താലി
(രചന: Medhini Krishnan)
അനന്തൻ…. ഒരു സാധാരണക്കാരൻ..
അയാളുടെ ആദ്യരാത്രിയായിരുന്നു അന്ന്.. നല്ല മഴയുള്ള ഒരു രാത്രി. പുറത്തു കോരി ചൊരിയുന്ന മഴയായിട്ടും ആ കട്ടിലിൽ അയാൾ വിയർത്തു കുളിച്ചിരുന്നു.
അരണ്ട വെളിച്ചത്തിൽ താഴെ തറയിൽ മുട്ടിൽ തല ചായ്ച്ചു തേങ്ങുന്ന വെളുത്തു മെലിഞ്ഞ പെൺകുട്ടി.. തലയിലെ മുല്ലപ്പൂക്കൾ വാടി കഴിഞ്ഞിരുന്നു..
ഇടയ്ക്കു ഒരു മിന്നൽ വെളിച്ചത്തിൽ അയാൾ അവളുടെ കഴുത്തിലെ താലി കണ്ടു. ദേഹം പൊള്ളി പോയി.. ഇന്ന് താൻ കെട്ടിയ താലി..
ഈ ഇരിക്കുന്ന പെൺകുട്ടി തന്റെ ഭാര്യയാണ്.. കുറച്ചു മുൻപ് തന്റെ മുന്നിൽ വിരിഞ്ഞു നിന്നിരുന്ന ഒരു മുല്ലപ്പൂവിനിപ്പോൾ സുഗന്ധമില്ല. ചീഞ്ഞു നാറിയ സ്വപ്നങ്ങളുടെ ഗന്ധം..
അകത്തെ മുറിയിൽ അമ്മ ഉറക്കത്തിൽ എന്തോ പിറുപിറുക്കുന്നുണ്ട്..കാലിലെ ചങ്ങല മുറുകുന്നുണ്ട്. പാവം.. ഒന്നും അറിയില്ല..
സ്ഥിരബുദ്ധിയില്ലാത്ത അമ്മ.. ഭ്രാന്തിയുടെ മകൻ.. അങ്ങനെയും ആരൊക്കെയോ വിളിക്കാറുണ്ട്.. തനിക്കു വേറെയാരുമില്ല..
അമ്മക്കു വേണ്ടിയാണ് ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന് തോന്നിയത്.. രാവിലെ പണിക്കു പോയി തിരികെ വരുമ്പോഴേക്കും അമ്മ മൂത്രത്തിലും മലത്തിലും മുങ്ങിയിരിക്കും..
സഹിക്കാൻ പറ്റാത്ത ദുർഗന്ധം.. ഭക്ഷണം കൊടുക്കാൻ പോലും ആരും ഇല്ലാത്ത അവസ്ഥ. അമ്മയെ നോക്കാൻ ഒരാളെ നിർത്താനുള്ള സാമ്പത്തികശേഷിയും ഇല്ല..
അങ്ങനെയാണ് വിവാഹത്തെ പറ്റി ആലോചിക്കുന്നത്.. ഒരു സാധു വീട്ടിലെ കുട്ടി.. വെളുത്തു മെലിഞ്ഞു കാണാനും തെറ്റില്ല.. ഒന്നും വേണമെന്ന് താൻ ആവശ്യപ്പെട്ടില്ല..
അമ്മയെ നോക്കണം..അത് മാത്രമേ അന്ന് പറഞ്ഞിരുന്നുള്ളൂ..
താഴെ നോക്കി മൗനം പാലിച്ചതല്ലാതെ അവൾ മറുപടിയൊന്നും പറഞ്ഞില്ല..
മനസ്സു കൊണ്ടു തോന്നിയ ഒരു ഇഷ്ടം.. തന്റെ മനസ്സിലെ പുരുഷഭാവങ്ങളെ ഉണർത്തുന്ന ഒരു പെണ്ണ്.. അങ്ങനെ തോന്നിപ്പോയി..
ഇന്ന് താലി കെട്ടി.. കൂടെ കൂട്ടി.. മഴ പെയ്യുന്ന ഈ രാത്രിയുടെ തണുപ്പിൽ അവളെ നെഞ്ചോട് ചേർത്തു പിടിച്ചു കിടക്കുന്നത് സ്വപ്നം കണ്ട നിമിഷങ്ങൾ..
അരണ്ട വെളിച്ചത്തിൽ അവളെ ചേർത്തു പിടിച്ചപ്പോൾ ഉറക്കെ കരഞ്ഞു കൊണ്ടു അവൾ കാലിൽ വീണു .
കാൽപാദങ്ങളിൽ പടരുന്ന നനവ്.. കണ്ണുനീരിന്റെ ചൂട്.. തേങ്ങലിനിടയിൽ തെറിച്ചു വീണ വാക്കുകൾ..
അവൾക്ക് വേറെ ആരെയോ ഇഷ്മായിരുന്നു.. ശരീരവും മനസ്സുമെല്ലാം അയാൾക്ക് കൊടുത്തിട്ടാണ് തന്റെ മുന്നിൽ തന്റെ ഭാര്യ വേഷം കെട്ടി നിൽക്കുന്നത്..
കേട്ടപ്പോൾ തോന്നിയ ഞെട്ടൽ.. ശരീരത്തു പടർന്നു കയറിയ വിറയൽ..
മഴ പെയ്യുന്നത് പുറത്തല്ല.. ഉള്ളിൽ.. ഒരു തീമഴ.. വേവുകയാണ്.. ദേഹവും മനസ്സും.. ദേഷ്യവും സങ്കടവും..
“നിനക്ക് നേരത്തെ പറയാമായിരുന്നില്ലെടി ശ വമേ”.. അലറി പോയി..
അവൾ താഴെ ചുരുണ്ടു കൂടിയിരുന്നു..
“പറ്റിയില്ല.. അച്ഛൻ സമ്മതിച്ചില്ല.. ”
ഇടറിയ വാക്കുകൾ..
ദേഷ്യം ഒന്നൊതുങ്ങിയപ്പോൾ തോന്നി.. ഇപ്പോഴെങ്കിലും പറഞ്ഞല്ലോ..
“ഞാൻ എന്താ ചെയ്യേണ്ടത്..” അയാൾ നിസ്സഹായതയോടെ ചോദിച്ചു പോയി..
“എനിക്ക് പോണം.. ഇപ്പൊ..” അവൾ കരച്ചിലിലും പറഞ്ഞു കൊണ്ടിരുന്നു.
ആ നിമിഷം.. എന്തോ അനന്തന് സഹതാപമാണ് തോന്നിയത്.. ആ രൂപം.. കരച്ചിൽ..
“നീ പൊക്കോ..” അയാളുടെ വാക്കുകൾ..
അവൾ പ്രാണൻ കിട്ടിയ പോലെ പിടഞ്ഞു എഴുന്നേറ്റു.
പുറത്തേക്കുള്ള വാതിൽ തുറന്നു കൊടുത്തു..
“നീ തനിയെ പോവോ.. ”
അവൾ പുറത്തെ ഇരുട്ടിലേക്കു നോക്കി..
“അവൻ ഇവിടെ എവിടെയെങ്കിലും..”
പിന്നെ ഒന്നും ചോദിച്ചില്ല..
പോകും മുൻപ് ആ കണ്ണുകൾ ഒരിക്കൽ കൂടി ക്ഷമാപണം നടത്തി.. താലി ഊരി മേശപ്പുറത്തു വച്ചു.. പിന്നെ മെല്ലെ ഇരുട്ടിലേക്കു ഇറങ്ങി നടന്നു..
അയാളുടെ കണ്ണുകൾ നിറഞ്ഞു. നിസ്സഹായമായ അവസ്ഥ.. അലമാരയിലെ ചില്ലു കണ്ണാടിക്ക് മുന്നിൽ ഒരു നിമിഷം നിന്നു..
“നീ ഒരു ആണല്ലേ.. ഇങ്ങനെ കരയുകയോ. കഷ്ടം..”ആരോ പറയുന്നതു പോലെ.. കണ്ണുകൾ അമർത്തി തുടച്ചു. മീശ പിരിച്ചു വച്ചു. ചിരിക്കാൻ ശ്രമിച്ചു.
കിടക്കയിൽ അവളുടെ തലയിൽ നിന്നും ഉതിർന്നു വീണ പൂക്കൾ.. ഒരു താലിയുടെ സ്വപ്നം വാടി കൊഴിഞ്ഞു മഴയിൽ ഒലിച്ചു പോയി.
ജനലിലൂടെ വീശിയടിക്കുന്ന കാറ്റ്.. മഴത്തുള്ളികൾ.. സിരകളിൽ ഉറഞ്ഞു കൂടിയ രക്തത്തിനു ചൂട് പിടിക്കുന്നു. ഒരു പെണ്ണിന്റെ ഗന്ധം.
അരികിൽ ഉലഞ്ഞു വീണ പട്ടു പുടവ..
ആ നിമിഷം അയാൾ പുറത്തെ മഴയിലേക്ക് ഇറങ്ങി നടന്നു..
എവിടേക്ക്.. അയാൾക്ക് അറിയില്ല.. കാലുകൾക്ക് വേഗതയേറി.. വാടാർമല്ലി പൂക്കൾ കാടു പിടിച്ചു നിൽക്കുന്ന ഒരു വീട്.. കത്തിച്ചു വച്ച ഒരു വിളക്കിന് മുന്നിൽ വശ്യമായ കണ്ണുകളോടെ തെളിഞ്ഞ സ്ത്രീ രൂപങ്ങൾ..
അന്ന് രഘുവാണ് അവിടേക്കു കൂട്ടി കൊണ്ടു പോയത്.. പവിഴത്തിന്റെ വീട്.. മുറുക്കി ചുവന്ന ചുണ്ടുകളും വലിയ മൂക്കുത്തിയും ധരിച്ച തടിച്ച ഒരു സ്ത്രീ.. അവർ കൂടെ താമസിപ്പിച്ചിരിക്കുന്ന പെൺകുട്ടികൾ..
അവരുടെ മേനിയഴകിന്റെ വശ്യതയെ പറ്റിയുള്ള അവന്റെ വർണ്ണനകൾ..
എന്നോ ഒരു രാത്രി നിർബന്ധപൂർവം രഘു അവിടെ കൊണ്ടു പോയതാണ്..
ഉമ്മറത്തു തെളിഞ്ഞ വെളിച്ചത്തിൽ വിൽക്കാൻ വച്ചിരിക്കുന്ന മാംസത്തെ പൊതിഞ്ഞ എന്തോ ഒരു ഗന്ധം.. ഉടഞ്ഞു ചിതറിയ കുപ്പി വളകളുടെ ഒരു ചില്ല് കാലിൽ തറച്ചു.
ശരീരത്തെ കീഴ്പ്പെടുത്താൻ ഒരുങ്ങിയ വികാരത്തിൽ ഒരു വൃണം വിങ്ങി..
പുറത്തേക്കു ഓടി അന്ന്..
ഇന്ന് വീണ്ടും ഇവിടെ… എന്തിന്.. ആരോ കൊണ്ടു വന്നു നിർത്തി.. ഇരുണ്ട മുറികളിൽ വിളക്കുകൾ അണഞ്ഞിരുന്നു..
തടിച്ച ശരീരവുമായി പവിഴം മുന്നിൽ..
“നിങ്ങൾ വൈകി.. “അവർ തെല്ലു അസ്വസ്ഥതയോടെ പറഞ്ഞു.
അനന്തൻ ഒരു പിടി നോട്ട് എടുത്തു അവർക്ക് നേരെ നീട്ടി.. അവരുടെ കണ്ണുകളിൽ തിളക്കം. ആ സ്ത്രീ ഒരു നിമിഷം എന്തോ ഓർത്തു..
പണം വാങ്ങി അകത്തേക്ക് നടന്നു.
ഉയരം കുറഞ്ഞ ആ വീടിനുള്ളിൽ നിറയെ മുറികൾ ഉണ്ടെന്നു തോന്നി. ഇരുട്ടിൽ നിശബ്ദതയിൽ ഉയരുന്ന സ്വരങ്ങൾ.. അയാൾ അസ്വസ്ഥനായി..
പുറത്തെ മഴയിലേക്ക് ഇറങ്ങി ഓടിയാലോ..
ശരീരത്തിലെ ഓരോ അണുവും പൊള്ളി അടരുന്നു.. പവിഴം തിരികെ വന്നു..
അയാളെ അകത്തേക്ക് വിളിച്ചു.
അയാൾ മഴയിലേക്ക് നോക്കി. ഇരുട്ടിന്റെ കണ്ണുകളിൽ ന ഗ്ന യായ ഒരു പെണ്ണിന്റെ രൂപം..
അയാൾ അകത്തേക്ക് നടന്നു.. നീണ്ട
ഇടനാഴിയിലൂടെ… അവസാനം ചെറിയ ഒരു മുറി.. പവിഴത്തിന്റെ ആ വലിയ മുഖത്തു ഒരു വികാരവും ഉണ്ടായിരുന്നില്ല.. ഒരു ചിരി പോലും..
ആ വാതിലിൽ ഒന്ന് തട്ടിയിട്ട് അവർ അയാളെ നോക്കുക പോലും ചെയ്യാതെ തിരിച്ചു നടന്നു..
മുറിയിലെ അരണ്ട വെളിച്ചത്തിൽ കട്ടിലിൽ ഒരു പെൺകുട്ടിയെ കണ്ടു.
വെളുത്തിട്ടാണോ.. അതോ കറുത്തിട്ടോ..
മുറിയിൽ ഏതോ ചന്ദനത്തിരിയുടെ ഗന്ധം..
പൂജമുറിയിലെ അല്ല..ശവത്തിനു മുന്നിൽ കത്തിച്ചു വച്ച ചന്ദനത്തിരിയുടെ ഗന്ധം..
അയാൾക്ക് ഭ്രാന്ത് പിടിക്കുന്നതു പോലെ തോന്നി..
ഇത് വരെ ഒരു സ്ത്രീയെ പോലും സ്പർശിച്ചിട്ടില്ല. അനുഭവിച്ചിട്ടില്ല.
തന്നിലെ പുരുഷഭാവം തന്റെ മാത്രം സ്വന്തമായ ഒരു പെണ്ണിന്.. അവൾ.. ഇരുട്ടിൽ മഴയിൽ അകന്നു പോയ ഒരു രൂപം.. അയാളൊന്നു പിടഞ്ഞു..
ആ പെൺകുട്ടി എഴുന്നേറ്റു.. നേരിയ വെളിച്ചത്തിൽ ആ മുഖം കണ്ടു.. തറയിൽ പതിഞ്ഞ കണ്ണുകൾ .. വിളറിയ മുഖം.
ഹമീദിന്റെ ഇറച്ചി കടയിൽ കുറ്റിയിൽ കെട്ടിയിട്ടിരിക്കുന്ന ആടിനെ ഓർമ്മ വന്നു.. അറുത്തു മാറ്റിയ തല.. വിലപേശി വാങ്ങുന്ന മാം സം.. അഴുകുന്ന ര ക്തം..
അയാൾ ഭീതിയോടെ കണ്ണുകളടച്ചു. പിന്നെ മെല്ലെ തുറന്നപ്പോൾ കണ്ടത് മുന്നിൽ പൂർണ്ണ ന ഗ്ന മാ യ ഒരു ശരീരം..
ആ നഗ്നതയുടെ ചുഴിയിൽ അയാൾക്ക് ഒരു വികാരവും തോന്നിയില്ല..
എന്നിട്ടും അയാൾ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു.. മുഖം പിടിച്ചുയർത്തി. കവിളുകളിൽ ഒലിച്ചിറങ്ങുന്ന നീർചാലുകൾ..
ആ മുഖം.. വല്ലാത്തൊരു നിഷ്കളങ്കമായ കണ്ണുകൾ.. ഉള്ളിലെന്തോ ആ നോട്ടം ഉടക്കി..
അയാൾ അവളുടെ മാ റി ട ത്തിൽ സ്പർശിച്ചപ്പോൾ കൈകളിൽ എന്തോ നനവ് തോന്നി. അയാളൊന്നു ഞെട്ടി.. ചുരന്നു ഒ ഴുകുന്ന മു ല പ്പാ ൽ..
മുറിയിലെ മൂലയിൽ നിലത്തു എന്തോ അനങ്ങി.. പിന്നെ അത് നേരിയ കരച്ചിലായി മാറി..
അയാൾ അടുത്ത് ചെന്ന് നോക്കി. തുണിയിൽ പ്രസവിച്ചിട്ട് ഒരു മാസം പോലും ആവാത്ത കുഞ്ഞ്.. അത് ഉണർന്നു കരയാൻ തുടങ്ങി.. അവൾ പിടച്ചിലോടെ ഓടി ചെന്ന് അതിനെ എടുത്തു മടിയിൽ വച്ചു പാല് കൊടുക്കാൻ തുടങ്ങി..
അയാൾ നിലത്തു തളർന്നിരുന്നു. ഒരു ചങ്ങല കിലുക്കം.. അമ്മയുടെ കാലുകൾ നോവുന്നുണ്ടാവും..
ഏറെ നേരം..
അവൾ ആംഗ്യ ഭാഷയിൽ എന്തോ പറയാൻ ശ്രമിച്ചു. വ്യക്തമല്ലാത്ത ഏതോ വാക്കുകൾ തൊണ്ടയിൽ കുടുങ്ങി മരിക്കുന്നു.
വേദനയോടെ അനന്തന് മനസ്സിലായി.. അവൾക്കു സംസാരിക്കാൻ കഴിയില്ല..
അയാൾ അടുത്ത് ചെന്നു.. അവളുടെ മുഖം ചേർത്തു പിടിച്ചു നെറുകയിൽ ചുംബിച്ചു.. കുനിഞ്ഞു ആ കുഞ്ഞ് മുഖത്തു ഉമ്മ വച്ചു. മെല്ലെ തലോടി. തന്റെ കൈകളിൽ ഇറ്റു വീഴുന്ന കണ്ണുനീർ.. അയാൾ അവൾക്കു സാരിയെടുത്തു കൊടുത്തു.
പിന്നെ മെല്ലെ അവളോട് ചോദിച്ചു.. “നീ വരുന്നോ എന്റെ കുടെ.. എന്റെ ഭാര്യയായിട്ട്.. അവിടെ ഒരു ഭ്രാന്തി തള്ളയുണ്ട്.. നോക്കാൻ പറ്റോ നിനക്ക്..”
അവൾ അത്ഭുതത്തോടെ അയാളെ നോക്കി.. പിന്നെ ഒരു മഴ പോലെ അയാളിൽ ഒലിച്ചിറങ്ങി..
പുറത്തു മഴ തോർന്നിരുന്നു.. അവളെയും കുഞ്ഞിനെയും ചേർത്തു പിടിച്ചു പുറത്തു വന്നപ്പോൾ പവിഴത്തിന്റെ കണ്ണുകളിൽ ചോദ്യഭാവം..
“ഞാനിവളെ കൊണ്ടു പോകുന്നു.. ”
ആ ഉറച്ച സ്വരത്തെ പവിഴം എതിർത്തില്ല.. പകരം അവിടെ നിറഞ്ഞ കണ്ണുകളിൽ സന്തോഷം..
“ഇന്ന് തെരുവിൽ നിന്നും കിട്ടിതാ.. ആരോ പറ്റിച്ചു പോയതാവും.. കണ്ടപ്പോ കൂട്ടി കൊണ്ടു വന്നു. മിണ്ടാപ്രാണി..” അവർ അയാളുടെ കൈകളിൽ മെല്ലെ ഒന്നമർത്തി പിടിച്ചു.
ഞാൻ നിർബന്ധിച്ചപ്പോ… കുഞ്ഞിന് വേണ്ടി പാവം… നന്നായി.. നന്നായി… ഒരാളെങ്കിലും…”
അവർ പിറു പിറുത്തു.. നടന്നകന്നു. ആ സ്ത്രീയിൽ അങ്ങനെയൊരു ഭാവം.. അയാൾക്ക് അത്ഭുതം തോന്നി..
ചോദ്യങ്ങളും ഉത്തരങ്ങളും.. ഒന്നുമില്ല.. അയാൾ അവളെയും കുഞ്ഞിനെയും കൂട്ടി മഴ തോർന്ന ഇരുട്ടിലേക്ക് നടന്നു.. മുല്ലപ്പൂവിന്റെ ഗന്ധമുള്ള ആ മുറിയിൽ മേശപ്പുറത്തു അഴിച്ചു വച്ച ആ താലി ചരട്..
അയാളൊന്നു ചിരിച്ചു.. ഇരുട്ടിൽ നിന്നും പൊട്ടിയൊലിക്കുന്ന നിലാവിന്റെ നേർത്ത കണ്ണിൽ അവളുടെ മുഖം തിളങ്ങുന്നത് കണ്ടു അയാൾ ആശ്വസിച്ചു.