“ചേച്ചിയുടെ സ്ഥാനത്ത് ഞാൻ… എന്തോ എനിക്ക് കുട്ടികളോട് തെറ്റ് ചെയ്ത പോലെ ഒരു തോന്നൽ… അവരിപ്പോ എന്നോട് മിണ്ടാറില്ല… ഞാൻ….”

രണ്ടാനമ്മ
(രചന: ജ്യോതി കൃഷ്ണകുമാർ)

ഭാര്യ മരിച്ചപ്പോൾ അയാൾ കുറച്ചു കാലം തനിയെ ജീവിച്ചു..

അതിൽ നിന്നും ഉരുതിരിഞ്ഞ സത്യം ആയിരുന്നു മക്കൾക്ക് അവരുടേതായ ലോകം ഉണ്ടെന്നും അതിൽ അയാൾക്ക് സ്ഥാനം ഇല്ലെന്നും…

അതാണ് വീണ്ടും ഒരു വിവാഹം എന്നതിൽ അയാളെ കൊണ്ടെത്തിച്ചത്..

വിവാഹമോചനം നേടി സ്വന്തം വീട്ടിൽ ഒരു അധികപറ്റായി ജീവിക്കുന്ന ഭാര്യയുടെ അനിയത്തി ശുഭ അന്നേരം അയാളുടെ മനസ്സിൽ തെളിഞ്ഞു…

ആട്ടും തുപ്പിനും ഇടയിൽ ജീവിതം നരകിച്ചു തീർക്കുന്ന ഒരു മനുഷ്യ ജീവിയോടുള്ള പരിഗണനയിൽ കൂടുതൽ ആ തീരുമാനത്തിന് അർത്ഥവും ഇല്ലായിരുന്നു…

എത്രയോ തവണ കണ്ടതാണ് അവളുടെ നരകം..

ആങ്ങളമാരുടെ ഭാര്യമാർ ശെരിക്കും മാടിനെ പോലെ പണി എടുപ്പിച്ചിരുന്നു….

അവളെ ആദ്യം വിവാഹം ചെയ്‍തത് ഒരു ഗൾഫ്കാരൻ ആയിരുന്നു.. അയാൾ ആദ്യത്തെ തവണ തിരികെ പോകുമ്പോൾ അവൾ ഗർഭിണി ആയിരുന്നു.. പക്ഷെ എന്ത് കൊണ്ടോ അത് അബോർഷൻ ആയി പോയി..

അതിന് ശേഷം അയാളുടെ വീട്ടിൽ നരകയാതന ആയിരുന്നു… അവൾ മനപ്പൂർവം ചെയ്തതാണ് എന്ന മട്ടിൽ…

ഒരു വർഷം കഴിഞ്ഞ് അയാൾ എത്തി…
പക്ഷെ ഭാര്യ എന്ന പരിഗണന പിന്നെ അയാൾ അവൾക്ക് കൊടുത്തിരുന്നില്ല..

അവളെ ഒരു കാരണവും കൂടാതെ അയാൾ ഉപദ്രവിച്ചു.. സഹിക്കാവുന്നതിന്റെ മാക്സിമം അവൾ സഹിച്ചു.കാരണം അച്ഛൻ ഇല്ലാത്ത, ഇപ്പോ അമ്മയും ഇല്ലാത്ത ആ വീട്ടിൽ ചെന്നാൽ എന്താവും എന്ന് അവൾക്കറിയാമായിരുന്നു….

മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടി അയാൾ അവളെ ഉപേക്ഷിച്ചു..

അതോടെ ആങ്ങളമാരുടെ ഭാര്യമാർക്ക് തട്ടി കളിക്കാൻ ഉള്ള പാവയായി തീർന്നു അവൾ…

അന്ന് തന്റെ ശോഭയ്ക്ക് കാൻസർ ആണെന്ന് അറിഞ്ഞ നിമിഷം മുതൽ തകർന്നത് ആയിരുന്നു താൻ…

അത്രമേൽ സ്നേഹമായിരുന്നു അവൾക്ക് തന്നോട്… എല്ലാം വിറ്റും അവളെ ചികിത്സിക്കാൻ താൻ ഒരുക്കമായിരുന്നു പക്ഷേ അപ്പോഴേക്കും വളരെ വൈകിപ്പോയിരുന്നു…

അവളെ നോക്കാൻ വേണ്ടിയിട്ടാണ് ശുഭ ആദ്യമായി തന്റെ വീട്ടിൽ വന്നത്… തെറ്റായ ഒരു രീതിയിലും അവളെ ഒന്ന് നോക്കിയിട്ട് പോലുമില്ല… അവൾ എന്റെ ശോഭയെ പൊന്നുപോലെ നോക്കി..

അവസാനകാലത്ത് അവളുടെ മലവും മൂത്രവും വരെ മടിയില്ലാതെ വൃത്തിയാക്കി… തീർത്താൽ തീരാത്ത നന്ദി ആയിരുന്നു കടപ്പാട് ആയിരുന്നു അവളോട്…

ശോഭ ഞങ്ങളെ വിട്ടു പോയപ്പോൾ വീടിന്റെ താളം തന്നെ തെറ്റി.. ശുഭ അവളും പടിയിറങ്ങി…

മൂന്ന് മക്കളെ തന്നിട്ടാണ് ശോഭ പോയത്… രണ്ട് ആൺകുട്ടികളും ഇളയത് ഒരു പെണ്ണും..

അവർക്ക് പ്രായപൂർത്തിയായി… അതുകൊണ്ട് തന്നെ അവർ അവരുടെ കാര്യം മാത്രം ശ്രെദ്ധിച്ചു….

മക്കൾ അവരുടെ ഇഷ്ടപ്രകാരം തോന്നിയ നേരത്ത് വീട്ടിൽ വന്നു പോയി.. മകളുടെ കല്യാണം കൂടി കഴിഞ്ഞതോടു കൂടി തീർത്തും ആ വീട്ടിൽ ഒറ്റപ്പെട്ടു…

ശോഭ പോയതിന്റെ നഷ്ടം ശരിക്കും അറിഞ്ഞത് അപ്പോഴായിരുന്നു… ഒറ്റയ്ക്ക് ജീവിച്ചു മടുത്തു..

ആ ത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചു..
പിന്നെയാണ് ഒരു കൂട്ടായാൽ എന്താ എന്ന് ചിന്തിച്ചു തുടങ്ങിയത്…

ഒറ്റപ്പെടൽ എന്ന് പറഞ്ഞത് എത്ര ഭീകരമാണെന്ന് അനുഭവിച്ചാൽ മാത്രമേ മനസ്സിലാവൂ..

ആദ്യം സംസാരിച്ചത് മക്കളോടാണ്.. ഒരു തരം പുച്ഛം ആയിരുന്നു അവര്ക്ക്..

വയസ്സാം കാലത്ത് അച്ഛനിത് എന്തിന്റെ ഇളക്കമാ???? എന്നായിരുന്നു അവരുടെ ചോദ്യം…

“”ശരി എനിക്കായി ഇത്തിരി സമയം നിങ്ങൾ നീട്ടിവക്കുമെങ്കിൽ… രണ്ടു വറ്റ് തിന്നുമ്പോ ഇനി വേണോ എന്നൊന്ന് വെറുതെ എങ്കിലും കൂടെ ഇരുന്ന് ചോദിക്കാമെങ്കിൽ ഞാൻ ഈ തീരുമാനം മാറ്റാം….

പിന്നൊന്നും അവന്മാർ പറഞ്ഞില്ല..

രണ്ടാളും മിണ്ടാതെയായി…

അവളുടെ വീട്ടിൽ പോയി ചോദിച്ചപ്പോൾ ആങ്ങളമാർക്കും അവരുടെ ഭാര്യമാർക്കും പൂർണ്ണ സമ്മതം ആയിരുന്നു… പക്ഷെ അവളുടെ മിഴിയിൽ എന്തോ നിസ്സഹായത പോലെ കണ്ടു…

അവളെ മാറ്റി നിർത്തി ചോദിച്ചു,

“”നിനക്ക് എന്നെ അങ്ങനെ കാണാൻ വയ്യേ…?? ഈ ബന്ധത്തിന് ഇഷ്ടല്ലേ??””

എന്ന്…

“”എനിക്കിപ്പോ ഇഷ്ടവും ഇഷ്ടക്കേടും ഒന്നും ഇല്ല…. സമ്മതാണ്….”” എന്ന് മാത്രം അവൾ പറഞ്ഞു…

അവൾക്കന്നത്തേക്ക് ഉടുക്കാനുള്ള സാരിയും മറ്റും ഞാൻ തന്നെ എത്തിച്ചു കൊടുത്തു… അതണിഞ്ഞു അവൾ എന്റെ താലി ഏറ്റു വാങ്ങി..

ഏട്ടനെ പോലെ കരുതിയ ആളെ ഭർത്താവായി കാണേണ്ടി വന്നതാവും അവളുടെ മുഖം ഒട്ടും പ്രസന്നമല്ലായിരുന്നു..

രാത്രി… മുറിയിലേക്ക് ചെന്നപ്പോൾ ജനലോരം നിന്നു എങ്ങോ നോക്കി കരയുന്നവളെ ആണ് കണ്ടത്..

“”ശുഭേ…””” എന്ന് വിളിച്ചപ്പോൾ അവൾ ഞെട്ടി തിരിഞ്ഞു…

“”നിനക്ക് ഇപ്പോ ഇത് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ടോ???”””

ഇല്ല എന്ന് അവൾ തലയാട്ടി…

“””പിന്നെ പിന്നെന്താ….””

“”ചേച്ചിയുടെ സ്ഥാനത്ത് ഞാൻ… എന്തോ എനിക്ക് കുട്ടികളോട് തെറ്റ് ചെയ്ത പോലെ ഒരു തോന്നൽ… അവരിപ്പോ എന്നോട് മിണ്ടാറില്ല… ഞാൻ….””””

“””എടൊ നീ അല്ല അതിനൊന്നും കാരണം.. തെറ്റ് ചെയ്തു എന്ന ആശങ്കയും വേണ്ട..

അവർ എന്നോടുള്ള കടമകൾ ഒരൽപ്പം എങ്കിലും ചെയ്തിരുന്നെങ്കിൽ ഞാൻ ഈ തീരുമാനം എടുക്കില്ലായിരുന്നു… അവർ അവരുടെ സുഖങ്ങൾക്ക് മാത്രമാണ് വില കല്പിക്കുന്നത്… അങ്ങനെ ഉള്ളവരോട് സഹതാപം കാണിക്കുന്നത് വിഡ്ഢിത്തരം ആണ്…”””

അപ്പോഴും അവളുടെ മുഖത്ത് ആശങ്ക നിഴലിച്ചിരുന്നു… അത് മാറാൻ സമയം എടുക്കും എന്നും അറിയാമായിരുന്നു…

പതുക്കെ അവൾ എല്ലാത്തിനോടും പൊരുത്തപ്പെട്ടു

സ്നേഹസമ്പന്നയായ ഭാര്യയായി…. എല്ലാ രീതിയിലും ഞങ്ങൾ സ്നേഹിച്ചു തുടങ്ങി…. മകൾ ഇങ്ങോട്ടുള്ള വരവ് വല്ലപ്പോഴും ആക്കി.. ആണ്മക്കൾ തോന്നുമ്പോൾ കേറി വന്നു…

അപ്പോഴും ശുഭ അവർക്ക് സ്നേഹത്തോടെ വച്ചു വിളമ്പി… അത് അവർ കഴിച്ച് പോയി എന്നല്ലാതെ സ്നേഹപൂർവ്വം ഒന്നു നോക്കുക പോലും ചെയ്തില്ല അവളെ..

അവൾക്കത് വല്യേ വിഷമം ആയിരുന്നു..

കുഞ്ഞുങ്ങളും.. അവരുടെ സ്നേഹവും ഒക്കെ അവൾക്ക് കൊതിയായിരുന്നു…

അതറിഞ്ഞു ആവണം ഈശ്വരൻ അവളുടെ ഉദരത്തിലും ജീവന്റേ ഒരു തുടിപ്പ് നൽകിയത്… അതും അവളിൽ ഭയം ജനിപ്പിച്ചു.. മറ്റു മക്കൾക്ക് ഇഷ്ടാവില്ലേ എന്ന്…

ടെൻഷൻ അടിച്ചു നടക്കുന്നവളെ കണ്ടതും ദേഷ്യം ആണ് തോന്നിയത്… സ്വന്തം കാര്യം ചിന്തിക്കാതെ മറ്റുള്ളവരുടെ തൃപ്തിക്കായി ജീവിക്കുന്നത് കണ്ട്….

അവളെയും പറഞ്ഞിട്ട് കാര്യം ഇല്ലായിരുന്നു. ഇത് വരേയ്ക്കും അവൾ അവൾക്കായി ജീവിച്ചിട്ടില്ലായിരുന്നു..

പറഞ്ഞ് മനസ്സിലാക്കാൻ കുറച്ചു പാട് പെട്ടു… സ്വന്തം ജീവിതം ഒന്നിന്റെയും പേരിൽ നഷ്ടപ്പെടുത്തരുത് എന്ന്…

ഇപ്പോൾ അവൾ സന്തോഷവതി ആണ്.. ഞങ്ങളുടെ മോൻ കൂടെ വന്നപ്പോൾ ജീവിതം വീണ്ടും പച്ച പിടിച്ചു..

അവളും അവൾക്കായി അവളുടെ സന്തോഷങ്ങൾക്കായി ജീവിക്കാൻ പഠിച്ചു…

മറ്റുള്ളവർ വിമർശിക്കും എന്ന് കരുതി ജീവിതം ദുസ്സഹമാക്കുന്നത് വിഡ്ഢിത്തരം ആണ്.. മറ്റുള്ളവർ എന്ത് ചിന്തിക്കും എന്നു നോക്കാതെ എനിക്ക് എന്താണ് ഇഷ്ടം എന്നതിന് പ്രാധാന്യം നൽകുക….

Leave a Reply

Your email address will not be published. Required fields are marked *