രാവണൻ്റെ സീത രാമൻ്റേതും
(രചന: Nisha Pillai)
കുടുംബത്തിലെ ആദ്യത്തെ കൺമണിയായി പിറന്ന് വീണതൊരു പെൺകുട്ടി, അച്ഛനും കൊച്ചച്ചൻമാരും അവളുടെ ജനനം ആഘോഷമാക്കി.
നാടും വീടും അവളുടെ ജനനമറിഞ്ഞു. തുമ്പപൂവിൻ്റെ നൈർമല്യമുള്ള മുഖം, എല്ലാവർക്കുമവൾ പ്രിയങ്കരിയായി മാറി.
പേരിടൽ ചടങ്ങുകൾക്കിടയിൽ മുറുമുറുപ്പ്. അച്ഛന് സീതയെന്ന പേര് വിളിക്കണം , അമ്മയ്ക്ക് കമലയെന്നും കൊച്ചച്ചൻമാർക്ക് മധുബാലയെന്നും.
മുത്തശ്ശിമാത്രം അഭിപ്രായമൊന്നും പറഞ്ഞില്ല, പേരൊക്കെ നിങ്ങളുടെ ഇഷ്ടമെന്ന് ചൊല്ലി. ഒടുവിൽ അച്ഛൻ സീതയെന്ന് വിളിച്ചപ്പോൾ അച്ഛമ്മയുടെ മുഖം മങ്ങി.അകന്ന ബന്ധത്തിലുള്ള ഒരു അമ്മായി ഇഷ്ടക്കേട് തുറന്നു പറഞ്ഞു.
“വേണ്ടിയിരുന്നില്ല മോഹനാ ആ പേര്.”
അച്ഛൻ ഗൗരവത്തിലായി.
“എന്താ ആ പേരിന് കുഴപ്പം.സീത ഭാഗ്യവതിയല്ലേ. ഭർത്തൃമതിയല്ലേ, രാജകുമാരി. സുന്ദരി, സ്വയംവരത്തിന് ഭാഗ്യം കിട്ടിയവൾ.”
“എന്ത് ഭാഗ്യം, ദുഃഖപുത്രി, രാവണൻ തട്ടിക്കൊണ്ട് പോയവൾ, ഭർത്താവ് സംശയത്താൽ ഉപേക്ഷിച്ചവൾ. ജനിച്ചപ്പോൾ മാതാവ് ഉപേക്ഷിച്ചു. വളർന്നത് വളർത്തച്ഛൻ്റെ കൊട്ടാരത്തിൽ.”
“എന്നാലും രാജകുമാരി ആയി അല്ലേ സീത കൊട്ടാരത്തിൽ വളർന്നത്.അതൊക്കെ പഴംകഥ.അമ്മായി അത് വിടൂ. എന്റെ മകളും രാജകുമാരിയായി വളരട്ടെ .”
അച്ഛന്റെ ആഗ്രഹപ്രകാരം ആ കുടുംബത്തിലെ രാജകുമാരിയായി വളരാൻ അവൾക്കു രണ്ടു വർഷമേ ഭാഗ്യമുണ്ടായുള്ളു.
കൂടെ കൂടെ കാലിലെ വേദനയും നീരും വൃക്കയുടെ പ്രവർത്തന രാഹിത്യമാണെന്ന് മനസിലാക്കിയപ്പോഴേക്കും വൈകിയിരുന്നു . അച്ഛൻ കിടപ്പിലായി. ഡയാലിസിലൂടെ മാസങ്ങൾ മാത്രം അച്ഛന് ആയുസ്സു നീട്ടി കിട്ടി.
അച്ഛന്റെ മരണത്തോടെ കൈക്കുഞ്ഞായ അവളെ ഉപേക്ഷിച്ചു അമ്മ അവരുടെ വീട്ടിലേയ്ക്കു തിരിച്ചു പോയി. ഉടയാത്ത യൗവനവും വർഷങ്ങളുടെ ആയുസ്സും കണക്കിലെടുക്കുമ്പോൾ അമ്മയ്ക്ക് മറ്റൊരു വിവാഹ ജീവിതമാണ് ലാഭം.
പക്ഷെ അച്ഛന്റെ മരണത്തിനും അമ്മയുടെ ഉപേക്ഷിക്കലിനും പഴി മുഴുവൻ പാവം പേരിനായിരുന്നു .സീതയുടെ പേര് എന്ത് പിഴച്ചു.?
കൈക്കുഞ്ഞായ സീതയെ വളർത്താൻ അച്ഛമ്മയും കൊച്ചച്ചന്മാരും തയാറായി. മാതാപിതാക്കളില്ലാത്ത കുഞ്ഞായിരുന്നുവെങ്കിലും അവരെല്ലാം അവളെ കണ്ണിന്റെ കൃഷ്ണമണി പോലെ വളർത്തി.
കൊച്ചച്ചന്മാരുടെ കല്യാണവും അവരുടെ കൊച്ചുങ്ങളുടെ ജനനം ഒക്കെ കഴിഞ്ഞതോടെ കാര്യങ്ങൾ മാറി മറിയാൻ തുടങ്ങി.
കുഞ്ഞുങ്ങളുടെ തുണി കഴുകാനും മുറ്റമടിക്കാനും വെള്ളം കോരാനും എല്ലാം കൊച്ചു സീത നിയോഗിക്കപ്പെട്ടു. അച്ഛമ്മയ്ക്കു എപ്പോഴും സംരക്ഷണം ഏറ്റെടുക്കാൻ കഴിഞ്ഞില്ല.പാവം സീത എല്ലാ പരിസ്ഥിതികളോടും പൊരുത്തപ്പെട്ടു വളർന്നു വന്നു.
അവൾക്കു പതിനെട്ടു വയസായപ്പോൾ മുത്തശ്ശിക്ക് ആധി തുടങ്ങി.
മുത്തശ്ശിയുടെ വിയോഗത്തിന് ശേഷം അവളുടെ കാര്യം ആര് നോക്കും.വീണ്ടും ജാതകവും പേരും ഒക്കെ വിമർശനങ്ങൾക്കു വിധേയമായി.മർച്ചന്റ് നേവിയിൽ ജോലി ചെയ്യുന്ന കിരണിന് ആദ്യ ദൃഷ്ടിയിൽ തന്നെ അവളെ ഇഷ്ടമായി.
അവൻ അവളുടെ ഭൂതകാലമൊന്നും ചികയാതെ തന്നെ അവളെ ജീവിത സഖിയായി.പുതിയ വീട്ടിൽ ആദ്യമൊക്കെ അവൾക്കു പരമാനന്ദമായിരുന്നു.
സ്നേഹമുള്ള ഭർത്താവ്, മാതാപിതാക്കൾ. കാര്യങ്ങളൊക്കെ പെട്ടെന്ന് തന്നെ തകിടം മറിഞ്ഞു .ആഫ്രിക്കൻ തീരത്തു പോയ കിരണിന്റെ കപ്പൽ സോമാലിയൻ കൊള്ളക്കാർ തടവിലാക്കി.അവർ മോചനദ്രവ്യം ആവശ്യപ്പെട്ടു.
കപ്പൽ കമ്പനി വഴങ്ങിയില്ല.പ്രതികാര ദാഹികളായ കൊള്ളക്കാർ രണ്ടു ബന്ദികളെ കൊന്നു കടലിൽ തള്ളി.ഇന്ത്യ ഗവണ്മെന്റിന്റെ സമയോചിതമായ ഇടപെടൽ മൂലം അവരെ മോചിപ്പിക്കാൻ കഴിഞ്ഞു.
കിരണിന്റെ മടങ്ങി വരവിനായി സന്തോഷപൂർവം കാത്തിരുന്ന സീതക്ക് വീട്ടിലുള്ളവരുടെ ചില മാറ്റങ്ങൾ അസ്വാഭാവികമായി തോന്നി.
കിരണിന്റെ അച്ഛന് മാത്രം യാതൊരു മാറ്റവുമില്ല. അമ്മയും പെങ്ങളും തീരെ മിണ്ടാതായി. സമയത്തിന് ഭക്ഷണം കിട്ടാതായി. അവനു വേണ്ടിയവൾ എല്ലാം സഹിച്ചു ,ക്ഷമിച്ചു.
താമസിയാതെ മാറ്റത്തിന്റെ കാരണം പിടി കിട്ടി.അവളുടെ ജാതകദോഷം മൂലമാണ് കിരണിനു ജയിലിൽ കിടക്കേണ്ടി വന്നതെന്ന കണ്ടു പിടിത്തമായിരുന്നു അതിനു കാരണം.
കിരണിനെ കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ കുടുംബവുമായി അകന്നു കഴിഞ്ഞിരുന്ന അമ്മാവനും വിവാഹ ബന്ധം വേർപെടുത്തിയ മകളും ഉണ്ടായിരുന്നു.
സീതയെ ഉപേക്ഷിക്കുക ,മുറപ്പെണ്ണിനെ പുനർവിവാഹം ചെയ്യുക. അതായിരുന്നു കിരണിന്റെ ഭാവി ജീവിതത്തിനു വേണ്ടി അമ്മ കണ്ടു പിടിച്ച പരിഹാരം.
സീതക്കു വേണ്ടി ഭാര്യയോടും അളിയനോടും മകനോടും മകളോടും വേണ്ടി ആ അച്ഛൻ പൊരുതി. അവസാനം പൊരുതി തോറ്റപ്പോൾ മരുമകളെയും കൂട്ടി തന്റെ ഓഹരിയിലുള്ള ചെറിയൊരു വീട്ടിലേക്കു താമസം മാറി.അപ്പോഴും എല്ലാവരും അവരെ പരിഹസിച്ചു.
അമ്മായിയച്ഛനും മരുമകളും തമ്മിൽ ബന്ധങ്ങളുണ്ടായാൽ ഏതൊരു ഭർത്താവും ചെയ്യുന്നതേ കിരൺ ചെയ്തുള്ളു എന്നൊക്കെ ന്യായീകരണ കുറിപ്പുകൾ കുടുംബത്തിൽ നിന്നും വന്നു.ഇതൊന്നും കണ്ടു ആ അച്ഛൻ പേടിച്ചില്ല.
മുത്തശ്ശിയെ പോയി കണ്ടു. സത്യാവസ്ഥ ബോധിപ്പിച്ചു.കൊച്ചച്ചന്മാരും അവരുടെ ഭാര്യമാരും അതൊന്നും വിശ്വസിച്ചില്ല. സങ്കടത്തോടെ മുത്തശ്ശി കണ്ണടച്ചു. മുത്തശ്ശിയെ ഒരു നോക്ക് കാണാൻ പോലും അവൾക്കു അവസരം നിഷേധിക്കപ്പെട്ടു .
സീതക്കു വേണ്ടിയായിരുന്നു ആ അച്ഛന്റെ പിന്നെയുള്ള ജീവിതം.ചുമടെടുക്കാനും വിറകു കീറാനും കൂലിപ്പണിക്കും ഒക്കെ പോയി തുടങ്ങി.അവളെ വീണ്ടും കോളേജിൽ ചേർത്തു.ആരോപണങ്ങൾ ഒഴിവാക്കാൻ അവളെ ഹോസ്റ്റലിൽ ചേർത്തു.
അദ്ദേഹത്തിൻ്റെ പേരിലുള്ള വീടും സ്ഥലവും അവളുടെ പേരിലാക്കി.അവൾ വാശിയോടെ പഠിച്ചു.ബിരുദവും ബിരുദാനന്തര ബിരുദവും നല്ല മാർക്കോടെ പാസ്സായി.
പാരലൽ കോളേജിൽ പഠിപ്പിക്കാനായി പോയി. എല്ലാ ടെസ്റ്റുകളും എഴുതി.പല ടെസ്റ്റുകളിലും പാസ്സായി. അച്ഛൻ ആഗ്രഹിച്ച പ്രകാരം പഞ്ചായത്തിലെ ക്ലറിക്കൽ തസ്തികയിൽ അവൾ നിയമനം നേടി.
അവളുടെ ഭാവി സുരക്ഷിതമായെങ്കിലും തന്റെ കാലശേഷം അവൾ ഒറ്റക്കാകുമെന്ന പേടി ആ അച്ഛനെ വല്ലാതെ വിഷമിപ്പിച്ചു.
“അച്ഛാ കിരണേട്ടൻ എന്നെ കാണാനായി ഓഫീസിൽ വന്നിരുന്നു.കൂടെ ചെല്ലാൻ പറഞ്ഞു എൻ്റെ തെറ്റൊക്കെ മറക്കാൻ തയാറാണത്രേ.”
“എന്നിട്ട്? ആട്ടി ഓടിക്കാമായിരുന്നില്ലേ ആ നപുംസകത്തേ, അതോ ചെല്ലാമെന്നങ്ങ് വാക്ക് കൊടുത്തോ, സർവംസഹയായ സീത.തെറ്റുകൾ ക്ഷമിക്കാമെന്നോ? എന്ത് തെറ്റ് അമ്മായിച്ഛനോടൊപ്പം അന്തിയുറങ്ങിയെന്നോ.”
അയാൾ കോപം കൊണ്ട് ജ്വലിച്ചു.ഒരുവേള അയാൾ നിശബ്ദനായി.
“നീയിപ്പോൾ ജോലിക്കാരിയായില്ലേ?ഇനി അവളേയും അവന് മടുത്തോ.”
“അച്ഛൻ്റെ പരിഹാസം എനിക്ക് മനസിലാകും ആ അദ്ധ്യായം എന്നേ ഞാൻ അടച്ചതാണ്.ഇനി തുറക്കാനാകാത്തവണ്ണം ആണിയടിച്ചു.”
“എല്ലാവർക്കും ഞാൻ രാവണനായ അച്ഛനാണ്,സീതയെ തട്ടി കൊണ്ട് പോയവൻ,
പക്ഷെ ഈ സീതയും രാവണനും തമ്മിലുള്ള ആത്മബന്ധം നിന്റെ മുത്തശ്ശിയല്ലാതെ ആരാണ് മനസ്സിലാക്കിയിട്ടുള്ളത്? ഞാൻ പോയാൽ നീ ഒറ്റക്കാകില്ലെ,ആരെങ്കിലും വന്നു അഗ്നി പരീക്ഷയാൽ ശുദ്ധി തെളിയിക്കാനാവശ്യപ്പെട്ടാൽ.
സീത ധർമിഷ്ഠയാണ് എന്ന് കരുതി ലോകത്തെ വെല്ലുവിളിച്ചു അഗ്നി ശുദ്ധി വരുത്തേണ്ട ആവശ്യമില്ല, കാരണം നിന്റെ രാമൻ ധർമിഷ്ഠനല്ലായിരുന്നു. കാലം മാറി.ലോകവും മാറി.”
“അച്ഛാ ഇതൊക്കെ നമ്മളേറെ പറഞ്ഞതല്ലേ. ജാനകിക്ക് സാക്ഷി ജാനകി തന്നെയായിരുന്നു.”
”മൂന്നുലോകങ്ങളിലും കളങ്കമേല്ക്കാത്തവള് സീത ,നിനക്ക് പറയാൻ കഴിയും . പക്ഷെ അതല്ല ഇപ്പോളെന്റെ സങ്കടം, നിന്നെ മനസിലാക്കുന്ന ഒരാളെ കണ്ടെത്തണം. അതും എന്റെ കടമ തന്നെയാണെന്ന് അച്ഛന് ഉത്തമ ബോധ്യമുണ്ട്.
ദുഃഖപുത്രി എന്ന മൂടുപടത്തിൽ നിന്നും നീ പുറത്തിറങ്ങണം. പേരും ജാതകവുമൊന്നുമല്ല ഒരു വ്യക്തിയുടെ ജീവിതം നിശ്ചയിക്കുന്നതിന് നീ നിന്റെ ജീവിതം കൊണ്ട് തെളിയിക്കണം.”
“ആവാം അച്ഛാ തെളിയിക്കാം,പക്ഷെ മറ്റൊരു വിവാഹം ? അതെനിക്കാവില്ല. ഒരിക്കൽ സ്നേഹിക്കാനും ഹൃദയത്തിലെ കിളിക്കൂട്ടിൽ അടയ്ക്കാനും തോന്നുമ്പോൾ തുറന്ന് വിടാനും. ഒരാളുടെ എല്ലാ മുഖങ്ങളും ചുരുങ്ങിയ സമയത്ത് കണ്ടനുഭവിച്ചതല്ലേ.”
“അച്ഛൻ പറയുന്നത് മോൾ അനുസരിക്കണം. നിന്നെ കാണാനൊരാളിവിടെ വരും.സ്കൂൾ മാഷാണ്. വിഭാര്യനാണ്. നിന്നോട് എങ്ങനെ പറയണമെന്ന വിഷമത്തിലായിരുന്നു ഇത് വരെ.കിരൺ നിന്നെ തേടി വന്ന സ്ഥിതിക്ക് ഇനി വൈകിക്കൂടാ.”
“നീ തുറന്ന് സംസാരിക്കൂ.നല്ലവനാണെന്ന് തോന്നി.തീരുമാനം നിനക്ക് വിട്ടു തന്നിരിക്കുന്നു.”
മാഷ് ഞായറാഴ്ച വന്നു.കണ്ടു. സംസാരിച്ചു. എല്ലാം തുറന്ന് പറഞ്ഞപ്പോൾ അവൾക്ക് ആശ്വാസം തോന്നി. തെറ്റിധാരണ കൊണ്ട് ഭാര്യ ആത്മഹത്യ ചെയ്ത വേദനയാണ് മാഷിന് . പരസ്പരം മനസ്സിലാക്കാൻ കഴിയാത്ത ദാമ്പത്യം ആയിരുന്നു അവരുടേത്.
അവൾക്ക് മാഷിനോട് ഒരു ഡിമാന്റ് മാത്രമേ വയ്ക്കാനുണ്ടായിരുന്നുള്ളൂ. രാവണൻ്റെ കൊട്ടാരം ഉപേക്ഷിച്ച് അവൾ വരില്ലായെന്ന്. സ്വന്തമായി ഒരു കൂരയില്ലാതിരുന്ന മാഷിന് അത് സമ്മതവുമായിരുന്നു.
മാഷിനെ വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയപ്പോഴാണ് തൻ്റെ ജന്മം ശപിക്കപ്പെട്ടതല്ല,അനുഗ്രഹീതമാണെന്ന് മനസ്സിലായത്.
ധർമിഷ്ഠനായ രാമനെ ഭർത്താവായി ലഭിച്ചു. മഹാഭാഗ്യം!!! അവളെ ആഴത്തിൽ മനസ്സിലാക്കിയവൻ.
ചാരിത്രശുദ്ധി തെളിയിക്കേണ്ടി വന്നില്ല,ആ ദാമ്പത്യ വല്ലരിയിൽ വിരിഞ്ഞ ആദ്യ കുസുമത്തെ രാവണൻ്റെ കയ്യിലേൽപിച്ച് രാമൻ്റെ സ്കൂട്ടറിന് പിന്നിൽ കയറുമ്പോൾ ഇതിഹാസത്തിന്റെ സീത തന്നെ നോക്കി അനുഗ്രഹം ചൊരിയുന്നതായി അവൾക്ക് തോന്നി.