(രചന: പ്രജിത്ത് സുരേന്ദ്ര ബാബു)
“കല്യാണം കഴിഞ്ഞു വർഷം ആറായില്ലേ ഇനീം പെറാൻ പറ്റീലേൽ പിന്നെ നീ അവളെ അങ്ങ് ഒഴിവാക്ക്.. അല്ലാണ്ടിപ്പോ ഞാൻ എന്ത് പറയാനാ..
ഈ കുടുംബത്തിൽ ഒരു അനന്തരാവകാശി വേണം എനിക്കത്രയേ ഉള്ളു.. അതിനീപ്പോ ഇവള് തന്നെ പെറണം എന്നൊന്നുമില്ല… നീ വേറൊന്നിനെ കെട്ടി അവള് പെറ്റാലും മതി.”
“അമ്മയൊന്ന് ന്ന് അടങ്ങുന്നുണ്ടോ.. വന്ന് കേറിയപ്പോ തൊട്ട് തുടങ്ങിയതാണല്ലോ. മനുഷ്യൻ പകലന്തിയോളം പണിയെടുത്ത് തളർന്നു വീട്ടിൽ വന്ന് കേറുമ്പോ ഇച്ചിരി സ്വസ്ഥത താ. ”
ശാരദയും വിഷ്ണുവും തമ്മിലുള്ള സംഭാഷണം അകത്തെ മുറിയിൽ ഇരുന്ന് കേൾക്കവേ ഇന്ദുവിന്റെ ഉള്ളം വിങ്ങി.
” ഓ ഇപ്പോൾ ഞാനാണല്ലോ നിനക്ക് സ്വസ്ഥത തരാത്തത്. എന്റെ ദണ്ണം ഞാൻ ആരോട് പറയാൻ. ഒരു പേരക്കുട്ടിയെ കൊഞ്ചിക്കാൻ എനിക്കും ആഗ്രഹം ഇല്ലേ..
നിന്റെ കെട്ട്യോള് ആ കെട്ടിലമ്മ ഉണ്ടല്ലോ അവള് വീട്ടിൽ ന്ന് വെളീൽ ഇറങ്ങാതെ ഇരിക്കും. നാട്ടുകാരുടെ ഓരോരോ ചോദ്യങ്ങൾക്ക് മറുപടി കൊടുത്തു മടുത്തു ഞാൻ.”
” ഓ..ഈ അമ്മയെ കൊണ്ട് തോറ്റു.. ”
ശാരദയുടെ കുത്തുവാക്കുകൾക്ക് അവസാനമില്ലാതെ വന്നപ്പോൾ ഗത്യന്തരമില്ലാതെ മുറിയിലേക്ക് ചെന്നു വിഷ്ണു. അവിടെ കരഞ്ഞു കലങ്ങിയ മിഴികളുമായിരിക്കുന്ന ഇന്ദുവിന്റെ മുഖം കൂടി കാൺകെ അവൻ ഏറെ അസ്വസ്തനായി..
” ആ.. ഇനി നീ കൂടി കരഞ്ഞു വിളിച്ചിരിക്ക്.. അല്ലേലേ മനുഷ്യന് സ്വൈര്യം ഇല്ല. അതിനിടയ്ക്കാ നിന്റെ മോങ്ങൽ കൂടി.. ഇതെന്ത് ജീവിതം ആണോ എന്തോ.. സ്വസ്ഥത എന്നൊന്നില്ല എനിക്ക്.. ”
നിരാശയിൽ അവൻ ബെഡിലേക്കിരിക്കവേ പതിയെ എഴുന്നേറ്റു ഇന്ദു.
” ഏട്ടാ.. ഞാൻ ഏട്ടന് ഇപ്പോൾ സ്വസ്ഥതക്കേട് ആയോ.. എന്റെ പ്രശ്നങ്ങൾ അറിഞ്ഞല്ലേ നിങ്ങൾ എന്നെ വിവാഹം ചെയ്തത്. കുട്ടികളുണ്ടാകുവാനുള്ള ചാൻസ് ഏറെ കുറവാണ് എന്ന് പെണ്ണ് കാണാൻ വന്ന ദിവസം ഞാൻ പറഞ്ഞതല്ലേ…
എനിക്കിത് ജന്മനാ ഉള്ള പ്രശ്നം ആണ്.. എന്നിട്ടും അതൊന്നും പ്രശ്നമല്ല എന്ന് പറഞ്ഞു നിങ്ങൾ എന്നെ വിവാഹം ചെയ്തു. എന്നിട്ടിപ്പോ എന്തെല്ലാം കുത്തുവാക്കുകൾ ആണ് ഓരോ ദിവസവും ഞാൻ കേൾക്കേണ്ടി വരുന്നത്..
അമ്മയാണേൽ ചിലപ്പോൾ നല്ല സ്നേഹം ആകും.. ചില സമയങ്ങളിൽ വെറുപ്പും… ഇപ്പോൾ നിങ്ങൾക്കും എന്നെ മടുത്തു തുടങ്ങിയോ.. എങ്കിൽ എന്നെ വീട്ടിൽ കൊണ്ട് ആക്കിക്കോളൂ.. ”
സങ്കടം സഹിക്കുവാൻ കഴിയാതെ അവൾ വിങ്ങി പൊട്ടവേ അൽപനേരം മറുപടിയില്ലാതെ നോക്കി ഇരുന്നു വിഷ്ണു. അവന്റെ ഉള്ളിലൊരു കുറ്റബോധം ഉടലെടുത്തിരുന്നു.
പറഞ്ഞു പോയ വാക്കുകൾ തിരികെയെടുക്കുവാൻ കഴിയില്ലല്ലോ.. പതിയെ എഴുന്നേറ്റ് ഇന്ദുവിന്റെ മുന്നിലേക്ക് ചെന്ന് അവളുടെ വാടി തളർന്ന മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു അവൻ.
” പോട്ടെടോ.. പൊന്നേ എന്നോട് ഒന്ന് ക്ഷെമിക്ക് താൻ.. അമ്മയുടെ കുത്തുവാക്കുകൾ സഹിക്കാതെ വരുമ്പോ അറിയാതെ ഓരോന്ന് പറഞ്ഞു പോണതാ ഞാൻ. ഇനി ആവർത്തിക്കില്ല സത്യം. ”
ഇന്ദുവിന്റെ നിറമിഴികൾ പെരു വിരലിനാൽ തുടച്ചു വിഷ്ണു ശേഷം അവളെ തന്റെ മാറോട് ചേർത്തു. അല്പസമയം അങ്ങിനെ നിൽക്കവേ ഷർട്ടിൽ ചുടുകണ്ണുനീർ പടരുന്നത് തിരിച്ചറിഞ്ഞു അവൻ.
” ഈ കരച്ചിൽ ഒന്ന് നിർത്ത് ഇന്ദു.. അമ്മയുടെ വായടപ്പിക്കുവാൻ കഴിയില്ല നമുക്ക്.. അതിങ്ങനെ പറഞ്ഞോണ്ടിരിക്കും നീ കാര്യമാക്കേണ്ട.. ”
അതുകേട്ടു പതിയെ തലയുയർത്തി ഇന്ദു
” ഏട്ടാ.. ഏട്ടനറിയോ.. അമ്മ പറഞ്ഞത് ശെരിയാണ്. ഇപ്പോൾ അധികം വീടിന് പുറത്ത് ഇറങ്ങാറില്ല ഞാൻ .. ഓരോരുത്തരുടെ കുത്തി കുത്തിയുള്ള ചോദ്യങ്ങൾ അമ്മയ്ക്ക് അത്രത്തോളം അസഹനീയം ആയെങ്കിൽ എന്റെ അവസ്ഥ ഒന്ന് ഓർത്തു നോക്ക്യേ..
ഞാൻ എത്രത്തോളം സഹിക്കുന്നുണ്ടാകും.. ഒരു കുഞ്ഞിനെ കൊഞ്ചിക്കുവാൻ ഏറെ ആഗ്രഹം എനിക്കുമുണ്ട്. പക്ഷെ ഭഗവാൻ ആ ഭാഗ്യം എനിക്ക് തന്നില്ല.. ”
ഒക്കെയും കേട്ട് എന്ത് പറഞ്ഞു അവളെ ആശ്വസിപ്പിക്കും എന്നറിയാതെ കുഴഞ്ഞു വിഷ്ണു. തന്റെ വിഷമം ആരോട് പറയാൻ… സത്യമാണ്..
അന്നത്തെ ഒരാവേശത്തിൽ തോന്നിയ ഇഷ്ടത്തിൽ ഇന്ദുവിന്റെ കഴുത്തിൽ താലി ചാർത്തി പക്ഷെ സ്വന്തം ചോരയിൽ ഒരു കുഞ്ഞ് എന്ന ആഗ്രഹം അവനെയും വല്ലാതെ കീഴടക്കി തുടങ്ങിയിരുന്നു.
മാത്രമല്ല വർഷങ്ങളായുള്ള ചികിത്സാ ചിലവ് അവന് താങ്ങാവുന്നതിലും അപ്പുറത്തേക്ക് എത്തിയിരുന്നു. അല്പസമയം ആ നിൽപ്പ് തുടരവേ മനസ്സിൽ ഒരു തീരുമാനം എടുത്തു വിഷ്ണു. ഇന്ദുവിന്റെ ചുമലിൽ പിടിച്ചു തനിക്ക് അഭിമുഖമായി നിർത്തി അവൻ .
“ഇന്ദു.. ഞാൻ ഒരു കാര്യം പറയട്ടെ.. നീ ഇത് എങ്ങിനെ എടുക്കും എന്ന് എനിക്കറിയില്ല. മനസ്സിൽ തോന്നിയത് പറയാതിരിക്കുവാനും കഴിയില്ല ”
വാക്കുകളിൽ ഔപചാരികതയേറവേ സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി ഇന്ദു. അത് കണ്ടിട്ട് പതിയെ തുടർന്നു വിഷ്ണു.
” ഒരു കുഞ്ഞിന് വേണ്ടി നമ്മൾ കുറേ ചികിൽസ നടത്തി. പക്ഷെ പരിഹാരം ഉണ്ടായില്ല… തനിക്ക് ഒരമ്മയാകുവാനുള്ള സാധ്യത പത്ത് ശതമാനം മാത്രമാണ് എന്നല്ലേ അവസാനം ഡോക്ടർ പറഞ്ഞത്… അതുകൊണ്ട് തന്നെ ഇനിയും ഈ ചികിത്സ തുടരേണ്ടതുണ്ടോ.. ”
ആ ചോദ്യത്തിലൂടെ അവൻ എന്താണ് ഉദ്ദേശിക്കുന്നത് എന്നത് പൂർണ്ണമായും വ്യക്തമായില്ല ഇന്ദുവിന്. സംശയത്തോടെ തന്നെ നോക്കി നിൽക്കുന്ന ഇന്ദുവിന്റെ നെറുകയിൽ പതിയെ തലോടി വിഷ്ണു.
” ഈ വീട്ടിൽ ഒരു കുഞ്ഞ് വേണം.. നിനക്ക് ആണേൽ അതിനു കഴിയില്ല അപ്പോ പിന്നെ അതിനായി ഒരു വിവാഹം കൂടി കഴിക്കണമെങ്കിൽ അതും ആയിക്കോ എന്നാണ് അമ്മ പറയുന്നത് ”
ആ കേട്ടത് ഇന്ദുവിനു വലിയ നടുക്കമായിരുന്നു. വിഷ്ണുവിൽ നിന്നും ഇത്തരമൊരു പ്രതികരണം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അവൾ. എന്നാൽ ആ പറഞ്ഞതിൽ വാസ്തവമുണ്ട് എന്ന് തന്നെ വേഗത്തിൽ മനസ്സിലാക്കി അവൾ. ഉള്ളിൽ നിന്നും ഇരച്ചു കയറിയ വിങ്ങൽ അടക്കി പിടിച്ച് ഒന്ന് പുഞ്ചിരിച്ചു ഇന്ദു.
” അതിനെന്താ ഏട്ടാ… അതേ പോംവഴിയുള്ളു എങ്കിൽ അങ്ങിനെ തന്നെ ചെയ്തോളൂ.. ഞാൻ ഒന്നിനും തടസമാവില്ല.. ഏട്ടന്റെ സന്തോഷം.. അതാണ് എനിക്ക് വലുത് പക്ഷെ….
ആ ഒരു കാഴ്ച കാണുവാനുള്ള മനക്കട്ടി എനിക്കില്ല.. അതുകൊണ്ട് ഞാൻ വീട്ടിലേക്ക് പൊയ്…. പൊയ്ക്കോളാം.. എനിക്ക് ഏട്ടനുമായുള്ള ഓർമ്മകൾ മാത്രം മതി ഇനിയുള്ള കാലം ജീവിക്കുവാൻ.. ”
വാക്കുകൾ എങ്ങിനെയോ പറഞ്ഞൊപ്പിക്കുകയായിരുന്നു അവൾ . എത്ര തടുത്തു നിർത്തിയിട്ടും അവളുടെ ഉള്ളിലെ നൊമ്പരം അണപൊട്ടി ഒഴുകി പോയി.
” എടോ പൊട്ടി പെണ്ണേ.. അങ്ങിനെ തന്നെ കളഞ്ഞേച്ചു ഞാൻ വേറൊരു പെണ്ണിന്റെ പിന്നാലെ പോകും ന്ന് തോന്നുന്നുണ്ടോ തനിക്ക്… ഇങ്ങനെയാണോ എന്നെ നീ മനസ്സിലാക്കിയിട്ടുള്ളത് ”
വിഷ്ണുവിന്റെ ചോദ്യം കേൾക്കെ നിറമിഴികളോടെ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി ഇന്ദു. ആ നിഷ്കളങ്കമായ നോട്ടം കണ്ട് അവന്റെ ഉള്ളം ആർദ്രമായി.
” നിന്നെ ഒരിക്കലും ഉപേക്ഷിക്കില്ല ഞാൻ.. വേറൊരു പെണ്ണിന്റെ ചൂട് തേടി പോവുകയും ഇല്ല..”
അത്രയും പറഞ്ഞു കൊണ്ട് ഇന്ദുവിന്റെ നെറുകയിൽ ഒരു മുത്തം നൽകി വിഷ്ണു. ശേഷം കവിളുകളിലും.. അവളുടെ കവിളുകളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീരിന്റെ ഉപ്പുരസം നാവിൽ നുണയവേ വല്ലാത്ത ലഹരിയിലേക്കാണ്ടു വിഷ്ണു.
പതിയെ അവരുടെ അധരങ്ങൾ പരസ്പരം ചേർന്നു. അല്പസമയം നീണ്ടു നിന്ന ചുംബനത്തിനൊടുവിൽ കിതപ്പോടെ മുഖം മാറ്റി ഇന്ദു.
” ദൈവമേ.. ഇപ്പോൾ ശ്വാസം മുട്ടി ചത്തേനെ ഞാൻ.. ”
കിതച്ചു കൊണ്ടവൾ മറുപടി പറയുമ്പോൾ പുഞ്ചിരിച്ചു വിഷ്ണു. ശേഷം ഇന്ദുവിനെ പിടിച്ച് ബെഡിലേക്കിരുത്തി ഒപ്പം ഇരുന്നു അവൻ.
“എടോ.. അമ്മ വേറൊരു കല്യാണത്തെ പറ്റിയൊക്കെ പറഞ്ഞെങ്കിലും ഞാൻ അപ്പോൾ ആലോചിച്ചത് മറ്റൊന്നിനെ പറ്റിയാണ്.. ”
ഒന്ന് നിർത്തി ഇന്ദുവിന്റെ മുഖത്തേക്ക് അല്പസമയം നോക്കി വിഷ്ണു. അവളിൽ ജിജ്ഞാസ വർധിക്കുന്നത് കാൺകെ ചെറു പുഞ്ചിരിയോടെ തന്നെ ബാക്കി പറഞ്ഞു അവൻ.
” പൊന്ന് പോലെ വളർത്താനും സ്നേഹിക്കാനും നമുക്ക് ഒരു കുഞ്ഞിനെ ദത്തെടുത്താലോ… പെറ്റമ്മയായില്ലേലും പോറ്റമ്മയാകുവാൻ കഴിയില്ലേ നിനക്ക് ”
ആ വാക്കുകൾ അവിശ്വസനീയമായി തോന്നവേ വിഷ്ണുവിന്റെ മിഴികളിലേക്ക് തന്നെ നോക്കി ഇരുന്നു ഇന്ദു . നാളുകൾക്ക് മുന്നേ തന്നെ അങ്ങിനെ ഒരാഗ്രഹം അവളുടെ ഉള്ളിൽ തോന്നിയതാണ് എന്നാൽ വിഷ്ണുവിന്റെ പ്രതികരണം എന്താകും എന്ന ഭയത്താൽ അവൾ അത് ഉള്ളിൽ ഒതുക്കിയിരുന്നു.
ഇപ്പോൾ അവൻ തന്നെ ചോദിക്കുമ്പോൾ സന്തോഷത്താൽ മറുപടി പറയുവാൻ കഴിയാതെ ഒരു നിമിഷം കുഴഞ്ഞു ഇന്ദു.
” എന്താടോ സമ്മതമല്ലേ നിനക്ക്… സമ്മതമല്ലേൽ വിട്ടേക്ക്… നമുക്ക് ടീറ്റ്മെന്റ് തുടരാം.. ഫലം കാണാതിരിക്കില്ല ”
“സമ്മതമാണ് ഏട്ടാ.. നൂറുവട്ടം സമ്മതമാണ്. പലപ്പോഴും ഈ കാര്യം അങ്ങട് പറയണം ന്ന് കരുതിയതാണ് ഞാൻ. പക്ഷെ ഏട്ടൻ എങ്ങിനെ പ്രതികരിക്കും എന്ന് പേടിച്ചു പറയാതിരുന്നതാണ്. ഇപ്പോൾ കേട്ടപ്പോ വിശ്വസിക്കാൻ കഴിയുന്നില്ല എനിക്ക് ”
അത്രയും പറഞ്ഞുകൊണ്ട് തന്റെ മാറിലേക്ക് ചാഞ്ഞ ഇന്ദുവിനെ വാരി പുണർന്നു വിഷ്ണു. അവന്റെ മുഖത്തെ പുഞ്ചിരി പതിയെ മാഞ്ഞു.
” ഞാൻ ഒരു ഓർഫനേജിൽ തിരക്കിയിരുന്നു.. ഒരു കുഞ്ഞിനെ ദത്തെടുക്കാൻ നിയമപരമായി കുറച്ചു നൂലാമാലകൾ ഉണ്ട്… നമ്മുടെ പേരിൽ വസ്തുക്കൾ എന്തേലും വേണം. അതാണൊരു പ്രശ്നം. ”
അത് കേൾക്കെ ഇന്ദുവിന്റെ നെറ്റി ചുളിഞ്ഞു.
” അതിനിപ്പോ എന്ത് ചെയ്യും ഏട്ടാ.. പെട്ടെന്നിപ്പോ വസ്തു വാങ്ങാൻ എങ്ങിനാ.. ഈ വീട്ടിൽ നിന്ന് എന്തേലും കിട്ടുമോ.. ”
സംശയത്തോടെ തന്നെ നോക്കുന്ന ഇന്ദുവിന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു വിഷ്ണു.
” അങ്ങിനെ നിനക്ക് തോന്നുന്നുണ്ടോ… ഏത് സമയവും കുത്തുവാക്കുകൾ മാത്രം പറയുന്ന അമ്മ അങ്ങിനെ എന്തേലും നമുക്ക് തരും ന്ന് തോന്നുന്നുണ്ടോ മാത്രമല്ല ഇതിപ്പോ കുഞ്ഞിനെ ദത്തെടുക്കാൻ കൂടി ആണ്.
ഈ കാര്യം അറിയുമ്പോൾ തന്നെ അമ്മ പ്രശ്നം ഉണ്ടാക്കും. അത് ഉറപ്പ്… പിന്നെ വേറൊരു കാര്യം ഉള്ളത് ഈ വീടും വസ്തുവും അനിയത്തിക്ക് നൽകണം ന്ന് മുൻപെപ്പോഴോ അമ്മ പറഞ്ഞിട്ടുണ്ട്. ”
വിഷ്ണുവിന്റെ മറുപടി ഇന്ദുവിന്റെ മുഖത്ത് വീണ്ടും നോവ് നിറച്ചു.
” ഇനീപ്പോ എന്ത് ചെയ്യും ഏട്ടാ.. അപ്പോ ആ ഭാഗ്യവും നമുക്ക് ഇല്ലാണ്ട് പോയല്ലോ.. ”
വേദനയോടെ അവൾ പറയുമ്പോൾ പതിയെ തന്നോട് ചേർത്ത് തലോടി വിഷ്ണു.
” വിഷമിക്കേണ്ട ഞാൻ എന്തേലും ഒരു വഴി കാണാം ”
” ഒരു കുഞ്ഞിനെ താലോലിക്കാനുള്ള ഭാഗ്യം എനിക്കില്ലാതെ പോയല്ലോ ഭഗവാനെ.. ”
മിഴികൾ വീണ്ടും തുളുമ്പവേ വിഷ്ണുവിന്റെ മാറോടു പറ്റിച്ചേർന്നു നിന്നു അവൾ. ആ ദിവസം പതിയെ അവസാനിച്ചു.
പിറ്റേന്ന് രാവിലെ എഴുന്നേറ്റ് പ്രഭാത കർമ്മങ്ങൾ കഴിഞ്ഞു പ്രാതലിനായി ഡയനിങ് ടേബിളിൽ വന്നിരിക്കുമ്പോൾ ആണ് അവിടിരിക്കുന്ന ഒരു കവർ വിഷ്ണു ശ്രദ്ധിച്ചത്. എന്തോ ഡോക്യുമെന്റ് ആണ് ഉള്ളിൽ എന്ന് ഒറ്റ നോട്ടത്തിൽ മനസിലായതോടെ അവന്റെ നെറ്റി ചുളിഞ്ഞു.
” ഇന്ദു… ഇതെന്താ ഈ ടേബിളിൽ ഇരിക്കുന്നെ.. ട്രീറ്റ്മെന്റ് റെക്കോർഡ്സ് എന്തേലും ആണോ.. ഇതൊക്കെ ഇവിടെയാണോ വയ്ക്കുന്നെ ”
വിഷ്ണുവിന്റെ ചോദ്യം കേട്ട് അടുക്കളയിൽ നിന്നും വന്ന ഇന്ദുവും ആ കവർ കണ്ട് സംശയത്തോടെ നോക്കി.
” ഏട്ടാ.. ഇത് ഞാൻ കൊണ്ട് വച്ചതല്ല.. ഒരുപക്ഷെ അമ്മയെങ്ങാൻ വച്ചതാകും… ഏട്ടൻ അമ്മയോട് ഒന്ന് ചോദിക്ക് ”
അവൾ മറുപടി പറയുമ്പോൾ ശാരദ പതിയെ മുറിക്കു പുറത്ത് വന്നിരുന്നു.
” അത് ഞാൻ തന്നെ കൊണ്ട് വച്ചത് ആണ് നിങ്ങൾക്ക് ആയിട്ട്.. എടുത്ത് നോക്ക്..”
വന്ന പാടെ അവർ പറയുമ്പോൾ വിഷ്ണുവും ഇന്ദുവും പരസ്പരം മുഖാമുഖം നോക്കി.
” എന്താ അമ്മേ.. എന്താ”
വിഷ്ണുവിന്റെ ചോദ്യം കേട്ട് പുഞ്ചിരിച്ചു ശാരദ
” നീ തുറന്ന് നോക്ക് ആദ്യം ”
അവരുടെ മറുപടി കേട്ട് പതിയെ ആ കവർ കയ്യിലെക്കെടുത്തു തുറന്നു നോക്കി അവൻ . അതൊരു പ്രമാണം ആയിരുന്നു. പതിയെ വായിക്കവേ വിഷ്ണുവിന്റെ മിഴികൾ വിടർന്നു. ഒപ്പം ഒരു സംശയ ഭാവം അവന്റെ മുഖത്തു പ്രകടമായി.
” അമ്മേ ഇത് ഈ വീടിന്റെയും വസ്തുവിന്റെയും പ്രമാണം അല്ലേ.. ഇതെന്താ ഇവിടെ.. ഞങ്ങൾക്ക്.. ”
സംശയത്തോടെയുള്ള അവന്റെ നോട്ടം കണ്ട് പതിയെ അരികിലേക്ക് ചെന്നിരുന്നു ശാരദ.
” ഇത് നിന്റെ പേരിലേക്ക് മാറ്റിയാൽ പിന്നെ കുഞ്ഞിനെ ദത്തെടുക്കുവാൻ ബുദ്ധിമുട്ട് ഉണ്ടാകോ മോനെ… വീടും ചുറ്റുമുള്ള വസ്തുക്കളും കൂടി ഏകദേശം മുപ്പത്തിയഞ്ചു സെന്റോളം ഉണ്ട്. അത്രയും പോരെ.. ”
അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട് വിഷ്ണു ചെറുതായൊന്നു നടുങ്ങവേ കേട്ടത് വിശ്വസിക്കുവാൻ കഴിയാതെ തുറിച്ചു നോക്കി നിന്നു ഇന്ദു.
അവളുടെ നോട്ടം കണ്ടിട്ട് പുഞ്ചിരിയോടെ എഴുന്നേറ്റ് അരികിലേക്ക് ചെന്നു ശാരദ.
” ഞാൻ നിന്നെ ഒരുപാട് കുറ്റം പറഞ്ഞിട്ടുണ്ട് വിഷമിപ്പിച്ചിട്ടുണ്ട്… ഒക്കെ. എനിക്ക് ദണ്ണം വരുമ്പോ പറഞ്ഞു പോണതാണ്. എന്ന് കരുതി ഇങ്ങനൊരു ആഗ്രഹം നിങ്ങളുടെ മനസ്സിൽ ഉണ്ടെങ്കിൽ അമ്മ ഒരിക്കലും അതിനു എതിര് നിൽക്കില്ല. കാരണം ഒരു കുഞ്ഞില്ലാത്ത നിന്റെ വിഷമം ഇപ്പോ എനിക്ക് മനസ്സിലാകുന്നുണ്ട്…
മോള് എന്നോട് ക്ഷമിക്കണം ഇന്നലെ യാദൃശ്ചികമായി മുറിയിൽ നിന്നും നിങ്ങളുടെ സംസാരം കേട്ടപ്പോൾ മുതൽ എന്തോ മനസ്സിന് ഒരു അസ്വസ്ഥത. അന്നേരം തന്നെ എടുത്തു വച്ചിരുന്നതാണ് അമ്മ. ”
കണ്മുന്നിൽ നടക്കുന്നത് സ്വപ്നമാണോ സത്യമാണോ എന്ന് പോലും മനസിലാകാതെ നിന്നു ഇന്ദു.
” അമ്മേ.. എനിക്കിത് വിശ്വസിക്കുവാൻ കഴിയുന്നില്ല ”
സന്തോഷത്തിൽ എഴുന്നേറ്റു ശാരദയുടെ മുന്നിലേക്ക് ചെന്നു വിഷ്ണു അപ്പോഴാണ് ഇന്ദുവും യാഥാർഥ്യത്തിലേക്ക് തിരികെയെത്തിയത്.
” അ..അമ്മേ… ”
അവളുടെ മിഴികൾ തുളുമ്പുമ്പോൾ പതിയെ അവളുടെ നെറുകയിൽ തലോടി ശാരദ.
” അമ്മയ്ക്ക് ഒരു ആഗ്രഹം ഉണ്ട്. ഇപ്പോൾ ഒരു കുഞ്ഞു വന്നാലും നിങ്ങൾ ട്രീറ്റ്മെന്റ് തുടരണം.രണ്ട് കുഞ്ഞുങ്ങൾക്ക് ഓടിക്കളിവാനുള്ള സ്ഥലമൊക്കെയുണ്ട് ഈ വീട്ടിൽ.”
ആ വാക്കുകൾ കേട്ട് വിഷ്ണുവിന്റെയും മിഴികൾ തുളുമ്പി.
” ഇത്.. ഇത് വിശ്വസിക്കുവാൻ പട്ടുന്നില്ല അമ്മേ.. എന്തായാലും അമ്മ പറഞ്ഞ പോലെ ട്രീറ്റ്മെന്റ് മുടക്കില്ല ഞങ്ങൾ.. ”
അവന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു പതിയെ അടുക്കളയിലേക്ക് നടന്ന ശാരദ വീണ്ടുമൊന്ന് നിന്നു.
” പിന്നെ.. ഓർഫനേജിലേക്ക് പോകുമ്പോൾ എന്നെ കൂടി കൊണ്ട് പോകണേ.. നിങ്ങൾ കണ്ടെത്തുന്ന തങ്കക്കുടത്തിനെ അന്നേരം തന്നെ എനിക്കുമൊന്ന് കാണണം ”
ആ വാക്കുകൾ കേട്ട് സന്തോഷത്താൽ അവർക്കരികിലേക്ക് ഓടിയെത്തി ഇന്ദു.
” അമ്മേ.. അമ്മയെ പറ്റി ഒരുപാട് തെറ്റിദ്ധാരണകൾ എനിക്കുമുണ്ടായിരുന്നു… അമ്മ എന്നോടും ക്ഷമിക്കണം ”
തൊഴുകയോടെ അവൾ നിൽക്കുമ്പോൾ ശാരദയും മിഴിനീർ പൊഴിച്ചു. ശേഷം പതിയേ അവളെ ചേർത്തു തലോടി. അത് കണ്ടിട്ട് വിഷ്ണുവിന്റെ ഉള്ളവും സന്തോഷത്താൽ നിറഞ്ഞു.