ആരുടെയോ കൊച്ചിനെയും വയറ്റിൽ ഇട്ടുകൊണ്ട് കയറി വന്നിരിക്കുകയാണ്.. ഇനി നമ്മൾ എങ്ങനെ മനുഷ്യന്മാരുടെ മുഖത്തേക്ക് നോക്കും..? “

(രചന: ശ്രേയ)

” ഇനി നീ ജീവിച്ചിരിക്കണ്ട.. കുടുംബത്തിന്റെ മാനം കളയാൻ വേണ്ടി ഉണ്ടായതാണ്.. ആരുടെയോ കൊച്ചിനെയും വയറ്റിൽ ഇട്ടുകൊണ്ട് കയറി വന്നിരിക്കുകയാണ്.. ഇനി നമ്മൾ എങ്ങനെ മനുഷ്യന്മാരുടെ മുഖത്തേക്ക് നോക്കും..? ”

കയ്യിൽ ഒരു വാക്കതിയും പിടിച്ചുകൊണ്ട് അച്ഛൻ ദേഷ്യത്തോടെ ഉറഞ്ഞു തുള്ളുന്നത് അവൾ കാണുന്നുണ്ടായിരുന്നു.

ഡൈനിങ് ടേബിളിൽ തല വച്ച് കിടന്നു കൊണ്ട് അമ്മയും കരയുന്നുണ്ട്. കൊച്ചച്ചനും കുഞ്ഞമ്മയും അങ്ങനെ അടുത്ത ബന്ധുക്കൾ പലരും വീട്ടിൽ എത്തിയിട്ടുണ്ട്.

അല്ലെങ്കിലും 19 വയസ്സായ പെൺകുട്ടി കല്യാണം പോലും കഴിക്കുന്നതിനു മുൻപ് പ്രഗ്നന്റ് ആയി എന്ന് അറിയുമ്പോൾ അത് നാട്ടുകാർക്കും കുടുംബക്കാർക്കും ചർച്ച ചെയ്തു തീരുമാനിക്കാനുള്ള വലിയൊരു വിഷയമാണല്ലോ..!

” അളിയൻ ഒന്ന് ബഹളം വെക്കാതിരുന്നെ..മോള് സത്യം പറയണം ആരാ ഇതിനൊക്കെ ഉത്തരവാദി..? പ്രണയം വല്ലതുമാണെങ്കിൽ നമുക്ക് അവന്റെ വീട്ടിൽ സംസാരിച്ച് തീരുമാനം ആക്കാം.. അല്ലാതെ ആരോടും ഒന്നും പറയാതെ നീ ഇങ്ങനെ മൂടി വയ്ക്കുന്നതു കൊണ്ട് ഒരു പ്രയോജനവുമില്ല..”

അമ്മാവനാണ്.. നയത്തിൽ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പക്ഷേ ആരൊക്കെ ഏതൊക്കെ ഭാവത്തിൽ ചോദിച്ചാലും, ആരോടും പറയാൻ തനിക്ക് മറുപടി ഇല്ലല്ലോ..!

” അവളുടെ അഹങ്കാരം കണ്ടില്ലേ.. മനുഷ്യൻ എത്ര തവണ ചോദിച്ചിട്ടും അവൾ എന്തെങ്കിലും ഒരു വാക്ക് മിണ്ടുന്നുണ്ടോ എന്ന് നോക്ക്..? ഇത് എന്തോ ചുറ്റിക്കളി തന്നെയാണ്. അല്ലെങ്കിൽ പിന്നെ അവൾക്ക് ഇതൊക്കെ നമ്മളോട് തുറന്നു പറയുന്നതുകൊണ്ട് എന്താ കുഴപ്പം..? ”

അച്ഛൻ വീണ്ടും രോഷം കൊള്ളുന്നുണ്ട്.

” മോളെ.. ഞങ്ങൾ ആരും നിന്നെ കുറ്റപ്പെടുത്തുന്നതല്ല. എങ്കിലും മോൾക്ക് പറ്റിയ തെറ്റ് എങ്ങനെയാണെന്ന് ഞങ്ങൾക്ക് അറിയണ്ടേ..? ഇതിനൊരു പരിഹാരം കണ്ടുപിടിക്കണ്ടേ ..? ”

ഇത്തവണ സമാധാനത്തിന്റെ ദൂതുമായി വന്നത് കുഞ്ഞമ്മയാണ്. ഇന്നുവരെ അവരുടെ മുഖത്ത് നോക്കി നുണ പറഞ്ഞിട്ടില്ല. തന്റെ സങ്കടങ്ങൾ കേട്ടിട്ടുള്ളതു മുഴുവൻ അവരാണ്.

കുഞ്ഞമ്മ തോളിൽ കൈവച്ചതും അറിയാതെ പൊട്ടിക്കരഞ്ഞു പോയി.

“എന്താ മോളെ..? ആരായാലും എന്തായാലും മോൾ ഞങ്ങളോട് പറയു..”

കുഞ്ഞമ്മ വീണ്ടും നിർബന്ധിച്ചപ്പോൾ ഉള്ളിലുള്ളത് മുഴുവൻ തുറന്നു പറയേണ്ടി വന്നു.

” അശോകേട്ടൻ.. ”

ആ വാക്ക് വായിൽ നിന്ന് പുറത്തേക്ക് വന്നു കഴിഞ്ഞതും അവിടെ പൊടുന്നനെ നിശബ്ദത പടർന്നു.

“ആര്..?”

കുഞ്ഞമ്മ എടുത്തു ചോദിച്ചു.

“അശോകേട്ടനാണ്.. ദിവാകരൻ വല്യച്ഛന്റെ മകൻ.. ”

ഉറച്ച ശബ്ദത്തിൽ തന്നെയാണ് മറുപടി കൊടുത്തത്.

“എന്തൊക്കെയാ മോളെ നീ പറയുന്നത്..? അവൻ നിന്റെ സഹോദരനല്ലേ..? അങ്ങനെയുള്ളപ്പോൾ അവന്റെ കുഞ്ഞാണ് നിന്റെ വയറ്റിൽ എന്നുപറഞ്ഞാൽ..”

അമ്മായി അതിശയത്തോടെ ചോദിക്കുന്നുണ്ടായിരുന്നു.

അല്ലെങ്കിലും തനിക്കറിയാം..താൻ പറയുന്ന വാക്കുകൾ ആരും വിശ്വസിക്കാൻ പോകുന്നില്ല.. കാരണം അയാളെപ്പോഴും തനിക്ക് സഹോദരന്റെ സ്ഥാനത്തുള്ള ആളായിരുന്നു..

അതോർത്തപ്പോൾ കണ്ണുകൾ നിറഞ്ഞു.

” മോള് കരയാതെ കാര്യം പറയൂ.. അവൻ അങ്ങനെ പെരുമാറണമെങ്കിൽ എന്തെങ്കിലും ഒരു കാര്യമുണ്ടാകുമല്ലോ.. ”

കുഞ്ഞമ്മ വീണ്ടും ചോദിക്കുന്നുണ്ട്.

എന്തെങ്കിലും ഒരു കാര്യമുണ്ടാകുമെന്നോ..? ഇപ്പോഴും അയാളെ ന്യായീകരിക്കാൻ ആണോ ഇവരൊക്കെ ശ്രമിക്കുന്നത്..? താൻ അയാളെ എന്തെങ്കിലും ചെയ്തു തന്നിലേക്ക് ആകർഷിച്ചു എന്നൊക്കെയാണോ ഇവർ വ്യാഖ്യാനിക്കുന്നത്..?

അവളുടെ രോഷം അണ പൊട്ടി ഒഴുകി.

“കാരണമോ..? എന്ത് കാരണമാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്..? ഞാൻ അയാളെ വശീകരിക്കാൻ ശ്രമിച്ചു എന്നാണോ..? അങ്ങനെയാണോ നിങ്ങളൊക്കെ എന്നെ കുറിച്ച് കരുതി വെച്ചിരിക്കുന്നത്..?”

ദേഷ്യവും സങ്കടവും കൊണ്ട് കണ്ണു കാണാൻ വയ്യാത്ത അവസ്ഥയിലായിരുന്നു അവൾ.

” മോളെ ഞങ്ങൾ അങ്ങനെ ഉദ്ദേശിച്ച്.. ”

അമ്മായി എന്തോ പറയാൻ തുടങ്ങിയപ്പോൾ അവൾ കൈ ഉയർത്തി തടഞ്ഞു.

“നിങ്ങളുടെയൊക്കെ കുഴപ്പം എന്താണെന്ന് അറിയാമോ..? ഒരു പെൺകുട്ടി എന്തെങ്കിലും ഒരു കാര്യം വേണ്ട എന്ന് പറഞ്ഞാൽ അത് വേണ്ട എന്നാണ് എന്ന് അംഗീകരിച്ചു കൊടുക്കാനുള്ള നിങ്ങളുടെ ബുദ്ധിമുട്ടാണ്..

അമ്മയോട് എത്ര തവണ ഞാൻ പറഞ്ഞിട്ടുണ്ട് അശോകേട്ടന് എന്നോടുള്ള പെരുമാറ്റം ശരിയല്ല.. എനിക്ക് അത് ഇഷ്ടമാകുന്നില്ല എന്ന്.. പറഞ്ഞിട്ടില്ലേ അമ്മേ..?”

ദേഷ്യത്തോടെ അവൾ ചോദിച്ചപ്പോൾ അറിയാതെ തന്നെ അവർ തലയാട്ടി പോയി.

” അന്ന് അമ്മ എന്നോട് എന്താണ് പറഞ്ഞത് എന്ന് അറിയാമോ..? എല്ലാം എന്റെ തോന്നലാണ്.. അവൻ എന്നെ ഒരു സഹോദരിയുടെ സ്ഥാനത്ത് മാത്രമേ കണ്ടിട്ടുള്ളൂ. ഞാൻ കാണുന്നതെല്ലാം കുറ്റമായി കണ്ടുപിടിക്കുന്നതാണത്രേ..”

അവൾ പുച്ഛത്തോടെ ചിരിച്ചു.

” ഓരോ തവണയും അയാൾ ഈ വീട്ടിൽ വരുമ്പോൾ എന്നെ അയാളുടെ മുന്നിൽ ഒറ്റയ്ക്ക് ആക്കരുത് എത്ര തവണ നിങ്ങളോട് കാലു പിടിക്കും പോലെ ഞാൻ പറഞ്ഞിട്ടുണ്ട്.

അപ്പോഴൊക്കെയും ആങ്ങളയാണ് സ്നേഹം കൊണ്ടാണ് എന്നൊക്കെ പറഞ്ഞു നിങ്ങളാണ് എന്നെ അയാൾക്ക് മുന്നിലേക്ക് തള്ളി വിടാറ്.

അയാളുടെ ഓരോ നോട്ടവും സ്പർശവും എനിക്കിഷ്ടമാക്കുന്നില്ല എന്ന് എത്ര തവണ ഏതെല്ലാം രീതിയിൽ ഞാൻ നിങ്ങളോട് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്..? ”

അത്രയും പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിയന്ത്രണമില്ലാതെ ഒഴുകി തുടങ്ങിയിരുന്നു.

“ശരിയാണോ ഏട്ടത്തി..? ”

കുഞ്ഞമ്മ ചോദിച്ചപ്പോൾ അമ്മ അറിയാതെ തന്നെ തല കുലുക്കുന്നത് അവൾ കാണുന്നുണ്ടായിരുന്നു.

” അന്ന് അവൾ പറഞ്ഞപ്പോൾ അതൊക്കെ അവളുടെ കളി തമാശകൾ മാത്രമായിരിക്കും എന്നാണ് ഞാൻ കരുതിയത്.. അല്ലാതെ ഇത്രയ്ക്കും ഒന്നും.. ”

അത് പറഞ്ഞപ്പോഴേക്കും ആ അമ്മയും കരഞ്ഞു പോയിരുന്നു.

“ഞാനൊരു ദിവസം ക്ലാസ്സ് കഴിഞ്ഞു വന്നപ്പോൾ ഇവിടെ ആരും ഇല്ലാതിരുന്ന ഒരു ദിവസം അമ്മയ്ക്ക് ഓർമ്മയുണ്ടോ..? അന്ന് പേടിച്ച് ഞാൻ അമ്മയെ വിളിച്ചപ്പോൾ അമ്മ എന്താ എന്നോട് പറഞ്ഞത്..? അമ്മയുടെ വീട്ടിൽ ആരോ സുഖമില്ലാതെ കിടക്കുകയാണ്.

അവരെ കാണാൻ പോവുകയാണ് എന്നൊക്കെയല്ലേ. അങ്ങനെയെങ്കിൽ ഞാൻ കൊച്ചച്ചന്റെ വീട്ടിലേക്ക് പൊയ്ക്കോട്ടെ എന്ന് ചോദിച്ചപ്പോൾ അമ്മ പറഞ്ഞു എനിക്ക് കൂട്ടിരിക്കാൻ ഉള്ള ആൾ ഇപ്പോൾ വീട്ടിൽ എത്തും എന്ന്.

എത്ര തവണ ഞാൻ ചോദിച്ചിട്ടാണ് അത് അശോകേട്ടനാണ് എന്ന് അമ്മ പറഞ്ഞത്..? അയാളും ഞാനും കൂടി ഒറ്റയ്ക്കാവുന്ന അവസ്ഥയെക്കുറിച്ച് എനിക്ക് ആലോചിക്കാൻ കൂടി പറ്റില്ല ആയിരുന്നു.

എന്റെ എതിർപ്പുകളെ വകവയ്ക്കാതെ ഞാൻ പറയുന്നത് ഒന്ന് കേൾക്കാൻ കൂടി ശ്രമിക്കാതെ അമ്മ ഫോൺ കട്ടാക്കി. അധികം വൈകാതെ എനിക്ക് കൂട്ടിരിക്കാൻ എന്ന വ്യാജേനെ അയാൾ ഇവിടെ എത്തുകയും ചെയ്തു.

എന്നെക്കാൾ 10 വയസ്സിന് മുതിർന്ന ഒരാൾ.. എന്നേക്കാൾ ഒരുപാട് ആരോഗ്യമുള്ളയാൾ.. അയാളുടെ മുന്നിൽ എത്ര നേരം എനിക്ക് പിടിച്ചു നിൽക്കാൻ സാധിക്കും..?എന്നിട്ടും അയാളുടെ കൺവെട്ടത്ത് നിന്ന് ഓടി രക്ഷപ്പെട്ടു കൊണ്ട് അമ്മയെ ഞാൻ എത്ര തവണ ഫോൺ ചെയ്തു..?

എത്രയോ തവണ ഫോൺ ചെയ്തതിനുശേഷം ആണ് അമ്മ ഒരുവട്ടം കോൾ അറ്റൻഡ് ചെയ്തു നീ ഒന്ന് ബഹളം വയ്ക്കാതെ അവിടെയെങ്ങാനും ഇരിക്ക് ഞാൻ അങ്ങോട്ട് തന്നെയാണ് വരുന്നത് എന്ന് പറഞ്ഞു എനിക്ക് പറയാനുള്ളത് പോലും കേൾക്കാതെ കോൾ കട്ട് ചെയ്തത്.

ഒരു പുരുഷന്റെ കൂടെ ഒരു മകളെ വീട്ടിൽ ഇരുത്തുന്ന അമ്മ ഇങ്ങനെയാണോ പെരുമാറേണ്ടിയിരുന്നത്..?”

അവളുടെ ചോദ്യങ്ങൾ മുഴുവൻ ഈർച്ചവാൾ പോലെ അവരുടെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ടായിരുന്നു.

” അയാളുടെ കൈയ്ക്കെടുതി മുന്നിൽ ഒരുപാട് നേരം ഒന്നും പിടിച്ചുനിൽക്കാൻ എനിക്ക് പറ്റില്ല.. എല്ലാം കഴിഞ്ഞിട്ടും എന്റെ മുഖത്തു നോക്കി അയാൾ പറഞ്ഞത് എന്താണെന്ന് അറിയാമോ..? ആരും ഒന്നും അറിയേണ്ട അറിഞ്ഞാൽ എനിക്ക് തന്നെയാണ് നാണക്കേട് എന്ന്..

അമ്മ ഈ വീട്ടിൽ വന്നിട്ടും എന്റെ സ്വഭാവത്തിലും രൂപത്തിലും ഒക്കെ ഇത്രയും മാറ്റം വന്നിട്ടും ഒരിക്കൽ പോലും അമ്മ അന്വേഷിച്ചില്ല എനിക്ക് എന്താ പറ്റിയതെന്ന് ..? സാധാരണ മക്കളുടെ മാറ്റം പെട്ടെന്ന് കണ്ടുപിടിക്കുക അമ്മമാരാണ് എന്നാണ് ഞാൻ കേട്ടിട്ടുള്ളത്.. പക്ഷേ ഇവിടെ…”

അതും പറഞ്ഞു അവൾ അർത്ഥമില്ലാതെ പുഞ്ചിരിച്ചു.

” ഇത്രയൊക്കെ സംഭവങ്ങൾ ഇവിടെ നടന്നിട്ടും ഇവൾ ഇത്രയും കാര്യങ്ങൾ ഇവിടെ പറഞ്ഞിട്ടും നിങ്ങൾ എന്തുകൊണ്ട് ഏട്ടത്തി അതൊന്നും ശ്രദ്ധിക്കാതെ പോയത്..? സ്വന്തം അച്ഛനെ പോലും വിശ്വസിക്കാൻ വയ്യാത്ത കാലത്തിലാണ് നമ്മളൊക്കെ ജീവിക്കുന്നത്. അപ്പോഴാണ് വല്യച്ഛന്റെ മകൻ..

നല്ലതും ചീത്തയും തിരിച്ചറിയാനുള്ള പ്രായമുള്ള മകളാണ് ഏട്ടത്തിയുടേത് എന്നെങ്കിലും ഓർക്കേണ്ടതായിരുന്നു. അവൾ ഒരു പരാതി പറയുമ്പോൾ അതിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് അന്വേഷിക്കുന്നതിനു പകരം അവളെ വെറുതെ കുറ്റപ്പെടുത്തിയിട്ട് കാര്യമുണ്ടോ..? ”

അവളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് കൊച്ചച്ചൻ അത് ചോദിക്കുമ്പോൾ അവൾ വാവിട്ടു കരഞ്ഞു പോയി.

തന്നെ മനസ്സിലാക്കാനും തന്നെ കേൾക്കാനും തന്റെ വീട്ടുകാർ അല്ലാതെ മറ്റെല്ലാവരും ഉണ്ട് എന്നൊരു തിരിച്ചറിവായിരുന്നു അവൾക്ക് ആ സമയത്ത്..!

അതേസമയം തന്റെ മകളുടെ കാര്യം അറിയാൻ കഴിയാതെ തോറ്റുപോയ ഒരു അമ്മയും അച്ഛനുമായി തങ്ങൾ മാറിപ്പോയല്ലോ എന്നോർത്ത് കുറ്റബോധം കൊണ്ട് അവരുടെ മനസ്സ് നീറി പിടയുന്നുണ്ടായിരുന്നു..!!

Leave a Reply

Your email address will not be published. Required fields are marked *