(രചന: മിഴി മോഹന)
മൃദുല അല്ലെ അശ്വിന്റെ സ്കൂളിൽ നിന്നും ആണ് വിളിക്കുന്നത് നിങ്ങൾ എത്രയും പെട്ടന്ന് സ്കൂളിൽ വരണം…. “”””
അപ്പുവിന്റെ സ്കൂളിൽ നിന്നും ഫോൺ വന്നു കഴിഞ്ഞപ്പോൾ ഒരായിരം സംശയം എന്നിലൂടെ കടന്ന് പോയി…
എന്തിനായിരിക്കും പെട്ടന്ന് ചെല്ലാൻ പറഞ്ഞത്… എന്റെ കുഞ്ഞിന് എന്തെങ്കിലും ആപത്തു സംഭവിച്ചു കാണുവോ.. “”
ഭയപെടുത്തുന്ന ഓരോ ചോദ്യങ്ങൾക്ക് ഒപ്പം അനാവശ്യമായ ഉത്തരങ്ങളും കടന്ന് വരുമ്പോൾ കൈയിൽ കിട്ടിയ ഒരു പഴയ കോട്ടൺ സാരിയും വലിച്ചു ചുറ്റി പുറത്തേക് വരുമ്പോൾ അനിയൻ എന്നെ ദയനീയമായി നോക്കി…
അത് വേണോ ചേച്ചി.. “‘ അയാളുടെയും കൊച്ചിന്റെയും കാര്യത്തിൽ ചേച്ചി ഇനി ഇടപെടേണ്ടന്നു പറഞ്ഞത് അല്ലെ… പിന്നെയും നാണം കെടാൻ ആണോ പോകുന്നത്..””
വേണം മോനെ .. ” എത്ര ആട്ടി അകറ്റിയാലും സ്വന്തം എന്ന് കരുതി സ്നേഹിച്ചു പോയി അവന് ഒരു ആവശ്യം വന്നാൽ ഞാൻ പോകും..’
നീ ആ ജംഗ്ഷന്നിൽ നിന്നും ഒരു ഓട്ടോ പിടിച്ചു താ… ഞാൻ പോയിട്ട് പെട്ടന്നു വരാം…. സാരി നേരെയാക്കി ഞാൻ പറയുമ്പോൾ എന്റെ വാക്കുകൾക്ക് എതിർ വാക്ക് പറയാൻ കഴിയാതെ പുറത്തെക്ക് പോയി ഉണ്ണി..
അവൻ വിളിച്ചു കൊണ്ട് വന്ന ഓട്ടോയിൽ കയറുമ്പോൾ ഒഴുകി വരുന്ന കണ്ണ് നീരിന് ഒപ്പം ഓർമ്മകൾ പലതും എന്നെ തളർത്തി തുടങ്ങി…
നിങ്ങൾ എന്റെ അമ്മയൊന്നും അല്ലല്ലോ…”” എന്നെ വഴക്ക് പറയാൻ … “”മുൻപിലിരിക്കുന്ന പുസ്തകം തട്ടി തെറിപ്പിച്ചു കൊണ്ട് അവൻ എഴുനേറ്റു പോകുമ്പോൾ എന്റെ നിറഞ്ഞ കണ്ണുകളും അവന് പിന്നാലെ പോയി…
അവൻ ഇങ്ങനെ ഓരോ നിമിഷവും വിളിച്ചു പറയുമ്പോൾ ആണ് ഞാൻ അവന്റെ അമ്മ അല്ലെന്നുള്ള സത്യത്തിലേക് ഇറങ്ങി ചെല്ലുന്നത്..””
നാലാമത്തെ വയസിൽ പെട്ടന്നുള്ള അറ്റാക്കിന്റെ രൂപത്തിൽ അവന്റെ അമ്മയെ വിധി കവർന്നെടുക്കുമ്പോൾ അത്രയും നാൾ മാറിൽ ചേർത്ത് ഉറക്കിയ സ്നേഹം നഷ്ടമായ കുഞ്ഞ് പിന്നെ എങ്ങനെയാണ് എന്നോട് പെരുമാറേണ്ടത്…..
അവന്റെ അമ്മയുടെ സ്ഥാനത് രണ്ട് വർഷങ്ങൾക് ശേഷം വന്ന എന്നെ അംഗീകരിക്കാൻ ഇത് വരെ അവന് കഴിഞ്ഞിട്ടില്ല….എന്നെങ്കിലും അവൻ അംഗീകരിക്കും എന്നുള്ള പ്രതീക്ഷയോട് തള്ളി നീക്കുന്ന നാളുകൾ.. “”
നാളെ അവന് ക്ലാസ് ടെസ്റ്റ് ആണ് പഠിപ്പിക്കാൻ ഇരുത്തിയപ്പോൾ ഞാൻ ഒന്ന് വഴക്ക് പറഞ്ഞു അതിനുള്ള മറുപടി പോലും ഞാൻ എന്ന അമ്മയോടുള്ള പ്രതിഷേധമാണ് അവന്….
പലപ്പോഴായി ഏട്ടനോട് ഞാൻ അതെ കുറിച്ച് സൂചിപ്പിച്ചപ്പോൾ എല്ലാം എന്റെ തോന്നൽ ആണ്..നീ അവനെ മകൻ ആയി അംഗീകരിക്കാത്തത് കൊണ്ടാണ് ഈ പരാതി എന്ന് പറഞ്ഞു….
“” ഒരുപക്ഷെ മകനെ കുറ്റപ്പെടുത്താൻ ആ മനുഷ്യനും കഴിയുന്നുണ്ടാവില്ല.. അല്ലങ്കിൽ രണ്ടാനമ്മയെ കുറിച്ചുള്ള കേട്ടു കേൾവി ആയിരിക്കും ആ മനുഷ്യനെ അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്…..””
പുസ്തകങ്ങൾ എല്ലാം മടക്കി വച്ച് ഞാൻ ഉമ്മറത്തേക്ക് ചെല്ലുമ്പോൾ അവൻ ഫോൺ കൈയിൽ എടുത്തു കഴിഞ്ഞിരുന്നു…
ആ പന്ത്രണ്ട് വയസുകാരനിൽ നിന്നും ഇപ്പോൾ ഞാൻ അത് പിടിച്ചു വാങ്ങിയാൽ വൈകുന്നേരം ഏട്ടൻ വരുമ്പോൾ കഥ മാറും.. “” ഞാൻ എന്ന രണ്ടാനമ്മയുടെ ക്രൂരതയിൽ മനം നൊന്ത് കരയുന്ന കുഞ്ഞിന്റെ കണ്ണുനീർ മാത്രമേ അവിടെ കാണൂ…
അതിന് കൂട്ട് നിൽക്കാൻ ഏട്ടന്റെ അമ്മയും അച്ഛനും കൂടെ കാണും… അവർക്കും ഞാൻ അവന്റെ രണ്ടാനമ്മ മാത്രം അല്ലെ..
സമയം രണ്ട് മണി കഴിഞ്ഞു.. “” അവൻ ഇത് വരെ ചോറ് ഉണ്ടിട്ടില്ല.. “”
അപ്പു അമ്മ ചോറ് എടുക്കട്ടെ മോന്..!! എത്ര ആട്ടി പായിച്ചാലും അവന്റെ വിശപ്പ് അറിഞ്ഞു പിന്നാലെ പോകും ഞാൻ…
പ്രസവിച്ചത് അല്ലങ്കിലും എന്നിലെ അമ്മയ്ക്ക് അവനെ തള്ളി കളയാൻ ആവില്ലല്ലോ.. അവൻ കുഞ്ഞ് അല്ലെ അറിവ് ഇല്ലാതെ പറയുന്നതിനെ ക്ഷമിക്കാൻ എനിക്ക് അല്ലെ കഴിയൂ……
അവന്റെ കൈയിൽ നിന്നും ആ നിമിഷം ഫോൺ വാങ്ങാൻ ഒരു ഉപാധിയും അത് തന്നെ ആയിരുന്നു…
എന്റെ മേശ വലിപ്പിലെ രണ്ടായിരം രൂപ ആരാ എടുത്തത്.. “”? അപ്പുവിന് ചോറ് കൊടുക്കുമ്പോൾ അച്ഛന്റ്റെ ശബ്ദം അകത്തു നിന്നും ഉയർന്നു കേട്ടു..”
ആ നിമിഷം നെറുകയിൽ ചോറ് വിക്കിയ അപ്പുവിന്റെ മുന്പിലെക്ക് ഒരു ഗ്ലാസ് വെള്ളം നീട്ടുമ്പോൾ എന്തോ ആ പന്ത്രണ്ട് വയസുകാരനിലേക് എന്റെ സംശയം നീണ്ടു…””
ഇതിപ്പോ ആദ്യത്തെ തവണ ഒന്നും അല്ലല്ലോ കാശ് പോകുന്നത്…. “” എന്തായാലും പുറത്ത് നിന്നും ആരും എടുക്കില്ല വീട്ടിലുള്ളവരെ സംശയിച്ചാൽ മതി… ആവശ്യക്കാർ ഇവിടെ തന്നെ കാണും.. “” അമ്മയുടെ വകയായുള്ള കുത്തൽ എന്റെ നേരെ വരുമ്പോഴും മൗനം പാലിച്ചു ഞാൻ….
അടുക്കളയിൽ അരി തീർന്നാൽ എണ്ണ തീർന്നാൽ എല്ലാം ഞാൻ എന്റെ വീട്ടിലേക് കൊണ്ട് പോകുന്നു എന്നാണ് പറച്ചിൽ.. “” വാ അടപ്പിക്കാൻ നോക്കിയാൽ അത് നടക്കില്ല.. ” പക്ഷെ ഒന്ന് അറിയാം അവരുടെ ഓരോ വാക്കും ഓരോ സപ്പോർട്ടും അപ്പുവിന്റെ ഭാവിയാണ് നശിപ്പിക്കുന്നത്..”
അന്ന് രാത്രിയിൽ ഉറങ്ങാൻ നേരം ഏട്ടനോട് പതുക്കേ കാര്യങ്ങൾ സൂചിപ്പിച്ചു തുടങ്ങി ഞാൻ..
ഞാൻ പറയുന്നത് ഏട്ടൻ അല്പം എങ്കിലും മുഖ വിലയ്ക്ക് എടുക്കണം.. “” നമ്മുടെ അപ്പുവിന്റെ ഭാവിയേ ഓർത്തെങ്കിലും അവന്റെ തെറ്റുകളെ ന്യായീകരിക്കാതെ അവനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം….
അപ്പോൾ നീ പറഞ്ഞു വരുന്നത് എന്റെ മോൻ ആണ് ഇവിടുത്തെ പണം മോഷ്ടിക്കുന്നത് എന്നാണോ.. “”സ്റ്റാൻഡിൽ നിന്നും ഒരു കൈയിലി എടുത്തു ഉടുത്ത് കൊണ്ട് ഏട്ടൻ എന്റെ നേരെ തിരിയുമ്പോൾ കട്ടിലിൽ നിന്നും പതുക്കെ എഴുനേറ്റു ഞാൻ..
അങ്ങനെയല്ല ഏട്ടാ..”” അവൻ കുഞ്ഞ് ആണ് മോഷണം എന്നൊന്നും പറഞ്ഞവനെ കള്ളൻ ആക്കാൻ അല്ല ഞാൻ ഇത് പറഞ്ഞത് അവന്റെ അറിവ് ഇല്ലായ്മയോ അല്ലങ്കിൽ എന്റെ പണം ആണെന്നുള്ള ചിന്തയോ ആണ് അവനെ കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിക്കുന്നത്…
അത് പറഞ്ഞു മനസിലാക്കിയാൽ അവൻ അത് തിരുത്തും എനിക്ക് ഉറപ്പുണ്ട്… “”” പറഞ്ഞു തീരും മുന്പേ ഏട്ടന്റെ കൈകൾ എന്റെ മുഖത്ത് പതിഞ്ഞു കഴിഞ്ഞിരുന്നു…
എന്റെ മകനെ ചീത്തയാക്കാൻ നീ വല്ലാണ്ട് അങ്ങ് പാട് പെടുന്നുണ്ട് അല്ലെ മൃദു.. “” എന്റെ അച്ഛനും അമ്മയും പലതും പറഞ്ഞിട്ടും ഞാൻ അത് ചെവി കൊണ്ടില്ല…ഇന്ന് എനിക്ക് അത് ബോധ്യമായി…
മ്മ്ഹ.. “” സ്കൂളിൽ ടീച്ചേർസ് വരെ എന്റെ മകനെ കുറിച്ച് നിന്നോട് കംപ്ലയിന്റ് പറഞ്ഞു എന്ന് അല്ലെ നീ പറയുന്നത്… ഇത്രയും നാൾ ഞങ്ങൾ ആരും കേൾക്കാത്ത കാണാത്ത എന്ത് കുറ്റം ആണെടി നീ അവനിൽ കണ്ടത്..?
ഞാൻ വാങ്ങി തന്ന നിന്റെ ഫോൺ പോലും എന്റെ മോൻ എടുത്താൽ നീ അത് വലിയ പ്രശ്നം ആക്കുന്നുണ്ടന്ന് എനിക്ക് അറിയാം. ഇത് ഒന്നും ചോദിക്കാതെ ഇരിക്കുന്നത് ഞാൻ വെറും മണ്ണുണ്ണി ആയത് കൊണ്ട് അല്ല.. “” ഇനി മേലാൽ നീ എന്റെ മകന്റെ കാര്യത്തിൽ ഇടപെണ്ട…
താക്കീതോടെ ഓരോന്നും പറയുമ്പോൾ തിരിച്ചു ഞാൻ കൊടുക്കുന്ന ഉത്തരങ്ങൾ വില പോകില്ലെന്ന് അറിയാവുന്നത് കൊണ്ട് സ്വയം നിയന്ത്രിച്ചു നിന്നു ആ നിമിഷം..
പിന്നെ ക്യാഷ് കളവ് പോകുന്നത് നിന്റെ ആങ്ങള കൂടെ കൂടെ ഇവിടെ വരുന്നുണ്ടല്ലോ.. “” നീ എന്താ അവനെ സംശയിക്കാത്തത്..
ആവശ്യങ്ങൾ പലതും കാണുമല്ലോ വീട്ടിൽ അപ്പോൾ അവൻ ആയി കൂടെ മോഷ്ടിക്കുന്നത്..അല്ലങ്കിൽ നീ ആയി കൂടെ… “”””തീചൂള പോലെ വാക്കുകൾ എന്നെ പൊള്ളിച്ചപ്പോൾ മാത്രം ആണ് ഞാൻ പ്രതികരിച്ചത്….
ഏട്ടാ.. “” പട്ടിണി കിടന്നപ്പോഴും മുണ്ട് മുറുക്കി കിടന്ന ശീലമേ ഞങ്ങള്ക് ഉള്ളു… ഏട്ടന്റെ ഒരു തരി പണം എന്റെ വീട്ടുകാർ മോഹിച്ചിട്ടില്ല….. “”
എന്നെങ്കിലും ഏട്ടന് തിരിച്ചറിവ് വരുമ്പോൾ ആ കുഞ്ഞ് നശിച്ചു പോയത് ഓർത്ത് നിങ്ങടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീരെങ്കിലും വീഴാതെ ഇരിക്കില്ല അന്ന് എന്നെ പഴി പറയാൻ ഈ നാവ് പൊങ്ങരുത്……
പിന്നെ അധികപറ്റ് ആയി ഈ വീട്ടിൽ കടിച്ചു തൂങ്ങി നില്കാൻ ഞാൻ ഇനി ഇല്ല… “” പോകുവാ ഈ രാത്രിയിൽ തന്നെ.. “”
ഓർമ്മകളിൽ നിന്നും ഞാൻ പുറത്ത് കടക്കുമ്പോൾ ഓട്ടോ സ്കൂൾ ഗേറ്റ് കടന്നു കഴിഞ്ഞിരുന്നു..
അന്ന് അവിടെ നിന്നും ഇറങ്ങുമ്പോൾ ഇനി ഒരു തിരിച്ചു വരവ് ഇല്ലന്ന് ഉറപ്പിച്ചു തന്നെയാണ് ഇറങ്ങിയത്… പക്ഷെ പിന്നെയും അപ്പുവിന്റെ മുഖം തന്നെയല്ലേ എന്നെ വീണ്ടും ഇവിടെക്ക് എത്തിച്ചത്..
“” ഓട്ടോയിൽ നിന്ന് ഇറങ്ങി കാശ് കൊടുത്തു് ഓഫീസ് റൂമിലേക്കു നടക്കുമ്പോൾ തന്നെ കണ്ടു എന്നെ പ്രതീക്ഷിച്ചത് പോലെ അപ്പുവിന്റെ ക്ലാസ് ടീച്ചർ..
വരൂ പ്രിൻസിപ്പൾ വിളിക്കുന്നുണ്ട്.. “” ടീച്ചർ മുന്പേ നടക്കുമ്പോൾ ചെറു ഭയവും അതിലേറെ സംശയവുമായി ഞാനും പിന്നാലെ പോയി…
ഓഫീസ് റൂം തുറന്നു അകത്ത് ചെല്ലുമ്പോൾ എന്റെ കണ്ണുകൾ പിടച്ചു.. “” പ്രിൻസിപ്പളിനു മുൻപിൽ തല കുമ്പിട്ട് ഇരിക്കുന്ന ഏട്ടൻ.. “”
മൃദൂല ഇരിക്കു…””” എനിക്ക് മുൻപിൽ നീട്ടിയ കസേരയിലേക്ക് ഞാൻ ഇരികുമ്പിഴും ഏട്ടൻ തല ഉയർത്തിയിരുന്നില്ല.. “”
മൃദുലയേ വിളിപ്പിച്ചതിനു കാരണം മനസിലായോ..? പ്രിൻസിപ്പൾ ചോദിക്കുന്നതിനു അനുസരച്ചു ഇല്ല എന്ന് തല കുലുക്കി ഞാൻ..
ആ നിമിഷം അവരുടെ കണ്ണുകൾ അപ്പുവിന്റെ ക്ലാസ് ടീച്ചറിലേക് പോയി.. “”
ചെറിയ കുറ്റപെടുത്താലോടെ ആണ് ക്ലാസ് ടീച്ചർ സംഭാഷണം ആരംഭിച്ചത് തന്നെ…
പേരെന്റ്സ് മീറ്റിംഗിന് വന്നപ്പോൾ തന്നെ അശ്വിന്റെ സ്വഭാവത്തെ കുറിച്ച് ഞാൻ സൂചിപ്പിരുന്നു..'” പലപ്പോഴും തർക്കുത്തരം മാത്രം ആണ് അവൻ പറയുന്നത്…
പോരാത്തതിന് ക്ലാസിലെ കുട്ടികളെ അകാരണമായി ഉപദ്രവിക്കുന്നു… അവരിൽ പലരുടെയും പല വസ്തുക്കളും അവരുടെ അനുവാദമില്ലാതെ എടുത്തു കൊണ്ട് പോകുന്നു.. “”
അതിനെ മോഷണം എന്ന് ഞാൻ വിളിക്കില്ല പക്ഷെ.. അവൻ ചെയ്യുന്ന തെറ്റിന്റെ ആഴം നിങ്ങൾ വീട്ടുകാർ കണ്ടില്ലന്നു നടിച്ചു അത് കൊണ്ട് ഇന്ന് അവൻ വലിയ തെറ്റുകളിലേക് ആണ് വീണിരിക്കുന്നത്……””” ടീച്ചർ പറയുമ്പോൾ സംശയതോടെ കണ്ണുകൾ ഉയർത്തി ഞാൻ…
സീ mrs മൃദൂല.. “””
പ്രിൻസിപ്പൾ ആണ് മറുപടി പറഞ്ഞു തുടങ്ങിയത്… “” കഴിഞ്ഞ ഒരാഴ്ചയായി അശ്വിൻ സ്കൂളിൽ വന്നിട്ട്. “” വീട്ടിൽ നിന്നും ലൈൻ ബസിലാണ് ഇപ്പോൾ കുട്ടി വരുന്നത്… “”
ലൈൻ ബസ്.. “”””
ഞാൻ പെട്ടന്ന് ഏട്ടന്റെ മുഖത്തേക്ക് നോക്കി…. കാരണം ഇത് വരെ സ്കൂൾ ബസിനു പോയിരുന്ന കുട്ടി അവൻ എങ്ങനെ ലൈൻ ബസിൽ പോകുന്നത്…മറുപടിക്ക് ആയി ആ മുഖത്തെക്ക് നോക്കുമ്പോൾ കണ്ണുകൾ വെട്ടിച്ചു കൊണ്ട് ആണ് മറുപടി നൽകിയത്..
സ്കൂൾ ബസ് രാവിലെ ഏഴരയ്ക്ക് വരുന്നത് കൊണ്ട് വെളുപിനെ എഴുനേറ്റ് അമ്മയ്ക്ക് അവന് ടിഫിൻ റെഡി ആക്കാൻ കഴിയില്ല.. അത് കൊണ്ട് അമ്മയുടെ നിർബന്ധം കൊണ്ട് ആണ് സ്കൂൾ ബസ് മാറ്റി ലൈൻ ബസ് ആക്കിയത്.. “” ഏട്ടൻ തല കുനിച്ചു കൊണ്ട് തന്നെ അത് പറയുമ്പോൾ എന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു..
കൊള്ളാം.. “” എന്നും നാലരയ്ക്ക് എഴുനേറ്റു അവന് വേണ്ടി ആഹാരം തയ്യാറാക്കി ഏഴര ആകുമ്പോഴേക്കു ഒരുക്കി വിടുമ്പോൾ അമ്മയുടെ ഒരു ചോദ്യം ഉണ്ട്.. “” അല്ലെങ്കിലും നിനക്ക് എന്താ ഇവിടെ പണി.. “” ഹാ അത് പോട്ടെ..ഉള്ളാലെ ഓർത്ത് കൊണ്ട് ഞാൻ പ്രിൻസിപ്പൽ മേഡത്തെ നോക്കി..
വീട്ടിൽ നിന്നും സ്കൂളിലേക്ക് ഒരുക്കി വിടുന്ന കുട്ടി ഇവിടെ വരാതെ പുറത്തുള്ള മുതിർന്ന കുട്ടികളുടെ കൂടെ കറങ്ങി നടക്കുകയായിരുന്നു.. “” സ്കൂൾ യൂണിഫോം കണ്ട് സംശയം തോന്നിയ നാട്ടുകാർ ആണ് അവനെ ഇവിടെ എത്തിച്ചത്… “” ചോദ്യം ചെയ്യലിൽ അവൻ എല്ലാം സമ്മതിച്ചിട്ടുണ്ട്..
വീട്ടിൽ നിന്നും പണം മോഷ്ടിച്ചു കൊണ്ട് ആയിരുന്നു ഈ കറക്കം മുഴുവൻ..” എന്തായാലും ആ കുട്ടിയെ ഇവിടെ തുടർന്നു പഠിപ്പിക്കാൻ ഞങൾ താല്പര്യപെടുന്നില്ല മാനേജ്മെന്റ് തീരുമാനവും അതാണ്.. “”” ടിസി വാങ്ങി നിങ്ങൾക്ക് അവനെ കൊണ്ട് പോകാം.. “”
പ്രിൻസിപ്പൽ അവസാന തീരുമാനവും ഉറപ്പിച്ചു പറയുമ്പോൾ ഞങ്ങള്ക് മുൻപിൽ മറ്റൊരു ഓപ്ഷൻ ഇല്ലായിരുന്നു..”
മൃദു.. “” ഞാൻ ഇനി എന്താ ചെയ്യേണ്ടത്.. “” തെറ്റ് പറ്റിപ്പോയി പലതും ഇന്നാണ് ഞാൻ തിരിച്ചറിയുന്നത്…. “” ഏട്ടന്റെ കൈയിൽ ഇരിക്കുന്ന ടിസി വിറയ്ക്കുമ്പോൾ ചുണ്ട് ഒന്നു കോട്ടി ഞാൻ..
നിങ്ങളുടെ മകൻ അല്ലെ അവൻ തീരുമാനം എടുക്കേണ്ടത് നിങ്ങൾ ആണ്.. “” രണ്ടാം കുടിയിലെ ഭാര്യയോട് ചോദിക്കേണ്ട കാര്യം ഇല്ലല്ലോ.. “” അവനെ നോക്കാൻ നിങ്ങളുടെ അമ്മയുമുണ്ട്…”” പിന്നെ ടീച്ചർ വിളിച്ചത് കൊണ്ട് മാന്യത ഓർത്ത് ഞാൻ ഇവിടെ വരെ വന്നു എല്ലാം കേട്ടു..
“” തിരിച്ചു മറുപടി പറയാൻ അറിയാത്തത് കൊണ്ട് അല്ല അതിന് എനിക്ക് അവകാശം ഇല്ല എന്നുള്ള ഉത്തമ ബോധ്യം ഉള്ളത് കൊണ്ടാ.. “” മ്മ്ഹ.. “” ഞാൻ പോകുന്നു.. “” അത്രയെങ്കിലും മറുപടി കൊടുത്ത് മുന്പോട്ട് നടക്കുമ്പോഴാണ് കാലിൽ ഭാരം അനുഭവപെട്ടത്.. “”
ഹ്ഹ “” കണ്ണുകൾ താഴേക്ക് നീളുമ്പോൾ അപ്പു അവന്റെ കുഞ്ഞ് മുഖം.. “”
അമ്മേ പോകല്ലേ.. “” എന്നെ തനിച്ചാക്കി പോകല്ലേ അമ്മേ… “”””” അവന്റെ കുഞ്ഞ് കണ്ണുകൾ നിറഞ്ഞു വരുമ്പോൾ ഞാൻ എന്റെ കണ്ണുനീരിനെ അടക്കി പിടിച്ചു… “”
തെറ്റുകൾ തിരുത്താൻ എന്റെ അല്ല നമ്മുടെ മോൻ തയാറാണ്.. “” ഞാനും… ” തനിക് വന്നു കൂടെ ഞങ്ങളുടെ കൂടെ.. ഏട്ടന്റെ ശബ്ദം കാതിലേക്ക് പതിക്കുമ്പോൾ ശ്വാസം എടുത്തു വിട്ടു ഞാൻ..
താൻ അവനെ അമിതമായി സ്നേഹിക്കുന്നത് എന്റെ അമ്മയ്ക്ക് പിടിച്ചില്ല.. “” തന്നെ കുറിച്ച് ആദ്യമേ അവന്റെ മനസ്സിൽ വിഷം നിറച്ചു അമ്മ…. പക്ഷെ താൻ ആയിരുന്നു ശരിയെന്നു തിരിച്ചറിയാൻ ഞങ്ങൾ വൈകി…”””ഏട്ടന്റെ കണ്ണുകൾ ദൂരേക്ക് പായുമ്പോൾ എന്റെ മുൻപിൽ നിറ കണ്ണുകളോടെ കൈ കൂപ്പി ആ കുഞ്ഞ്
അമ്മേ എനിക്ക് വേണം… ഞാൻ ഇനി നല്ല കുട്ടി ആയിക്കോളാം അമ്മേ… അമ്മയോട് വഴക്ക് ഇടില്ല ചീത്ത കൂട്ട് കെട്ടിൽ പോകില്ല… പ്രോമിസ് അമ്മേ… “”
ആ കുഞ്ഞ് ശബ്ദം വിറ കൊള്ളുമ്പോൾ ആ നിമിഷം എല്ലാം മറന്നവനെ നെഞ്ചോട് ചേർക്കുമ്പോൾ എന്റെ മാറിടവും വിങ്ങി… അമ്മയെന്ന മധുരവികാരം എന്റെ കുഞ്ഞ് വാശികളെ തോൽപ്പിച്ച് ആ അച്ഛനും മകനും ഒപ്പം എന്നെ വീണ്ടും ചേർത്തു….
ആവോളം സ്നേഹം നുകർന്നു നൽകി ഈ ലോകത്തിനു നെറുകയിൽ നന്മ നിറഞ്ഞവനായി എനിക്ക് എന്റെ മകനെ വളർത്തണം……