വേറെ ഒരു പെണ്ണിനെ മാറോട് ചേർത്ത ശരീരം…. ഭാര്യയുമായി കിടക്കുന്ന നേരത്ത്‌ അവൾ നെഞ്ചിലെ രോമങ്ങളിൽ തലവെച്ചു കിടന്നു പുഞ്ചിരിക്കുമ്പോൾ വിയർത്തു പോകും.

രാത്രിമഴ
(രചന: Navas Amandoor)

“സഹിക്കാൻ കഴിയില്ല ഒരു പെണ്ണിനും ഭർത്താവ് മറ്റൊരുത്തിയുടെ കൂടെ…. ”

അടച്ചിട്ട ബാത്റൂമിലെ കണ്ണാടിയിൽ നോക്കി ശാരി തേങ്ങൽ അടക്കാൻ കഴിയാതെ ശബ്ദമില്ലാതെ കരഞ്ഞു.

ഇടക്ക് വെള്ളം കൈയിൽ എടുത്തു മുഖത്ത്‌ ഒഴിച്ചു, കരഞ്ഞു കലങ്ങിയ കണ്ണുകളിലെ ചുമപ്പ് കണ്ണാടിയിൽ കണ്ട് അവൾ വീണ്ടും വീണ്ടും വെള്ളം മുഖത്തേക്ക് തെറിപ്പിച്ചു.

ബാത്റൂമിലെ വാതിൽ തുറന്ന് പുറത്തിറങ്ങിയ അവൾ ഭർത്താവിന്റെ അരികിൽ വന്നു കിടന്നു.

വലിയ തെറ്റ്. പൊറുക്കാൻ കഴിയാത്ത അപരാധം. നാളുകൾ ഏറെയായി തുറന്ന് പറയാൻ കഴിയാതെ വീർപ്പുമുട്ടുന്നത്‌. സാഹചര്യം തെറ്റിലേക്ക്‌ നയിച്ച നേരം സംഭവിച്ചു പോയ തെറ്റ്.

വേറെ ഒരു പെണ്ണിനെ മാറോട് ചേർത്ത ശരീരം…. ഭാര്യയുമായി കിടക്കുന്ന നേരത്ത്‌ അവൾ നെഞ്ചിലെ രോമങ്ങളിൽ തലവെച്ചു കിടന്നു പുഞ്ചിരിക്കുമ്പോൾ വിയർത്തു പോകും.

ഹൃദയമി ടിപ്പ്‌ കൂടും…. മനസ്സ് നോവും…. കണ്ണീർ നിറയുന്ന കണ്ണുകൾ കൊണ്ട് പലവട്ടം മാപ്പു പറയും.

ശാരികയോട് എല്ലാം തുറന്ന് പറയാൻ ശ്രമിച്ചതാണ് അനിൽ. പേടി വല്ലാത്ത പേടി. അവളുടെ പ്രതികരണം ഊഹിക്കാൻ കഴിയില്ല.

ഭർത്താവാണ്‌ അവളുടെ ജീവൻ അവൾക്കത് താങ്ങാനോ ക്ഷമിക്കാനോ കഴിഞ്ഞില്ലെങ്കിൽ ഇല്ലാതാകും ജീവനും ജീവിതവും. തെറ്റിന്റെ ഓർമ്മകൾ അടക്കിപ്പിടിച്ചു അടുക്കും നേരം തെറിക്കുന്നു….

തെറിച്ചു പുറത്തു ചാടുന്ന ചൂട്….കൂടെ കിടക്കുമ്പോഴും ഇരിക്കുമ്പോഴും സംസാരിക്കുമ്പോഴും തല കുനിച്ച് , ഇനി വയ്യ…. തുറന്ന് പറയണം. അവളുടെ കാല് പിടിച്ചു മാപ്പ് പറയണം. അനിൽ അവളോട്‌ പറയാൻ ഒരുങ്ങി.

“ശാരി നീ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാതെ ഇത്ര കാലം മൂടിവെച്ചു, ഇനി എനിക്കു കഴിയില്ല മോളേ….

എനിക്കു നീയും നമ്മുടെ മോളും നഷ്ടപ്പെടാൻ പാടില്ല. എന്റെ ശരീത്തിലെ കളങ്കം നിന്റെ കാൽച്ചുവട്ടിൽ ഈ കണ്ണീര് കൊണ്ട്…. ”

“ഏട്ടൻ എന്തൊക്കെയാ പറയുന്നത്. എന്തിനാ ഇങ്ങനെ കരയുന്നത്‌”

അനിലിന്റെ കണ്ണ് നിറഞ്ഞാൽ ശാരിക്ക് സഹിക്കാൻ കഴിയില്ല. അവളുടെ മുഖം മാറി.

അവളുടെ ചുമലിലിൽ കൈവെച്ച് തല കുനിച്ചു നിൽക്കുന്ന അനിലിന്റെ മുഖം അവൾ കൈകൊണ്ടു ഉയർത്തി.

“ഏട്ടന് തെറ്റ് പറ്റിപ്പോയി മോളേ. നീയല്ലാതെ ഒരു പെണ്ണിനെ ഏട്ടൻ…. ”

അത്‌ കേട്ടിട്ടും അവൾ കരഞ്ഞില്ല,
ശ്വാസം അകത്തേക്ക് ആഞ്ഞു വലിച്ചു കയറ്റി. പതുക്കെ പതുക്കെ പുറത്തേയ്ക്ക് വിട്ടു. പലവട്ടം ആവർത്തിച്ചു….

മനസ്സിനെ നിയന്ത്രിച്ചു. പുകയുന്ന അഗ്നിപർവ്വതം പോലെ തോന്നി അനിലിന് അവളുടെ മുഖം.

അയാളെ കൈയിൽ പിടിച്ചു കട്ടിലിൽ ഇരുത്തി അവൾ അരികിൽ ഇരുന്നു. അവന്റെ കൈയിൽ ചുറ്റി പ്പിടിച്ചു മുഖം കൈയിൽ അമർത്തി കുറച്ചു നേരം അങ്ങിനെ മിണ്ടാതെ ഇരുന്നു രണ്ടുപേരും.

“ഏട്ടാ…. ഏട്ടൻ ഇപ്പൊ എന്റെ മുൻപിൽ ഒഴുക്കിയ ഈ കണ്ണീര് കണ്ടിട്ടും എന്റെ ഏട്ടനോട് എനിക്കു ക്ഷമിക്കാൻ ആയില്ലെങ്കിൽ ശാരി എങ്ങിനെയാ ഏട്ടന്റെ ഭാര്യ ആകുക. ”

“എത്ര ദിവസമായെന്നറിയോ മോളേ ഞാനൊന്ന് ഉറങ്ങീട്ട്. രാത്രി നീ ഉറങ്ങിയാൽ നിന്റെ കാലിൽ തൊട്ട് എത്രവട്ടം ഈ ഏട്ടൻ മാപ്പ് ചോദിച്ചെന്ന റിയോ.. ”

അവൾ രാത്രികളിൽ കാണുന്നുണ്ടായിരുന്നു എല്ലാം. അറിയുന്നുണ്ടായിരുന്നു അവനിലെ നോവ്. മനപ്പൂർവ്വം അവഗണിച്ചു.

ഇതിനൊക്കെ കാരണം ഇപ്പൊ കേട്ടപോലെ ഒരു കാരണം ആകരുതേ എന്ന്‌ കണ്ണടച്ച് പ്രാർത്ഥിച്ചു. പക്ഷെ ഇപ്പൊ എല്ലാം തുറന്ന് പറഞ്ഞപ്പോ കൊച്ചുകുട്ടികളോട് എന്ന പോലെ ഒരു വാത്സല്യം അനിലിനോട്.

കണ്ണീര് കണ്ട് മനസ്സ് അലിഞ്ഞു. അതുകൊണ്ട് തന്നെയാണ് ഒരുപെണ്ണും പൊറുക്കാത്ത തെറ്റ് ചെയ്തിട്ടും അവനിലേക്ക്‌ കൂടുതൽ ചേർന്നു ഇരുന്നത്.

“സാരല്യ ഏട്ടാ. എനിക്കറിയാം ഈ ഏട്ടനെ. ഇനി ഇങ്ങനെയൊരു തെറ്റ് ഉണ്ടാവില്ലന്നും അറിയാം… ഏട്ടൻ സങ്കടപ്പെടേണ്ട. ഒരു ചീത്ത സ്വപ്‍നം കണ്ടുവെന്നു കരുതിയാൽ മതി… ”

ഇരുൾ മൂടി കെട്ടിയ ആകാശത്തിലെ കാർമേഘം പെയ്തൊഴിഞ്ഞു. തെറ്റിന്റെ ചിന്ത ഉമിത്തീപോലെ നീറിയ സങ്കടം ഇല്ലാതായ അയാൾ അവളെ ചേർത്തു പിടിച്ചു കുറേ നാളുകൾക്കു ശേഷം സമാധാനത്തോടെ ഉറങ്ങി.

ക്ഷമിച്ചതാണ് അവനോട്. പക്ഷെ പറ്റുന്നില്ല കണ്ണീര് അടക്കാൻ. മനസ്സിൽ നിറയുന്ന ഭാരം.സ്വന്തമെന്നു കരുതി ചേർത്തു പിടിച്ചവന്റെ മേനിയിൽ വേറെ ഒരുപെണ്ണിന്റെ മണം വിയർപ്പ്.

അവൾ കിടക്കയിൽ നിന്നും എണീറ്റു ബാത്റൂമിലേക്കു നടന്നു. ഭാര്യയാണ് അമ്മയാണ് അവൾ. അവളിലെ സങ്കടം ആരും അറിയാതെ കരഞ്ഞു തീർക്കട്ടെ…..

Leave a Reply

Your email address will not be published. Required fields are marked *