ഭർത്താവ് ഇല്ലാത്ത സ്ത്രീകളെ സമൂഹം പലതും പറയും… അതെല്ലാം ഉൾക്കൊള്ളാൻ മനസിന്‌ നല്ല ബലം വേണം.. എന്തും ഒറ്റയ്ക്ക് നേരിടണം… ഒരിയ്ക്കൽ നിനക്ക് അങ്ങനെയൊരു സാഹചര്യം വന്നാൽ

പ്രാണനിലലിഞ്ഞവൻ
(രചന: Vaiga Lekshmi)

“”അതേ… ഇനി ഞാൻ പഠിക്കാൻ പോകണോ??? ഇപ്പോ തന്നെ ഡിഗ്രിയും പിജിയും കഴിഞ്ഞു…

നാട്ടിൽ എന്തെങ്കിലും ജോലിയും ചെയ്ത് മക്കളെ നോക്കി ഇരുന്നാൽ പോരെ ഞാൻ??? എന്തിനാ ഇനി ഡോക്ടറേറ്റ് എടുക്കാൻ കൂടി പറയുന്നത്???

മേജർ കാശിനാഥിന്റെ ഭാര്യ ജോലിയ്ക്ക് പോയിട്ട് വേണോ കുടുംബം നോക്കാൻ???””

അവസാന ശ്രമം എന്ന പോലെ അമ്മു എന്ന ആത്മിക കിച്ചനോട് ഇത് ചോദിച്ചതും അവൻ കേട്ട ഭാവം നടിച്ചില്ല…

“”എന്റെ പൊന്ന് കിച്ചേട്ടൻ അല്ലേ… എന്തെങ്കിലും ഒന്ന് പറ.. നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ ഒരു മാസം പോലും ആയില്ല…

എനിക്ക് അഡ്മിഷൻ കിട്ടി എന്നൊക്കെ പറയുന്നത് ശരിയാണ്. അത് പക്ഷേ നാട്ടിൽ അല്ല.. ഡൽഹിയിൽ ആണ്. എനിക്ക് ഏട്ടനെ പിരിഞ്ഞിരിക്കാൻ പറ്റാത്തത് കൊണ്ടല്ലേ ഞാൻ ഇങ്ങനെ പറയുന്നത്… പ്ലീസ് കിച്ചേട്ടാ… പ്ലീസ്….””

“”നീ വെറുതെ ഒരു വഴക്കിന് നിൽക്കണ്ട അമ്മൂ. അങ്ങനെ എല്ലാവർക്കും ഒന്നും കിട്ടുന്ന കാര്യം അല്ല പി എച്ച് ഡി ചെയ്യാൻ ഉള്ള അവസരം.. അതും ജെ എന്‍ യുവിൽ… നിനക്ക് അതിനുള്ള കഴിവുള്ളത് കൊണ്ടല്ലേ…

എന്റെ ഭാര്യ എന്ന സ്ഥാനത്തിനും അപ്പുറം സ്വന്തം കാലിൽ നിൽക്കാൻ നോക്കണം നീ ആദ്യം… ഡ ൽ ഹി യ്ക്കെന്താ കുഴപ്പം??? അവിടെ പേടിക്കാനും വേണ്ടി ഒന്നൂല്ല… പിന്നെ എന്തിനും ഒരു ഫോൺ കാൾ അകലെ ഞാൻ ഇല്ലേ…””

അവളെ സമാധാനിപ്പിക്കാൻ എന്ന പോലെ കാശി പറഞ്ഞതും അമ്മു പിണങ്ങി തിരിഞ്ഞ് കിടന്നു…

“”എന്നോട് സ്നേഹം ഉണ്ടെങ്കിൽ എന്റെ അമ്മൂട്ടി ഇങ്ങോട്ട് നോക്കിയേ….””

ശാന്തമായി കിച്ചൻ പറഞ്ഞതും ഇനിയും പിണങ്ങാൻ വയ്യ എന്ന പോലെ അമ്മു അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു…

“”എങ്കിലും… എനിക്ക് നല്ല പേടി ആണ് ഏട്ടാ… ഭാഷ പോലും അറിയാതെ ആ നാട്ടിൽ… പിന്നെ അച്ഛനും അമ്മയും… ഏട്ടനേയും കാണാതെ….””

“”ഞാൻ എന്തായാലും അടുത്തയാഴ്ച തിരിച്ച് ഡെറാഡൂണിൽ പോകും…

പിന്നെ അച്ഛനും അമ്മയും ഇവിടെ നേരത്തെയും ഒറ്റയ്ക്ക് തന്നെ ആയിരുന്നില്ലേ… അതോണ്ട് നീ അതൊന്നും ആലോചിച്ച് വെറുതെ ടെൻഷനാകണ്ട…

പിന്നെ ഭാഷ… ഡൽഹിയിൽ ഭാഷ ഒരിക്കലും ഒരു പ്രശ്നം അല്ല… നിനക്ക് അത്യാവശ്യം ഇംഗ്ലീഷ് അറിയാമല്ലോ… ബാക്കിയൊക്കെ ഹിന്ദി അവിടെ ഉള്ള കൂട്ടുകാരുമായി സഹകരിക്കുമ്പോൾ പഠിക്കും…””

“”എങ്കിലും എന്നേ വിട്ടേ തീരൂ എന്ന വാശിയാണല്ലേ… സാധാരണ ഭർത്താവ് ഭാര്യ അടുത്ത് വേണം, നാട്ടിൽ ജോലി നോക്കിയാൽ മതി എന്നൊക്കെ പറയുന്നത്… ഇത് നീ പഠിക്കണം പഠിക്കണം എന്ന്.. എന്ത്‌ കഷ്ടം ആണ് ദൈവമേ… “”

കാശിയുടെ വാശി കാരണം അമ്മു അവന്റെ കൂടേ തന്നെ ഡൽഹിക്ക് പോയി.. അമ്മുവിനെ ഹോസ്റ്റലിൽ ആക്കിയ ശേഷം അവൻ ജോലി സ്ഥലത്തേക്കും…

മാസത്തിൽ മൂന്ന് ദിവസം ഡെറാഡൂണിൽ അവന്റെ കൂടെ വന്ന് നിൽക്കും എന്ന നിബന്ധനയിലാരുന്നു അമ്മു പോകാൻ സമ്മതിച്ചത് തന്നെ…

“”ഞാൻ അറിയാതെ അവിടേക്ക് സർപ്രൈസ് വിസിറ്റ് എന്ന് പറഞ്ഞ് ചാടി വരാൻ നിൽക്കരുത് കേട്ടല്ലോ… നിന്റെ ഇഷ്ടത്തിന് ഐ എം എ തുറന്ന് തരില്ല… അതിന് ഞാൻ കൂടേ വേണം…””

റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്ത് നിൽക്കുമ്പോൾ കാശി പറഞ്ഞതും അമ്മു ഒന്നൂടി മുഖം വീർപ്പിച്ചു…

“”നിങ്ങൾ വെറും ഭാര്യയോട് സ്നേഹം ഇല്ലാതെ ജോലിയെ സ്നേഹിക്കുന്ന മാക്രി… ഒരു ദിവസം ഞാൻ ഇതിനെല്ലാം പ്രതികാരം ചെയ്യും.. നോക്കിക്കോ…””

“”നീ എന്ത്‌ കാരം വേണമെങ്കിലും ചെയ്തോ.. മര്യാദക്ക് പഠിച്ചാൽ മതി… സമയം ഉള്ളപ്പോൾ വിളിക്കാം ഞാൻ.. ട്രെയിൻ വരാൻ സമയം ആയി….””

പോകാൻ ഉള്ള ട്രെയിൻ വന്നതും അമ്മുവിനെ ചേർത്ത് പിടിച്ച് യാത്ര പറഞ്ഞു, നന്നായി പഠിക്കണേ എന്ന് വീണ്ടും ഓര്‍മ്മിപ്പിച്ചിട്ട് അവൻ തിരിച്ച് ജോലി സ്ഥലത്തേക്ക് പോയി…

ആദ്യമൊക്കെ ഭാഷ ഒരു പ്രശ്നം ആയിരുന്നു, എങ്കിലും അമ്മു പതിയെ അതുമായി അഡ്ജസ്റ്റായി… പിന്നീട് അടുപ്പിച്ച് അവധി കിട്ടുമ്പോൾ കാശിയുടെ ജോലി സ്ഥലത്തേക്ക് അവൾ പോകും… വെക്കേഷന്‍ സമയം രണ്ട് പേരും ഒരുമിച്ച് നാട്ടിലേക്കും…

ഓരോ രാത്രിയും അവൻ വിളിക്കുമ്പോൾ ആ ദിവസത്തെ വിശേഷം മുഴുവൻ പറയാൻ കാണും അവൾക്ക്… ചില ദിവസം അവന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ അറിയാം ആകെ ക്ഷീണമായിരിക്കും എന്ന്…

മറ്റുള്ളവരുടെ മുന്നിൽ അവൾ മേജർ കാശിനാഥ്‌ ന്റെ ഭാര്യ ആണ്… കേന്ദ്രസർക്കാരിന്റെ ജോലി… ഭർത്താവ് മരിച്ചാൽ പോലും അവൾക്ക് ഒന്നും പേടിക്കേണ്ട കാര്യമില്ല എന്ന് പലരും പറയുന്നത് കേൾക്കേണ്ടി വന്നിട്ടും അത് കേൾക്കാത്തത് പോലെ നടിച്ചിട്ടുമുണ്ട് അവൾ…

പറയുന്നവർക്ക് എന്തും പറയാം.. പക്ഷേ ഓരോ നിമിഷവും ഉള്ളിൽ ഉരുകി ആണ് ജീവിക്കുന്നത് എന്ന് അവർ ആരും മനസിലാകില്ലല്ലോ… ബന്ധങ്ങളെക്കാൾ മുകളിൽ ആണോ പണം??? ആവോ അറിയില്ല…

പക്ഷേ ഒന്ന് മാത്രം അറിയാം… തന്റെ കിച്ചേട്ടനില്ലാതെ ഒരു നിമിഷം പോലും അവൾക്ക് ജീവിക്കാൻ പറ്റില്ലെന്ന്…

അമ്മുവിന്റെ കോഴ്സെല്ലാം കംപ്ലീറ്റായി കഴിഞ്ഞപ്പോൾ കാശി അവളെ ഡെറാഡൂണിലേക്ക് കൊണ്ട് പോയി…

അടുത്ത ട്രാൻസ്ഫർ ക ശ്മീർ ആണെന്നും, അവിടേക്ക് പോയാൽ പിന്നെ ഉടനെ നാട്ടിലേക്ക് വരാൻ പറ്റില്ല എന്നും പറഞ്ഞായിരുന്നു അത്…

“”നിനക്ക് അറിയാവോ അമ്മൂ ഞാൻ നിന്നോട് എന്തിനാ വീണ്ടും പഠിക്കണം എന്ന് പറഞ്ഞതെന്ന്???””

ഒരിക്കൽ അപ്രതീക്ഷിതമായിട്ടാണ് കാശി അമ്മുവിനോട് അത് ചോദിച്ചത്…

“”അത് ഏട്ടന് ഞാൻ പഠിക്കണം എന്ന ആഗ്രഹമുള്ളത് കൊണ്ടല്ലേ…””

നിഷ്കളങ്കമായി അവൾ പറഞ്ഞതും അവൻ ഒന്ന് കൂടി അവളെ ചേർത്തു പിടിച്ചു…

“”ഒരിക്കലുമല്ല… ഒരു പട്ടാളക്കാരന്റെ ആയുസ്സ് എത്ര നാളാണെന്ന് ദൈവത്തിന് മാത്രമേ അറിയൂ അമ്മൂസേ…

എന്റെ ജോലിയുടെ ഇടയിൽ രാജ്യത്തിന് വേണ്ടി ജീവൻ കൊടുക്കേണ്ടി വന്നാൽ ഞാൻ വീരജവാൻ ആകും… കുറച്ചേറേ നാൾ എല്ലാവരുടെയും മനസ്സിൽ ഞാൻ കാണും… പിന്നീട് പതിയെ എല്ലാവരും എന്നെയങ്ങ് മറക്കും…

അവിടെ ഏറ്റവും വലിയ നഷ്ടം നിനക്കായിരിക്കും… സ്വന്തമായി നല്ല വിദ്യാഭ്യാസം ഉണ്ടെങ്കിൽ മറ്റാരെയും നിനക്ക് ആശ്രയിക്കേണ്ട.. ഞാൻ ഉണ്ടാക്കിയ വീട്ടിൽ നമ്മുടെ മക്കളുമായിട്ട് നിനക്ക് സുഖമായി കഴിയാം…

ഭർത്താവ് ഇല്ലാത്ത സ്ത്രീകളെ സമൂഹം പലതും പറയും… അതെല്ലാം ഉൾക്കൊള്ളാൻ മനസിന്‌ നല്ല ബലം വേണം.. എന്തും ഒറ്റയ്ക്ക് നേരിടണം…

ഒരിയ്ക്കൽ നിനക്ക് അങ്ങനെയൊരു സാഹചര്യം വന്നാൽ ഒറ്റയ്ക്ക് നേരിടണം… നിന്റെ എല്ലാ വട്ടുകളും ഞാൻ പ്രോത്സാഹിപ്പിച്ചിട്ടേയൊള്ളൂ… അത് എഴുതുത്തായാലും, പാട്ടായാലും എല്ലാം… ഇനിയും അതെല്ലാം തുടരണം..

ഇന്ന് നീ വെറും ആത്മിക കാശിനാഥ്‌ അല്ല…

Dr ആത്മിക കാശിനാഥ്‌ ആണ്.

രണ്ട് മാസം കൂടി കഴിയുമ്പോൾ എനിക്ക് കാ ശ് മീ രിലേക്ക് ട്രാൻസ്ഫർ ആകും… നാട്ടിൽ പോയി നല്ല ഒരു കോളേജിൽ അദ്ധ്യാപിക ആകണം നീ…””

“”എന്തിനാ കിച്ചേട്ടാ ഇപ്പോ ഇങ്ങനൊക്കെ പറയുന്നത്… മതി ഒന്ന് നിർത്തുവോ… എനിക്കിനി ഒന്നും കേൾക്കാൻ വയ്യ….””

കണ്ണീരോടെ അമ്മു പറഞ്ഞതും കാശി കണ്ണീർ തുടച്ച് കൊടുത്തു..

“”കരയാൻ വേണ്ടി പറഞ്ഞതല്ല ഞാൻ.. അതാണ്‌ സത്യം… നിന്നെ പെണ്ണ് കാണാൻ വന്ന ആദ്യ ദിവസം തന്നെ ഞാനിതെല്ലാം പറഞ്ഞതുമാണ്… വീണ്ടും വീണ്ടും ഇത് ഓര്‍മ്മിപ്പിയ്ക്കുന്നത് മറ്റൊന്നും കൊണ്ട് അല്ല…

എന്തും നേരിടാൻ എന്റെ അമ്മു തയ്യാറായിരിക്കണം… ഒരിക്കലും തളരരുത്… തോറ്റു പോകരുത്… എവിടെ ആണെങ്കിലും എന്റെ മനസ് എപ്പോഴും നിന്റെ കൂടെയായിരിക്കും…

ഇനി ഈ പറഞ്ഞത് ആലോചിച്ചു വെറുതെ കരയേണ്ട… സമയം ഒരുപാട് ആയി.. നാളെ രാവിലെ ഡ്യൂട്ടിക്ക് പോകാനുള്ളതാ എനിക്ക്.. നീ വാ.. നമുക്ക് കിടക്കാം…

രണ്ട് മാസം കഴിഞ്ഞതും കാശി കാ ശ് മീ രിലേക്ക് ട്രാൻസ്ഫറായി. പോകുന്നതിനു മുൻപ്‌ തന്നെ അമ്മുവിനെ നാട്ടിൽ കൊണ്ട് വിട്ടു…

ചെറിയ തലകറക്കവും ശര്‍ദ്ദിലും വന്ന് സംശയം തോന്നി ചെക്ക് ചെയ്തപ്പോഴാണ് അറിഞ്ഞത് അവരുടെ ജീവിതത്തിലേക്ക് പുതിയ ഒരു അതിഥി കൂടി വരുന്നു എന്ന്….

ആദ്യത്തെ സ്കാനിംഗിൽ ഒരാൾ അല്ല, രണ്ട് പേരാണ് ഉള്ളിൽ എന്ന് അറിഞ്ഞതും സന്തോഷം ഇരട്ടി ആയി…

കാശിയുടെ ആഗ്രഹം പോലെ തന്നെ അമ്മു അടുത്തുള്ള കോളേജിൽ അദ്ധ്യാപികയായി കയറി… പ്രഗ്നന്റായതിന്റെ ചില അസ്വസ്ഥതകളൊഴിച്ച് മറ്റ് കുഴപ്പമൊന്നും ഇല്ലാത്തത് കൊണ്ട് തന്നെ ജോലിയ്ക്ക് പോകുന്നതിന് ആരും എതിരൊന്നും പറഞ്ഞില്ല….

പല രാത്രികളിലും അവന്റ സാമീപ്യം അവൾ ആഗ്രഹിച്ചിരുന്നെങ്കിലും അവനെപ്പോലെ തന്നെ അവന്റെ ജോലിയെയും അവൾ സ്നേഹിച്ചിരുന്നു…

ഒരു പ ട്ടാളക്കാരന്റെ പെണ്ണ് ഒരിക്കലും തളർന്ന് പോകരുത് എന്ന കാശിയുടെ വാക്കുകൾ മുന്നിൽ ഉള്ള എന്തും നേരിടാൻ ഉള്ള ഊർജ്ജമായിരുന്നു അവൾക്ക്..

ഡെലിവറി സമയത്ത് അവൻ അടുത്ത് വേണം എന്ന് ആഗ്രഹിച്ചെങ്കിലും ലീവ് കിട്ടിയില്ല…

കാശി തന്റെ പൊന്ന് മക്കളെ ആദ്യം കണ്ടത് അവരുടെ പേരിടൽ ചടങ്ങിന് ആണ്…

ലക്ഷ് കാശിനാഥെന്നും ലക്ഷ്യ കാശിനാഥെന്നും അവർക്ക് പേരിടുമ്പോൾ അത് കണ്ട് അമ്മുവിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു….

അച്ഛന്റെയും അമ്മയുടെയും കണ്ണനും കിങ്ങിണിയും….

“”ഉടനെ അവിടെ നിന്ന് മറ്റെവിടെേയ്ക്കെങ്കിലും ട്രാൻസ്ഫർ കിട്ടുവോ കിച്ചേട്ടാ????””

രാത്രി മക്കളെ കളിപ്പിക്കുമ്പോൾ ആരുന്നു അമ്മുവിന്റെ ചോദ്യം…

“”എല്ലാം അറിയാവുന്ന നീ തന്നെ ഇങ്ങനെ ചോദിക്കല്ലേ പെണ്ണേ… നിന്നോട് ഞാൻ പറഞ്ഞത് അല്ലേ… ഇനി രണ്ട് വർഷം അവിടെ ആണെന്ന്…

ലീവ് ഇനി കുറച്ചു ദിവസം കൂടിയഒ ഉള്ളു… ഇവരെ ഒന്ന് കണ്ടു കൊതി തീർന്നില്ല…””

മക്കളെ നോക്കി അവൻ പറഞ്ഞതും തിരിച്ചു ഒന്നും പറയാനാകാതെ അവൾ തല കുനിച്ചിരുന്നു…

അറിയാം… ഇതെല്ലാം ഈ ജീവിതത്തിലുള്ളതാണെന്ന്… എല്ലാം അറിഞ്ഞിട്ട് തന്നെയാണ് ആ താലിയുടെ മുൻപിൽ തല കുനിച്ചത്… പക്ഷേ ജീവിതത്തിലെ ഓരോ സന്ദർഭം വരുമ്പോഴും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു നൊമ്പരമാണ് ഉള്ളിന്റെയുള്ളിൽ….

ആ തവണ ലീവ് തീർന്ന് മടങ്ങി പോകുമ്പോൾ പതിവ് പുഞ്ചിരി അവന് നൽകാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല…

മക്കൾക്ക് എത്ര ഉമ്മ കൊടുത്തിട്ടും മതിയാകാതെ വീണ്ടും വീണ്ടും ചുംബനങ്ങൾ കൊണ്ട് മൂടുമ്പോൾ അത് കണ്ട് കരച്ചിലടക്കാൻ അമ്മുവിന് കഴിഞ്ഞില്ല… അവന്റെ നെഞ്ചിൽ വീണ് തന്റെ സങ്കടങ്ങൾ കരഞ്ഞ് തീർക്കുമ്പോൾ രണ്ട് പേരും വല്ലാത്ത ഒരു അവസ്ഥയിൽ ആരുന്നു…

തിരിഞ്ഞ് നോക്കാതെ കാശി ഇറങ്ങി പോയതും അവനെ യാത്രയാക്കാൻ രണ്ട് മക്കളെയും കൊണ്ട് മുറ്റം വരെ അവളും ഇറങ്ങി വന്നു…

ദിവസങ്ങളും മാസങ്ങളും ആർക്കുവേണ്ടിയും കാത്ത് നിൽക്കാതെ കടന്ന് പോയി. കണ്ണന്റെയും കുഞ്ഞാറ്റയുടെയും വളർച്ചയുടെ ഓരോ ഘട്ടവും വീഡിയോയിലാക്കി അവന് അയച്ചു കൊടുക്കുമ്പോൾ അത് ഒന്ന് ലോഡ് ആകാൻ അവൻ അവിടെ കാത്തിരുന്നു…

വീഡിയോ കാൾ ചെയ്യുമെങ്കിലും പലപ്പോഴും നെറ്റ്‌വർക്ക് കിട്ടാറില്ല…

ഒരു ദിവസം കാശിയെ വിളിച്ചിട്ട് കാൾ കണക്ട് ആയില്ല.. വീണ്ടും വീണ്ടും വിളിച്ചപ്പോഴും സ്വിച്ച് ഓഫ് എന്നാരുന്നു മറുപടി…

ആദ്യം ജോലിയുടെ തിരക്ക് ആണെന്ന് വിചാരിച്ചു എങ്കിലും രണ്ട് ദിവസവും ഫോൺ ഓഫ് എന്ന് തന്നെ പറഞ്ഞപ്പോൾ അവൾക്ക് എന്തോ പേടി പോലെ തോന്നി…

അച്ഛനും ചേട്ടനുമെല്ലാം തന്നിൽ നിന്ന് എന്തോ മറക്കാൻ ശ്രമിയ്ക്കുന്നതുപോലെ തോന്നിയെങ്കിലും അതെല്ലാം തന്റെ തോന്നലാണെന്ന് വിചാരിച്ചവൾ ചോദിക്കാനും മിനക്കെട്ടില്ല…

പിറ്റേ ദിവസം പതിവില്ലാതെ മുറ്റം മുഴുവൻ ആളുകളെ കൊണ്ട് നിറഞ്ഞതും അവൾക്ക് കിച്ചുവിന് എന്തോ അപകടം നടന്നെന്ന് തോന്നിത്തുടങ്ങി….

“”ആരെങ്കിലും ഒന്ന് പറയുവോ..??? ഇവിടെ എന്താ നടക്കുന്നത് എന്ന്???? കുറേ ആയി ഞാൻ ചോദിക്കുന്നു…””

ദേഷ്യം സഹിക്കാതെ അവസാനം അമ്മു പൊട്ടി തെറിച്ചു…

“”മോളെ… അത്….””

“”ഒന്ന് പറ അമ്മേ… എന്താ ഇവിടെ..??? എന്റെ ഏട്ടൻ. എന്റെ കിച്ചേട്ടൻ?????””

“”നിന്റെ കിച്ചു… കാശി ഇനി ഇല്ല മോളെ… ക ശ് മീരിൽ വെച്ചുള്ള ഒരു ഏറ്റു മുട്ടലിൽ…”” ബാക്കി പറയാൻ ആകാതെ അമ്മ വിതുമ്പിയപ്പോൾ അമ്മു കേട്ടതൊന്നും വിശ്വസിക്കാനാകാതെ തറഞ്ഞ് നിന്നുപോയീ..

ആംബുലൻസിന്റെ ശബ്ദം അടുത്ത് വരുന്നതും, എല്ലാവരും അവന് വേണ്ടി ജയ് ഹിന്ദ് പറയുന്നതും എല്ലാം ഒരു സ്വപ്നത്തിൽ എന്ന പോലെ തോന്നി അവൾക്ക്…

അവസാനം ആരൊക്കെയോ താങ്ങി പുറത്തേക്ക് കൊണ്ട് വന്നതും കണ്ടു… ത്രിവർണപതാകയിൽ പൊതിഞ്ഞ തന്റെ പ്രാണനെ…

എത്ര നേരം നിർവികാരയായി അവനെ നോക്കി നിന്നു എന്ന് അവൾക്ക് തന്നെ അറിയില്ല… ഒടുവിൽ എടുക്കാറായി എന്ന് പറഞ്ഞപ്പോൾ മാത്രം അവൾ തന്റെ മനസ്സിൽ ഉള്ളത് പറഞ്ഞു..

“”കൊണ്ട് പോകുന്നതിനു മുൻപ്‌ എന്റെ മക്കളെ ഒന്ന് കാണിക്ക്… ആ നെഞ്ചിൽ അവരെ ഒന്ന് ഇരുത്തുവോ… എടുത്തു കൊതി തീർന്നില്ല എന്റെ ഏട്ടന്… അവസാനം ആയി ആ നെഞ്ചിലെ ചൂട് എന്റെ മക്കൾ ഒന്ന് അറിഞ്ഞോട്ടെ….””

അവന്റെ മുഖം മുഴുവൻ ഉമ്മകൾ കൊടുത്തു അടുത്ത് നിൽക്കുന്ന ആളുകളോട് അമ്മു പറഞ്ഞതും അവർ അത് നിഷേധിച്ചില്ല…

ആരൊക്കെയോ ചേർന്നു മക്കളെ എടുത്തു കൊണ്ട് വന്നതും അമ്മു തന്നെ അവരെ അവന്റെ നെഞ്ചിലേക്ക് ഇരുത്തി… കണ്ട് നിൽക്കുന്നവർക്ക് പോലും ആ കാഴ്ച സഹിക്കാൻ പറ്റുന്നതിനും അപ്പുറം ആരുന്നു…

അവസാനമായി അവന് ഒരു ചുംബനം കൂടി നൽകി അകന്നു മാറുമ്പോൾ അവൾ അറിഞ്ഞു… ഇനി ഈ ലോകത്ത് താൻ തനിച്ചു ആണെന്ന്… സംരക്ഷിച്ച കൈകൾ ഇനിയില്ലെന്ന്…. സീമന്തരേഖയിലെ സിന്ദൂരം തനിയ്ക്കിനി അന്യമാണെന്ന്….

കാശിയ്ക്ക് വേണ്ടിയൊരുക്കിയ ചിതയിലേക്ക് പ ട്ടാളക്കാർ അവനെ എടുത്തു കൊണ്ട് പോയപ്പോൾ അവൾ കരഞ്ഞു… കരഞ്ഞു കരഞ്ഞു ബോധം പോയതും ആരൊക്കെയോ ചേർന്ന് അമ്മുവിനെ താങ്ങി അകത്തേക്ക് കൊണ്ട് കിടത്തി…

എട്ടു മാസം ആയ മോൻ കിച്ചേട്ടന്റെ ചിതക്ക് തീ വെക്കുന്നത് ഒന്നും അവൾ അറിഞ്ഞില്ല… അവന്റെ ഓർമ്മകളിൽ ആരുന്നു അവൾ…

പിന്നീടുള്ള ഓരോ ദിവസവും അമ്മു നോർമൽ ആണോ എന്ന് പോലും മറ്റുള്ളവർക്ക് സംശയം തോന്നിത്തുടങ്ങി.. മക്കൾക്ക് പാല് കൊടുക്കാൻ മാത്രമാണ് അവൾ കട്ടിലിൽ നിന്ന് എണീറ്റത്…

ഒരു ദിവസം കാശിയുടെ കൂടേ വർക്ക്‌ ചെയ്ത ഓഫീസറും ഭാര്യയും അവളെ കാണാൻ വന്നതും ദിവസങ്ങൾക്ക് ശേഷം അമ്മു മുറി വിട്ടു പുറത്തേക്ക് ഇറങ്ങി..

ഡെറാഡൂണിൽ കാശിയുടെ സീനിയർ ഓഫീസർ ആയിരുന്നു അദ്ദേഹം പോരാത്തതിന് മലയാളിയും…..

“”കാശി രാജ്യത്തിന് വേണ്ടി ആണ് അവന്റെ ജീവൻ കളഞ്ഞത്.. എനിയ്ക്കറിയാം മോളവനെ എത്രമാത്രം സ്നേഹിച്ചിരുന്നെന്ന്.. പക്ഷേ സത്യം നമ്മൾ അംഗീകരിക്കണം…

അംഗീകരിച്ചേ പറ്റൂ…. മോളേ നീയിങ്ങനെ റൂമിനുള്ളിൽ ഇരുന്നാൽ മക്കളുടെ കാര്യമോ??? അവന്റെ ആത്മാവിനെങ്കിലും സമാധാനം കിട്ടുവോ??

കാശിയുടെ ചുണക്കുട്ടിയല്ലേ നീ… ഇങ്ങനെ അകത്ത് കയറി ഇരിയ്ക്കാതെ ഒന്ന് ആക്റ്റീവ് ആകാൻ ശ്രമിക്കണം മോള്… അറിയാം നഷ്ടം ആത്മികക്ക് മാത്രം ആണെന്ന്… അത് മറന്നിട്ടല്ല പറഞ്ഞതും…

പക്ഷേ ഇവിടെ മോൾ തോൽക്കരുത്… നീ തോറ്റാൽ തോൽക്കുന്നത് അവനാണ്… ഞങ്ങളുടെ കാശി…. മേ ജർ കാശിനാഥ്‌… നിന്റെ കിച്ചേട്ടന്‍…

അദ്ദേഹത്തിന്റെ വാക്കുകൾ തള്ളി കളയാൻ അവൾക്ക് ആയില്ല… അല്ലെങ്കിലും പലപ്പോഴും കാശിയും ആഗ്രഹിച്ചതും അത് തന്നെയല്ലേ…

“”ഇനി ഞാനില്ലെങ്കിലും നീ നമ്മുടെ മക്കളെ പൊന്നുപോലെ നോക്കണം. അവർക്ക് ഒന്നിനും ഒരു കുറവ് വരുത്തരുത്… നിന്റെ മനസ്സിലില്ലേ പെണ്ണേ ഞാൻ… അത് മതി…””

കാശി പലപ്പോഴും തന്നോട് പറഞ്ഞിട്ടുള്ള വാക്കുകൾ….

എന്ത്‌ ആവിശ്യത്തിനും ഒരു വിളിപ്പാടകലെ താനുണ്ടാവും എന്നൂടി പറഞ്ഞ് കാശിയുടെ സർ ഇറങ്ങിയപ്പോൾ അമ്മുവും മനസ്സിൽ പല തീരുമാനവും എടുത്തിരുന്നു…

ദിവസങ്ങൾ പോകവേ അമ്മു സാഹചര്യവുമായിട്ട് പൊരുത്തപ്പെട്ടെങ്കിലും കാശിയുടെ ഫോട്ടോ കാണുമ്പോൾ അറിയാതെ തന്നെ അവളുടെ കണ്ണുകൾ നിറയും…

ഓരോ തവണ ഫോട്ടോയിൽ നോക്കി മക്കളോട് അച്ഛൻ എന്ന് പറഞ്ഞ് കൊടുക്കുമ്പോൾ അത് കണ്ട് നിൽക്കുന്നവരുടെ മനസിന്‌ തന്നെ ഒരു വിങ്ങൽ ആണ്..

മക്കളുടെ ആദ്യത്തെ പിറന്നാളിന് കേക്ക് മുറിച്ചത് കാശിയുടെ കല്ലറക്ക് അടുത്തുവെച്ചാണ്….

മക്കൾക്ക് ഒരു വയസ് ആയതിൽ പിന്നെ അമ്മു കോളേജിൽ പോകാൻ തുടങ്ങി.. അവൾ കോളേജിൽ പോകുന്ന സമയം മക്കളെ കാശിയുടെ അച്ഛനും അമ്മയും നോക്കും…

“”മോളേ അമ്മൂ എത്ര നാൾ നീ ഇങ്ങനെ ഒരു ആണ്‍തുണയില്ലാതെ ജീവിക്കും??? എല്ലാം അറിയാവുന്ന ഒരാൾ വരുമ്പോൾ നിനക്ക് അയാളെ സ്വീകരിക്കാൻ ശ്രമിച്ചു കൂടേ???””

ഒരു ദിവസം മോന് പാല് കൊടുക്കുമ്പോഴാണ് കാശിയുടെ അമ്മ അത് ചോദിച്ചത്…

“”അച്ഛൻ മരിച്ചാൽ അമ്മയ്ക്ക് ഒരാളെ ആ സ്ഥാനത്തേക്ക് സ്വീകരിക്കാൻ പറ്റുമോ?? ഇല്ല.. അല്ലേ… അതുപോലെ തന്നെയാണമ്മേ എനിക്കും…

അഞ്ചു വർഷം മാത്രം ആണ് കൂടെ ജീവിച്ചത് എങ്കിലും ഒരു ആയുസ്സിനുള്ള ഓർമ്മകൾ ആ മനുഷ്യൻ എനിക്ക് തന്നിട്ടുണ്ട്… പിന്നെ ജീവിതത്തിൽ ഞാൻ ഒറ്റയ്ക്കല്ല എന്ന് ഓർമ്മപ്പെടുത്താൻ രണ്ട് മക്കളും… അത് മതിയമ്മേ ഇനിയങ്ങോട്ടെനിക്ക്…

ഞാൻ ജീവിക്കും… എന്റെ ഏട്ടന്റെ ഓർമ്മകളുള്ള ഈ വീട്ടിൽ തന്നെ… എന്റെ മക്കളുടെ അച്ഛൻ ആയി മേജർ കാശിനാഥ്‌ മാത്രം മതി… മറ്റൊരാൾ വേണ്ട…

ഇനി അമ്മ എന്നോട് ഈ കാര്യം പറയരുത്… ഞാൻ ഈ വീട്ടിൽ നിൽക്കുന്നത് അമ്മയ്ക്ക് ബുദ്ധിമുട്ടാണെങ്കിൽ പറഞ്ഞാൽ മതി.. വാടക വീട്ടിലേക്ക് മാറിക്കോളാം ഞാനും മക്കളും…””

“”നിന്റെ വീട്ടിൽ നിന്ന് നിന്നോട് ഇറങ്ങി പോകാൻ പറയാൻ ഞങ്ങൾക്ക് എന്ത്‌ അവകാശമാ അമ്മുമോളെ… എങ്കിലും ഈ ചെറുപ്രായത്തിൽ തന്നെ… കണ്ടിട്ട് ഞങ്ങൾക്ക് സഹിക്കുന്നില്ല….””

“”ഒന്നുല്ല അമ്മേ… രാജ്യത്തിന് വേണ്ടി ജീവൻ കൊടുത്ത ഒരു പ ട്ടാളക്കാരന്റെ ഭാര്യ ആണ് ഞാൻ… തളരാൻ പറ്റില്ല എനിക്ക്… ജീവിയ്ക്കണം… എന്റെ മക്കൾക്ക് വേണ്ടി… എന്റെ ഏട്ടന് വേണ്ടി… മറ്റൊരാൾ ഇനി എന്റെ ജീവിതത്തിലേക്ക് വരില്ല അതുറപ്പാണ്…

ഭർത്താവിന്റെ മരണശേഷം താലി ഇടരുത് എന്ന് പറയുമെങ്കിലും ആരും അറിയാതെ സാരിയുടെ ഉള്ളിൽ ഞാൻ കൊണ്ട് നടക്കുന്ന ഈ താലി എനിക്ക് ധൈര്യം ആണ്… അച്ഛന്റെ കുറവ് അറിയിക്കാതെ തന്നെ എന്റെ മക്കളെ ഞാൻ വളർത്തും അമ്മേ… അത് എന്റെ ഏട്ടന്റെ ആഗ്രഹംപോലെ തന്നെ..

വർഷങ്ങൾക്ക് ശേഷം ഐഎംഎ യിൽ നിൽക്കുമ്പോൾ അമ്മുവിന്റെ മനസ് മുഴുവൻ അവളുടെ കിച്ചേട്ടൻ ആരുന്നു…

കാശിയുടെ കൈ പിടിച്ച് ആദ്യം ആയിട്ട് അവിടെ വന്നതും, ഒഴിവുള്ള എല്ലാ ഞായറാഴ്ച്ചയും അവർ കറങ്ങാൻ പോയതും, ഭാവിയെ കുറിച്ചുള്ള സ്വപ്‌നങ്ങൾ തമ്മിൽ പങ്ക് വെച്ചതും എല്ലാം….

മറ്റുള്ളവർ എന്ത്‌ പറയും എന്ന് ചിന്തിയ്ക്കാതെ.. അമ്മു തന്റെ മക്കളെ വളർത്തി… അച്ഛന്റെയും അമ്മയുടെയും സ്നേഹം അവർക്ക് ഒരുമിച്ച് പകര്‍ന്ന് കൊടുത്തുകൊണ്ട് തന്നെ… ഒന്നിനും ഒരു കുറവ് വരുത്തിയില്ല…

അവളുടെ ഓരോ ദിനവും തുടങ്ങുന്നത് കാശിയുടെ ഫോട്ടോയിൽ നോക്കിയായിരുന്നു…അദ്ധ്യാപിക, അമ്മ എന്നീ രണ്ട് റോളും നല്ല ഭംഗി ആയി ചെയ്തു..

ഇന്ന് തന്റെ മക്കൾ അവരുടെ അച്ഛൻ ആഗ്രഹിച്ചത് പോലെ തന്നെ നല്ല ജോലി നേടി…

മേജർ ലക്ഷ് കാശിനാഥ്‌… ഡോക്ടർ ലക്ഷ്യ കാശിനാഥ്‌…

രണ്ട് പേരും അച്ഛനെ പോലെ തന്നെ ഇന്ത്യൻ ആർമിയിൽ ജോലി ചെയ്യുമ്പോൾ അവളുടെ മനസ് നിറഞ്ഞു…

എന്തിനും തന്റെ പ്രാണനിൽ അലിഞ്ഞവൻ എന്തിനും കൂടേ ഉണ്ടാരുന്നു എന്ന വിശ്വാസം കൊണ്ട് മാത്രം ജീവിച്ചവൾ… മറ്റുള്ളവരുടെ മുന്നിൽ അയൺ ലേഡി ആയിരുന്നു എങ്കിലും ഓരോ രാത്രിയും കാശിയുടെ ഫോട്ടോയുടെ മുന്നിൽ തന്റെ വിഷമങ്ങൾ കരഞ്ഞ് തീർത്തതിന്റെ ഫലം…

മക്കളുടെ കൈ പിടിച്ച് അവിടെയെല്ലാം നടക്കുമ്പോൾ അമ്മുവിന്റെ മനസ് വർഷങ്ങൾ പിന്നിലേക്ക് പോയിരുന്നു… തന്റെ പ്രിയപ്പെട്ടവനൊപ്പം ആ മധുരസ്മരണകളിലേയ്ക്ക്….

ഒടുവിൽ തനിക്ക് ഏറെ പ്രിയപ്പെട്ട സ്ഥലത്തുവെച്ച് തന്നെ ഹാര്‍ട്ടറ്റായ്ക്കിന്റെ രൂപത്തിൽ അവളുടെ ജീവൻ ശരീരമുപേക്ഷിച്ച് പോകുമ്പോൾ അങ്ങ് അകലെ അവളെയും കാത്ത് അവനുണ്ടായിരുന്നു…. അവളുടെ കിച്ചേട്ടന്‍…

കാശിയുടെ കല്ലറയുടെയടുത്ത് തന്നെ ചിതയൊരുക്കി അമ്മുവിനെയും അടക്കിയപ്പോള്‍ കണ്ട് നിന്നവർ അറിയാതെ തന്നെ പറഞ്ഞുപോയീ… “”പ ട്ടാളക്കാരന്റെ പെണ്ണ്…””

Leave a Reply

Your email address will not be published. Required fields are marked *