(രചന: പ്രജിത്ത് സുരേന്ദ്രബാബു)
” ചേച്ചി ടെ ഫോണിൽ ഒരു മാധവൻ സാർ കുറേ നേരമായി വിളിക്കുന്നു. ”
ബാത്റൂമിൽ നിന്നും ഇറങ്ങി വന്ന നീതുവിന് നേരെ അവളുടെ ഫോൺ എടുത്ത് നീട്ടി രമ്യ.
” അത് ടി.എസ് ജ്വല്ലറി ടെ ഓണറാ എന്റെ സ്ഥിരം കസ്റ്റമർ ആണ്… ”
ഫോൺ വാങ്ങി പതിയെ ബെഡിലേക്ക് കിടന്നു നീതു. അവളുടെ അവശത കണ്ടപ്പോൾ ഉള്ളിലൊരു വേദന തോന്നി രമ്യയ്ക്ക്.
“ചേച്ചി… എന്തിനാ സേഫ്റ്റി ഇല്ലാതെ സമ്മതിച്ചേ.. അതല്ലേ ഇപ്പോൾ ഈ അബോഷൻ വേണ്ടി വന്നേ.. ചേച്ചി ഈ ഫീൽഡിൽ ആദ്യം ഒന്നും അല്ലല്ലോ.. എന്നേക്കാൾ എക്സ്പീരിയൻസ് ഉള്ള ആളല്ലേ.മാത്രമല്ല അന്ന് എന്തിനാ ഉപദ്രവിക്കാൻ നിന്നു കൊടുത്തേ…
ഓർമ ഉണ്ടോ ശരീരം മുഴുവൻ വേദനയുമായി ഒരാഴ്ചയാണ് അന്ന് ചേച്ചി കിടന്ന് പോയത്.. എന്നിട്ട് ഈ വിളിക്കുന്ന കസ്റ്റമേഴ്സ് ആരേലും തിരിഞ്ഞു നോക്കിയോ. അവർക്ക് ഒരു നീതു അല്ലേൽ മറ്റൊരു രമ്യ.. അല്ലേൽ വേറെ ആരേലും.. അത്രക്ക് അല്ലേ. ഉള്ളു.. ”
ആ ചോദ്യം കേട്ട് മൗനമായി തന്നെ കിടന്നു നീതു. അവളുടെ മിഴികൾ തുളുമ്പുന്നുണ്ടായിരുന്നു.അത് കണ്ടിട്ട് പതിയെ അവൾക്കരികിലേക്ക് ഇരുന്നു രമ്യ.
” കുറ്റം പറഞ്ഞതല്ല ചേച്ചി .. ചേച്ചിക്ക് നല്ല ക്ഷീണം ഉണ്ട്. അത് കണ്ടപ്പോ സങ്കടം തോന്നീട്ട് പറഞ്ഞതാ.. സാധാരണ സേഫ്റ്റി ഇല്ലാതെ ചേച്ചി സമ്മതിക്കാറില്ലല്ലോ ഇതിപ്പോ എന്ത് പറ്റി ”
ആ ചോദ്യം കേട്ട് പതിയെ എഴുന്നേറ്റു നീതു.
” മോൾക്ക് സ്കൂൾ ഫീസ് അടക്കാറായിരുന്നു അന്ന് . ചിലവിനും അവളുടേൽ ഒന്നുമിലായിരുന്നു. ഹോസ്റ്റൽ ഫീസും അടയ്ക്കണം.
കാശിനു ശരീരം വിറ്റു നടക്കുന്നവളുടെ മോൾ എന്ന അഡ്രസ് അവൾക്ക് കിട്ടാതിരിക്കാൻ വേണ്ടിയാ ദൂരെ കോളേജിൽ ചേർത്തിട്ട് ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കുന്നെ. അന്നേരം കാശിനു അത്രക്ക് അത്യാവശ്യം വന്നത് കൊണ്ടാ ഞാൻ നിന്നു കൊടുത്തേ .. ”
ആ മറുപടി രമ്യയുടെ ഉള്ളിൽ ഒരു നോവായി.
“ചേച്ചിക്ക് എന്നോട് ചോദിച്ചൂടാരുന്നോ ”
“അത് കൊള്ളാം നീ നിന്റെ അച്ഛനെ ചികിൽസിപ്പിക്കാൻ അല്ലേ ഇങ്ങനെ ഇവിടെ വന്ന് കഷ്ടപ്പെടുന്ന അപ്പോ നിന്നോട് എങ്ങിനാ ഞാൻ ചോദിക്കുക …. ഇത് കോളേജ് പിള്ളേർ ആയിരുന്നു.
അതിലൊരു ചെക്കൻ എന്റെ സ്ഥിരം കസ്റ്റമറാ അവൻ വിളിച്ചിട്ടാ അന്ന് പോയെ ചെന്നപ്പോ അവര് മൂന്ന് പേരുണ്ടായിരുന്നു. പറ്റില്ല ന്ന് ഞാൻ അന്ന് ആദ്യം പറഞ്ഞതാ പക്ഷെ അവര് കാല് പിടിച്ചു നല്ല കാശും മുൻകൂറായി തന്നു. അന്നേരം ചിലവുകൾ ഓർത്തപ്പോൾ സമ്മതിച്ചു പോയി…
അവര് കള്ളൊക്കെ കുടിച്ച് നല്ല ഫോമിലായിരുന്നു.സേഫ്റ്റി ഒക്കെ ഉണ്ടായിരുന്നു ആദ്യം. പക്ഷെ അവസാനം ആയപ്പോ എനിക്ക് പോലും തടുക്കാൻ പറ്റീല മൂന്ന് പേരും കൂടി….. പിള്ളേര് ഈ സിനിമയിൽ ഒക്കെ കണ്ട് ഓരോന്ന് പഠിച്ചു വച്ചേക്കുവാരുന്നു… ”
അത്രയും പറയുമ്പോൾ നീതുവിന്റെ തൊണ്ട ഇടറിയിരുന്നു.
” നാറികള്… എന്നിട്ട് അവന്മാര് കാര്യവും കഴിഞ്ഞു പോയി.. ബോധം പോയ അവസ്ഥയിൽ ആയിരുന്നില്ലേ അന്ന് ചേച്ചി . എന്നിട്ട് പിന്നെ ഒന്ന് വിളിച്ചു അന്യോഷിക്കാൻ പോലും തോന്നീലല്ലോ അവനൊക്കെ.. ”
രമ്യ പല്ലിറുമ്മി പിറു പിറുക്കുമ്പോൾ പതിയെ പുഞ്ചിരിച്ചു നീതു.
” കൊച്ച് പിള്ളേരല്ലേ രമ്യേ .. പേടിച്ചിട്ട് ആകും പിന്നെ വിളിക്കാത്തെ.. ”
” കൊള്ളാം.. ചേച്ചി ഇങ്ങനെ എല്ലാം ക്ഷെമിച്ചു സഹിച്ചും ഇരുന്നോ. ഇതിപ്പോ ആ ഇന്ദു ഡോക്ടർക്ക് പേഴ്സണലി നമ്മളെ അറിയാവുന്നോണ്ട് വേറെ ആരും അറിയാതെ നൂലാമാലകൾ ഒന്നും ഇല്ലാതെ കാര്യം നടത്തി തന്നു. പക്ഷെ എന്നും ഇങ്ങനെ ആകണം ന്ന് ഇല്ല. അവർക്കും പരിധികൾ ഉണ്ട്. അതോണ്ട് ഇനിയേലും ഒന്ന് ശ്രദ്ധിച്ചോ കേട്ടോ ”
രമ്യയുടെ വാക്കുകളിൽ ഒരു ചെറിയ ഭീക്ഷണി ഒളിഞ്ഞിരുന്നു. എന്നാൽ അത് കേട്ടപ്പോൾ നീതുവിന് ചിരി വന്നു.
” ഇന്ദു ഡോക്ടർ ഇനിയും വേണേൽ ഇത്തരം പണികൾ ചെയ്ത് തരും കൊച്ചേ അവരുടെ ഓരോ കാര്യങ്ങൾ നടക്കാൻ വേണ്ടി എത്ര പേരുടെ മുന്നിലാ എന്നെ കൊണ്ടോയി മടിക്കുത്ത് അഴിപ്പിച്ചേ ന്ന് നിനക്ക് അറിയോ.. അവര് ഇനീം ആവശ്യം വന്നാൽ എന്നെ സഹായിക്കും.. കാരണം എന്നെക്കൊണ്ട് അവർക്ക് ഇനീം ആവശ്യങ്ങൾ വരും ”
“ആ കൊള്ളാം കൊള്ളാം അപ്പോ ഇന്ദു ഡോക്ടർ സഹായിക്കും ന്ന് വച്ച് ഇനീം ഇത്പോലെ ഓരോന്നിനു നിന്ന് കൊടുത്തോ.. അല്ല പിന്നെ ”
ചെറിയ നീരസത്തോട് എഴുന്നേറ്റു രമ്യ.. ശേഷം പതിയെ കണ്ണാടിയുടെ മുന്നിലേക്ക് പോയി മേക്കപ്പ് ആരംഭിച്ചു.
” ആഹാ ഇന്ന് പകൽ പരിപാടി ഉണ്ടോ നിനക്ക്. എവിടാണ് മോളെ കോള് ”
പുഞ്ചിരിയോടെ നീതു എഴുന്നേൽക്കുമ്പോൾ വേഗത്തിൽ മേക്കപ്പ് അവസാനിപ്പിച്ചു രമ്യ.
” ഇന്ന് ആ രമേശൻ കോൺട്രാക്ടർ വിളിച്ചിട്ടുണ്ട്. അങ്ങേരുടെ വൈഫ് വീട്ടിൽ ഇല്ലെന്ന് പോയാൽ നല്ല ടിപ്പ് കിട്ടും. പക്ഷെ കാലമാടൻ നല്ലോണം ഉപദ്രവിക്കും ചേച്ചി പറഞ്ഞത് പോലെ തന്നെയാണ് ഈ വീഡിയോസ് ഒക്കെ കണ്ടിട്ട് അത് പോലെ ചെയ്യിക്കലാ അങ്ങേരുടെ ഹോബി. ”
“കൊള്ളാം കൊള്ളാം.. എന്നെ ഉപദേശിച്ച ആളാണോ ഇപ്പോൾ ഉപദ്രവിക്കുന്ന ആളുടെ അടുത്തേക്ക് പോകാൻ നിൽക്കുന്നെ.. സൂക്ഷിച്ചൊക്കെ നിൽക്ക്. അറിയാലോ നമ്മൾ കിടന്നു പോയാൽ സഹായത്തിനു നമ്മൾ മാത്രെ കാണു വേറെ ആരും വരില്ല ”
നീതുവിന്റെ ഓർമിപ്പിക്കൽ ഒരു നിമിഷം രമ്യയെ നിശബ്ദയാക്കി. പതിയെ തിരിഞ്ഞു അവൾ.
“നമ്മുടെ അവസ്ഥ ഇതായി പോയില്ലേ ചേച്ചി. കസ്റ്റമേഴ്സിനെ സന്തോഷിപ്പിക്കുക. അവര് വെറുത്താൽ പിന്നെ നമുക്ക് ഈ ഫീൽഡിൽ പിടിച്ചു നിൽക്കാൻ പറ്റില്ലല്ലോ അത് കൊണ്ട് അവരുടെ കോപ്രായങ്ങൾ പലതും സഹിച്ചങ്ങിനെ നിൽക്കുക.. അതേ ഉള്ളു പോംവഴി ”
മറുപടി പറയുമ്പോൾ ഒരു നിമിഷം അവൾ തന്റെ പഴയ കാലം ഒന്ന് മനസ്സിൽ ഓർത്തു പോയി.
‘അമ്മ മരിച്ച ശേഷം ഒരു കുറവും അറിയിക്കാതെ വളർത്തി കൂലിപ്പണിയെടുത്തു തന്നെ കോളേജിൽ പഠിപ്പിക്കാൻ വിട്ട അച്ഛൻ.
ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന സമയം ആക്സിഡന്റ് പറ്റി കിടപ്പിലായ അച്ഛന്റെ ചികിത്സയ്ക്ക് കാശ് കണ്ടെത്തുവാൻ കഴിയാതെ നട്ടം തിരിഞ്ഞ തനിക്കു മുന്നിലേക്ക് ആദ്യമായി ഒരു ഓഫർ വച്ച അദ്ധ്യാപകൻ.
വേറെ ഗതിയില്ലാതെ അയാൾക്ക് മുന്നിൽ മടിക്കുത്ത് അഴിക്കേണ്ടി വന്നു.. ഒരു വർഷത്തോളം അയാൾ സഹായിച്ചു. അതിനിടയിൽ പലപ്പോഴും അയാളുടെ കിടപ്പറയും പങ്കിട്ടു. ഒടുവിൽ ഒരു ട്രാൻസ്ഫറോടെ ആ സഹായം നിന്നു. അതോടെ ഇപ്പോൾ ഇതൊരു തൊഴിലായി.’
” എന്താണ് കൊച്ചേ നീ വീണ്ടും ഓർമകളിലേക്ക് പോയോ ”
ഓർമകളിൽ നിന്നും രമ്യയെ ഉണർത്തിയത് നീതുവിന്റെ ചോദ്യമാണ്.
” ഏയ് ഇല്ല ചേച്ചി…. ചുമ്മാ.. കിടപ്പിലായ അച്ഛൻ ഇപ്പോഴും കരുതുന്നത് മോള് ഇവിടെ ഏതോ ഓഫീസിൽ നല്ല ശമ്പളത്തിൽ ജോലി ചെയ്യുവാ എന്നാണ്. അതാണല്ലോ അച്ഛനെ നോക്കാൻ ഹോം നഴ്സിനെ വരെ വച്ചേക്കുന്നത്.”
അത്രയും പറഞ്ഞ് കൊണ്ട് പൊട്ടിച്ചിരിച്ചെങ്കിലും രമ്യയുടെ ആ ചിരിയിലും വേദനയുടെ കരി നിഴൽ പതിഞ്ഞിരുന്നു.
അപ്പോഴേക്കും നീതുവിന്റെ ഫോണിൽ വീണ്ടും മാധവന്റെ കോൾ എത്തി. ഒരുപാട് വട്ടം ആയതിനാൽ തന്നെ ഗതിയില്ലാതെ അവൾ ആ കോൾ എടുത്തു..
” സർ… ഞാൻ…. ഞാൻ ഉറക്കമായിരുന്നു സർ.. ഇ ഇന്നോ.. എനിക്ക് ഒട്ടും വയ്യ സർ പനി പിടിച്ചു കിടപ്പിലാണ്. സത്യമാണ് സർ…. ആണോ.. പക്ഷെ എനിക്കൊട്ടും വയ്യ സർ.. അയ്യോ വേണ്ട.. വേണ്ട സർ.. ഞാൻ തന്നെ വരാം.. ഓക്കേ.. ഓക്കേ സാർ.. ഞാൻ വേഗം റെഡിയാകാം ”
കോൾ കട്ട് ആകുമ്പോൾ ബെഡിൽ നീതുവിനൊപ്പം ചെന്നിരുന്നു രമ്യ.
” ചേച്ചി അയാളുടെ അടുത്ത് ചെല്ലാം ന്ന് പറഞ്ഞോ.. ഇത്രേം ക്ഷീണിച്ചിരിക്കുമ്പോ എങ്ങിനെ പോകാനാണ്.. ചേച്ചിക്ക് എന്താ വട്ടുണ്ടോ.”
ആ ചോദ്യം കേട്ട് ശാന്തയായി മറുപടി നൽകി നീതു.
” പോകാതിരിക്കാൻ പറ്റില്ല രമ്യാ.. എനിക്ക് ഏറ്റവും ഉപകാരമുള്ള കസ്റ്റമർ ആണ് മാധവൻ സർ.. സാറിനെ പിണക്കിയാൽ എനിക്കത് വല്യ നഷ്ടമാകും.. ”
“എന്ന് വച്ച്…. അല്ല.. വയ്യാത്ത ആളിനെ വിളിച്ചു വരുത്താൻ അയാൾക്ക് എന്താ വട്ടുണ്ടോ.. അത്രക്ക് മുട്ടി നിൽക്കുവാണോ അയാൾക്ക് ”
രമ്യയുടെ അരിശം കണ്ടിട്ട് പതിയെ ചിരിച്ചു നീതു
” ഞാൻ ഇന്ന് ചെന്നില്ലേൽ സാർ വേറെ ആളെ നോക്കും.. ഏതോ ഗസ്റ്റ് ഉണ്ട്. എനിക്ക് വയ്യ ന്ന് പറഞ്ഞപ്പോ ചെന്ന് ഒന്ന് സുഖിപ്പിച്ചാലും മതിയെന്നാ പറയുന്നേ… കാറ് വരെ വിടാമെന്ന് പറഞ്ഞ്. പോകാതിരിക്കാൻ പറ്റില്ല. നമ്മുടെ കഷ്ടപ്പാടിനും ബുദ്ധിമുട്ടുകൾക്കും ഒക്കെ അപ്പുറം പ്രധാന്യമുണ്ട് മോളെ അവരുടെ ഒക്കെ വികാരങ്ങൾക്ക് .. ”
അത്രയും പറഞ്ഞ് കൊണ്ട് നീതു പതിയെ എഴുന്നേറ്റ് ഡ്രസ്സ് മാറാൻ മുതിരുമ്പോൾ മൗനമായി നോക്കിയിരുന്നു രമ്യ.
‘ശെരിയാണ് ആ പറഞ്ഞത്… ശരീരം വിറ്റു ജീവിക്കുന്നവർക്ക് എന്ത് വിഷമം എന്ത് വയ്യായ്ക. എപ്പോഴും കസ്റ്റമേഴ്സിനു മുന്നിൽ ആക്റ്റീവ് ആയി തന്നെ നിൽക്കണം.
അതാണല്ലോ അവർ ആഗ്രഹിക്കുന്നതും… ചിലവാക്കുന്ന കാശ് മുതലാക്കാൻ അവര് മത്സരിക്കുമ്പോൾ അരികിൽ വരുന്നവരെ തൃപ്തിപ്പെടുത്തി അയക്കുവാൻ നമ്മളും ശ്രമിക്കണം.. ‘
മനസ്സിൽ അനേകം ചിന്തകൾ മിന്നി മറയുമ്പോൾ രമ്യയുടെ ഫോണും ശബ്ദിച്ചു
” അയ്യോ.. ലേറ്റ് ആയി ദേ രമേശൻ കോൺടാക്ടർ വിളിക്കുന്നു.. ഞാൻ ഇറങ്ങുവാണേ.. ചേച്ചി സൂക്ഷിക്കണേ.. ”
വെപ്രാളത്തിൽ രമ്യ മുറി വിട്ടിറങ്ങുമ്പോൾ പുഞ്ചിരിയോടെ നോക്കി നിന്നു നീതു. ശേഷം അവളും വേഗത്തിൽ തയ്യാറായി തന്റെ ജോലിക്ക് പോകുവാനായി.