൾ എന്ന് കരുതുന്ന പലതും ശരികളായി മാറും.

അവരെ സംബന്ധിച്ച് കിടപ്പുമുറി എന്നത് അവർക്കുള്ളിലെ ഏറ്റവും ആഴത്തിലുള്ള സ്നേഹം ആഴത്തിൽ പ്രകടിപ്പിക്കാൻ ഉള്ള സ്ഥലവും ഒപ്പം തന്റെ കൂടെയുള്ളത് അതിനു തീർത്തും അവകാശപ്പെട്ട ആളുമാണ്.
എന്നാൽ ആ ആളും അവിടവും ശൂന്യമാകുമ്പോൾ മറ്റൊരിടവും ആളെയും മനസ്സ് തിരയാൻ തുടങ്ങും.

അതോടെ ഇതുവരെയും ആരോ ഒരാൾ ആയിരുന്ന ചിലമനുഷ്യർക്കും അവരിലെ മുറിഞ്ഞു പോയ ആ കണ്ണികളെ അവരുടെ ഇണയെപ്പോലെ അവരിൽ ഇണക്കി ചേർക്കാൻ കഴിയുന്നവരാണെന്ന് മനസ്സിലാകുകയും ചെയ്യുന്നതോടെ അടുക്കുന്തോറും ഭംഗി കുറയാൻ തുടങ്ങുന്ന മനുഷ്യരിൽ നിന്നും ഭംഗി കൂടുന്ന മനുഷ്യരിലേക്ക് അവർ തുരങ്കം സൃഷ്ടിക്കാൻ തുടങ്ങും.

നമ്മൾ നമ്മൾക്ക് മാത്രം അവകാശപ്പെട്ടതിനെ താല്പര്യക്കുറവിന്റെ പേരിലോ മടുപ്പിന്റെ പേരിലോ മാറ്റി നിർത്താൻ ശ്രമിക്കുമ്പോൾ അറിയുക നമ്മൾക്ക് ഉപയോഗശൂന്യം എന്ന് തോന്നുന്ന പലതും മറ്റുള്ളവർക്ക് നിധിയാണ് എന്നുള്ളത്.

വിവാഹശേഷം സൗന്ദര്യമുള്ളതോ അല്ലാത്തതോ ആയ ഒരാൾ ഇല്ല പകരം സ്നേഹം തരാൻ കഴിയുന്നവരോ അല്ലാത്തവരോ മാത്രമെയുള്ളൂ.
ഒരു പരിധിക്കപ്പുറം മനുഷ്യർക്ക് ഒന്നും പ്രശ്നമല്ലതായി തീരും അതോടെ ഓരോ ദിവസവും അവർ ഓരോ ശരികളിലൂടെ ആകും കടന്നു പോകുക.

ഇതൊക്കെ തെറ്റാണോ എന്ന് ചോദിച്ചാൽ തെറ്റാണ്.
അവിടെയും അവരുടെ മന:സാക്ഷിക്കു ശരിയായി തോന്നുന്ന ഒരു കാര്യമുണ്ട് അവർ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല ഇതിന് മുതിരുന്നത് എന്നത്.

തുടർന്നു മൃദുലതയെ നോക്കി ഗ്രഹ ഒന്നു കൂടി പറഞ്ഞു.

നീ ചോദിച്ചതിന് ഞാൻ എന്തു പറഞ്ഞാലും അതെല്ലാം അതിനു ഇറങ്ങുന്നവരുടെ ന്യായീകരണം ആയി മാത്രമേ മിക്കവരും കാണുകയുള്ളൂ.
അവരെ പറഞ്ഞു മനസിലാക്കിക്കാൻ ആരേ കൊണ്ടും പറ്റിയെന്നു വരില്ല അവരുടെ ശരികളെ മാത്രം വിശ്വസിക്കുന്നവർ ആണവർ.

ഇവിടെ അവർ മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ലാത്ത ഒരു കാര്യം മനുഷ്യനും ചിലപ്പോഴെല്ലാം പ്രകൃതിയിലെ മറ്റു ചില ജീവജാലങ്ങളെ പോലെയാണെന്നുള്ളതാണ്,
സൂര്യപ്രകാശം കിട്ടുന്നിടത്തേക്ക് വളർച്ച പ്രാപിക്കുന്ന വൃക്ഷങ്ങളെയും ചെടികളെയും പോലെ തന്നെയാണ് തന്റെ ആഗ്രഹങ്ങളിലേക്കും, ആവശ്യങ്ങളിലേക്കും, ഇഷ്ടങ്ങളിലേക്കും തന്നെ കൂട്ടികൊണ്ടു പോകുന്ന മറ്റു ചില മനുഷ്യരിലേക്ക് അവർ പടരാൻ ശ്രമിക്കുന്നതും.
അതു കേവലം ശരീരിക സുഖത്തിനു വേണ്ടി മാത്രമല്ല അവരെ കേൾക്കുക, അറിയുക, താങ്ങാവുക, കൂടെ സമയം ചിലവഴിക്കുക എന്നത് കൂടി അതിനോട് കൂടി ചേരുന്നുണ്ട്..

അതുപോലെ തന്നെയാണ് ഏതൊരു വിഷമഘട്ടത്തിലും ഒരാൾ അവരുടെ ആവശ്യങ്ങൾക്കും താല്പര്യങ്ങൾക്കും വേണ്ടി സദാ ശ്രമിച്ചു കൊണ്ടെയിരിക്കും എന്നത് !
അത് ഒരു പ്രപഞ്ച സത്യവുമാണ്.

ഒരാളുടെ ആന്തരീക ആവശ്യങ്ങളെയും അവർക്കുള്ളിൽ അതിനായി ഉണർന്നു പ്രവർത്തിക്കുന്ന ഹോർമോണുകളെയും തടയാൻ നമ്മൾക്ക് കഴിയണമെന്നില്ല.

ഒരാൾ അവരുടെ ജീവിതത്തിന്റെ മുക്കാൽ പങ്കും അവർ തന്റെ കുടുംബത്തിനും തന്റെ ഇണക്കും വേണ്ടി തന്നെയാണ് മാറ്റിവയ്ക്കുന്നത്
എന്നിട്ടും അവർ ആഗ്രഹിച്ച വിധത്തിൽ ഒന്നും തന്നെ അവർക്ക് ലഭിക്കുന്നില്ല എന്നു വരുമ്പോൾ അവസാനം അവരിൽ ഒരു മാറ്റം സംഭവിക്കുന്നു,

” അവർ അവരെ സ്വയം സ്നേഹിക്കാൻ തുടങ്ങുന്നു ”

ആ മാറ്റം അവരുടെ എല്ലാ ശരികളും അവർ അവരെ സ്നേഹിക്കുന്നതിലേക്ക് മാത്രമായി ചുരുങ്ങുന്നു…!

കാരണം വികാരത്തിന്റെ പേരുകൾ യുദ്ധത്തെക്കാൾ പഴക്കമുള്ളവയാണ്….!!!!

✍️Pratheesh

Leave a Reply

Your email address will not be published. Required fields are marked *