രചന: Kannan Saju
എങ്ങനെ ആന്റി ??? ഒന്ന് അടുത്തറിയും മുൻപ് ബലമായി കീഴ്പ്പെടുത്തിയവനെ എങ്ങനെ എനിക്ക് സ്നേഹിക്കാൻ കഴിയും ????
നിരാശയോടെയുള്ള വിദ്യയുടെ ചോദ്യം കേട്ടു ഒന്നും പറയാനാവാതെ ശ്രീകല ഇരുന്നു…
അച്ഛനും അമ്മേം ഏട്ടന്മാരും പറയുന്നത് എനിക്ക് മനസ്സിലാവും.. അവര് കണ്ട ജീവിതം അതാണ്… താലി കെട്ടിയ പെണ്ണ് എന്നും ഭർത്താവിന്റെ അടിമയാണെന്നു ചിന്താഗതിക്കാർ ഇതല്ല ഇതിനപ്പുറം പറയും.. പക്ഷെ ആന്റി ഇങ്ങനെ…..
തന്റെ തിരക്ക് പിടിച്ച രാഷ്ട്രീയ ജീവിതത്തിനിടയിൽ കുറച്ചു സമയം തന്റെ ജ്യേഷ്ഠന്റെ മകൾക്കു വേണ്ടി മാറ്റി വെച്ചു വന്നതാണ് ശ്രീകല… വിദ്യയുടെ മുറിയുടെ നാലു ചുവരുകളും അവരും മാത്രം….
തന്റെ മുന്നിൽ ബെഡിൽ ഇരുന്നുകൊണ്ട് വിലപിക്കുന്ന അവളെ സമാധാനപ്പെടുത്താൻ ശ്രീകലക്കു വാക്കുകൾ കിട്ടാതെ വന്നു…
സ്വന്തമായി ജോലി വേണം വിദ്യാഭ്യാസം വേണം അധികാരം വേണം ഇതൊക്ക ആന്റി തന്നല്ലേ എന്നെ പഠിപ്പിച്ചേ ???? എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത് ആന്റിയല്ലേ ??? ഞാനീ കാക്കി യൂണിഫോം ഇടാൻ കാരണം ആന്റിയല്ലേ ????
നിറഞ്ഞ കണ്ണുകളോടെ അവളതു പറയുമ്പോൾ ശ്രീകലയുടെ ഉള്ളിൽ വല്ലാത്തൊരു നീറ്റൽ ഉണ്ടായി…. ” അതെ… അവളെ സ്വപ്നം കാണാൻ പഠിപ്പിച്ചത് താനാണ്…. . ആവശ്യമില്ലാതെ അവളുടെ ഉള്ളിൽ ചിന്തകൾ കുത്തി നിറച്ചത് താനാണ്… ആണിനെ പോലെ അവൻ അനുഭവിക്കുന്ന ഈ ലോകം പെണ്ണിനും സ്വന്തമാണെന്നു പഠിപ്പിച്ചതും താനാണ്…. പക്ഷെ ഇപ്പൊ… ആദ്യ രാത്രി തന്നെ റേപ്പ് ചെയ്ത ഭർത്താവിനെ രണ്ടു വർഷങ്ങൾക്കിപ്പുറവും അവൾക്കു സ്നേഹിക്കാൻ കഴിയാതെ വരുമ്പോൾ… താൻ വാക്കുകൾ കൊണ്ടു പോലും അവളെ ആശ്വസിപ്പിക്കാനാവാതെ കുഴയുന്നു…. ”
ശ്രീകല മനസ്സിൽ പറഞ്ഞു……
അവൾ കട്ടിലിൽ നിന്നും ഇറങ്ങി കസേരയിൽ ഇരിക്കുന്ന ശ്രീകലയുടെ മുന്നിൽ മുട്ട് കുത്തി ഇരുന്നു മുഖമുയർത്തി ശ്രീകലയെ നോക്കി
ആന്റി…. ജീവിതത്തിൽ എത്രയേറെ വെല്ലുവിളികൾ നേരിട്ടവൾ ആണ് ആന്റി ?? ഇന്ന് സംസ്ഥാനം കണ്ട മികച്ച വിദ്യാഭ്യാസ മന്ത്രിമാരിൽ ഒരാളായി നിക്കുന്ന നിങ്ങൾ എന്നോടയ്യാളെ സ്നേഹിക്കാൻ പറഞ്ഞാൽ എനിക്കെങ്ങനെ അംഗീകരിക്കാനാവും ആന്റി ???
ശ്രീകല അവളുടെ തലയിൽ തലോടി..
മോളേ, നീ പറഞ്ഞത് ശരിയാ…. ആന്റി അങ്ങനൊക്കെ ആണ്…. നിനക്ക് ഞാൻ ഒരു റോൾമോഡൽ ആയിരിക്കും… പക്ഷെ, എനിക്ക് പത്തുകൊല്ലം മുന്നേ കിട്ടിയ സീറ്റു അതിനും എത്രയോ നാളുകൾ മുന്നേ എനിക്ക് വെച്ചു നീട്ടിയതാണെന്നറിയുമോ ???
വിദ്യാ സംശയത്തോടെ അവളെ നോക്കി….
എല്ലാത്തിനും സപ്പോർട് ചെയ്തു കൂടെ നിക്കുന്ന അങ്കിളിനെ മാത്രമേ മോൾക്കറിയൂ… പക്ഷെ അതിനെല്ലാം മുന്നേ അയാൾക്ക് വേണ്ടതെല്ലാം സാധിച്ചു കൊടുക്കണം എന്ന് പിടിവാശിയുള്ള അങ്കിളിനെ മോൾക്കറിയില്ല… ആദ്യം ഇലക്ഷന് പരിഗണിക്കപ്പെടുന്ന സമയത്താണ് അയ്യാളുടെ അമ്മക്ക് കുഞ്ഞിക്കാല് കാണണം എന്ന ആഗ്രഹം വന്നത്.. ഏതു ??? അയ്യാളുടെ നാലു ചേട്ടന്മാരുടെ പത്തു മക്കളുടെ കുഞ്ഞിക്കാല് കണ്ടതും പോരാഞ്ഞു… കല്യാണത്തിനു മുന്നേ പ്രണയിക്കുമ്പോൾ എന്റെ എല്ലാ ആഗ്രഹത്തിനും ആയിരുന്നു അദ്ദേഹം മുൻഗണന തന്നിരുന്നത്.. എന്നാൽ താലി കഴുത്തിൽ കയറിയതോടെ ഞാൻ അടിമയായി.. ഇനിയെങ്ങും പോവില്ലെന്ന തോന്നൽ … അമ്മയുടെ ആഗ്രഹവുമായി അയ്യാൾ വന്നു.. ഞാൻ എതിർത്തു… സമ്മതിച്ചില്ലെങ്കിൽ വേറെ കെട്ടും എന്നയാൾ ഭീഷണി പെടുത്തി… അതോടെ എനിക്കു വഴങ്ങേണ്ടി വന്നു. ഞാനെന്ന പെണ്ണ് അത്രമേൽ അയ്യാളെ സ്നേഹിച്ചിരുന്നു… ആ സ്നേഹം അയ്യാൾ മുതലെടുത്തു…. അയാൾക്കും അമ്മയ്ക്കും വച്ചും വിളമ്പിയും അയ്യാളുടെ കുഞ്ഞുങ്ങളെ പ്രസവിച്ചും കുറെ കാലം കടന്നു പോയി… ഒടുവിൽ എനിക്ക് തന്നെ തോന്നി തുടങ്ങി ഞാൻ ഒരടിമയാണെന്നു…. വീണ്ടും രാഷ്ട്രീയത്തിലേക്കിറങ്ങി…. പുറമെ ഉള്ള മാനക്കേടോർത്തു ഇരുവരും തർക്കം മൂത്തപ്പോഴും പിരിഞ്ഞില്ല.. പക്ഷെ ഒരു വീട്ടിൽ രണ്ടു മുറികളിൽ പരസ്പരം അന്യരെ പോലെ….
വിദ്യക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല….
മോളേ ബന്ധത്തിൽ ഇടിവ് എങ്ങിനെ വന്നാലും അത് കൂടുതൽ ബാധിക്കുന്നതു പെണ്ണിനെ ആണ്… പരസ്പര ധാരണയോടെ ഡിവോഴ്സ് നടന്നാലും ആളുകൾ പറയും അവൾ എന്തോ ഒപ്പിച്ചിട്ടുണ്ട് ഇല്ലെങ്കിൽ അവൻ അവളെ ഒഴിവാക്കത്തില്ലെന്നു… അതാണ് നമ്മുടെ സമൂഹം… ഇപ്പൊ ഞാൻ തന്ന എന്റെ ജീവിതം പുറത്തു കാണിക്കാതെ അഭിനയിച്ചത് കൊണ്ടല്ലേ മറ്റെല്ലാരെക്കാളും മോള് എന്നെ കാര്യമായിട്ട് എടുത്തത് ?
അപ്പൊ ആന്റി പറയുന്നത് ഞാൻ അയാളോടൊപ്പം ശിഷ്ടകാലം ജീവിക്കണം എന്നാണോ ????
അവൾ ദയനീയമായി ശ്രീകലയുടെ കണ്ണുകളിലേക്കു നോക്കി….
മോളേ ഘോര ഘോരം സ്ത്രീകൾക്ക് വേണ്ടി അഹോരാത്രം പ്രസംഗിക്കുന്ന പെണ്ണുങ്ങളിൽ 90% പോലും ഇന്നും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഒരാണിന് അടിമ തന്നെ ആണ്… ബാക്കി പത്തു ശതമാനം മാത്രമേ പറയുന്ന വാക്കുകൾക്കു വില കൊടുത്തു ജീവിക്കുന്നുള്ളു… ഒരു IPS കാരിയായ നിന്നെ ആദ്യ രാത്രി അവൻ റേപ്പ് ചെയ്തെന്നു നീ പറയുമ്പോൾ ഒരു സാധാരണ പെണ്ണിന്റെ ജീവിതം ഇന്നാട്ടിൽ എങ്ങാനാവും എന്ന് നീ ഒന്ന് ഊഹിച്ചു നോക്കിയേ ???? താലി കഴുത്തിൽ കയറിയാൽ അവൾ തന്റെ അടിമ ആണ് ഭർത്താവിന്….. അതിപ്പോ മന്ത്രി ആയാലും പോലീസ് ആയാലും ആരായാലും…. അത് മാറണമെങ്കിൽ സമൂഹത്തിന്റെ ചിന്താഗതി മാറണം….
എനിക്ക് പറ്റില്ല ആന്റി.. എനിക്കയ്യാളെ കാണുമ്പോൾ പേടിയാണ്… അയ്യാളുടെ വായിൽ നിന്നും അന്ന് വന്ന സിഗററ്റിന്റെയും മദ്യത്തിന്റെയും ഗന്ധമാണ്…. അയ്യാളുടെ സ്പർശനം എനിക്ക് തീ കൊള്ളി കൊണ്ടു കുത്തുന്ന പോലാണ്…. എന്റെ മാറിൽ അയ്യാൾ അന്ന് കടിച്ചതിന്റെ വേദന ഇപ്പോഴും അനുഭവപ്പെടാറുണ്ട്…. ഒരു തവണ പോലും ആ പ്രവർത്തിയിൽ അയ്യാൾ ദുഖിക്കുന്നതായോ ചെയ്തത് തെറ്റാണെന്നു ചിന്തിക്കുകയോ ചെയ്തിട്ടില്ല… അങ്ങനൊരാളെ ഞാൻ….
നീ എന്തുകൊണ്ട് അന്ന് രാത്രി പ്രതികരിച്ചില്ല ???? എന്തുകൊണ്ട് നീ അവനെതിരെ കേസെടുത്തില്ല ????
വിദ്യാ ഞെട്ടി… അവൾ ശ്രീകലയുടെ മടിയിൽ നിന്നും കയ്യെടുത്തു…..
പറ മോളേ ????
അവൾ മിണ്ടിയില്ല….
നാണക്കേട്… അഭിമാനം…. വീട്ടുകാരെ ഓർത്തുള്ള പേടി…. നാട്ടുകാരെ ഫെയ്സ് ചെയ്യാനുള്ള പേടി… പൊലീസുകാരി ആദ്യ രാത്രി ഭർത്താവാൽ പീഡിപ്പിക്കപ്പെട്ടു എന്നുള്ള വാർത്തയോട് ലോകം എങ്ങനെ പ്രതികരിക്കും എന്ന പേടി…. ആയിരങ്ങൾ എന്റെ ഉപദേശം സ്വീകരിക്കുമ്പോഴും ഈ പേടി എന്നെ തന്നെ അലട്ടിയിരുന്നു വിദ്യ….. അതിനെ മറികടക്കാനുള്ള ധൈര്യം ഇല്ലാത്തിടത്തോളം നമ്മൾ പെണ്ണുങ്ങൾ ഇതൊക്ക അനുഭവിച്ചേ തീരു…
ആ ധൈര്യം ഞാൻ കാണിച്ചാൽ ആന്റി എന്റെ കൂടെ നിക്കുവോ ????
ശ്രീകല സംശയത്തോടെ അവളെ നോക്കി
നിക്കുവോ ??????
നിക്കും ….. .
എങ്കിൽ ഞാനതു ചെയ്തു കഴിഞ്ഞു… ഇനി ഒരാളും ഇതിനിടയിൽ സമാധാന ചർച്ചക്ക് വരരുത്… അതിനാണ് ഞാൻ ആന്റിയെ വിളിച്ചത്…
മനസിലായില്ല….
ഇപ്പൊ പോലീസ് അയ്യാളെ അറസ്റ്റ് ചെയ്തിട്ടുണ്ടാവും… ഞാനിങ്ങു പോരുന്നെന്റെ തലേന്ന് രാത്രി എന്റെ മുറിയിൽ ഞാൻ ക്യാമറ വെച്ചിരുന്നു… അയ്യാൾ എന്നെ ഉപദ്രവിക്കുന്നതടക്കം എല്ലാം അതിൽ ഉണ്ട്… തെളിവുകൾ സഹിതം ഞാൻ വക്കീലിനെ ഏൽപ്പിച്ചു… ഇനി വരുന്ന എന്തും നേരിടാൻ ഞാൻ തയ്യാറാണ്… പെണ്ണെന്നും ജീവിതമെന്നും പറഞ്ഞു എന്നെ തടയാൻ ആരും വരരുത്.. എന്റെ മനസ്സ് നിറയുന്നിടത്താണ് എനിക്ക് ജീവിതം വേണ്ടത്…. അല്ലാതെ മറ്റുള്ളവർ തീരുമാനിക്കുന്നിടത്തല്ല….
തന്റെ കണ്ണുകൾ തുടച്ചുകൊണ്ട് വിദ്യ മുറി തുറന്നു പുറത്തേക്കിറങ്ങി….
ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടപ്പെട്ടുപോയ പ്രതികരിക്കാൻ മടിച്ച നിമിഷങ്ങളെ ഓർത്തു ശ്രീകല നിറകണ്ണുകളോടെ ഇരുന്നു