മച്ചി
(രചന: Aneesha Sudhish)
“എന്താ നിന്റെ മുഖം വല്ലാതിരിക്കുന്നത് ?”
“ഒന്നൂല്ല്യ” അതും പറഞ്ഞ് മാളു തിരിഞ്ഞു കിടന്നപ്പോൾ ഉള്ളിലൊരു നീറ്റലുണ്ടായി.
അവളോട് ചേർന്ന് കെട്ടിപ്പിടിച്ചപ്പോൾ
ആ ഹൃദയമിടിപ്പ് കൂടി വരുന്നത് ഞാനറിഞ്ഞു.
“എന്തിനാ ശ്രീയേട്ടാ ഞാൻ ജീവിച്ചിരിക്കുന്നേ ഒരമ്മയാകാൻ പോലും കഴിവില്ലാത്ത എന്നെ എന്തിനാ ദൈവം സൃഷ്ടിച്ചത് .
ഞാൻ മരിക്കുന്നതല്ലേ നല്ലത് ശ്രീയേട്ടനെങ്കിലും ഈ ദുരിതത്തിൽ നിന്നു രക്ഷപെടട്ടെ എന്നു പറഞ്ഞപ്പോഴേക്കും അവളുടെ വായ ഞാൻ പൊത്തിയിരുന്നു.
അനിയത്തിയുടെ കുട്ടിയുടെ പേരിടൽ ചടങ്ങിനു പോയി വന്നപ്പോൾ മുതൽ അവളാകെ വിഷമത്തിലായിരുന്നു.
“ഞാൻ പ്രാണനെ പോലെ കൊണ്ടു നടന്നതല്ലേ മീനുവിനെ “അവൾക്കൊരു കുഞ്ഞുണ്ടായപ്പോൾ ഞാനെത്ര സന്തോഷിച്ചതാ
എന്നിട്ടും എല്ലാവരുടെ മുന്നിൽ വച്ച് ചേച്ചിയെന്റെ കുഞ്ഞിനെ എടുക്കണ്ടാന്നു പറഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ പറ്റണില്ല ശ്രീയേട്ടാ എനിക്ക് കുഞ്ഞില്ലാത്തത് എന്റെ തെറ്റു കൊണ്ടാണോ ? അവൾ വിതുമ്പിക്കരഞ്ഞു.
“വിവാഹം കഴിഞ്ഞ് പത്തും പതിനഞ്ചും വർഷം കഴിഞ്ഞ് കുഞ്ഞുണ്ടാകുന്നവരും ഇല്ലേ നമ്മുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷമല്ലേ ആയുള്ളൂ. അല്ലെങ്കിലും നിനക്ക് ഞാനും എനിക്ക് നീയും പോരേ മാളു ജീവിക്കാൻ ”
തിരിഞ്ഞ് എന്നിലേക്ക് ചേർന്നവൾ കിടന്നു അവളുടെ കണ്ണുനീരാൽ എന്റെ നെഞ്ചു കുതിർന്നു
നമ്മൾ മാത്രമുള്ള ലോകമായിരുന്നെങ്കിൽ എനിക്ക് ശ്രീയേട്ടനും ശ്രീയേട്ടന് ഞാനും മാത്രം മതിയായിരുന്നു പക്ഷേ അങ്ങനെയല്ല നമ്മുടെ ജീവിതം നമ്മുക്ക് ചുറ്റും ഒരു ലോകം തന്നെയുണ്ട്
വീട്ടുകാർ നാട്ടുകാർ ബന്ധുക്കൾ സുഹൃത്തുക്കൾ അങ്ങനെ എല്ലാവരും അവരുടെ പരിഹാസവും അവഗണനയും എത്രയും നാൾ ക്ഷമിക്കും ഇനിയും പിടിച്ചു നിൽക്കാനാവില്ല അതുകൊണ്ട് ” അവൾ ഒന്നു നിർത്തി
“നീയെന്താ പറഞ്ഞു വരുന്നത് ?”
“ശ്രീയേട്ടൻ വേറെ വിവാഹം കഴിക്കണം കുട്ടികളുണ്ടാകാത്തത് എന്റെ കുഴപ്പം കൊണ്ടല്ലേ ?”
“എന്നെ ഉപേക്ഷിച്ചിട്ട് നിനക്ക് സന്തോഷമായി ജീവിക്കാൻ പറ്റോ ഒരിക്കൽ പോലും നിന്റെ കണ്ണു നിറയില്ലെന്ന് എനിക്ക് വാക്കു തരണം പറ്റുമെങ്കിൽ മാത്രം നമ്മുക്ക് പിരിയാം എന്നെന്നേക്കുമായി ഞാൻ വേറെ കെട്ടണോ വേണ്ടയോ എന്ന് ഞാനല്ലേ തീരുമാനിക്കുന്നത്”
കുറച്ച് ദേഷ്യത്തോടെയാണ് ഞാനത് പറഞ്ഞത്. എനിക്കറിയാം എന്നെ പിരിഞ്ഞൊരു ജീവിതം അവൾക്കില്ലാന്ന് ..
അവൾ ഒന്നും മിണ്ടിയില്ല തന്റെ നെഞ്ചിൽ മുഖമമർത്തി കരയുകയായിരുന്നു…
അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു ആ കണ്ണുനീർ തുടച്ചു . രണ്ടു കൈയ്യാലും അവളുടെ മുഖമുയർത്തി.
“ഞാനൊരു കാര്യം പറയട്ടെ നിനക്ക് സമ്മതമാണെങ്കിൽ മാത്രം ഈ കാര്യവുമായി മുന്നോട്ട് പോകാം ”
നിറഞ്ഞു തുളുമ്പിയ കണ്ണുകളാൽ സംശയത്തോടെ എന്നെ നോക്കി.
“നമുക്കൊരു കുഞ്ഞിനെ ദത്തെടുത്താലോ എത്രയോ അനാഥ കുഞ്ഞുങ്ങൾ ഈ ഭൂമിയിൽ വളരുന്നുണ്ട്. മാതാപിതാക്കളുടെ വാത്സല്യം നിഷേധിച്ച് ജീവിതം മുഴുവൻ അനാഥയെന്ന് മുദ്രകുത്തി എത്രയോ കുഞ്ഞുങ്ങൾ ഇവിടെ വളരുന്നു…
അതിലെ ഒരാൾക്കെങ്കിലും ഒരു ജീവിതം നമ്മുക്ക് നൽകാനായാൽ അതല്ലേ മാളൂ നമ്മുടെ ജീവിതത്തിൽ ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യം ”
ആ കണ്ണുകൾ വിടർന്നു. “പലപ്പോഴും ഈ കാര്യം ഞാൻ പറയണമെന്നു കരുതിയതാണ് പക്ഷേ ഒരോ മാസവും ഒരു കുഞ്ഞിനായി ശ്രീയേട്ടന്റെ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ് കാണുമ്പോൾ എനിക്കത് പറയാൻ സാധിച്ചില്ല ”
“ഇതാണ് പെണ്ണേ നമ്മൾ ഇരു മെയ്യും ഒരു മനസ്സുമാണെന്ന് പറയുന്നത് നാളെ തന്നെ നമ്മുക്ക് ഇതിനെ കുറിച്ച് പോയി അന്വേഷിക്കാം ”
എന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ടവൾ പറഞ്ഞു. നമ്മുടെ മോളിപ്പോൾ ഉറങ്ങിയിട്ടുണ്ടാവോ ശ്രീയേട്ടാ ? നമ്മളെ കാത്ത് അവൾ ഉറങ്ങാതെ കാത്തിരിപ്പുണ്ടാകുമല്ലേ ?”
” നീ പറഞ്ഞത് ശരിയാണ് മാളു അനാഥാലയത്തിൽ വളരുന്ന ഓരോ കുഞ്ഞിനും ഒരു പ്രതീക്ഷയുണ്ടാകും നാളെ അവരെ കൂട്ടാൻ അവരുടെ അച്ഛനും അമ്മയും എത്തുമെന്ന് ”
” നമ്മൾ പ്രതീക്ഷിച്ചിരുന്നതു പോലെ അല്ലേ ”
“ശരിയാണ്. “മാളുന്റെ മുഖത്ത് സന്തോഷം നിറഞ്ഞു നിന്നിരുന്നു ഒരു കുഞ്ഞിനെ അവൾ അത്രയ്ക്ക് ആഗ്രഹിക്കുന്നുണ്ട്.
അവളെ ചേർത്തുപിടിച്ചു കിടന്നു. അവളുടെ അവസാന പ്രതീക്ഷയാണ് ഈ ദത്ത് എടുക്കൽ അത് നടത്തി കൊടുക്കേണ്ടത് എന്റെ കടമയാണ്.
നാളെയുടെ പുലരി ഞങ്ങൾക്കു വേണ്ടിയാണ് എനിക്കും മാളുവിനും പിന്നെ ഞങ്ങളുടെ പൊന്നോമനയ്ക്കും വേണ്ടി…