(രചന: ശ്രേയ)
” എടൊ… ഞാൻ ഒന്ന് പുറത്തേക്ക് പോകുവാ.. താൻ വരുന്നുണ്ടോ..? ”
മുറിയിലേക്ക് കയറി വന്നു കൊണ്ട് വിഷ്ണു ചോദിച്ചപ്പോൾ അവൾ ദേഷ്യത്തോടെ മുഖം തിരിച്ചു.
അവളുടെ ആ ഭാവം കണ്ടു അവന് സങ്കടം തോന്നി. എങ്കിലും ഇത് പതിവ് ആയതുകൊണ്ട് കൂടുതലൊന്നും ചിന്തിക്കാതെ അവൻ റെഡിയായി മുറിയിൽ നിന്നും പുറത്തേക്ക് പോയി.
അവൻ പോയെന്ന് കണ്ടതും അവൾ വാതിൽ വലിച്ച് അടച്ചു.
“എന്റെ ജീവിതം ഈ അവസ്ഥയിൽ കൊണ്ടുവന്നു ആക്കിയിട്ട് അവൻ എന്നെ കറങ്ങാൻ പോകാൻ ക്ഷണിക്കുന്നു..”
ദേഷ്യത്തോടെ അവൾ പിറുപിറുത്തു.
വിഷ്ണു പുറത്തേക്ക് പോയി വന്നപ്പോൾ രാത്രിയായി.അവൻ ചെന്ന് മുറിയിൽ ഒരുപാട് പ്രാവശ്യം തട്ടി വിളിച്ചതിനു ശേഷം ആണ് അവൾ വാതിൽ തുറന്നത്.
“താൻ ഒന്നും കഴിച്ചില്ലേ..? അമ്മ പറയുന്നുണ്ടായിരുന്നു തന്നെ പുറത്തേക്ക് ഒന്നും കണ്ടില്ല എന്ന്.. ”
അവൻ ചോദിച്ചപ്പോൾ അവൾ മറുപടി പറയാതെ അവനെ നോക്കി.
“എനിക്ക് ആവശ്യമുണ്ടെങ്കിൽ ഞാൻ കഴിച്ചോളും..”
അങ്ങനെ ഒരു മറുപടി അവൻ പ്രതീക്ഷിച്ചിരുന്നില്ല എന്ന് അവന്റെ മുഖത്ത് നിന്ന് തന്നെ വ്യക്തമായിരുന്നു.
അവളോട് കൂടുതൽ സംസാരത്തിനു നിൽക്കാതെ അവൻ ഒന്നു ഫ്രഷായി ആഹാരം കഴിക്കാനായി പോയി.അവൻ ഫുഡ് കഴിച്ചു വന്നതിനുശേഷം അവൾ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതോ ആഹാരം കഴിക്കാൻ പോകുന്നതോ ഒന്നും അവൻ കണ്ടില്ല.
കല്യാണം കഴിഞ്ഞിട്ട് അധികം നാളുകൾ ഒന്നുമായിട്ടില്ല. രണ്ടാഴ്ചയായി. പക്ഷേ ഇതുവരെയും അവൾക്ക് ഈ വീടും സാഹചര്യവും ആയി പൊരുത്തപ്പെട്ട് പോകാൻ കഴിയാത്തതു പോലെ..!
എന്തുകൊണ്ടാണെന്ന് പല വട്ടം ചോദിച്ചു.. പക്ഷെ…!!
നിരാശയോടെ വിഷ്ണു ചിന്തിച്ചു.
അവൾ മായ.. അച്ഛനും അമ്മയ്ക്കും ആകെയുള്ള ഒരു മകളാണ് അവൾ. അതിന്റെതായ കൊഞ്ചലുകളും ലാളനകളും ഒക്കെ അവൾക്ക് ഒരുപാടുണ്ടെന്ന് ആദ്യ കാഴ്ചയിൽ തന്നെ വിഷ്ണുവിന് തോന്നിയിരുന്നു.
വിഷ്ണുവിന് ഒരു പ്രൈവറ്റ് ബാങ്കിലാണ് ജോലി. വീട്ടിൽ അധികം ബാധ്യതകളോ ഒന്നുമില്ലാത്തതു കൊണ്ട് അവനെ എത്രയും വേഗം വിവാഹം ചെയ്യിക്കണം എന്നുള്ളത് അവന്റെ അച്ഛന്റെയും അമ്മയുടെയും ആഗ്രഹമായിരുന്നു.
അവന് 26 വയസ്സുള്ളപ്പോൾ തന്നെ വിവാഹാലോചനകൾ വരാൻ തുടങ്ങി.ആ പ്രായത്തിൽ ഒരു വിവാഹ ജീവിതത്തിനോട് അവന് താൽപര്യമുണ്ടായിരുന്നില്ല എങ്കിൽ പോലും വീട്ടുകാരുടെ നിർബന്ധത്തിന് അവൻ വഴങ്ങി കൊടുത്തു.
ഒന്ന് രണ്ട് സ്ഥലങ്ങളിൽ വിവാഹാലോചനയുമായി പോവുകയും ചെയ്തു. പെണ്ണുകാണൽ ഒക്കെ കഴിഞ്ഞു വരുമ്പോൾ ഒന്നുകിൽ അവന് പെൺകുട്ടിയെ ഇഷ്ടപ്പെടില്ല. അല്ലെങ്കിൽ വീട്ടുകാർക്ക് ഇഷ്ടപ്പെടില്ല. ഇതൊന്നുമല്ലെങ്കിൽ പെൺകുട്ടിക്ക് അവനെ ഇഷ്ടപ്പെടില്ല .
അങ്ങനെ കുറച്ച് ആലോചനകൾ വഴി മാറി പോയതിനു ശേഷം ആണ് അവന് മായയുടെ ആലോചന വരുന്നത്. ഇതും മുടങ്ങിപ്പോകും എന്നൊരു ചിന്തയിൽ തന്നെയാണ് അവൻ പെണ്ണുകാണലിന് തയ്യാറായത്.
പക്ഷേ അവളുടെ വീട്ടിലെത്തി അവളെ കണ്ടു കഴിഞ്ഞതിനു ശേഷം ഈ വിവാഹം എങ്ങനെയെങ്കിലും നടന്നു കിട്ടണം എന്ന് അവൻ അതിയായി ആഗ്രഹിച്ചു.ആദ്യ കാഴ്ചയിൽ അവൾ അവന്റെ മനസ്സിൽ അത്രത്തോളം ഇടംപിടിച്ചു.
പക്ഷേ അവളുടെ മുഖത്ത് പ്രത്യേകിച്ച് സന്തോഷമോ നാണമോ ഒന്നും തോന്നിയില്ല. ഒരുപക്ഷേ ഒരു അന്യ പുരുഷന് മുന്നിൽ നിൽക്കേണ്ടി വന്നതിന്റെ ചമ്മൽ ആയിരിക്കാം അത് എന്ന് അവൻ ഊഹിച്ചു.
രണ്ടാൾക്കും കൂടി പരസ്പരം സംസാരിക്കാൻ സമയം കിട്ടുമ്പോൾ ചോദിച്ചു മനസ്സിലാക്കണമെന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു. പക്ഷേ എന്തുകൊണ്ടാണെന്ന് അറിയില്ല അങ്ങനെയൊരു അവസരം അവളുടെ വീട്ടുകാർ നിഷേധിച്ചു.
” ചെറുക്കനും പെണ്ണിനും പരസ്പരം ഇഷ്ടമായെങ്കിൽ ഇനി ജീവിതകാലം മുഴുവൻ സംസാരിക്കാനും അടുത്തിടപഴകാനുമുള്ള അവസരം ഉണ്ടല്ലോ.. ഇതിപ്പോൾ പഴയ കാലം പോലെ ഇങ്ങനെയൊരു ചടങ്ങു നടത്തേണ്ട കാര്യമില്ലല്ലോ..”
അവളുടെ അമ്മാവൻ ഒരു തമാശ പോലെ അത് പറഞ്ഞപ്പോൾ പലരും ചിരിക്കുന്നുണ്ടായിരുന്നു. പക്ഷേ അതിൽ വിഷ്ണുവിന് എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി.
വീട്ടിലെത്തിക്കഴിഞ്ഞ് അവൻ അത് അച്ഛനോടും അമ്മയോടും തുറന്നു പറയുകയും ചെയ്തു.
” നീ അതൊരു വലിയ പ്രശ്നമായി കണക്കാക്കുക ഒന്നും വേണ്ട. ചിലരൊക്കെ അങ്ങനെയാണ്. അവനവന്റെ വീട്ടിലെ പെൺകുട്ടികളെ ചെറുക്കൻമാരോട് സംസാരിക്കാൻ സമ്മതിക്കുക ഒന്നുമില്ല.!”
അച്ഛൻ അത് പറയുമ്പോൾ ഒരു പക്ഷേ അത് ശരിയായിരിക്കും എന്ന് വിഷ്ണുവിന് തോന്നി.
പിന്നെയും ഒന്ന് രണ്ട് ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് മായയുടെ വീട്ടിൽ നിന്ന് ഈ ബന്ധത്തിന് താല്പര്യമുണ്ട് എന്ന് പറഞ്ഞു ഫോൺ കോൾ വന്നത്. വിഷ്ണുവിനും സന്തോഷമായിരുന്നു.
പിന്നീട് രണ്ടു വീട്ടുകാരും ചേർന്ന് വിവാഹം ഉറപ്പിക്കുകയും നിശ്ചയം നടത്തുകയും ഒക്കെ ചെയ്തു. വിവാഹ നിശ്ചയത്തിനു ശേഷം അവളുടെ ഫോണിൽ ബന്ധപ്പെടാൻ ഒരുപാട് ശ്രമിച്ചെങ്കിലും അവന് അതിന് സാധിച്ചില്ല.
ഇടയ്ക്കൊക്കെ അവൾ ഫോൺ അറ്റൻഡ് ചെയ്താലും മുക്കിയും മൂളിയും ഒന്നോ രണ്ടോ വാക്ക് സംസാരിച്ചു കൊണ്ട് അവൾ ഫോൺകോൾ അവസാനിപ്പിക്കുകയാണ് പതിവ്.
സംസാരിക്കാൻ ഉള്ള നാണം കൊണ്ടായിരിക്കും അവൾ അങ്ങനെയൊക്കെ പെരുമാറുന്നത് എന്നാണ് വിഷ്ണു കരുതിയിരുന്നത്. അവന്റെ ധാരണകൾ എല്ലാം മാറിയത് വിവാഹ രാത്രിയിൽ ആയിരുന്നു.
ഏതൊരാളിനെയും പോലെ വിവാഹ രാത്രിയിൽ ഒരുപാട് സ്വപ്നങ്ങളോടെയും പ്രതീക്ഷയോടെയും ആണ് അവൻ മുറിയിലേക്ക് പ്രവേശിച്ചത്.
പക്ഷേ അവനെ കണ്ട ഉടനെ ഏതോ ഒരു ശത്രുവിനെ പോലെ അവൾ അവനെ ആട്ടി അകറ്റാനും ഉപദ്രവിക്കാനും ശ്രമിച്ചു. കാര്യമറിയാതെ അവൻ പകച്ചു നിന്നു പോയി.
അതിനിടയിൽ അവളുടെ ജീവിതം നശിപ്പിച്ചത് അവനാണ് എന്ന് അവൾ ആവർത്തിച്ചു പറയുന്നുണ്ടായിരുന്നു. എന്തുകൊണ്ടാണ് അവൾ അത്തരത്തിൽ സംസാരിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും അവന് മനസ്സിലായതുമില്ല.
അവളുടെ വീട്ടിൽ അന്വേഷിക്കാൻ അവന് മടിയുണ്ടായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം അവൾ ഒരു ശത്രുവിനെ പോലെ തന്നെയാണ് അവനോട് പെരുമാറിയത്.
ദിവസങ്ങൾ കടന്നുപോയി.അവർക്കിടയിൽ എന്തോ പ്രശ്നം ഉണ്ട് എന്ന് വീട്ടിലുള്ളവരും മനസ്സിലാക്കാൻ തുടങ്ങിയിരുന്നു. എന്താണ് പ്രശ്നം എന്ന് അമ്മയും അച്ഛനും പലവട്ടം വിഷ്ണുവിനോട് ചോദിച്ചിട്ടും അവന് കൃത്യമായി മറുപടി കൊടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
എന്തുവന്നാലും അവളുടെ പ്രശ്നം എന്താണെന്ന് ചോദിച്ചറിയണമെന്ന് ഉറപ്പിച്ചു കൊണ്ട് തന്നെയാണ് അന്ന് വിഷ്ണു മുറിയിലേക്ക് പ്രവേശിച്ചത്. അവനെ മുറിയിൽ കണ്ടപ്പോൾ തന്നെ അവൾ ബെഡിൽ നിന്ന് നിലത്തേക്ക് ഇറങ്ങി. നിലത്ത് പായ വിരിച്ച് അവൾ കിടക്കാൻ തുടങ്ങുമ്പോൾ വിഷ്ണു തടഞ്ഞു.
” എനിക്ക് മായയോട് കുറച്ചു സംസാരിക്കാൻ ഉണ്ട്.. ”
ഗൗരവത്തോടെ തന്നെയാണ് അവൻ സംസാരം ആരംഭിച്ചത്. എന്താ എന്നൊരു ഭാവത്തിൽ അവൾ അവനെ നോക്കുന്നുണ്ടായിരുന്നു.
” നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ഒരു മാസത്തോളമായി. അന്നുമുതൽ ഞാൻ തനിക്ക് ശത്രുവാണ്. പക്ഷേ അതിന്റെ കാരണം എന്താണെന്ന് എനിക്കറിയില്ല.
അന്ന് പെണ്ണുകാണാൻ വരുമ്പോഴാണ് ആദ്യമായിട്ട് ഞാൻ തന്നെ കാണുന്നത് തന്നെ..! അങ്ങനെയുള്ള ഞാൻ എങ്ങനെ തനിക്ക് ശത്രുവായി എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല.. ”
അവൻ അത് പറഞ്ഞു കഴിഞ്ഞിട്ട് ഒരു മറുപടിക്കായി അവളെ നോക്കി. അവളുടെ മുഖത്ത് പുച്ഛം നിറഞ്ഞ ചിരിയായിരുന്നു.
” നിങ്ങൾ എന്റെ ശത്രു തന്നെയാണ്. അത് പക്ഷേ നിങ്ങൾ അറിഞ്ഞുകൊണ്ട് എന്നോട് ചെയ്തതാണോ എന്നൊന്നും എനിക്ക് ഉറപ്പില്ല.. ”
അവൾ പറഞ്ഞു തുടങ്ങിയപ്പോൾ അവന്റെ ശ്രദ്ധ മുഴുവൻ അവൾ പറയുന്ന കാര്യങ്ങളിൽ ആയിരുന്നു.
” നിങ്ങൾക്കറിയോ എനിക്കൊരു പ്രണയം ഉണ്ടായിരുന്നു.. ഉണ്ടായിരുന്നു എന്നല്ല ഉണ്ട്.. അവനെയല്ലാതെ മറ്റാരെയും എനിക്ക് സ്നേഹിക്കാൻ ആവില്ല.. ആ വിവരം ഞാൻ വീട്ടിൽ തുറന്നു പറയാൻ ഇരിക്കുന്ന സമയത്താണ് നിങ്ങളുടെ വിവാഹാലോചന വരുന്നത്.
സ്വാഭാവികമായും കാണാൻ ഭംഗിയും ജോലിയും ഒക്കെയുള്ള നിങ്ങളുടെ ആലോചന വീട്ടുകാർക്ക് വല്ലാതെ അങ്ങ് ബോധിച്ചു.. പോരാത്തതിന് കുടുംബ മഹിമയും സ്വത്തുക്കളും ഒക്കെ ഒരുപാടുണ്ടല്ലോ..! പക്ഷേ എന്റെ മഹിയേട്ടൻ… ഏട്ടന് ആരും ഇല്ല..
ഒരു അനാഥനായി വളർന്ന അദ്ദേഹത്തിന് സ്നേഹം കൊടുത്ത് കൂടെ കൂട്ടിയത് ഞാനാണ്. ജീവിതാവസാനം വരെ അദ്ദേഹത്തിനോടൊപ്പം ഉണ്ടാകും എന്ന വാക്കു പറഞ്ഞത് ഞാനാണ്. എന്നിട്ട് വീട്ടുകാരുടെ നിർബന്ധത്തിനും ഭീഷണി എനിക്ക് നിങ്ങളുടെ വിവാഹ ആലോചനക്ക് സമ്മതം മൂളേണ്ടി വന്നു..
നിങ്ങൾ ഞങ്ങൾക്കിടയിലേക്ക് വന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷേ സന്തോഷപൂർണ്ണമായ ഒരു ജീവിതം ഞങ്ങൾക്കുണ്ടായേനെ. കുറച്ചുകാലം കാത്തിരിക്കേണ്ടി വന്നാലും അച്ഛനും അമ്മയും ഞങ്ങളെ അംഗീകരിച്ചേനെ.. ”
പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ ഈറൻ ആയിരുന്നു.
” ഇതിൽ ഞാൻ എന്ത് തെറ്റാണ് ചെയ്തതെന്ന് എനിക്കറിയില്ല.. വിവാഹ നിശ്ചയം കഴിഞ്ഞ് മൂന്നോ നാലോ മാസങ്ങൾക്ക് ശേഷമാണ് നമ്മുടെ വിവാഹം നടന്നത്.
ഈ കാലയളവിനുള്ളിൽ എപ്പോഴെങ്കിലും തനിക്ക് എന്നെ വന്ന് കണ്ട് കാര്യങ്ങൾ പറയാമായിരുന്നു. അതിനു ശ്രമിക്കാതെ ഞാൻ തന്നെ ശത്രുവാണ് എന്ന് പ്രഖ്യാപിച്ചു എന്റെ ജീവിതം കൂടി നശിപ്പിക്കുന്നത് എന്തിനാണ്..? ”
അവൻ അത് ചോദിക്കുമ്പോൾ അവൾ മറുപടിയില്ലാതെ തലകുനിച്ചു.
പിറ്റേന്ന് രാവിലെ അവൻ അവന്റെ മാതാപിതാക്കളെയും കൂട്ടി അവളുടെ വീട്ടിലേക്ക് പോയി.അവളുടെ അടുത്ത ബന്ധുക്കളെ ഒക്കെ അവിടെ വിളിച്ചു വരുത്തിയിട്ടുണ്ടായിരുന്നു.
” നിങ്ങളോട് എല്ലാവരോടും കൂടി ഒരു കാര്യം സംസാരിക്കാനുണ്ട്. അതുകൊണ്ടാണ് അത്യാവശ്യമായി വരാൻ പറഞ്ഞത്. ”
എല്ലാവരെയും നോക്കിക്കൊണ്ട് വിഷ്ണു പറഞ്ഞു തുടങ്ങുമ്പോൾ അവളുടെ വീട്ടുകാരുടെ കണ്ണു മുഴുവൻ മായയിലായിരുന്നു.
” നിങ്ങളിൽ ആർക്കെങ്കിലും അറിയാമോ എന്നുള്ള കാര്യത്തിൽ എനിക്ക് ഉറപ്പൊന്നുമില്ല. മായക്ക് ഒരു പ്രണയമുണ്ട്.
അയാളെ അല്ലാതെ മറ്റാരെയും സ്വീകരിക്കാൻ കഴിയില്ല എന്നാണ് മായ പറയുന്നത്. അവരുടെ പ്രണയം വീട്ടുകാർ അംഗീകരിക്കാത്തതിന് കാരണം ഞാനാണ് എന്ന പേര് പറഞ്ഞ് വിവാഹം കഴിഞ്ഞ് അന്നുമുതൽ ഞാൻ അനുഭവിക്കുന്നതാണ്.
മനസ്സമാധാനം ഉള്ള ഒരു ജീവിതമാണ് ഏതൊരു മനുഷ്യനെയും പോലെ എന്റെയും ആഗ്രഹം. വിവാഹത്തിനു മുമ്പു വരെ എന്റെ വീട്ടിൽ സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പക്ഷേ ഇപ്പോൾ ചെയ്യാത്ത തെറ്റിന്റെയും ഇല്ലാത്ത കാരണത്തിന്റെയും ഒക്കെ പേരിൽ അവൾ എന്നെ ക്രൂശിക്കുകയാണ്.. നാളെ ഒരുപക്ഷേ അവളുടെ കാമുകൻ വന്ന് വിളിച്ചാൽ അവൾ കൂടെ പോകില്ല എന്നൊന്നും ഇല്ലല്ലോ..!എന്റെ വീട്ടിൽ നിന്ന് അവൾ കാമുകനോടൊപ്പം പോയാൽ അത് എന്റെ തെറ്റാകും.
അങ്ങനെ നാട്ടുകാരുടെ പരിഹാസം ഏറ്റുവാങ്ങി ജീവിക്കാൻ എനിക്ക് താല്പര്യമില്ല..അതുകൊണ്ട് എല്ലാവരുടെയും സാന്നിധ്യത്തിൽ ഇവളെ ഞാൻ ഉപേക്ഷിക്കുകയാണ്. വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലാത്തതു കൊണ്ട് അതിന്റെ പേരിൽ ഉള്ള നൂലാമാലകൾ ഒക്കെ ഒഴിവായി കിട്ടുമല്ലോ..”
വിഷ്ണു അത് പറയുമ്പോൾ അവന്റെ തീരുമാനത്തിന് എതിർക്കാൻ അവളുടെ വീട്ടുകാർ ഒരുപാട് ശ്രമിക്കുന്നുണ്ടായിരുന്നു. അപ്പോഴും അവൾ മൗനം പാലിച്ചതേയുള്ളൂ.
അവരോട് ആരോടും കൂടുതൽ മറുപടികൾ ഒന്നും പറയാതെ അവൻ ഇറങ്ങി നടക്കുമ്പോൾ അവന്റെയുള്ള വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. എന്തൊക്കെ തെറ്റ് ചെയ്തു എന്ന് പറഞ്ഞാലും അവളെ അവൻ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു.
പ്രണയം മറന്ന് ഇനിയെങ്കിലും തന്നോടൊപ്പം ജീവിക്കാം എന്ന് അവൾ ഒരു വാക്കു പറയുമെന്ന് അവൻ അവസാന നിമിഷത്തിലും പ്രതീക്ഷിച്ചിരുന്നു..!!
പ്രതീക്ഷകൾക്കൊക്കെയും അസ്തമയം നൽകിക്കൊണ്ട് അവൻ പുതിയൊരു ജീവിതത്തിലേക്ക് ചുവടുവെക്കുകയാണ്..!!