(രചന: ശ്രേയ)
” മോനെ.. നിന്നേ ഒന്ന് കാണാൻ വേണ്ടി മാത്രം ആണ് അമ്മ ഇപ്പോ വന്നത്.. ”
മുന്നിലിരിക്കുന്ന ആ വൃദ്ധ പറയുന്നത് എന്താണെന്ന് അവനു മനസ്സിലാവുന്നുണ്ടായിരുന്നില്ല.
” എനിക്ക് നിങ്ങൾ ആരാണെന്ന് അറിയില്ല.. എന്നെ എന്തിനാ കാണുന്നത് എന്നും അറിയില്ല.. ”
അവൻ ഈർഷ്യയോടെ പറഞ്ഞപ്പോൾ അവരുടെ കണ്ണ് നിറഞ്ഞു.
” പക്ഷെ… എനിക്ക് നിന്നെ നന്നായി അറിയാം.. അല്ലെങ്കിലും പത്തു മാസം വയറ്റിൽ ചുമന്ന കുഞ്ഞിനെ ആർക്കാണ് അറിയാതിരിക്കുക..? ”
അവർ അത് ചോദിച്ചതും അവന്റെ കണ്ണ് ചുമന്നു. ദേഷ്യം കൊണ്ട് കണ്ണ് കാണാൻ വയ്യാത്ത ഒരു അവസ്ഥയിലേക്ക് അവൻ ചെന്ന് വീണു.
“നിങ്ങൾ എന്താ പറഞ്ഞത് അമ്മയാണെന്നോ..? അമ്മമാർ ഇങ്ങനെയാണോ..? മക്കളെ ഉപേക്ഷിച്ച് കൺമുന്നിൽ കാണുന്ന ഏതെങ്കിലും ഒരുത്തനോടൊപ്പം ഓടി പോവുകയാണോ അമ്മമാർ ചെയ്യുന്നത്..?
സ്വന്തം മക്കൾക്ക് വേണ്ടി ജീവൻ തന്നെ ഉപേക്ഷിക്കാൻ തയ്യാറായി നിൽക്കുന്ന പല അമ്മമാരെയും എന്റെ ഈ പ്രായത്തിനിടയിൽ ഞാൻ കണ്ടിട്ടുണ്ട്.
പക്ഷേ എന്റെ സ്വന്തം അമ്മ അവരുടെ ജീവിതത്തിനു വേണ്ടി കുഞ്ഞിനെ ഉപേക്ഷിച്ചു പോയ ആളാണ്. എന്നിട്ട് ഇപ്പോൾ ഒരു നാണവുമില്ലാതെ അമ്മയാണെന്ന് പറഞ്ഞു വരാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു..?”
ദേഷ്യം കൊണ്ട് പൊട്ടിത്തെറിക്കുന്ന അവസ്ഥയിലായിരുന്നു അവൻ അപ്പോൾ.
അവൻ പറയുന്ന ഓരോ വാചകങ്ങളും അവരെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു. അനുവാദം ചോദിക്കാതെ അവരിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങാൻ തുടങ്ങി.
” നിന്റെ ഈ ദേഷ്യവും പിണക്കവും ഒക്കെ സ്വാഭാവികമാണ്. ഇത്രയും വർഷം നിന്നെ കാണാതെയും കേൾക്കാതെയും അമ്മ എത്രത്തോളം ബുദ്ധിമുട്ടിയാണ് ചെലവഴിച്ചത് എന്ന് പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല. ”
പതിഞ്ഞ സ്വരത്തിൽ അവർ സംസാരിക്കാൻ തുടങ്ങിയെങ്കിലും അവനിൽ ദേഷ്യം തന്നെയായിരുന്നു മുന്നിട്ട് നിന്നത്. അവർ പറയുന്നതൊന്നും തന്നെ ബാധിക്കില്ല എന്നൊരു ഭാവം തന്നെയായിരുന്നു ആ നിമിഷവും അവനിൽ ഉണ്ടായിരുന്നത്.
” നിനക്ക് എന്നോടുള്ള ദേഷ്യത്തിന്റെ അർത്ഥം എനിക്കറിയാം. എന്റെ മനസ്സിൽ എനിക്കുള്ള രൂപം ചെറിയ പ്രായത്തിലുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് സ്വന്തം ജീവിതം തേടി പോയ അമ്മ എന്നുള്ള രീതിയിലാണ്.
പക്ഷേ അതിന് പിന്നിൽ മറ്റൊരു കഥയുണ്ട് മോനെ. ഒരു സ്ത്രീ അനുഭവിക്കേണ്ടി വന്ന ഏറ്റവും വലിയ വേദനയുടെ കഥ…”
അവർ സ്വന്തം കഥ പറയാൻ തുടങ്ങുകയാണ് എന്നറിഞ്ഞിട്ടും അവനിൽ പുച്ഛം മാത്രമായിരുന്നു.
” നിനക്കറിയോ നിന്റെ അച്ഛനും ഞാനും തമ്മിൽ ഒരിക്കലും ചേരാത്ത രണ്ടുപേർ ആയിരുന്നു. അത് മറ്റാരെക്കാളും നന്നായി ഞങ്ങളുടെ രണ്ടുപേരുടെയും കുടുംബത്തിന് അറിയുകയും ചെയ്യാം.
ഞങ്ങളുടെ ജാതകങ്ങൾ തമ്മിലുള്ള പൊരുത്തം ഒന്നുകൊണ്ടു മാത്രമായിരുന്നു ഞങ്ങളുടെ വിവാഹം നടന്നത്. പതിയെ പതിയെ ഞങ്ങൾ ഒന്നിച്ച് സുഖമായി ജീവിക്കുമെന്ന് എല്ലാവരും കരുതി.
പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു. വിവാഹം കഴിഞ്ഞിട്ടും ഞങ്ങൾക്ക് പരസ്പരം അംഗീകരിക്കാൻ ഒരു കാരണം കൊണ്ടും സാധിക്കുന്നുണ്ടായിരുന്നില്ല. അത് മറ്റുള്ളവർ അറിയാതിരിക്കാൻ ഞങ്ങൾ ഒരുപാട് ശ്രമിച്ചിരുന്നു.
ആദ്യമൊക്കെ ഞങ്ങൾ പരസ്പരം ശത്രുക്കളെ പോലെയാണ് പെരുമാറിയിരുന്നത് എങ്കിലും പതിയെ പതിയെ ഞങ്ങൾക്കിടയിൽ ഒരു സൗഹൃദം രൂപപ്പെട്ടു.
അല്ലെങ്കിലും ഒരേ വീട്ടിൽ ഒരേ മുറിയിൽ കഴിയുന്ന രണ്ടു പേർ തമ്മിൽ ഒരു സൗഹൃദമെങ്കിലും ഉണ്ടാകേണ്ടത് അത്യാവശ്യമാണല്ലോ. അങ്ങനെയാണ് അദ്ദേഹം തന്റെ ഭൂതകാലം എന്നോട് തുറന്നു പറയുന്നത്. ”
അവരെ ശ്രദ്ധിക്കാത്ത രീതിയിലാണ് നിൽക്കുന്നത് എങ്കിലും അവർ പറയുന്ന ഓരോ വാചകങ്ങളും അവൻ വ്യക്തമായി തന്നെ കേൾക്കുന്നുണ്ടായിരുന്നു.
” നിന്റെ അച്ഛന് ഒരു പ്രണയം ഉണ്ടായിരുന്നു. അവളെ മറക്കാൻ ഒരിക്കലും കഴിയാത്തത് കൊണ്ട് മാത്രമാണ് എന്നോടൊപ്പം ഒരു ജീവിതം അച്ഛന് സാധിക്കാത്തത് എന്ന് അച്ഛൻ തുറന്നു പറഞ്ഞു.
അദ്ദേഹത്തിന്റെ അവസ്ഥ കണ്ടപ്പോൾ എനിക്ക് സഹതാപം തോന്നി. അദ്ദേഹം ഒരുപാട് സ്നേഹിച്ച പെൺകുട്ടിയെ സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിയാതെ പോയത് വിധി കൊണ്ടാണ് എന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ ഞാൻ ശ്രമിച്ചു.
പതിയെ പതിയെ അദ്ദേഹത്തിന്റെ മനസ്സിൽ നിന്ന് അവൾ പടിയിറങ്ങി പോവുകയും എനിക്ക് സ്ഥാനം ലഭിക്കുകയും ചെയ്തു.
ഞങ്ങളുടെ ജീവിതം തുടങ്ങിയ ആ സമയത്ത് ഞങ്ങൾ ഒരുപാട് സന്തോഷത്തിലായിരുന്നു. ഭാവിയെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ കണ്ടിരുന്നു.
പക്ഷേ അതിനെയൊക്കെ ഇരുട്ടിൽ ആക്കി കൊണ്ടാണ് അവളുടെ കടന്നു വരവ്.. .അദ്ദേഹത്തിന്റെ കാമുകി രേണുകയുടെ..! അദ്ദേഹത്തിനെ കാണാൻ അവൾ എത്തിയിരുന്നു.
അദ്ദേഹത്തിനെ അല്ലാതെ മറ്റാരെയും അവൾക്ക് ഭർത്താവിന്റെ സ്ഥാനത്ത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ കൺമുന്നിൽ അവൾ കരഞ്ഞു.അതോടെ അദ്ദേഹത്തിന് പഴയ കാമുകിയോടുള്ള ഇഷ്ടം വീണ്ടും പുറത്തു വന്നു.
ബോധപൂർവ്വമോ അല്ലാതെയോ അദ്ദേഹം എന്നെയും എന്റെ വയറ്റിൽ വളർന്നു തുടങ്ങിയിരുന്ന അദ്ദേഹത്തിന്റെ ജീവനെയും മറന്നു.
പതിയെ പതിയെ എന്നോടുള്ള അകൽച്ച വീട്ടിൽ എല്ലാവരും അറിയാനും തുടങ്ങി. പ്രസവത്തിന്റെ സമയം അടുത്തപ്പോഴാണ് ഒരിക്കൽ അദ്ദേഹം അവളെയും കൊണ്ട് വീട്ടിലേക്ക് കയറി വന്നത്.
ഇനിമുതൽ അവൾ അവിടെയാണ് താമസം എന്ന് എല്ലാവരുടെയും മുന്നിൽ വച്ച് അദ്ദേഹം പ്രസ്താവിച്ചു. ഒരു ഭാര്യ എന്ന നിലയ്ക്ക് എനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമായിരുന്നു അത്. അതിന്റെ പേരിൽ ഞാൻ ഒരുപാട് വഴക്കിട്ടു.
എന്നിട്ടും അദ്ദേഹത്തിന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടായിരുന്നില്ല. നിരാശയിലേക്ക് കൂപ്പുകുത്തി വീണിരുന്ന എന്റെ ഒരേയൊരു പ്രതീക്ഷ വയറ്റിൽ വളർന്നു വരുന്ന കുഞ്ഞു മാത്രമായിരുന്നു.
പക്ഷേ കുഞ്ഞു ജനിച്ചു കഴിഞ്ഞു തുടങ്ങി അദ്ദേഹത്തിന് വേണമെന്നും ഒരിക്കലും അദ്ദേഹത്തിന്റെ ജീവിതത്തിൽ ഞാൻ ഉണ്ടാകാൻ പാടില്ല എന്നും അദ്ദേഹം വാശി പിടിച്ചു.
ലോകത്ത് ഒരു അമ്മയും മക്കളെ ആർക്കും വിട്ടുകൊടുക്കില്ല. അതുതന്നെയാണ് എന്റെയും തീരുമാനം. ഒരിക്കലും ഞാൻ എന്റെ കുഞ്ഞിനെ നൽകില്ല എന്ന് പറഞ്ഞതോടെ ഭീഷണിയായി.
കുഞ്ഞിനെ കൊടുത്തില്ലെങ്കിൽ പിന്നീട് ഒരിക്കലും കുഞ്ഞു പുറംലോകം കാണില്ല എന്നുള്ള ഭീഷണി വരെ കാര്യങ്ങൾ എത്തിയപ്പോൾ കുഞ്ഞിന്റെ സുരക്ഷയെക്കുറിച്ച് മാത്രമേ എനിക്ക് ഓർക്കാൻ കഴിഞ്ഞുള്ളൂ.
എന്നോടൊപ്പം അല്ലെങ്കിലും കുഞ്ഞു സുരക്ഷിതമായി ജീവിച്ചാൽ മതി എന്ന് മാത്രമാണ് ആ നിമിഷം ഞാൻ കരുതിയത്.
എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും മോശം തീരുമാനങ്ങളിൽ ഒന്നായിരുന്നു അത് എന്ന് അപ്പോൾ എനിക്കറിയില്ലായിരുന്നു.
അന്ന് നിന്നെ ആ തറവാട്ടിൽ ഏൽപ്പിച്ച് പടിയിറങ്ങുമ്പോൾ എനിക്ക് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. എന്നെങ്കിലും ഒരിക്കൽ സത്യങ്ങൾ തിരിച്ചറിഞ്ഞു കൊണ്ട് നീ എന്നെ തേടി വരുമെന്ന്.
പക്ഷേ നിന്റെ മനസ്സിൽ ഞാൻ ഒരു നീചയായ അമ്മയാണ് എന്ന് ഇവിടെ വന്നതിനു ശേഷം ആണ് ഞാൻ അറിഞ്ഞത്.ഇനിയൊരിക്കലും നിന്റെ മുന്നിലേക്ക് ഈ അമ്മ വരില്ല..
ഇത്രയും വർഷങ്ങൾ കാത്തിരുന്നിട്ട് ആണെങ്കിലും എനിക്ക് നിന്നെ ഒന്ന് കാണാൻ കഴിഞ്ഞല്ലോ. ഒരു വാക്ക് എങ്കിലും നിന്നോട് സംസാരിക്കാൻ കഴിഞ്ഞല്ലോ. ഇതൊക്കെ തന്നെ വലിയ കാര്യം..”
അത്രയും പറഞ്ഞു ഒഴുകിയിറങ്ങുന്ന കണ്ണുനീരും തുടച്ചു കൊണ്ട് ആ വൃദ്ധ വീടിന്റെ പടിയിറങ്ങി പോകുമ്പോൾ കേട്ടതെല്ലാം ശരിയാണോ എന്ന് ഉറപ്പിക്കുന്ന തിരക്കിലായിരുന്നു അവന്റെ മനസ്സ്.
ചെറുപ്പം മുതൽക്കേ കേട്ടുവളർന്നത് കാമുകനോടൊപ്പം പോകാൻ വേണ്ടി കുഞ്ഞിനെ ഉപേക്ഷിച്ചു പോയ അമ്മയെ കുറിച്ചാണ്. കുഞ്ഞിനോടുള്ള സ്നേഹം കൊണ്ട് മറ്റൊരു യുവതിയെ ജീവിതത്തിലേക്ക് സ്വീകരിച്ച അച്ഛൻ.
കുഞ്ഞിനെ നോക്കാൻ വേണ്ടി മാത്രം ഒരു സ്ത്രീയെ വീട്ടിൽ കൊണ്ട് നിർത്തിയിരിക്കുന്നു എന്ന് ആ കുഞ്ഞിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ അവിടെ എല്ലാവർക്കും കഴിഞ്ഞു.
പിന്നീട് ചെറിയമ്മ വീടിന്റെ ഭരണം ഏറ്റെടുത്തതോടെ ഒരുപാട് ദുരിതങ്ങളാണ് അനുഭവിക്കേണ്ടി വന്നത്.
അച്ഛന്റെ മുന്നിൽ തനിക്ക് നല്ലൊരു അമ്മയായും അല്ലാത്തപ്പോഴോക്കെ തന്നെ ഉപദ്രവിക്കുന്ന ഒരാളായും ചുവടു മാറാൻ പെട്ടെന്ന് തന്നെ അവർക്ക് കഴിഞ്ഞിരുന്നു.
അവർക്ക് ഒരു കുഞ്ഞു കൂടി ഉണ്ടായതോടെ താൻ ഒരു അധികപ്പറ്റായി മാറിയിരുന്നു. അവരുടെ ഉപദ്രവങ്ങളും കുത്തുവാക്കുകളും സഹിച്ചു നിൽക്കുമ്പോൾ ഒരിക്കൽ അച്ഛമ്മ പറഞ്ഞത് ഓർമ്മ വരുന്നു.
” നിന്റെ അമ്മയുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ നിനക്ക് ഇത്രയും അനുഭവിക്കേണ്ടി വരുമായിരുന്നില്ല. ഇവിടെയുള്ള പലരുടെയും വിധി കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്.. ”
അന്ന് അച്ഛമ്മ അതു പറഞ്ഞു കണ്ണുതുടയ്ക്കുമ്പോൾ അമ്മയോട് ദേഷ്യമാണ് തോന്നിയത്. സ്വന്തം ജീവിതത്തിനു വേണ്ടി എന്നെ ഉപേക്ഷിച്ചു പോയി എന്നൊരു തോന്നൽ.
പക്ഷേ ഇപ്പോൾ അമ്മ പറയുന്നതൊക്കെ കേൾക്കുമ്പോൾ അതാണ് സത്യം എന്ന് തോന്നുന്നു..!!
അവന്റെ ചിന്തകൾ ആ വഴിക്ക് സഞ്ചരിക്കുമ്പോൾ പെട്ടെന്ന് റോഡിൽ ഒരാൾക്കൂട്ടം അവന്റെ ശ്രദ്ധയിൽപ്പെട്ടു. ഓടി അവിടേക്ക് ചെല്ലുമ്പോഴേക്കും വണ്ടി കയറി ചതഞ്ഞരഞ്ഞ രീതിയിൽ ആ വൃദ്ധയുടെ ജീവിതം അവസാനിച്ചു കഴിഞ്ഞിരുന്നു.