വിലയ്ക്കു വാങ്ങിയ വിധി
(രചന: മഴ മുകിൽ)
” നിങ്ങൾക്ക് നിങ്ങളുടെ മകളെയും കൂട്ടി കൊണ്ട് പോകാം….. ഇനി അവൾക്കു യാതൊരു ബന്ധനവും ഇല്ല…. ഒരു താലി ചരടിൽ കൊരുത്ത ബന്ധത്തിനെ രണ്ട് ഒപ്പുകൾ കൊണ്ട് വേർപെടുത്തി….
മക്കളെ അവൾക്കു കൂടെ നിർത്താൻ കഴിയില്ല എന്ന് പറഞ്ഞു.. അതുകൊണ്ടു അവർ എന്റെ ഒപ്പം കാണും…എപ്പോൾ കാണാൻ തോന്നുന്നോ അപ്പോൾ വരാം…….
ഈ പരസ്പരവിശ്വാസം എന്നുപറഞ്ഞാൽ അത് ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നെ ഒരിക്കലും തിരിച്ചു കിട്ടില്ല….. എനിക്ക് അവളിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു……….
അച്ഛനോട് ഈ അവസ്ഥയിൽ എന്ത് പറയണം എന്ന് എനിക്ക് അറിയില്ല… ഒരിക്കലും ഞാൻ അച്ഛന്റെ മോളെ ഒരു തരത്തിലും വേദനിപ്പിച്ചിട്ടില്ല……
ദാമ്പത്യത്തിന്റെ അടിസ്ഥാനം പരസ്പര വിശ്വാസം ആണ്… എനിക്ക് അത് നഷ്ടപ്പെട്ടു അച്ഛ……
ഇനിയും ഈ തോണിയിലെ യാത്രക്കാരൻ ആയിരിക്കാൻ എനിക്ക് കഴിയില്ല… അച്ഛൻ എന്നെ ശപിക്കരുത്….
എന്താണ് ഉണ്ടായതു എന്ന് അച്ഛൻ മകളോട് ചോദിച്ചാൽ മതി… ”
അത്രയും ആയപ്പോൾ ദേവന്റെ ഒച്ച ഇടറി നിറഞ്ഞ കണ്ണുകൾ തൂത്തു ദേവൻ അകത്തേക്ക് പോയി….
ഭാമ ഒരു പ്രതിമ കണക്കെ അവിടെ നിന്നു… അവളുടെ കണ്ണുനീർ അവളെ ചുട്ടു പൊള്ളിക്കുന്നുണ്ടായിരുന്നു…..
തന്റെ ബുദ്ധിമോശം ആണ് എല്ലാത്തിനും കാരണം… എല്ലാം സ്വയം ഏറ്റുവാങ്ങിയതാണ്……..
തന്റെ ജീവിതത്തിൽ എന്ത് കുറവുണ്ടായിരുന്നു…… അവൾക്കു കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല…
രണ്ട് മക്കളും ഭാമയും അടങ്ങുന്ന സന്തോഷം നിറഞ്ഞ കുടുംബമായിരുന്നു ദേവന്റേത്…
കഴിഞ്ഞ ബർത്തഡേക്ക് ദേവൻ ഭാമക്ക് പുതിയ ഒരു ഫോൺ വാങ്ങി കൊടുത്തു.. ആദ്യമാദ്യം സാധാരണ ഉപയോഗം മാത്രെ ഉണ്ടായിരുന്നുള്ളു.. പിന്നെ അങ്ങോട്ട് ഏതു നേരവും ഫോണും കുത്തി പിടിച്ചു ഇരിക്കാൻ തുടങ്ങി…..
ഇടയ്ക്കു എപ്പോഴും ഓൺലൈനിൽ തന്നെ കാണാം…. എപ്പോൾ വിളിച്ചാലും ബിസി…
ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർ വൈസർ ആണ് ദേവൻ. മക്കൾ രണ്ടുപേർ. മൂത്തവൾ ഒൻപതിലും ഇളയവൻ ഏഴിലും… വളരെ സന്തോഷം നിറഞ്ഞ കുടുംബം ആയിരുന്നു…..
ഇപ്പോൾ കുറച്ചു നാളായി ഭാമയുടെ സ്വഭാവത്തിൽ ചില പൊരുത്ത കേടുകൾ കാണുന്നു….
” അമ്മേ… എനിക്ക് ആ യൂണിഫോം ഒന്ന് അയൺ ചെയ്തു തരുമോ….? ”
ശ്രീക്കുട്ടി ഭാമയുടെ അടുത്തേക് വന്നു…..
“എന്തിനാ ശ്രീക്കുട്ടി നീ എല്ലാത്തിനും എന്നെ വിളിക്കുന്നെ നിനക്ക് ഇതൊക്കെ തനിയെ ചെയ്താൽ പോരെ…?”
ഭാമ ദേഷ്യപ്പെട്ടു…
“അമ്മ ഇങ്ങനെ ഏതു നേരവും ഫോണിൽ നോക്കി ഇരുന്നാൽ പിന്നെ എനിക്ക് സ്കൂളിൽ പോകാൻ ലേറ്റ് ആകും.. അതല്ലേ….”
ഭാമ ദേഷ്യത്തിൽ യൂണിഫോം കയ്യിൽ വാങ്ങി അകത്തേക്ക് പോയി…. മുറിയിൽ ഇരുന്ന ദേവൻ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ട്……..
കുട്ടികൾക്ക് ഉള്ള ബ്രേക്ഫാസ്റ് ഉം ദേവനുള്ള ആഹാരവും എടുത്തു കൊടുത്തിട്ടു ഭാമ ഫോണുമായി വീണ്ടും ഇരിപ്പു തുടങ്ങി….
ദേവൻ കഴിച്ചു എഴുനേറ്റു..
“എന്റെ ഭാമേ നീ എന്താണ് ഈ ഫോണിൽ ഏതു നേരവും ഇങ്ങനെ നോക്കി ഇരിക്കുന്നത്…”
“ഒന്നുമില്ല ദേവേട്ടാ… ഞാൻ വെറുതെ…..”
ദേവൻ ഒന്ന് കനപ്പിച്ചു മൂളി അകത്തേക്ക് പോയി….
മുൻപൊക്കെ ദേവനും മക്കൾക്കും ഒപ്പമാണ് ഭാമ ഭക്ഷണം കഴിക്കുന്നത്. അവരെ കഴിപ്പിക്കുന്നതിലും അടുത്തിരുന്നു വിളമ്പാനും ഒക്കെ വല്ലാത്ത ഉത്സാഹം ആയിരുന്നു.. ഇപ്പോൾ കുറച്ചു നാളായി ഒന്നുമില്ല….
ദിവസങ്ങൾ കടന്നു പോകും തോറും പകൽ സമയം മാത്രം ഉപയോഗിച്ചു കൊണ്ടിരുന്ന ഫോൺ രാത്രിയിലും മണിക്കൂർ കണക്കെ ഭാമ യൂസ് ചെയ്യാൻ തുടങ്ങി.
ഒരിക്കൽ വന്നൊരു മെസ്സേജ് ആണ് ഭാമയുടെ ജീവിതം മാറ്റി മറിച്ചത്.
“ഹലോ.. ഇന്ന് ഏതു ഡ്രെസ് ആണ് ഇട്ടിരിക്കുന്നത്…?
തന്റെ ഫേവരിറ്റ് കളർ എന്താണ്..?
എന്താണ് കഴിച്ചത്…? ”
ഭാമ ഓരോ മെസ്സേജ്നായി മറുപടി കൊടുത്തു… പ്രേo അതാണ് അയാളുടെ പേര്.. എഫ്ബിയിൽ പരിചയപ്പെട്ടതാണ്.. ആദ്യമൊന്നും മൈൻഡ് ചെയ്യില്ലായിരുന്നു..
പിന്നെ പിന്നെ ഭാമ അയാളുടെ മെസ്സേജ് കൾക്കായി കാത്തിരിക്കും…
“ഞാൻ രാത്രിയിൽ വിളിക്കാം അപ്പോൾ ഫോൺ എടുക്കണം കേട്ടോ….”
“ഇല്ല പ്രേം.. രാത്രിയിൽ വിളിക്കേണ്ട. ഞാൻ കാൾ എടുക്കില്ല…”
മറുപുറം നിശബ്ദമായി…
“പിണങ്ങിയോ പ്രേം…. ഈ ഒരു പ്രാവശ്യത്തേക്ക് ഞാൻ കാൾ അറ്റൻഡ് ചെയ്യും ഇനി ഇത് ആവർത്തിക്കരുത്…”
അങ്ങനെ തുടങ്ങിയ ഫോൺ വിളി ഇപ്പോൾ ദിവസവും ഉണ്ട്… എന്നും പാതിരാത്രി..
ദേവൻ ഉറങ്ങി കഴിയുമ്പോൾ പ്രേമിന്റെ വിളിക്കായി ഭാമ കാത്തിരിക്കും….. പിന്നെ ആ സംഭാഷണം മണിക്കൂർ നീണ്ടു നിൽക്കും……
ഒരു ദിവസം അടക്കിപിടിച്ച സംസാരം കേട്ടാണ് ദേവൻ ഉണർന്നത്. അടുത്തു നോക്കുമ്പോൾ ഭാമ ഇല്ല.. ദേവൻ ബെഡിൽ നിന്നും എഴുനേൽക്കുമ്പോൾ ഭാമ ടോയ്ലെറ്റിൽ നിന്നും ഇറങ്ങി വരുന്നു…..
“എന്താ ദേവേട്ടാ…?”
“ഒന്നുമില്ല.. നിന്നെ പെട്ടെന്ന് കാണാത്തതു കൊണ്ട് ലൈറ്റ് ഇട്ടതാ…”
ഭാമ ഫോൺ ടീപ്പോയിൽ വയ്ക്കുന്നത് കണ്ടു ദേവൻ അവളെ നോക്കി…
“അത് ദേവേട്ടാ.. ഞാൻ ദേവേട്ടനെ ലൈറ്റ് ഇട്ടു ഉണർത്തണ്ട എന്ന് കരുതി മൊബൈലിലെ ടോർച് യൂസ് ചെയ്തതാ…”
ഭാമ വേഗത്തിൽ ബെഡിൽ കയറി കിടന്നു…
മക്കൾ പല തവണ ദേവനോട് പരാതി പറഞ്ഞു….
” അച്ഛ അമ്മക്ക് ഇപ്പോൾ നമ്മുടെ കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാൻ സമയം തീരെ ഇല്ല…..
എന്ത് പറഞ്ഞാലും അമ്മക്ക് ദേഷ്യം ആണ്… ആ ഫോണും കുത്തിപിടിച്ചു ഇരിക്കും എപ്പോഴും.. ഇതിനു മുൻപ് അമ്മ ഇങ്ങനെ ഒന്നും അല്ലായിരുന്നു…..”
പതിവുപോലെ രാത്രിയിൽ ഭക്ഷണം കഴിച്ചു എല്ലാപേരും കിടക്കാൻ പോയി… അടുക്കളപണികൾ ഒതുക്കി ഭാമയും കിടക്കാനായി വന്നു….
ഭാമ ഫ്രഷ് ആയി തിരികെ വരുമ്പോൾ ദേവൻ കിടന്നിരുന്നു… ഭാമയും പതിവ് പോലെ ദേവനൊപ്പം കിടന്നു….. പക്ഷെ ദേവൻ ഉറങ്ങിയിരുന്നില്ല….
പതിവുപോലെ അർദ്ധ രാത്രിയിൽ ഭാമയുടെ മൊബൈൽ വൈബ്രേറ്റ് ചെയ്തതും അവൾ ഫോണുമായി പതിയെ ബെഡിൽ നിന്നും ഇറങ്ങി പതിയെ ഡോർ തുറന്നു മുറിക്കു പുറത്തിറങ്ങി……..
ഭാമ പോകുന്നത് ശ്രദ്ധിച്ച ദേവൻ അവൾക്കു പിന്നാലെ പതിയെ പോയി…. മുറിക്കു പുറത്തു നിന്നും സംസാരിക്കുന്ന ഭാമയുടെ പിന്നിൽ എത്തി അവളുടെ കയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി……
“ദേവേട്ട…”
ഒരു നിലവിളി അവളുടെ തൊണ്ടയിൽ കുടുങ്ങി……
ദേവൻ ഫോൺ സ്പീക്കർ ഓണാക്കി…….
“ഞാൻ നാളെ വരട്ടെ…പതിവുപോലെ എല്ലാരും പോയി കഴിയുമ്പോൾ മെസ്സേജ് ഇട്ടാൽ മതി… കുട്ടികൾ വീട്ടിൽ തിരിച്ചെത്തും മുന്നേ ഞാൻ ഇങ്ങു പോന്നേക്കാം…എന്താ മിണ്ടാത്തത്..?”
“ഇതിനുള്ള മറുപടി ഞാൻ പറയുന്നോ അതോ നീ പറയുമോ…?”
ദേവന്റെ ആ ചോദ്യം കേട്ടതും മറുപുറം ഫോൺ കട്ടായി…..
“ഇത്രയും നാൾ അപ്പോൾ നീ എന്നെയും മക്കളെയും ചതിക്കുവായിരുന്നു അല്ലേ..? നിന്റെ അമിതമായ ഫോൺ ഉപയോഗം.. കുറച്ചു സംശയം തോന്നിയിരുന്നു…
പക്ഷെ ഇത് ഇത്രയൊക്കെ ആയി എന്ന് അറിഞ്ഞിരുന്നില്ല…. നിന്നോട് ഞാൻ കാണിച്ച സ്നേഹത്തിനും… നിനക്ക് എങ്ങനെ ഇങ്ങനെ ചെയ്യാൻ കഴിഞ്ഞു ഭാമേ…?
ഇനിയും ഇതിനെ കുറിച്ച് കൂടുതൽ സംസാരിക്കാൻ ഞാൻ താല്പര്യപെടുന്നില്ല…. മക്കളെ ഉണർത്തി ഒരു സീൻ ഉണ്ടാക്കേണ്ട…… അവരുടെ അമ്മയെ കുറിച്ച് കേൾക്കാൻ പാടില്ലാത്തതു അവർ കേൾക്കണ്ട………
ഇനി എന്റെ ജീവിതത്തിൽ നിനക്ക് സ്ഥാനം ഇല്ല ഭാമേ.. ഒരിക്കൽ പൊട്ടിപോയത് പിന്നെ വിളക്കി ചേർത്താലും അത് ശെരിയാകില്ല….
നാളെ തന്നെ നമുക്ക് ഒരു വക്കീലിനെ കാണണം. ഒരു മ്യൂച്വൽ ഡിവോഴ്സ്നു കൊടുക്കാം……..
ഒരു തെറ്റല്ല നിന്റെ ഭാഗത്തു നിന്നും ഉണ്ടായതു. ഒരുപാട് തവണ നീ തെറ്റ് ആവർത്തിച്ചു…. ഞാൻ നിന്നോട് കാണിച്ച സ്നേഹത്തിലും ഒരു ഭർത്താവ് എന്ന നിലയിൽ ഒരു ഭാര്യക്ക് വേണ്ടത് ഞാൻ നിനക്ക് തന്നിരുന്നു…
നിന്നെ കൂടി ഞാൻ എന്നും പരിഗണിച്ചിരുന്നു…. എന്നിട്ടും നിനക്ക്.. എങ്ങനെ എന്നോടിത്…?”
ദേവന്റെ ഒച്ച ഇടറി…. കണ്ണുകൾ ഈറനായി…..
“എന്നോട് ക്ഷമിക്കു ദേവേട്ടാ.. ഞാൻ….”
“ഒച്ച വച്ചു മക്കളെ ഉണർത്തേണ്ട.. നിനക്ക് നിന്നെ തിരുത്താൻ അവസരം ഉണ്ടായിരുന്നു.. പക്ഷെ നി വീണ്ടും വീണ്ടും തെറ്റുകൾ ആവർത്തിച്ചു……
ഇനി എന്റെ മനസിൽ നിനക്ക് സ്ഥാനം ഇല്ല.. ഡിവോഴ്സ് കഴിയുന്ന അന്ന് നിനക്ക് ഇവിടെ നിന്നും ഇറങ്ങാം….. പിന്നെ മക്കളെ ഞാൻ നിന്റെ കൂടെ അയക്കില്ല ഭാമേ…
കാരണം എനിക്ക് നിന്നെ വിശ്വാസം ഇല്ല.. എന്റെ കൂടെ കിടന്നു എന്നെ ചതിച്ചവൾ ആണ് നീ….. എന്റെ എല്ലാ വിശ്വാസവും തകർത്തവൾ………”
കോടതി കൗൺസിലിംങും ഒക്കെ കഴിഞ്ഞു. ഭാമക്ക് അവളുടെ തെറ്റുകൾ മനസിലായി.പക്ഷെ അപ്പോഴേക്കും വൈകി പോയിരുന്നു.
ദേവന്റെ തീരുമാനം ഉറച്ചത് ആയിരുന്നു……
പിരിയാൻ ഉള്ള തീരുമാനത്തിൽ ദേവൻ ഉറച്ചു നിന്നു. ഭാമക്ക് വേറെ വഴി ഉണ്ടായിരുന്നില്ല., ഒപ്പിടുക അല്ലാതെ….
അച്ഛന്റെ ഒപ്പം ആ വീട് വീട്ടിറങ്ങുമ്പോൾ… ഭാമക്ക് അവൾക്കു സ്വന്തം ആയതെല്ലാം ഉപേക്ഷിക്കേണ്ടി വന്നു. കാൽച്ചുവട്ടിലെ മണ്ണു പോലും ഒലിച്ചു പോകുന്നതായി അവൾക്കു തോന്നി.
തിരിച്ചറിവുണ്ടായപ്പോൾ എല്ലാം കയ്യകലെ ആയി. ജീവിതം പോലും ഒരു ചോദ്യ ചിഹ്നം ആയി മാറി. വിലക്കു വാങ്ങിയ വിധിയിൽ അവളും ഒരാൾ ആയി…
പ്രേം അപ്പോൾ മറ്റൊരു ഐബിയിൽ മെസ്സേജ് അയക്കുന്ന തിരക്കിൽ ആയിരുന്നു…. തന്റെ പുതിയ ഇരക്കായി കെണിയും ഒരുക്കി…..