‘ മായേ.. ഇന്ന് നമ്മുടെ പത്താം വിവാഹ വാർഷികം…. ഇതിനേക്കാൾ നല്ലൊരു ദിവസം ഇനി കിട്ടാനില്ല… എന്റെ അവസാനം… അത് ഇന്ന് തന്നെ ആകട്ടെ…’
മിഴിനീർ തുള്ളികൾ തുടച്ചു കൊണ്ട് സനൽ ഫിത്തിയിലേക്ക് ചാരി..
സനലും മായയും വിവാഹിതരായിട്ട് പത്ത് വർഷങ്ങളാകുന്നു. ജീവിതത്തിൽ വലിയ ആഡംബരങ്ങളൊന്നുമില്ലെങ്കിലും പരസ്പരം സ്നേഹിച്ചും ഒരുപാട് സ്വപ്നങ്ങൾ പങ്കിട്ടുമായിരുന്നു അവരുടെ ജീവിതം മുന്നോട്ട് പോയിരുന്നത്. പക്ഷേ ജീവിതം കൂടുതൽ മെച്ചപ്പെടുത്തണമെന്ന ആഗ്രഹം സനലിനെ ദുബൈയിലേക്ക് പറിച്ചുനട്ടു.
ഒരു മകൻ പിറന്നപ്പോൾ അവന്റെ നല്ല ഭാവി… സ്വന്തമായി ഒരു വീട്… സാമ്പത്തിക സുരക്ഷിതത്വം… ഇതൊക്കെയായിരുന്നു സനലിന്റെയും മായയുടെയും സ്വപ്നങ്ങൾ. അതുകൊണ്ട് തന്നെ പത്താം ക്ലാസ്സ് കഴിയവേ തുടർ പഠനത്തിനായി മകനെയും ദുബൈയിൽ കൂടെ നിർത്തി സനൽ. മായ നാട്ടിൽ ബാങ്ക് ജീവനക്കാരിയായി ജോലി തുടർന്നു. വീട് എന്ന വലിയ സ്വപ്നമാണ് ആദ്യം അവർ സഫലീകരിച്ചത്.
അതോടെ ജീവിതം കൂടുതൽ മെച്ചപ്പെട്ടു.. എന്നാൽ എപ്പോഴൊക്കെയോ സനലും മായയും തമ്മിലുള്ള ആത്മബന്ധത്തിൽ ചെറിയ ചെറിയ വിള്ളളുകൾ വീണു തുടങ്ങി.. ആദ്യമൊക്കെ ദിവസവും വിളികളും വീഡിയോ കോളുകളും ഉണ്ടായിരുന്നു… നാട്ടിലെ വിശേഷങ്ങൾ.. മകന്റെ പഠനം…ജോലിത്തിരക്കുകൾ…ചെറിയ പരാതികൾ…വലിയ സ്വപ്നങ്ങൾ… എല്ലാം അവർ പരസ്പരം പങ്കുവെച്ചു. പക്ഷേ കാലം കടന്നപ്പോൾ ആ വിളികൾ കുറഞ്ഞു. ജീവിതം രണ്ടിടങ്ങളിലായി വിഭജിക്കപ്പെട്ടു. ദുബൈയിൽ സനലും മകനും നാട്ടിൽ മായയും….
വീട്ടിലെ നിശ്ശബ്ദത ചില രാത്രികളിൽ മായയെ വല്ലാതെ അലട്ടിയിരുന്നു.
” എന്താടോ.. തനിക്ക് ഒരു ഉഷാറില്ലാത്ത പോലെ എന്തേലും വയ്യായ്ക ഉണ്ടോ.. ”
പലപ്പോഴും അവളുടെ തണുപ്പൻ ഭാവം സനലും ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.
” ഏയ്.. ഒന്നുമില്ല ഏട്ടാ.. ഒറ്റയ്ക്ക് അല്ലെ ഞാൻ ഇവിടെ.. കുറെയൊക്കെയാകുമ്പോ മടുക്കും… ”
പുഞ്ചിരിയോടെ തന്നെ അവൾ മറുപടി നൽകി.
എകാന്തതയെ ഇഷ്ടപ്പെട്ടു തുടങ്ങിയ വേളയിലാണ് മായ ജോമോനെ പരിചയപ്പെടുന്നത്.
ബാങ്കിൽ എത്തിയ പുതിയ സ്റ്റാഫ് ചെറുപ്രായം അതിലുപരി കാണാൻ സുന്ദരൻ.. എപ്പോഴൊക്കെയോ മായ അവനെ ശ്രദ്ധിച്ചിരുന്നു.
” ചേച്ചി.. ചേച്ചി.. ഇതൊന്ന് പറഞ്ഞു തരുമോ… ”
” ചേച്ചി.. ദേ നോക്ക്യേ.. ഇതെങ്ങിനെയാ ലോഗ് ചെയ്യേണ്ടേ… ”
പരിചയക്കുറവ് മൂലം ജോമോന് എപ്പോഴും സംശയങ്ങളായിരുന്നു ആ സംശയങ്ങളെല്ലാം തീർത്തു കൊടുത്തതോ മായ…
ആദ്യം ജോലിയുമായി ബന്ധപ്പെട്ട ചെറിയ സംസാരങ്ങൾ മാത്രമായിരുന്നു. പിന്നീട് ചായ കുടിക്കുമ്പോഴുള്ള തമാശകൾ.. ഒരുമിച്ചുള്ള യാത്രകൾ.. ജോലിത്തിരക്കുകൾക്കിടയിലെ ആശ്വാസവാക്കുകൾ… എല്ലാം പതിയെ മറ്റൊരു തലത്തിലേക്ക് വളർന്നു.
മായയുടെ വിഷമങ്ങൾ കേൾക്കാൻ ജോമോൻ സമയം കണ്ടെത്തി. അവളുടെ ചിരിക്ക് പിന്നിലെ മൗനം തിരിച്ചറിഞ്ഞു. ആരും ശ്രദ്ധിക്കാത്ത ചെറിയ കാര്യങ്ങൾ പോലും അവൻ ശ്രദ്ധിച്ചു.
“ചേച്ചി ഇന്ന് കാണാൻ കിടിലം ലുക്ക് ആണല്ലോ…”
ഒരുപാട് നാളുകളായി ആരിൽ നിന്നും കേട്ടിട്ടില്ലാത്ത എന്നാൽ കേൾക്കാൻ കൊതിച്ചിരുന്നു വിശേഷങ്ങൾ അവൾ ജോമോനിൽ നിന്നും കേട്ടു. അറിയാതെ തന്നെ മായ ജോമോനോട് അടുക്കുകയായിരുന്നു.
അത് സൗഹൃദമാണെന്ന് സ്വയം വിശ്വസിക്കാൻ അവൾ ശ്രമിച്ചു. പക്ഷേ ആ ബന്ധത്തിന് സൗഹൃദത്തിന്റെ അതിരുകൾ ഏറെക്കാലം നിലനിൽക്കാനായില്ല. അവർ പരസ്പരം പ്രണയിച്ചു തുടങ്ങി..
” ചേച്ചി.. നമ്മുടെ ഈ റിലേഷൻ ഭാവിയിൽ ഒരു പ്രശ്നം ആകുമോ.”.
ഇടയ്ക്കിടക്ക് ജോമോൻ സംശയത്തിൽ ചോദിക്കുമ്പോൾ പുഞ്ചിരിക്കും മായ
” നിന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണ് കാൽ വയ്ക്കുന്ന ദിവസം ഞാൻ ഒഴിഞ്ഞു പോയേക്കാം.. അത് എന്റെ വാക്കാണ്.. ”
ആ ഉറപ്പിന്മേൽ അവർ മനസും ശരീരവും പരസ്പരം പങ്കു വച്ചു.
സനൽ ദുബൈയിൽ തന്റെ കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുമ്പോൾ നാട്ടിൽ മായ മറ്റൊരു പ്രണയത്തിന്റെ ലോകത്തേക്ക് വഴുതിവീഴുകയായിരുന്നു. ഫോൺ വിളികൾ കുറഞ്ഞതും പലപ്പോഴും നമ്പർ ബിസി ആകുന്നതുമെല്ലാം സനലും ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.
മാസങ്ങൾ കടന്നുപോയി. അതിനിടയിൽ അയൽക്കാരനായ സുഹൃത്ത് വഴി തന്റെ വീട്ടിലെ സ്ഥിരം അതിഥിയെ പറ്റി സനലും അറിഞ്ഞു.
” എടാ.. നിനക്ക് വിഷമം തോന്നരുത്… ഞാൻ മനസിലാക്കിയിടത്തോളം ഇതത്ര നല്ല ബന്ധം അല്ല.. പല രാത്രികളിലും അവൻ നിന്റെ വീട്ടിൽ ചെല്ലുന്നുണ്ട് മായ അവന് വാതിൽ തുറന്ന് കൊടുക്കുന്നത് ഞാൻ കണ്ടിട്ടുമുണ്ട്.. ”
സുഹൃത്തിന്റെ ആ വാക്കുകൾ സനലിനു താങ്ങാവുന്നതിനുമപ്പുറമായിരുന്നു. മായയെ വിളിക്കാനോ തർക്കിക്കുവാനോ ഒന്നിനും അവൻ മുതിർന്നില്ല. പകരം നാട്ടിലേക്ക് തനിക്കും മോനും ടിക്കറ്റ് എടുത്തു.
സർപ്രൈസായി അവർ നാട്ടിൽ എത്തിയപ്പോൾ ഏറെ സന്തോഷവതിയായി മായ.. എന്നാൽ രണ്ട് വർഷത്തോളം കഴിഞ്ഞു ഭർത്താവ് നാട്ടിൽ എത്തുമ്പോൾ ഒരു ഭാര്യയ്ക്ക് തോന്നാവുന്ന സന്തോഷത്തിന്റെ അത്രയും വ്യാപ്തി ഇല്ലായിരുന്നു അതിനു. ബെഡ് റൂമിലും മായയുടെ പെരുമാറ്റത്തിൽ അത്രമൊരു വിരഹത്തിനു ശേഷമുള്ള ഒന്നിച്ചു ചേരലിന്റെ സന്തോഷം സനൽ കണ്ടില്ല.. മകനുമായി വിശേഷങ്ങൾ
പറഞ്ഞു. ദുബൈയിലെ ജീവിതത്തെക്കുറിച്ച് സംസാരിച്ചു. അവർ കൊണ്ട് വന്ന സമ്മാനങ്ങൾ ഓരോന്നായി പങ്കുവച്ചു…
” മായാ.. ഞാനൊരു കാര്യം ചോദിക്കട്ടെ.. ”
പതിവില്ലാത്ത ആ മുഖവുരയ്ക്ക് മുന്നിൽ മായയുടെ നെറ്റി ചുളിഞ്ഞു
” എന്താ സനലേട്ടാ ഒരു മുഖവുരയൊക്കെ… കാര്യം ചോദിക്ക് ”
” ആരാ ഈ ജോമോൻ.. അവനുമായുള്ള നിന്റെ ബന്ധം എന്താണ്… ഒഴിഞ്ഞു മാറേണ്ട… നിന്റെ ഫോണിൽ നിങ്ങടെ ചില ചാറ്റുകൾ ഞാൻ കണ്ടു… ”
ഞെട്ടി തരിച്ചു നിൽക്കുന്ന മായയുടെ മുഖത്ത് നിന്നും മറുപടി വായിച്ചെടുത്തു സനൽ അതോടെ ആകെ തകർന്നു പോയി അവൻ..
” നമ്മുടെ സ്വപ്നങ്ങൾക്ക് വേണ്ടി ഞാൻ നാടും വീടുമെല്ലാം വിട്ട്….. എന്നിട്ട് എങ്ങിനെ തോന്നി നിനക്ക് എന്നോട് ഇത് ചെയ്യാൻ”
ചങ്കു പൊട്ടിയുള്ള സനലിന്റെ ആ ചോദ്യത്തിന് എന്ത് മറുപടി പറയണമെന്ന് അറിയാതെ പൊട്ടിക്കരഞ്ഞു പോയി മായയും.
” എന്നോട് ക്ഷമിക്കണം.. അറിയാതെ പറ്റിപ്പോയി.. ”
കെഞ്ചുകയായിരുന്നു അവൾ.. പക്ഷെ മറുപടി പറഞ്ഞില്ല സനൽ മിഴിനീർ തുടച്ചു കൊണ്ട് അവൻ മുറി വിട്ട് പുറത്തേക്ക് പോയി..
അന്നത്തെ രാത്രി സനൽ ഉറങ്ങിയില്ല. അവന്റെ മനസ്സ് തകർന്നിരുന്നു. സ്വന്തം ജീവിതത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ചിന്തിക്കുമ്പോൾ എല്ലാം ശൂന്യമായി തോന്നി. താനൊരു പൊട്ടനാണ് എന്ന തോന്നൽ അവനെ വല്ലാതെ വീർപ്പു മുട്ടിച്ചു.. ഒടുവിൽ മായയോട് ഒരു മധുര പ്രതികാരമായി പ്രതിസന്ധിയെ നേരിടാനുള്ള വഴി കാണാതെ.. സ്വന്തം ജീവിതം അവസാനിപ്പിക്കാനുള്ള ദുരന്തകരമായ തീരുമാനത്തിലേക്ക് വഴുതി വീണു സനൽ. കീടനാശിനിയുമായി അവൻ പതിയെ വീട് വിട്ട് പുറത്തേക്കിറങ്ങി.
തന്റെ അധ്വാനമാണ് ഈ വീട്.. നാളെ തന്റെ ശ്വാസം ഉള്ളിൽ വച്ചു നിലച്ചു എന്നൊരു കളങ്കം ആ വീടിനുണ്ടാകാൻ പാടില്ല എന്ന് ഉറച്ചിരുന്നു അവൻ.
പിറ്റേന്നത്തെ പ്രഭാതം മായയുടെ നിലവിളിയോടെയാണ് ഉണർന്നത്..
മുറ്റത് നിശ്ചലനായി കിടന്നിരുന്ന സനലിന്റെ മുന്നിൽ പൊട്ടിക്കരഞ്ഞു അവൾ.. കുറ്റബോധം വലിയൊരു നഷ്ടബോധമായി മാറവേ തന്റെ സമനില തെറ്റുമോ എന്ന് പോലും ഭയന്നു മായ..
” ഏട്ടാ.. തെറ്റ് പറ്റിപ്പോയി എനിക്ക്.. അതിനു എന്നെ ഇങ്ങനെ ശിക്ഷിക്കണമായിരുന്നോ.. ”
മായയുടെ ആ നിലവിളി കേട്ടിട്ട് ഒന്നും മനസിലാകാതെ അവിടെ കൂടി നിന്നവർ എല്ലാവരും മുഖാമുഖം നോക്കുമ്പോൾ അയൽക്കാരനായ സനലിന്റെ ആ സുഹൃത്ത് മാത്രം ഓരത്തേക്ക് മാറി നിന്ന് മിഴി നീർ പൊടിച്ചു
അതിനിടയിൽ ഓടിക്കൂടിയവരിൽ ഒരാൾ സനലിന്റെ വലതു കൈപ്പത്തിയിൽ ചുരുട്ടി പിടിച്ചിരുന്നോ ആ പേപ്പർ വലിച്ചെടുത്തു നിവർത്തി
‘മായ… മോനെ നീ മറക്കരുത്.. ഉപേക്ഷിക്കരുത്.. കാരണം അവന് നീ മാത്രമേ ഉള്ളു….’
അത്ര മാത്രമാണ് സനൽ കുറിച്ചത്. മായയുടെ ചങ്കിലേക്ക് കനൽ കോരിയിടുന്ന വരികൾ..
നമ്മുടെ പ്രിയപ്പെട്ടവരുടെ ചില വലിയ തെറ്റുകൾ അത്രമേൽ നമ്മളെ തളർത്തും ഒരു കുറ്റ സമ്മതത്തിലോ ക്ഷമാപണത്തിലോ തീരുന്നതാകില്ല അത് ഏൽപ്പിക്കുന്ന ആഘാതം..
സനലിന്റെ വേർപാട് മായയ്ക്ക് ഇനി എന്നും ഒരു വേദനയാണ്.. ചെയ്തു പോയ വലിയ തെറ്റിന്റെ പ്രായശ്ചിത്തം ഇനിയുള്ള ജീവിതം നീറി നീറി അവർ തീർക്കണം..
(ശുഭം )
✍️പ്രജിത്ത് സുരേന്ദ്രബാബു
