(രചന: വരുണിക)
“”വിശേഷമൊന്നും ആയില്ലേ?? കല്യാണം കഴിഞ്ഞിട്ട് വർഷം രണ്ട് ആയെല്ലോ…. ഇന്നത്തെ പിള്ളേരോട് ഇതൊക്കെ എന്ത് പറയാൻ. എന്തെങ്കിലും പറഞ്ഞാൽ ഉടനെ വരും ഉത്തരം.
ഞങ്ങളുടെ ജീവിതമല്ലേ. ജീവിക്കാൻ ഞങ്ങൾക്ക് അറിയാമെന്നു. പിന്നെ കുറച്ചു നാൾ കഴിയുമ്പോൾ മക്കൾ ഇല്ലെന്ന് പറഞ്ഞു കരഞ്ഞു നടക്കും.
ഇത് തന്നെ ഇപ്പോൾ നടക്കുന്നതെല്ലാം. ഇനി ഇതിന്റെ പേരിൽ എന്നോട് ദേഷ്യമൊന്നും വേണ്ട.
ഞാൻ ഈ നാട്ടിൽ നടന്നു വരുന്ന കാര്യം പറഞ്ഞെന്ന് മാത്രം. നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ സ്വീകരിക്കാം അല്ലെങ്കിൽ വെറുതെ വിടാം. രണ്ടായാലും നിങ്ങളുടെ ഇഷ്ടം.
എങ്കിലും എപ്പോഴും ജോലി ജോലി എന്നൊരു കാര്യം മാത്രമല്ലാതെ സ്വന്തം ജീവിതത്തെ കുറിച്ച് ഒന്ന് ഓർക്കുന്നത് നല്ലതാണ്. ഒരു കുഞ്ഞുണ്ടെങ്കിൽ വീടിനു തന്നെ ഐശ്വര്യമാണ്…””
ഓഫീസിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ തന്നെ വീണയോട് അമ്മായിഅമ്മ സുമ ഇത് പറഞ്ഞതും അവൾക്ക് എന്തെന്നില്ലാത്ത സങ്കടവും ദേഷ്യവും വന്നു.
“”എല്ലാ ദിവസവും ഏത് നേരവും അമ്മയ്ക്ക് ഇത് മാത്രമേ പറയാൻ ഉള്ളോ?? ഒരു കുഞ്ഞു എപ്പോൾ വേണമെന്നുള്ളത് ഞങ്ങളുടെ തീരുമാനമല്ലേ.
അതിന് വേറെയാരും ഒന്നും പറയേണ്ട. ഒരു രണ്ട് മാസത്തിനുള്ളിൽ എനിക്ക് ഓഫീസിൽ പ്രൊമോഷൻ കിട്ടും.
അത് വരെ തത്കാലം കുഞ്ഞെന്ന കാര്യം ഞങ്ങൾ ആലോചിക്കുന്നില്ല. പിന്നെ വീട്ടിൽ അനക്കം വേണമെന്നുണ്ടെങ്കിൽ ഞങ്ങൾ ഇറങ്ങി കഴിഞ്ഞു അമ്മ ടീവി വെച്ചാൽ മതി. നല്ല അനക്കം വരും.
ഇനിയും ഇനിയും ഈ കാര്യം പറഞ്ഞു എന്നെ ഇറിറ്റേറ്റ് ചെയ്യരുത് അമ്മേ.. എനിക്ക് വെറുതെ ഒരു വഴക്കിനു വയ്യ. എല്ലാത്തിനും അതിന്റെ സമയമുണ്ട്..””
ഇത്ര മാത്രം പറഞ്ഞു ബാഗും എടുത്തു ഇറങ്ങുമ്പോൾ വീണ വെറുതെ ഒന്ന് ദീപുവിനെ നോക്കി…
നിറഞ്ഞിരിക്കുന്ന അവന്റെ കണ്ണുകൾ കണ്ടപ്പോൾ അവളുടെ കണ്ണുകളും നിറഞ്ഞെങ്കിലും അത് മറയ്ക്കാണെന്ന പോലെ വീണ പെട്ടെന്ന് പുറത്തേക്ക് പോയി.
ഓഫീസിലേക്കുള്ള യാത്രയിൽ ബസിൽ ഇരിക്കുമ്പോൾ അവൾ ഓർക്കുകയാരുന്നു അവരുടെ കഴിഞ്ഞു പോയ കാലം…
കോളേജിൽ പഠിക്കുമ്പോഴാണ് ആദ്യമായി ദീപുവിനെ കാണുന്നത്. ഒരേ ഡിപ്പാർട്മെന്റ് ആയിരുന്നെങ്കിലും തന്റെ സീനിയർ ആരുന്നു അവൻ. റാ ഗിംഗിൽ തുടങ്ങിയ ബന്ധം പിന്നീട് സൗഹൃദമായി.
എന്തും പറയാൻ പറ്റിയ ആത്മാർത്ഥ സൗഹൃദം. ഒഴിവുള്ള സമയങ്ങളിൽ കാന്റീനിലും മരച്ചുവട്ടിലും മറ്റും അവർ ചിലവഴിച്ചു. സൗഹൃദം പിന്നീട് പ്രണയമാകാൻ അധികനാൾ വേണ്ടി വന്നില്ല.
ആദ്യം പേടിയാരുന്നു അവനോട് ഇഷ്ടമാണെന്ന് പറയാൻ.
ഒരു പെണ്ണ് ഇഷ്ടം പറയുമ്പോൾ അവൻ എന്ത് കരുതും, ഇനി തന്റെ ഫ്രണ്ട്ഷിപ് തന്നെ വേണ്ടെന്ന് പറയുമോ തുടങ്ങി ഒരായിരം ചിന്തകൾ. അത് കൊണ്ട് തന്നെ മൗനം പാലിച്ചു.
പക്ഷെ ഒട്ടും പ്രതീക്ഷിക്കാതെയാണ് ഒരു valentines ദിനത്തിൽ ദീപു തന്നെ പ്രൊപ്പോസ് ചെയ്തത്. no പറയാൻ തലച്ചോർ പറഞ്ഞെങ്കിലും അവന്റെ സ്നേഹം നിരസിക്കാൻ അവന് കഴിഞ്ഞില്ല.
അങ്ങനെ ആ ദിവസം മുതൽ കോളേജ് അവരുടെ പ്രണയത്തിനു സാക്ഷ്യം വഹിക്കാൻ തുടങ്ങുകയാരുന്നു.
പിന്നീട് അങ്ങോട്ട് ആർക്കും അസൂയ തോന്നുന്ന രീതിയിൽ പ്രണയിച്ചു. ഇടയ്ക്ക് തരുന്ന അവന്റെ ഓരോ ചുംബനവും ഏറ്റു വാങ്ങുമ്പോൾ അവൾ മനസാലെ അവന്റെ ഭാര്യ ആകാൻ തയാർ ആകുകയാരുന്നു.
ഡിഗ്രി കഴിഞ്ഞ ഉടനെ വീട്ടിൽ വിവാഹം ആലോചിക്കാൻ തുടങ്ങിയതും ഇനിയും പഠിക്കണമെന്ന വാശിയിൽ വീട്ടുകാർ തോറ്റു.
താൻ pg ചെയ്ത വർഷത്തിനുള്ളിൽ തന്നെ ദീപു നല്ലൊരു കമ്പനിയിൽ ജോലിക്ക് കയറി.
ഒരു ഞായറാഴ്ച അമ്പലത്തിൽ പോയിട്ട് വന്ന താൻ കാണുന്നത് പെണ്ണ് ചോദിക്കാൻ വേണ്ടി വീട്ടിൽ വന്നിരിക്കുന്ന ദീപുവിനെയും അവന്റെ അച്ഛനെയും അമ്മയേയുമാണ്.
എന്ത് പറയണമെന്നോ, എന്ത് ചെയ്യണമെന്നോ അറിയാത്ത അവസ്ഥ!!!
നല്ല ജോലി, നല്ല കുടുംബം, നല്ല ചെറുക്കൻ. അങ്ങനെ വീട്ടുകാരുടെ കൈയിൽ നിന്നും സമ്മതം കിട്ടിയതോടെ എല്ലാം ഒഫീഷ്യൽ ആയി. പിന്നീടുള്ള ഓരോ രാത്രിയും അവന്റെ ഫോൺ കാൾ.
ഉടനെ കല്യാണം വേണ്ടെന്ന് ദീപുവിന്റെ തീരുമാനമായിരുന്നു. അതിന് കാരണം ചോദിച്ചാൽ പറയും കല്യാണം കഴിഞ്ഞാൽ പിന്നെ പഠിക്കുന്നതെല്ലാം കണക്കായിരിക്കും. ആ കാര്യത്തിൽ എനിക്ക് നിന്നെ ഒട്ടും വിശ്വാസമില്ലെന്നു.
അവന്റെ ആഗ്രഹം പോലെ തന്നെ pg കഴിഞ്ഞ ശേഷം കല്യാണം നടത്തി. പിന്നീട് സന്തോഷത്തിന്റെ ദിവസങ്ങൾ.
ആ സന്തോഷത്തിന് ഇരട്ടി മധുരമെന്ന പോലെ ദീപുവിന്റെ ഓഫീസിന്റെ അടുത്ത് തന്നെ തനിക്കും ജോലി കിട്ടി. ഓരോ ദിവസവും തുടങ്ങുന്നതും തീരുന്നതുമെല്ലാം ഒരാളിൽ.
കല്യാണം കഴിഞ്ഞു വർഷം മൂന്നായെങ്കിലും ആ കാര്യത്തിൽ മാത്രം ഇന്നും മാറ്റമില്ല.
ദീപുവെന്ന വ്യക്തിയിലാണ് തന്റെ ജീവനും ജീവിതവുമെല്ലാം. അവന്റെ കണ്ണ് നിറഞ്ഞാൽ തനിക്ക് അത് സഹിക്കില്ല.
പിന്നെ അമ്മ രാവിലെ വഴക്ക് പറഞ്ഞത്. ജോലി കിട്ടി ലൈഫ് ഒന്ന് സ്റ്റബിൾ ആയപ്പോൾ മുതൽ വീട്ടിൽ പറയാൻ തുടങ്ങിയതാണ് ഒരു കുട്ടിയുടെ കാര്യം. ഒരു കുഞ്ഞിനെ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ദീപു തന്നെയാണ്.
പക്ഷെ ദൈവം ഒരു കുഞ്ഞിനെ തന്നു മാത്രം അനുഗ്രഹിച്ചില്ല. ഒരിക്കലും വേണ്ടെന്നു വെച്ചതല്ല.
പക്ഷെ അച്ഛനും അമ്മയും കരുതിയിരിക്കുന്നത് തന്റെ സ്വർത്ഥതയാണ് ഈ തീരുമാനമെന്നാണ്.
താനായി അത് മാറ്റാനും പോയില്ല. കാരണം മാറ്റി പറഞ്ഞാൽ പിന്നെ ബാക്കി സത്യങ്ങൾ പറയേണ്ടി വരും. അങ്ങനെയെങ്കിൽ ഡോക്ടർ പറഞ്ഞ കാര്യവും.
കല്യാണം കഴിഞ്ഞു രണ്ട് വർഷമായിട്ടും കുട്ടികൾ ആകാത്തത് കാരണം ഹോസ്പിറ്റലിൽ പോയപ്പോൾ ഡോക്ടർ ആദ്യം തന്നെ കുറെ ടെസ്റ്റുകൾ ചെയ്യാൻ പറഞ്ഞു.
എല്ലാ ടെസ്റ്റും കഴിഞ്ഞു റിസൾട്ടിനു വേണ്ടി ഡോക്ടറുടെ മുന്നിൽ ഇരിക്കുമ്പോൾ വല്ലാത്തൊരു പേടിയുണ്ടാരുന്നു തനിക്ക്.
അവിടെയും ധൈര്യം തന്നത് ദീപുവാണ്. പക്ഷെ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങുമ്പോൾ ദീപുവിന് താൻ ധൈര്യം കൊടുക്കേണ്ട അവസ്ഥയും.
ഹോസ്പിറ്റലിൽ ഡോക്ടർ പറഞ്ഞത് കുഴപ്പം ദീപുവിനാണ് എന്ന്. മരുന്ന് കഴിച്ചാൽ മാരുമെന്ന് പറഞ്ഞെങ്കിലും എന്തോ ചെക്കൻ ആകെ തകർന്നിരുന്നു.
പിന്നീട് കുറെ പറഞ്ഞാണ് ഒന്ന് ആൾ നോർമൽ ആയത്. എല്ലാം വീട്ടുകാരോട് പറയാൻ പോയ ദീപുവിനെ തടഞ്ഞതും താൻ തന്നെയാണ്. ആരുടെ മുന്നിലും സ്വന്തം ഭർത്താവ് ചെറുതാകരുതെന്ന സ്വർത്ഥത…
പിന്നീട് ഈ കഴിഞ്ഞ രണ്ട് വർഷവും താൻ എല്ലാവരുടെയും മുന്നിൽ മോശക്കാരിയായി. തന്നിഷ്ടക്കാരി.
അതിൽ ഒന്നും ഒരു വേദനയും തോന്നിയില്ല. കാരണം ചേർത്തു പിടിക്കാൻ തന്റെ പാതി ഉണ്ടെല്ലോ.
എന്നും ഒരുമിച്ചാണ് ഓഫീസിലേക്ക് പോകുന്നതെങ്കിലും ഇന്ന് എന്തോ മനസ് വന്നില്ല. അറിയാം അവൻ ഒരുപാട് വേദനക്കുനുണ്ടായിരിക്കും എന്ന്.
അറിയാതെ തന്നെ അവളുടെ കൈ വയറിലേക്ക് പോയി… രണ്ട് ദിവസമായി ഉള്ള സംശയമാണ്. ഇന്ന് ഒന്ന് ടെസ്റ്റ് ചെയ്തു കൺഫേം ചെയ്യാൻ വേണ്ടിയാണ് നേരുത്തേ ഇറങ്ങിയത് തന്നെ…
ടെസ്റ്റ് കഴിഞ്ഞു ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഏറെ ആഗ്രഹിച്ച കാര്യം… ഒരു കുഞ്ഞുവാവ.. ഇന്ന് തന്റെ വയറ്റിൽ…. സ്വന്തം ചോര…
തിരിച്ചു ബസിൽ പോകാതെ ഒരു cab വിളിച്ചു വീട്ടിലേക്ക് പോയപ്പോൾ തന്നെ അവൾ ഉള്ളിന്റെ ഉള്ളിൽ ഒരു അമ്മയായി മാറിയിരുന്നു… തന്റെ കുഞ്ഞിന് ഒരു ആപത്തും വരരുതെന്ന് ആഗ്രഹിക്കുന്ന അമ്മ….
പെട്ടെന്ന് വീട്ടിലേക്ക് വാ എന്ന് പറഞ്ഞു വീണ വിളിച്ചതും ദീപു ആകെ പേടിച്ചു.
ഓഫീസിൽ നിന്നു ഹാഫ് ഡേ ലീവ് പറഞ്ഞു വീട്ടിലേക്ക് പോയപ്പോൾ എത്ര സ്പീഡിൽ ഓടിച്ചിട്ടും വണ്ടിക്ക് സ്പീഡ് ഇല്ലെന്നു തോന്നി അവന്.
വീട്ടിൽ എത്തിയപ്പോൾ മുന്നിലെ വാതിൽ തുറന്നു കിടന്നെകിലും അകത്തു ആരെയും കണ്ടില്ല. റൂമിലേക്ക് ചെന്നപ്പോൾ കണ്ടത് കട്ടിലിൽ കണ്ണ് അടച്ചു കിടക്കുന്ന പെണ്ണിനെയാണ്.
“”എന്താ പറ്റിയെ??? നിനക്ക് സുഖമില്ലേ????””
അടുത്ത് വന്നിരുന്നു ആധിയോടെ ദീപു ചോദിച്ചതും വീണ അവന്റെ കൈ എടുത്തു തന്റെ വയറിലേക്ക് ചേർത്തു വെച്ചു..
ആദ്യം ഒന്നും മനസിലായില്ലെങ്കിലും പിന്നീട് രണ്ട് പേരുടെ കണ്ണുകളും ഒരുപോലെ നിറഞ്ഞൊഴുകി. മൂന്ന് കൊല്ലം കൊണ്ടുള്ള കാത്തിരുപ്പ്…
എല്ലാവരോടും പറഞ്ഞത് ദീപു തന്നെയാണ്. അത് വരെ അവർ അനുഭവിച്ചത് കൂടി അവൻ പറഞ്ഞപ്പോൾ ഒരേ സമയം സന്തോഷവും സങ്കടവും വന്ന അവസ്ഥ…
ഇനിയുള്ള അവരുടെ ജീവിതം സന്തോഷം മാത്രം ഉള്ളതാകട്ടെ….