(രചന: J. K)
‘”””’ നാണം ഉണ്ടോടാ നിനക്ക് ആ പെണ്ണിനെ വീണ്ടും ഇങ്ങോട്ട് വിളിച്ചു കേറ്റാൻ?? “”
വകയിലെ ഒരു വല്യമ്മയാണ്.. ഇതുവരെയ്ക്കും ഈ വഴിക്ക് ഒന്ന് വരുന്നത് കണ്ടിട്ടില്ല ഇപ്പോൾ ഉപദേശവും ആയിട്ട് ഇറങ്ങിയതാണ്…
“”” കണ്ടവന്റെ കൂടെ അഴിഞ്ഞാടി നടന്നത് സ്വന്തം ഭാര്യ എന്നിട്ട് അവളെ അവളുടെ വീട്ടിലേക്ക് ബന്ധം വേർപെടുത്തി കൊണ്ടുപോകാതെ അവൻ പിന്നെയും വീട്ടിലേക്ക് കേറ്റി യിരിക്കുന്നു. നാണമില്ലാത്തവർക്കേ ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയു””
“” ഈയിടെയായി എനിക്ക് നാണം ഇത്തിരി കുറവാണ്… അതുകൊണ്ട് വല്യമ്മ പോവാൻ നോക്ക്… നാണം കുറവായതുകൊണ്ട് തന്നെ ഞാനിപ്പോൾ എന്തൊക്കെ ചെയ്യും എന്ന് എനിക്ക് തന്നെ പറയാൻ പറ്റില്ല””
ശരിക്കും ഭ്രാന്ത് പിടിക്കുന്നുണ്ടായിരുന്നു മഹേഷിന് അയാൾ ദേഷ്യത്തോടെ അകത്തേക്ക് കയറി റൂമിലെത്തി വാതിൽ അടച്ച് കുറ്റിയിട്ടു അതിനുള്ളിൽ പോയിരുന്നു…
ഇത് ആദ്യത്തെ അനുഭവം ഒന്നുമല്ല എല്ലാവർക്കും ഇപ്പോൾ തന്നെ കണ്ടാൽ ഒന്നുകിൽ പരിഹാസമാണ് അല്ലെങ്കിൽ വലിയ ഉപദേശം രണ്ടും കേട്ട് മടുത്തു പിന്നെ ചില സഹതാപത്തോടെയുള്ള നോട്ടങ്ങളും…
എല്ലാത്തിനെയും കൊന്ന് സ്വയം ചാകാൻ തോന്നും ചിലപ്പോൾ പിന്നെ കുഞ്ഞുങ്ങളുടെ കാര്യം ഓർത്ത് എല്ലാം ക്ഷമിക്കും…
കുറച്ചുകഴിഞ്ഞ് റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ അവൾ അടുക്കള വശത്ത് ഉണ്ടായിരുന്നു. എനിക്കറിയാം എന്റെ മുന്നിലേക്ക് വരാൻ ഭയപ്പെട്ടിട്ടാണ് അവൾ അവിടെ തന്നെ ഇങ്ങനെ ഒതുങ്ങി കൂടുന്നത് എന്ന്…
വെള്ളം എടുത്ത് കുടിക്കാൻ വേണ്ടി പോയതായിരുന്നു അവളെ കണ്ടതും എല്ലാ കലിയും അവളോട് തീർത്തു..
“”” നിനക്കിപ്പോൾ സമാധാനമായോടി?? “”
അവളുടെ മിഴികൾ നിറയുന്നതും അവൾ കരയുന്നതും ഒന്നും മനസ്സിൽ ഒരു മാറ്റവും സൃഷ്ടിച്ചില്ല അവളോടുള്ള ദേഷ്യം അതുപോലെ തന്നെയുണ്ട്..
വേഗം പുറത്തേക്കിറങ്ങി ബീച്ച് ലക്ഷ്യമാക്കി പോയി… ഇപ്പോൾ ആശ്വാസം കണ്ടെത്തുന്നത് ഇങ്ങനെയൊക്കെയാണ്… അവിടെ പോയി കടൽക്കാറ്റേറ്റി ഇരുന്നാൽ അൽപനേരം മനസ്സിന് ഒരു ശാന്തതയാണ് അവിടെ നിന്ന് പോരുമ്പോൾ അത് അവസാനിക്കുമെങ്കിലും ഒരു ചെറിയ ഊർജ്ജം കിട്ടിയിട്ടുണ്ടാകും..
സന്ധ്യയാകുന്നതേയുള്ളൂ അവിടെ കടപ്പുറത്ത് ഓരോ ഫാമിലി വന്ന് അവർ കളിച്ചുല്ലസിക്കുന്നുണ്ട്….
തന്റേതും ഇതുപോലെ തന്നെയായിരുന്നു സന്തോഷം മാത്രം നിറഞ്ഞുനിന്ന കുടുംബം..
എപ്പോഴാണ് അതിനൊരു മാറ്റം വന്നത് അയാളുടെ ഓർമ്മകൾ പുറകിലേക്ക് പോയി…
തനിക്ക് വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം വേണ്ട എന്ന തീരുമാനമായിരുന്നു ഒടുവിൽ അമ്മയുടെയും അച്ഛനെയും നിർബന്ധത്തിനു വഴങ്ങിയാണ് ഒരു വിവാഹം കഴിക്കാം എന്ന് തീരുമാനിച്ചത് അങ്ങനെ പെണ്ണ് അന്വേഷിച്ച് നടന്നിട്ടാണ് അവളെ കണ്ടത്…
“””അശ്വതി ”
എന്നെക്കാൾ പന്ത്രണ്ടു വയസ്സിന് താഴെയായിരുന്നു ഒപ്പം നല്ല ഭംഗിയുള്ള സുന്ദരിക്കുട്ടിയും…
ഇതു വേണ്ട ശരിയാവില്ല ആ കുട്ടിക്ക് അവളുടെ പ്രായത്തിനൊത്ത ഒരാളെ കിട്ടും എന്ന് പറഞ്ഞ് ഞാൻ തന്നെയായിരുന്നു ഈ വിവാഹാലോചനയിൽ നിന്ന് പുറകോട്ട് പോയത് പക്ഷേ അവൾക്ക് ഇഷ്ടമായി അവർക്ക് ഒരു കുഴപ്പവുമില്ല എന്നെല്ലാം പറഞ്ഞു എന്നെ നിർബന്ധിച്ചത് ബ്രോക്കർ ആയിരുന്നു അവർക്ക് കുഴപ്പമില്ലെങ്കിൽ എനിക്ക് നൂറുവട്ടം സമ്മതമായിരുന്നു ഈ വിവാഹത്തിന് അങ്ങനെയാണ് ഈ വിവാഹം കഴിഞ്ഞത്..
വിവാഹം കഴിഞ്ഞ് ഞങ്ങളെ തനിച്ചു വിട്ട് അച്ഛനും അമ്മയും പെങ്ങളുടെ കൂടെ അമേരിക്കയിലേക്ക് പോയിരുന്നു അവൾ അവിടെ നഴ്സ് ആണ്.. ജോലിക്ക് പോകുമ്പോൾ കുട്ടികളെ വീട്ടിൽ തനിച്ചാക്കി പോകാൻ കഴിയില്ലായിരുന്നു അതുകൊണ്ടാണ് അച്ഛനെയും അമ്മയെയും അവൾ വന്ന് കൊണ്ടുപോയത് ആദ്യമേ പറഞ്ഞിരുന്നു ഇക്കാര്യം….
അവന്റെ ഒരു ഭാഗ്യം നല്ല സുന്ദരിക്കുട്ടിയെ അല്ലേ കിട്ടിയത് എന്നെല്ലാം ഉള്ള കമന്റ് വിവാഹ ദിവസം മുതൽ കേൾക്കാൻ തുടങ്ങിയതാണ്…
അതെല്ലാം കേട്ട് എനിക്കും വല്ലാത്ത സന്തോഷമായിരുന്നു അവളെ ഞാൻ പ്രാണനെ പോലെ സ്നേഹിച്ചു… തിരിച്ച് അവൾക്കും എന്നോട് സ്നേഹമായിരിക്കും എന്ന് കരുതി ആദ്യം എല്ലാം ആ ധാരണ ശരിയായിരുന്നു പക്ഷേ പിന്നീട് എപ്പോഴോ അവൾക്ക് അവളുടെ മനസ്സ് കൈവിട്ടു പോയിരുന്നു..
ആദ്യമെല്ലാം സുഖകരമായിരുന്നു ഞങ്ങളുടെ ജീവിതം ഞങ്ങൾക്ക് രണ്ട് പെൺകുഞ്ഞുങ്ങൾ കൂടി ജനിച്ചതോടുകൂടി ജീവിതത്തിന് മാറ്റുകൂടി….
അവർക്ക് രണ്ടുപേർക്കും അച്ഛൻ എന്നു പറഞ്ഞാൽ ജീവനായിരുന്നു അമ്മയെക്കാൾ അച്ഛനോടായിരുന്നു അവർക്ക് പ്രിയം…
ജോലി സംബന്ധമായ കാര്യത്തിന് എനിക്ക് ഒരു മാസം ബാംഗ്ലൂരിലേക്ക് പോകേണ്ടിവന്നു ആാാ കാലത്താണ് അവൾ അയാളെ പരിചയപ്പെടുന്നത്…
ഞാനും കൂടി പോയപ്പോൾ ഒറ്റയ്ക്ക് വീട്ടിൽ ഇരിക്കാൻ മടിയാണ് എന്ന് പറഞ്ഞ് ഒരു കമ്പ്യൂട്ടർ സ്ഥാപനത്തിൽ പഠിക്കാൻ പോയതായിരുന്നു അവൾ അവിടത്തെ ഓണർ പയ്യനുമായി അവൾക്ക് ആദ്യം സൗഹൃദവും പിന്നീട് അതിന്റെ നിറം മാറി മറ്റൊരു രീതിയിലേക്ക് ആ ബന്ധം പോവുകയും ചെയ്തു…
അവരെ പലയിടങ്ങളിൽ നിന്ന് നാട്ടുകാർ ഒരുമിച്ച് കണ്ടു പലതും എന്റെ ചെവിയിൽ എത്തി അങ്ങനെയാണ് ഞാൻ മിണ്ടാതെ നാട്ടിലേക്ക് പോന്നത് അവളെ ചോദ്യം ചെയ്തപ്പോൾ മനസ്സിലായിരുന്നു എല്ലാം സത്യമാണ് എന്ന് അവളുടെ ഫോൺ എടുത്തു നോക്കിയപ്പോൾ അവൾ അയാൾക്ക് അയച്ചുകൊടുത്ത അവളുടെ ചില ഫോട്ടോസ് കണ്ടു…
ഞാനാകെ തകർന്നു പോയി…
അവളെ കൊല്ലാനാണ് തോന്നിയത്…
എന്റെ ദേഷ്യം തീരുന്നതുവരെ ഞാൻ അവളെ അടിച്ചു അപ്പോഴാണ് ശ്രദ്ധിച്ചത് എല്ലാം കണ്ട് ഭയത്തോടെ നിൽക്കുന്ന എന്റെ കുഞ്ഞുങ്ങളെ അവരുടെ മുന്നിലിട്ട് അവരുടെ അമ്മയെ തല്ലുന്നത് രണ്ടുപേരും നോക്കിനിൽക്കുകയാണ്. അത് കണ്ടപ്പോൾ എന്റെ മനസ്സ് അലിഞ്ഞു ഞാൻ അവളോട് എങ്ങോട്ടെങ്കിലും ഇറങ്ങി പൊയ്ക്കോളാൻ പറഞ്ഞു അവൾ കരഞ്ഞ് എന്റെ കാലുപിടിച്ചു..
ഇത്രയും സ്നേഹിച്ച എന്നെ ചതിച്ചത് എനിക്ക് സങ്കൽപ്പിക്കാൻ കൂടി പറ്റുമായിരുന്നില്ല ഒരിക്കലും എനിക്ക് അവളോട് ക്ഷമിക്കാൻ കഴിയുമായിരുന്നില്ല…
ഇറങ്ങിപ്പോയ്ക്കോളാൻ ഞാൻ അവളോട് പറഞ്ഞു… അവളുടെ വീട്ടിലേക്ക് പോവുക അസാധ്യമായിരുന്നു അവളുടെ ചേട്ടൻ വീടും പറമ്പും പണയം വെച്ച് എന്തൊക്കെയോ ബിസിനസ് ചെയ്തു പൊളിഞ്ഞു എല്ലാവരും ഇപ്പോൾ വാടകയ്ക്കാണ്..
അവിടേക്ക് എന്തായാലും അവൾക്കും കൂടി പോകാൻ പറ്റില്ല എന്റെ കുഞ്ഞുങ്ങളെ ഞാൻ അവള്ക്കൊപ്പം വിടില്ല എന്ന കാര്യം ഉറപ്പായിരുന്നു….
അച്ഛാ അമ്മ കൂടി ഇവിടെ നിന്നോട്ടെ!!”””
എന്ന് മക്കൾ കരഞ്ഞു പറഞ്ഞപ്പോൾ പിന്നെ എന്റെ മനസ്സ് അലിഞ്ഞു അത്ങ്ങൾക്ക് ഒന്നും തിരിച്ചറിയാനുള്ള പ്രായമായിട്ടില്ല അവർക്ക് ഇപ്പോഴും അമ്മ അമ്മ തന്നെയാണ്….
കാര്യം എന്തൊക്കെ പറഞ്ഞാലും അവൾക്ക് മക്കളോടുള്ള സ്നേഹം അതുപോലെ ഉണ്ട് എന്ന് എനിക്കറിയാം. ഇനി ഞാൻ മറ്റൊരു വിവാഹം കഴിച്ചാലും വരുന്ന സ്ത്രീ അവരെ അതുപോലെ നോക്കിക്കോളണം എന്നുമില്ല…..
പിന്നെ അവളെ കൊണ്ടുപോയി ആക്കലും ഈ ബന്ധം ഉപേക്ഷിക്കലും എല്ലാം എളുപ്പമാണ് അന്നേരം എല്ലാം വരും കൂടെയുണ്ടാകും പക്ഷേ കുറച്ചുനാൾ കഴിഞ്ഞാൽ ആരും ഉണ്ടാവില്ല നമുക്ക് നമ്മളെ ഉണ്ടാകു..
എങ്കിലും പഴയതുപോലെ എനിക്ക് അവളെ ഇനി കാണാൻ പറ്റില്ല അവൾക്ക് കൽപ്പിച്ചു നൽകിയ ഒരു സ്ഥാനം ഉണ്ട് ആ വീട്ടിൽ വേലക്കാരിയുടെ ആ സ്ഥാനത്ത് അവൾ നിൽക്കും… എന്റെ മക്കളുടെ കാര്യം നോക്കാൻ വേണ്ടി മാത്രം..
പക്ഷേ അതിനിടയിലും ഈ ഉപദേശവും മറ്റുമായി വരുന്നവരുടെ ശല്യമാണ് സഹിക്കാൻ പറ്റാത്തത്..
ഇപ്പോ അവരെയും നേരിടാൻ പഠിച്ചു..
ഈ ഉപദേശികളും നമ്മുടെ കാര്യത്തിൽ ഊറ്റം കൊള്ളുന്ന വരും എല്ലാം വായകൊണ്ട് പറയാൻ മാത്രമേ ഉപകരിക്കു അതിൽ കൂടുതൽ ഒന്നും അവരെക്കൊണ്ട് യാതൊരു ഉപകാരവും ഉണ്ടാവില്ല നമ്മുടെ ജീവിതം നമ്മൾ തീരുമാനിക്കുന്നത് പോലെ മാത്രമാണ്…..
നമ്മുടെ മുന്നിൽ സങ്കടം അഭിനയിച്ച് പലപ്പോഴും അവർ നമ്മളെ പരിഹസിക്കുകയായിരിക്കും….
അടുത്ത വിഷയം കിട്ടുന്നതുവരെ നാട്ടുകാർ ഇതുതന്നെ പറയും മറ്റൊന്ന് ചൂടോടെ കിട്ടിക്കഴിഞ്ഞാൽ അവർക്ക് ഇത് വെറും പഴങ്കഥയാവും..
ജീവിതം ഇങ്ങനെയൊക്കെയാണ് ഏതൊക്കെയോ കരകാണാകയങ്ങളിലേക്ക് ഇങ്ങനെ നീന്തി പോകും….
ഒരിക്കലും നമ്മൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ ആയിരിക്കും നമുക്ക് സംഭവിക്കാൻ പോകുന്നത് നമ്മളുടെ തുഴയുന്ന ദിക്കിലേക്ക് ജീവിതം നീങ്ങിയിട്ടില്ലെങ്കിൽ അത് പോകുന്ന ദിക്കിലേക്ക് തുഴയുകയെ നമുക്ക് സാധ്യമാകൂ….