ഇരകൾ
(രചന: Kannan Saju)
” ദേ, എന്നെ പറഞ്ഞു മയക്കി കൂടെ കിടത്തിയിട്ടു ഇപ്പൊ അറിയില്ല എന്ന് പറഞ്ഞാൽ ഉണ്ടല്ലോ !!! ഈ വീടിന്റെ മുന്നിൽ കെട്ടി തൂങ്ങി ഞാൻ ചാവും !!! ഹാ ”
അർജുന്റെ വീടിനു മുന്നിൽ വന്നു നിന്നുകൊണ്ട് രേഷ്മ അലറി… അവൾ വികാര ഭരതയായി. അവൾക്കൊപ്പം വന്ന രേഷ്മയുടെ ആങ്ങള രാഹുൽ കലിയോടെ മുഷ്ടികൾ ചുരുട്ടി എന്തിനും തയ്യാറായി നിന്നു.
അടുക്കളയിൽ നിന്നും ബഹളം കേട്ടു കയ്യിൽ ചട്ടുകവും ആയി ഇറങ്ങി വന്ന അർജുന്റെ ഭാര്യ അഞ്ജന നിറ കണ്ണുകളോടെ അവനെ നോക്കി.
” ഇല്ലഞ്ജന!! എനിക്കവരെ അറിയില്ല ! സത്യായിട്ടും അറിയില്ല ” അർജുൻ അഞ്ജനയെ നോക്കി കെഞ്ചി.
” ഒന്നും അറിയാതെ ആണോ ഏട്ടാ ഒരു പെണ്ണ് ഭാര്യയുടെ മുന്നിൽ വന്നു അവളുടെ ഭർത്താവ് ആ പെൺകുട്ടിയെ വഞ്ചിച്ചു എന്ന് പറയുന്നത് ??? ”
അഞ്ചനയുടെ ചോദ്യത്തിന് അർജുൻ മൗനം പാലിച്ചു
” അങ്ങനൊന്നും ചോദിച്ചാ അവൻ പറയില്ല ചേച്ചി… ഞാൻ ഗൾഫിലായിരുന്ന സമയം ഇവൻ എന്റെ പെങ്ങളെ വശികരിച്ചു നശിപ്പിച്ചതാണ്.. നീ ഇവളെ കെട്ടാമെന്നു വാക്ക് കൊടുത്തതല്ലെടാ ?? ”
” എന്റെ പൊന്നു ചേട്ടാ , ഞാൻ ഇവരെ ആദ്യമായിട്ടാണ് കാണുന്നത് തന്നെ ”
” എന്റെ പൊന്നു ദൈവമേ ! എന്നാ കള്ളാ നിങ്ങള് പറയുന്നേ ??? ” രേഷ്മ ഞെട്ടലോടെ പറഞ്ഞു…. ശേഷം അഞ്ജനയെ നോക്കി ” കഴിഞ്ഞ മൂന്നു ദിവസം ഇയ്യാള് എവിടെ ആയിരുന്നു ചേച്ചി ??? ”
” ഓഫീസിൽ നിന്നും എന്തോ എമർജൻസി യാത്ര… ” അത്രേം പറഞ്ഞു അഞ്ജന അർജുനെ നോക്കി
” ഉണ്ട ! ഇയ്യാള് എന്റെ കൂടെ ആയിരുന്നു ”
അഞ്ജന ഞെട്ടി തരിച്ചു നിന്നു
” ദേ പെണ്ണെ…. എന്റെ ക്ഷമയേ പരീക്ഷിക്കരുത് ” അർജുൻ കലി തുള്ളി.
” എന്നാടാ കൈ ചൂണ്ടി സംസാരിക്കുന്നെ ??? ” രാഹുൽ ദേഷ്യപ്പെട്ടുകൊണ്ട് വീടിന്റെ ഉമ്മറത്തേക്ക് കയറിയതും
” രാഹുൽ നിർത്തു… ഞാൻ സംസാരിച്ചോളാം ”
ശേഷം അഞ്ജനയ്ക്ക് നേരെ തിരിഞ്ഞു ” ചേച്ചി കഴിഞ്ഞ ആറു മസ്സായി ഞങ്ങൾ അടുപ്പത്തിൽ ആണ്… ആദ്യം എന്നെ കെട്ടിക്കോളാം എന്ന് പറഞ്ഞു..
പിന്നെ ആണ് ഇയ്യാള് കെട്ടിയതാണെന്നു ഞാൻ അറിയുന്നേ. അത് കഴിഞ്ഞു എന്നെ പറഞ്ഞു പറഞ്ഞു മയക്കി അവസാനം വരെ നോക്കിക്കോളാം എന്ന് പറഞ്ഞു.
പിന്നേം എന്നെ പരമാവധി യൂസ് ചെയ്തു… ചേച്ചിടെ ജീവിതം ഞാൻ കാരണം തകർക്കേണ്ട എന്ന് കരുതി ഞാൻ ഒന്നിനും വാശി പിടിക്കാൻ നിന്നില്ല…
പിന്നെ പിന്നെ പതിയെ വരാതായി.. ഫോൺ എടുക്കാതായി. ഒടുവിൽ ഞാൻ വീട്ടിലേക്കു വരും എന്ന് പറഞ്ഞപ്പോ എന്നെ സുഖിപ്പിക്കാൻ കഴിഞ്ഞ മൂന്നു ദിവസം എന്റെ കൂടെ വന്നേ.
എന്നിട്ട് അവിടുന്ന് പോരാൻ നേരം ഒരു. ഡയലോഗ് … ” ഇത് ഇതോടെ അവസാനിപ്പിക്കണം…. ഇനിയും അഞ്ജനയെ ചതിക്കാൻ എനിക്ക് കഴിയില്ല എന്ന്
“. ഞാൻ ഒരു പെണ്ണല്ലേ… എന്റെ ചങ്കു തകർന്നു പോയി… എനിക്ക് വിഷമം സഹിക്കാൻ വയ്യാതെ വന്നപ്പോ ഞാൻ എല്ലാം എന്റെ ആങ്ങളായോട് പറഞ്ഞു. ”
” ഇനി ചേച്ചി തന്നെ പറ ഞാൻ എന്നാ ചെയ്യണ്ടേന്ന്…! എന്റെ പെങ്ങളെ വിഷമിപ്പിക്കാനും വഴിയാധാരം ആക്കാനും നോക്കിയ നടക്കില്ല ! ചേച്ചിയുടെ കാര്യം ഓർക്കുമ്പോ എനിക്ക് വിഷമം ഉണ്ട്.. പക്ഷെ വേറെ നിവർത്തി ഇല്ല ചേച്ചി. ക്ഷമിക്കണം! ”
അഞ്ജന അർജുന് നേരെ തിരിഞ്ഞു ” ഈ പെൺകുട്ടി പറഞ്ഞതൊക്കെ സത്യമാണോ ??? അപ്പൊ രാത്രികളിൽ നിങ്ങൾ പാത്തും പതുങ്ങിയും മെസ്സേജ് അയക്കാറുള്ളത് ഇവക്കാണോ ??? ”
അർജുന് കലി വന്നു തുടങ്ങി… രേഷ്മയും രാഹുലും പരസ്പരം നോക്കി…
” പറയടോ…. തന്റെ ചെറ്റത്തരം എല്ലാരും കേക്കട്ടെ.. പറയാൻ ” അഞ്ജന അലറി
” അതേടി…. ഇവക്ക് തന്നെയാ…. നിനക്കെന്ന ഇപ്പൊ ??? ”
” ഓ ! എന്നെക്കാളും എന്നതാടാ നാറി ഇവക്ക് കൂടുതൽ ഉള്ളത് ?? ഏഹ് ??? ” അവൾ ദേഷ്യത്തിൽ അർജുന്റെ ഷർട്ടിൽ കയറി പിടിച്ചു.
എന്ത് ചെയ്യണം എന്നറിയാതെ രേഷ്മയും രാഹുലും ഞെട്ടലോടെ നിന്നു
അഞ്ചനയുടെ കൈ തള്ളി മാറ്റിക്കൊണ്ട് അർജുൻ അലറി ” സുഖിപ്പിക്കാൻ ഉള്ള കഴിവ് ..! നിനക്കതില്ല… അത്രന്നെ ”
ഒരു നിമിഷം എല്ലാവരും മൗനമായി… അഞ്ചനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി… രേഷ്മ രാഹുലിനെ നോക്കി.. രാഹുൽ കണ്ണുകൊണ്ടു എന്തോ ആക്ഷൻ കാണിച്ചു
” അതെ ” രേഷ്മ പറയാൻ തുടങ്ങിയതും
” നീ മിണ്ടാതിരിക്കാടി ” അർജുൻ അലറി
” ഇവിടെ കിടന്നു ബഹളം ഉണ്ടാക്കിയ പോലീസിനെ വിളിക്കും ഞാൻ.. നീ ഇപ്പൊ ഇറങ്ങിക്കോണം ഈ വീട്ടിന്നു.. ഇതെന്റെ അച്ഛൻ പണിതു തന്ന വീടാ..
എന്റെ ചിലവിൽ കഴിഞ്ഞിട്ട് ആ കൊഴുപ്പിളക്കാൻ വേറെ അവളുമാരുടെ മേൽ കുതിര കേറാൻ പോവുന്നവൻ ഇനി ഇവിടെ വേണ്ട ” അഞ്ജന കണ്ണുകൾ തുടച്ചു ഉറച്ച തീരുമാനത്തോടെ പറഞ്ഞു.
” പോവാടി.. അല്ലേലും ഞാൻ പോവാൻ തീരുമാനിച്ചു തന്നാ നിന്നെ…. ഇതിലേക്ക് എന്റെ കയ്യിന്നു ഒരു പത്തു ലക്ഷം ഞാനും ഇട്ടിട്ടുണ്ടായിരുന്നു..അതിങ് തന്ന ഇപ്പൊ ഞാൻ പൊക്കോളാം ”
” ആർക്കു വേണോടാ നാറി നിന്റെ പൈസ ???? ഇപ്പൊ തരാം… ഇപ്പൊ തന്നെ എടുത്തു തരാം… നീ പോയി സുഖിക്കട ”
അഞ്ജന കലിയോടെ പണം എടുക്കാൻ അകത്തേക്ക് പോയി
” എന്റെ പോന്നു സാറേ ക്ഷമിക്കണം . സാറിന്റെ അളിയൻ നിങ്ങളെ ഒന്ന് പറ്റിച്ചു സർപ്രൈസ് തരാൻ ഞങ്ങളെ വിളിച്ചു പറഞ്ഞിട്ടാ…
ഞങ്ങൾ ലൈഫ് ഹാക്കേഴ്സ് എന്ന ചാനലിന്നു വരാ.. ദാ ക്യാമറ ഇരിക്കുന്നു… ലൈവ് ആണ്… ഞങ്ങള് കാരണം നിങ്ങള് തമ്മിൽ തല്ലി പിരിയല്ലേ… പ്ലീസ് ” അവർ കൈകൾ കൂപ്പി
” നിനക്കൊക്കെ എന്നാത്തിന്റെ കേടാടാ ???? അല്ലെങ്കിൽ തന്നെ അവളുടെ ഒടുക്കത്ത സംശയം കാരണം എന്നും ഇവിടെ ” അത്രേം പറഞ്ഞതും അടുക്കളയിൽ നിന്നും ഒരു അലർച്ചയും തീ ഗോളവും പ്രത്യക്ഷപ്പെട്ടു .
ഇത്രയും നേരം ആ വീഡിയോ പ്രൊജക്റ്ററിൽ പ്രെസ്സ് മീറ്റിംഗ്നു വന്നവർക്ക് കാണിച്ചു കൊടുക്കുക ആയിരുന്ന രോഷ്നി മാരാർ ips അത് ഓഫ് ചെയ്തു.
ശേഷം
” ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ല ! ഇനി വേറെയും ഉണ്ട് ! പ്രാങ്ക് എന്ന പേരിൽ കാട്ടി കൂട്ടിയ കോപ്രായങ്ങൾ.
ഈ ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേലാന്ന് പണ്ടത്തെ കാരണവന്മാർ പറയും പോലെ . വല്ലവനും വരുമ്പോ അത് കണ്ടിരുന്നു ചിരിക്കാൻ നല്ല എളുപ്പമാ.. നമുക്ക് വരുമ്പോഴേ പഠിക്കു.
ഒരു മനുഷ്യൻ ഏതു മാനസിക അവസ്ഥയിൽ ആണെന്ന് പോലും മനസ്സിലാക്കാതെ അവരുടെ ജീവിതത്തിൽ ഇടിച്ചു കയറി ചെന്ന് അവരെ ഇതുപോലെ മെന്റലി ടോർച്ചർ ചെയ്യുന്നതിൽ നിന്നും എന്ത് ആനന്ദം ആണ് കിട്ടുന്നത് ???
അഞ്ജനയുടെ വിധി കണ്ടില്ലേ ??? ആൾറെഡി അവർ തമ്മിൽ പ്രശ്നങ്ങൾ ആയിരുന്നു..
ഒരുപക്ഷെ ഒരു കൗൺസിലിംഗ് അല്ലെങ്കിൽ പരസ്പര ധാരണയോടെ വേർപിരിയൽ അതിൽ തീരാവുന്ന ജീവിതം ആത്മഹത്യയിൽ കലാശിച്ചില്ലേ ???
അതുപോലെ തന്നെ ഭർത്താവ് മരിച്ചു പോയ ഒരു സ്ത്രീ… അവരുടെ ഫോൺ ഒന്ന് ഫോൺ വിളിക്കാൻ തരാമോ എന്ന് ചോദിച്ചിട്ട് എറിഞ്ഞു പൊട്ടിച്ചു. എന്നിട്ട് അവര് ഇരുന്നു കരഞ്ഞപ്പോൾ അവർക്കു മുന്നിൽ പുതിയ ഫോൺ നീട്ടിയിരിക്കുന്നു.
അവരും ഭർത്താവും ഒരുമിച്ചുള്ള ഫോട്ടോകളും ഓർമകളും മുഴുവനും അതിൽ ആയിരുന്നു. അത് വീണ്ടെടുക്കാൻ കഴിഞ്ഞില്ല.. അവർ നിയന്ത്രണം നഷ്ട്ടപ്പെട്ടു ഭ്രാന്തിന്റെ ലോകത്തു അഭയം നേടി.
അതുപോലെ തന്നെ രാത്രി സെക്കന്റ് ഷോ കഴിഞ്ഞു മടങ്ങി വന്ന യുവാവ്… ഒരുത്തൻ ഗോസ്റ്റ് പ്രാങ്ക് നടത്തിയതാണ്.. ബൈക്കിന് മുന്നിലേക്ക് പ്രേതത്തിന്റെ രൂപത്തിൽ എടുത്തു ചാടി…
അത് കണ്ടു ഞെട്ടി നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചു ആ പയ്യൻ പണി നടന്നു കൊണ്ടിരുന്ന ഓടയിൽ വീണു. നട്ടെല്ലൊടിഞ്ഞു. രണ്ടു അനിയത്തിമാരും ഒരമ്മേം പട്ടിണി.. ആ കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്നു ഈ പയ്യൻ.
ഞാൻ പറഞ്ഞു വരുന്നത് ഈ വിഷയം നിങ്ങൾ ജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരണം… ഇതിനെ തടയാൻ കഴിഞ്ഞില്ലെന്നു വരാം..
പക്ഷെ ഇതിനെ ഭയക്കാതെ മറ്റുള്ളവരുടെ ഇമോഷൻസ് വിറ്റു ജീവിക്കുന്നവരെ അകറ്റി നിർത്താനും നേരിടാനും നമുക്ക് കഴിയണം.. ഇത്രേ ഉള്ളു… അപ്പൊ നമുക്ക് പിരിയാം.. ശുഭ പ്രതീക്ഷയോടെ ”
അവരെ നോക്കി പുഞ്ചിരിച്ചു കൊണ്ട് രോഷ്നി പുറത്തേക്കു നടന്നു.