സുധേ.. നീ ഇത് എന്തിനാ കതിർമണ്ഡപത്തിന്റെ അടുത്ത് വന്ന് നിൽക്കുന്നത്.. നീയൊരു വിധവയാണ്.. വെറുതെ കുട്ടികളുടെ ജീവിതത്തിൽ ദോഷമുണ്ടാക്കി വെയ്ക്കാതെ

അമ്മ
(രചന: ദേവാംശി ദേവ)

“സുധേ.. നീ ഇത് എന്തിനാ കതിർമണ്ഡപത്തിന്റെ അടുത്ത് വന്ന് നിൽക്കുന്നത്.. നീയൊരു വിധവയാണ്..

വെറുതെ കുട്ടികളുടെ ജീവിതത്തിൽ ദോഷമുണ്ടാക്കി വെയ്ക്കാതെ അങ്ങോട്ടേവിടെയെങ്കിലും പോയി ഇരിക്ക്… ഇവിടുത്തെ കാര്യങ്ങളൊക്കെ നോക്കാൻ ഞങ്ങളുണ്ടല്ലോ..”

വല്യമ്മായി അമ്മയുടെ കൈപിടിച്ച് പുറകിലേക്ക് നീക്കി..

“എന്റെ കുഞ്ഞ് താലികെട്ടുന്നത് എനിക്ക് കണ്ണു നിറയെ കാണണം ഏടത്തി..”

“പിന്നെ..ഇനി കണ്ണ് നിറയെ കാണാത്തത് കൊണ്ടേ ഉള്ളു.. വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാതെ ഒരിടത്തേക്ക് മാറി നിക്ക്.”

അമ്മായി ശബ്ദമടക്കി ദേഷ്യത്തോടേ പറഞ്ഞതും ‘അമ്മ പുറകിലേക്ക് നീങ്ങി..

കതിർമണ്ഡപത്തിൽ ഇരുന്ന് അമ്മയെ തന്നെ ശ്രെദ്ധിക്കുവായിരുന്നു ഞാൻ..

അമ്മ പുതിയ സാരി ഉടുത്തിനെ കുറിച്ചായിരുന്നു അല്പം മുമ്പ് ചെറിയമ്മമാരുടെ ചർച്ച.. എത്ര നിർബന്ധിച്ചിട്ടാണ് അമ്മ അത് ഉടുത്തതെന്ന് എനിക്കല്ലേ അറിയൂ..

“എനിക്ക് പുതിയതോന്നും വേണ്ട മോനെ.. ഞാൻ ഇതൊക്കെ ഉടുത്ത് വന്നാൽ നാട്ടുകാർ എന്ത് പറയും.”

“നാട്ടുകാരുടെ ചിലവിൽ ആണോ അമ്മേ നമ്മൾ ജീവിക്കുന്നത്.. മാന്യമായി ജീവിക്കാൻ നമുക്ക് ആരുടെയും അനുവാദം അവശ്യമില്ല.. അമ്മക്ക് എന്റെ സന്തോഷം ആണ് വലുതെങ്കിൽ അമ്മ ഇത് ഉടുക്കണം.”

പുതിയ സാരിയിൽ അമ്മയെ കണ്ടപ്പോൾ ഒരുപാട് സന്തോഷിച്ചു..
ആ സന്തോഷത്തെയാണ് ബന്ധുക്കൾ വാക്കുകളുടെ മുനകൊണ്ട് കുത്തികെടുത്തിയത്.

“മുഹൂർത്തമായി..പെണ്ണിനെ വിളിച്ചോളൂ..”

ഒരു നിമിഷം എല്ലാവരോടുമൊപ്പം എന്റെ കണ്ണും അപർണയിൽ ആയി..

ഡോക്ടർ അപർണ പ്രസാദ്..

മെഡിക്കൽ കോളേജിൽ വെച്ചുള്ള പരിചയമാണ്.. സൗഹൃദം പ്രണയമായി വളർന്നപ്പോൾ ആദ്യം പറഞ്ഞത് അമ്മയോട് ആണ്..

എന്റെ ഇഷ്ടങ്ങൾക്ക് ഇതുവരെ എതിര് നിന്നിട്ടില്ല അമ്മ.. നിനക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യൂ എന്നാണ് കുട്ടിക്കാലം മുതൽ അമ്മയെന്നോട് പറഞ്ഞിട്ടുള്ളത്..

ഞാനും ഒരു ഡോക്ടർ ആയതുകൊണ്ടുതന്നെ അപർണയുടെ വീട്ടുകാർക്കും സമ്മതമായിരുന്നു..

ചടങ്ങുകൾ പൂർത്തിയാക്കി അപർണ എന്റെ ഇടത്തുവശത്തായി ഇരുന്നു..

“ആരാ താലി എടുത്ത് കൊടുക്കുന്നത്..
അച്ഛൻ ഇല്ലാത്ത സ്ഥിതിക്ക് അച്ഛന്റെ സ്ഥാനത്ത് നിന്ന് ആരാ അത് ചെയ്യുന്നേ..”

തിരുമേനി ചുറ്റും നോക്കി..

“ഞാനാ…” വല്യമ്മാവൻ വാസുദേവൻ നായർ മുന്നോട്ട് വന്നു..

“വേണ്ട..”

അമ്മാവൻ പൂജിച്ച താലി എടുക്കാൻ തുടങ്ങിയതും ഞാൻ ഉറക്കെ പറഞ്ഞു..

“എന്റെ അച്ഛന്റെ സ്ഥാനത്ത് നിൽക്കാൻ അവകാശവും അർഹതയുമുള്ള ഒരാളെ ഉള്ളു എന്റെ ജീവിതത്തിൽ.. എന്റെ അമ്മ.. അമ്മ എടുത്ത് തന്നാൽ മതി താലി..”

ഞാനെന്തോ അപരാധം ചെയ്‌ത പോലെ എല്ലാവരും ഞെട്ടി എന്നെ നോക്കി..

“നീ എന്താ ശ്രീ പറയുന്നത്.. വിധവകൾ മംഗള കർമ്മങ്ങൾ ചെയ്തൽ ദോഷമാണ്..” വല്യമ്മാവൻ പറഞ്ഞു…

“എന്ത് ദോഷം..”

“നിന്റെ അമ്മ താലി എടുത്ത് തന്നാൽ നിന്റെ വിവാഹ ജീവിതം നീണ്ട് നിൽക്കില്ല.. അതുകൊണ്ട് നിന്റെ പിടിവാശി കളയുന്നതാണ് നല്ലത്.. ഇല്ലെങ്കിൽ അനുഭവിക്കുന്നത് നിന്റെ ഭാര്യ ആയിരിക്കും..”

അമ്മാവന്റെ സ്വരത്തിലെ ഭീഷണി കേട്ട് ചിരിക്കാനാണ് തോന്നിയത്.

“ഓഹോ..അങ്ങനെ ആണെങ്കിൽ എന്റെ അമ്മ ചെറുപ്പത്തിലേ വിധവ ആയത് അമ്മയുടെ കല്യാണത്തിന് താലി എടുത്ത് കൊടുത്ത ആളുടെ കുഴപ്പമാണോ..”

“സുധേ..നീ നിന്റെ മകനെ വളർത്തി വഷളാക്കി..” എന്റെ ചോദ്യത്തിന് ഉത്തരമില്ലാതെ വന്നപ്പോൾ അമ്മാവൻ അമ്മയോട് ദേഷ്യപ്പെട്ടു..

“അപ്പൊ അമ്മാവന് അറിയാം എന്നെ വളർത്തിയത് അമ്മയാണെന്ന്…
അതുകൊണ്ട് തന്നെയാ പറഞ്ഞത് താലി അമ്മ എടുത്ത് തന്നാൽ മതിയെന്ന്..”

“ശ്രീനാഥ് …ഇതെന്റെ മോളുടെ ജീവിതമാണ്. അവിടെ പുരോഗമനം ചിന്തിക്കൻ ഞാൻ തയാറല്ല.” അപർണയുടെ അച്ഛനാണ്..

അത് കേട്ടതും ഞാൻ കതിർമണ്ഡപത്തിൽ നിന്നും എഴുന്നേറ്റു.. കൂടെ അപർണയും..

“അങ്കിൾ പറഞ്ഞത് ശരിയാണ്.. അങ്കിളിന്റെ മകളുടെ ജീവിതമാണ്.
അവളുടെ മാത്രമല്ല എന്റെയും കൂടെ ജീവിതമാണ്. എന്റെ അമ്മയെ മാറ്റി നിർത്തി എനിക്കൊരു ജീവിതമില്ല.

ഞാനൊരു ഡോക്ടർ അയതുകൊണ്ടല്ലേ അങ്കിൾ അപർണക്ക് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ എതിര് പറയാത്തത്..

ഇരുപതാമത്തെ വയസ്സിൽ ആണ് എന്റെ അമ്മക്ക് ഭർത്താവിനെ നഷ്ടപ്പെട്ടത്.. അന്ന് എനിക്ക് ഒരു വയസ്സ്..

അമ്മക്ക് മറ്റൊരു ജീവിതം കണ്ടു പിടിച്ച് കൊടുക്കാൻ ആരും അന്ന് മിനക്കെട്ടില്ല..
അന്നുമുതൽ എനിക്ക് വേണ്ടിയാണ് അമ്മ ജീവിച്ചത്‌..

കണ്ട വീടുകളിൽ അടുക്കള പണി ചെയ്തതും കല്യാണമണ്ഡപങ്ങളിൽ എച്ചിൽ ഇല എടുത്തുമാണ് എന്റെ അമ്മ ശ്രീനാഥ് എന്ന എന്നെ ഡോക്ടർ ശ്രീനാഥ് ആക്കിയത്..

ആ അമ്മയെ എന്ത് ദോഷത്തിന്റെ പേരിൽ ആണെങ്കിലും മാറ്റി നിർത്തി എനിക്കൊരു ജീവിതം വേണ്ട..

അപർണയോട് ഞാനിതൊക്കെ മുൻപേ പറഞ്ഞിട്ടുള്ളതല്ലേ..

ഞാൻ അപർണയെ നോക്കി..

അത് കേട്ടതും അപർണ മണ്ഡപത്തിൽ നിന്നും ഇറങ്ങി അമ്മയുടെ അടുത്ത് പോയി അമ്മയെ ചേർത്ത് പിടിച്ച് എന്റെ അരികിലേക്ക് വന്നു..

“അമ്മയെ മാറ്റി നിർത്താൻ ഞാനൊരിക്കലും പറഞ്ഞില്ലല്ലോ ശ്രീ.. ഇനി പറയുകയും ഇല്ല..”

“അപർണ….ഇത് കുട്ടിക്കളി അല്ല..”
അവളുടെ അച്ഛൻ ദേഷ്യപ്പെട്ടു..

“അത് തന്നെയാണ് എനിക്കും പറയാനുള്ളത്.. ഇത് കുട്ടിക്കളി അല്ല.. ഞങ്ങളുടെ ജീവിതമാണ്…

ഞാനൊരു ഗൈനക്കോളജിസ്റ്റ് ആണ്.. അമ്മമാർ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത് നേരിട്ട് കാണുന്നവൾ..

തന്റെ അസ്തികളൊക്കെ നുറുങ്ങുന്ന വേദനയിൽ ജീവൻ നഷ്ടപ്പെടും എന്ന് തോന്നിയാൽ പോലും തന്റെ കുഞ്ഞുങ്ങൾക്ക് ഒന്നും സംഭവിക്കരുതെ എന്ന് പ്രാർധിക്കുന്ന അമ്മമാരേ ദിവസവും ഞാൻ കാണാറുണ്ട്..

ജീവനും ജീവിതവും തന്റെ മക്കൾക്ക് വേണ്ടി ഉഴിഞ്ഞുവെച്ച് അവരുടെ സന്തോഷമാണ് നമ്മുടെയും സന്തോഷം എന്ന് കരുതി ജീവിക്കുന്ന അവരെ എന്തിന്റെ പേരിൽ ആണ് അച്ഛാ നമ്മൾ മാറ്റി നിർത്തേണ്ടത്.. ഭർത്താവ് നഷ്ടപ്പെട്ടത്തിന്റെ പേരിലോ..

എങ്കിൽ ഭാര്യ നഷ്ടപ്പെട്ട പുരുഷന്മാർക്ക് എന്തുകൊണ്ട് ഇതുപോലുള്ള വിലക്കുകൾ ഇല്ല.. ഭാര്യക്ക് ഭർത്താവും ഭർത്താവിന് ഭാര്യയും തുല്യമല്ലെ.. പക്ഷെ നിയന്ത്രണങ്ങളെല്ലാം സ്ത്രീകൾക്ക്..

അച്ഛനാവാൻ കഴിയാത്ത പുരുഷന് ഒരു പ്രശ്നവും ഇല്ല.. പക്ഷെ സ്‌ത്രീകൾക്ക് പ്രസവിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവൾ നാട്ടുകാരുടെ കണ്ണിൽ കരട്.. ഇതൊക്കെ മാറണ്ടേ അച്ഛാ..”

“കാലങ്ങളായി നടന്നുവരുന്ന സമ്പ്രദായമാണ് ഇതൊക്കെ..
നമ്മൾ മാത്രം വിചാരിച്ചാൽ മാറോ..”

“ഇല്ല..ഒരിക്കലും ഇല്ല.. പക്ഷേ നമ്മുടെ ജീവിതത്തിൽ നമുക്ക് വിചാരിക്കാലോ… അത് കണ്ട് ഈ ഓഡിറ്റോറിയത്തിൽ ഇരിക്കുന്നതിൽ ഒരാൾ മാറി ചിന്തിക്കാൻ കഴിഞ്ഞാൽ മാറ്റങ്ങൾക്ക് തുടക്കമായില്ലേ..”

അപർണ പറഞ്ഞു നിർത്തിയതും ഓഡിറ്റോറിയത്തിൽ നിന്നും കരഘോഷം ഉയർന്നു..

പെൺകുട്ടികളും ആൺകുട്ടികളും ഉൾപ്പെടുന്ന കുറച്ച് ചെറുപ്പകാർ.

“വാ അമ്മേ..വന്ന് താലി എടുത്ത് ശ്രീയുടെ കൈയിൽ കൊടുക്ക്..”

അമ്മ എന്റെ മുഖത്തകക്ക് നോക്കി.
എന്റെ മുഖത്തെ നിറഞ്ഞ പുഞ്ചിരി കണ്ടപ്പോൾ വിറയ്ക്കുന്ന കൈകളോടെ അമ്മ താലി എടുത്ത് എനിക്ക് നീട്ടി..

ഞാനും അപർണയും അമ്മയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങി.. അമ്മയുടെ കൈയ്യിൽ നിന്ന് താലി വാങ്ങി അപർണയുടെ കഴുത്തിൽ കെട്ടുമ്പോൾ

അമ്മയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകുകയായിരുന്നു..
വിറക്കുന്ന ചുണ്ടുകളിൽ ഞങ്ങൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയും…

അമ്മയുടെ സന്തോഷവും പ്രാർത്ഥനയും തന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യം…

Leave a Reply

Your email address will not be published. Required fields are marked *