മാലാഖയാണെന്റെ കെട്ട്യോൾ
(രചന: Jolly Shaji)
നേർത്ത മൂളൽ ശബ്ദം കേട്ടാണ് സിസ്റ്റർ താര കമ്പ്യൂട്ടറിൽ നിന്നും മുഖം ഉയർത്തിയത്…. അടുത്ത ബെഡിൽകിടക്കുന്ന സൂരജ് ആണ്….
മെല്ലെ ചുണ്ടുകൾ അനക്കുന്നുണ്ട്… അവൾ വേഗം അടുത്തേക്ക് ചെന്നു..
അവ്യക്തമായി ആയാൾ എന്തോ പറയാൻ ശ്രമിക്കുന്നു… അവൾ വേഗം ഡോക്ടർ ഇരിക്കുന്നിടത്തേക്ക് നോക്കി വിളിച്ചു..
“ഡോക്ടർ അഞ്ചിലെ പേഷ്യന്റിന് ബോധം വീണു… എന്തോ പറയാൻ ശ്രമിക്കിന്നു..” ഡോക്ടർ കിഷോർ വേഗം അവിടേക്കു വന്നു…
“സൂരജ്,.. സൂരജ് കണ്ണ് തുറക്ക്..” ഡോക്ടർ അയാളുടെ കവിളിൽ മെല്ലെ തട്ടി.,.അയാൾ മെല്ലെ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു…
“ഞാൻ.. ഞാൻ എവിടെയാ ”
“സൂരജ് ഓർത്തുനോക്കൂ എന്താണ് സംഭവിച്ചത് എന്ന്… ”
“ഞാൻ മ രിച്ചി ല്ലേ ഡോക്ടർ… ആരാണ് എന്നെ ഹോസ്പിറ്റലിൽ എത്തിച്ചത്…”
“ഹോ മ രിച്ചെങ്കിൽ ഇത്രേം സുന്ദരമായി സംസാരിക്കാൻ പറ്റുമായിരുന്നോ..” താര ചിരിയോടെ ചോദിച്ചു…
“സിസ്റ്റർ ഒരു പേഷ്യന്റിനോട് സംസാരിക്കുന്നതു ഇങ്ങനെ ആണോ..”
“ആ ത്മ ഹ ത്യ ഒരു രോഗം ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല ഡോക്ടർ..”
“ആ താൻ മിണ്ടാതിരിക്കു ഞാൻ അയോളോട് കാര്യങ്ങൾ ചോദിക്കട്ടെ ”
“ചോദിക്കു, ചോദിക്കു ഇനി ഒന്നൂടെ ചാ കാ ൻ തോന്നുണ്ടോ എന്നുകൂടെ ചോദിക്കു..”
താര വേഗം കമ്പ്യൂട്ടറിനു മുന്നിലേക്ക് പോയി… ഡോക്ടർ സൂരജിന്റെ ബെഡിനടുത്തു കസേര ഇട്ട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്… അവൾ കമ്പ്യൂട്ടറിൽ നോക്കി ഓരോരുത്തരുടെയും കുറിച്ചു…
“സിസ്റ്റർ സൂരജിന്റെ പൾസ് ഇടയ്ക്കു ശ്രദ്ധിക്കണം… വൊമിറ്റ് ചെയ്യാൻ ചാൻസ് ഉണ്ട്…. മാക്സിമം എണീപ്പിക്കാതെ ഇരിക്കുക…. അയാളോട് അല്പം മയത്തിൽ ഒന്ന് സംസാരിക്കണം…. അയാളൊരു പാവമാണ്…”
“രോഗിക്ക് ഡോക്ടർ നിർദ്ദേശിക്കുന്ന മെഡിസിൻ കൊടുക്കും ഞാൻ അല്ലാതെ അയാളോട് മയത്തിലോ കടുപ്പത്തിലോ സംസാരിക്കാൻ എന്നെ കിട്ടില്ല…”
താര വീണ്ടും കമ്പ്യൂട്ടറിൽ മുഴുകി… ഡോക്ടർ കിഷോർ മെല്ലെ ചിരിച്ചുകൊണ്ട് അപ്പുറത്തേക്ക് പോയി… താര ഇങ്ങനെ ഒക്കെ സംസാരിക്കും എങ്കിലും രോഗികളോട് നല്ല രീതിയിലെ ഇടപെടാറുള്ളു എന്ന് ഡോക്ടർക്ക് അറിയാം…
താര തിരിഞ്ഞു നോക്കി സൂരജ് കണ്ണുകൾ തുറന്ന് കിടക്കുകയാണ്… അയാളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നോ… താര വേഗം ബെഡിന് അടുത്തേക്ക് ചെന്നു..
“എന്തുപറ്റി സൂരജ് കരയുന്നത്…. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുണ്ടോ… ”
“അറിയില്ല സിസ്റ്റർ ആകെ ഒരു മരവിപ്പ് പോലെ…. വയറിൽ ഒരു എരിച്ചലും തോന്നുന്നു…”
“അത് ഉണ്ടാകും രണ്ടുദിവസത്തേക്ക്… എടോ ഫ്യൂ രി ടാ നൊ ന്നും പണ്ടത്തെ എ ഫ ക്ട് ഒന്നും ഇല്ല ഇപ്പൊ… വെറുതെ വയറിളകി ശർദ്ധിച്ചു ഷീണം ഉണ്ടാകും… അത്രേം ഉള്ളു..”
“എനിക്ക് അറിയില്ലാരുന്നു സിസ്റ്റർ… സിസ്റ്റർക്കു നല്ല പരിജയം ഉണ്ടെന്നു തോന്നുന്നു… അനുഭവം ഉണ്ടോ ”
“ഓഹോ തലപൊങ്ങില്ലെങ്കിലും തമാശ കുറയ്ക്കില്ല അല്ലെ…”
“തമാശ അല്ല സീരിയസ് ആയി പറഞ്ഞതാണ്….. തമാശക്ക് ആരും മ രി ക്കാ ൻ ശ്രമിക്കില്ലല്ലോ സിസ്റ്റർ..”
“അതുപോട്ടെ എന്താ മരിക്കാൻ തോന്നാൻ കാരണം… പ്രണയനൈരാശ്യമോ അതോ കടത്തിൽ വീണോ…”
“രണ്ടും ഉണ്ട് സിസ്റ്ററേ കാരണം…”
“ആഹാ കൊള്ളാമല്ലോ പ്രണയിച്ചു കടം കയറിയതാണോ…”
“അതൊക്ക വലിയ കഥ ആണ്… ഞാൻ ഓർക്കാൻ ശ്രമിക്കാത്ത കാര്യങ്ങൾ…”
“ശെരി ഓർക്കേണ്ട… സമാദാനമായി ഒന്ന് ഉറങ്ങിക്കോ…. ഉറങ്ങി എണീക്കുമ്പോൾ കുറച്ച് ആശ്വാസം ആകും…”
അവർ അവനു ഒരിൻജെക്ഷൻ കൊടുത്തു…അവൻ മയക്കത്തിലേക്ക് വഴുതിവീണു…
മൂന്നാം ദിവസം സൂരജിനെ വാർഡിലേക്ക് മാറ്റുമ്പോളേക്കും താരയുമായി അവൻ നല്ലൊരു സുഹൃത്ത് ബന്ധം സ്ഥാപിച്ചിരുന്നു….
ജീവന് തുല്യം സ്നേഹിച്ചവൾ പണവും പത്രസും കണ്ട് തന്നെ ഉപേക്ഷിച്ചു മറ്റൊരു വിവാഹത്തിന് തയ്യാറായതിൽ ആയിരുന്നില്ല അവനു സങ്കടം….
തന്റെ സഹോദരിക്ക് വിവാഹലോചന വന്നപ്പോൾ അച്ഛൻ സ്ഥലത്തിന്റെ ആധാരം പണയം വെച്ച് പണം ഉണ്ടാക്കാൻ ഇറങ്ങിയപ്പോൾ ആണ് സൂരജ് കാമുകിയെ പഠിപ്പിക്കാൻ വീടിന്റെ ആധാരം ബ്ലൈഡ് ബാങ്കിൽ പണയം വെച്ചത് വീട്ടുകാർ അറിയുന്നത്…..
കാമുകിയും പോയി വീടിന്റെ ആധാരവും പോയ അവനു വീട്ടുകാരുടെ ചോദ്യങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും മുന്നിൽനിന്നും രക്ഷപ്പെടാൻ ഉള്ള മാർഗം ആരുന്നു ഈ ആത്മഹത്യാ ശ്രമം…
അമ്മയായിരുന്നു എപ്പോളും അവനു തുണ…. അച്ഛന് മാനസികമായി അവനോടു ഒരകൽച്ച പോലെയായി…
തെറ്റുപറയാൻ പറ്റില്ലല്ലോ…. ഒരുപാട് പ്രതീക്ഷയോടെ മോളെ കെട്ടിക്കാൻ നോക്കിയപ്പോൾ കിട്ടിയത് എട്ടിന്റെ പണിയല്ലേ… ഇപ്പോൾ ആശുപത്രി ചിലവുകൂടി….
ഓരോന്ന് ഓർത്തിട്ടു സൂരജിന്റെ മിഴികൾ നിറഞ്ഞൊഴുകി… അപ്പോളാണ് താര അങ്ങോടു വന്നത്….
“ആഹാ ഇയാളെന്തിനാ കരയുന്നത്… ഇത്ര പെട്ടെന്ന് മനസ്സാക്ഷി വേദനിപ്പിച്ചു തുടങ്ങിയോ…”
“ഞാൻ കരഞ്ഞതൊന്നും അല്ലെടോ.. വെറുതെ ഓരോന്ന് ഓർത്ത് കിടന്നതാ.. ആ സിസ്റ്റർ ഇന്ന് ഞാൻ ഡിസ്ചാർജ് ആകും കേട്ടോ..”
“ഞാൻ അറിഞ്ഞു അതല്ലേ ഞാൻ തന്നെ കാണാൻ വന്നത്….വീട്ടിൽപോയി മിടുക്കനായി ജോലി ചെയ്ത് അച്ഛന്റെയും അമ്മടെയും സങ്കടം ഒക്കെ മാറ്റണം..
നല്ലൊരു ഏട്ടനായി സഹോദരിയെ കെട്ടിക്കണം…. ഇടയ്ക്കു എവിടെങ്കിലും വെച്ച് കാണുവാണെങ്കിൽ ഒന്ന് ചിരിക്കുക എങ്കിലും ചെയ്യണേ…”
“സിസ്റ്റർ എന്തെ ഇങ്ങനെ പറയുന്നത്… എന്റെ നല്ല സൗഹൃദങ്ങളിൽ ഒരാളാണ് ഇന്ന് ഇയാൾ… ബുദ്ധിമുട്ട് ഇല്ലെങ്കിൽ നമ്പർ തരിക ഞാൻ വിളിക്കാം…”
താര നമ്പർ കൊടുത്തു യാത്ര ചൊല്ലി പോയി…
ഇടയ്ക്കു സൂരജ് മെസ്സേജ് അയക്കും വിശേഷങ്ങൾ പറയും…. ആർക്കുമുന്നിലും മനസ്സ് തുറക്കാതിരുന്ന താര തന്റെ ജീവിതത്തിൽ സംഭവിച്ചതൊക്കെ സൂരജിനോട് പറഞ്ഞു…
ലോൺ എടുത്തു നേഴ്സിംഗ് പഠിക്കാൻ പോയതും…
തനിക്കു താഴെയുള്ള സഹോദരിമാരെ കൂടി പഠിപ്പിക്കാൻ പ്രണയിച്ചവനെ ഉപേക്ഷിക്കേണ്ടി വന്നതും ഒടുക്കം സഹോദരിമാർ അവരുടെ ജീവിതം നോക്കി പോയപ്പോൾ മിച്ചം കിട്ടിയത് കുറേ കടങ്ങളും രോഗിയായ മാതാപിതാക്കളും ആണ്…
അവൾ പക്ഷേ ആരോടും തന്റെ സങ്കടങ്ങൾ പറയാറില്ല… മുപ്പതു വയസ്സിലും വിവാഹം കഴിക്കാതെ നിൽക്കുന്നത് ചോദിച്ചപ്പോൾ അവൾ അറിയാതെ മനസ്സ് തുറന്നതാണ് സൂരജിന് മുന്നിൽ…
ഇടയ്ക്കു സൂരജിന്റെ മെസ്സേജ് വരുമ്പോൾ മാത്രം അവൾ റിപ്ലൈ കൊടുക്കും… അവർ ഫ്രീ ആണെങ്കിൽ സംസാരിക്കും… അവർക്കിടയിൽ രഹസ്യങ്ങളോ വഴക്കുകളോ പരാതികളോ ഒന്നുമുണ്ടായിരുന്നില്ല…
ചിലപ്പോൾ ഒന്നോ രണ്ടോ ആഴ്ച്ച എത്തുമ്പോൾ ആവും സൂരജ് സംസാരിക്കാൻ വരാറ്…. മനോഹരമായൊരു സൗഹൃദം ആയിരുന്നു അവർക്കിടയിൽ…
അതിനിടയിൽ സൂരജ് ചെറിയൊരു ജോലി കിട്ടി ദുബായ്ക്ക് പോയി… പോവാൻ നേരം താരയെ അറിയിച്ചു…. അവിടെ ചെന്ന് സെറ്റ് ആയപ്പോൾ അനുജത്തിക്ക് വിവാഹം ഉറപ്പിച്ചു…. കല്യാണത്തിന് എമർജൻസി ആയി പത്തുദിവസത്തെ ലീവിന് നാട്ടിൽ വന്നു…
കല്യാണത്തിന് താരയെ വിളിച്ചെങ്കിലും അവൾക്ക് പോവാൻ പറ്റിയില്ല…. അച്ഛന്റെ രോഗം അല്പം കലശലായി നിൽക്കുന്ന സമയം ആയിരുന്നു….
സൂരജ് ജോലിയുടെ തിരക്കിലേക്ക് കടന്നതിനാൽ താരയുമായുള്ള സംസാരം വളരെ കുറഞ്ഞിരുന്നു… അപ്രതീക്ഷിതമായി ആണ് അന്ന് അവൾക്കു സൂരജിന്റെ കാൾ വന്നത്..
“താര… ഞാൻ തിരക്കിൽ ആയിപോയി… ജോലിയുടെ ഭാരം കൂടെ വീട്ടിലെ കാര്യങ്ങൾ എല്ലാം കൂടി ആകെ വല്ലാത്തൊരു അവസ്ഥ ആയിരുന്നു..”
“എനിക്ക് തോന്നി സൂരജ്..”
“എന്താടോ തന്റെ വിശേഷങ്ങൾ… കല്യാണകാര്യം എന്തെങ്കിലും ആയോ ”
അവൾ ചിരിച്ചു..
“കല്യാണമോ ഇനി ഈ പ്രായത്തിൽ ആരു കെട്ടാൻ… വന്നാൽ തന്നെ എല്ലാം രണ്ടാം കെട്ട്… ഇപ്പോൾ തന്നെ ആവശ്യത്തിന് ബാധ്യത ഉണ്ടെടോ… ഇനി എന്തിനാ വെറുതെ…. സ്വസ്ഥത കളയാനായി..”
“എത്ര നാൾ ഒറ്റയ്ക്ക് ഇങ്ങനെ കഴിയും…. എടോ നമ്മൾ പ്രായത്തിൽ വലിയ വിത്യാസം ഇല്ല ഞാനാണെങ്കിൽ സിംഗിൾ ആണ്…. നമുക്ക് കല്യാണം കഴിച്ചാലോ…” ചിരിച്ചുകൊണ്ട് സൂരജ് ചോദിച്ചു..
“അയ്യടാ എന്നിട്ട് വേണം തന്റെ വീട്ടുകാർ എന്നെ പൊതുയോഗം കൂടാൻ…. എങ്ങനെ നോക്കിയാലും ഇയാളെക്കാൾ മാസത്തിനു മൂത്തത് ഞാൻ തന്നെ അല്ലെ…”
അവൾ അങ്ങനെ പറഞ്ഞെങ്കിലും ഉള്ളിൽ അവൾക്കു സൂരജിനോട് ഉള്ള ഇഷ്ടം കൂടി… കണ്ടപ്പോൾ മുതൽ ഒരിഷ്ടം ഉണ്ട് അവനോടു…
പക്ഷെ ഒരിക്കലും പ്രണയം എന്ന് തോന്നിപ്പിക്കും രീതിയിൽ അവർ സംസാരിച്ചിട്ടേ ഇല്ല…. അവളും ആ ഇഷ്ടം ഉള്ളിൽ ഒതുക്കിയിട്ടേ ഉണ്ടായിരുന്നുള്ളു…
“എനിക്ക് അറിയാമെടോ… തന്റെ നല്ലൊരു മനസ്സ് ആണെന്ന്… തന്റെ രാജകുമാരൻ വരുമെടോ ഒരിക്കൽ ഇയാളെ പൊക്കിക്കൊണ്ട് പറക്കാൻ..”
“ആഗ്രഹിക്കാം അല്ലെ..”
അവളും ചിരിച്ചു…
“ഞാൻ വിളിച്ചതെ ഇതൊന്നും പറയാനല്ല കേട്ടോ…’
“പിന്നെന്തിനാ..”
“അതോ… എന്റെ കല്യാണം ഉറപ്പിച്ചു.. അത് പറയുവാൻ ആണ്…”
താരയിൽ പെട്ടെന്നൊരു ഞെട്ടൽ അനുഭവപ്പെട്ടു…. പെട്ടെന്ന് ഇരുളിൽ ആഴ്ന്നതുപോലെ…
“എന്താടോ മിണ്ടാത്തെ കേൾക്കാൻ പറ്റുന്നില്ലേ..”
“കേൾക്കാം സൂരജ് പറയു… പെൺകുട്ടി എവിടെയാണ്… എന്നേക്കാണ് കല്യാണം ഉറപ്പിച്ചത്…താൻ എപ്പോൾ എത്തും നാട്ടിൽ…”
“പെൺകുട്ടി നാട്ടിൽ തന്നെയാണ്…. ഞാൻ മുൻപ് കണ്ടിട്ടുണ്ട്…. കല്യാണം അടുത്ത മാസം…. കല്യാണത്തിന്റെ തലേന്ന് ഞാൻ വരും…”
“സന്തോഷം, ഭാഗ്യം ചെയ്ത കുട്ടി… എല്ലാവിധ ആശംസകളും…”
“ആശംസകൾ എനിക്ക് നേരിട്ട് കിട്ടണം… താൻ കെട്ടിന്റെ സമയത്തു ഉണ്ടാവണം…”
“ശ്രമിക്കാം സൂരജ്…”
ഫോൺ കട്ട് ചെയ്ത താര നിശബ്ദയായി ഇരുന്നു കുറേ നേരം…
പിന്നെ അവൾ മനസ്സിനെ പറഞ്ഞ് ബോധ്യപ്പെടുത്തി…. തനിക്കു സന്തോഷിക്കാൻ അവകാശം ഇല്ല..
ദിവസങ്ങൾ വേഗം കടന്നുപോയി.. നാളെയാണ് സൂരജിന്റെ വിവാഹം… പോവാൻ മനസ്സ് അനുവദിക്കുന്നില്ല… പോവാതിരുന്നാൽ അവനു എന്ത് തോന്നും…
കേരളസാരി ആണ് ഡ്രസ്സ് കോഡ് പറഞ്ഞേക്കുന്നതു…പൊതുവെ സാരി ഉടുക്കൽ കുറവാണു… ഇതിപ്പോ പെട്ടുപോയി..
അവൾ രാവിലെ എണീറ്റ് അച്ഛന്റെയും അമ്മയുടെയും കാര്യങ്ങൾ എല്ലാം ചെയ്ത് തീർത്തു കുളിച്ച് റെഡിയായി.. സാരിയുടുക്കാൻ അടുത്ത വീട്ടിലെ. കല്യാണി ചേച്ചി സഹായിച്ചു…
ചേച്ചിയുടെ നിർബന്ധം കാരണം അല്പം മുല്ലപ്പൂവും തലയിൽ ചൂടി… റെഡിയായി ഇറങ്ങിയപ്പോളേക്കും ബസ് കടന്നുപോയി പിന്നെ ഒരു ഓട്ടോയിലാണ് അവൾ സൂരജ് പറഞ്ഞ അമ്പലത്തിലേക്ക് പോയത്…
അമ്പലപ്പറമ്പൊക്കെ ആളൊഴിഞ്ഞു കിടക്കുന്നു… സൈഡിലായി രണ്ടുകാറുകൾ മാത്രം പാർക്ക് ചെയ്തിട്ടുണ്ട്…. ഇതെന്താ കല്യാണപാർട്ടി എത്തിയില്ലേ ഇതുവരെ.. മുഹൂർത്തം ആവാറായല്ലോ..
അവൾ അമ്പലത്തിന്റെ മണ്ഡപത്തിന് അടുത്തേക്ക് നടന്നു…
“ആഹാ കല്യാണചെക്കൻ എത്തിയോ.. എവിടെ മണവാട്ടിയും കൂട്ടരും..”
സൂരജും മാതാപിതാക്കളും സഹോദരിയും ഭർത്താവും ഏറ്റവും വേണ്ടപ്പെട്ട ബന്ധുക്കളും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു…
“മുഹൂർത്തം ആയി പെണ്ണെത്തിയോ” പൂജാരി വിളിച്ചു ചോദിച്ചു…
പെട്ടെന്നാണ് അത് സംഭവിച്ചത്.. സൂരജ് താരയുടെ വലതുകയ്യിൽ പിടിച്ചു മണ്ഡപത്തിലേക്ക് കയറ്റിയത്..
അവൾ സ്‌തംഭിച്ചുപോയി…
“തിരുമേനി ഇതാണ് എന്റെ പെണ്ണ്..”
താര അതിശയത്തോടെ അവനെ നോക്കി…
“താൻ നോക്കേണ്ട…. കണ്ട അന്നുമുതൽ എനിക്ക് നിന്നെ ഇഷ്ടമായിരുന്നു…. നിനക്കും എന്നെ ഇഷ്ടമായിരുന്നു എന്നെനിക്കറിയാം… പക്ഷെ എല്ലാം ഉള്ളിൽ ഒളിപ്പിച്ച് ജീവിതം വേണ്ടെന്നു വെച്ച് ജീവിച്ചവൾ അല്ലെ നീ….
ഒരിക്കൽ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച എന്നെ ഇന്നീ ജീവിതത്തിൽ എത്തിച്ചതിൽ നല്ലൊരു പങ്ക് നിനക്കുണ്ട്….. ആ നിനക്കെ ഇനി എന്റെ ജീവിതത്തിൽ സ്ഥാനം ഉള്ളു…”
താര അപ്പോളും ഒന്നും മനസ്സിലാകാത്ത പോലെ എല്ലാരേയും മാറി മാറി നോക്കി…
“നീ പേടിക്കേണ്ട… എന്റെ അച്ഛനും അമ്മയ്ക്കും എല്ലാർക്കും അറിയാം നിന്നെ… എല്ലാവരുടെയും സമ്മതത്തോടെ ഞാൻ എടുത്തതാണ് ഈ തീരുമാനം…”
“കേട്ടെടാ മോനെ താലി..” സൂരജിന്റെ അച്ഛൻ പറഞ്ഞു…
തിരുമേനി പൂജിച്ച താലി അവന്റെ കയ്യിലേക്ക് കൊടുത്തു…. അവൻ അവളുടെ കഴുത്തിൽ താലി ചാർത്തി… ബന്ധുക്കൾ കുരവയിട്ടു….
താര കൈകൾ കൂപ്പി കണ്ണുകൾ അടച്ചു തല കുമ്പിട്ട് നിന്നു…. പുഷ്പങ്ങൾ വർഷിച്ചു എല്ലാവരും അവരെ അനുഗ്രഹിച്ചു…