(രചന: Sunaina Sunu)
കിട്ടിയ വസ്ത്രങ്ങൾ എല്ലാം ഒരു ബാഗിലാക്കി അടുക്കള വാതിൽ തുറന്നു ഇരുട്ടിന്റെ ഓരം പറ്റി കാത്തു നിന്ന രാജീവന്റെ കയ്യിൽ പിടിച്ചു നടക്കുമ്പോൾ അനിതയ്ക്ക് തെല്ലും കുറ്റബോധമോ പേടിയോ തോന്നിയില്ല.
മഴ പെയ്തു നനഞ്ഞു കിടക്കുന്ന വാഴത്തോപ്പിലൂടെ നടക്കുമ്പോൾ അവൾക്ക് നന്നേ കുളിരുന്നു ഉണ്ടായിരുന്നു. അതിനേക്കാൾ വരാൻപോകുന്ന നിമിഷങ്ങളെ ഓർത്ത് അവളുടെ മനസ്സു കുളിരുകോരി.
അല്പം അകലെയായി മതിലിനോട് ചേർത്ത് നിർത്തിയിട്ടിരിക്കുന്ന കാറിലേക്ക് അവർ നടന്നു.
അനിത കാറിന്റെ ഡോർ തുറന്നതും കാറിൽ ഇരിക്കുന്ന ആളിനെ കണ്ടു ഞെട്ടിത്തരിച്ചു പിന്നോട്ട് മാറി.
രാജീവന്റെ ഭാര്യ രാധിക ആയിരുന്നു അത്.. രാധിക അവളെ കാത്തിരുന്ന പോലെ പറഞ്ഞു.
“ഇത്രയും വർഷത്തെ ജീവിതത്തിനിടയിൽ കിട്ടാത്തത് തേടി ഇറങ്ങിയതല്ലേ മടിക്കണ്ട കയറിക്കോളൂ”
രാധിക നിർവികാരയായി പറഞ്ഞു.
“സ്വന്തം ഭാര്യയെയും മക്കളെയും പാതിവഴിയിൽ ഉപേക്ഷിച്ചാണ് അയാൾ നിന്നോടൊപ്പം വരുന്നത്.
സ്വന്തം കുടുംബത്തെ നോക്കാൻ കെൽപ്പില്ലാത്ത ആൾ നിന്നെ സംരക്ഷിക്കും എന്നതിന് എന്താണ് ഉറപ്പ്??. ”
അനിത രാജീവനെ ചുഴിഞ്ഞു നോക്കി. അയാൾ നിസ്സഹായതയോടെ തലതാഴ്ത്തി.
ഇരുട്ടിൽ മുങ്ങി നിൽക്കുന്ന അനിതയുടെ വീട് നോക്കി രാധിക തുടർന്നു.
“ഈ രാത്രി നിന്റെ ഭർത്താവും കുഞ്ഞുങ്ങളും എന്നത്തെയും പോലെ സമാധാനത്തോടെ ഉറങ്ങും.
നാളെ മുതൽ അയാളുടെ ശരീരം ഉറങ്ങുമെങ്കിലും മനസ്സ് ഒരിക്കലും ഉറങ്ങില്ല. ആ കുഞ്ഞുങ്ങൾ ഇന്ന് സുരക്ഷിതത്വത്തോടെ ഉറങ്ങും നാളെ മുതൽ അവരും അനാഥരാണ്.”
രാധിക വീണ്ടും അനിതയെ നോക്കി.
“നിന്റെ ഈ വസ്ത്രത്തിലോ ആഭരണങ്ങളിലോ എന്തിന് നീ കഴിച്ച ഭക്ഷണത്തിലോ ഈ നിൽക്കുന്ന മനുഷ്യന്റെ വിയർപ്പിന്റെ വിലയുണ്ടോ.
അയാളുടെ അധ്വാനത്തിന്റെ എന്തെങ്കിലും ഫലം അനുഭവിക്കാൻ നിനക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ടോ.
പക്ഷേ നിന്റെ ഭർത്താവ്, രാവന്തിയോളം പണിയെടുക്കുന്നത് നിനക്കും കുഞ്ഞുങ്ങൾക്കും ആണെന്ന് നീ മറന്നു പോയി.
നാളെയും അയാൾ ജോലിക്ക് പോവും. പക്ഷെ അയാളുടെ ശിരസ്സ് കുനിഞ്ഞിരിക്കും…”
മറുപടി പറയാൻ വാക്കുകളില്ലാതെ ആ ഇരുട്ടിൽ അനിത തളർന്നു നിന്നു.
അവളുടെ വീടിനെ കുറിച്ച് ഓർത്തു കുഞ്ഞിനെ കുറിച്ച് ഓർത്തു കൂട്ടത്തിൽ നാളെ മുതൽ അതൊരു വീട് അല്ലാതാകുന്നതും അവൾ ഓർത്തു.
പ്രണയിക്കാനും ചേർത്ത് പിടിക്കാനും വേറൊരാളെ കിട്ടുന്നതുവരെ, ഭർത്താവും മക്കളും ഉണ്ടായിട്ടും മറ്റൊരാളുടെ കൂടെ ഒളിച്ചോടി പോകുന്ന പെണ്ണുങ്ങളെ കുറിച്ച് അവൾക്ക് പരമ പുച്ഛമായിരുന്നു.
ഭർത്താവ് മോഹന്റെ കാർക്കശ്യത്തോടെ ഉള്ള പെരുമാറ്റം കാമുകനുമൊത്തുള്ള ഒളിച്ചോട്ടത്തിലേക്ക് വളരെ വേഗത്തിൽ തന്നെ വഴിയൊരുക്കി.
“ഇനിയും നിനക്ക് എന്റെ ഭർത്താവിനോടൊപ്പം ജീവിക്കണമെന്ന ആഗ്രഹമുണ്ടെങ്കിൽ കാറിലേക്ക് കയറിക്കോളൂ. നിനക്കുള്ള സ്ഥലവും എന്റെ വീട്ടിലുണ്ട്.
നിന്റെ ഭർത്താവ് ഉറങ്ങുന്നത് പോലെ ഞാനിന്ന് സമാധാനത്തോടെ ഉറങ്ങിയിരുന്നെങ്കിൽ നാളെ മുതൽ എന്റെ മക്കൾ അനാഥരാകുമായിരുന്നു.
പിഴച്ചു പ്രസവിച്ചന്ന കാരണത്താൽ ആത്മഹത്യ ചെയ്ത ഒരു അമ്മയുടെ മകളാണ് ഞാൻ.
അനാഥാലയത്തിലെ നാല് ചുവരുകൾക്കിടയിൽ നിന്ന് എന്നെ ഇയാൾ കൈ പിടിക്കുമ്പോൾ ഇങ്ങനെ ഒരു രാത്രി എന്റെ ജീവിതത്തിലുണ്ടാകുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല.
അറിഞ്ഞു കൊണ്ട് ഒരിക്കലും ഞാനെന്റെ മക്കളെ അനാഥരാക്കില്ല. അനാഥത്വം അത് വല്ലാത്ത അവസ്ഥയാണ്..
എന്റെ നെഞ്ചിലെ ഈ താലി ഒരു വാഗ്ദാനമാണ്… മരണംവരെ നിലനിർത്തുന്ന ഒരു വാഗ്ദാനം…
പിന്നെ എനിക്കറിയണം ഇത്രയും വർഷത്തിനിടയ്ക്ക് ഞാൻ നൽകാത്ത എന്ത് സമ്മാനമാണ് നീ അയാൾക്ക് നൽകുന്നതെന്ന്. അതെനിക്ക് കാണണം. ”
അനിതയുടെ തേങ്ങലുകൾ കേട്ടപ്പോൾ രാധികയ്ക്ക് വല്ലായ്മ തോന്നി.
“പെണ്ണേ… കാർക്കശ്യമുള്ള ഭർത്താവിന്റെ മനസ്സിലാണ് സ്നേഹം. അതൊരിക്കലും കുറഞ്ഞു പോവില്ല. പഞ്ചാര വാക്കു പറയുന്നവരെ വിശ്വസിക്കരുത്. അവർ നിർദാക്ഷണ്യം നമ്മെ ചതിക്കും”
ഇപ്പോൾ മാത്രം രാധികയുടെ ചുണ്ടുകൾ വിറക്കുകയും കണ്ണുകൾ നിറഞ്ഞൊഴുകുകയും ചെയ്തു..
രാജീവ് പിടിക്കപ്പെട്ടവനെപ്പോലെ ആ ഇരുട്ടിലെ തണുപ്പിലും വിയർത്തുകുളിച്ചു.
അടുക്കള വാതിൽ തുറന്നു അനിത അകത്തേക്ക് കയറുമ്പോൾ രാധികയോട് മാപ്പ് ചോദിക്കുകയായിരുന്നു രാജീവ്…
കുഞ്ഞിനെ മാറോടടക്കി കിടന്നപ്പോൾ അനിത മനസ്സിലാക്കി യഥാർത്ഥ സ്വർഗം വലിച്ചെറിഞ്ഞു കളയാനാഞ്ഞ ഒരു പമ്പരവിഡ്ഢിയായിരുന്നു താനെന്ന്…