സ്വന്തം ഭാര്യയെയും മകനെയും ഉപേക്ഷിച്ചു പോയ മനുഷ്യനാണ് .. തന്റെ മകൻ ഭക്ഷണം കഴിച്ചോ എന്ന് ഒരിക്കൽ പോലും തിരക്കാതിരുന്ന ആളെ കുറിച്ചാണ് താൻ കേൾക്കുന്നത് ..

സത്യം
(രചന: Bindu NP)

പുലർച്ചെ തറവാട്ടിലേക്ക് യാത്ര തിരിക്കുന്ന കാര്യം പറഞ്ഞപ്പോഴേ സ്മിത പലവട്ടം ചോദിച്ചതാണ് ..

“എന്തുപറ്റി നന്ദേട്ടാ …പെട്ടെന്നൊരു യാത്ര ?”എന്ന് . പക്ഷേ എന്തുകൊണ്ടോ അവളോട് ഒന്നും പറഞ്ഞില്ല ..

സത്യത്തിൽ ഇന്നലത്തെ ആ സംഭവമല്ലേ തന്നെ ഇങ്ങനെ ഒരു യാത്രയ്ക്ക് പ്രേരിപ്പിച്ചത് .?..
അതെ .. ഇന്നലെ ഒരു കാര്യത്തിന് വേണ്ടി
ബേങ്കിൽ ഒന്ന് പോയതായിരുന്നു . അവിടെ വെയിറ്റ് ചെയ്യുമ്പോഴാണ് അടുത്ത സീറ്റിൽ ഇരുന്നായാൾ ചോദിച്ചത് ..”കൃഷ്ണൻ മാഷുടെ മോനല്ലേ “? എന്ന് .. ഞാൻ അമ്പരപ്പോടെ തലയുയർത്തി നോക്കി .

താൻ ഒരിക്കലും ഇഷ്ടപെടാത്ത ഒരു മേൽവിലാസം ആയിരുന്നു അത് . ജന്മം നൽകിയത് കൊണ്ട് മാത്രം അച്ഛനാവില്ലല്ലോ .. ഒരിക്കലും ആഗ്രഹിച്ചിട്ടില്ല ആ മനുഷ്യന്റെ മകനാണെന്ന് അറിയപ്പെടാൻ . എന്നിട്ടും ആ മനുഷ്യൻ മരിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും …

തെല്ലുനേരത്തെ മൗനത്തിനു ശേഷം അയാളോട് ചോദിച്ചു “കൃഷ്ണൻ മാഷെ എങ്ങനെ അറിയാം ?”

“അദ്ദേഹം എന്റെ കാണപ്പെട്ട ദൈവമായിരുന്നു .. എന്റെ അച്ഛൻ നഷ്ടപ്പെട്ടപ്പോൾ പോലും ഞാൻ ഇത്രയേറെ സങ്കടപ്പെട്ടിട്ടില്ല സർ .. ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ വകയില്ലാതിരുന്ന എന്റെ വിശപ്പ് മാറ്റിയിരുന്നത് പലപ്പോഴും ആ മനുഷ്യനായിരുന്നു ..”

ആ മനുഷ്യൻ പറഞ്ഞ വാക്കുകൾ അത്ഭുതത്തോടെയാണ് കേട്ടത് .. സ്വന്തം ഭാര്യയെയും മകനെയും ഉപേക്ഷിച്ചു പോയ മനുഷ്യനാണ് .. തന്റെ മകൻ ഭക്ഷണം കഴിച്ചോ എന്ന് ഒരിക്കൽ പോലും തിരക്കാതിരുന്ന ആളെ കുറിച്ചാണ് താൻ കേൾക്കുന്നത് ..

ആ സംസാരം കേട്ടപ്പോഴാണ് പല തവണ അമ്മ തന്നോട് എന്തൊക്കെയോ പറയാൻ ശ്രമിച്ചിരുന്നല്ലോ എന്നോർത്തത് . പക്ഷേ അന്നൊന്നും താനത് കേൾക്കാൻ തയ്യാറായില്ല ..
ദേഷ്യമായിരുന്നു ആ മനുഷ്യനോട് ..

കുഞ്ഞായിരിക്കുമ്പോ തന്നെ അമ്മയെയും തന്നെയും ഉപേക്ഷിച്ചു കൊണ്ട് മറ്റൊരു സ്ത്രീയുടെ കൂടെ ജീവിക്കാൻ പോയ ആ മനുഷ്യനോട് എന്തുകൊണ്ടോ തീർത്താൽ തീരാത്ത പകയായിരുന്നു ..

ആ മനുഷ്യന്റെ വാക്കുകൾ കേട്ടപ്പോൾ എന്തുകൊണ്ടോ മനസ്സിലേക്ക് ഓടിയെത്തിയത് നാരായണേട്ടന്റെ വാക്കുകൾ ആയിരുന്നു . ഒപ്പം അവസാനമായി എനിക്ക് തരാൻ വേണ്ടി അമ്മ നാരായണേട്ടനെ ഏൽപ്പിച്ച അലമാരയുടെ ചാവിയും ..

ആ ചാവി നാരായണേട്ടനെ ഏൽപ്പിക്കുമ്പോൾ അമ്മ പറഞ്ഞത് ഇത്രമാത്രം .. “തിരക്കൊഴിയുമ്പോൾ എന്റെ മോനോട് ആ അലമാര ഒന്ന് തുറന്നു നോക്കാൻ പറയണം .. ”
ഓർമ്മകൾക്കിടയിലൂടെ സഞ്ചരിച്ചു വീടെത്തിയതറിഞ്ഞില്ല . കാറിന്റെ ശബ്ദം കേട്ടിട്ടാവണം നാരായണേട്ടൻ അങ്ങോട്ട് വന്നു ..

“ഓ ! കുഞ്ഞായിരുന്നോ .. വരുമെന്ന് പറഞ്ഞിരുന്നെങ്കിൽ മുറിയൊക്കെ ഒന്ന് തൂത്തു തുടച്ചിടുമായിരുന്നല്ലോ ..”

“സാരമില്ല നാരായണേട്ടാ ..”എന്ന് പറഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറി.. അപ്പോഴേക്കും നാരായണേട്ടൻ വന്ന് വീട് തുറന്നു . അമ്മ പോയതിനു ശേഷം നാരായണേട്ടാനാണ് കാര്യങ്ങളൊക്കെ നോക്കുന്നത് ..

ആൾ താമസമില്ലാത്ത വീടാണെന്ന് കണ്ടാൽ തോന്നില്ല . എല്ലാം നല്ല വൃത്തിയായി കിടക്കുന്നു ..
“ഞാൻ ഒന്ന് കുളിച്ചു വരാം നാരായണേട്ടാ ..”
എന്ന് പറഞ്ഞുകൊണ്ട് തോർത്തുമായി പുഴയിലേക്ക് നടന്നു ..

നീന്തിക്കുളിച്ചു കരയിൽ കയറിയപ്പോ മനസ്സിനൊരു കുളിർമ്മ തോന്നി .. തിരിച്ച് വീട്ടിൽ എത്തുമ്പോഴേക്കും നാരായണേട്ടന്റെ മകൾ മുറിയൊക്കെ വൃത്തിയാക്കി . കിടക്ക വിരിയൊക്കെ മാറ്റി നല്ല വൃത്തിയാക്കി വെച്ചിട്ടുണ്ടായിരുന്നു ..
മുറിയിൽ അമ്മയുടെ മണം ..

നാരായണേട്ടൻ കൊണ്ടു വെച്ച ചക്കപ്പുഴുക്ക് മീൻ കറിയും കൂട്ടി കഴിക്കുമ്പോൾ മനസ്സിലേക്ക് പഴയ രുചികൾ ഓടിയെത്തി ..

നാരായണേട്ടൻ പോയതിനു ശേഷം അകത്തേക്ക് നടന്നു . ബാഗിൽ നിന്നും ചാവി കൈയ്യിലെടുത്തു .. അലമാര തുറക്കുമ്പോൾ കൈയ്യൊന്നു വിറച്ചുവോ ..?
അടുക്കി മടക്കി വെച്ചിരിക്കുന്ന തുണികൾ .. അത് വെറുതെ തലോടി . ഉള്ളിലെ കള്ളി തുറന്നപ്പോൾ അതിൽ ഒരു ഡയറി കിടക്കുന്നു .. പതിയെ കൈയ്യിലെടുത്തു .

അടുത്തുള്ള ചാരു കസേരയിൽ ഇരുന്ന് അതിന്റെ താളുകൾ മെല്ലെ തുറന്നപ്പോൾ അതിൽ നിന്നും താഴേക്ക് വീണ ഫോട്ടോ കൈയ്യിലെടുത്തു .. താൻ കുഞ്ഞായിരിക്കുമ്പോൾ ഉള്ള ഫോട്ടോ .. കൂടെ അച്ഛനും അമ്മയും . ആ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ നിറം മങ്ങി മാഞ്ഞു തുടങ്ങിയിരിക്കുന്നു .

പിന്നീട് ഡയറിയിൽ കുറിച്ചിട്ടിരിക്കുന്ന അക്ഷരങ്ങളിലേക്ക് കണ്ണുകൾ ഉടക്കി …

എന്റെ മോൻ എന്നെങ്കിലും ഇത് വായിക്കുമെന്ന പ്രതീക്ഷ അമ്മയ്ക്കുണ്ട് .. എന്ന തലക്കെട്ടോടെ എഴുതി തുടങ്ങിയ വാക്കുകളിലൂടെ താൻ അറിയാതെ പോയ കാര്യങ്ങൾ നന്ദൻ അറിയുകയായിരുന്നു ..

“മോൻ ഓർക്കുന്നുവോ .. നമ്മൾ സന്തോഷത്തോടെ കഴിഞ്ഞിരുന്ന കാലം . അന്നൊക്കെ അച്ഛന് മോനെ ജീവനായിരുന്നു .. എന്നെയും .

ആയിടയ്ക്കാണ് അച്ഛന്റെ അമ്മാവന്റെ മകൾ ശ്രീദേവി ഭർത്താവ് മരണപ്പെട്ടപ്പോൾ മകനെയും കൂട്ടി തറവാട്ടിലേക്ക് വന്നത് .. അച്ഛന്റെ കളിക്കൂട്ടുകാരിയായിരുന്നു അവൾ .
അച്ഛനെ കൊണ്ട് അവളെ കല്യാണം കഴിപ്പിക്കാൻ അമ്മാവൻ ഏറെ ആഗ്രഹിച്ചിരുന്നുവത്രെ .

പക്ഷേ ശ്രീദേവി കൂടെ പഠിക്കുന്ന ഒരാളുമായി ഇഷ്ടത്തിലായി . ഒടുവിൽ വീട്ടുകാർ ആ വിവാഹത്തിന് സമ്മതം മൂളുകയായിരുന്നുവത്രെ .ഭർത്താവ് മരിച്ച് മകനോടൊപ്പം തറവാട്ടിൽ വന്ന ശ്രീദേവിയെ കാണാൻ അച്ഛൻ അവിടെ പോകുന്നുണ്ടെന്ന വിവരം അറിഞ്ഞതോടെയാണ് ഞങ്ങൾക്കിടയിൽ അസ്വാരസ്യങ്ങൾ തല പൊക്കിത്തുടങ്ങിയത് .

അങ്ങനെ ഇരിക്കെയാണ് ഒരിക്കൽ എനിക്ക് കടുത്ത തലവേദനയും പനിയും വന്നത് .. നെറ്റിയിൽ തൊട്ടു നോക്കി ..”സാരമില്ല .. ഇതൊരു ചുക്കുകാപ്പി കുടിച്ചാൽ തീരാവുന്നതേയുള്ളൂ എന്ന് പറഞ്ഞ് ചുക്ക് കാപ്പി ഉണ്ടാക്കിത്തന്ന് സ്കൂളിലേക്ക് പോകുമ്പോൾ അച്ഛൻ പറയുന്നുണ്ടായിരുന്നു “ലീവ് ഇല്ല .. അല്ലെങ്കിൽ ഞാൻ ലീവ് എടുത്തേനേ “എന്ന് .

പക്ഷേ എനിക്ക് വേണ്ടി ലീവ് എടുക്കാൻ വയ്യാത്തയാൾ ശ്രീദേവിയുടെയും മോന്റെയും കൂടെ ഹോസ്പിറ്റലിൽ പോയി എന്നറിഞ്ഞപ്പോൾ നിയന്ത്രിക്കാൻ കഴിഞ്ഞില്ല ..
അന്ന് രാത്രി ഉണ്ടായ വഴക്കിനിടയിൽ രോഷത്തോടെ ഞാൻ പറഞ്ഞു “ആ കുട്ടി നിങ്ങളിടെതാണോ എന്ന് ആർക്കറിയാം “… എന്ന് ..

ആ വാക്ക് .. അതായിരുന്നു എന്നെയും നിന്റെ അച്ഛനെയും തമ്മിൽ അകറ്റിയത് .. അന്ന് പടിയിറങ്ങിപ്പോയ ആ മനുഷ്യൻ പിന്നെ തിരിച്ച് വന്നില്ല . പിന്നീടറിഞ്ഞു തറവാട്ടിലാണ് താമസം എന്ന് ..

അപ്പോഴേക്കും വളർന്നുവരുന്ന മോന്റെ മനസ്സിൽ അച്ഛനോടുള്ള ദേഷ്യം കൂടിക്കൂടി വരുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു .

അങ്ങനെ ഇരിക്കെ അറിഞ്ഞു ശ്രീദേവിക്ക് കാൻസർ ആണെന്ന് .. അത്യാസന്ന നിലയിൽ കിടക്കുമ്പോൾ എന്നെ കാണണമെന്ന് പറഞ്ഞുവെന്ന് അറിഞ്ഞപ്പോൾ ഞാൻ അവിടെ പോയി . ആ മരണക്കിടക്കയിൽ വെച്ചാണ് അവളെന്നോട് സത്യങ്ങൾ പറഞ്ഞത് .

അന്ന് നിന്റെ അച്ഛൻ സ്കൂളിൽ ഉള്ള സമയത്താണ് അമ്മാവൻ അച്ഛനെ കാണാൻ ചെന്നത് . ബയോപ്‌സിയുടെ റിസൾട്ട്‌ വന്ന ശേഷം ഡോക്ടറെ കാണാൻ പോകേണ്ട ദിവസം ആയിരുന്നു അന്ന് . വിവരങ്ങൾ അറിഞ്ഞ ശേഷം ഏറെ തകർന്നുപോയ ആ മനുഷ്യന് സഹായം ചോദിക്കാൻ മാറ്റാരുമുണ്ടായിരുന്നില്ലല്ലോ .

അങ്ങനെയാണ് അവളുടെയും മകന്റെയും കൂടെ അച്ഛൻ ഹോസ്പിറ്റലിൽ പോയത് . അച്ഛന്റെയും ശ്രീദേവിയുടെയും മനസ്സിൽ ഒരിക്കലും അരുതാത്തതായി ഒന്നും ഉണ്ടായിരുന്നില്ല .

കുഞ്ഞു നാളിലെ കളിക്കൂട്ടുകാരിയെ രോഗിയായ അവസ്ഥയിൽ കയ്യൊഴിയാൻ അച്ഛൻ തയ്യാറായില്ല .ഒപ്പം ഭാര്യയെയും മകനെയും ജീവനുമായിരുന്നു . പക്ഷേ ആ ഒരു വാക്ക് ..”ആ കുട്ടി നിങ്ങളുടേത് തന്നെയാണോ എന്നാർക്കറിയാം…. “എന്ന ഒരു വാക്ക് പടുത്തുയർത്തിയ വിശ്വാസം മുഴുവൻ തകർത്തു കളഞ്ഞു ..

അന്ന് വീട് വീട്ടിറങ്ങി തറവാട്ടിൽ അമ്മാവന്റെ അടുത്ത് വന്നപ്പോൾ തിരിച്ചു പോകാൻ ശ്രീദേവിയും അമ്മാവനും ഏറെ നിർബന്ധിച്ചു . അപ്പൊ അച്ഛൻ പറഞ്ഞുവത്രെ ഞാൻ ഇവിടെ നിൽക്കുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടാണെങ്കിൽ ഞാനിവിടെ നിൽക്കുന്നില്ല .. മറ്റെവിടെക്കെങ്കിലും പൊയ്ക്കോള്ളാമെന്ന് . പിന്നെ ആരും എതിർക്കാൻ നിന്നില്ല ..

ഈ കാര്യങ്ങൾ ഒക്കെ കേട്ടപ്പോൾ ഞാൻ ആ മനുഷ്യന്റെ മുന്നിൽ പോയി പൊട്ടിക്കരഞ്ഞു കൊണ്ട് മാപ്പ് പറഞ്ഞു . പക്ഷേ നിന്റെ അച്ഛൻ എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല .. ആ വാക്കുകൾ അത്രയേറെ വേദനിപ്പിച്ചിരുന്നു ആ മനുഷ്യനെ ..
ശ്രീദേവി മരിച്ചതിന് ശേഷവും നിന്റെ അച്ഛൻ തറവാട്ടിൽ തന്നെയായിരുന്നു താമസം . ഒപ്പം അവളുടെ മകനും ..

സ്വന്തം മകന് തരാത്ത പരിഗണന ആ കുട്ടിക്ക് കൊടുക്കുന്നത് കണ്ടപ്പോൾ നിന്റെ പക ഇരട്ടിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു .. അന്ന് ശ്രീദേവിയുടെ അടുക്കൽ പോയി വന്നതിനു ശേഷം ഞാൻ പലവട്ടം നിന്റെ അച്ഛന്റെ നിരപരാധിത്തം നിന്നോട് പറയാൻ ശ്രമിച്ചതാണ് . പക്ഷേ ആ പേര് പറയുമ്പോഴേക്കും നീ ദേഷ്യത്തോടെ ഇറങ്ങിപ്പോകും ..

അന്നൊക്കെ നമ്മുടെ കാര്യങ്ങൾ നോക്കിയിരുന്നതും മാസാമാസം ചെലവിനുള്ള പണം കൊണ്ടുവന്ന് തന്നിരുന്നതും നിന്റെ അമ്മാവൻ(എന്റെ ഏട്ടൻ )ആയിരുന്നല്ലോ .. ആ പതിവ് നിനക്കൊരു ജോലി കിട്ടുന്നത് വരെ തുടർന്നിരുന്നു .
ഒടുവിൽ ഏട്ടൻ വയ്യാതെ കിടക്കുന്ന സമയത്ത് ഒരിക്കൽ ഞാൻ ഏട്ടനെ കാണാൻ പോയിരുന്നു .

അപ്പോഴാണ് മോനെ ആ സത്യം ഏട്ടൻ എന്നോട് പറഞ്ഞത് .. “നിനക്ക് ജോലി കിട്ടുന്നത് വരെ എല്ലാ മാസവും ഏട്ടൻ കൊണ്ടു വന്ന് തന്നിരുന്ന പണം നിന്റെ അച്ഛൻ കൊടുത്തു വിടാറുള്ളതായിരുന്നു പോലും .. അത് ഒരിക്കലും ഞാനോ നീയോ അറിയരുതെന്ന് ഏട്ടനോട് വിലക്കിയിരുന്നുവത്രെ .. “പക്ഷേ മരിക്കുന്നതിന് മുമ്പ് ആ സത്യം നീ അറിയണമെന്ന് തോന്നി ..

അവൻ വലിയവനാടീ ..” എന്ന് ഏട്ടൻ പറഞ്ഞപ്പോൾ ഭൂമി പിളർന്ന് താഴോട്ട് പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി ..
അന്ന് നിന്നോട് സംസാരിക്കാൻ ഞാൻ തീരുമാനിച്ചു .. വീട്ടിലെത്തിയപ്പോ നീ ജോലിയിൽ പ്രമോഷൻ കിട്ടിയതിന്റെ സന്തോഷത്തിൽ നിൽക്കുകയായിരുന്നു . ഞാൻ അച്ഛന്റെ പേര് പറഞ്ഞു തുടങ്ങുമ്പോ തന്നെ നീ അവിടെ നിന്നും ഇറങ്ങിപ്പോയി ..

പിന്നീട് നിന്റെ അച്ഛൻ മരിച്ചു എന്നറിഞ്ഞപ്പോൾ അവസാനമായി എനിക്കൊന്നു കാണണമെന്ന് തോന്നി .. അവിടെ പോയി ആ കാലിൽ വീണ് പൊട്ടിക്കരഞ്ഞപ്പോൾ .. മനസ്സ് കൊണ്ട് മാപ്പ് പറഞ്ഞപ്പോൾ മനസ്സിന് അല്പം സമാധാനം തോന്നി . അന്ന് ഞാൻ പോയി എന്നറിഞ്ഞപ്പോൾ നീ വല്ലാതെ ദേഷ്യപ്പെട്ടു ..

പലവട്ടം ഞാൻ കാര്യങ്ങൾ പറയാൻ ശ്രമിച്ചപ്പോഴും നീ അതൊന്ന് കേൾക്കാൻ തയ്യാറായില്ലല്ലോ മോനെ .എന്നെങ്കിലും മോൻ ഈ ഡയറി വായിക്കുമെന്ന വിശ്വാസത്തോടെ ..

നിന്റെ അമ്മ ..

ആ ഡയറി അടച്ചു വെക്കുമ്പോൾ താനെന്നോ അറിയാതെ വെറുത്തുപോയ അച്ഛന്റെ സ്നേഹമുള്ള മുഖം ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു നന്ദൻ ..

നാരായണേട്ടാനെയും കൂട്ടിക്കൊണ്ട് അച്ഛന്റെ കല്ലറയ്ക്ക് മുന്നിൽ തിരികൊളുത്തിക്കൊണ്ട് പ്രാർത്ഥനയോടെ നിൽക്കുമ്പോൾ മനസ്സ് കൊണ്ട് ഒരായിരം വട്ടം മാപ്പ് പറയുകയായിരുന്നു നന്ദൻ ..

നിറകണ്ണുകളോടെ അമ്മ ആ കാഴ്ച്ച കണ്ടു നിൽക്കുന്നത് പോലെ തോന്നി അയാൾക്ക് .
ഒരിളം കാറ്റ് അയാളെ തഴുകിക്കൊണ്ട് കടന്നുപോയി … ആ കാറ്റിനോടൊപ്പം നന്ദൂട്ടാ .. എന്നൊരു വിളി കേൾക്കുന്നുവോ ..?

Leave a Reply

Your email address will not be published. Required fields are marked *