(രചന: കൃഷ്ണ)
മാധ്യസ്ഥത്തിനായി കൃഷ്ണൻ മാഷിനെയും കൂട്ടി വന്നതായിരുന്നു അവർ….
കൂട്ടത്തിൽ അരുണും ഏട്ടനും ഉണ്ട്…മാസങ്ങൾക്ക് ശേഷം ഇപ്പഴാണ് അരുണിനെ വീണ്ടും കാണുന്നത്…
അന്നത്തെ അറപ്പും വെറുപ്പും അത് പോലെ തന്നെ അമൃതയുടെ ഉള്ളിൽ ഉണ്ട്… ഇത് വരെ ബന്ധുക്കൾ ആയിരുന്നു ഒത്തു തീർപ്പാക്കാൻ വന്നിരുന്നത്..
ഒരു തരത്തിലും ഈ പ്രശ്നം പരിഹരിക്കാൻ ഒരുക്കമല്ലായിരുന്നു..
ഇപ്പോ ഏട്ടൻ മുൻകൈ എടുത്തു വന്നതാണ്… അത്രമേൽ നൊവേറ്റ ഒരു പെണ്ണിന്റെ തീരുമാനം ആയിരുന്നു അത്..
ഏറെ പ്രതീക്ഷയോടെ ആണ് അരുണിന്റെ ജീവിതത്തിലേക്ക് അമൃത കയറി ചെന്നത്…
അച്ഛനും അമ്മയ്ക്കും കൂടെ നാലു മക്കൾ ഏറ്റവും മൂത്തത് ചേട്ടനാണ്… പിന്നെ ചേച്ചി… അരുണും മറ്റൊരു പെങ്ങളും ഇരട്ടകൾ ആണ്…
ഏറ്റവും അവസാനത്തെ കല്യാണമായിരുന്നു അരുണിന്റെ.. അതുകൊണ്ട് തന്നെ അത്യാവശ്യത്തിന് അർഭാടത്തോടെ ആയിരുന്നു…
അരുണിനെ പറ്റി അന്വേഷിച്ചപ്പോഴും നല്ല അഭിപ്രായം ആയിരുന്നു എല്ലാവർക്കും..
അമൃതക്കും പൂർണ്ണ തൃപ്തിയായിരുന്നു അരുണിന്റേ കാര്യത്തിൽ… മറ്റെല്ലാവരും വീട് വച്ച് മാറിയിരുന്നു..
അരുണിനായിരുന്നു തറവാട്..
തറവാട് എന്നൊന്നും പറഞ്ഞൂടാ പുതിയ രീതിയിൽ പണിത ഒരു നല്ല വീട് തന്നെ ആയിരുന്നു അതും…
ഏട്ടൻ വിദേശത്ത് ആയിരുന്നു…പക്ഷെ തറവാട്ടിൽ നിന്നും നാലടി നടന്നാൽ എത്തുന്നതായിരുന്നു അവരുടെ വീട്..
പെങ്ങന്മാർ വേറെ വേറെ സ്ഥലത്തും.. അമ്മ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ..
ഭക്തിയും പ്രാർത്ഥനയുമായി കഴിയുന്ന ഒരു പാവം… പക്ഷെ എല്ലാം തകിടം മറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു…
അന്ന് അമൃത അരുണിനെ രാവിലെ തന്നെ വിളിച്ചു പറഞ്ഞിരുന്നു ഉച്ചക്ക് ശേഷം സ്വന്തം വീട്ടിലേക്ക് പോകും എന്ന്…. അരുൺ സമ്മതവും കൊടുത്തു…
വൈകീട്ട്,. അമൃത വണ്ടിയും എടുത്തു വീട്ടിലേക്ക് തിരിച്ചു….
പെട്ടെന്ന് ഏട്ടന്റെ വീടിനു മുന്നിൽ എത്തിയപ്പോഴാണ് വണ്ടിക്ക് എന്തോ പ്രോബ്ലം പോലെ തോന്നിയത്… ഇറങ്ങി നോക്കിയപ്പോൾ മനസിലായി പുറകിലെ ടയർ സ്ക്വിഡ് ആയതാണ് എന്ന്…
“””ട്യൂബ്ലെസ്സ് വേണ്ടാ എന്ന് ചേട്ടനോട് അപ്പഴേ പറഞ്ഞതാ ‘”””
എന്നും പറഞ്ഞു വണ്ടി ഏട്ടന്റെ വീട്ടിൽ വാക്കാനായി അവൾ ഉന്തി കയറ്റി…
പറഞ്ഞിട്ട് പോകാം എന്ന് കരുതി വീട്ടിലെക്ക് കേറിയതും അരുണിന്റെ ശബ്ദം കേൾക്കുന്ന പോലെ…
അരുൺ എന്തിനിവിടെ വരണം…?അവൾ ചിന്തിച്ചു…
മെല്ലെ പുറകിലൂടെ ചെന്നു… തുറന്നു കിടന്ന ജനൽ പാളിയിലൂടെ കർട്ടൻ മാറ്റി നോക്കിയപ്പോൾ അവൾ ഞെട്ടി പോയിരുന്നു…
കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ അരുണും ഏട്ടത്തിയും… ലോകം തന്നെ കീഴ്മേൽ മറിയുന്ന പോലെ തോന്നി അവൾക്ക്…
ഒരു നിമിഷം കൊണ്ട് മനസ്സിൽ വാനോളം ഉയരത്തിൽ നിന്നവനോടുള്ള അവജ്ഞയും അറപ്പും നിറഞ്ഞു… അവിടെ നിന്നും മെല്ലെ ഇറങ്ങി…
വീട്ടിലേക്ക് തന്നെ തിരിച്ചു ചെന്നപ്പോൾ അമ്മ… “”എന്താ മോളെ തിരിച്ചു പൊന്നേ “”” എന്നു ചോദിച്ചു..
മറുപടി ഒന്നും പറയാതെ തന്നെ മുറിയിലേക്ക് പോയി എല്ലാ സാധനങ്ങളും പാക്ക് ചെയ്തു…..
ഫോണെടുത്തു ഒരു ഓട്ടോ ചേട്ടന്റെ നമ്പർ തപ്പി എടുത്തു വിളിച്ചു വരാൻ പറഞ്ഞു..
എല്ലാം പെറുക്കി ഉമ്മറത്തു എത്തിയപ്പോൾ അയാൾ എത്തിയിരുന്നു അരുൺ…
പോയെന്നു കരുതിയ ആളെ മുന്നിൽ കണ്ടതിന്റെ പരിഭ്രമം അയാൾ വിദഗ്ദമായി മറച്ചു…
“”നീ പോയില്ലാരുന്നോ “”
എന്ന് ചോദിച്ച് അരികിലേക്ക് വന്നതും കൈ അയാൾക്കെതിരെ പൊങ്ങി… അയാളുടെ സാമീപ്യം പോലും മനം പുരട്ടൽ ഉണ്ടാക്കി… അപ്പോഴേക്കും ഓട്ടോയും എത്തിയിരുന്നു…
അന്ന് പോന്നതാണ് വീട്ടിലേക്ക്…
അരുണിന് എന്തോ സംശയം തോന്നിയിട്ടുണ്ട് എന്ന് തോന്നുന്നു… ഞാൻ എല്ലാം അറിഞ്ഞോ എന്ന്..
ഒത്തു തീർപ്പുകാരെ വിടുന്നതല്ലാതെ അയാൾ നേരിട്ട് ഇത് വരെയും വന്നില്ല..
ഇപ്പോ അയാളുടെ ചേട്ടൻ ദുബായിൽ നിന്നും എത്തി… അങ്ങനെ ഒരിക്കൽ കൂടെ പ്രഹസനത്തിന് വന്നതാണ്…
ആദ്യം അമ്മയോടാണ് അരുണിന്റെ ചേട്ടൻ സംസാരിച്ച് തുടങ്ങിയത്…
അമ്മ ഇല്ലാത്ത കുട്ടിയല്ലേ എന്ന് കരുതി ആണ് അമൃതയോട് ഇത്രയും ക്ഷമിച്ചത്…. ഒരാളും ചെയ്യാത്ത ദയ…. അതോർമ്മ വേണം..
ഞങ്ങടെ ചെറുക്കന് വേറെ പെണ്ണിനെ സുഖായിട്ട് കിട്ടും… അറിയാലോ.. മോളോട് അവളുടെ ഭ്രാന്ത് മാറ്റി വച്ചു വരാൻ പറ വേണേൽ.. ഇത് അവസാന അവസരമാ എന്ന് പറ…”
ഇത് കേട്ട് നിസ്സഹായ ആയി നിന്ന അമ്മയെ കണ്ട് ഉള്ള് പിടഞ്ഞു…
“”എനിക്കൊന്നും അറിയില്ല കുഞ്ഞേ… അന്ന് വന്നപ്പോ മുതൽ അവളോട് കാര്യം തിരക്കുന്നതാ.. ഒറ്റയ്ക്ക്കിരുന്നു കരയും എന്നല്ലാണ്ട്, ഒന്നും വിട്ട് പറയില്ല.. “””
സത്യമായിരുന്നു അമ്മ പറഞ്ഞത്.. ഉണ്ടായത് അമ്മയോട് പറയാൻ എന്തോ ബുദ്ധിമുട്ടായിരുന്നു….
“‘നല്ലോണം വളർത്തണം പെൺപിള്ളേരെ.. അല്ലേ ഇത് പോലെ കെട്ടിച്ചിടത്തുന്നു തന്നിഷ്ടം കാണിച്ച് പൊന്നെന്ന് വരും “”
എന്ന് അയാളുടെ ചേട്ടൻ അമ്മയുടെ മുഖത്ത് നോക്കി പറഞ്ഞു സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു…
അയാളോട് ഒരു ദയ തോന്നിയിരുന്നു… അയാളുടെ ജീവിതം കൂടെ തകർക്കേണ്ട എന്ന് കരുതിയിരുന്നു… ഇത് പക്ഷെ വേഗം അങ്ങോട്ട് ചെന്നു… അരുണിനെ ഒന്ന് തുറിച്ചു നോക്കിയതും അയാൾ പരിഭ്രമത്തോടെ നോട്ടം മാറ്റി…
“””കുഞ്ഞേ… നിനക്ക് ചെറുപ്പാ… ഇപ്പോ പക്വത ഇല്ലാതെ ഓരോന്ന് ചെയ്യുന്നതോർത്തു പിന്നീട് ഖേദിക്കും…
ഇല വന്നു മുള്ളിൽ……”””
“””ഒന്ന് നിർത്തുവോ “””””” മധ്യസ്ഥത്തിന് കൊണ്ടു വന്ന മാഷ് തുടങ്ങി വച്ചപ്പോ അയാളോട് കയർത്തു പറയേണ്ടി വന്നു…
അത് കേട്ട് അയാളുടെ ഏട്ടൻ, ഡീ “”” എന്ന് വിളിച്ചു അരികിലേക്ക് കുതിച്ചു വന്നു..
“””എന്തറിഞ്ഞിട്ടാ എല്ലാരുടെയും ഉപദേശം???”””
എന്നു പുച്ഛത്തോടെ ചോദിച്ചതും, ഏട്ടൻ
“”എന്താടീ അതിന് മാത്രം അറിയാനുള്ളെ “””
എന്ന് തിരിച്ചു ചോദിച്ചിരുന്നു…
“”പറയാനല്ല കാണിക്കാനാ “”” എന്ന് പറഞ്ഞു അന്ന് ഫോണിൽ പകർത്തിയ ചിത്രം കാണിച്ചു കൊടുത്തു…
ഏട്ടന്റെ പത്തി താഴുന്നതും മുഖം വലിഞ്ഞു മുറുകുന്നതും കണ്ടു
“”ഒരു ഭാര്യ എന്ന നിലയിൽ ഞാൻ പരാജയം ആണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.. മറ്റൊരുത്തിയെ തേടിചെല്ലാൻ…
എല്ലാം അറിഞ്ഞും സ്വയം ഒതുങ്ങിയത് ഏതോ നാട്ടിൽ കഷ്ടപ്പെടുന്ന നിങ്ങളുടെ ജീവിതം കൂടെ തകർക്കേണ്ട എന്ന് കരുതി ആണ്.. എന്റെ അമ്മ നന്നായി തന്നെയാ എന്നെ വളർത്തിയെ….”””
എന്ന് ഏട്ടന്റെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ അയാൾ കൈകൾ കൂപ്പി അമ്മയോട് മാപ്പ് പറഞ്ഞിരുന്നു…
പിന്നെ ഒന്നും മിണ്ടാതെ ഇറങ്ങിയപ്പോൾ മാഷും പുറകെ പോയി… എല്ലാം കണ്ടു ഷോക്ക് ആയി നിന്ന അരുണിനെ അമ്മ ആയിട്ട് തന്നെ ഇറക്കി വിട്ട്….
ആ ഗോപാലൻ വക്കീലിനെ കാണാം കുഞ്ഞാ… ന്റെ കുട്ടിക്ക് വേണ്ടാ അവനെ ഇനി…
എന്ന് പറഞ്ഞു അമ്മ നെറുകിൽ ഒരു ഉമ്മ തന്നു… ശ്വാസം മുട്ടുന്ന എന്തോ ദേഹത്തു നിന്നും ഒഴിവാക്കിയ ആശ്വാസം ആയിരുന്നു അമൃതക്ക് അപ്പോൾ….