ഇപ്പോള്‍ വിമലക്ക് കടുത്ത നിരാശയുണ്ട്. കുഞ്ഞുങ്ങള്‍ എന്ന് കേട്ടാല്‍ ഇപ്പോള്‍ അവള്‍ക്ക് ദേഷ്യമാണ്. ആ ദേഷ്യം തന്നോടും കൂടി ആണെന്ന് അയാള്‍ക്ക് അറിയാം.

വാട്ട്സ് ഓണ്‍ യുവര്‍ മൈന്‍ഡ്?
(രചന: Anish Francis)

“ഒരു മാസത്തേക്ക് ഈ കുട്ടികളില്‍ ഒരാളുടെ അച്ഛനും അമ്മയും ആകാന്‍ നിങ്ങളില്‍ ആര്‍ക്കെങ്കിലും താത്പര്യം ഉണ്ടോ ?”

ഹാളില്‍ ഇടതു വശത്ത് കൂടിയിരുന്ന മാതാപിതാക്കളോട് ഓര്‍ഫനേജ് ഡയറക്ടര്‍ റാഫേല്‍ ചോദിച്ചു.

മഞ്ഞു പോലെ നീണ്ട വെളുത്ത താടി തടവി കാരുണ്യം തെളിഞ്ഞ മിഴികള്‍ കൊണ്ട് ഡയറക്ടര്‍ അവരെ ആകാംക്ഷയോടെ നോക്കി. വലത്തു വശത്തിരുന്ന കുട്ടികളുടെ കണ്ണുകളിലും ആകാക്ഷ തെളിഞ്ഞു.

കുട്ടികളില്‍ അഞ്ചു വയസ്സ് മുതല്‍ പതിനഞ്ചു വയസ്സ് വരെ ഉള്ളവര്‍ ഉണ്ടായിരുന്നു. പ്രായം കുറഞ്ഞ കുട്ടികള്ക്ക് നടക്കുന്നത് എന്താണ് എന്ന് മനസ്സിലായതുമില്ല. അവര്‍ അപരിചിതരെ കൗതുകത്തോടെ നോക്കി കൊണ്ടിരുന്നു.

സര്‍ക്കാന്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തി്ക്കുന്ന ഒരു ഓര്‍ഫനെജ് അനേജ് ആയിരുന്നു അത്.

കുട്ടികളുടെ അവധിക്കാലത്ത്‌ രണ്ടുമാസത്തേക്ക് കുട്ടികളെ വീടുകളില്‍ താമസിപ്പിക്കുന്ന സ്നേഹവീട് എന്ന സര്‍ക്കാര്‍ പ്രോഗ്രാമിന്റെ ഭാഗമായിട്ടായിരുനു ആ മീറ്റിംഗ്.

ഒന്ന് രണ്ടു കൈകള്‍ പതുക്കെ ഉയര്‍ന്നു. ചുറ്റും ഒന്നും നോക്കിയിട്ട് ഐസക്ക് ഭാര്യയെ നോക്കി. അവള്‍ ഫെയ്സ്ബുക്കില്‍ കുത്തിക്കൊണ്ടിരിക്കുകയാണ്.

ഐസക്ക് മെല്ലെ കൈ ഉയര്‍ത്തി..

രണ്ടു വരി കവിത പോസ്റ്റ്‌ ചെയ്യുന്നതിനിടയില്‍ വിമല തന്‍റെ ഭര്‍ത്താവ് കൈ ഉയര്‍ത്തുന്നത് കാണാന്‍ ഒരല്‍പം വൈകി. അവളുടെ കണ്ണുകളില്‍ ദേഷ്യം തിളങ്ങി. മറ്റാരും ശ്രദ്ധിക്കാതെ അവള്‍ ഭര്‍ത്താവിന്റെ ചെവിയില്‍ മുരണ്ടു.

“ഐസക്ക് എന്ത് ഉദേശിച്ചാ….??”

അയാള്‍ അത് കേട്ടില്ലെന്ന് നടിച്ചു.

“കുട്ടികളെ നിങ്ങളുടെ വീടിനു സമീപം കൊണ്ട് വിടും. തിരിച്ചു കൊണ്ട് പോവാനും വണ്ടി വരും.

ഈ ദിവസങ്ങളില്‍ നിങ്ങളാണ് അവരുടെ മാതാപിതാക്കള്‍. ഒരു കാര്യത്തിനും ഓര്‍ഫനേജുമായി ഈ ദിവസങ്ങളില്‍ ബന്ധപ്പെടരുത് എന്ന് താത്പര്യപെടുന്നു.” ഡയറക്ടര്‍ പറഞ്ഞു.

തിരികെ വീട്ടിലേക്ക് വണ്ടി ഓടിക്കുന്നതിനിടയില്‍ ഐസക്ക് വിമലയെ പാളി നോക്കി. മുഖം കലം പോലെയുണ്ട്. മൊബൈല്‍ ഫോണില്‍ എന്തോ എഴുതിക്കൊണ്ടിരിക്കുന്നു. ചിലപ്പോ താരാട്ട് കവിതകള്‍ എഴുതുകയാവും.

“ഒരു പെണ്‍കുട്ടിയാ നമ്മുടെ വീട്ടില്‍ വരുന്നത്. ഏഴു വയസ്സുണ്ട്.”

“അതിനു ഞാന്‍ എന്ത് വേണം. തന്നെ താനേ നോക്കിയാല്‍ മതി.”

വിമല ചീറി.

പിന്നെ വീട്ടില്‍ എത്തുന്നത് വരെ രണ്ടു പേരും മിണ്ടിയില്ല.

രാത്രി വന്നു. വിമല ഫോണില്‍ പോസ്റ്റുകള്‍ക്ക് കമന്റുകള്‍ ഇടുകയും തന്റെ പോസ്റ്റില്‍ കമന്റ് ഇടുന്നവര്ക്ക് മറുപടി കൊടുക്കുകയുമാണ്. അവള്‍ ഒരു വലിയ ഗ്രൂപ്പിന്റെ അഡ്മിനും കൂടിയാണ്.

അവര്‍ക്ക് കുട്ടികളില്ല.

ഏഴു വര്‍ഷം മുന്‍പ് വിമല ഗര്‍ഭവതിയായതാണ്. അന്ന് അവള്‍ക്ക് ഗള്‍ഫില്‍ ജോലി ശരിപ്പെട്ടപ്പോള്‍ പ്രസവം ഒരു തടസ്സമായി. അയാളുടെ കൂടെ നിര്‍ബന്ധം കൊണ്ടാണ് അവള്‍ അബോര്‍ഷന്‍ നടത്തി ഗള്‍ഫിലേക്ക് വിമാനം കയറിയത്.

പിന്നീട് ഒരിക്കലും അവള്‍ ഗര്‍ഭിണി ആയില്ല. ധാരാളം സ്വത്ത്‌ സമ്പാദിച്ചു കൊണ്ട് രണ്ടു പേരും കഴിഞ്ഞ വര്‍ഷം ഗള്‍ഫില്‍ നിന്നും തിരികെ എത്തി.

ഇപ്പോള്‍ വിമലക്ക് കടുത്ത നിരാശയുണ്ട്. കുഞ്ഞുങ്ങള്‍ എന്ന് കേട്ടാല്‍ ഇപ്പോള്‍ അവള്‍ക്ക് ദേഷ്യമാണ്. ആ ദേഷ്യം തന്നോടും കൂടി ആണെന്ന് അയാള്‍ക്ക് അറിയാം.

അവള്‍ ഇപ്പോള്‍ മൊബൈല്‍ ഫോണില്‍ ഫെയ്സ്ബുക്കില്‍ തന്‍റ്റെ മറ്റൊരു ലോകം സൃഷ്ടിച്ചു എല്ലാത്തില്‍ നിന്നും ഒളിച്ചോടുകയാണ്. കവിതകളും കഥകളും ഗ്രൂപ്പും പോസ്റ്റും കമന്റുകളുമായി അവളുടെ നിമിഷങ്ങള്‍ പിച്ച വയ്ക്കുന്നു.

നിലാവ് വാര്‍ന്നു വീഴുന്ന ജനാലയരികില്‍ നിന്നു കൊണ്ട് അയാള്‍ രാത്രിയിലേക്ക് നോക്കി നിഷേധാത്മകമായി തല കുലുക്കി.

പാടില്ലായിരുന്നു. ഒരിക്കലും പാടില്ലായിരുന്നു.

ആ കുഞ്ഞിനെ നശിപ്പിച്ചു കളയാതിരുന്നെങ്കില്‍. അത് വളര്‍ന്നു വലുതായിരുന്നുവെങ്കില്‍.

മേഘരഹിതമായ ആകാശത്തു ചന്ദ്ര ബിംബം.ആ മഞ്ഞ ബിംബത്തില്‍ അയാള്‍ തനിക്കു ജനിക്കാതെ പോയ കുഞ്ഞിന്റെ മുഖം സങ്കല്‍പ്പിച്ചു .ഒരു മുഖം തെളിഞ്ഞു വരുന്നത് പോലെ അയാള്‍ക്ക് തോന്നി.

ബീപ്..

ശബ്ദം കേട്ട് അയാള്‍ ഞെട്ടിത്തിരിഞ്ഞു.. വിമലയുടെ ഫോണില്‍ ഫെയ്സ്ബുക്കിന്റെ നോട്ടിഫിക്കേഷന്‍ വന്നതാണ്‌. അവള്‍ നോട്ടിഫിക്കേഷന്‍ റിംഗ്ടോണ്‍ ഇട്ടിരിക്കുകയാണ്. അടുക്കളയില്‍ ആണെങ്കിലും ആ നിമിഷം ഫോണ്‍ എടുത്തു നോക്കണം .

ഓര്‍ഫനേജിലേ കുട്ടി വീട്ടില്‍ വരുന്ന ദിവസം അടുത്ത് വരുംതോറും അയാളുടെ ഉള്ളില്‍ ടെന്‍ഷന്‍ കൂടികൊണ്ടിരുന്നു. വിമലയും ഐസക്കും തമ്മില്‍ അല്ലെങ്കില്‍ തന്നെ വളരെ കുറച്ചേ സംസാരമുള്ളു.

കുട്ടിയെ കൊണ്ടുവരുന്ന കാര്യം കൂടി ആയപ്പോള്‍ മിണ്ടാട്ടം തീരെയില്ല. എന്തെങ്കിലും ആയിക്കോ തനിക്കൊന്നുമില്ല എന്ന ഭാവവുമായി അവള്‍ ഫെയ്സ്ബുക്കില്‍ കവിതകള്‍ എഴുതിക്കൊണ്ടിരുന്നു.

ആ കുട്ടിക്ക് എന്താണ് ഇഷ്ടം എന്ന് അറിയില്ല. എന്തൊക്കെ ഒരുക്കണം എന്നും.

വാശിയുള്ള കുട്ടിയായിരിക്കുമോ ?വിമലയുടെ സ്വഭാവം കൂടിയാവുമ്പോള്‍ എന്താവും?വേണ്ടായിരുന്നു എന്ന് വരെ ഐസക്കിന് തോന്നി.

ഒടുവില്‍ ആ ദിവസം വന്നു. ഐസക്ക് വീടിന്റെ വരാന്തയില്‍ മിടിക്കുന്ന നെഞ്ചുമായി കാത്തിരുന്നു. അകത്തു നിന്നു വിമലയുടെ ഫെയ്സ്ബുക്ക് ശബ്ദങ്ങള്‍ മാത്രം ഇടക്കിടക്ക് നിശബ്ദതെയെ ഭഞ്ജിച്ചു കൊണ്ടിരുന്നു.

കുട്ടികളുടെ ആരവം കേട്ടാണ് ഐസക്ക് തല ഉയര്‍ത്തി നോക്കിയത്. കുറച്ചു അകലെയുള്ള ഗേറ്റിനു മുന്‍പില്‍ ഒരു മഞ്ഞ നിറമുള്ള വാന്‍ വന്നു നിന്നു.. അതില്‍ നിറയെ കുട്ടികള്‍. അവരുടെ ശബ്ദമാണ്. അയാള്‍ ചാടിയെഴുന്നേറ്റു.

പൂക്കളുടെയും പൂമ്പാറ്റകളുടെയും ചിത്രം വരച്ച വാഹനത്തിന്റെ ഡോര്‍ തുറന്നു ഒരു കൊച്ചു പെണ്‍കുട്ടി ഇറങ്ങി വന്നു.

ബാഗ് തോളില്‍ ഇട്ടു അവള്‍ ആ വീടിന്റെ പൂമുഖത്തേക്ക്‌ ഒരു നിമിഷം നോക്കി. അപ്പോഴേക്കും ആരവങ്ങളുമായി ആ വണ്ടി അവിടുന്ന് പോയി കഴിഞ്ഞിരുന്നു.

ഐസക്ക് ഗേറ്റിനു അടുത്തേക്ക് ഓടി ചെന്നു. അപ്പോഴേക്കും ആ കുട്ടി ഗേറ്റിന്റെ അഴികള്ക്കിടയില്‍ കാലുകള്‍ കടത്തി പതുക്കെ ഗേറ്റ് പുറകോട്ട് ആട്ടി വിട്ടു. അവളുടെ ഭാരത്തില്‍ ഗേയ്റ്റ് മുന്പോട്ടും പുറകോട്ടും ആടാന്‍ തുടങ്ങി.

ഐസക്ക് അടുത്ത് വന്നപ്പോഴേക്കും ആട്ടം ശക്തമായി. കൈ രണ്ടും ഗേറ്റിന്റെ അഴികള്‍ ബലമായി പിടിച്ചാണ് ആട്ടം. ഒപ്പം അവളുടെ മിഴികള്‍ ആകാശത്ത് ഉറച്ചിരിക്കുകയാണ്.

ഗേയ്റ്റ് ആടുന്ന ശബ്ദം കേട്ട് വിമല പുറത്തു വന്നു. വരാന്തയില്‍ നിന്നു കൊണ്ട് ഗേറ്റ് അങ്ങോട്ടുമിങ്ങോട്ടും ആട്ടുന്ന കുട്ടിയേയും അവളുടെ അടുത്ത് വായും പൊളിച്ചു നില്ക്കുന്ന ഭര്‍ത്താവിനെയും കത്തുന്ന മിഴികള്‍ കൊണ്ട് വിമല നോക്കി.

ആ നിമിഷം അവളുടെ കവിതക്ക് ആരോ പുരുഷ ആരാധകര്‍ അരപ്പേജു വരുന്ന ഒരു വിലയിരുത്തല്‍ കമന്റ് ഇട്ടതിന്റെ നോട്ടിഫിക്കേഷന്‍ വന്നു. സാധാരണ അവള്‍ അതിനു വിശദമായ നന്ദി മറുപടി കൊടുക്കുന്നതാണ്.

എന്നാല്‍ ദേഷ്യം പിടിപ്പിക്കുന്ന കാഴ്ചയില്‍ അവള്‍ ഒരു കൈ കൊണ്ട് “താങ്ക്സ് “ എന്ന ഒറ്റ വാക്ക് റിപ്ലൈ കൊടുക്കുകയാണ് ചെയ്തത്.

ഐസക്കിന് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു. തന്റെ വീട്ടില്‍ അവധിക്കാലം ചിലവഴിക്കാനായി വിരുന്നു വന്ന കൊച്ചു കുട്ടി. മുടി ഇരുവശത്തേക്കും പിന്നിക്കെട്ടിയ അവളുടെ മുടി മെറൂണ്‍ കളര്‍ റിബണ്‍ കൊണ്ട് കെട്ടിയിരുന്നു. ഗേറ്റില്‍ ആടുന്നതിനിടക്ക് അവ തത്തിക്കളിച്ചു.

“മോളെ…വാ..വീട്ടിലോട്ടു കേറണ്ടെ..” ഒടുവില്‍ ഐസക്ക് ചോദിച്ചു. അവള്‍ അപ്പോഴും ആകാശത്തേക്ക് സൂക്ഷിച്ചു നോക്കി നില്‍ക്കുകയാണ്.

“പപ്പാ…ആകാശത്തേക്ക് നോക്കിക്കേ.. ഒരു കരടീനേ കാണാം…നോക്കിക്കേ..” അത് പറഞ്ഞിട്ട് അവള്‍ വീണ്ടും അങ്ങോട്ട്‌ നോക്കി കൊണ്ട് ആടി.

അവളുടെ പപ്പാ എന്ന വിളിയില്‍ ഐസക്ക് ഞെട്ടി പോയി. കരളിലൂടെ ഒരു കരിമ്പിന് കഷണം കടന്നു പോയത് പോലെ. ഒരു നിമിഷം അയാള്‍ എല്ലാം മറന്നു അവളെ വാരിപ്പുണര്‍ന്നു..

പിന്നെ അവളെയും കൂട്ടി വീട്ടിലേക്ക് നടന്നു. ആ കാഴ്ച കണ്ടു കരടിയുടെ രൂപം പോലെയുള്ള വെളുത്ത മേഘം കാറ്റില്‍ ഒന്ന് ചിരിച്ചു.

എല്ലാം കണ്ടു നിന്ന വിമല ചവിട്ടിത്തുള്ളി മുഖം വീര്‍പ്പിച്ചു കൊണ്ട് പോയി. കുട്ടി ചെരിപ്പുകള്‍ അഴിച്ചു വച്ചതിനു ശേഷം അയാളോടൊപ്പം ഹാളിലേക്ക് കടന്നു.

“ഹോ എന്നാ വലിയ വീടാ..ഞങ്ങളുടെ സ്കൂളിന്റെ അത്രയും ഉണ്ടല്ലോ…” അവള്‍ കണ്ണ് മിഴിച്ചു കൊണ്ട് ഡ്രോയിംഗ് ഹാള്‍ നടന്നു നോക്കി. ഭിത്തികളില്‍ ഇരുന്ന ചിത്രങ്ങളിലെ മരിച്ചു പോയവര്‍ക്കും പുണ്യവാളന്‍മാര്‍ക്കും കര്‍ത്താവിനും ഒരു നിമിഷം കൊണ്ട് ജീവന്‍ വച്ചു.

ഐസക്ക് അവളെ തീന്‍ മേശക്ക് അരികിലെ കസേരയില്‍ ഇരുത്തി. വിമല അടുക്കളയില്‍ നിന്നു ഒരു ട്രെയില്‍ ചായയും ബിസ്ക്കറ്റും കൊണ്ട് വന്നു അവളുടെ മുന്‍പില്‍ കൊണ്ട് വച്ചു. വിമലയുടെ മുഖത്ത് ഒട്ടും തെളിച്ചമില്ലായിരുനു.

അതിനു ശേഷം ആ വലിയ മേശയുടെ അങ്ങേയറ്റത്ത്‌ ആ കുട്ടിയുടെ നേരെ എതിരായി മൊബൈല്‍ ഫോണും പിടിച്ചു കൊണ്ടിരുന്നു. മൊബൈലില്‍ നിന്നു തല ഉയര്‍ത്താതെ തന്നെ വിമല ചോദിച്ചു.

“എന്താ നിന്റെ പേര് ?”

അവള്‍ അപ്പോള്‍ ഓരോ ബിസ്ക്കറ്റും എടുത്തു അതിനു പുറത്തു എഴുതിയത് വായിക്കാന്‍ നോക്കുകയായിരുന്നു. ഐസക്ക് മാറി നിന്നു അവളെ കണ്ടു കൊണ്ടിരുന്നു. എന്തൊരു ഓമനത്തമാണ് അവളുടെ മുഖത്ത്.

കണ്ണുകളില്‍ കുസൃതിയുടെ തിരയിളക്കം കാണാം. ഇനിയുള്ള ദിവസങ്ങളില്‍ വിമലയുമായി യുദ്ധം തന്നെ ഉണ്ടാകും എന്ന് അയാള്‍ ഉറപ്പിച്ചു.

“എന്‍റെ പേരോ..എന്റെ് പേര് ഐവി…മമ്മിയുടെ പേരോ..?” അവള്‍ ബിസ്ക്കറ്റ് വായില്‍ ഇട്ടു കൊണ്ട് ചോദിച്ചു.

“മമ്മിയോ,ആരുടെ മമ്മി…ഞാന്‍ നിന്‍റ്റെ മമ്മിയൊന്നുമല്ല..”വിമല പൊടുന്നനെ ചീറി.

“ആ…..മമ്മിന്നും പപ്പാന്നും വിളിക്കണംന്നാ ഞങ്ങളുടെ അടുത്തു പറഞ്ഞേക്കുന്നെ…വേണോങ്കി മതി..വേണ്ടെങ്കി വേണ്ടാ….”

ഐവി ചിറി കോട്ടിക്കൊണ്ട് പറഞ്ഞു. അടുത്ത നിമിഷം അവള്‍ ബിസ്ക്കറ്റ് ചായയില്‍ മുക്കി അലുത്തു പോകുന്നതിനു തൊട്ടു മുന്‍പ് എടുത്തു നാവില്‍ വയ്ക്കുന്ന ഗെയിമിലേക്ക് കടന്നു.

അവളുടെ സ്പോട്ടില്‍ ഉള്ള മറുപടി കേട്ട് വിമല ഐസാകുന്നത് കണ്ടു ഐസക്കിന് ചിരി പൊട്ടിയെങ്കിലും വിമല ദേഷ്യപെടും എന്ന് അറിയാവുന്നത് കൊണ്ട് കടിച്ചമര്‍ത്തി.

വിമല രൂക്ഷമായി ഐവിയെ നോക്കി. എന്നിട്ട് മൊബൈലിലേക്ക് വീണ്ടും മുഖം താഴ്ത്തി. ഐസക്ക് ഐവിയെ വിളിച്ചു കൊണ്ട് പോയി അവളുടെ മുറി കാണിച്ചു കൊടുത്തു.

“ഹോ എന്നാ വലിയ മുറിയാ..”വീണ്ടും ഐവിയുടെ അത്ഭുതം.

അയാള്‍ അവള്‍ക്ക് വേണ്ടി വെളുത്ത മേഘങ്ങളുടെയും അതിനിടയിലൂടെ ഓടുന്ന മുയല്‍ക്കുഞ്ഞുങ്ങളുടെയും ചിത്രമുള്ള പുതപ്പും പൂക്കളുടെ ചിത്രം ഉള്ള തലയിണയുറകളും കരുതിയിരുന്നു.

മുറിയിലേക്ക് ഐസക്ക് വളര്‍ത്തുന്ന വെളുത്ത ചക്കിപ്പൂച്ച കയറി വന്നു.

“ഹായ്,പൂച്ച .”..അവള്‍ ഓടിച്ചന്നു അതിനെ എടുത്തു.

“ഇതിന്റെ പേരെന്താ..പപ്പാ..”

“അതിനു പേരില്ല മോളെ..”അയാള്‍ പറഞ്ഞു.

അത് കേട്ട് അവളുടെ മുഖം മ്ലാനമായി.

“ഞാന്‍ വിചാരിച്ചു ഇവളുടെ പേര് വൈറ്റ് ന്നാരിക്കുംന്നു..എന്ത് വൈറ്റാ…”

അവള്‍ പൂച്ചയുടെ മുതുക് തടവിക്കൊണ്ടിരുനപ്പോള്‍ ഐസക്ക് പറഞ്ഞു.

“ഇനി കുറച്ചു ദിവസത്തേക്ക് ഇത് മോളുടെ വീടാ…മോള്‍ക്ക് എന്ത് ആവശ്യം ഉണ്ടേലും പപ്പയോടു പറയണം..നമ്മുക്ക് നാളെ പോയി പുതിയ ഡ്രസ്സ് ഓക്കെ വാങ്ങാട്ടോ…”

അവള്‍ അയാളെ നോക്കി തലയാട്ടി. അവള്‍ തലയാട്ടുന്നതിനൊപ്പം കൊമ്പുകള്‍ പോലെ മെറൂണ്‍ നിറമുള്ള റിബണ്‍ ഇളകുന്നത് ചക്കിപ്പൂച്ച കൗതുകപൂര്‍വ്വം നോക്കിക്കൊണ്ടിരുന്നു.

പ്രാര്‍ത്ഥന ചൊല്ലുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും വിമല അവളുടെ മുഖത്ത് നോക്കിയില്ല. ടി. വി കണ്ടു കൊണ്ടിരിക്കുമ്പോള്‍ അവള്‍ ഐസക്കിന്റെ കയ്യില്‍ നിന്നു റിമോട്ട് വാങ്ങി കൊച്ചു ടി. വി വച്ചു.

“കുറുനരി മോഷ്ടിക്കുമോ?” എന്ന ചോദ്യം സ്വീകരണമുറിയില്‍ മുഴുകി.

ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയ മുഖവുമായി വിമല സെറ്റിയില്‍ നിന്നു എഴുന്നേറ്റ് മുറിയില്‍ പോയി .

അവള്‍ ഫെയ്സ്ബുക്ക് തുറന്നു feeling irritated എന്ന് സ്റ്റാറ്റസ് ഇട്ടു. അവളുടെ ഒരു ഹായ് കിട്ടുവാന്‍ നിമിഷം തോറും അവള്‍ “ഉണ്ടോ, ഉറങ്ങിയോ, സുഖമാണോ, എന്താണ് നിരാശ, കാണാന്‍ പറ്റുമോ, വാട്സപ്പ് ഉണ്ടോ ”

എന്നൊക്കെ സ്ഥിരമായി അന്വേഷിച്ചു കൊണ്ടിരുന്ന ഏഴു പേര്‍ ഇത് തങ്ങളെ ഉദേശിച്ചാണോ എന്നും തങ്ങളുടെ ചാറ്റ് ലോഗ് അവള്‍ സ്ക്രീന്ഷോട്ടായി ഇടുമോ എന്നും ഭയന്ന് ഉടനെ തന്നെ അവളെ ബ്ലോക്ക് ചെയ്തു.

പക്ഷെ പുതിയ ഏഴു പേര്‍ ഉടനെ തന്നെ അവളുടെ ഇന്ബോക്സിലേക്ക് ഇറിറ്റെഷന്റെ കാരണം അന്വേഷിച്ചു ഹായ് വിട്ടു തുടങ്ങി. ഈ സമയം ഐസക്കും ഐവിയും ചക്കിപ്പൂച്ചയും ഡോറയുടെ പ്രയാണം കണ്ടു കൊണ്ടിരുന്നു.

അവള്‍ സെറ്റിയില്‍ ഇരുന്നു ഉറക്കം തൂങ്ങിയപ്പോള്‍ ഐസക്ക് അവളെ എടുത്തു കൊണ്ട് പോയി കട്ടിലില്‍ കിടത്തി. അപ്പോൾ തലയിണയുറയിലെ പൂക്കള്‍ വിടര്‍ന്നു. പുതപ്പിലെ മുയൽക്കുഞ്ഞുങ്ങളും ചെറിയ വെള്ളമേഘങ്ങളും അവളെ പുല്‍കി.

രാത്രി കിടക്കുമ്പോള്‍ ഐസക്കിന്റെ ഹൃദയം വെള്ളമേഘങ്ങളില്‍ കൂടി പായുന്ന മുയല്ക്കുഞ്ഞിനെ പോലെ സന്തോഷഭരിതമായിരുന്നു. വിമലയുടെ പിണക്കം അയാള്‍ അറിഞ്ഞത് പോലുമില്ല. എന്നും രാത്രി കഴിക്കുന്ന കോണിയാക്ക് ബ്രാണ്ടിയുടെ കുപ്പി അയാളെ കാണാതെ വിഷമിച്ചു.

പിറ്റെന്നു രാവിലേ അവള്‍ ഉണര്‍ന്നു അടുക്കളയില്‍ ചെന്നു. വിമല ദോശ ചുടാന്‍ ഉള്ള ഒരുക്കത്തിലാണ്.

“മമ്മി ഗുഡ് മോര്‍ണിംഗ് …?”

“കൊച്ചെ..ഞാന്‍ നിന്റെ മമ്മി ഒന്നുമല്ല..” വിമല ദേഷ്യം കൊണ്ട് വിറച്ചു.

“മമ്മി ,എന്തുവാ ഉണ്ടാക്കുന്നേ..?” വീണ്ടും ഐവി.

“കുന്തം..”. വിമല പിറുപിറുത്തു.

ഐവി അതൊന്നും മൈന്‍ഡ് ചെയ്തില്ല. വിമലയുടെ ദേഷ്യം അവള്‍ക്ക് ഒരു തമാശ പോലെ തോന്നി.

ഐസക്ക് ഐവിയും കൂട്ടി നഗരത്തില്‍ പോയി. അവള്ക്ക് ഒപ്പം ഐസ്ക്രീം കഴിച്ചു. അവളുടെ കൈ പിടിച്ചു ശീതികരിച്ച നഗരത്തിലെ വലിയ മാളുകളില്‍ കൂടി അലഞ്ഞു. പുതിയ വസ്ത്രങ്ങള്‍ അവള്‍ക്ക് വാങ്ങിക്കൊടുത്തു.

അവളുടെ ഒരിക്കലും തീരാത്ത അത്ഭുതവും ചിരിയും ,താന്‍ മറ്റേതോ സന്തോഷം മാത്രമുള്ള ഗ്രഹത്തില്‍ ആണ് ജീവിക്കുന്നത് എന്ന വികാരം അയാളില്‍ ഉണ്ടാക്കി. വിമല അവരുടെ ഒപ്പം വന്നില്ല.

അവള്‍ ഐവിയെ പൂര്‍ണ്ണമായി അവഗണിച്ചു. ഒരു തരം ഒളിച്ചോട്ടം. ദിവസങ്ങള്‍ വേഗം പൂമ്പാറ്റകളെ പോലെ പറന്നു പോയി. ഐസക്കിന് വിമലയോട് ദേഷ്യപ്പെടാന്‍ പോലും നേരം ഉണ്ടായില്ല. അയാള്‍ രാവും പകലും ഐവിക്കൊപ്പം ആയിരുന്നു.

ഒരു ദിവസം രാത്രി അവര്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുകയായിരുന്നു. വിമല അവളുടെ ഫോണ്‍ മേശയില്‍ വച്ചിട്ട് അടുക്കളയില്‍ പോയി. ഐവി പതുക്കെ വന്നു ആ ഫോണ്‍ എടുത്തു.

“ഈ മമ്മി എന്താ ഈ ഫോണില്‍ ഇപ്പോഴും കുത്തികൊണ്ടിരിക്കുന്നെ…”

അവള്‍ അത് തുറന്നു നോക്കാന്‍ തുടങ്ങുന്നത്തിനിടയില്‍ വിമല അടുക്കളയില്‍ നിന്നു പാഞ്ഞു വന്നു.

“എന്റെ ഫോണ്‍ അവിടെ വക്കടീ…അസത്തേ…”വിമല അലറി.

പൊള്ളിയത്‌ പോലെ ഐവി ഫോണ്‍ വച്ചു.ആ കുഞ്ഞു കണ്ണുകള്‍ നിറയുന്നത് ഐസക്ക് കണ്ടു. അവള്‍ ഫോണ്‍ വച്ചിട്ട് മെല്ലെ പറഞ്ഞു.

“സോറി,മമ്മീ …”

പിന്നെ അവള്‍ പതുക്കെ ഭക്ഷണം കഴിച്ചിട്ട് ഐസക്കിനോട് ഗുഡ് നൈറ്റ് പറഞ്ഞിട്ട് എഴുന്നേറ്റു പോയി.

അന്ന് രാത്രി ഐവി വന്നതിനു ശേഷം ഐസക്ക് ആദ്യമായി മ ദ്യം കുടിച്ചു. ഫെയ്സ്ബുക്കില്‍ നോക്കി കൊണ്ടിരുന്ന ഭാര്യയുടെ അരികിലേക്ക് അയാള്‍ ചെന്നു. അവള്‍ തലയുയര്‍ത്തി നോക്കി.

അയാള്‍ അവളുടെ കരണത്ത് നോക്കി ഒന്ന് പൊട്ടിച്ചു. പൊന്നീച്ച പറക്കുന്നത് പോലെ വിമലക്ക് തോന്നി.

“നീ അസത്തേ ന്നു വിളിച്ചത് ഒരു അനാഥക്കുഞ്ഞിനെയാണ്. ഇനി അവള്‍ ആകെ രണ്ടോ മൂന്നോ ദിവസമേ ഈ വീട്ടില്‍ ഉണ്ടാകു. അത് വരെ ക്ഷമിക്കാന്‍ പറ്റിയില്ലെങ്കില്‍ നീ ഒരു സ്ത്രീ അല്ലെന്നു ഞാന്‍ കരുതും.” അയാള്‍ ശാന്തമായി പറഞ്ഞു.

പിറ്റേന്ന് ഐവി തലേദിവസത്തെ കാര്യം മറന്നു ചക്കിപ്പൂച്ചയുമായി ചിരിച്ചു കളിച്ചു ടി. വിയിലെ കാര്‍ട്ടൂണ്‍ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പ് മീറ്റ്‌ ഉള്ളതിനാല്‍ അതിനു പോകാനായി വിമല സ്വീകരണ മുറിയിലെ മേശയില്‍ സാരി തേയ്ക്കുകയായിരുന്നു.

പെട്ടെന്നാണ് ഐവി വിമലയുടെ നിലവിളി കേട്ടത്. തേപ്പുപെട്ടിയുടെ പ്ലഗ് ഊരുന്നതിനിടയില്‍ അവള്‍ക്ക് ഷോക്ക് അടിച്ചു നിലത്തു വീണു. അതില്‍ നിന്നു പിടി വിടാന്‍ ആവാതെ വിമല പിടഞ്ഞു
.
ഐവി ഞെട്ടി. അവള്‍ പുറത്തേക്ക് ഓടി. കാര്‍ ഷെഡ്‌ഡിന് അരികില്‍ പാഷന്‍ ഫ്രൂട്ട് പറിക്കാന്‍ വച്ചിരുന്ന മരക്കൊമ്പിന്‍റ്റെ തോട്ടി അവള്‍ എടുത്തു കൊണ്ട് വന്നു വിമലയെ തല്ലിയകറ്റി. വിമല ബോധരഹിതയായി നിലത്തു വീണു.

ഐവി അവളുടെ മുഖത്ത് വെള്ളം തളിച്ചു. വിമല കണ്ണ് തുറന്നു. പിന്നെ ആദ്യം കാണുന്നതു പോലെ ഐവിയെ നോക്കി. പിന്നെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു.

“മോളെ…”

വിമലയുടെ കണ്ണ്നീര്‍ ഐവിയുടെ മുഖം പൊള്ളിച്ചു.

“മമ്മി എന്തിനാ കരയുന്നെ…?”

ഐവി അവളുടെ കണ്ണുനീര്‍ തുടച്ചു. വിമല ഐസക്കിനെ ഫോണില്‍ വിളിച്ചു. വീട്ടില്‍ വന്നു വിമലയുടെ മടിയില്‍ ഇരിക്കുന്ന ഐവിയെ കണ്ടു അയാള്‍ അമ്പരന്നു. വിവരങ്ങള്‍ അറിഞ്ഞു അയാള്‍ ഞെട്ടി.

“ഇത്രയും നാള്‍ ഒരു കുഴപ്പവും ഇല്ലാതിരുന്ന പ്ലഗ് ആണത്… എന്തായാലും നന്നായി.. വൈകി ആണെങ്കിലും പിണക്കം മാറിയല്ലോ..”

അന്ന് രാത്രി ഐവി അവരുടെ ഒപ്പമായിരുന്നു കിടന്നത്. ഒരു നിമിഷം കൊണ്ട് അണകെട്ടി നിര്‍ത്തിയ വിമലയുടെ മാതൃസ്നേഹം കണ്ടു ഐസക്കിന്റെ കണ്ണ് നിറഞ്ഞു. രാത്രി അവള്‍ ഉറങ്ങിയപ്പോള്‍ വിമല ഐസക്കിനോട് പറഞ്ഞു.

“ഐസക്ക് ,ഞാന്‍ ഇത്രയും ദിവസം ദേഷ്യം കാണിച്ചത് അവളോടല്ല. എന്നോട് തന്നെയാണ്. ഏഴു വര്‍ഷം മുന്‍പ് ഞാന്‍ ഒരു കുഞ്ഞിനെ കൊന്നു കളഞ്ഞല്ലോ എന്നതില്‍ സ്വയം തോന്നിയ ദേഷ്യം.

പക്ഷെ അവള്‍ എന്‍റ്റെ ജീവന്‍ രക്ഷിച്ചു . സ്വന്തം കണ്ണ് തുറന്നപ്പോ ,ഉള്ളില്‍ ഉണ്ടായിരുന്ന ഭാരം ഇല്ലാതായി ഐസക്ക്… എന്തോ എനിക്കിപ്പോ തോന്നുന്നു ദൈവം നമ്മളോട് ക്ഷമിച്ചുവെന്ന് …”

“ശരിയാ വിമലേ..അവള്‍ ഒരു മാലാഖയാണ് …”

“നമ്മുക്ക് അവളെ ദത്ത് എടുത്താലോ ഐസക്ക്..”വിമല ചോദിച്ചു.

“ഞാനും അത് തന്നെയാണ് ഇത്ര ദിവസം ആലോചിച്ചത്..”നിറഞ്ഞ ചിരിയോടെ ഐസക്ക് പറഞ്ഞു.

പിറ്റേന്ന് അവള്‍ മൂവരും ഒരുമിച്ചു ഒരു യാത്ര പോയി. രണ്ടു ദിവസം ,രണ്ടു സ്വര്‍ഗ്ഗ തുല്യമായ നിമിഷങ്ങള്‍ പോലെ കടന്നു പോയി. ആ രണ്ടു ദിവസവും വിമല ഫെയ്സ്ബുക്കിന്റെ കാര്യം മറന്നു.

ഒടുവില്‍ അവള്‍ പോകുന്ന ദിവസമെത്തി. ദു:ഖം കിനിയുന്ന മുഖവുമായി ഐസക്കും വിമലയും അവളോടൊപ്പം വരാന്തയില്‍ കാത്തിരുന്നു.

അപ്പോള്‍ ഐസക്ക് ചോദിച്ചു.
“മോളെ..മോള് പോകുന്നതിനു മുന്‍പ് മോള്‍ക്ക് എന്തെങ്കിലും ആഗ്രഹം ഉണ്ടേല്‍ പറയണം. എന്ത് വേണേലും …”

“പപ്പയും മമ്മിയെ പോലെ ഫെയ്സ് ബുക്ക് ഉണ്ടാക്കണം …” അവള്‍ കുസൃതി ചിരിയോടെ പറഞ്ഞു.

നനയുന്ന കണ്ണുമായ് വിമല ഐസക്കിന്റെ ഫെയ്സ്ബുക്ക് തുറന്നു. പിന്നെ അവളെ അത് കാണിച്ചു. ഫെയ്സ്ബുക്കിന്റെ സ്റ്റാറ്റസ് ബോക്സിനു മുകളില്‍ എഴുതിയിരുന്നത് ഐവി വായിച്ചു.

“വാട്സ് ഓണ്‍ യുവര്‍ മൈന്‍ഡ്.?”

“എന്താ ഇപ്പൊ പപ്പയുടെ മനസ്സില്‍ ഉള്ളത്.?” ഐവി ചോദിച്ചു.

അപ്പൊ പുറത്തു ഒരു ആരവം കേട്ടു. മഞ്ഞ നിറമുള്ള ചിത്രങ്ങള്‍ വാരി വിതറിയ ഒരു വാഹനം ഗേറ്റിന് പുറത്തു വന്നു നിന്നു.

രണ്ടു പേരെയും കെട്ടിപിടിച്ചു ഉമ്മ വച്ചതിനു ശേഷം ഐവി മെല്ലെ ഗേറ്റിനു അരികിലേക്ക് നടന്നു പോയി. അവളുടെ ഒപ്പം വെളുത്ത ചക്കിപ്പൂച്ചയും ഗേറ്റിലേക്ക് ഓടി. അവള്‍ ഡോറില്‍ കയറി നിന്നതിനു ശേഷം അവരെ തിരിഞ്ഞു നോക്കി കൈ വീശികാണിച്ചു.

ഒരു പ്രതിമ പോലെ വിമല അത് നോക്കിയിരുന്നു. അപ്പോള്‍ യാന്ത്രികമായി ഐസക്ക് ആ ഫോണ്‍ വാങ്ങി ഫെയ്സ്ബുക്കിന്റെ വെളുത്ത ചതുരത്തില്‍ ഇങ്ങനെ എഴുതി.

“ഈ അവധിക്കാലത്ത് ദൈവം ഞങ്ങളുടെ വീട്ടില്‍ വിരുന്നു വന്നു.”

അയാള്‍ ഫോണ്‍ വിമലയുടെ കയ്യില്‍ കൊടുത്തു. അവള്‍ പോസ്റ്റ്‌ എന്ന ഐക്കണില്‍ യാത്രികമായി അമര്തിി അത് പബ്ലിഷ് ചെയ്തു . പിന്നെ ഐസക്കിന്റെ നെഞ്ചില്‍ മുഖം അമര്‍ത്തി പൊട്ടിക്കരഞ്ഞു.

ആ വീട് മരണവീട് പോലെ ഉറങ്ങി. നിശബ്ദത ഒരു ആവരണം പോലെ അതിനെ പുല്‍കി . രാത്രി ഐസക്കിന്റെ ഫോണിലേക്ക് ഒരു കോള്‍ വന്നു. അപ്പുറത്ത് ഓര്‍ഫനേജ് ഡയറക്ടര്‍ ആയിരുന്നു.

“ക്ഷമിക്കണം മിസ്റ്റര്‍ ഐസക്ക് … നിങ്ങളുടെ വീട്ടിലേക്ക് സ്നേഹവീട് പ്രോഗ്രാമില്‍ ഞങ്ങള്‍ക്ക് കുട്ടിയെ അയക്കാന്‍ കഴിഞ്ഞില്ല.

ആ കുട്ടി ഒരു മാസമായി ആശുപത്രിയില്‍ ആയിരുന്നു.. ഇപ്പോള്‍ സുഖമായി . കുറച്ചു ദിവസമായി സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ വിവരം നിങ്ങളെ അറിയിക്കാന്‍ സാധിച്ചില്ല.”

അയാള്‍ക്ക് അമ്പരപ്പ് മൂലം ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല.

“അപ്പോള്‍ ഐവി..ഐവിയോ..ഐവി എന്ന കുട്ടി ഇവിടെ വന്നിരുന്നു..” വിറയാര്‍ന്ന സ്വരത്തില്‍ അയാള്‍ ചോദിച്ചു.

“അങ്ങിനെ ഒരു കുട്ടിയുടെ പേര് ഞാന്‍ ഓര്‍ക്കുന്നില്ല. ഇനി അസിസ്റ്റന്റ്റ് ഡയറക്ടര്‍ ഞാന്‍ ഇല്ലതിരുന്നപ്പോ ആരെയെങ്കിലും അങ്ങോട്ട്‌ അയച്ചോന്നറിയില്ല..

എനി വേ നാളെ വരുന്ന കുട്ടിയെ നിങ്ങള്‍ സ്വീകരിക്കാൻ ആകുമോ.. അവള്‍ മിടുക്കിയാണ്. നിങ്ങള്‍ക്ക് പരസ്പരം ഇഷ്ടമായാല്‍ അവളെ നിങ്ങള്‍ക്ക് ദത്ത് എടുക്കുന്ന കാര്യം ആലോചിക്കാം..?”

“തീര്‍യായും…ആ കുട്ടിക്ക് വേണ്ടി ഞങള്‍ വെയിറ്റ് ചെയ്യും നാളെ…”
അയാള്‍ ഫോണ്‍ വച്ചു.

“ഓര്‍ഫനേജില്‍ നിന്ന് ആയിരുന്നോ ഐസക്ക് വിളിച്ചത്…നമ്മുക്ക് ഐവിയെ കിട്ടുമോ..?”

പുറകില്‍ നിന്നു വിമലയുടെ നനഞ്ഞ സ്വരം.

“ഇല്ല..ആരോ…ആരോ അവളെ വളരെ നേരത്തെ ദത്ത് എടുത്തു വിമലേ…” അയാള്‍ മെല്ലെ പറഞ്ഞു.

പിന്നെ പുറത്തേക്കു നോക്കി. രാത്രിയാകാശത്തു ചന്ദ്രബിംബം തെളിഞ്ഞു നിന്നു. അപ്പോഴാണ് അയാള്‍ അത് മിന്നല്‍ പോലെ ഓര്‍ത്തത്.

ഐവി=ഐസക്ക് +വിമല.. അയാള്‍ ഫോണ്‍ എടുത്തു ഫെയ്സ്ബുക്ക് സ്റ്റാറ്റസ് ഒന്ന് കൂടി വായിച്ചു.

“ ഈ അവധിക്കാലത്ത്‌ ദൈവം ഞങളുടെ വീട്ടില്‍ വിരുന്നു വന്നു.”

“ഇത് കഥയല്ല. നടന്നതാണ്.” അയാള്‍ ആ സ്റ്റാറ്റസ് പുതുക്കി പബ്ലിഷ് ചെയ്തു. ചന്ദ്രബിംബത്തില്‍ ഇരുന്നു ഒരു കുഞ്ഞു മുഖം അയാളെ നോക്കി ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *