അമ്മായിയപ്പൻ ആയിരുന്നു നെറ്റിയിൽ കുരിശുവരച്ച് എന്നെ വീട്ടിലേക്ക് സ്വീകരിച്ചത്… ഭർത്താവിനൊപ്പം വലതുകാൽ വെച്ച് ആ വീട്ടിലേക്ക് കയറിയപ്പോൾ മനസ്സിനൊരു സന്തോഷമായിരുന്നു.
അമ്മായിയമ്മപ്പോര് ഉണ്ടാകില്ലല്ലോ എന്നൊർത്ത്
അങ്ങനെ ഒരു സമാധാനം കല്യാണം ഉറപ്പിച്ചപ്പോൾ മുതൽ വീട്ടുകാർക്കും ഉണ്ടായിരുന്നു…
“മോളേ, വർഷങ്ങളായി ഇവിടെ ഒരു പെണ്ണില്ലാത്തതിന്റെ കുറവുണ്ട്. അത് ഇനി മോള് വേണം നികത്താൻ…”
ചെന്ന് കയറിയ അന്ന് അപ്പച്ചൻ പറഞ്ഞു. അപ്പച്ചന്റെ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷം തോന്നി. ആ വീട്ടിൽ തനിക്ക് ഒരു മകളുടെ സ്ഥാനം കിട്ടുമെന്ന വിശ്വാസം തോന്നി.
“ഞാൻ ശ്രമിക്കാം അപ്പച്ചാ…”
ഭർത്താവും അനിയനും അപ്പച്ചനും മാത്രമായിരുന്നു ആ വീട്ടിൽ ഉണ്ടായിരുന്നത്. ഭർത്താവിന് സർക്കാർ ജോലിയുണ്ട്. അനിയൻ പഠിക്കുകയാണ്. അപ്പച്ചൻ കൃഷിപ്പണിയുമായി എപ്പോഴും പറമ്പിലാണ്…
കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് രാവിലെ അടുക്കളയിൽ ചായ ഉണ്ടാക്കുന്നതിനിടയിലാണ് അപ്പച്ചൻ വീണ്ടും സംസാരിച്ചത്.
“വീട്ടുകാര്യവും നോക്കി ഇവിടെ ഒതുങ്ങിക്കൂടാം എന്നൊന്നും ഓർക്കണ്ടാട്ടോ. മോള് ഡിഗ്രി കഴിഞ്ഞതല്ലേ… ഒന്നുകിൽ തുടർന്ന് എന്തെങ്കിലും പഠിക്കാൻ പൊയ്ക്കോ, അല്ലെങ്കിൽ ജോലിക്ക് പൊയ്ക്കോണം.”
അപ്പച്ചന്റെ വാക്കുകൾ കേട്ടപ്പോൾ ചായക്കപ്പ് കൈയിൽ പിടിച്ചുകൊണ്ട് ഞാൻ അന്തംവിട്ടു നിന്നു. കല്യാണം കഴിഞ്ഞ് വീട്ടിൽ വന്നതിന്റെ പിറ്റേന്ന് തന്നെ പഠിക്കാൻ പോകാനും ജോലിക്ക് പോകാനും പറയുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പൊതുവെ പഠിക്കാൻ മടിച്ചിയായ ഞാൻ അപ്പച്ചൻ പറഞ്ഞത് കേട്ട് ശരിക്കും ഞെട്ടി…
അന്ന് രാത്രി കെട്ടിയോന്റെ നെഞ്ചോരം ചേർന്നു കിടക്കുമ്പോൾ അപ്പച്ചൻ പറഞ്ഞ കാര്യം വീണ്ടും ഓർത്തു. പഠിക്കാൻ പോകണമെന്ന കാര്യം മനസ്സിൽ വന്നപ്പോൾ തന്നെ ഒരു മടുപ്പ് തോന്നി.
“അപ്പച്ചൻ പറഞ്ഞപോലെ പഠിക്കാൻ പോകാനൊന്നും എനിക്ക് വയ്യാട്ടോ…”
ടോണിച്ചായന്റെ നെഞ്ചിൽ തലവെച്ച് കിടന്നുകൊണ്ട് ഞാൻ പറഞ്ഞു.
“അപ്പച്ചൻ സമ്മതിക്കും എന്ന് തോന്നുന്നില്ല.” അപ്പച്ചൻ സ്കൂൾ മാഷ് ആയിരുന്നു അതുകൊണ്ട് പഠനത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച ഉണ്ടാകാൻ സാധ്യതയില്ല…
“അയ്യോ, പഠിക്കാൻ മടിച്ചിയായതുകൊണ്ടാ വീട്ടുകാർ പെട്ടെന്ന് കെട്ടിച്ചു വിട്ടത്. ഇതിപ്പോൾ പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തി പട എന്നുപറഞ്ഞതുപോലെ ആയല്ലോ…”
എന്റെ വാക്കുകൾ കേട്ട് ടോണിച്ചായൻ ചിരിച്ചു.
“അതിന് നിന്നോട് പിഎച്ച്ഡി എടുക്കാനൊന്നും അപ്പച്ചൻ പറഞ്ഞില്ലാലോ. വെറുതെ ഇരുന്ന് ബോർ അടിക്കാതിരിക്കാൻ വേണ്ടി അപ്പച്ചൻ പറഞ്ഞതാ.”
“ജസ്റ്റ് ഡിഗ്രി പാസ്സായ ഞാൻ ഇനി എന്ത് പഠിക്കാൻ ആണ്?”
ഞാൻ ചോദിച്ചപ്പോൾ ടോണിച്ചായൻ കുറച്ചുനേരം ആലോചിച്ചു.
“പി.എസ്.സി. കോച്ചിങ്ങിനു പൊയ്ക്കോ. അതാകുമ്പോൾ പി.എസ്.സി. എഴുതി എഴുതി നടക്കാലോ. എപ്പഴെങ്കിലും ജോലി കിട്ടും.”
ടോണിച്ചായൻ പറഞ്ഞത് കേട്ടപ്പോൾ അതൊരു നല്ല കാര്യമാണെന്ന് എനിക്കും തോന്നി. പഠിക്കാൻ വലിയ താല്പര്യമില്ലെങ്കിലും പി.എസ്.സി. പഠിച്ചാൽ എന്തെങ്കിലും ജോലി കിട്ടുമെന്ന പ്രതീക്ഷയെങ്കിലും ഉണ്ടാകുമല്ലോ.
അത് നല്ലൊരു കാര്യമാണല്ലോ എന്നോർത്ത് പിറ്റേന്ന് അപ്പച്ചനോട് പറയാമെന്ന് തീരുമാനിച്ചു…
അങ്ങനെ കല്യാണം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ പി.എസ്.സി. കോച്ചിങ്ങിന് ചേർന്നു.
അപ്പച്ചൻ അതിരാവിലെ ഉണർന്ന് അടുക്കളപ്പണിയെല്ലാം ചെയ്യും. ഞാൻ എഴുന്നേറ്റ് ചെല്ലുമ്പോഴേക്കും അപ്പച്ചൻ ജോലിയെല്ലാം തീർത്തിട്ടുണ്ടാകും…
“അപ്പച്ചാ, ഇനി ഞാൻ ചെയ്തോളാം. അപ്പച്ചൻ പോയി ഇരുന്നോളൂ…”
ഞാൻ അടുക്കളയിലേക്ക് കയറി പാത്രങ്ങൾ കഴുകാനും മറ്റും തുടങ്ങുമ്പോൾ അപ്പച്ചൻ തടയും.
“വേണ്ട മോളേ, മോള് പോയി കുളിച്ച് റെഡിയാകാൻ നോക്ക്.”
“അത് പറ്റില്ല അപ്പച്ചാ, ഇനി ഞാനില്ലേ ഇവിടെ? അപ്പച്ചൻ എല്ലാം ഒറ്റയ്ക്ക് ചെയ്യേണ്ട കാര്യമില്ലല്ലോ…”
“പത്തു പതിനഞ്ചു വർഷമായിട്ടുള്ള ശീലമാണ് മോളേ. അതുകൊണ്ട് അപ്പച്ചൻ ചെയ്യുന്നതാണ്. മോള് അപ്പച്ചനെ സഹായിച്ചാൽ മാത്രം മതി…”
അപ്പച്ചൻ പറഞ്ഞത് കേട്ട് എനിക്ക് ചിരി വന്നു. എന്ത് പറഞ്ഞാലും അപ്പച്ചൻ അടുക്കളയിൽ നിന്ന് മാറില്ല. പതുക്കെ ഞാനും അപ്പച്ചന്റെ കൂടെ അടുക്കളപ്പണികളൊക്കെ ചെയ്യാൻ തുടങ്ങി.
അങ്ങനെ അപ്പച്ചനെ സഹായിച്ചും പി.എസ്.സി. കോച്ചിങ്ങിന് പോയും വളരെ സന്തോഷകരമായ ജീവിതം മുന്നോട്ട് പോയി.
അവധി ദിവസങ്ങളിൽ ചേട്ടനും അനിയനും അപ്പച്ചനും എല്ലാവരും കൂടിയാണ് വീട് ക്ലീനിങ്ങും അടുക്കളയിൽ കയറുന്നതുമെല്ലാം. ഒരാൾ വീട് അടിച്ചുവാരുമ്പോൾ മറ്റൊരാൾ തുടയ്ക്കും. അനിയൻ അടുക്കളയിൽ കയറി എന്തെങ്കിലും ഉണ്ടാക്കാനുള്ള ശ്രമത്തിലായിരിക്കും. ടോണിച്ചായനും ഒരു ജോലി ചെയ്യാനും മടിയില്ല.
ഞങ്ങൾ വഴക്കുണ്ടാക്കുന്നത് അറിഞ്ഞാൽ അപ്പച്ചൻ ഓടി വരും… ഞങ്ങൾ പിണങ്ങിയിരിക്കാൻ സമ്മതിക്കില്ല…
“മോളേ, നിനക്കറിയാമോ… ഞാനും അവളും പിണങ്ങിയിരുന്ന രാത്രിയിലാ അവൾ എന്നെ തനിച്ചാക്കി പോയത്. അറ്റാക്ക് ആയിരുന്നു… നിസ്സാരകാര്യത്തിനാ ഞങ്ങൾ പിണങ്ങിയത്. ഇന്നും അതോർക്കുമ്പോൾ എനിക്ക് സഹിക്കാൻ പറ്റുന്നില്ല…” അപ്പച്ചന്റെ ശബ്ദം ഇടറി
ഒരിക്കൽ ദേഷ്യം വന്നപ്പോൾ ഞാൻ പറഞ്ഞു, ഈ ജീവിതം മടുത്തു എന്ന്. അന്ന് അപ്പച്ചൻ ഒത്തിരി സങ്കടപ്പെട്ടു.
“മോളേ, ഒരിക്കലും അങ്ങനെ പറയരുത്. മടുപ്പ് തോന്നിയാൽ ഭാരം കൂടും. ഭാരം കൂടുമ്പോൾ വീണ്ടും മടുക്കും. ഒത്തിരി മടുത്താൽ നമ്മൾ എന്ത് ചെയ്യും? വേണ്ടെന്ന് വെക്കാനൊക്കെ തോന്നും…”
അപ്പച്ചൻ പറയുന്നതിലും കാര്യമുണ്ടെന്ന് എനിക്ക് തോന്നി…
അപ്പച്ചൻ അന്ന് രാത്രി ടോണിച്ചായനെയും എന്നെയും അരികിൽ വിളിച്ചിരുത്തി.
“ഡാ മോനേ, അപ്പച്ചൻ ഒറ്റയ്ക്ക് ജീവിക്കാൻ തുടങ്ങിയിട്ട് പതിനഞ്ചു വർഷം കഴിഞ്ഞു. കൂടെയുള്ളപ്പോൾ നമ്മൾ ഇണയുടെ വില അറിയില്ല. ഇണ നഷ്ടപ്പെട്ട് തനിച്ചാകുമ്പോൾ നമുക്ക് സഹിക്കാൻ പറ്റില്ല. അതുകൊണ്ട് കൂടെയുള്ളപ്പോൾ പരസ്പരം ക്ഷമിച്ചും സഹിച്ചും മനസ്സിലാക്കിയും ജീവിക്കുക.”
എന്റെ ഭാഗത്തായിരുന്നു തെറ്റ്. പക്ഷേ അപ്പച്ചൻ വഴക്ക് പറഞ്ഞത് ടോണിച്ചായനെയാണ്…
ഞാൻ പതുക്കെ ആ വീട്ടിലെ ശീലങ്ങൾ എന്റേതുകൂടിയാക്കി മാറ്റി. എന്റെ ശീലങ്ങൾ അവരും അറിഞ്ഞു…
ഇത്രയൊക്കെ സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതമാണെങ്കിലും, ആ വീട്ടിൽ അമ്മായിയമ്മ ഇല്ലാത്തതിന്റെ കുറവ് അറിഞ്ഞു തുടങ്ങിയത് ഞാൻ ഗർഭിണിയായപ്പോഴാണ്…
എന്റെ ക്ഷീണവും തളർച്ചയും കണ്ടപ്പോൾ അപ്പച്ചനാണ് പറഞ്ഞത്.
“മോളേ, നീ വീട്ടിൽ പോയി ഒരു മാസം നിന്നിട്ടു വാ…”
പക്ഷേ, എനിക്ക് അവരെ വിട്ടുപോകാൻ ഒട്ടും മനസ്സില്ലായിരുന്നു. ആ വീട്ടിൽ നിന്ന് മാറിനിൽക്കാൻ ഓർത്തപ്പോൾ തന്നെ മനസ്സിന് വിഷമം തോന്നി.
ഒരു അമ്മ പറഞ്ഞു തരേണ്ട എല്ലാ കാര്യങ്ങളും പറഞ്ഞു തന്നത് അപ്പച്ചനായിരുന്നു. ഗർഭകാലത്ത് എന്തൊക്കെ ശ്രദ്ധിക്കണം, എങ്ങനെ കഴിക്കണം, വിശ്രമിക്കണം എന്നൊക്കെ അപ്പച്ചൻ എന്നെ സ്വന്തം മകളെപ്പോലെ കരുതി പറഞ്ഞു തന്നു.
“ഇന്ന് അവൾ ഉണ്ടായിരുന്നെങ്കിൽ മോളേ പൊന്നുപോലെ നോക്കിയേനെ …”
അമ്മയെ ഓർത്തപ്പോൾ അപ്പച്ചന്റെ സ്വരം ഇടറി. ആ വാക്കുകൾ കേട്ടപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു.
അങ്ങനെ പ്രസവത്തിനായി ഞാൻ എന്റെ വീട്ടിലേക്ക് പോന്നു…
പ്രസവിച്ചു കിടന്നപ്പോഴായിരുന്നു പി.എസ്.സി. പരീക്ഷ.
മോൾക്ക് ഒരു വയസ്സായപ്പോൾ എനിക്ക് ജോലി കിട്ടി. മോളെ വളർത്താനുള്ള ഉത്തരവാദിത്വം അപ്പച്ചൻ ഏറ്റെടുത്തു.
ഇന്ന് എന്റെ മോൾക്ക് പത്തും മോന് അഞ്ചും വയസ്സായി. അവരെ വളർത്താൻ ഒരു പാടും ഞാൻ അറിഞ്ഞിട്ടില്ല…
അപ്പച്ചൻ ഉള്ളതുകൊണ്ട് കുഞ്ഞുങ്ങളെക്കുറിച്ച് ഓർത്ത് എനിക്ക് ഒരിക്കലും വിഷമിക്കേണ്ടി വന്നിട്ടില്ല. ജോലിക്ക് പോകുമ്പോഴും മനസ്സമാധാനത്തോടെ പോകാൻ കഴിഞ്ഞു. എന്റെ കുഞ്ഞുങ്ങൾക്ക് അപ്പച്ചൻ ഒരു മുത്തച്ഛൻ മാത്രമായിരുന്നില്ല, അവരുടെ അമ്മയുടെയും അച്ഛന്റെയും സ്ഥാനത്ത് നിന്ന് സ്നേഹവും കരുതലും നൽകിയ ഒരാളായിരുന്നു.
അനിയൻ വിവാഹം കഴിച്ചപ്പോൾ അവന്റെ ഭാര്യയെയും അപ്പച്ചൻ അതുപോലെതന്നെ ചേർത്തുപിടിച്ചു. ഞങ്ങൾ എല്ലാവരും ഒരേ വീട്ടിൽ, ഒരേ അടുക്കളയിൽ ഒരുമിച്ച് വെച്ചുണ്ടാക്കി കഴിച്ച്, സ്നേഹത്തോടെ ജീവിക്കുന്നു…
കുഞ്ഞുകുഞ്ഞു പിണക്കങ്ങളും തർക്കങ്ങളുമൊക്കെ ഉണ്ടാകാറുണ്ട്. പക്ഷേ അതിനേക്കാളൊക്കെ വലുതാണ് ഞങ്ങൾക്കിടയിലെ സ്നേഹം.
ഞങ്ങളുടെ വീട് ഒരു സ്വർഗമാണ്… ആ സ്വർഗത്തിലെ ദൈവമാണ് ഞങ്ങളുടെ അപ്പച്ചൻ.
അഭിപ്രായം പറയണേ
✍️Shainy Varghese
