പിന്നെ എങ്ങനുണ്ട് നിയും കാമുകനും കൂടെ പിക്‌നിക്കിനിടയിൽ നടത്തിയ ചുംബന സമരത്തിന്റ വീഡിയോ.. കൊള്ളാമോ.. ?” അവന്റെ സംസാരത്തിൽ ഇരയെ വലയിലാക്കുവാനുള്ള തന്ത്രം

വികാരങ്ങൾ വിപത്താകുമ്പോൾ
(രചന: Mejo Mathew Thom)

മൂന്നുദിവസത്തെ കോളേജ് പിക്നിക് കഴിഞ്ഞുവന്നതിന്റെ ക്ഷീണത്തിൽ നേരംപുലർന്നതോ സൂര്യനുദിച്ചതോ അറിയാതെ തലയണയെ കെട്ടിപിടിച്ചുള്ള ഉറക്കത്തിൽ

അവളുടെ ചുണ്ടിൽ വിരിഞ്ഞുനിന്ന മന്ദഹാസത്തിൽ തെളിഞ്ഞു നിന്നതു കഴിഞ്ഞു പോയ പിക്നിക് ദിവസങ്ങളിൽ നുകർന്ന മധുര നിമിഷങ്ങൾ തീർത്ത സ്വപ്നങ്ങളുടെ സുഖാനു ഭൂതിയായിരുന്നു….

പെട്ടന്നാണ് ഡ്രസ്സിങ് ടേബിളിലിരുന്ന അവളുടെ മൊബൈൽ റിംഗ് ചെയ്തത്..

പാതിയിൽ മുറിഞ്ഞുപോയ സ്വപ്നത്തിന്റെ നിരാശയിൽ കണ്ണുകൾ തിരുമ്മിത്തുറന്നു തലയണയെവിട്ട് കട്ടിലിൽ എഴുന്നേറ്റിരുന്നു….

അഴിഞ്ഞുലഞ്ഞ തലമുടി ഇരു കൈകകോതിക്കെട്ടി കട്ടിലിൽ നിന്നു നിലത്തേയ്ക്കിറങ്ങിനിന്നു സ്ഥാനം മാറിയ വസ്ത്രങ്ങൾ നേരെയാക്കി ഫോണെടുക്കാൻ തുടങ്ങിയപ്പോഴേക്കും കാൾകട്ടായി….

“നാശംപിടിക്കാൻ ആ ഉറക്കത്തിന്റെ സുഖമങ്ങുപോയി…”

എന്നും പിറുപിറുത്തുകൊണ്ട് ബാത്റൂമിലേയ്ക്ക് നടക്കാൻ തിരിഞ്ഞപ്പോഴേക്കും ഫോൺ വീണ്ടും റിംഗ് ചെയ്തു…

അവൾ തിരിഞ്ഞു ഫോണെടുത്തു നോക്കി…പരിചയമില്ലാത്ത നമ്പർ.. അവൾ സംശയഭാവത്തിൽ കാൾ അറ്റന്റ് ചെയ്തു

“ഹലോ…”

“ഹലോ…ഗുഡ്മോർണിംഗ് മായാ… ഞാനാ ഡേവിസ്…എന്റെ നമ്പറിന്ന് വിളിച്ചാൽ നീ കാൾ അറ്റന്റ് ചെയ്യില്ലലോ അതുകൊണ്ടാ വേറെ നമ്പരിന്നു വിളിച്ചത് ”

മറുവശത്തുനിന്നും സന്തോഷം നിറഞ്ഞ സ്വരത്തിലാണ് അവന്റെ സംസാരമെങ്കിലും അവളുടെ മുഖത്ത് തെളിഞ്ഞത് വെറുപ്പായിരുന്നു

“എന്താ ഡേവിസ്..എന്തിനാ വിളിച്ചത്”
അവളുടെ സ്വരത്തിലും ആ വെറുപ്പ്‌ നിഴലിച്ചിരുന്നു

“കാര്യമൊക്കെ പഴയത് തന്നെ..” വഷളൻ ചിരിയോടെയായിരുന്നു അവന്റെ സംസാരം

“നിന്റെ ആഗ്രഹം നടക്കില്ലെന്നു ഞാൻ മുൻപേ പറഞ്ഞതല്ലേ.. ഇനി ഇതും പറഞ്ഞു എന്നെ വിളിക്കരുത്.. വിളിച്ചാൽ ഞാനിതു കംപ്ലൈന്റ് ചെയ്യും..”

താക്കിതിന്റെ സ്വരത്തിൽ പറഞ്ഞുകൊണ്ട് കാൾ കട്ട്‌ ചെയ്തു ഫോൺ കട്ടിലിലേക്കിട്ട് അവൾ ബാത്റൂമിലേക്കുപോയി…

ഫ്രഷായിവന്നു വെറുതെ മൊബൈൽ എടുത്ത് അൺലോക്ക്ചെയ്തപ്പോഴുണ്ട് വാട്ട്സാപ്പ് നോട്ടിഫിക്കേഷൻ..

അവൾ വാട്സാപ്പ് ഓപ്പൺ ചെയ്തു.. നേരത്തെ ഡേവിസ് വിളിച്ച നമ്പറിന്നാരുന്നു മെസ്സേജ്. കൂടെയൊരു വീഡിയോ ക്ലിപ്പും ..അവൾ മെസ്സേജ് ഓപ്പൺ ചെയ്തു…

‘ഞാൻ ഒരു വീഡിയോ അയച്ചിട്ടുണ്ട്.. അത് കണ്ടശേഷം ഞാൻ നേരത്തെ നിന്നോട് പറഞ്ഞകാര്യത്തിന് നിനക്ക് സമ്മതമാണെങ്കിൽ എന്നെ വിളിക്കുക..

മറ്റൊരാളുപോലും ഇതറിയരുത്..പിന്നെ നിനക്ക് സമ്മതമല്ലെങ്കിൽ നിന്റെ ഇഷ്ടംപോലെ ചെയ്യാം… പക്ഷെ ഈ വീഡിയോ ലോകം മുഴുവൻ കാണും’

അവൾ വീഡിയോ ഓപ്പൺ ചെയ്തു

അവളുടെ ഉള്ളം കാലിൽ നിന്നൊരു വിറയൽ ശരീരത്തിലൂടെ ഇരച്ചുകയറി..

കയ്യിലിരുന്ന മൊബൈൽ കട്ടിലിലേക്കെറിഞ്ഞു.. കണ്ണുകളിറുക്കിയടച്ചു കട്ടിലിലേയ്ക്കിരുന്നു… എങ്കിലും മൊബൈലിൽ കണ്ട ദൃശ്യം അവളുടെ മനസ്സിൽ തെളിഞ്ഞുനിന്നു…

അവൾ ചങ്കിടിപ്പോടെ ഡേവിസ് വിളിച്ച നമ്പറിലേക്കു തിരിച്ചു വിളിച്ചു..

അപ്പോഴും അവളുടെ ശരീരത്തിലെ വിറയൽ മാറിയിരുന്നില്ല..മൂന്നാല് റിങ്ങുകൾക്കുശേഷം അവൻ കാൾ അറ്റന്റ് ചെയ്തു

“ഹലോ… മായാ.. ഇത്രപെട്ടെന്ന് മനസുമാറിയോ..? ഇനി വിളിക്കുകയെ ചെയ്യരുതെന്ന് പറഞ്ഞയാള് അടിയനെ ഇങ്ങോട്ട് വിളിച്ചിരിക്കുന്നല്ലോ… ”

ആഗ്രഹിച്ചപോലെ കാര്യങ്ങൾ നടക്കാൻതുടങ്ങിയതിന്റെ ആനന്ദം അവന്റെ സംസാരത്തിലുണ്ടായിരുന്നു

“ഡേവിസ്.. പ്ലീസ്.. എന്റെ ജീവിതം തകർക്കരുത്.. ”

ഫോണിലൂടെ അവൾ അവനോട് യാചിച്ചു

“ഞാൻ നിന്റെ ജീവിതം തകർക്കാനൊന്നുമില്ല.. എന്റെയൊരു ആഗ്രഹം നീ സാധിച്ചുതരണം അതു കഴിഞ്ഞു നീ തന്നെ ഈ വീഡിയോ ഡിലീറ്റ് ചെയ്തോളു എന്റെ ഫോണിന്ന്..

പിന്നെ എങ്ങനുണ്ട് നിയും കാമുകനും കൂടെ പിക്‌നിക്കിനിടയിൽ നടത്തിയ ചുംബന സമരത്തിന്റ വീഡിയോ.. കൊള്ളാമോ.. ?”

അവന്റെ സംസാരത്തിൽ ഇരയെ വലയിലാക്കുവാനുള്ള തന്ത്രം നിറഞ്ഞിരുന്നു

“ഡേവിസ്..പ്ലീസ്…ഞങ്ങളുടെ കല്യാണം ഉറപ്പിച്ചതാണ്..” കരഞ്ഞു കൊണ്ടായിരുന്നു അവളുടെ സംസാരം

“ആയിക്കോട്ടെ..ഈ ലോകത്തിൽ കല്യാണം കഴിഞ്ഞവരുടെ വരെ സ്വകാര്യ ദൃശ്യങ്ങളുടെ വീഡിയോ വൈറലാവുന്നു… പിന്നെയാ…

മായക്ക് വൈറലാവാണ്ടെങ്കിൽ ഞാൻ പറഞ്ഞത് സമ്മതിച്ചെക്ക്..എന്റെ വീട്ടിലേക്കു വാ..ആരുമില്ല വീട്ടില് പപ്പയും മമ്മയും വൈകിട്ടെ വരൂ.

ഉച്ചവരെ തന്നെ ഞാൻ പ്രതീക്ഷിയ്ക്കും അതുകഴിഞ്ഞാൽ എന്താ ചെയ്യണ്ടെന്ന് എനിക്കറിയാം ”

അവസാനതാക്കിതെന്നരീതിയിൽ പറഞ്ഞു കൊണ്ട് അവളുടെ മറുപടിയ്ക്ക് കാക്കാതെ അവൻ ഫോൺ കട്ട്‌ ചെയ്തു.. അവൾ തളർച്ചയോടെ കട്ടിലിലേയ്ക്കിരുന്നു. ..

കുറച്ചു നേരത്തിനു ശേഷം എന്തൊ തീരുമാനിച്ചുറച്ചു കട്ടിലിൽ നിന്നെഴുനേറ്റു മുഖം കഴുകി ഡ്രെസ്സും മാറി പുറത്തേക്കു പോയി…

സമയം ഇഴഞ്ഞു നീങ്ങികൊണ്ടിരുന്നു… മായയെയും പ്രതീക്ഷിച്ചു കൊണ്ട്

ഹാളിലിരുന്ന് ടീവി കാണുകയായിരുന്നു
ഡേവിസ് ഇടയ്ക്കിടയ്ക്ക് മൊബൈൽ എടുത്ത് വല്ല മെസ്സേജും വന്നിട്ടുണ്ടോന്നു.. പെട്ടന്നാണ് ഡോർബെൽ മുഴങ്ങിയത്.. .

മായയായിരിയ്കും എന്നവന്റെ മനസ്സിൽതോന്നി
അവന്റെ ചങ്കിടിപ്പ് കൂടിത്തുടങ്ങി..

മൊബൈൽ എടുത്ത് കയ്യിൽ മുറുകെപിടിച്ചു കൊണ്ടു അവൻ ചെന്ന് ഡോർതുറന്നു.. അവളെ പ്രതീക്ഷിച്ചയവൻ മുന്നിൽ നിൽക്കുന്നയാളെക്കണ്ട് ഒന്ന് ഞെട്ടി

‘അവന്റെ അപ്പൻ ‘

“പപ്പയെന്താ പതിവില്ലാതെ ഇന്ന് ഉച്ചയ്ക്ക്.. കട നേരത്തെ അടച്ചോ.. ?”

ഞെട്ടൽ പുറത്ത് കാണിയ്ക്കാതെ അവൻ ചോദിച്ചെങ്കിലും അവന്റെ സ്വരം പതറിയിരുന്നു

“കടയൊന്നും അടച്ചിട്ടില്ല.. ഒരു അത്യാവശ്യകാര്യം അത് തീർത്തിട്ട് പെട്ടന്ന് പോകണം.. കടയിൽ തിരക്ക് വരുന്ന സമയമാ.. ”

മറുപടി പറയുന്നതിനിടയ്ക്ക് അയാൾ അവന്റെ കയ്യിൽ നിന്ന് മൊബൈൽ വാങ്ങിച്ചു..

“എന്ത് കാര്യമാ.. അതിനെന്തിനാ എന്റെ മൊബൈൽ… ?” അവന്റെ സ്വരത്തിൽ സംശയവും അതിലേറെ പേടിയും നിറഞ്ഞു

“നിന്റെ കല്യാണക്കാര്യം തന്നെ.. അത് കഴിഞ്ഞ് ഉള്ള കാര്യമൊക്കെ നീ റെഡിയാക്കിയ സ്ഥിതിയ്ക്ക് നിന്റെ കല്യാണം നടത്തി തരേണ്ടത് എന്റെ കടമയല്ലേ.. ?”

അവന്റെ മുഖത്തേയ്ക്കു നോക്കിയുള്ള അയാളുടെ ചോദ്യത്തിൽ പരിഹാസം കലർന്നിരുന്നു.

“പപ്പാ.. ഞാൻ.. .”

അവൻ പറഞ്ഞു തീർത്തില്ല അതിനു മുൻപ് അയാളുടെ കൈ അവന്റെ കവിളിൽ ആഞ്ഞുപതിച്ചു..

അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ അവൻ വേച്ചു വീഴാൻ പോയെങ്കിലും കസേരയിൽ പിടിച്ചുനിന്നു.. .

“മോളേ.. ഇങ്ങോട്ട് കയറിവാ ”
അവനെയൊന്ന് തറപ്പിച്ചു നോക്കിയ ശേഷം അയാൾ പുറത്തേയ്ക്ക് നോക്കി വിളിച്ചു..

അത് കേട്ട് അതുവരെ പുറത്തു നിന്ന മായ അങ്ങോട്ട്‌ കയറിവന്നു..

അവളെയും കൂടെ കണ്ടപ്പോൾ അവന്റെ ശിരസ് അപമാനത്താൽ കുനിഞ്ഞു

“നീ ഇവൾക്ക് അയച്ചുകൊടുത്ത വീഡിയോ എവിടൊക്കെയാ സേവ് ചെയ്തേക്കുന്നെന്ന് അവളോട്‌ പറഞ്ഞു കൊടുത്തേയ്ക്ക് അവളുതന്നെ ഡിലീറ്റ് ചെയ്തോളും ”

മൊബൈൽ അവളുടെ കയ്യിൽ കൊടുത്തുകൊണ്ട് അയാൾ അവനോടായ് പറഞ്ഞു
പിന്നെയെല്ലാം പെട്ടന്നായിരുന്നു

അവന്റെ മൊബൈലിൽ ഉണ്ടായിരുന്ന വീഡിയോയും ഡിലീറ്റ് ചെയ്ത് മൊബൈലും ഫോർമാറ്റ്‌ ചെയ്തു

“ഇനി മോളുതന്നെ ആ മൊബൈലിന്നു മെമ്മറികാർഡ് ഊരി ഓടിച്ചു കളഞ്ഞേച്ചു ആ മൊബൈൽ തല്ലിപൊട്ടിച്ചു കളഞ്ഞോളു ”

അയാൾ പറഞ്ഞതുപോലെ അവൾ ചെയ്തു.. തകർന്നു തരിപ്പണമായികിടക്കുന്ന മൊബൈലെക്കു നോക്കി നിന്നതല്ലാതെ അവൻ ഒന്നും പറഞ്ഞില്ല

“ഡാ.. .ഡേവിസെ.. . പെണ്ണിന്റെ സമ്മതമില്ലാതെ അവളുടെ ശരീരം അനുഭവിക്കുന്നതും വായക്കു രുചിയില്ലാത്ത ആഹാരം കഴിയ്ക്കുന്നതും ഒരുപോലെയാ… കുറച്ചു നേരത്തേയ്ക് വിശപ്പ് മാറ്റമെന്നേയുള്ളു ”

ഉപദേശരീതിയിൽ അവനോട് പറഞ്ഞശേഷം അയാൾ അവളെനോക്കി തുടർന്നു

“മോളേ.. .. ഏതൊരു വികാരവും പരിസരവും സന്ദർഭവും മറന്നു പ്രകടിപ്പിച്ചാൽ നാണക്കേടായിരിയ്ക്കും ഫലം…

പക്ഷെ മോളിപ്പോളെടുത്ത തീരുമാനം വളരെ ശരിയായിരുന്നത് കൊണ്ട് വലിയ ആപത്തും നാണക്കേടും ഒഴിവായി..”

അവൾ മറുപടി ഒന്നും പറയാതെ അയാളെനോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു…

Leave a Reply

Your email address will not be published. Required fields are marked *