അച്ഛന് അവിടെയെങ്ങാനും പോയി ഇരുന്ന് കൂടെ… അവരിങ്ങ് എത്താറായി.” “അവരെ ഞാനുമൊന്ന് കണ്ടോട്ടേടാ മക്കളെ… ഒന്നുമല്ലേലും എന്റെ കൊച്ചുമോളെ പെണ്ണുകാണാൻ….

“അച്ഛന് അവിടെയെങ്ങാനും പോയി ഇരുന്ന് കൂടെ… അവരിങ്ങ് എത്താറായി.”

“അവരെ ഞാനുമൊന്ന് കണ്ടോട്ടേടാ മക്കളെ… ഒന്നുമല്ലേലും എന്റെ കൊച്ചുമോളെ പെണ്ണുകാണാൻ വരുന്നവരല്ലേ?”

“അതൊക്കെ പിന്നെ കാണാം. അവര് വലിയ ആൾക്കാരാ. അച്ഛനെ കണ്ടാൽ പിന്നെ ഈ കല്യാണം നടക്കില്ല.”

“ശരി മോനെ… ഞാൻ കാരണം ഈ കല്യാണം മുടങ്ങണ്ട.”

വിങ്ങുന്ന മനസ്സുമായി ബാലൻ വിറയ്ക്കുന്ന കാലടികളോടെ അകത്തേക്ക് കയറിപ്പോയി.

“എടീ, അവരിങ്ങെത്തി. മോളോട് ഒരുങ്ങി നിൽക്കാൻ പറ…”

തന്റെ മോളെ പെണ്ണുകാണാൻ എത്തിയവർ മുറ്റത്ത് എത്തിയപ്പോൾ ഹരി വീടിനുള്ളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.

“അവളൊരുങ്ങി, ഹരിയേട്ടാ…”

രണ്ട് കാറുകളിലായി എത്തിയവരെ ഹരി വീട്ടിലേക്ക് ക്ഷണിച്ചു. പെണ്ണുകാണാനെത്തിയവരോട് കുശലാന്വേഷണങ്ങൾ ചോദിച്ചും പറഞ്ഞും അവർ ഇരുന്നു.

“പയ്യന് എന്താ ജോലി?”

“ഞാൻ MBA കഴിഞ്ഞ് അമേരിക്കയിൽ ഒരു കമ്പനിയിൽ വർക്ക് ചെയ്യുന്നു.”

കല്യാണം കഴിഞ്ഞ് പെണ്ണിനെയും കൂടെ കൊണ്ടുപോകണമെന്നാണ് ആഗ്രഹമെന്ന് ചെറുക്കന്റെ അമ്മ പറഞ്ഞപ്പോൾ, തന്റെ മകളുടെ ഭാഗ്യമോർത്ത് ഹരിയുടെ ഉള്ള് സന്തോഷം കൊണ്ട് തുടിച്ചു.

“ഞങ്ങൾക്ക് രണ്ട് ആൺമക്കളാണ്. ഇവനാണ് മൂത്തത്. ഇളയവൻ പഠിക്കുന്നു.”

“ഞങ്ങൾക്ക് രണ്ട് പെൺകുട്ടികളാണ്. മൂത്തയാളുടെ വിവാഹം കഴിഞ്ഞു. ഒരു കുട്ടിയുമുണ്ട്.”

വിശേഷങ്ങൾ പങ്കുവെച്ചിരിക്കുന്നതിനിടയിൽ എന്തോ ഓർത്തിട്ടെന്നപോലെ ചെറുക്കന്റെ അച്ഛൻ ഹരിയോടായി ചോദിച്ചു.

“ഞാനൊരു കാര്യം ചോദിക്കാൻ വിട്ടുപോയി. ബാലൻ മാഷിന്റെ വീടല്ലേ ഇത്? മാഷ് എവിടെ കണ്ടില്ലല്ലോ? ഇടയ്ക്ക് സുഖമില്ലെന്ന് കേട്ടിരുന്നു.”

“അച്ഛനെ അറിയോ?”

“ബാലൻ മാഷിനെ അറിയോന്നോ? ബാലൻ മാഷിന്റെ കൊച്ചുമോളാണ് വേണി എന്നറിഞ്ഞിട്ടാണ് ഞങ്ങൾ ഈ ആലോചനയുമായി ഇവിടെ വന്നത് തന്നെ.”

“അച്ഛനെ എങ്ങനെ അറിയാം?”

“എന്റെ ഗുരുനാഥനാണ് ബാലൻ മാഷ്. അങ്ങനെ പറഞ്ഞാൽ പോരാ, എനിക്ക് എന്റെ അച്ഛന്റെ സ്ഥാനമാണ് ബാലൻ മാഷിന്.

അച്ഛനില്ലാത്ത എനിക്ക് സ്കൂൾ ജീവിതം ദുരിതപൂർണമായിരുന്നു. മാറിയുടുക്കാൻ വേറൊരു ഡ്രസ് പോലും ഇല്ലാതിരുന്ന കാലം. നന്നായി പഠിക്കുന്ന ഞാൻ ബാലൻ മാഷിന്റെ അരുമശിഷ്യനായി മാറാൻ അധികം നാൾ വേണ്ടിവന്നില്ല. മാഷിനോട് എന്റെ എല്ലാ കഥകളും പറഞ്ഞപ്പോൾ മാഷ് എന്നെ ചേർത്തുനിർത്തി പറഞ്ഞു, നീ പഠിച്ച് വലിയ ഒരാളാകുമെന്ന്.

അതിന് എനിക്ക് വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്തുതന്നത് ബാലൻ മാഷായിരുന്നു. വിശന്നപ്പോൾ ഭക്ഷണമായും, സ്കൂൾ തുറക്കുമ്പോൾ പുസ്തകങ്ങളായും, പുത്തനുടുപ്പും കുടയുമായും ബാലൻ മാഷ് എനിക്ക് മുന്നിൽ ദൈവദൂതനെപ്പോലെ പ്രത്യക്ഷനാകും. ഞാനൊരു നല്ല ഉടുപ്പിട്ടതും ആദ്യമായി ചെരുപ്പിട്ടതും ബാലൻ മാഷിന്റെ സംഭാവനകളായിരുന്നു.

പത്താം ക്ലാസ് നല്ല മാർക്കോടെ പാസായി ഞാൻ ആ സ്കൂളിൽ നിന്ന് പോയി. പിന്നീടും പല പ്രാവശ്യം മാഷിനെ കണ്ടു. കണ്ടപ്പോഴെല്ലാം ചെറിയൊരു തുക എന്റെ പോക്കറ്റിൽ വെച്ചുതരും.”

നിറഞ്ഞുവന്ന കണ്ണീർത്തുള്ളികൾ തുടയ്ക്കാൻ പോലും മറന്നുകൊണ്ട്, തന്റെ പഴയകാലം ഓർത്തെടുക്കാൻ പ്രകാശൻ ശ്രമിച്ചു.

“പിന്നീട് അവിടെനിന്ന് പോയി പഠിച്ച്, ഈ നാട്ടിൽ നിന്ന് അക്കരയ്ക്ക് പോയി. മാഷ് പറഞ്ഞതുപോലെ ഞാൻ വലിയ ആളായി. മാഷ് അന്ന് ചെയ്തതുപോലെ ഞാനും ഇന്ന് കുറെ കുട്ടികളെ സഹായിക്കുന്നുണ്ട്. പിന്നീട് മാഷ് എവിടെയാണെന്ന് അറിയില്ല… അന്വേഷിച്ചപ്പോൾ മാഷ് സ്ഥലം മാറി എവിടേയ്‌ക്കോ പോയി എന്ന് അറിഞ്ഞു കാണാറില്ലെങ്കിലും മാഷ് എന്നും എന്റെ മനസ്സിൽ ഉണ്ടായിരുന്നു.

ഈത്തവണ നാട്ടിൽ വന്നപ്പോൾ ഞാൻ അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. അപ്പോഴാണ് മാഷിന്റെ അസുഖത്തെക്കുറിച്ച് അറിഞ്ഞത്. മാഷിന് ഒരു കൊച്ചുമോളുണ്ടെന്നും അറിഞ്ഞു. അപ്പോഴേ തീരുമാനിച്ചു, ആ കൊച്ചുമോളെ ഞങ്ങൾക്ക് വേണമെന്ന്. ഞാൻ പറഞ്ഞപ്പോൾ എന്റെ മക്കൾക്കും ഇതേ തീരുമാനമായിരുന്നു.”

“ഞാൻ കഥ പറഞ്ഞ് നിങ്ങളെ ബോറടിപ്പിച്ചോ? എനിക്ക് ബാലൻ മാഷിനെ ഒന്ന് കാണണം.”

“അച്ഛന് ഇപ്പോൾ പഴയതുപോലെ ഓർമ്മയൊന്നുമില്ല. എന്തെങ്കിലുമൊക്കെ വെറുതെ വിളിച്ചുപറയും. അമ്മ മരിച്ചതിൽ പിന്നെ അച്ഛന്റെ മാനസികനില അത്ര ശരിയല്ല.”

“അതൊന്നും സാരമില്ല. എനിക്ക് എന്റെ മാഷിനെ കണ്ടാൽ മതി. എത്ര മാനസികനില ശരിയല്ലെങ്കിലും മാഷിന് എന്നെ കാണുമ്പോൾ മനസ്സിലാകും.”

“എന്നാൽ മോളെ കാണാം. എന്നിട്ട് അച്ഛനെ കാണാം.”

“വേണ്ട, ആദ്യം മാഷിനെ കാണണം. വേണിയെ കാണണമെന്നുപോലും ഞങ്ങൾക്കില്ല. കണ്ടില്ലെങ്കിലും മാഷിന്റെ കൊച്ചുമോളെ ഞങ്ങൾക്ക് ഇഷ്ടമാകും.”

“ലതേ, അച്ഛനെ വിളിക്ക്. ഇങ്ങോട്ട് വരാൻ പറയൂ.”

ലത അച്ഛനെ വിളിക്കാനായി അകത്തേക്ക് പ്രവേശിച്ചതും ബാലൻ മാഷ് ഹാളിലേക്ക് വന്നു.

“മോനെ പ്രകാശേ… നീ എന്നെ മറന്നില്ലല്ലോ?”

എന്നും ചോദിച്ച് പ്രകാശിന്റെ അടുത്തേക്ക് വന്ന ബാലൻ മാഷിനെ കണ്ടതും പ്രകാശ് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. അതിനുശേഷം ആ കാലുകൾ തൊട്ട് നമസ്കരിച്ചു.

പ്രകാശിനെ പിടിച്ചെഴുന്നേൽപ്പിച്ച് തന്നോട് ചേർത്തുനിർത്തി ബാലൻ മാഷ് വാത്സല്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.

“മാഷേ, മാഷിനെ എനിക്ക് മറക്കാൻ പറ്റുമോ?”

പ്രകാശിന്റെയും മാഷിന്റെയും കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.

“മാഷേ, ആരോഗ്യം എങ്ങനെയുണ്ട്?”

“ഇല്ല കുട്ടി, കുഴപ്പമില്ല. പിന്നെ ഒറ്റക്കായതിന്റെ വേദന മനസ്സിനുണ്ട്. എന്റെ ജീവന്റെ പാതി, എനിക്കൊപ്പം അമ്പത് വർഷം എന്റെ സുഖത്തിലും ദുഃഖത്തിലും കൂടെ നിന്ന അവൾ പോയില്ലേ… അതെനിക്ക് സഹിക്കാൻ പറ്റുന്നതിനും അപ്പുറമാണ്. പിന്നെ ഞാനൊരു പഴയ മനുഷ്യനല്ലേ? ഓരോന്ന് കാണുമ്പോൾ ഞാൻ എന്തെങ്കിലുമൊക്കെ പറയും. അതിന് ഇവർ പറയുന്നത് എനിക്ക് ഭ്രാന്താണെന്നാണ്.”

“പ്രകാശ്, നീ പറഞ്ഞതെല്ലാം ഞാൻ കേട്ടു. എന്റെ കുട്ടി വലിയ നിലയിൽ എത്തിയെന്നറിഞ്ഞപ്പോൾ മാഷിന് നല്ല സന്തോഷമായിട്ടോ. പിന്നെ ഇതിൽ ഏതാ എന്റെ വേണിമോളുടെ പയ്യൻ?”

“ഞാനാ മുത്തശ്ശാ… എന്റെ പേര് കിഷൻ.”

“നന്നായി വരും മക്കളെ. എന്റെ വേണിമോൾ നല്ല കുട്ടിയാ. മോന് നന്നായി ചേരും.”

“ഹരി, എന്നാൽ ഇനി മോളെ വിളിക്ക്.”

പെണ്ണുകാണലിന് ശേഷം വളരെ സന്തോഷത്തോടെയാണ് പ്രകാശും കുടുംബവും അവിടെനിന്ന് ഇറങ്ങിയത്.

ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ കിഷൻ വേണിയുടെ കഴുത്തിൽ താലി ചാർത്തി.

ശുഭം.

ചില ബന്ധങ്ങൾ ഇങ്ങനെയാണ്… കാലം എത്ര കഴിഞ്ഞാലും മാഞ്ഞുപോകാത്തവ. നമ്മൾ ഒരിക്കൽ ഒരാൾക്ക് നൽകിയ സ്നേഹവും കരുതലും, മറ്റൊരു വഴിയിലൂടെ ഒരിക്കൽ നമ്മളിലേക്ക് തന്നെ തിരികെ എത്തും.

NB:പ്രായമായവരുടെ പുലമ്പലുകൾ ഭ്രാന്തല്ല… ഒറ്റപ്പെടലിന്റെ നൊമ്പരമാണ്.

✍️Shainy Varghese

Leave a Reply

Your email address will not be published. Required fields are marked *