(രചന: Pratheesh)
ഒരിക്കൽ തമ്മിൽ പിരിഞ്ഞ ശേഷം
അച്ഛൻ അമ്മയേ വീണ്ടും സ്വന്തം ജീവിതത്തിലേക്കു തിരിച്ചു വിളിക്കാൻ വന്നിട്ടും അമ്മ അച്ഛനോടൊപ്പം പോകാൻ തയ്യാറായില്ലെന്നു മാത്രമല്ല,
അച്ഛനോടെന്തോ വാശിയുള്ളതു പോലെയാണ് അമ്മയപ്പോൾ പെരുമാറിയത്,
അമ്മയുടെ വാശിക്കു മുന്നിൽ അച്ഛനാണേൽ താഴ്ന്നു കൊടുക്കാൻ തയ്യാറായിട്ടും അമ്മ ആ കാര്യങ്ങളൊന്നും സമ്മതിച്ചു കൊടുക്കാൻ തയ്യാറായില്ല.
അമ്മ അച്ഛനോടു തീർത്തു പറഞ്ഞു,
“മേലിൽ ഈ പേരും പറഞ്ഞു ഈ പടി കടന്നു വരരുതെന്ന് ”
അവിടം മുതലാണ് മകനായ എനിക്കും അമ്മയോട് വിരോധം തോന്നി തുടങ്ങിയത്,
ഒന്നു തോറ്റു കൊടുത്താലെന്താ ?
സ്വന്തം ഭർത്താവിനു മുന്നിലല്ലെ ?
അതും അച്ഛൻ ഇങ്ങോട്ടു വന്നു ആവശ്യപ്പെട്ടതല്ലെ ?
അവിടെയും അമ്മ തോൽക്കുന്നില്ലല്ലോ ?
ജയം അപ്പോഴും അമ്മയുടെ പക്ഷത്തല്ലെ ?
പെണ്ണുങ്ങൾക്ക് ഇത്ര വാശി പാടില്ല,
അല്ലെങ്കിലും വാശി കാണിക്കാൻ മാത്രം എന്തു മഹിമയാണ് ഈ വീട്ടിലുള്ളത് ?
പണമില്ലാതെ വേണ്ടന്നു വെച്ചതിന്റെ കണക്കെടുത്താൽ ഒരു നോട്ടു ബുക്ക് പോരാതെ വരും,
അച്ഛനില്ലാത്തതിന്റെ വിഷമം പലപ്പോഴും ജീവിതത്തിലുണ്ടായിട്ടും അമ്മയേ വിഷമിപ്പിക്കണ്ടെന്നു കരുതി മാത്രം അതെല്ലാം സഹിച്ചതാണ് എന്നിട്ടിപ്പോൾ അച്ഛൻ വീണ്ടും അഷേക്ഷയുമായി വന്നിട്ടും അമ്മയതു പരിഗണിക്കാത്തതിൽ എനിക്കു വളരെ വിഷമം തോന്നി,
ഞാനമ്മയേ എത്ര പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിട്ടും അമ്മയതൊന്നും ചെവി കൊണ്ടില്ലെന്നു മാത്രമല്ല എനിക്കങ്ങിനൊരു ഭർത്താവില്ലെന്നു തീർത്തു പറയുകയും ചെയ്തു !
അമ്മയെന്തു കണ്ടിട്ടാണ് ഈ അഹങ്കരിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്കൊരു പിടിയും കിട്ടിയില്ല,
ഞാനും അമ്മയും അമ്മമ്മയും ഉള്ള വീട്ടിൽ മൂന്നു നേരത്തെ ഭക്ഷണവും അത്യാവശ്യങ്ങളും നടന്നു പോകുന്നുണ്ട് എന്നതൊഴിച്ചാൽ എല്ലാം വട്ടപ്പൂജ്യമാണ് !
ആറു മാസം പറഞ്ഞു പറഞ്ഞാണ് ഒരു മൊബൈൽ ഫോൺ പോലും കിട്ടിയത്,
ഒരു ബൈക്കു വേണമെന്നു പറഞ്ഞു തുടങ്ങിട്ട് വർഷം രണ്ടായി അതിലൊരു നീക്കുപ്പോക്കു ഇതുവരെ ഉണ്ടായിട്ടില്ല,
അച്ഛനെന്നെ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കാണാൻ വരുന്നുണ്ട് എന്നോടു ഫോണിൽ സംസാരിക്കുകയും ചിലപ്പോഴൊക്കെ വാട്ട്സാപ്പിൽ അത്യാവശ്യം ചില മെസേജയക്കുകയും ഒപ്പം നേരിൽ വളരെ സ്നേഹത്തോടെയും താൽപ്പര്യത്തോടെയുമാണ് എന്നോടു പെരുമാറുന്നതും !
ചിലപ്പോൾ എന്തെങ്കിലും ചെറിയ തെറ്റുകൾ അച്ഛന്റെ പക്ഷത്തു നിന്നും വന്നു പെട്ടിട്ടുണ്ടാവാം മനുഷ്യനല്ലെ ?
എന്നാൽ ഞാൻ ജനിച്ചപ്പോൾ തൊട്ട് പിരിഞ്ഞു ജീവിക്കുന്ന അവർക്ക് പരസ്പരം അതെല്ലാം മറക്കാനും പൊറുക്കാനുമുള്ള സമയമെല്ലാം അതിക്രമിച്ചു കാലം കുറെയായി,
അച്ഛനാ തിരിച്ചറിവുണ്ടായതിന്റെ ഫലമാണ് അച്ഛന്റെ ഈ ശ്രമങ്ങൾ എന്നാൽ അമ്മ പഴയ വാശി ഇപ്പോഴും അവസാനിപ്പിക്കാൻ തയ്യാറാവാത്തതിൽ എനിക്കിപ്പോൾ കുറച്ചൊക്കെ താൽപ്പര്യം അച്ഛനിലേക്കും കടന്നു വന്നിട്ടുണ്ട് !
അതിനിടയിൽ ഒരു ദിവസം എന്നെ കാണാൻ വന്ന അച്ഛൻ എനിക്കൊരു ബൈക്ക് ഒാഫർ ചെയ്തു അതോടെ കുറെ കാലമായി മനസിൽ കൊണ്ടു നടക്കുന്ന ആഗ്രഹം സഫലമാകുമെന്നു വന്നതോടെ എനിക്ക് അന്നു വലിയ സന്തോഷമായി !
അന്നു വൈകീട്ടു വീട്ടിലെത്തിയ അമ്മയോട് ഞാനാ കാര്യം പറഞ്ഞതും അമ്മ എന്നോടു പറഞ്ഞു
“ആ ബൈക്കുമായി നീ ഈ വീട്ടിൽ കയറില്ലെന്ന് ”
അതോടെ എനിക്കും വാശിയായി അമ്മയോട് ദേഷ്യത്തോടെ ഞാനും പറഞ്ഞു,
അന്യനൊന്നുമല്ലല്ലോ അച്ഛനല്ലെ ?
എന്റെ മേൽ ഇരുവർക്കും തുല്യ അവകാശമാണെന്നു ഞാനും പറഞ്ഞു !
അതു കേട്ടതും ഞാനിന്നു വരെ കാണാത്ത വിധം അമ്മയുടെ മുഖം കോപം കൊണ്ടു തിളക്കുകയും എന്നെ പച്ചക്കു ദഹിപ്പിക്കും വിധം രൗദ്രഭാവത്തോടെയുള്ള അമ്മയുടെ നോട്ടം എന്നിൽ പതിക്കുകയും ശേഷം അമ്മ ഒന്നും മിണ്ടാതെ അമ്മയുടെ മുറിയിലേക്കു പോകുകയും ചെയ്തു,
ആ സമയം കുറച്ചു ദിവസങ്ങളായി എല്ലാം കണ്ടും കേട്ടും ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു അമ്മമ്മ അതോടെ എന്റെ മുന്നിലേക്കു വന്നു കൊണ്ട് എന്നോടു അമ്മമ്മ ചോദിച്ചു,
എന്താ ഇപ്പോൾ നിന്റെ പ്രശ്നം ?
അച്ഛനാണോ ?
അതോ ബൈക്കാണോ ?
ബൈക്കാണേൽ ഇതാ എന്നു പറഞ്ഞു കൊണ്ട് അമ്മമ്മ വർഷങ്ങളായി തന്റെ കഴുത്തിൽ കിടന്നിരുന്ന സ്വർണ്ണമാല ഊരി അവൻ ചാരി നിൽക്കുന്ന മേശമേൽ വെച്ചു കൊടുത്തു,
തുടർന്നവർ പറഞ്ഞു,
ഇനി അതല്ല അച്ഛനാണു നിന്റെ പ്രശ്നമെങ്കിൽ എനിക്കൊന്നും ചെയ്യാൻ സാധിക്കില്ല, നീയെന്നല്ല ഈ ലോകത്തുള്ള മറ്റാരും പറഞ്ഞാലും നിന്റെയമ്മയതു കേൾക്കില്ല,
അതിന്റെ കാരണം നിനക്കറിഞ്ഞേ പറ്റുവെങ്കിൽ ഞാൻ പറയാം,
നിന്റെ അമ്മ നിന്നെ പ്രസവിച്ചത് ഏഴാം മാസത്തിലായിരുന്നു,
മാസം പൂർത്തിയാകാത്ത ജനനമായതു കൊണ്ട് നീ ഈ ഭൂമിയിലേക്ക് ജനിച്ചു വീണത് പാതി ജീവനോടെ മാത്രമായിരുന്നു,
ഒരുപാടു കുഴപ്പങ്ങൾക്കൊപ്പം നിന്റെ ഹാർട്ടിനു മിടിപ്പും വളരെ കുറവായിരുന്നു,
നീ ജീവിക്കാനുള്ള സാധ്യത പോലും വളരെ വിരളമാണെന്നാണ് അന്ന് ഡോക്ടർമാർ പറഞ്ഞത് ഇനി അഥവ ജീവിച്ചാലും അതു വളരെ കുറഞ്ഞ കാലത്തേക്ക് മാത്രമായിരിക്കുമെന്നും ഒപ്പം അതുവരെയും ധാരാളം പണ ചിലവുകളും വിട്ടുമാറാത്ത തീരാ അസുഖങ്ങളും കൊണ്ടാവും നീ ജീവിക്കുകയെന്നും പറഞ്ഞതോടെ നിന്റെ അച്ഛനു രണ്ടു മനസ്സായി !
അതോടെ അങ്ങേരു നിന്റെ അമ്മയോട് മരണം ഉറപ്പായ നിന്നെ ഏതെങ്കിലും അനാഥാലയത്തിൽ ഉപേഷിക്കാനാണ് ആവശ്യപ്പെട്ടത്,
എന്നാൽ നിന്റെ അമ്മക്കതിനു കഴിയില്ലായിരുന്നു അതു മനസിലാക്കിയ അങ്ങേര് രണ്ടിലൊന്നു തീരുമാനിക്കാൻ ആവശ്യപ്പെട്ടതോടെ സ്വന്തം മകനു വേണ്ടി സ്വന്തം ഭർത്താവിനെ ഉപേക്ഷിക്കാനാണ് നിന്റെ അമ്മ തീരുമാനിച്ചത് !
ജീവിതം ഒരുപാട് പ്രതിസന്ധികൾ കൊണ്ട് മൂടിയപ്പോഴും അവൾ നിന്നെ കൈവിടാതെ ചേർത്തു പിടിക്കുകയാണ് ചെയ്തത് !
ആരാന്റെ പറമ്പിലെ പുല്ലരിഞ്ഞും, അടുക്കള പണിയെടുത്തും തുണിയലക്കിയും, പൊരി വെയിലത്ത് റോഡുപണിയെടുത്തും വളരെ കഷ്ടപ്പെട്ടാണ് നിന്റെ ഒരോ ചലനങ്ങളെയും സന്തോഷത്തോടെ നോക്കി കണ്ട് അവൾ നിന്നെ വളർത്തി വലുതാക്കിയത് !
സ്വയം വല്ലാണ്ട് ക്ഷീണം തോന്നിയ പല അവസരങ്ങളിലും തോറ്റു പോകുമോ എന്നു ഭയപ്പെട്ടപ്പോഴുമെല്ലാം അവൾ നിന്റെ മുഖത്തേക്കാണു നോക്കുക നിന്റെ മുഖം കാണുമ്പോൾ തളർന്നു പോയതൊക്കയും ഒരു നിമിഷം കൊണ്ടവൾ തിരിച്ചു പിടച്ചു കൊണ്ട് വീണ്ടും ജീവിതം വെട്ടിപിടിക്കാൻ അവൾ ഇറങ്ങും !
ഇനി നീ അവളെ ഇട്ടിട്ടു പോയാലും അവൾ കീഴടങ്ങുകയൊന്നുമില്ല എപ്പോഴെങ്കിലും നീ മടങ്ങി വന്നെങ്കിലോ എന്നു കരുതി അവൾ പിന്നെയും ജീവിക്കും നിനക്കൊക്കെ വേണ്ടി തന്നെ !
നിനക്കു തന്നെ തോന്നിയിട്ടില്ലെ ഈ അമ്മക്ക് അച്ഛന്റെ മുന്നിൽ ഒന്നു തോറ്റു കൊടുത്താൽ എന്താണെന്ന് ?
അങ്ങിനെ നിന്റെമ്മ നിന്റെ അച്ഛന്റെ മുന്നിൽ മാത്രമല്ല ആരുടെയെങ്കിലും ഒക്കെ മുന്നിൽ തോറ്റു കൊടുക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ ഒരു പക്ഷേ നീയിന്ന് ഇങ്ങനെ ഉണ്ടാവുമോയെന്നു പോലും സംശയമാണ് !
നിന്റെ അച്ഛൻ ഇപ്പോൾ നിന്റെമ്മയേ തിരഞ്ഞു വന്നിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ നിനക്കോ എനിക്കോ അവൾക്കോ അറിയാത്ത മറ്റെന്തെങ്കിലും ഉദേശം തീർച്ചയായും കാണും,
പ്രായം ഏറി വരുമ്പോൾ ഉറച്ചു വിശ്വസിക്കാൻ കഴിയുന്ന ഒരാളുടെ ആവശ്യം പലർക്കും അത്യാവശ്യമാണെന്ന് ഇപ്പോൾ നിന്റെച്ഛന് തോന്നുന്നുണ്ടാവും അതിന്റെയൊക്കെ മാറ്റമായിരിക്കാം ഇതും !
ഈ കാലമത്രയും ഒറ്റക്കു ജീവിക്കാമെങ്കിൽ ഇനിയും അങ്ങിനെ ജീവിക്കാൻ നിന്റമ്മക്ക് ഒരു പ്രയാസവുമില്ല !
നിന്റെമ്മയേ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകം നീയാണ് അതു നിനക്കു കൂടി മനസിലാകുന്നതിനു വേണ്ടിയാണ് ഞാനിതെല്ലാം പറഞ്ഞത് !
അവൾ നിനക്ക് വെറും അമ്മ മാത്രമല്ല ദൈവം കൂടിയാണ് !
അമ്മമ്മയുടെ ഒരോ വാക്കുകളും എന്നെ കീറിമുറിച്ചാണ് കടന്നു പോയത് !
കാര്യങ്ങളെ തിരിച്ചറിഞ്ഞ ഞാൻ മേശപ്പുറത്തിരിക്കുന്ന മാലയെടുത്ത് അമ്മമ്മയുടെ കഴുത്തിലിട്ടു കൊടുത്ത് അവരുടെ നെറുകയിൽ ഉമ്മ വെച്ചു കൊണ്ട് അവരോടു പറഞ്ഞു,
ബൈക്കെല്ലാം ഞാൻ ജോലി എടുത്തു വാങ്ങി കൊള്ളാം ഈ കഴുത്തങ്ങനെ ഒഴിഞ്ഞു കിടക്കേണ്ടതല്ല ”
തുടർന്ന് ഞാൻ അമ്മയുടെ മുറിയിലെക്ക് ചെന്നു എല്ലാം കേട്ട് മുറിയിലെ കട്ടിലിൽ ഇരിക്കുകയായിരുന്ന അമ്മയുടെ മടിയിലേക്ക് തല വെച്ചു കൊണ്ട് ഞാൻ കിടന്നു !
അതേ തുടർന്ന് ഫോണെടുത്ത് വാട്ട്സാപ്പിൽ അച്ഛനൊരു സന്ദേശവും അയച്ചു,
” ഭർത്താവെന്നാൽ താലി കെട്ടിയ സ്ത്രീയേ ഗർഭം ധരിപ്പിക്കാൻ ലൈസൻസ് ഉള്ളവൻ എന്നു മാത്രമല്ല, ഏതൊരു സാഹചര്യത്തിലും തന്റെ ഭാര്യയേയും കുഞ്ഞിനെയും കുടുംബത്തേയും ചേർത്തു പിടിക്കാൻ കഴിവുള്ളവൻ എന്നൊരു അർത്ഥം കൂടി ആ പദവിക്കുണ്ട് “!
ഒപ്പം വാട്ട്സാപ്പിൽ അമ്മയുടെ ഫോട്ടോ വെച്ച് ഞാനൊരു സ്റ്റാറ്റസും ഇട്ടു,
“I LOVE MY MOTHER FOR EVER AND EVER”
ആ സമയം എന്റെ തലമുടിയിഴകളിൽ തലോടി കൊണ്ട് അമ്മ പറഞ്ഞു,
” നീ ഒരുപാട് വലുതായെന്ന് ”
അമ്മയുടെ ആ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നത് അമ്മ അതുവരെയും അനുഭവിച്ച കഷ്ടപാടിന്റെ ഫലം ലഭിച്ച ആശ്വാസത്തിൽ കലർന്ന ആനന്ദമായിരുന്നു !
അതു കേട്ടതും അതെ സമയം ഞാനും അമ്മയുടെ വിരലുകൾ ചേർത്തു പിടിച്ചു…!
#Pratheesh