ആൽബട്രോസ്
(രചന: Atharv Kannan)
” പെണ്ണ് കാണാൻ വന്നിട്ട് താനെന്ന എന്നോടൊന്നും മിണ്ടാത്തെ? ” മുഖം തിരിഞ്ഞു നിക്കുന്ന വൈഗയെ നോക്കി കണ്ണൻ ചോദിച്ചു. അവൾ ഒന്നും മിണ്ടാതെ നിന്നു
” നാണം കൊണ്ടാണോടോ? എന്തായാലും നമ്മൾ ഒരുമിച്ചു ജീവിക്കണ്ടവർ അല്ലേ ” വൈഗ മെല്ലെ അവനു നേരെ തിരിഞ്ഞു
” എന്റെ മുഖം കണ്ടിട്ട് എനിക്ക് നാണം ഉള്ളതായി ചേട്ടന് തോന്നുന്നുണ്ടോ? ”
തന്റെ കണ്ണിലേക്കു തന്നെ തുറിച്ചു നോക്കിക്കൊണ്ടുള്ള ആ ചോദ്യം കണ്ണൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഒരു നിമിഷം വാക്കുകൾ തൊണ്ടയിൽ കുരുങ്ങി അവൻ അങ്ങനെ നിന്നു.
” എന്നാ പറഞ്ഞു പറഞ്ഞു ചേട്ടന് നാണായോ മിണ്ടാൻ? ” അവൾ വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു.
” ദേവ്യേ… ഇവളെ ആണോ എന്റമ്മ അടക്കോം ഒതുക്കോം ഉള്ള കുട്ടി എന്ന് പറഞ്ഞത് ??? ആണങ്ങളോട് ഒരു പെൺകുട്ടി ഇങ്ങനാ സംസാരിക്കാ??? ” കണ്ണൻ അവനോടു തന്നെ സ്വയം ചോദിച്ചു
” ആണുങ്ങളെ കുറച്ചെങ്കിലും ബഹുമാനം ആവാം എന്നാലോചിക്കുവായിരിക്കും? ”
” എങ്ങനെ മനസ്സിലായി? ”
” എന്റെ പൊന്നു ചേട്ടാ നിങ്ങളെ എനിക്ക് മനസ്സിലാക്കാൻ പറ്റും… അല്ലെങ്കിൽ ഇന്നത്തെ കാലത്തു ആരേലും അമ്മക്കിഷ്ടായി എന്നും പറഞ്ഞു പെണ്ണിനെ കാണാതെ കല്യാണത്തിന് സമ്മതിക്കുമോ? ”
” അതിനിപ്പോ എന്നാന്നെ… അമ്മക്കിഷ്ടപ്പെട്ട എനിക്കും ഇഷ്ടപ്പെടില്ലേ? ”
” കല്ല്യാണം കഴിക്കാൻ പോവുന്നത് അമ്മയാണോ അതോ ചേട്ടനാണോ? ” ചോദ്യം കേട്ടു കണ്ണൻ അവളെ കളിയാക്കി ഒന്ന് ചിരിച്ചു.
” തന്റെ അച്ഛൻ പറഞ്ഞിരുന്നു തനിക്കു നാവിച്ചിരി കൂടുതൽ ആണെന്ന്…. മോശമല്ലല്ലോ ” അസ്ഥാനത്തുള്ള കണ്ണന്റെ മറുപടി കേട്ടു അവൾക്കു ദേഷ്യം വന്നു…
” എടോ മനുഷ്യാ… എനിക്കും തനിക്കും ഓരോ ഇഷ്ടങ്ങൾ ഇല്ലേ? അതൊക്കെ പൊരുത്ത പെടുവോ എന്നൊക്കെ നോക്കണ്ടേ? ”
” ഹ ഹ… ഈ രാഹുവും കേതുവും ഒക്കെ അല്ലേ…? അതൊക്കെ നോക്കിയിട്ടാണല്ലോ അമ്മ കല്ല്യാണം ഉറപ്പിച്ചേ? ”
” ഓഹ്….. ” അവൾ പല്ലുകൾ കടിച്ചു പിടിച്ചു ” എടോ ഉദാഹരണത്തിന് എനിക്ക് കുക്കിങ് അറിയില്ല… തനിക്കറിയുവോ? നമുക്ക് പകരം രാഹുവും കേതുവും വന്നു ഭക്ഷണം ഉണ്ടാക്കി തരുവോ? ” അവന്റെ മുഖം മാറി
” അല്ല അങ്ങനല്ല… ”
” ഈ അച്ഛനും അമ്മേം പറഞ്ഞതല്ലാതെ എന്നെ കുറിച്ച് എന്തറിഞ്ഞിട്ടാ കണ്ണൻ ചേട്ടാ കല്യാണത്തിന് സമ്മതം മൂളിയത്? ”
” എടോ അതിപ്പോ കൊറേ ഒക്കെ തന്നെ കണ്ടാൽ അറിയാലോ തന്റെ ഇഷ്ടങ്ങൾ എന്നൊക്കെയാന്നു… ബാക്കി ഒക്കെ നമുക്കങ്ങു അഡ്ജസ്റ്റ് ചെയ്താൽ പോരെ? ”
” ചേട്ടൻ കല്യാണത്തിന് വന്നതാണോ അതോ കച്ചവടത്തിന് വന്നതാണോ? ” കണ്ണന് പിടി വിട്ടു…
” ഒകെ ശരി… എങ്കിൽ താൻ ചോദിക്കു.. ഞാൻ എന്റെ ഇഷ്ടങ്ങൾ പറയാം ” അവൾ ദീർഘമായി ഒന്ന് നിശ്വസിച്ചു
” ഏതാ ചേട്ടന്റെ ഫേവറൈറ്റ് പൊസിഷൻ? ”
” വൺ ഡൗൺ ”
” എന്നാന്നു? ”
” ബാറ്റിങ് ഓർഡർ അല്ലേ കുട്ടി ചോദിച്ചേ? ”
” പിന്നെ കല്ല്യാണം കഴിഞ്ഞു ബെഡ് റൂമിൽ പതിനൊന്നു കളിക്കാരും അമ്പയറും നിക്കുവാണല്ലോ… ”
” ഏഹ്… ഇഷ്ടങ്ങൾ എന്ന് പറഞ്ഞപ്പോ ചോദിയ്ക്കാൻ പറഞ്ഞത് ഈ കൊച്ചു കൊച്ചു കാര്യങ്ങളാ.. തനിതെന്തോന്ന് വേണ്ടാത്ത കാര്യങ്ങൾ ഒക്ക ചോദിക്കുന്നെ? ”
” വേണ്ടാത്ത കാര്യോ? അപ്പൊ ചേട്ടന് അതിലൊന്നും താല്പര്യം ഇല്ലേ? അങ്ങനാണേൽ പിന്നെ എന്നാത്തിനാ കല്ല്യാണം കഴിക്കുന്നേ?
” നീ എന്നെ മനഃപൂർവം അപമാനിക്കുവാണ്… ”
” ബെസ്റ്റ്.. അതവിടുന്നും പോയി”
” ചേട്ടാ ഇതൊന്നും ശരിയാവത്തില്ല.. ചേട്ടന്റെ മനസ്സിലെ കുലസ്ത്രീ സങ്കൽപം ഒന്നും അല്ല ഞാൻ.. എനിക്ക് എന്റേതായ ഇഷ്ടങ്ങൾ ഉണ്ട്.. അഭിപ്രായങ്ങൾ ഉണ്ട്… കഞ്ഞി മുതൽ കിടക്കവരെ എല്ലാ കാര്യങ്ങളിലും പരസ്പര ധാരണയോടെ ഒരുമിച്ചു ചർച്ച ചെയ്തു തീരുമാനം എടുക്കാൻ കഴിവുള്ള ഒരാളെ ആണ് എനിക്ക് വേണ്ടത്.”
” സത്യം പറയട്ടെ… എനിക്കിതിൽ ഇതുവരെ ഒരു എക്സ്പീരിയൻസും ഇല്ല ” ഇരുവരും കുറച്ചു നേരം മൗനം പാലിച്ചു.
” ഇതുവരെ ആരെയും പ്രണയിച്ചിട്ടില്ലേ??? ” വൈഗയുടെ ചോദ്യം കേട്ടു കണ്ണൻ തെല്ലൊന്നു പരിഭ്രമിച്ചു
” എന്തെ അതും ഇല്ലേ? ”
” തോന്നിട്ടുണ്ട്.. പറയാൻ പേടി ആയിരുന്നു ”
” എന്റശ്വരാ ഇതെന്തൊരു മനുഷ്യൻ ” വൈഗ മനസ്സിൽ പറഞ്ഞു…
കണ്ണന്റെ കൈകാലുകൾ വിറക്കാൻ തുടങ്ങിയിരുന്നു… വിയർപ്പു നെറ്റിയിൽ നിന്നും ഒഴുകിയിറങ്ങി. ” അതെ, എനിക്ക് വേണ്ടി ഒരു ഉപകാരം ചെയ്യുമോ? ”
” എന്നതാ? ”
” എന്നെ ഇഷ്ടായില്ലെന്നു ഒന്ന് പറയുവോ? ”
വൈഗയും വാക്കുകൾക്കായി പരതി തുടങ്ങി.. എന്ത് പറയണം എന്നറിയാതെ അവൾ ചുറ്റി തിരിഞ്ഞു…” എന്റെ വീട്ടുകാരോടുള്ള ദേഷ്യം മുഴുവൻ ഞാൻ ഇയ്യാളോട് കാണിച്ചു.. പാടില്ലായിരുന്നു ” അവൾ സ്വയം പറഞ്ഞു.
” ആം സോറി…. ചേട്ടന് എന്റെ ആറ്റിറ്റ്യൂഡ് വിഷമം ഉണ്ടാക്കി കാണും എന്നെനിക്കറിയാം… ഞാൻ കുറച്ചു… ”
” ഏയ്… അങ്ങനൊന്നും ഇല്ല.. ഓരോരുത്തർക്കും ഓരോ ഇഷ്ടല്ലേ? എനിക്ക് മനസ്സിലാവും ”
ഇരുവരും പരസ്പരം മുഖത്തോടു മുഖം നോക്കാൻ ബുദ്ധിമുട്ടി…. മൗനം കൂടി വരുന്നത് ഇരുവരുടെയും ഹൃദയത്തിന്റെ താളം കൂട്ടികൊണ്ടിരുന്നു
” എനിക്കൊരു അഫ്ഫയർ ഉണ്ടായിരുന്നു… അതും ചെറുപ്പം മുതലേ എനിക്ക് നല്ല പരിചയം ഉള്ള ഒരാൾ”
” എന്നിട്ടു? ” കണ്ണൻ അറിയാനുള്ള ആകാംക്ഷയിൽ ചോദിച്ചു
” എന്നെയും എന്റെ വീട്ടുകാരെയും തുടങ്ങി എല്ലാം അറിയാവുന്ന ഒരാൾ.. പക്ഷെ സമയം കടന്നു പോവും തോറും കാര്യങ്ൾ കൂടുതൽ വഷളായി വന്നു. ഒടുവിൽ പരസ്പരം ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റാതായി. പൊസ്സസിവനെസ്സ്, ഡൌട്ട് അങ്ങനെ അങ്ങനെ..
ഒടുവിൽ എന്റെ മാനസിക നില തന്നെ തകരും എന്നയപ്പോ എനിക്ക് പിന്മാറേണ്ടി വന്നു. എന്നെ കുറിച്ച് അത്രയും അറിയാവുന്ന ഒരാൾക്ക് പോലും എന്നെ മനസ്സിലാക്കാൻ കഴിയില്ലെങ്കിൽ പിന്നെ എങ്ങനെ പെട്ടന്നൊരു ദിവസം പെണ്ണ് കാണാൻ വരുന്ന ഒരാൾക്ക് അത് സാധിക്കും? ”
” അങ്ങനെ മുൻവുധി വേണോ? എല്ലാവരും ഒരുപോലെ ആണോ? ”
” ഇതെല്ലാവരും പറയുന്ന ഡയലോഗ് അല്ലേ? കാര്യത്തിലേക്കു അടുക്കുമ്പോ നിങ്ങടെ ഒക്കെ സ്വഭാവം മാറും ”
കണ്ണൻ ചിരിച്ചു…
” ചിരിക്കാൻ ഞാൻ വെല്ലോം പറഞ്ഞോ? ”
കണ്ണൻ ചിരി നിർത്തി…
” ഞങ്ങള് തമ്മിൽ ആദ്യമേ ഉടക്കാൻ ഉള്ള കാരണവും അത് തന്നെ ആയിരുന്നു ”
” എന്ത്? ”
” സപ്പോസ് നമ്മുടെ വിവാഹം കഴിഞ്ഞു എന്ന് കരുതുക ”
” ഉം ”
” ഫസ്റ്റ് നൈറ്റിൽ ഞാനാണ് ആദ്യ സ്റ്റെപ് അങ്ങട് വെക്കുന്നതിൽ ചേട്ടന് എന്താവും ഉള്ളിൽ തോന്നുക? ”
കണ്ണൻ ഞെട്ടലോടെ അവളെ നോക്കി
” കണ്ടോ… ഞാനതു പറഞ്ഞപ്പോ തന്നെ ചേട്ടൻ ഞെട്ടി… അപ്പൊ റിയാൽ ലൈഫിൽ ആണെങ്കിലോ?”
” അത് പിന്നെ അങ്ങനൊക്കെ ചെയ്യുമ്പോ എക്സ്പീരിയൻസ്ഡ് ആണെന്നല്ലേ ഞങ്ങൾക്ക് തോന്നു ” വൈഗ അവനെ തുറിച്ചു നോക്കി
” കണ്ണേട്ടാ, അപ്പൊ നിങ്ങൾ ആണുങ്ങൾ ഒന്നും അറിയാതെ വന്നിട്ടാണോ ആദ്യരാത്രി ഇതെല്ലം കാണിച്ചു കൂട്ടുന്നെ? ” കണ്ണൻ പരുങ്ങി ..
” അതിപ്പോ… ആണുങ്ങളെ പോലെ അല്ലല്ലോ പെണ്ണുങ്ങൾ… ”
” ഹ.. കൊള്ളാം.. എന്തായാലും രണ്ടും മനുഷ്യര് തന്നെ അല്ലേ…? നിങ്ങള്ക്ക് മുൻപരിചയം ഉണ്ടന്ന് ഞങ്ങൾക്കും തോന്നിക്കൂടെ? അതോ ഞങ്ങക്ക് മാത്രമായി എന്തേലും പ്രത്യേകിച്ച് നഷ്ടപ്പെടാൻ ഉണ്ടോ? ” അതിനു കണ്ണന് ഉത്തരം ഇല്ലായിരുന്നു
” വായിച്ചുള്ള അറിവായാലും കേട്ടറിവായാലും ഇനി എന്ത് തന്നെ ആയാലും അത് നിങ്ങളെ പോലെ തന്നെ അല്ലേ ഞങ്ങളും പഠിക്കുന്നെ? ”
” മതി.. എന്റെ തല പുകയുന്നു ” കണ്ണൻ സുല്ലിട്ടു.
” നീ എന്നെ കണ്ഫയൂസ്‌ഡ് ആക്കി” കണ്ണൻ മുഖത്ത് നോക്കാതെ അവളോട് പറഞ്ഞു
” ഞാൻ ഒന്നും ചെയ്തിട്ടില്ല കണ്ണേട്ടാ… കണ്ണേട്ടന്റെ ഉള്ളിൽ ഇപ്പോ ഉത്തരം ഇല്ലാത്ത കുറെ ചോദ്യങ്ങൾ ഉദിച്ചിട്ടുണ്ട്… അതാണ് ” കണ്ണൻ അവളെ അത്ഭുദത്തോടെ നോക്കി…
” എനിക്ക് ഒറ്റ ആഗ്രഹമേ ഉള്ളൂ, എനിക്കായി വരുന്നവൻ മുന്നേ ആരുടേതായിരുന്നോ എന്തായിരുന്നോ ഒന്നും എനിക്കറിയണ്ട. ഈ നിമിഷം മുതൽ അവനു എന്റേത് മാത്രമായി ഇരിക്കാൻ കഴിയുമോ…
ഒന്നെങ്കിൽ എന്റെ മരണം വരെ അല്ലെങ്കിൽ ഞങ്ങൾ പിരിയും വരെ… ഒരിക്കൽ പിരിയേണ്ടി വന്നാൽ പിന്നീടദേഹം ആരുടേയും ആയിക്കൊള്ളട്ടെ, പക്ഷെ എന്റെ കൂടെ ജീവിക്കുമ്പോൾ എന്റെ മാത്രമായിരിക്കണം…
എന്നെ സന്തോഷമായി വെക്കാൻ കഴിയണം. എനിക്കും അദ്ദേഹത്തെ സന്തോഷമായി നിർത്താൻ കഴിയണം. ഈ ലോകത്തുള്ള എന്തിനെ പറ്റിയും ഏതു പാതി രാത്രിയിലും എനിക്ക് സംസാരിക്കാൻ കഴിയണം. ഒപ്പം അദേഹത്തിന്റെ ഇഷ്ടങ്ങളെയും മനസ്സിലാക്കി ചെയ്തു കൊടുക്കാൻ കഴിയണം. ”
” ഇങ്ങനുള്ള നായകന്മാർ തെലുങ്ക് പടത്തിൽ പോലും കാണത്തില്ല കേട്ടോ ” കണ്ണൻ ചിരിയോടെ പറഞ്ഞു.
” തനിക്കതൊന്നും പറഞ്ഞാൽ മനസ്സിലാവില്ലെടോ ” വൈഗ ചിരിയെ പുച്ഛിച്ചു തള്ളി.
” വൈഗ ആൽബട്രോസിനെ പറ്റി കേട്ടിട്ടുണ്ടോ? ”
” ഉം ”
” ജീവിതത്തിൽ അവ ഒരു ഇണയെ മാത്രേ തിരഞ്ഞെടുക്കു… ഒരിടത്തു നിന്നും ദൂരെയുള്ള മറ്റൊരു ലക്ഷ്യ സ്ഥാനത്തേക്ക് അവ പാലായനം ചെയ്യുമ്പോൾ ഇരുവരും ഒരേ ലക്ഷ്യത്തിലേക്കു വ്യത്യസ്ത പാതയിലൂടെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് സഞ്ചരിക്കും.
ആരാദ്യം എത്തുന്നോ അയ്യാൾ തന്റെ ഇണക്കായി അത് വരും വരെ കാത്തിരിക്കും. യാത്ര മദ്ധ്യേ എന്തെങ്കിലും അപകടം ഉണ്ടായി ആ ഇണ മരിച്ചിട്ടുണ്ടങ്കിൽ തന്റെ മരണം വരെ ആദ്യം എത്തിയവ കാത്തിരിക്കും. ”
പൂർണ്ണ നിശബ്ദത തളം കെട്ടി… ഇരുവരും കണ്ണോട് കണ്ണുകൾ നോക്കി..
” താൻ ആദ്യം എന്നെ ചേട്ടാന്നു വിളിച്ചു, പിന്നെ കണ്ണൻ ചേട്ടാന്നു വിളിച്ചു, പിന്നെ വന്നു വന്നു കണ്ണേട്ടനും കഴിഞ്ഞു താൻ എന്നുവരെ ആയി.. ചുരുങ്ങിയ നിമിഷങ്ങൾ കൊണ്ടു താൻ പോലും അറിയാതെ തന്റെ മനസ്സിൽ എന്റെ സ്ഥാനങ്ങൾ മാറി മറിഞ്ഞു കൊണ്ടിരുന്നു. ”
വൈഗ കണ്ണുകൾ വെട്ടിച്ചു നോട്ടം തെറ്റിച്ചു…
” ജീവിതത്തിൽ ആദ്യമായി ഞാനൊരു പെണ്ണിനെ പ്രൊപ്പോസ് ചെയ്യുവാണ് ” വൈഗ അന്തംവിട്ടു നിന്നു…
” എന്റെ പ്രണയം ഇപ്പോ ഒരു ആൽബട്രോസ് പക്ഷിയെ പോലെ ലക്ഷ്യം തേടി പറന്നു കൊണ്ടിരിക്കുകയാണ്. മനസ്സിൽ എന്നോട് ഇഷ്ടം തോന്നുമ്പോൾ വൈഗക്കും പറന്നു തുടങ്ങാം.
അഥവാ യാത്രാ മദ്ധ്യേ വൈഗയുടെ പ്രണയം ചിറകൊടിഞ്ഞു വീണാലും എന്റെ ജീവിതാവസാനം വരെ കാത്തിരിക്കാൻ ഞാൻ തയ്യാറാണ്. പക്ഷെ അത്രയും താൻ എന്നെ മുഷിപ്പിക്കില്ല എന്ന് എനിക്കുറപ്പുണ്ടു.സമയം എടുത്തോളൂ..
എന്റെ പ്രണയം ഇരിക്കുന്ന കൊമ്പിൽ എത്തുന്നതിനു തൊട്ടു മുൻപ് വരെ മാത്രമല്ല.. ഒരിക്കൽ ആ കൊമ്പിൽ നിന്നും പറന്നു പോവാൻ തോന്നിയാലും വൈഗക്കു പിന്മാറം.. കാരണം തന്റെ ചിറകുകൾ തന്റെ കയ്യിലാണ്. പക്ഷെ മരണം വരെ ആ കൊമ്പിൽ ഞാൻ ഉണ്ടാവും ”
വൈഗ ഒന്നും മിണ്ടാതെ നിന്നു….
നടക്കാൻ ഒരുങ്ങും മുന്നേ ഒരിക്കൽ കൂടി അവളുടെ മുന്നിലേക്ക് തിരിഞ്ഞു കൊണ്ടു ” പിന്നെ, എനിക്ക് എക്സ്പീരിയൻസ് ഇല്ലെന്നേ ഞാൻ പറഞ്ഞുള്ളൂ.. തനികുഷ്ടമുള്ള ഏതു ട്രൈ ചെയ്യാനും ഞാൻ റെഡി ആണ്… പരീക്ഷണങ്ങൾ എന്നും എനിക്കൊരു വീക്നെസ് ആണ് ”
വൈഗ അറിയാതെ ചിരിച്ചു പോയി ” പോ അവിടുന്ന്”
” കുട്ടിക്ക് നാൺ വന്നു… ” ചിരിച്ചു കൊണ്ടു കണ്ണൻ മുന്നോട്ടു നടക്കവേ വിളിച്ചു പറഞ്ഞു ” അമ്മയോട് പറഞ്ഞേരെ കെട്ടുവാണെങ്കിൽ ഞാനിങ്ങേരയെ കെട്ടു എന്ന് ” മനസ്സ് നിറഞ്ഞ ചിരിയോടെ വൈഗ അവനെ നോക്കി നിന്നു…