(രചന: J. K)
ദിനേശൻ ജോലി കഴിഞ്ഞു വന്നപ്പോൾ പെങ്ങൾ വീട്ടിൽ എത്തിയിട്ടുണ്ടായിരുന്നു..
“”എപ്പഴാടീ വന്നേ???””
എന്നും ചോദിച്ചു അയാൾ അകത്തേക്ക് കയറി..
“”” കുറച്ചു നേരമായി ഏട്ടാ “”
എന്ന് പറഞ്ഞു അവൾ..
“”””രാജീവൻ വന്നില്ലേ??””
എന്ന് ചോദിച്ചപ്പോൾ എന്തോ അവളുടെ മുഖം വാങ്ങിയ പോലെ തോന്നി. രാജീവേട്ടനാണ് അവളെ അവിടെ കൊണ്ടുവിട്ടത് എന്ന് പറഞ്ഞു അവൾ വേഗം അകത്തേക്ക് പോയി…
അപ്പോഴേക്ക് അമ്മ എനിക്കുള്ള ചായയും എടുത്ത് അങ്ങോട്ട് വന്നിരുന്നു..
അമ്മയുടെ മുഖം ശ്രദ്ധിച്ചപ്പോൾ ആ മുഖത്തും വലിയ തെളിച്ചം ഒന്നും കണ്ടില്ല എന്താണ് എന്ന് ചോദിച്ചതിന് മറുപടി പറഞ്ഞതുമില്ല തലവേദനയാണ് എന്ന് പറഞ്ഞു
പക്ഷേ എന്തോ അവിടെ കാര്യമായി ഉണ്ടായിട്ടുണ്ട് എന്ന് എനിക്ക് ഉറപ്പായിരുന്നു…
രണ്ടുപേരും ചേർന്ന് എന്നെ എന്തൊക്കെയോ ഒളിപ്പിക്കുന്നുണ്ട് എന്നും…കൂടുതൽ ഒന്നും ചോദിക്കാൻ നിന്നില്ല അവർ ഇങ്ങോട്ട് പറയുമ്പോൾ പറയട്ടെ എന്ന് കരുതി…
അത്താഴവും കഴിച്ചു ഉമ്മറത്ത് പോയി ഇരിക്കുമ്പോൾ അടുക്കള ഭാഗത്ത് നിന്ന് എന്തോ ശബ്ദം കേട്ടു പുറത്തുകൂടെ ഇറങ്ങി എന്താണെന്ന് നോക്കാൻ പോയപ്പോഴാണ് അവിടെ ഉള്ളിൽ നിന്ന് അവരുടെ വർത്തമാനം കേട്ടത്…
“””‘ഞാൻ അവനോട് പറഞ്ഞു നോക്കാം മോളെ അല്ലാതെ എന്ത് ചെയ്യും നമ്മൾ??””
എന്ന് അമ്മ അവളോട് പറയുന്നത് കേട്ടാണ് എന്താണ് എന്നറിയാൻ അവിടെത്തന്നെ നിന്ന് ബാക്കി കേട്ടത്…
രാജീവന് കൊടുക്കാം എന്ന് പറഞ്ഞ സ്ത്രീ ധനം മുഴുവൻ കൊടുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ലായിരുന്നു അത് ചോദിച്ചു അവൾക്ക് അയാളുടെ വീട്ടിൽ നല്ല പ്രശ്നമുണ്ട് എന്ന് അവരുടെ വർത്തമാനത്തിൽ നിന്ന് എനിക്ക് മനസ്സിലായി
അമ്മ അതിനെപ്പറ്റി എന്നോട് സംസാരിക്കാം എന്ന് പറഞ്ഞപ്പോൾ അവൾ അതിന് സമ്മതിക്കുന്നില്ല എനിക്ക് വിഷമം ആകും എന്ന് കരുതി അമ്മയെ അവൾ പറയാൻ അനുവദിക്കുന്നില്ല…
“”‘ എന്നാൽ നിന്റെ രണ്ടു വളയെങ്കിലും അവനെ കൊണ്ട് പണയത്തിൽ നിന്ന് എടുപ്പിക്കാം “””‘
എന്ന് അമ്മ പറയുന്നത് കേട്ടു അത് കേട്ട് അവൾ ഒന്നും മിണ്ടാതെ നിൽക്കുന്നതും…
എല്ലാം കേട്ട് ഉമ്മറത്തേക്ക് നടന്നു അവിടുത്തെ തിണ്ണയിൽ മലർന്നു കിടന്നു മേലെ ആകാശത്തേക്ക് നോക്കിയപ്പോൾ നിറയെ നക്ഷത്രങ്ങൾ കണ്ടു.. മരിച്ചു പോയവർ ആണെന്നല്ലേ സങ്കൽപം…
മൂന്നു മക്കളായിരുന്നു അമ്മയ്ക്കും അച്ഛനും മൂത്തത് താനാണ് രണ്ടാമത്തെ ബുദ്ധി വളർച്ചയില്ലാത്ത അനിയൻ പിന്നെയാണ് അവൾ ധന്യ…
ഓർമ്മവച്ച നാൾ മുതൽ തന്നെ അച്ഛന് ഓരോരോ അസുഖമായി ഉണ്ടായിരുന്നു ഏറെ താമസിയാതെ അച്ഛൻ ഞങ്ങളെ വിട്ടുപോയി പിന്നെ അമ്മയാണ് കുടുംബത്തിന് ഭാരം മുഴുവൻ ഏറ്റെടുത്തത് ഞാൻ ഇത്തിരി വലുതായപ്പോൾ പിന്നെ ഞാനായി..
വീടിന്റെ ചുമതല അനിയത്തിയുടെ പഠിത്തം അവന്റെ ചികിത്സ ചിലവ് എല്ലാം കൂടെ ഞാൻ കിടന്നു ചക്രശ്വാസം വലിച്ചു…
ധന്യക്ക് ഒരു പ്രായം എത്തിയപ്പോൾ നല്ല നല്ല ആലോചനകൾ വരാൻ തുടങ്ങി. അമ്മ പറഞ്ഞു എങ്ങനെയും അവളെ കെട്ടിച്ചു വിടണം എന്ന്…. അന്നത്തെ വക കണ്ടെത്താൻ തന്നെ ബുദ്ധിമുട്ടുന്ന എനിക്ക് അവൾക്കായി ഒന്നും മാറ്റിവയ്ക്കാൻ കഴിഞ്ഞിരുന്നില്ല….
അതുകൊണ്ടുതന്നെ ഉള്ളതും മുഴുവൻ പണയപ്പെടുത്തിയാണ് അവളുടെ വിവാഹം നടത്തിക്കൊടുത്തത് അവർ പറഞ്ഞ സ്ത്രീധനം ഒന്നും എന്നെക്കൊണ്ട് ഒപ്പിക്കാൻ പറ്റിയില്ല പിന്നീട് എങ്ങനെയെങ്കിലും കൊടുക്കാം എന്ന് വിചാരിച്ച് അവധിയും പറഞ്ഞു…
പക്ഷേ അതിനിടയിലാണ് അനിയന് അസുഖം കൂടിയത്… അവന് മൂത്രം പോലും പോകാതെ കിടന്നു നരകിച്ചു…
നല്ല ഏതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകണം ആയിരുന്നു….
ചികിത്സയ്ക്കായി എന്റെ കയ്യിൽ അതിന് പണമില്ലാത്തതുകൊണ്ട് അവൾ അവളുടെ കയ്യിൽ കിടന്നിരുന്ന രണ്ട് വള ഊരി തന്നത് നിഷേധിച്ചില്ല അതും പണയം വെച്ച് കിട്ടിയ കാഴ്ച കൊണ്ടാണ് അവനെയും കൊണ്ട് ആശുപത്രിയിലേക്ക് പോയത്…
പക്ഷേ ചികിത്സ ഫലം കണ്ടില്ല അവൻ ഞങ്ങളെ വിട്ടു പോയി അത് കഴിഞ്ഞ് അവൾ അവിടേക്ക് തിരിച്ചു പോയതാണ്..
സ്ത്രീധനമോ തീർത്ത് കിട്ടിയിട്ടില്ല പോരാത്തതിന് കയ്യിൽ കിടക്കുന്ന വളയും കൂടി ഊരികൊടുത്തു എന്ന് പറഞ്ഞു അവളെ അവിടെ നിന്നും ഇങ്ങോട്ട് കൊണ്ട് വിട്ടതാണ് …
പായ വിരിച്ചിട്ടുണ്ട് കിടന്നോളൂ എന്ന് പറയാൻ വന്ന അവളെ ഞാൻ അടുത്തേക്ക് വിളിച്ചു അവളോട് ഞാൻ പറഞ്ഞു,
“” ഏട്ടൻ മോളുടെ കാര്യം മറന്നിട്ട് ഒന്നുമല്ല ഒന്നും ചെയ്യാതെ ഇരുന്നത് ഏട്ടനെ കൊണ്ട് സാധിക്കാഞ്ഞിട്ടാണ് മോള് വിഷമിക്കേണ്ട എത്രയും പെട്ടെന്ന് ഏട്ടൻ എല്ലാം തന്നു തീർക്കാം… രാജീവനോട് ഏട്ടൻ വിളിച്ചു പറയാം മോളെ വന്നു കൊണ്ടുപോകാൻ””
അത്രയും പറഞ്ഞപ്പോൾ അവൾ എന്റെ അരികിൽ വന്നിരുന്നു അവൾക്ക് പറയാനുള്ളത് മറ്റൊന്നായിരുന്നു..
“””ഏട്ടാ… ഏട്ടന് ബുദ്ധിമുട്ടാവില്ലെങ്കിൽ ഞാൻ കൂടെ ഇവിടെ നിന്നോട്ടെ…””
അവൾ എന്താണ് പറഞ്ഞു വരുന്നത് എന്ന് എനിക്ക് മനസ്സിലായില്ല ഞാൻ അവളുടെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി…
“”” ആ വീട്ടിൽ ഒരു മരു മകളെയോ ഭാര്യയോ ഒന്നും ആവശ്യമില്ല ഏട്ടാ ജോലി ചെയ്യാനുള്ള ഒരു യന്ത്രം മാത്രം മതി അവർക്ക്… എനിക്കൊരു മനസ്സുണ്ട് എന്ന് അവർ ഓരോന്ന് പറയുമ്പോഴും അതിനെ നോവുന്നുണ്ട് എന്ന് അവർ ആലോചിക്കാറു കൂടിയില്ല..
ഒരുപക്ഷേ രാജീവേട്ടൻ എങ്കിലും എന്റെ ഭാഗത്ത് നിന്നിരുന്നെങ്കിൽ ഞാൻ എല്ലാം സഹിച്ചു അവിടെ നിൽക്കുമായിരുന്നു പക്ഷേ അദ്ദേഹം മുന്നിൽ കാണും എന്നേ ദ്രോഹിക്കാൻ “””
അവൾ പറയുന്നത് കേട്ട് ആകെ ഞെട്ടിപ്പോയി ദിനേശൻ അവൾക്ക് അവിടെ സുഖമാണെന്നാണ് ഇത്രയും കാലം കരുതിയിരുന്നത് പക്ഷേ എല്ലാം സഹിച്ചു അവൾ അവിടെ പിടിച്ചു നിൽക്കുകയാണ് എന്ന് ഇപ്പോഴാണ് മനസ്സിലായത്….
അവളുടെ കയ്യിൽ പൊള്ളിയ ഒരുപാട് അപ്പോഴാണ് ശ്രദ്ധിച്ചത് അത് എന്താണ് എന്ന് ചോദിച്ചപ്പോൾ കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു എല്ലാം അവരുടെ പണിയാണ് എന്ന്…
അത് കേട്ടപ്പോൾ സഹിക്കാൻ പറ്റിയില്ല ഞാൻ പൊന്നുപോലെ നോക്കിയ എന്റെ അനിയത്തിയെ..
ആദ്യം തന്നെ ചെയ്തത് അവളെ കൊണ്ടുപോയി അവർക്കെതിരെ കേസ് കൊടുപ്പിക്കുകയാണ്…
സ്ത്രീധനം വാങ്ങിയതിന് അവളെ ദ്രോഹിച്ചതിന് ഇപ്പോൾ കോടതി കയറി ഇറങ്ങുന്നുണ്ട് അവർ..
പക്ഷേ അപ്പോഴും എനിക്ക് അറിയാമായിരുന്നു എന്റെ ഭാഗത്തും തെറ്റുണ്ട് എന്ന് അവളെ വിവാഹം കഴിപ്പിക്കാൻ ആയിരുന്നില്ല ഞാൻ നോക്കണ്ടി ഇരുന്നത്… പകരം നല്ല വിദ്യാഭ്യാസം നൽകി സ്വന്തം കാലിൽ നിൽക്കാനായിരുന്നു…
തുന്നലിൽ താല്പര്യമുള്ള അവൾക്ക് ഫാഷൻ ഡിസൈനർ ആവാൻ താല്പര്യമുണ്ട് എന്നറിഞ്ഞു.. അവശേഷിച്ച അവളുടെ സ്വർണം എടുത്ത് അവൾക്ക് ഇഷ്ടമുള്ള കോഴ്സ് പഠിക്കാൻ ഞാനും അവളോട് പറഞ്ഞു…
ഇനി അവൾ അവളുടേതായ ലോകത്ത് ജീവിക്കട്ടെ.. അവളുടെ ചിറകുകൾ വിരിച്ചു തന്നെ അതിനെല്ലാം കൂട്ടായി ഞാനും….