രഹാന വീണ്ടും ചാരിയതും അവൻ കൈകൊണ്ടു വയറിൽ ഉഴഞ്ഞു. ഞെട്ടലോടെ കുതറി മാറിയ അവളുടെ കയ്യിൽ നിന്നും പുസ്തകം താഴേക്കു തെറിച്ചു വീണു. കുട്ടികൾ എല്ലാം

രഹാന ടീച്ചർ
രചന: Kannan Saju

***************************
പതിവുപോലെ ചോദ്യങ്ങൾ ഉച്ചത്തിൽ വായിച്ചു കൊണ്ടു നടന്നു വന്ന മാത്‍സ് ടീച്ചർ, മുപ്പത്തഞ്ചു കാരിയും ആരും കണ്ട കൊതിച്ചു പോവുന്ന ശരീരം ഉള്ളവളും ആയ രഹാന ലാസ്റ്റ് ബെഞ്ചിൽ ബോയ്സിന്റെ സൈഡിലെ ഡെസ്കിൽ വന്നു ചാരി നിന്നു.എഴുതുന്നതിനിടെ ജസ്റ്റിൻ ഓട്ടക്കണ്ണിട്ടു സാരിയുടെ വിടവിലൂടെ വയറിലേക്ക് നോക്കി.

അവന്റെ ശ്രദ്ധ മാറാൻ തുടങ്ങി. രഹാന ഒന്ന് നിവർന്നു. അവൾ വീണ്ടും ചാരുമെന്നു ജസ്റ്റീനു അറിയാമായിരുന്നു. അവൻ പതിയെ കൈ ഡസ്കിന്റെ സൈഡിലേക്ക് പിടിച്ചു. രഹാന ചാരിയപ്പോൾ അവന്റെ രണ്ട് വിരലുകൾ മാത്രം അവളുടെ ദേഹത്ത് തട്ടി. ജസ്റ്റിൻ അതിലും ആനന്ദം കണ്ടെത്തി. ചോദ്യം വായിക്കുന്നതിലും വീട്ടിലെ കാര്യങ്ങൾ ഇടയ്ക്കിടെ ചോദ്യ ചിഹ്നമായി വിളിക്കാതെ കയറി വന്നിരുന്നത് കൊണ്ടും രഹാന അത് ശ്രദ്ധിച്ചില്ല.

ആ ചെറിയൊരു അശ്രദ്ധ ജസ്റ്റിൻ സമ്മതമായി കണ്ടു… അവൾ വീണ്ടും നിവർന്നപ്പോൾ അവൻ കൈ കൂടുതൽ കരുതലോടെ നീട്ടി വെച്ചു തയ്യാറായി ഒന്നും അറിയാത്ത പോലെ ഇരുന്നു. രഹാന വീണ്ടും ചാരിയതും അവൻ കൈകൊണ്ടു വയറിൽ ഉഴഞ്ഞു. ഞെട്ടലോടെ കുതറി മാറിയ അവളുടെ കയ്യിൽ നിന്നും പുസ്തകം താഴേക്കു തെറിച്ചു വീണു. കുട്ടികൾ എല്ലാം ഞെട്ടലോടെ അവൾക്കു നേരെ നോട്ടം എറിഞ്ഞു

എന്ത് പറ്റി ടീച്ചറെ ?

കൂട്ടത്തിൽ ആരോ വിളിച്ചു ചോദിച്ചു.

രഹാന ശ്വാസം ആഞ്ഞു വലിച്ചു കൊണ്ടു ജസ്റ്റിനേ നോക്കി… ജസ്റ്റിൻ ഭയത്തോടെ എഴുന്നേറ്റു…

സോറി മിസ്സ്‌… ഞാൻ… വിറച്ചു കൊണ്ടു അത്രയും പറഞ്ഞപ്പോഴേക്കും രഹാനെയുടെ കൈ ജസ്റ്റിന്റെ മുഖത്ത് പതിഞ്ഞിരുന്നു. അടികൊണ്ട അവൻ മുഖം പൊതി നിലത്തു വീണു.

രഹനക്കു ഒരു നിമിഷം നിയന്ത്രണം നഷ്ടമായി.
കുറച്ചു കുട്ടികൾ പ്രിൻസിപ്പാളിന്റെ മുറിയിലേക്ക് ഓടി…

ചിലർ ചിരിച്ചു

ചിലർ ഒന്നും മനസ്സിലാവാതെ നിന്നു

കുറച്ചു നേരത്തെ നിശ്ശബ്ദതക്കു ശേഷം മുഖം പൊത്തിക്കൊണ്ടു ജസ്റ്റിൻ ചുറ്റും ഉള്ളവരെ നോക്കി.. അഭിമാന ക്ഷതം അവനെ വേട്ടയാടി തുടങ്ങി.

പ്രിൻസിപ്പാൾ ഓടി ക്ലാസ്സ്‌ മുറിയിലേക്കെത്തി. ഒപ്പം മറ്റു സ്റ്റാഫുകളും.

ടീച്ചറെ സ്റ്റാഫ്‌ റൂമിൽ ഇരുത്തി മറ്റൊരു മുറിയിൽ പ്രിൻസിപ്പാളും ജസ്റ്റിനും അവന്റെ മാതാ പിതാക്കളും സംസാരം തുടങ്ങി.

സ്റ്റാഫ്‌ റൂമിന്റെ കതകടച്ചു കുറ്റി ഇട്ട രഹാന വിങ്ങി പൊട്ടി…

ഇക്കാനോടു ഞാനിനി എന്ത് പറയും പടച്ചോനെ.. എത്ര പേരുടെ കയ്യേ കാലേ പിടിച്ചു കിട്ടിയ ജോലി ആണ്…

തന്റെ നിയന്ത്രണം നഷ്ടമാവുന്ന പോലെ അവൾക്കു തോന്നി… ഉപ്പ എപ്പോഴും പറഞ്ഞിരുന്ന കാര്യമാണ്, എടുത്തു ചട്ടം നിർത്തണം എടുത്തു ചട്ടം നിർത്തണം ന്നു… കേട്ടില്ല… എങ്ങിനെ കേൾക്കും… ??? ഇതുപോലെ ഉള്ള സാഹചര്യങ്ങളിൽ ഇതല്ലാതെ എന്താ ചെയ്യാ ???
പക്ഷെ താനൊരു അധ്യാപിക ആണ്… അത് മറന്നു… എന്റെ പ്രായം അല്ല അവനു.മറ്റൊരു രീതിയിൽ അത് കൈകാര്യം ചെയ്യാമായിരുന്നു. അവനെ കയ്യോടെ പിടിച്ചു പ്രിന്സിപ്പാളിനെയോ അല്ലെങ്കിൽ പോലീസിനെയോ ഏൽപ്പിക്കാമായിരുന്നു … ഇനി പറഞ്ഞിട്ടെന്തു കാര്യം.. എല്ലാം കയ്യിന്നു പോയി.. ഇപ്പോ അവനെ പോലെ ഞാനും തെറ്റ് കാരി ആയി..അവന്റെ അമ്മ പറഞ്ഞ കേട്ടില്ലേ??? പിന്നെ സാരീം ഉടുത്തു വയറും കാണിച്ചു നടന്ന ആൺപിള്ളേരാവുമ്പോ ചിലപ്പോ കണ്ട്രോൾ പോവില്ലെന്നു…. അവന്റെ തള്ള ആയ നിങ്ങളും സാരി ആണല്ലോ ഉടുക്കാറ്, കാണുമ്പോ കാണുമ്പോ പിടിക്കാറുണ്ടോ എന്ന് ചോദിക്കാൻ തുടങ്ങിയപ്പോഴേക്കും ടീച്ചർ മാർ എന്നെ പിടിച്ചു വിളിച്ചോണ്ട് പോന്നു…

അഞ്ചാമത്തെ വയസ്സിൽ തുടങ്ങിയതാണ് ഈ ദേഷ്യം… എവിടുന്നു വരുന്നോ.
അറിയില്ല.. അന്ന് ഇക്ക എന്നെ കുഞ്ഞി സൈക്കിളെന്ന് ചവിട്ടി വീഴിച്ചപ്പോ താഴെ കിടന്ന മടക്കല എടുത്തു അവന്റെ തലക്കടിച്ചതു… ആറ് സ്റ്റിച്.. ആ പാട് ഇപ്പോഴും ഓന്റെ മോത്തുണ്ട്…
അന്നാണ് ഉപ്പ ആദ്യായി പറഞ്ഞത് എടുത്തു ചാട്ടം നിർത്തണം എടുത്തു ചാട്ടം നിർത്തണം ന്നു…

പത്താം ക്ലാസ്സിൽ പഠിക്കുമ്പോ എനിക്കിഷ്ടപ്പെട്ടവന്റെ പേരിനൊപ്പം റുഷ്ദ അവളുടെ പേരെഴുതി വെച്ച കണ്ട അടുത്ത നിമിഷം കോമ്പസ് അവളുടെ കൈകളിൽ കുത്തി ഇറക്കി.അതെ തുടർന്ന് എന്തൊക്കെ പ്രശ്നങ്ങൾ ആയിരുന്നു…

വീട്ടിൽ ആരും ഇല്ലാത്ത സമയം വെള്ളം ചോദിച്ചു വന്ന കൊച്ചാപ്പ, വെള്ളവുമായി വന്ന എന്നെ കടന്നു പിടിച്ചപ്പോൾ, ഊണ് മേശയിലെ ചില്ലിന്റെ ജഗ്ഗ് കൊച്ചാപ്പയുടെ തലയിൽ പൊട്ടി ചിതറി.

പ്ലസ്ടു കഴിഞ്ഞു അവനു കാശ് കൊടുത്തു എഞ്ചിനീറിങ്ങിനു സീറ്റ് വാങ്ങിച്ചു കൊടുത്തു.. എന്നോട് ഡിഗ്രിക്ക് പോയ മതീന്ന് പറഞ്ഞു.. ചോദിച്ചപ്പോ ഉമ്മാടെ മറുപടി പെണ്ണുങ്ങളെ കാശു മുടക്കി പഠിപ്പിച്ചിട്ടും വീടിനു ഉപകാരം ഇല്ലെന്നായിരുന്നു. ആ വാശിക്ക് നിലത്തു കൂട്ടിയ അടുപ്പിൽ തിളച്ചു കൊണ്ടിരുന്ന കഞ്ഞിക്കലത്തിൽ ആഞ്ഞു ചവിട്ടിയത്.. പക്ഷെ അത് തെറിച്ചു ഉമ്മാടെ കാലിലേക്ക് വീഴും എന്ന് കരുതിയില്ല !.. പാവം ഉമ്മ.. എത്ര വേദന സഹിച്ചിട്ടുണ്ടാവും.

പക്ഷെ ഇക്കാനെ ഇഷ്ട്ടപെട്ടു തുടങ്ങിയത് മുതൽ എല്ലാം മാറിയിരുന്നു… ഉത്തരവാദിത്വം വന്നതാണോ അതോ എല്ലാം കണ്ടറിഞ്ഞു സ്നേഹിക്കുന്ന ആളോടുള്ള ആരാധനയോ ?? എന്ത് തന്നെ ആയാലും മാറിയിരുന്നു….

സന്തോഷത്തിന്റെ നാളുകൾ.. പക്ഷെ നാടും നാട്ടുകാരും ശീലിച്ചു പോന്ന ചില ആചാരങ്ങൾ.. പ്രസവം ഭാര്യ വീട്ടിൽ.. എന്തിനു??? ഇപ്പൊ എന്തിനെന്നു ചോദിച്ചെങ്കിലും അന്ന് നല്ല സന്തോഷമായിരുന്നു.. ഉപ്പയും ഉമ്മയും അവനും… ശരിക്കും അവരാണ് അടുത്തു വേണ്ടത്.. പക്ഷെ അവിടെ ചെന്നപ്പോ ആണ് മനസ്സിലായത്… താൻ ഇപ്പൊ അവിടെ ഒരു അതിഥി ആണ്.. ഭാരമാണ്… സ്വന്തം വീട്ടിൽ അതിഥി ആയി എത്തേണ്ട അവസ്ഥ, അത് കെട്ടിച്ചു വിട്ട പെണ്ണിന് മാത്രേ അനുഭവിക്കാൻ പറ്റു.. അല്ല അനുഭവിക്കേണ്ടി വരൂ…

ഉറക്കം ഇല്ലാതെ കിടന്ന ഒരു രാത്രി വിഷമിച്ചു കിടന്ന ഉപ്പയോട്‌ ഉമ്മ പറയുന്ന കേട്ടു, നിങ്ങളിനി വിഷമിച്ചിട്ടു എന്നാ കാര്യം.അന്ന് ഞാൻ പറഞ്ഞതല്ലേ നമുക്കിത് വേണ്ടാന്നു ?

അതിനു ഉണ്ടാവാൻ പോണതു പെണ്കുഞ്ഞാന്നു ഞാൻ അറിഞ്ഞോ ?

സത്യത്തിൽ ഉപ്പയുടെ ആ മറുപടിയാണ് എന്നെ വീണ്ടും എടുത്തു ചാട്ടക്കാരി ആക്കിയത്.. ദിവസങ്ങളോളം പിന്നെ മാസങ്ങളോളം ആ വാക്കുകൾ ഉള്ളിൽ കിടന്നു നീറി… ആരാണ് പെണ്ണിന് മാത്രം ഈ ഗതികേട് വരുത്തി വെച്ചത് ??? ഗർഭം പെണ്ണിന്റെ മാത്രം അല്ലല്ലോ.. ?? അവൾക്കത് ഉണ്ടാക്കുന്നത് ആണല്ലെ… എന്തെ അതിന്റെ ചെലവ് ഇരു കൂട്ടർക്കും തുല്യമായി നോക്കിയാല്…

കെട്ടിച്ചു വിട്ടാൽ മാത്രം പോരല്ലോ… എത്ര പേറുണ്ടങ്കിലും അതിന്റെ ചിലവും എടുക്കണം..
ഉപ്പാടെ അടുത്ത വാക്കുകൾ ഇതായിരുന്നു…

അങ്ങനെ വിദ്യാഭ്യാസം കൊണ്ടു മാത്രം കാര്യമില്ല ജോലി വേണം എന്ന് എനിക്ക് വാശി ആയി…അടുത്ത പ്രസവത്തിന്റെ ചെലവ് മുഴുവൻ എനിക്ക് ഒറ്റയ്ക്ക് എടുക്കണം… പക്ഷെ ഇക്ക എതിർത്തതോടെ എല്ലാം വെള്ളത്തിലായി

ആകെ ഒരു ആശ്വാസം ആങ്ങള ആയിരുന്നു… രണ്ടാമത് ഗർഭിണി ആയി ചെല്ലുമ്പോൾ അവന്റെ പെണ്ണും വീട്ടിൽ ഉണ്ട്… വാക്കുകൾ ഒളിയമ്പുകൾ ആയി എറിയുന്നതായിരുന്നു അവളുടെ ശീലം… മുന്നത്തെ തവണ എനിക്ക് എല്ലാം വാങ്ങി തന്നിരുന്നതും ഉപ്പാനേം ഉമ്മാനേം നോക്കണ്ട അവര് വിഷമം കൊണ്ടു പറയണല്ലേ എന്ന് പറഞ്ഞു ആശ്വസിപ്പിച്ചിരുന്നതും ആങ്ങള ആയിരുന്നു…. കല്യാണം കഴിഞ്ഞതോടെ അതും നിന്നു…

എല്ലാം സഹിച്ചു.. ജനിച്ചു പോയില്ലേ എന്ന് കരുതി ജീവിക്കാൻ തുടങ്ങി… വീട്ടു പണി മാത്രമായി ഒതുങ്ങി കൂടി.. ഇടയ്ക്കു വല്ലപ്പോഴും പിന്നിലെ പറമ്പിലെ ഊഞ്ഞാലിൽ ആടിക്കൊണ്ടു എല്ലാം മറന്നു പാടുവായിരുന്നു.. ആ ആട്ടവും, കാറ്റത്തു മുടി അങ്ങനെ പറക്കുന്നതും..ഉച്ചത്തിൽ പാടുന്നതും ഒക്കെ എനിക്കൊരു ഹരമായിരുന്നു… പക്ഷെ അപ്പോഴാണ് എനിക്ക് മനസ്സിലായത്.. പിന്നിലെ വീട്ടിൽ പുതിയതായി വന്ന താമസക്കാർ ഒരു അപ്പനും മോനും. മോൻ, അവനൊരു ഇരുപത്തഞ്ചിനടുത്തു പ്രായം കാണും.അവൻ നോക്കി രസിക്കുന്നതു ഞാൻ ശ്രദ്ധിച്ചു തുടങ്ങി.
അത് സ്ഥിരം ആണെന്ന് മനസ്സിലായതോടെ ആകെ ഉണ്ടായിരുന്ന ആ ആശ്വാസവും പോയി കിട്ടി… ഊഞ്ഞാലും ആട്ടവും പാട്ടും അതോടെ ഇല്ലാതായി.

അധികം വൈകിയില്ല… ആക്സിഡന്റ്. ഇക്കാടെ അരക്കു കീപ്പോട്ടു തളർന്നു പോയി… ആശുപത്രികൾ കയറി ഇറങ്ങി, വീടൊഴികെ എല്ലാം വിറ്റു പറക്കി.

ഉപ്പയും ഉമ്മയും നിശ്ശബ്ദരായി… വീടും സ്ഥലവും വിറ്റു പൈസ ബാങ്കിൽ ഇട്ടിട്ടു വീട്ടിൽ വന്നു നിക്കാൻ ആങ്ങള പറഞ്ഞു… അങ്ങനെ അഭയാർത്ഥി ആയി എന്റെ ഭർത്താവിനെയും കൊണ്ടു പോവാൻ എനിക്ക് തോന്നിയില്ല… രണ്ട് മക്കളെ പട്ടിണിക്കു ഇടാനും എനിക്ക് തോന്നിയില്ല… ജോലി തേടി ഇൻങ്ങി.. അലഞ്ഞു… ഒടുവിൽ കുറെ പേരുടെ ശുപാർശയിൽ ഇവിടെ ജോലി ആയി…എല്ലാം ഒന്ന് പച്ച പിടിച്ചു വരുവായിരുന്നു… ഒരു കൊല്ലം കഴിയുന്നെ ഉള്ളു… ഇതും കൂടി പോയാൽ…..

എടുത്തു ചാടും മുന്നേ അനക്കം ഇല്ലാതെ കിടക്കുന്ന ഇക്കാനെയും പറക്കമുറ്റാത്ത കുഞ്ഞിനേയും പറ്റി ചിന്തിക്കണമായിരുന്നു.. ചെയ്തതിൽ കുറ്റ ബോധം ഇല്ല.. ആ അടി പ്രവർത്തിക്കുള്ള പ്രതി പ്രവർത്തനം ആണ്.. പക്ഷെ അത് കുറച്ചു കൂടി പക്വത പരമായി കൈകാര്യം ചെയ്യാമായിരുന്നു.ഇതിപ്പോ പതിനേഴു വയസ്സ് കാരൻ.. നിയമത്തിനു മുന്നിൽ ഇനി താൻ തെറ്റുകാരി ആവുമോ??? ഞാൻ അടിച്ചതിനു സാക്ഷികൾ ഉണ്ട്, പക്ഷെ എന്നെ കടന്നു പിടിച്ചതിനു ആരും സാക്ഷിയില്ല.. ഞാൻ എങ്ങനെ തെളിയിക്കും പടച്ചോനെ ? …

അവളുടെ ചിന്തകൾ കാട് കയറവെ ആരോ കതകിൽ തട്ടി.. ഭയത്തോടെ അവൾ എണീറ്റു വാതിൽ മെല്ലെ തുറന്നു. മുന്നിൽ പ്രിൻസിപ്പാൾ അവൾ എത്തി നോക്കി.

ഞാൻ മാത്രേ വന്നോളൂ.. അവർ അവിടെ ഇരിക്കുവാണ്.. പ്രിൻസിപ്പാൾ പറഞ്ഞു

എന്താണ് തീരുമാനം എന്ന് അറിയാൻ അവൾ ആകാംഷയോടെ അയ്യാളെ നോക്കിക്കൊണ്ടിരുന്നു

കാര്യങ്ങൾ എല്ലാം ഞാൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്.. പിള്ളേരും ടീച്ചർമാരും ഒക്കെ നമ്മുടെ കൂടായ… ഇതിപ്പോ എന്റെ ഒരു വാക്കുണ്ടങ്കിൽ ഈ പ്രശ്നം ഇപ്പൊ ഇവിടെ തീരും

അങ്ങനെ എങ്കിൽ സാറിനോട് ഞാൻ എന്നും കടപ്പെട്ടവൾ ആയിരിക്കും സർ.. അവൾ കൈ കൂപ്പി കൊണ്ടു പറഞ്ഞു

കടപ്പാട് മാത്രം പോരല്ലോ രഹാനെ… ചുറ്റും നടന്നു അവളെ അടിമുടി നോക്കിക്കൊണ്ടു പ്രിൻസിപ്പാൾ പറഞ്ഞു

പിന്നെ ??? അവൾ സംശയത്തോടെ ചോദിച്ചു

ഓ ഒന്നും അറിയാത്ത പോലെ, ഞാൻ വിചാരിച്ച തന്ന വേണേ ഇപ്പൊ ഇവിടുന്നു പറഞ്ഞു വിടാം. മാനേജ്മെന്റിനും സന്തോഷാവത്തെ ഉള്ളു. ആ പോസ്റ്റിൽ പൈസ വാങ്ങി ആരെയെങ്കിലും നിയമിക്കാലോ.. മാത്രല്ല പോലിസ് കേസും വരും, അവനു പ്രായ പൂർത്തി ആയിട്ടില്ലേ… പിന്നെ അവൻ ടീച്ചറെ പിടിച്ചത് ആരും കണ്ടിട്ടും ഇല്ല..

സർ എന്താ പറഞ്ഞു വരുന്നത് ?

ഒറ്റ വക്കിൽ പറഞ്ഞാൽ എനിക്ക് നിന്നെ ഒരു ദിവസം മൊത്തം കിട്ടണം !

അവളുടെ കൈ തരിച്ചു… അടിച്ചവന്റെ കരണം പൊളിക്കണം എന്ന് അവൾക്കു തോന്നി.പക്ഷെ അവൾ പല്ലുകൾ കടിച്ചു പിടിച്ചു ദേഷ്യം പിടിച്ചു നിർത്തി.

എന്തായാലും തല്ക്കാലം ഞാൻ അവരെ പറഞ്ഞു വിടുവാ.. നാളെ അവധി ആണ്. രാവിലെ പത്തു മണി ആവുമ്പൊ ഞാൻ കാത്തിരിക്കും. അഡ്രെസ്സ് ഞാൻ മെസ്സേജ് ചെയ്തോളാം… അവസരങ്ങൾ ഇതുപോലെ ഇനി വീണു കിട്ടില്ല.. കിട്ടുന്ന അവസരങ്ങൾ മുതലാക്കാത്തവൻ വെറും പൊട്ടനാണ്…

ടീച്ചറിന്റെ ചെവിയോട് ചേർന്ന് നിന്നു കൊണ്ടു

മാത്രല്ല, പുള്ളിക്കാരൻ കുറെ ആയില്ലേ ഈ കിടപ്പു കിടക്കാണു.. ടീച്ചറിനും കാണില്ലേ പൂതി

അവളുടെ കണ്ണുകൾ നിറഞ്ഞു, അയ്യാൾ പുറത്തേക്ക് പോയി…

വീട് എത്തിയിട്ടും അവൾ ജീവച്ഛവം പോലെ ആയിരുന്നു… കുട്ടികൾ ഓരോ ആവശ്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നു.. ഇക്കാടെ മരുന്ന് തീർന്നിരിക്കുന്നു.. കുറെ നേരം കണ്ണടച്ച് ഇക്കാനെ കെട്ടിപ്പിടിച്ചു കിടന്നു… പിന്നെ കണ്ണ് തുറന്നു ആദ്യം നോക്കിയത് ഫോൺ ആണ്.
അതിൽ അഡ്രെസ്സ് വന്നു കിടക്കുന്നു.

എന്ത് ചെയ്യണം എന്നറിയാതെ ഉറങ്ങാനാവാതെ കിടന്നു നേരം വെളുപ്പിച്ചു… ഒടുവിൽ മനസ്സില്ല മനസ്സോടെ വീട്ടിൽ നിന്നും ഇറങ്ങി.

ബസ്റ്റോപ്പിൽ ഒരു മണിക്കൂർ ഇരുന്ന അവൾക്കു മുന്നിലൂടെ ബസ്സുകൾ കടന്നു പോയിക്കൊണ്ടിരുന്നു. കയറാനുള്ള ധൈര്യം അവൾക്കും ഇല്ലായിരുന്നു.

ചിന്തിച്ചിരുന്ന അവളുടെ അരികിലേക്ക് ഒരു ചെറുപ്പക്കാരൻ കയറി വന്നു. അവൾ മുഖം ഉയർത്തി അവനെ നോക്കി. ഊഞ്ഞാലാടുമ്പോ നോക്കി നിക്കാറുള്ള പയ്യൻ.എന്ത് ചെയ്യണം എന്നറിയാതെ അവൾ ബാഗ് എടുത്തു എണീക്കാൻ തുടങ്ങി

ചേച്ചി… അവൻ വിളിച്ചു.. അവൾ തിരിഞ്ഞു നോക്കി

ഞാൻ നോക്കി നിക്കുന്നത് കൊണ്ടാണ് ഇപ്പോ ചേച്ചി ഊഞ്ഞാലാടാനും പാട്ട് പാടാനും വരാത്തത് എങ്കിൽ ചേച്ചി എന്നോട് ക്ഷമിക്കണം… വീട്ടിലെ ഏകാന്തതയിൽ ചേച്ചിയുടെ പറ്റു കേൾക്കുമ്പോൾ ഒരു കൗതുകം തോന്നി ആരാ പാടുന്നേ എന്നറിയാൻ.. പിന്നെ മുഖം കണ്ടപ്പോ ഫോട്ടോകളിൽ മാത്രം കണ്ടിട്ടുള്ള എന്റെ അമ്മയുടെ ഛായയും തോന്നി.. അതാണ് നോക്കി നിന്നെ.. അത് മറ്റൊരു അർത്ഥത്തിൽ എടുക്കും എന്ന് ചിന്തിക്കാനുള്ള ബോധം അപ്പൊ ഉണ്ടായില്ല.. ഒരു പക്ഷെ ചേച്ചി ഇതുവരെ ലൈഫിൽ കണ്ട ആണുങ്ങളിൽ നിന്നും കിട്ടിയ അനുഭവങ്ങൾ ആവാം ചേച്ചി അങ്ങനെ ചിന്തിക്കാൻ കാരണം.. പക്ഷെ എല്ലാ ആണുങ്ങളും അങ്ങനെ അല്ല കേട്ടോ… ഇനി ഞാൻ നോക്കി നിക്കില്ല.. സോറി ചേച്ചി

അവൾ എന്ത് പറയണം എന്നറിയാതെ നിന്നു.
അവൻ ഇറങ്ങി കുറച്ചു നടന്ന ശേഷം തിരിന്നു നിന്നു അവളെ നോക്കിക്കൊണ്ടു പറഞ്ഞു

ചേച്ചീ.. പ്രധാനപ്പെട്ട കാര്യം പറയാൻ മറന്നു.. ചേച്ചിയുടെ പാട്ടും ശബ്ദവും വളരെ നല്ലതാണ്. എനിക്കതു ഒരുപാട് ഇഷ്ടമാണ്. ഉള്ളിലുള്ള വിഷമങ്ങളെ എല്ലം അലിയിച്ചു കളയാൻ ഉള്ള ശക്തി അതിനുണ്ട്.ശാസ്ത്രീയമായി വിലയിരുത്താൻ ഒന്നും എനിക്കറിയില്ല.. പക്ഷെ അത് കേൾക്കാൻ ഞാൻ ഒരുപാടു ഇഷ്ടപെടുന്നു… ആ ചെറുപ്പക്കാരൻ നടന്നകന്നു…

തന്റെ ഉള്ളിലെ കനൽ അണയുന്ന പോലെ അവൾക്കു തോന്നി.. തലയുടെ ഭാരം കുറഞ്ഞ പോലെ അവൾക്കു തോന്നി.. വീണ്ടും അവിടെ ഇരുന്നു അവൾ കണ്ണുകൾ അടച്ചു.. ആഴത്തിൽ ചിന്തിച്ചു.

തന്റെ മൊബൈൽ എടുത്തു പ്രിൻസിപ്പാളിനെ വിളിച്ചു

എവിടെ എത്തി രഹാന, പത്താവാണ് കേട്ടോ

സർ, സാറിന്റെ ഭാര്യ അമേരിക്കയിൽ നഴ്സ് അല്ലെ ?

അതെ.. എന്തെ ?

അവരും ഇതുപോലെ പരിപാടി ചെയ്തിട്ട് കുറെ ആയില്ലേ ?? അവർക്കും പൂതി കാണില്ലേ ??? അങ്ങനെ മൂക്കുമ്പോ കിട്ടുന്ന ഓഫാറുകളൊക്കെ പുള്ളിക്കാരി സ്വീകരിക്കാറുണ്ടോ?

പാ… ***** മോളെ എന്റെ ലിസിയെ പറ്റി വേണ്ടാത്ത പറഞ്ഞ ഉണ്ടല്ലോ????

ഉണ്ടല്ലോ ??? ബാക്കി പറ സാർ…..

അയ്യാൾ ഒന്നും മിണ്ടിയില്ല.. രഹാന തുടർന്നു

സാറിന്റെ ഭാര്യയെ പറഞ്ഞപ്പോ സാറിനു സഹിച്ചില്ല.. എണീറ്റു നിക്കാൻ കഴിയില്ലെങ്കിലും എനിക്കും ഉണ്ട് സർ ഭർത്താവ്.. അദ്ദേഹം ഇത് അറിയുമ്പോളോ????

രഹാന ഞാൻ…

വേണ്ട സർ… സർ മനസ്സിലാക്കാൻ വേണ്ടി ഞാൻ പറഞ്ഞെന്നെ ഉള്ളു… എല്ലാവരും ആരുടെയെങ്കിലും ആരെങ്കിലും ഒക്കെ ആണ് സാർ… എന്റെ പണി കളയുവാണെകിൽ സർ കളഞ്ഞോ.. വീണ്ടുമൊരു പണി ഞാൻ കണ്ടു പിടിക്കും… ഇനി ഒരിക്കൽ കൂടി സർ പഴയ പോലെ എന്നോട് പെരുമാറിയാൽ ഈ കോൾ ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ട്.. സർ ഇന്നലെ അയച്ച മെസ്സേജും സാറിന്റെ ലിംഗം കാണിച്ചു കൊണ്ടുള്ള ഫോട്ടോയും എല്ലാം എത്തിക്കണ്ടിടത്തു ഞാൻ എത്തിക്കും.. ഇപ്പൊ അത് ചെയ്യാത്തത് ഒരു സ്കൂളിനേ ഓർത്തു മാത്രം ആണ്.. തിരുത്താൻ നിങ്ങള്ക്ക് ഒരു അവസരം ആണ്… ഭർത്താവ് മരിച്ചവളും, ഭർത്താവ് ഗൾഫിൽ ഉള്ളവളും ഭർത്താവ് തളര്ന്നു കിടക്കുന്നവളും ഒന്നും കഴപ്പ് മൂത്തു നടക്കുന്നവൾ അല്ല സാറേ.. ഉള്ളവർ ഉണ്ടാവും.. പക്ഷേ മുഴുവൻ പെണ്ണുങ്ങളും അങ്ങനാണെന്നു ഒരു തോന്നൽ ഉണ്ടേൽ അത് സാറങ് മാറ്റിയേക്ക്. പിന്നെ പെണ്ണിന് സുഖം വേണോന്നു അന്വേഷിക്കാൻ ഒരുത്തനും ത്വര കാണിച്ചു നടക്കേണ്ട ആവശ്യം ഇല്ല.. അവളുടെ ശരീരം അവളുടെ മാത്രം സ്വാതന്ത്ര്യം ആണ്.. ആർക്കു കൊടുക്കണം വേണ്ട എന്ന് തീരുമാനിക്കാനുള്ള അവകാശവും അവൾക്കുള്ളതാണ്.. സംശയം ഉണ്ടങ്കിൽ സാറിന്റെ ഭാര്യയെ വിളിച്ചു ചോദിച്ചാൽ മതി

രഹാന.. ഞാൻ…

സോറി അല്ലെ.. വേണ്ട സാറേ… ഇനി സോറി പറയാനുള്ള സാഹചര്യം ആരോടും ഉണ്ടാക്കാതെ ഇരുന്ന മതി !

അവൾ ഫോൺ വെച്ചു… ദീർഘ നിശ്വാസം എടുത്തു… സന്തോഷത്തോടെ ചുറ്റും നോക്കി.. എന്താണ് തന്നെ മാറ്റിയത് ??? അവൾ ചിന്തിച്ചു.. അതെ അവന്റെ വാക്കുകൾ.. അവൻ നൽകിയ പ്രശംസ..
എന്തെങ്കിലും ഒരു കാര്യത്തിന് ജീവിതത്തിൽ ആദ്യമായി ആണ് ഒരാൾ തന്നെ പ്രശംസിക്കുന്നത്…. അത് തന്നിൽ വരുത്തിയ മാറ്റം, തൻ ആത്മാഭിമാനം ഉള്ളവൾ ആണെന്നുണ്ടാക്കിയ തോന്നൽ.. അത് വളരെ വലുതായിരുന്നു..
ഞാനും ആരെങ്കിലുമാൽ അംഗീകരിക്കപ്പെടുന്നു.. എനിക്കും പ്രാധാന്യം ഉണ്ട് എന്നാ തിരിച്ചറിവ്….

അവൾ ഇറങ്ങി വീട്ടിലേക്കു നടന്നു…. എന്നും കാണുന്ന വല്യമ്മയെ നോക്കി ആദ്യമായി അവൾ പുഞ്ചിരിച്ചു.
അതവരിൽ ഉണ്ടാക്കിയ സന്തോഷം അവൾ കണ്ടു..
വീട്ടിൽ എത്തിയ ഉടൻ മാര്കഷീറ്റുമായി വിഷമിച്ചിരിക്കുന്ന മോളുടെ മാര്കഷീറ്റ് എടുത്തു നോക്കി അമ്പതിൽ ഇരുപത്തിയഞ്ചു മാത്രം വാങ്ങിയ അവളെ സാധാരണ പോലെ വഴക്ക് പറയാതെ കെട്ടി പിടിച്ചു ഉമ്മ കൊടുത്തു കൊണ്ടു അവൾ പറഞ്ഞു, മിടുക്കി…. ഒന്ന് കൂടി ഉത്സാഹിച്ചാൽ അടുത്ത തവണ നാൽപതു മേടിക്കലോ… അമ്മയിൽ നിന്നും ശകാരം പ്രതീക്ഷിച്ച അവൾ അഭിനന്ദനം കിട്ടിയപ്പോൾ സന്തോഷത്തോടെ മാർക്ഷീറ് വാങ്ങിക്കൊണ്ടു പറഞ്ഞു, നാല്പതല്ലുമ്മ അമ്പതിൽ അമ്പതും വാങ്ങും..

അവളുടെ വാക്കുകളിലെ തീവ്രത രഹാന അറിഞ്ഞു… ഒരു കൊച്ചു പ്രശംസക്ക് പോലും ഇത്ര വിലിയയുണ്ടന്നും ഒരു കൊച്ചു കുട്ടിയിൽ പോലും ആത്മാഭിമാനം പ്രവർത്തിക്കുന്നുണ്ടന്നും അവൾക്കു മനസ്സിലായി…

നോട്ട് : തുടർക്കഥകൾ കൃത്യമായി എഴുതി തുടങ്ങാൻ, ഫ്രീ ആയിട്ടില്ല. അതുകൊണ്ടാണ്. വൈകാതെ എഴുതും.

കണ്ണൻ സാജു.

Leave a Reply

Your email address will not be published. Required fields are marked *